മത്സ്യത്തൊഴിലാളികളുടെ കാലം, പെണ്‍മണികളുടെ വര്‍ഷം

മത്സ്യത്തൊഴിലാളികളുടെ കാലം, പെണ്‍മണികളുടെ വര്‍ഷം

മനുഷ്യജന്മമൊരു സത്രം.
അതിഥിയാണോരോ പ്രഭാതവും.
ഓര്‍ക്കാപ്പുറത്തൊരു വിരുന്നുകാരനായെത്തുന്നു
ഒരാഹഌദം, ഒരു വിഷാദം, ഒരു ചെറ്റത്തരം,
നൈമിഷികമായൊരു ബോധോദയം.
പതിമൂന്നാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കവിയും സൂഫി സന്യാസിയുമായിരുന്ന റൂമിയെന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മൗലാന ജലാല്‍ അദ്ദീന്‍ മുഹമ്മദ് റൂമിയെഴുതിയ സത്രമെന്ന കവിതയിലെ ആദ്യവരികളാണിവ. ഇലകൊഴിയുന്ന വേഗത്തില്‍ വര്‍ഷങ്ങള്‍ വീണഴിയുമ്പോള്‍ റൂമിയുടെ കവിത ഇപ്പോഴുമെത്ര പ്രസക്തമെന്നോര്‍ത്തുപോകും; മനുഷ്യന്‍ എത്രനിസാര ജീവിയാണെന്ന് കവി ഏതാനും വാക്കുകള്‍കൊണ്ടു സ്പഷ്ടമാക്കുന്നു. അതിജീവനത്തിന്റെ അവസാനവരമ്പുകളില്‍ നില്‍ക്കുമ്പോഴും അയല്‍ക്കാരനെ വെല്ലുവിളിക്കുന്നത് നാം അവസാനിപ്പിക്കുന്നില്ല. അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു; പാഠങ്ങള്‍ പ്രകൃതിദുരന്തങ്ങളായി പിറകേ പാഞ്ഞുവരുമ്പോഴും ധാര്‍ഷ്ട്യത്തിന്റെ മേല്‍ക്കച്ച പൊതിഞ്ഞ് നാം മുറുമുറുത്തുകൊണ്ടിരിക്കുന്നു…
മലയാളക്കരയില്‍ 2017 അവസാനിച്ചതും 2018 തുടങ്ങിയതും അസാധാരാണമായൊരു പ്രകൃതിദുരന്തത്തിന്റെ കടുത്ത വിഷാദത്തിലായിരുന്നു. ഓഖിയുടെ ദുരിതം തീരദേശത്തെ വിട്ടൊഴിയുന്നതിനു മുമ്പായി കേരളം മുഴുവന്‍ ജലപ്രളയത്തിലായി. നഷ്ടങ്ങളില്‍ നിന്നു മുക്തിതേടുന്നതിനുള്ള മാര്‍ഗങ്ങള്‍ പാവപ്പെട്ടവന്‍ തലപുകഞ്ഞ് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുപ്രീംകോടതി ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുമതി നല്കിയത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഉന്നത കോടതി വിധി ചാകരയായപ്പോള്‍ ജനം വീണ്ടും പെരുവഴിയിലായി. സിപിഎമ്മിലും സര്‍ക്കാരിലും ചോദ്യംചെയ്യപ്പെടാത്ത ശക്തിയായി വളര്‍ന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈന്ദവ ഏകീകരണം തടയാന്‍ രാഷ്ട്രീയമായി തന്നെ തയ്യാറെടുത്തതിന്റെ ഫലമായിരുന്നു സുപ്രീം കോടതി വിധി മുന്‍
നിര്‍ത്തിയുള്ള ശബരിമലയിലെ പൊലീസ് നടപടികള്‍. മലകയറാനെത്തിയ സ്ത്രീകളെ വിരട്ടിയോടിച്ച് ഹൈന്ദവവിശ്വാസികളുടെ മുഴുവന്‍ രക്ഷാകര്‍തൃത്വമേറ്റെടുത്തതോടെ ബിജെപിയുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. പക്ഷേ രണ്ടു മാസത്തിനിടെ അരഡസന്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് പൊതുജനത്തിന്റെ വെറുപ്പ് സമ്പാദിച്ച് കയറിയ വേഗതയില്‍ മലയിറങ്ങുകയും ചെയ്തു കാവിപ്പട. വിശ്വാസസംരക്ഷണ
ത്തേക്കാള്‍ വോട്ടാണ് പ്രധാനമെന്ന അവരുടെ അജണ്ട അങ്ങാടിപ്പാട്ടുമായി. പത്തു കേന്ദ്ര ഏജന്‍സികള്‍ക്ക് ഏത് പൗരന്റെയും സമ്മതം കൂടാതെതന്നെ കംപ്യൂട്ടറിലോ മൊബൈലിലോ ശേഖരിച്ച എല്ലാ വിവരങ്ങളും പരിശോധിക്കാനും നിരീക്ഷിക്കാനും അധികാരം നല്‍കുന്നതാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. കംപ്യൂട്ടറിലേക്ക് വരുന്ന വിവരങ്ങളും കംപ്യൂട്ടറില്‍ ശേഖരിച്ചുവച്ച വിവരങ്ങളും ഭരണകൂടത്തിന് കൈയിലാക്കാമെന്നത് പൗരസ്വാതന്ത്ര്യത്തെ ഹനിക്കലാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കംപ്യൂട്ടറുകള്‍ പിടിച്ചെടുക്കാനും പുതിയ ഉത്തരവനുസരിച്ച് അധികൃതര്‍ക്ക് അധികാരമുണ്ടാകും. വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചാല്‍ ഐടി ആക്ടനുസരിച്ച് ഏഴുവര്‍ഷംവരെ തടവും പിഴയും ശിക്ഷയായി അനുഭവിക്കേണ്ടിവരും. സ്വകാര്യത സംബന്ധിച്ചും ആധാര്‍ സംബന്ധിച്ചും ടെലിഫോണ്‍ ചോര്‍ത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ചും സുപ്രീംകോടതി നടത്തിയ വിധിന്യായങ്ങള്‍ക്ക് വിരുദ്ധവുമാണ് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മീ ടൂ
‘മീ ടൂ’ മുന്നേറ്റം 2017 പിന്നിട്ട് 2018ലും വിജയകരമായി മുന്നോട്ടുപോകുന്നു. 2017 ഒക്ടോബര്‍ 15നാണ് അമേരിക്കന്‍ നടി അലീസ മിലാനോ തന്റെ ട്വിറ്റര്‍ പേജില്‍ ‘മീ ടൂ’ ഹാഷ് ടാഗ് ഉള്‍പ്പെടുത്തി ആ പോസ്റ്റ് ഇട്ടത്. ‘ലൈംഗികപീഡനങ്ങള്‍ക്കോ അതിക്രമത്തിനോ ഇരയായിട്ടുള്ള സ്ത്രീകള്‍ ങലഠീീ എന്ന സ്റ്റാറ്റസ് ഇടുക. ഇതിലൂടെ ഒരുപക്ഷേ ഈ പ്രശ്‌നത്തിന്റെ വ്യാപ്തി എത്രയുണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ സാധിക്കും.’ ഉച്ചയോടെ മിലാനോ ഇട്ട പോസ്റ്റ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീനെതിരായ ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ‘മീ ടൂ’ കാമ്പയിന്റെ കടന്നുവരവ്. 2017 ഒക്ടോബര്‍ 5ന് നടി ആഷ്‌ലി ജൂഡ് വെയിന്‍സ്റ്റിനെതിരേ ന്യൂയോര്‍ക് ടൈംസിലൂടെ നടത്തിയ വെളിപ്പെടുത്തലാണ് അതിന് പ്രേരകമായത്. തൊട്ടുപിന്നാലെ ഒക്ടോബര്‍ 12ന് ആമസോണ്‍സ് സ്റ്റുഡിയോ തലവന്‍ റോയ് െ്രെപസിന് നേരെയും ലൈംഗികാരോപണം ഉയര്‍ന്നു. പ്രൊഡ്യൂസറായ ഇസാ ഹാക്കറ്റാണ് െ്രെപസിനെതിരേ ആരോപണം ഉന്നയിച്ചത്. ഈ വിവാദങ്ങളില്‍ ഹോളിവുഡ് ചൂടുപിടിച്ചുതുടങ്ങിയതോടെയാണ് ഒക്ടോബര്‍ 15ന് അലീസ മിലാനോയയുടെ ട്വീറ്റ് വരുന്നത്.
2018ല്‍ മീ ടൂ ബോളിവുഡിലേക്കും തുടര്‍ന്ന് മലയാള സിനിമാ രംഗത്തേക്കും കടന്നു. മലയാളത്തിലെ പ്രമുഖരായ രണ്ടു നടന്മാരും ഒരു നിര്‍മാതാവും മീ ടൂ ആരോപണത്തില്‍ പെട്ടു.
റഫേലിന്റെ പാച്ചില്‍
ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷന്‍ ലിമിറ്റഡില്‍ നിന്ന് പോര്‍വിമാനങ്ങള്‍ (റഫേല്‍) വാങ്ങാനായി നരേന്ദ്ര മോദി സര്‍ക്കാര്‍ ഒപ്പുവെച്ച കരാറില്‍ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍ കൗള്‍, കെ. എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് നടത്തിയ നിരീക്ഷണം ശ്രദ്ധേയമായിരുന്നു. പോര്‍വിമാനങ്ങളുടെ വില താരതമ്യം ചെയ്യുക എന്നത് സുപ്രീം കോടതിയുടെ ജോലിയല്ലെന്ന് ന്യായാധിപര്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞു. യുപിഎ സര്‍ക്കാറിന്റെ കാലത്ത് 126 വിമാനങ്ങള്‍ വാങ്ങുന്നതിനുണ്ടാക്കിയ ധാരണ പുതുക്കി, 36 വിമാനങ്ങള്‍ ദസോള്‍ട്ടില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടപ്പോള്‍ ആദ്യമുണ്ടായിരുന്ന ധാരണയനുസരിച്ചുള്ള വിലയേക്കാള്‍ മൂന്നു മടങ്ങോളം കൂടിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
2012ല്‍ ധാരണയുണ്ടാക്കുമ്പോള്‍ പറഞ്ഞ വില 2016 സെപ്തംബറില്‍ കരാറൊപ്പിടുമ്പോഴേക്കും കൂടുമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, മൂന്ന് മടങ്ങോളം വില വര്‍ധിക്കുന്നതിന്റെ യുക്തിയാണ് ചോദ്യം ചെയ്യപ്പെട്ടത്. വിലയെക്കുറിച്ചുള്ള വിവരങ്ങള്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പരിശോധിച്ചുവെന്നും അവരുടെ റിപ്പോര്‍ട്ട് പാര്‍ലിമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് (പിഎസി) മുന്നിലുണ്ടെന്നും ലഘുവിവരണം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചതാണെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ അതു ശരിയല്ലെന്നാണ് പിന്നീട് വ്യക്തമായത്. സിഎ ജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും അത് പിഎസി പരിശോധിച്ചുവെന്നുമല്ല, റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അത് പിഎസി പരിശോധിക്കുമെന്നുമാണ് തങ്ങള്‍ അറിയിച്ചതെന്നും അത് കോടതി തെറ്റിദ്ധരിച്ചതാണെന്നും കാണിച്ച് കേന്ദ്രസര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജിയുമായി കോടതിയെ സമീപിക്കുമ്പോള്‍, പരമോന്നത കോടതിയുടെ വിശ്വാസ്യത ഇല്ലാതാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണോ എന്ന് സംശയമുയര്‍ന്നിട്ടുണ്ട്. സംഘ്പരിവാരത്തിന് ഇതിനകം പൂര്‍ണമായി വരുതിയിലാക്കാന്‍ സാധിക്കാത്ത നീതിന്യായ സംവിധാനത്തെ അതിന്റെ വിശ്വാസ്യത അട്ടിമറിച്ച് പരിഹാസ്യമാക്കുകയാണോ ഉദ്ദേശ്യമെന്നും ശങ്കിക്കണം. തങ്ങള്‍ സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ട് വായിച്ച് മനസ്സിലാക്കി തീരുമാനമെടുക്കാന്‍ സാധിക്കാത്ത സംവിധാനമാണിതെന്ന് രാജ്യത്തോട് പറയുമ്പോള്‍ മറ്റെന്താണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്? സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതെന്നും അത് മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നും വ്യക്തമാക്കിക്കൊണ്ട് റാഫേല്‍ ഇടപാടിനെക്കുറിച്ചൊരു അന്വേഷണത്തിന് ഉത്തരവിടാന്‍ ഇനി സുപ്രീം കോടതിക്ക് സാധിക്കില്ല തന്നെ.
റഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് ലഭിച്ച അനര്‍ഹമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്ന നേട്ടമാണ് ആരോപണത്തിന്റെ രണ്ടാം ഖണ്ഡം. 2012ലെ ധാരണയനുസരിച്ച് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡാണ് ദസോള്‍ട്ട് ഏവിയേഷന്റെ ഇന്ത്യന്‍ പങ്കാളി. 126 വിമാനങ്ങളില്‍ 18 എണ്ണം ദസോള്‍ട്ടില്‍ നിന്ന് ഇന്ത്യ നേരിട്ട് വാങ്ങുമ്പോള്‍ ബാക്കി 108 എണ്ണം എച്ച്എഎല്‍ ദസോള്‍ട്ട് സംയുക്ത സംരംഭം ഇന്ത്യയില്‍ നിര്‍മിക്കും. പോര്‍വിമാന നിര്‍മിതിക്കുള്ള സാങ്കേതിക വിദ്യ എച്ച്എഎല്ലിന് കൈമാറിക്കിട്ടും. ഇതൊഴിവാക്കി, നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി കരാറിലൊപ്പിടുന്നതിന് രണ്ടാഴ്ച മുമ്പ് മാത്രം രൂപവത്കരിച്ച അനില്‍ അംബാനിയുടെ കമ്പനിയെ ഉള്‍പ്പെടുത്തിയതില്‍ നടപടിക്രമങ്ങളുടെ ലംഘനമൊന്നുമില്ലെന്ന് രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായെന്ന് പരമോന്നത കോടതി പറയുന്നു.
ശാന്തമാകാതെ കശ്മീര്‍
ഇന്ത്യയുടെ പറുദീസ സ്വാതന്ത്ര്യം ലഭിച്ച് എഴുപതാണ്ടുകള്‍ പിന്നിട്ടിട്ടും അശാന്തമായി തുടരുന്നു. കഴിഞ്ഞ വര്‍ഷം സമീപകാലത്തെ ഏറ്റവും വലിയ തീവ്രവാദി ആക്രമണങ്ങള്‍ക്ക് സംസ്ഥാനം വേദിയായി. ജൂണില്‍ പിഡിപി സര്‍ക്കാരിന് ബിജെപി പിന്തുണ പിന്‍വലിച്ചതോടെ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുകയും പിന്നീട് രാഷ്ട്രപതി ഭരണത്തിന്‍ കീഴിലാക്കുകയും ചെയ്തു.
വീണ്ടും സുനാമി
ഒരു ഡിസംബര്‍ കൂടി സുനാമിയുടെ കറുത്ത നിഴലിലായി. ഇന്തോനേഷ്യന്‍ തീരത്ത് വന്‍നാശം വിതച്ച സുനാമിയില്‍ 400 ഓളം പേര്‍ മരിച്ചു; 1016 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചനകള്‍. സമുദ്രത്തിലെ അനാക് ക്രാക്കത്താവു അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നാണ് സുനാമി രൂപപ്പെട്ടത്. അഗ്‌നിപര്‍വത സ്‌ഫോടനം അവസാനിച്ചിട്ടില്ലാത്തതിനാല്‍ ഇനിയും സുനാമി സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കമെന്നും ദുരന്തനിവാരണ ഏജന്‍സി അറിയിച്ചിട്ടുണ്ട്.
കൃത്യമായ മുന്നറിയിപ്പ് നല്‍കാന്‍ കഴിയാതിരുന്നതാണ് മരണസംഖ്യ ഉയരാന്‍ കാരണമായതെന്ന് ആരോപണമുണ്ട്. ഇന്തോനേഷ്യയിലെ മുന്നറിയിപ്പ് സംവിധാനം ഭൂചലനങ്ങളെക്കുറിച്ചുള്ള സൂചന മാത്രമേ നല്‍കൂ. അഗ്‌നിപര്‍വത സ്‌ഫോടനങ്ങളെയും സമുദ്രാന്തര്‍ഭാഗത്തെ മാറ്റങ്ങളെയും കുറിച്ച് മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനമില്ല. ലോകത്തിലെ അഗ്‌നിപര്‍വതങ്ങളില്‍ 13 ശതമാനവും ഇന്തോനേഷ്യയിലാണെന്നിരിക്കെ അത്തരം സംവിധാനം ഒരുക്കുന്നത് പ്രധാനമാണ്. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ദ്വീപിലെത്തിയ വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടവരില്‍ അധികവും. നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ത്ത സുനാമിയില്‍ ഏറ്റവും നാശനഷ്ടമുണ്ടായത് ഉജുങ് കുലൊണ്‍ ദേശീയ പാര്‍ക്കും നിരവധി കടല്‍ത്തീരങ്ങളും ഉള്‍പ്പെടുന്ന ജാവയിലെ പാന്‍ഡെഗ്ലാങ് ഭാഗത്താണ്.
വിശുദ്ധരുടെ ഗണത്തിലേക്ക്
പോള്‍ ആറാന്‍ പാപ്പാ, എല്‍ സാല്‍വദോറിലെ രക്തസാക്ഷിയായ ആര്‍ച്ച്ബിഷപ് ഓസ്‌കര്‍ റോമേരോ, പത്തൊന്‍പതുകാരനായ അല്മായ യുവാവ്, രണ്ടു വൈദികര്‍, രണ്ട് സന്യാസിനിമാര്‍ എന്നിവരെ ഒക്ടോബറില്‍ വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പാ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത് ആഗോളസഭയ്ക്ക് പുതിയ ഉണര്‍വേകി.
യുവജനങ്ങളെ സംബന്ധിച്ച ആഗോള സിനഡ് നടക്കുന്നതിനിടെയായിരുന്നു വിശുദ്ധരുടെ പ്രഖ്യാപനചടങ്ങ് നടന്നത്. ഇറ്റലിക്കാരായ വൈദികര്‍ ഫ്രാന്‍ചെസ്‌കോ സ്പിനേലി, വിന്‍ചെന്‍സോ റോമാനോ, ജര്‍മന്‍കാരിയായ സന്യസ്ത മരിയ കാതറീന കാസ്പര്‍, സ്‌പെയിന്‍കാരിയായ പ്രേഷിത സന്യാസിനി നസറിയ ഇഗ്നാസിയ, പത്തൊന്‍പതുകാരനായ ഇറ്റാലിയന്‍ യുവാവ് നുണ്‍ഷ്യോ സുള്‍പ്രീസിയോ എന്നിവരാണ് അള്‍ത്താര വണക്കിന് യോഗ്യരായത്.


Tags assigned to this article:
2018bejo silveryimportance

Related Articles

തീരസംരക്ഷണത്തിന് പ്രത്യേക പാക്കേജ് വേണം – പശ്ചിമകൊച്ചി തീര സംരക്ഷണ സമിതി

ഫോർട്ടുകൊച്ചി മുതൽ തെക്കെ ചെല്ലാനം വരെ കരിങ്കല്ലുകൊണ്ട് ഉയരം കൂടിയ കടൽഭിത്തിയും പുലിമുട്ടുകളും നിമ്മിച്ച് രാജ്യാതിർത്തിയായ തീരം സംരക്ഷിക്കുന്നതിന് കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രളയക്കെടുതി വിലയിരുത്താൻ

കറുത്ത പെണ്‍കുതിരകള്‍ ചരിത്രവും യാഥാര്‍ഥ്യങ്ങളും

ഒരര്‍ത്ഥത്തില്‍ ഈ പോരാട്ടങ്ങളൊന്നും സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയല്ല, മാനവിക മൂല്യങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. സ്ത്രീകളോടുള്ള അനിതീ അവസാനിപ്പിക്കുകയല്ല, ലോകനീതി പുനസ്ഥാപിക്കുകയാണ്-ആയിരിക്കണം ലക്ഷ്യം. നമ്മുടെ രാജ്യത്ത് പെണ്‍ഭ്രൂണഹത്യകള്‍ വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തില്‍

ദിവ്യ ഇമ്പങ്ങളുടെ ഇനിയഗീതികള്‍

ജീസസ് യൂത്ത് റെക്സ് ബാന്‍ഡ്, വോക്‌സ് ക്രിസ്റ്റി എന്നീ വിഖ്യാത സംഗീതക്കൂട്ടായ്മകളുടെ മ്യൂസിക് മിനിസ്ട്രിയിലൂടെ യുവഹൃദയങ്ങളില്‍ ദൈവിക ചൈതന്യം നിറയ്ക്കുന്ന പ്രതിഭാധനനായ ഗോസ്പല്‍ സിംഗര്‍ എവുജിന്‍ ദൈവത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*