മതിലുയരേണ്ടത് ജനദ്രോഹ ഹര്‍ത്താലിനെതിരെ

മതിലുയരേണ്ടത് ജനദ്രോഹ  ഹര്‍ത്താലിനെതിരെ

അങ്ങാടി അടപ്പിച്ചും തൊഴിലിടങ്ങളിലേക്കു പോകുന്നവരുടെ വഴിതടഞ്ഞും സാധാരണക്കാരുടെ അന്നംമുടക്കിയും അത്യാസന്നര്‍ക്കുപോലും ചികിത്സ നിഷേധിച്ചും അന്യദേശങ്ങളില്‍ നിന്നെത്തുന്നവരെ വഴിയാധാരമാക്കിയും അടിക്കടി ഹര്‍ത്താല്‍ നടത്തുന്ന ജനദ്രോഹികളുടെ താന്തോന്നിത്തം ഇനിയും കേരളസമൂഹം വച്ചുപൊറുപ്പിക്കരുത്. രാജ്യത്തെ പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സൈ്വരജീവിതവും തടഞ്ഞുകൊണ്ട് ജനാധിപത്യമൂല്യങ്ങള്‍ക്കും നിയമവ്യവസ്ഥകള്‍ക്കും എതിരായ സമ്പൂര്‍ണ ഉപരോധത്തിന്റെ സമരമുറയിലൂടെ ജനജീവിതം സ്തംഭിപ്പിക്കുന്നവരുടെ അക്രമരാഷ്ട്രീയത്തിനു ചൂട്ടുപിടിക്കുന്ന ഭരണകര്‍ത്താക്കളുടെ വകതിരിവില്ലായ്മയും നെറികേടും ഇരട്ടത്താപ്പുമാണ് ആദ്യം തുറന്നുകാട്ടേണ്ടത്. പൗരാവകാശങ്ങളും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും ക്രമസമാധാനം ഉറപ്പുവരുത്താനും ബാധ്യതയുള്ള സര്‍ക്കാര്‍ പൊതുഗതാഗതസൗകര്യങ്ങള്‍ പിന്‍വലിച്ചും, അവശ്യസര്‍വീസുകള്‍ നിര്‍ത്തിവച്ചും, പൊതുനിരത്തില്‍ സ്വകാര്യവാഹനങ്ങള്‍ തടയുകയും കടകളും സ്ഥാപനങ്ങളും ബലംപ്രയോഗിച്ച് അടപ്പിക്കുകയും ചെയ്യുന്നവരെ അഴിഞ്ഞാടാനും അക്രമപേക്കൂത്തു നടത്താനും അനുവദിച്ചും ഹര്‍ത്താലുകള്‍ വിജയിപ്പിക്കുന്നതില്‍ സക്രിയപങ്കുവഹിക്കുന്നു. കോടതി വിലക്കിയിട്ടുള്ള ബന്ദ് ഇവിടെ ഹര്‍ത്താല്‍ എന്ന സമരാഭാസമായി നിര്‍ബാധം അരങ്ങേറിക്കൊണ്ടിരിക്കുന്നതിന് മുഖ്യകാരണം സര്‍ക്കാരിന്റെ ഒത്തുകളിയും അനാസ്ഥയും വീഴ്ചയും കഴിവുകേടുമാണ്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന നിരാഹാര സമരവേദിക്കു സമീപം സ്വയംതീകൊളുത്തിയ ഒരാള്‍ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ ഹര്‍ത്താല്‍ ആഹ്വാനത്തിന് അവര്‍ കണ്ടെത്തിയ ന്യായം. വ്യക്തിപരമായ കാരണങ്ങളാല്‍ ജീവനൊടുക്കിയ ഒരാളുടെ ദാരുണാന്ത്യത്തില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പുനടത്തുന്നതിലെ അധാര്‍മികതയും നൃശംസതയും മറച്ചുവയ്ക്കാന്‍ പ്രധാനമന്ത്രിയുടെ നമോ ആപ് വഴിയുള്ള ഹര്‍ത്താല്‍ പിന്തുണയ്ക്കാവുമോ? ഇത്ര അര്‍ഥശൂന്യവും അപഹാസ്യവും വിവേകരഹിതവും നിരുത്തരവാദപരവുമായ രാഷ്ട്രീയവൈകൃതത്തിന്റെ സമരമുറ കേരളത്തിലല്ലാതെ ലോകത്ത് മറ്റെവിടെയെങ്കിലും ഇങ്ങനെ ഒരു സാമൂഹിക അനുഷ്ഠാനമായി കൊണ്ടാടപ്പെടുമോ?
ഒരു മുന്നറിയിപ്പുമില്ലാതെ ഇടിത്തീപോലെയാണ് ചിലപ്പോള്‍ ഹര്‍ത്താല്‍ പൊട്ടിവീഴുന്നത്. പാതിരാത്രി മിന്നല്‍ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയാണ് ഇതിനു തൊട്ടുമുന്‍പ് രാജ്യം ഭരിക്കുന്ന ദേശീയകക്ഷി കേരളജനതയെയും വൃശ്ചികം ഒന്നിന് മണ്ഡലകാലത്തിന്റെ ശുഭാരംഭത്തില്‍ ശബരിമലയിലേക്കു പുറപ്പെട്ട അന്യദേശക്കാരായ അയ്യപ്പഭക്തരെയും ഞെട്ടിച്ചത്.
പ്രത്യേകിച്ച് ഒരു ചെലവുമില്ലാതെ, യാതൊരു മുന്നൊരുക്കവും സംഘാടന തന്ത്രവും കൂടാതെ ആര്‍ക്കും കേരളജനതയെ ഒന്നടങ്കം വീട്ടുതടങ്കലിലാക്കാനും സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥയെയും നിയമവാഴ്ചയെയും ഭരണസംവിധാനങ്ങളെയും സിവില്‍ ജീവിതക്രമത്തെയും നിശ്ചലവും നിര്‍വീര്യവുമാക്കാനും ഹര്‍ത്താല്‍ ആഹ്വാനത്തിലൂടെ കഴിയുന്നു. സാമാന്യജനത്തിന്റെ ഭീതിയും നിസ്സഹായതയുമാണ് അവര്‍ ചൂഷണം ചെയ്യുന്നത്. ഹര്‍ത്താല്‍ ആഹ്വാനം ലംഘിച്ച് വണ്ടിയിറക്കിയാല്‍ തടയാനും തല്ലിത്തകര്‍ക്കാനും ഹര്‍ത്താലനുകൂലികള്‍ എത്തുമെന്നു പേടിച്ച് മാന്യതയുള്ളവര്‍ ഒഴിഞ്ഞുമാറുന്നു. കടയും സ്ഥാപനങ്ങളും തുറന്നാല്‍ കല്ലേറും തീവയ്പും വരെയുണ്ടാകുമെന്ന ആശങ്കയില്‍ വ്യാപാരികളും വ്യവസായികളും ഭീമമായ നഷ്ടം സഹിക്കുന്നു. കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാന്‍ പറ്റാത്ത മീനും പച്ചക്കറിയും പഴങ്ങളും മറ്റ് ഉത്പന്നങ്ങളും എന്തുചെയ്യണമെന്നറിയാതെ വലയുന്നവരുടെയും ദിവസക്കൂലികൊണ്ട് കുടുംബം പോറ്റുന്നവരുടെയും അന്നന്നത്തേക്കുള്ള വക കണ്ടെത്താന്‍ പെടാപാടുപെടുന്നവരുടെയും ഭക്ഷണപാനീയത്തിനും യാത്രയ്ക്കും താമസത്തിനും വഴികാണാതെ പെരുവഴിയില്‍ ഒറ്റപ്പെടുന്ന സഞ്ചാരികളുടെയും മുന്‍പേ നിശ്ചയിച്ച കല്യാണവും മറ്റു ചടങ്ങുകളും ഭംഗിയായി നടത്താന്‍ ബദ്ധപ്പെടുന്നവരുടെയും വീസ പുതുക്കാനും തൊഴില്‍കരാര്‍ പാലിക്കാനും നിശ്ചിത ദിവസം വിമാനം കയറാന്‍ പറ്റാതെ തീതിന്നുന്നവരുടെയും കാര്യം ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ മേലാളന്മാര്‍ക്ക് പ്രശ്‌നമല്ലല്ലോ!
ഹര്‍ത്താലിന്റെ പേരില്‍ വെറുതെ വീണുകിട്ടുന്ന അവധി ആഘോഷിക്കാമല്ലോ എന്നു കരുതുന്നവരും എന്നെങ്കിലും വ്യക്തിപരമായ ഒരു അത്യാഹിതത്തില്‍ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങള്‍ നിരന്തരം സഹിക്കുന്ന ഹര്‍ത്താല്‍ ദുരിതത്തിന്റെ കയ്പും വേദനയും തിക്തഫലവും കൂടുതല്‍ തീവ്രതരമായി അനുഭവിച്ചെന്നിരിക്കും. ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു പരീക്ഷയോ ഇന്റര്‍വ്യൂവോ മുടങ്ങുമ്പോള്‍, ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരു അവസരം ഇല്ലാതാകുമ്പോള്‍ ഹര്‍ത്താലിനെ പഴിച്ചിട്ട് എന്തു പ്രയോജനം!
ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര കലാപ്രദര്‍ശനമെന്നു വിശേഷിപ്പിക്കാവുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന് കൊച്ചിയില്‍ തുടക്കം കുറിച്ചിരിക്കെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കലാകാരന്മാര്‍ക്കും കലാസ്വാദകര്‍ക്കും പ്രളയാനന്തര കേരളത്തിന്റെ തനിമയാര്‍ന്ന ഹര്‍ത്താല്‍ അനുഭവത്തിന്റെ നിശ്ചല പ്രതിഷ്ഠാപനത്തിലും പങ്കുചേരാനായത്. അന്യതയില്‍ നിന്ന് അന്യോന്യതയിലേക്ക് – പാര്‍ശ്വവത്കരിക്കപ്പെടാത്ത ജീവിതങ്ങളുടെ സാധ്യതകള്‍ എന്ന പ്രമേയത്തിലുള്ള ബിനാലെയില്‍ 31 രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ട്. മരേല്ല ഡിസ്‌കവറി എന്ന ആഡംബര യാത്രക്കപ്പല്‍ 1,720 വിദേശ ടൂറിസ്റ്റുകളുമായി കൊച്ചി തുറമുഖത്ത് അടുക്കുകയും, യുകെയില്‍ നിന്ന് മൂന്ന് ചാര്‍ട്ടര്‍ വിമാനങ്ങളിലായി 900 ടൂറിസ്റ്റുകള്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുകയും ചെയ്തപ്പോഴാണ് ഇക്കുറി ഹര്‍ത്താല്‍ പ്രഖ്യാപനമുണ്ടായത്. കൊച്ചി തുറമുഖത്തു നങ്കൂരമിടുന്ന ക്രൂസ്‌ലൈനറില്‍ നിന്നിറങ്ങുന്ന സഞ്ചാരികളുടെ മനം കവരുന്ന തനിനാടന്‍ കല-കരകൗശലവസ്തുക്കളുടെയും മറ്റ് വിഭവങ്ങളുടെയും വിശേഷ വില്പനയും കൊച്ചിയിലെ വിവിധ ഭാഗങ്ങളും വൈക്കം, ആലപ്പുഴ, കുമ്പളങ്ങി തുടങ്ങിയവയും ഉള്‍പ്പെടെ എട്ട് ടൂറുകളിലേക്കുള്ള യാത്രയും ഹര്‍ത്താലില്‍ അനിശ്ചിതത്വത്തിലായി. മാസങ്ങള്‍ക്കു മുന്‍പേ സൂക്ഷ്മതലത്തില്‍ ആസൂത്രണം ചെയ്യുന്ന രാജ്യാന്തര കപ്പല്‍യാത്രയില്‍ കേരള സംസ്‌കാരത്തിന്റെ ഓര്‍മയ്ക്ക് സമര്‍പ്പിക്കാന്‍ ഹര്‍ത്താലിന്റെ ഈ നിര്‍ജീവ മുഖം മാത്രം!
വിനോദസഞ്ചാര മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ സമവായമുണ്ടാക്കിയതുകൊണ്ട് ആര്‍ക്കെന്തു പ്രയോജനം? ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി എന്നു പ്രഖ്യാപിക്കുന്നതുകൊണ്ട് പ്രായോഗികമായി എന്തുഗുണം ചെയ്യും? ഹര്‍ത്താല്‍ പ്രമാണിച്ച് സംസ്ഥാനത്ത് സര്‍വകലാശാലകളും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളും പിഎസ്‌സിയും മറ്റും നടത്തുന്ന പരീക്ഷകളും ഇന്റര്‍വ്യൂകളും മാറ്റിവയ്ക്കുമായിരിക്കാം. എന്നാല്‍ ദേശീയ തലത്തില്‍ നടക്കുന്ന പരീക്ഷകള്‍ക്കു ബദല്‍ സംവിധാനം ഉണ്ടാകില്ല. ഹര്‍ത്താല്‍ ദിനത്തില്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് നടത്തിയ മാസ്റ്റര്‍ ഓഫ് ഡെന്റല്‍ സര്‍ജറി നീറ്റ് പ്രവേശന പരീക്ഷയ്ക്ക് കേരളത്തിലെ കേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാതെപോയ പരീക്ഷാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം ആരു നല്‍കും? കുറ്റം പറയരുതല്ലോ, മോഹന്‍ലാല്‍ ഫാന്‍സിന്റെ വിശ്വാസദാര്‍ഢ്യം മാനിച്ച് ‘ഒടിയന്‍’ ഫിലിമിന്റെ റിലീസിംഗ് ഹര്‍ത്താലിലും കെങ്കേമമാക്കുള്ള ഒടിവിദ്യ സമരനായകര്‍ പ്രദര്‍ശിപ്പിച്ചു.
നവോത്ഥാനത്തിന്റെ ഓര്‍മയുണര്‍ത്താനെന്ന പേരില്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത കുറെ സാമുദായിക സംഘടനകളെ മുന്നില്‍ നിര്‍ത്തി ഇടതുമുന്നണിയും മന്ത്രിമാരും ജില്ലാ ഭരണകൂടവും രാഷ്ട്രീയ ഉത്സാഹകമ്മിറ്റികളുമൊക്കെ ചേര്‍ന്ന് പെണ്‍മതില്‍ തീര്‍ക്കാന്‍ വിപുലമായ സന്നാഹങ്ങള്‍ ഒരുക്കുമ്പോള്‍, കേരളക്കരയിലെ സാധാരണ ജനം ഒറ്റക്കെട്ടായി ആദ്യം അണിനിരക്കേണ്ടത് ഹര്‍ത്താല്‍ എന്ന മഹാവിപത്തിനെതിരായാണ്. സര്‍ക്കാരും ഭരണകക്ഷിയും പ്രതിപക്ഷവും മറ്റു തല്പരകക്ഷികളും അനങ്ങാതിരുന്നാലും ഇരട്ടത്താപ്പു നയം തുടര്‍ന്നാലും, നാടിനും നാട്ടാര്‍ക്കും ഒരു പ്രയോജനവും ചെയ്യാത്ത, തങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന, സമൂഹത്തെ നിശ്ചലമാക്കുന്ന, ഹര്‍ത്താല്‍ എന്ന രാഷ്ട്രീയ ദുരാചാരത്തിന് അറുതിവരുത്തുകതന്നെചെയ്യുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.


Related Articles

കടലോരത്തെ കാലാവസ്ഥാ അഭയാര്‍ഥികളെ മറക്കരുത്

പ്രളയദുരന്തത്തെ നവകേരളസൃഷ്ടിക്കുള്ള അവസരമാക്കി മാറ്റുകയെന്നത് ശുഭചിന്തയാണ്, ദുര്‍ദ്ദശയില്‍ നിന്ന് പ്രത്യാശയിലേക്കുള്ള പരിവര്‍ത്തനം. കേരളത്തിലെ ജനങ്ങളില്‍ ആറിലൊന്നുപേരെ – 981 വില്ലേജുകളിലായി 55 ലക്ഷം ആളുകളെ – നേരിട്ടു

ദാവീദ് രാജാവിന്റെ രണ്ടാം പ്രവാസക്കാലം

ഇസ്രായേലിന്റെ രണ്ടാമത്തെ രാജാവായിരുന്നല്ലോ ദാവീദ്. ആദ്യരാജാവായ സാവൂളിന്റെ അടുത്ത അനുചരനായിരുന്നു ദാവീദെങ്കിലും ദാവീദിന്റെ ജനപ്രീതികണ്ട് അസൂയമൂത്ത സാവൂള്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചു. സാവൂളിന്റെ കരങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍

ലത്തീന്‍ വിദ്യാര്‍ഥികള്‍ക്ക്

എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി ആകെ 27 ആര്‍ട്‌സ് കോളേജുകളും, അഞ്ച് പ്രൊഫഷണല്‍ കോളേജുകളും, മൂന്നു എഞ്ചിനീയറിംഗ് കോളേജുകളും, എട്ടു പോളിടെക്‌നിക്/ഐടിസികളും , ഒന്‍പത് ബിഎഡ് കോളേജുകളും,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*