Breaking News

മതേതരത പറയുന്ന മനുഷ്യാവകാശങ്ങള്‍

മതേതരത പറയുന്ന മനുഷ്യാവകാശങ്ങള്‍

അനു ദുബെ എന്ന യുവതി ഇന്ത്യയുടെ പാര്‍ലമെന്റിനു മുന്നില്‍ പ്ലക്കാര്‍ഡ് പിടിച്ച് ഒറ്റയാള്‍ സമരത്തിലിരിക്കുന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്. പ്ലക്കാര്‍ഡിലെ വാക്കുകള്‍ ഇതായിരുന്നു: ‘എന്തുകൊണ്ട്? എന്റെ സ്വന്തം ഭാരതത്തില്‍ എനിക്ക് സുരക്ഷിതത്വം തോന്നാത്തത് എന്തുകൊണ്ട്?’ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവിനോട് ജന്ദര്‍മന്ദറിനുമുന്നില്‍ പോയി പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ച അനുവിനെ പൊലീസെത്തി അറസ്റ്റുചെയ്തു നീക്കി. അനുവിനെ പൊലീസ് മര്‍ദ്ദിച്ചുവെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഒറ്റയാള്‍ പോരാട്ടത്തെ അടിച്ചമര്‍ത്തിയെന്ന് പ്രതിഷേധങ്ങളുണ്ടായി. നിസാരങ്ങളില്‍ നിസാരമായി മാധ്യങ്ങള്‍ ഇതിനെ കണ്ടില്ലെന്നു നടിച്ചു.
അനുവിന്റെ സമരത്തിന് പ്രകോപനമായിത്തീര്‍ന്നത് തെലുങ്കാനയില്‍ നടന്ന ഹീനമായ കുറ്റകൃത്യമാണ്. വെറ്റിറനറി ഡോക്ടര്‍ കൊലചെയ്യപ്പെട്ട സംഭവം നാടിനെ നടുക്കിയിരിക്കുന്നു. ഒറ്റപ്പെട്ട സംഭവമെന്ന് എഴുതിത്തള്ളാനാവാത്തവിധം അരക്ഷിതാവസ്ഥയിലേക്ക് നാട് നീങ്ങിയതുപോലെ… ഭയത്തിന്റെ ഇരുള്‍ എല്ലാവരെയും വിഴുങ്ങുന്നു. അനുവിന്റെ പ്ലക്കാര്‍ഡ് ചോദിക്കുന്നു: ‘എന്തുകൊണ്ട്?’ സുരക്ഷിതവും നിര്‍ഭയവുമായ സാമൂഹ്യജീവിതാന്തരീക്ഷം ഇല്ലാതെപോകുന്ന കാലത്തിന്റെ നട്ടുച്ചയിലാണോ ഈ നാട്? മാധ്യമങ്ങള്‍ തിരസ്‌കരിക്കുന്ന പ്രതിഷേധത്തിന്റെ സ്വരങ്ങള്‍ കേള്‍ക്കപ്പെടാതെ പോകുന്ന കാലത്താണ് ഐക്യരാഷ്ട്രസഭയുടെ സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ വാര്‍ഷികം കടന്നുപോകുന്നത്. 1948 ഡിസംബര്‍ 10ന് യുഎന്‍ അംഗീകരിച്ച മനുഷ്യാവകാശ പ്രഖ്യാപനരേഖയില്‍ ഒരാള്‍ ഇങ്ങനെ വായിച്ചു തുടങ്ങുന്നു: ‘എല്ലാ മനുഷ്യരും സ്വതന്ത്ര്യമായി ജനിക്കുകയും പദവിയിലും അവകാശത്തിലും തുല്യത പുലര്‍ത്തുകയും ചെയ്യുന്നു. അവര്‍ ബുദ്ധിയും മനഃസാക്ഷിയുംകൊണ്ട് അനുഗ്രഹീതരും പരസ്പരസാഹോദര്യം പുലര്‍ത്താന്‍ നിര്‍ബന്ധിതരുമാണ്. ഈ പ്രഖ്യാപനം ഉദ്‌ഘോഷിക്കുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അനുഭവിക്കുന്നതിന് മതം, കുലം, വര്‍ഗം, വര്‍ണം, ഭാഷ, രാഷ്ട്രീയവിശ്വാസം, സ്വത്ത്, പദവി, സ്ത്രീപുരുഷഭേദം ഇവയുടെയോ, വാസകേന്ദ്രം, ഭരണകൂടം ഇവയുടെ സ്വഭാവത്തിന്റെയോ പരിഗണന കൂടാതെ എല്ലാവരും അര്‍ഹരാണ്. ജീവിക്കാനും സ്വാതന്ത്ര്യം, വ്യക്തിസുരക്ഷ എന്നിവ അനുഭവിക്കാനുമുള്ള അവകാശവും എല്ലാവര്‍ക്കുമുണ്ട്. (പ്രൊഫ. ആര്‍.പി.രമണന്റെ പരിഭാഷ).
ഇക്കണോമിക്ക് ടൈംസ് മുംബൈയില്‍ സംഘടിപ്പിച്ച വ്യവസായികളുടെ സമ്മാനദാനച്ചടങ്ങില്‍ വ്യവസായപ്രമുഖനായ രാഹുല്‍ ബജാജ് രാജ്യത്ത് പടരുന്ന ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ഇരുളിനെപ്പറ്റി തുറന്നുപറഞ്ഞത് വാര്‍ത്തയായി. ആഭ്യന്തരമന്ത്രി അമിത്ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, റയില്‍വേമന്ത്രി പീയുഷ് ഗോയല്‍ എന്നിവര്‍ വേദിയിലുണ്ടായിരുന്നു. നിലവിലുള്ള സര്‍ക്കാര്‍ വിമര്‍ശനങ്ങളെ ഭയക്കുന്നില്ലെന്ന് തന്റെ പ്രഭാഷണത്തില്‍ അമിത്ഷാ ബജാജിന് മറുപടിയെന്നോണം പറഞ്ഞു. വിമര്‍ശിക്കുന്നവര്‍ പലവിധത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയമാകുന്നതായി ഉദാഹരണത്തിലൂടെ ചൂണ്ടിക്കാട്ടാനാകും. വിമര്‍ശിക്കുന്നവര്‍ ഭയപ്പെടേണ്ടതില്ലെന്ന ആഭ്യന്തരമന്ത്രിയുടെ മറുപടിയുടെ ഭാഷ ഔദാര്യത്തിന്റേതാണ്. ജനാധിപത്യത്തില്‍ ഭരണാധികാരികളുടെ ഔദാര്യം പറ്റുന്നവരല്ല പൗരസമൂഹം. ഭരണഘടന നല്കുന്ന അവകാശങ്ങളെപ്പറ്റിയും കടമകളെപ്പറ്റിയും ധാരണ നല്‍കുന്ന വിദ്യാഭ്യാസം പൗരസമൂഹത്തിന് നല്‌കേണ്ട ഉത്തരവാദിത്വം ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കുണ്ട്.
ഏതെങ്കിലും പ്രത്യേക മതത്തിന്റെയോ വിശ്വാസത്തിന്റെയോ ഗ്രന്ഥങ്ങളല്ല മതേതര ജനാധിപത്യത്തിന്റെ വിദ്യാഭ്യാസനയത്തിന്റെ അടിത്തറ. മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ആവശ്യപ്പെടുന്നതുപോലെ പ്രത്യേകമായ ചില ഗ്രന്ഥങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുവാന്‍ സര്‍ക്കാരുകള്‍ ബാധ്യസ്ഥമല്ല. തീര്‍ച്ചയായും ഭരണഘടനാപാഠങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കേണ്ടതാണ്. ജനത്തിന്റെ നികുതിപ്പണംകൊണ്ട് മുന്നേറുന്ന പൊതുവിദ്യാഭ്യാസ മേഖലയില്‍ എല്ലാ ഗ്രന്ഥങ്ങള്‍ക്കും സാംസ്‌കാരികമായ സ്ഥാനമുണ്ടാകാം. എന്നാല്‍ അത് നിര്‍ബന്ധിത പാഠ്യഭാഗമല്ല. അതേസമയം ഭരണഘടനയെക്കുറിച്ചുള്ള ധാരണ എല്ലാ പഠിതാക്കളും നിര്‍ബന്ധമായും നല്‌കേണ്ടതു തന്നെ. ഇന്ത്യയുടെ പൊതുസംസ്‌കാര നിര്‍മിതിക്കായി സംഭാവനകള്‍ നല്‍കിയിട്ടുള്ള എല്ലാ മതഗ്രന്ഥങ്ങളും വിശിഷ്ടമായ ആശയങ്ങളും തുല്യമായ ആദരവോടെ മതേതര ജനാധിപത്യക്രമത്തില്‍ പരിഗണിക്കപ്പെടേണ്ടതാണ്. അവിടെ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വ്യത്യാസമുണ്ടാകരുത്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സംസ്‌കൃതാധ്യാപകനായി എത്തിയ ആളുടെ മതപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് അവിടത്തെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ നടത്തിയ സമരം മതേതര ജനാധിപത്യ സംവിധാനത്തിനേറ്റ കനത്ത അടിയാണ്. മതപരമായ ചില താല്പര്യങ്ങളാല്‍ അടിച്ചേല്പിക്കപ്പെട്ട ചില ഭാഷകള്‍ മറ്റു സാംസ്‌കാരികധാരയിലുള്ളവര്‍ തൊട്ടുപോലും നോക്കരുതെന്ന നിലയിലുള്ള ഫാസിസ്റ്റ് പ്രവണതകള്‍ മുളയിലേ നുള്ളേണ്ടതാണ്. പൊതുപണം ചെലവാക്കി നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയില്‍ അപക്വമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരുവിധത്തിലും അനുവദിക്കരുത്. സംസ്‌കൃതവും അറബിയും ഹീബ്രുവും തമിഴും മനുഷ്യഭാഷയുടെ സാംസ്‌കാരിക ഈടുവയ്പുകളാണ്. ഫാഷിസ്റ്റ് അജണ്ടകളിലേക്ക് അവയെ ചുരുക്കിക്കെട്ടരുത്.
സ്വതന്ത്രമായും നിര്‍ഭയമായും ജീവിക്കാനുള്ള മനുഷ്യസമൂഹത്തിന്റെ അവകാശങ്ങളെ ഏറ്റവും വലിയ ജനാധിപത്യസമൂഹം ആശയപരമായും യാഥാര്‍ഥ്യബോധത്തോടെയും പിന്താങ്ങണം. എല്ലായിടത്തുനിന്നും വെളിച്ചം കടന്നുവരട്ടെ. എന്ന പ്രാര്‍ഥനയുടെ മതേതരതയാണ് ഇന്ത്യന്‍ ഭരണഘടനയുടെ കാതല്‍. മനുഷ്യാവകാശദിനം പറയുന്നത് ഈ കാലാവസ്ഥയെക്കുറിച്ചു തന്നെയാണല്ലോ.


Related Articles

വ്രതമനുഷ്ഠിക്കുന്ന മുസ്ലീം സഹോദരങ്ങള്‍ക്ക് സ്‌നേഹവും സമാധാനവും ആശംസിച്ച് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

കൊച്ചി: റംസാന്‍ മാസത്തിലെ നോമ്പ് അനുഷ്ഠിക്കുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി സ്‌നേഹവും സമാധാനവും ആശംസിച്ചു. കൊവിഡ് കാലത്തെ വ്രതാനുഷ്ഠാനം കൂടുതല്‍ ക്ലേശപൂര്‍ണ്ണമായതുകൊണ്ടാണ്

പെൺകുട്ടികൾക്കുള്ള വിവിധ സ്കോളർഷിപ്പുകിൽ ചിലത്

പെൺകുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും, പഠനത്തിന് പ്രോത്സാഹനം നൽകുന്നതിനുമായി സർക്കാരും സർക്കാരിതര ഏജൻസികളും ഒന്നാം ക്ലാസ് മുതൽ ഗവേഷണ പഠനം വരെയും വിവിധ സ്കോളർഷിപ്പുകൾ നൽകിവരുന്നുണ്ട്. ഇവയിൽ

ആള്‍ക്കൂട്ടത്തിന്റെ (അ)ന്യായവിധി

രാഷ്‌ട്രീയ കൊലപാതകങ്ങളുടെ തട്ടകമെന്നറിയപ്പെടുന്ന കേരളത്തിലെ കണ്ണൂരില്‍ ഷുഹൈബ്‌ എന്ന യുവാവിനെ ഇറച്ചിവെട്ടിനുറുക്കുന്ന ലാഘവത്തോടെ കുറ്റവാളികള്‍ 54 തവണ വെട്ടി, ഒടുവില്‍ രക്തം വാര്‍ന്ന്‌ അയാള്‍ മരിച്ചു! കുറ്റവാളികളെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*