മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കണം

മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കണം

മോണ്‍. യൂജിന്‍ പെരേര

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലത്ത് മത്സ്യവിപണനം സംബന്ധിച്ച് കേരള സര്‍ക്കാരും മത്സ്യഫെഡും സ്വീകരിച്ച നിലപാടുകള്‍ മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ വലിയ വിമര്‍ശനത്തിനു വഴിതെളിച്ചു. ഈ സന്ദര്‍ഭത്തിലാണ് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) കീഴിലുള്ള കോസ്റ്റല്‍ ഏരിയ ഡെവലപ്
മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (സിഎഡിഎഎല്‍-കടല്‍) മത്സ്യവിപണനവും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വികസനവും എന്ന വിഷയത്തെ അധികരിച്ചുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്. ഈ ചര്‍ച്ചകളിലൂടെ തയ്യാറാക്കിയ മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ, സാമ്പത്തിക ശാക്തീകരണം – വിപണനരീതികളുടെ നവീകണവും പുനഃക്രമീകരണവും എന്ന രേഖ മത്സ്യമേഖലയിലെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിക്കൊണ്ട് ചര്‍ച്ച ചെയ്തു പരിഷ്‌കരിച്ചു. തുടര്‍ന്ന് മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുമായി ചര്‍ച്ച ചെയ്ത് അന്തിമ രൂപം നല്‍കി. ഈ രേഖ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും തുടര്‍നടപടികള്‍ക്കായി സമര്‍പ്പിച്ചു.
‘കടല്‍’ നല്‍കിയ നിര്‍ദേശങ്ങള്‍ വേണ്ടത്ര ഗൗരവത്തില്‍ പരിഗണിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ സെപ്റ്റംബര്‍ 24ന് ”മത്സ്യലേലവും വിപണനവും മത്സ്യനിലവാര പരിപാലനവും 2020” ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

ഓര്‍ഡിനന്‍സിലെ നിര്‍വചനങ്ങള്‍ എന്ന രണ്ടാം അധ്യായത്തില്‍ മത്സ്യബന്ധനത്തിന് നല്‍കിയിരിക്കുന്ന വിശദീകരണം ആശ്ചര്യമുളവാക്കുന്നതാണ്. ”ഏതെങ്കിലും മാര്‍ഗങ്ങള്‍ അവലംബിച്ച് മത്സ്യം പിടിക്കുകയോ ശേഖരിക്കുകയോ ആകര്‍ഷിക്കുകയോ പിന്തുടരുകയോ” എന്നാണ് മത്സ്യബന്ധനത്തിന് നല്‍കിയിരിക്കുന്ന വിവക്ഷ. ഇതനുസരിച്ച് വമ്പന്‍ കോര്‍പറേറ്റുകള്‍ക്ക് തങ്ങളുടെ ശീതികരിച്ച മുറികളിലിരുന്ന് ജിപിഎസ് പോലുള്ള ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് മത്സ്യപ്പാടങ്ങള്‍ കണ്ടെത്തി അവയെ പിന്‍തുടര്‍ന്നാല്‍ അതിന്മേല്‍ അവകാശവാദം ഉന്നയിക്കാനും മത്സ്യബന്ധനത്തിന്റെ പട്ടികയില്‍ അത് ഉള്‍പ്പെടുത്താനും കഴിയും. കേന്ദ്ര സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച കര്‍ഷകനിയമങ്ങളും തൊഴില്‍ നിയമങ്ങളും വലിയ പ്രക്ഷോഭത്തിലേക്ക് നയിച്ചത് കൃഷിയിടങ്ങളും തൊഴിലിടങ്ങളും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നതുകൊണ്ടുതന്നെയാണ്.

ഇടനിലക്കാരുടെ മറവില്‍ ഉദ്യോഗസ്ഥ മേധാവിത്വം
ഉപജീവനവും തൊഴിലും വലിയ പ്രതിസന്ധി നേരിടുന്ന ഈ കൊവിഡ് കാലഘട്ടത്തില്‍ പുറപ്പെടുവിച്ച മത്സ്യലേല വിപണന നിയമം മത്സ്യമേഖലയില്‍ ഉദ്യോഗസ്ഥ മേല്‌ക്കോയ്മ സ്ഥാപിക്കാനും പരമ്പരാഗത മത്സ്യത്തൊളിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുമാണോ എന്ന് മത്സ്യത്തൊഴിലാളികള്‍ ബലമായി സംശയിക്കുന്നു. ഫിഷ്‌ലാന്‍ഡിംഗ് സെന്റര്‍, ഹാര്‍ബര്‍, മാര്‍ക്കറ്റ് മാനേജ്‌മെന്റ് സൊസൈറ്റികളുടെ ഘടന പരിശോധിച്ചാല്‍ ഇതു മനസിലാകും. ഇവയിലെ മത്സ്യത്തൊഴിലാളികളുടെ പ്രാതിനിധ്യം നാമമാത്രമാണെന്നു മാത്രമല്ല, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്നവരായിരിക്കും അവരെല്ലാം. ഈ രീതിയില്‍ രൂപീകരിക്കുന്ന ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റിയാകും മത്സ്യത്തിന്റെ അടിസ്ഥാന വില നിശ്ചയിക്കുന്നത്. മുരാരി കമ്മിറ്റി നിര്‍ദേശിച്ച മത്സ്യത്തിന്റെ ആദ്യവില നിശ്ചയിക്കുവാനുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശം കൂടി ഈ നിയമം കവര്‍ന്നെടുക്കും.

ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുക
തരകന്മാരുടെയും ഇടത്തട്ടുകാരുടെയും ചൂഷണത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനാണ് നിയമമെന്നാണ് ഫിഷറീസ് മന്ത്രി അഭിപ്രായപ്പെടുന്നത്. ഇന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനോപകരണത്തിന്റെ അറ്റകുറ്റപണികള്‍ തുടങ്ങി ഇന്ധനത്തിനുപോലുമുള്ള കടം നല്‍കുന്നത് മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ തന്നെയുള്ള സമ്പന്നരാണ്. ഈ വ്യവസ്ഥിതി മാറ്റുന്നതിന് പര്യാപ്തമായ ഒരു നിര്‍ദേശവും ഓര്‍ഡിനന്‍സിലില്ല. ഈ രംഗത്ത് ആരോഗ്യകരമായ ഇടപെടലുകള്‍ നടത്തണമെങ്കില്‍, കാര്‍ഷിക മേഖലയ്ക്ക് ചെറിയ പലിശ നിരക്കില്‍ സാമ്പത്തിക സഹായം ചെയ്യുന്ന നബാര്‍ഡ് മാതൃകയില്‍ മത്സ്യമേഖലയ്ക്കായി പ്രത്യേക ബാങ്ക് രൂപീകരിക്കേണ്ടിവരും. ഇടത്തട്ടുകാരില്‍ നിന്നു മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനായി ഇത്തരം വായ്പാസൗകര്യം ലഭ്യമാക്കാന്‍ നടപടി കൈക്കൊള്ളാത്ത പക്ഷം വറചട്ടിയില്‍ നിന്ന് എരിതീയിലേക്കാവും മത്സ്യത്തൊഴിലാളികള്‍ ചെന്നുവീഴുക. ഇടനിലക്കാരില്‍ നിന്നു മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനായി പുറത്തിറക്കിയ നിയമം പറയുന്നത,് മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തില്‍ നിന്ന് മത്സ്യബന്ധന ഉപകരണങ്ങള്‍ സ്വായത്തമാക്കാന്‍ വായ്പയെടുത്തിട്ടുള്ള ഏതൊരാളും പ്രസ്തുത സംഘം നിയോഗിച്ചുള്ള ലേലക്കാര്‍ മുഖേനയല്ലാത്ത മത്സ്യലേലത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല എന്നാണ് (സെ. 4 ഉപസെ. 8). വലിയ വിരോധാഭാസമാണിത്.

ഇരട്ട ചൂഷണം
ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നു മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാനായി നിര്‍മിച്ച നിയമം ഇരട്ട ചൂഷണത്തിലേക്ക് വഴിതെളിക്കും. മത്സ്യബന്ധനയാനങ്ങളും മറ്റ് ഉപകരണങ്ങളും വാങ്ങാനായി വന്‍തുക കടം വാങ്ങിയിട്ടുള്ള മത്സ്യത്തൊഴിലാളികളുടെമേല്‍ ലേലത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തുന്ന ലേല കമ്മീഷന്‍ ഇരട്ട ചൂഷണമായി മാറും. കൂടാതെ കാലാവസ്ഥവ്യതിയാനം, മത്സ്യലഭ്യത എന്നിവ പരിഗണിച്ച് വിവിധ പ്രദേശങ്ങളിലേക്ക് ജീവന്‍ പണയം വച്ച് മീന്‍ പിടിക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍, വിജ്ഞാപനം ചെയ്തിട്ടുള്ള ലാന്‍ഡിംഗ് സെന്റര്‍, ഹാര്‍ബര്‍, മാര്‍ക്കറ്റ് എന്നിവയില്‍ കൂടിയല്ലാതെ മത്സ്യലേലം നടത്താന്‍ പാ
ടില്ല (സെ. 4) എന്ന നിബന്ധന കൂനിന്മേല്‍ കുരുവായി മാറും.

ഗുണനിലവാര സാക്ഷ്യപ്പെടുത്തല്‍ എന്ന കീറാമുട്ടി
പകലന്തിയോളം പണിയെടുത്തശേഷം കരയിലെത്തിക്കുന്ന മത്സ്യം  ഗുണ നിലവാര പരിപാലന കമ്മിറ്റിയുടെ സാക്ഷ്യപത്രത്തോടെ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ (സെ.21). ഈ നിബന്ധന സങ്കീര്‍ണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന മത്സ്യമേഖലയ്ക്ക് വലിയ കീറാമുട്ടിയായിത്തീരും എന്നതില്‍ രണ്ടഭിപ്രായമില്ല.

ഡമോക്ലസിന്റെ വാള്‍
ഈ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഖജനാവിലേക്ക് കലവറയില്ലാതെ സംഭാവന ചെയ്യുകയും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന മത്സ്യബന്ധന മേഖലയുടെയും അടിസ്ഥാന തൊഴിലാളി വര്‍ഗത്തിന്റെയും മേല്‍ ഉയരുന്ന ഡമോക്ലസിന്റെ വാളാണ് നീതിനിര്‍വഹണ സംവിധാനം. കടുത്തശിക്ഷയും അപ്പീല്‍ നടത്തുന്നതിന് പിഴത്തുക മുഴുവനും ഒടുക്കണം എന്ന വ്യവസ്ഥയും തൊഴിലാളികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നതിനായി നിര്‍മിച്ച വ്യവസ്ഥകളാണ്. അടിസ്ഥാന തൊഴിലാളി വര്‍ഗത്തിന്റെമേല്‍ കടുത്ത ശിക്ഷാവിധികള്‍ നിര്‍ദേശിക്കുന്ന നിയമം ഉത്തമവിശ്വാസത്തില്‍ ഉദ്യോഗസ്ഥര്‍ കൈക്കൊള്ളുന്ന തെറ്റായ തീരുമാനങ്ങള്‍ക്ക് ഇളവു നല്‍കുകയാണ്.

സ്ത്രീതൊഴിലാളികളെയും ചെറുകിട തൊഴിലാളികളെയും ഒഴിവാക്കുന്നു
കുടുംബം പുലര്‍ത്താന്‍ കഠിനമായി അധ്വാനിക്കുന്ന സ്ത്രീതൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും പാടേ അവഗണിച്ചുകൊണ്ടുള്ള നിയമമാണ് മത്സ്യലേല വിപണന നിലവാര പരിപാലന നിയമം.

ഇങ്ങനെയൊക്കെയാണെങ്കിലും, ഓര്‍ഡിനന്‍സിലെ കുറവുകള്‍ പരിഗണിക്കുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അടുത്തു ചേരുന്ന നിയമസഭയില്‍ ഇത് അവതരിപ്പിച്ച് ചര്‍ച്ചയാക്കുമെന്നും, ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും വകുപ്പ് 32ല്‍ പറയുന്നുണ്ട്. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ പറയുന്ന ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണം. മത്സ്യമേഖല നേരിടുന്ന അതിഗൗരവമേറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗതമായ കടലവകാശവും ആദ്യവില്പനാവകാശവും സംരക്ഷിച്ചുകൊണ്ട് നിയതമായ വ്യവസ്ഥിതിയിലൂടെ ഈ മേഖലയെ സമഗ്രമായി പരിവര്‍ത്തിപ്പിക്കണം എന്നാണ് ‘കടല്‍’ നര്‍ദേശിച്ചിരുന്നത്.

മത്സ്യത്തിന്റെയും മത്സ്യഉത്പന്നങ്ങളുടെയും ഉത്പാദനം, സംഭരണം, സംസ്‌കരണം, വിപണനം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് തീരദേശമത്സ്യബന്ധന മേഖലയിലെ പ്രാഥമിക ക്ഷേമ സൊസൈറ്റികളുടെ കേന്ദ്രീകൃത ഫെഡറേഷനായി മത്സ്യഫെഡ് അഥവാ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡവലപ്‌മെന്റ് ലിമിറ്റഡ് 1984ല്‍ രൂപപ്പെടുത്തിയത്. മത്സ്യഫെഡിന്റെ സ്ഥാപക ലക്ഷ്യങ്ങളില്‍ സുപ്രധാനമായ ഒന്നാണ് മത്സ്യവിപണനരംഗത്തെ ഇടപെടല്‍. ഈ രംഗത്ത് മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്‌നം വിഭവങ്ങളുടെ അപര്യാപ്തത തന്നെയാണ്. മത്സ്യബന്ധന, വിപണന-മത്സ്യഗുണനിലവാര ചര്‍ച്ചകളുടെ ഭാഗമായി സാമ്പത്തികസ്രോതസ,് ഫിഷ്ലാന്‍ഡിംഗ് സെന്റര്‍, ഹാര്‍ബര്‍, മാര്‍ക്കറ്റ് എന്നിവയുടെ ആധുനീകരണം എന്നിവ എങ്ങനെ സാധ്യമാക്കണമെന്ന് ചര്‍ച്ച തുടരേണ്ടതുണ്ട് കൂടാതെ മത്സ്യവിപണനരംഗത്ത് മത്സ്യത്തൊഴിലാളി സംഘത്തിലെ യുവജനങ്ങളെ പ്രാപ്തരാക്കിക്കൊണ്ട് ഇ-മാര്‍ക്കറ്റിംഗ്, മത്സ്യ ഉത്പന്നങ്ങളുടെ മൂല്യവര്‍ദ്ധന എന്നിവ കൂടുതല്‍ ഗൗരവത്തോടുകൂടെ ഏറ്റെടുക്കാന്‍ കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി സഹായകരമാക്കണം.

‘കടല്‍’ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ (സംക്ഷിപ്തം)
1. നിലവിലുള്ള തരകന്‍ സമ്പ്രദായത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നതിന് മത്സ്യബന്ധനത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ സാമ്പത്തിക സ്രോതസ് ലഭ്യമാക്കുന്നതിനായി മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ പ്രാഥമിക ക്ഷേമസംഘങ്ങള്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ വിഹിതം എന്നിവ ഉറപ്പാക്കിക്കൊണ്ട് മത്സ്യബാങ്ക് ആരംഭിച്ച് പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്.

2. ഫിഷ്ലാന്‍ഡിംഗ് സെന്റര്‍, ഹാര്‍ബര്‍, മത്സ്യമാര്‍ക്കറ്റുകള്‍ എന്നിവയെ കേന്ദ്രീകരിച്ച് മത്സ്യം ശേഖരിച്ച് കേടുകൂടാതെ സംരക്ഷിക്കുന്നതിനുള്ള ശീതീകരിച്ച സ്റ്റോറുകള്‍ സ്ഥാപിക്കേണ്ടതാണ്.
3. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികളുടെ നേതൃത്വത്തില്‍ മത്സ്യത്തിന്റെ അടിസ്ഥാന വില നിശ്ചയിച്ച് മത്സ്യഫെഡ് വിപണിയില്‍ ഇടപെടേണ്ടതുണ്ട്. ഈ രംഗത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായമായ വില ലഭിക്കാത്ത സാഹചര്യത്തില്‍ മത്സ്യഫെഡ് ഒരു മദര്‍ വെന്‍ഡര്‍ എന്ന നിലയില്‍ മറ്റു ചെറുകിട വ്യാപാരികളോടൊപ്പം ലേലത്തില്‍ പങ്കുകൊള്ളുകയും വേണം. അടിസ്ഥാന വിലയ്ക്ക് മത്സ്യം വാങ്ങാന്‍ കച്ചവടക്കാര്‍ തയ്യാറാകാതെ വരുന്ന സാഹചര്യത്തില്‍ മത്സ്യം മത്സ്യഫെഡ് ശേഖരിച്ച് പ്രത്യേക സംവിധാനങ്ങളുള്ള ശീതീകരിച്ച സ്റ്റോറുകളില്‍ സൂക്ഷിക്കുക. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുക, ആവശ്യാനുസരണം മത്സ്യവിപണനത്തിലേര്‍പ്പെട്ടിരിക്കുന്ന സ്ത്രീകള്‍, ചെറുകച്ചവടക്കാര്‍, യുവജനങ്ങള്‍ എന്നിവരിലൂടെ ആവശ്യാനുസരണം മാര്‍ക്കറ്റുകളില്‍ എത്തിക്കുക.
4. മത്സ്യമാര്‍ക്കറ്റുകളില്‍ മത്സ്യത്തിന്റെ വില പ്രദര്‍ശിപ്പിക്കണം. ഹാര്‍ബര്‍, ലാന്‍ഡിംഗ് സെന്റര്‍ എന്നിവിടങ്ങളിലെ വില്പന വില, ന്യായമായ കൈകാര്യ ചെലവ്, ലാഭവിഹിതം, യാത്രാചെലവ് എന്നിവ പരിഗണിച്ചാവണം ഈ വില നിശ്ചയിക്കേണ്ടത്. കേരളത്തിലെ വിവിധ മത്സ്യവിപണന കേന്ദ്രങ്ങളും മത്സ്യഫെഡിന്റെ സംഭരണശാലകളും പരസ്പരം ബന്ധപ്പെടാനും യഥാര്‍ത്ഥമായ വിവര കൈമാറ്റത്തിനും ആധുനിക വിവരസാങ്കേതികവിദ്യ പ്രയോജനപ്പെ
ടുത്തണം. മത്സ്യവിപണനത്തിലൂടെ മേല്‍നോട്ടത്തിനുംനിയന്ത്രണത്തിനും ഇടപെടലിനും ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയിലുള്ള ചൂഷണം തടയുന്നതിന് ഇതു സഹായകമാകും.
5. മത്സ്യവിപണനരംഗത്ത് ദീര്‍ഘനാളായി ഇടപെടലുകള്‍ നടത്തുകയും വലിയ മുതല്‍മുടക്കു നടത്തുകയും ചെയ്ത ഇടത്തട്ടുകാരെ നവീകരിക്കപ്പെടുന്ന വിപണന പ്രക്രിയയില്‍ ഉള്‍പ്പെടുത്തുകയും വേണം. കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മുഴുവന്‍ മത്സ്യവും കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു ഏജന്‍സിയായി മത്സ്യഫെഡിനു വളരാന്‍ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ ഇവരുടെ സേവനം ഉള്‍ച്ചേര്‍ക്കുകയാണു വേണ്ടത്.
6. മത്സ്യഫെഡ് കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമായ ഇടപെടലുകള്‍ നടത്തണം. ശീതീകരണ സംഭരണശാല, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനം, വിപണനം തുടങ്ങിയ രംഗങ്ങളില്‍ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിച്ച് മത്സ്യവിപണനത്തിന് സ്ത്രീകള്‍, യുവജനങ്ങള്‍ എന്നിവരെ നിയമിക്കണം. എം.എം മോനായി കമ്മിറ്റിയുടെ നിര്‍ദേശങ്ങളും ശുപാര്‍ശകളും നടപ്പിലാക്കണം.
7. മത്സ്യത്തൊഴിലാളി ക്ഷേമനിധിയിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കണം. വെണ്ടര്‍ ലൈസന്‍സിംഗ് സമ്പ്രദായവും വിപണനവും ഫലപ്രദമായി നടപ്പിലാക്കിയാല്‍ ക്ഷേമനിധി വിഹിതം സ്വരൂപിക്കാന്‍ കഴിയും. കയറ്റുമതിയില്‍ നിന്നുള്ള വരുമാനം പുനഃസ്ഥാപിക്കുകയും ഇതര വരുമാന സ്രോതസുകള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും വേണം.

മേല്‍ വിവരിച്ച രീതിയില്‍ മത്സ്യത്തൊഴിലാളികളെ ചൂഷണത്തില്‍ നിന്നു മുക്തരാക്കാനും പൊതുജനങ്ങള്‍ക്ക് ശുദ്ധമായ മത്സ്യം ന്യായമായ വിലയ്ക്ക് ലഭ്യമാക്കാനും സാധിക്കും. അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സാമ്പത്തികക്രമത്തിനും വികസന സമീപനങ്ങള്‍ക്കും അനുബന്ധമായി മത്സ്യമേഖലയെ കാലോചിതമായി പരിഷ്‌ക്കരിച്ച് മത്സ്യത്തൊഴിലാളികളെ പൊതുധാരയിലെത്തിക്കാനുള്ള ശ്രമത്തില്‍ നിയതമായ വ്യവസ്ഥിതികള്‍ രൂപപ്പെടുത്താനും സാധിക്കും.

 


Related Articles

പ്രതിഷേധത്തിന്റെ ദൈവികതലം

”അവര്‍ അലസരാണ്” (പുറ 5:8). യഹൂദരെക്കുറിച്ചുള്ള ഫറവോയുടെ അഭിപ്രായമാണിത്. അവരുടെ ദൈവത്തിന് ബലിയര്‍പ്പിക്കാന്‍ മൂന്നു ദിവസത്തെ യാത്ര മാത്രമാണ് മോശ ഫറവോയോട് ആവശ്യപ്പെടുന്നത്. അത് നിരാകരിക്കുക മാത്രമല്ല

കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021

ഇടുക്കി : യുവതികൾക്ക് സ്വയം പരിവർത്തനത്തിന്റെ ചുവട് വെപ്പിന് ഊർജമേകുക എന്ന ലക്ഷ്യത്തോടെ കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021 ഇടുക്കി രൂപതയുടെ

പ്രളയബാധിതര്‍ക്ക് തുണയാകുക ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: പ്രകൃതി ദുരന്തത്തില്‍ നഷ്ടമായ ജീവനുകള്‍ക്ക് നിത്യശാന്തി നേര്‍ന്ന് പ്രാര്‍ഥിക്കാനും അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും ദുരിതത്തില്‍ അകപ്പെട്ടവരെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*