മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം

മത്സ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം

ചുഴലിക്കൊടുങ്കാറ്റല്ല, എത്ര പ്രചണ്ഡ വിക്ഷോഭമുണ്ടായാലും അനങ്ങാന്‍ കൂട്ടാക്കാതെ എല്ലാം ശരിപ്പെടുത്തുന്നവര്‍ വാഴുന്ന നമ്മുടെ നാട്ടില്‍, 580 കിലോമീറ്റര്‍ വരുന്ന കടലോര മേഖലയിലെ ജീവിതാവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണ്‌. ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന ട്രോളറുകളും മറ്റു യന്ത്രവത്‌കൃത ബോട്ടുകളും ഒരാഴ്‌ചയായി പണിമുടക്കിലാണ്‌; തീരം വറുതിയിലും. വെറുതെ കെട്ടിയിട്ടിരിക്കുന്ന 3800 ബോട്ടുകളുമായി ബന്ധപ്പെട്ട ഏതാണ്ട്‌ 5000 ഉടമകളുടെയും ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ 46000 തൊഴിലാളികളുടെയും മാത്രം പ്രശ്‌നമല്ല ഇത്‌. ഫിഷിംഗ്‌ ഹാര്‍ബറുകളും ലാന്‍ഡിംഗ്‌ സെന്ററുകളും മത്സ്യവിപണനശൃംഖലകളും പീലിംഗ്‌ ഷെഡുകളും സംസ്‌കരണശാലകളും സമുദ്രോത്‌പന്ന കയറ്റുമതിക്കാരും ഐസ്‌ പ്ലാന്റുകളും കോള്‍ഡ്‌ സ്‌റ്റോറേജുകളും ബോട്ട്‌ മെയ്‌ന്റനന്‍സ്‌ യാര്‍ഡുകളും ഡീസല്‍ ബങ്കറുകളും ചരക്കുവണ്ടിക്കാരും ഉള്‍പ്പെടെ അനുബന്ധ തൊഴില്‍ മേഖലയിലെ ലക്ഷക്കണക്കിന്‌ ആളുകളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ചന്തകളില്‍ മീന്‍ വരവു കുറയുന്ന മുറയ്‌ക്ക്‌ വന്‍ വിലക്കയറ്റത്തിന്‌ ഇടയാക്കുന്ന, തീരദേശത്തെ മാത്രമല്ല സംസ്ഥാനത്തിന്റെതന്നെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലയ്‌ക്കുന്ന ഗുരുതരമായ പ്രതിസന്ധിയാണിത്‌.
സംസ്ഥാനത്ത്‌ പ്രതിദിനം 15 കോടി രൂപയുടെ മത്സ്യം ഫിഷിംഗ്‌ ബോട്ടുകള്‍ കരയ്‌ക്കെത്തിക്കുന്നുവെന്നാണ്‌ കണക്ക്‌. വില്‌പന നികുതി ഇനത്തില്‍ മാത്രം ദിവസം രണ്ടര ലക്ഷം രൂപ സര്‍ക്കാരിനു കിട്ടും. മൊത്തം 30000 കോടി രൂപയുടെ മുതല്‍മുടക്കുള്ള ബൃഹത്തായ മേഖല. 2016-17ലെ ഇന്ത്യയുടെ സമുദ്രോത്‌പന്ന കയറ്റുമതിയില്‍ കേരളത്തിന്റെ വിഹിതം 6000 കോടി രൂപയുടേതായിരുന്നു.

നോട്ടു നിരോധനത്തിന്റെയും ചരക്കു സേവന നികുതിയുടെയും ഓഖി ദുരന്തത്തിന്റെയും ആഘാതങ്ങളില്‍ നിന്ന്‌ മെല്ലെ കരേറിവരുമ്പോഴാണ്‌ മത്സ്യബന്ധന മേഖല ഇന്ധന വിലക്കയറ്റത്തിന്റെ കടുത്ത വെല്ലുവിളി നേരിടുന്നത്‌. ഒരു ട്രോളര്‍ കടലില്‍ പോകുന്നതിന്‌ ചെലവ്‌ ശരാശരി മൂന്നര ലക്ഷം രൂപ വരും. ചെലവിന്റെ 70 ശതമാനം ഡീസലിനാണ്‌. ഒരു ദിവസത്തേക്ക്‌ 300-400 ലിറ്റര്‍ ഇന്ധനം വേണം. ഒരു ലിറ്റര്‍ ഡീസലിന്‌ നിരക്ക്‌ ഇപ്പോള്‍ 69 രൂപ. ഇതില്‍ റോഡ്‌ സെസ്‌ എന്ന പേരില്‍ ലിറ്ററിന്‌ ഒരു രൂപ വീതം കേന്ദ്ര ഗവണ്‍മെന്റും ഈടാക്കുന്നു. കടലില്‍ എന്തിന്‌ റോഡ്‌ സെസ്‌ എന്നു ചോദിക്കരുത്‌! കടല്‍ത്തീരമുള്ള ഒന്‍പതു സംസ്ഥാനങ്ങളില്‍ കേരളം ഒഴികെയുള്ളവ ഓരോ ബോട്ടിനും 50000 രൂപ വരെ സബ്‌സിഡി നല്‍കുന്നുണ്ട്‌, കര്‍ണാടകയാവട്ടെ ഒരു ലക്ഷം രൂപയുടെ ഇളവും.
പരമ്പരാഗത മത്സ്യബന്ധന മേഖലയിലെ വള്ളങ്ങള്‍ക്ക്‌ മണ്ണെണ്ണ കരിഞ്ചന്തയില്‍ നിന്ന്‌ കൊള്ളവിലയ്‌ക്കു വാങ്ങേണ്ട അവസ്ഥയാണ്‌. സബ്‌സിഡി നിരക്കില്‍ മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത്‌ 199 ലിറ്റര്‍ മണ്ണെണ്ണ പെര്‍മിറ്റില്‍ കിട്ടുമായിരുന്നു; എന്നാല്‍ ഇപ്പോള്‍ അത്‌ 40 ലിറ്ററായി വെട്ടിക്കുറച്ചിരിക്കുന്നു. ഇരട്ട എന്‍ജിനുള്ള വള്ളത്തിന്‌ ഒരു മണിക്കൂര്‍ ഓടാന്‍ പോലും അതു തികയില്ല. പെര്‍മിറ്റിന്‌ 12.5 രൂപ നിരക്കില്‍ കിട്ടിയിരുന്ന മണ്ണെണ്ണ പൊതുവിപണിയില്‍ 70 രൂപ വരെ നല്‍കിയാലും ആവശ്യത്തിനു കിട്ടാത്ത സ്ഥിതിവിശേഷം. പെര്‍മിറ്റ്‌ മണ്ണെണ്ണയുടെ സബ്‌സിഡി പണം ബാങ്കുവഴിയാക്കിയത്‌ ഗുണത്തെക്കാളേറെ ദോഷമായി. എന്തായാലും അഞ്ചുമാസമായി ഈ സബ്‌സിഡി വിതരണം മുടങ്ങിയിരിക്കയാണ്‌.
കടലില്‍ മത്സ്യസമ്പത്തിന്റെ ലഭ്യത കുറയുന്നു എന്ന ആശങ്ക നിലനില്‍ക്കെ പെലാജിക്‌ ട്രോളിംഗിലൂടെയും മറ്റും ചെറുമീനുകളെ വന്‍തോതില്‍ കൊന്നൊടുക്കുന്നു എന്ന വിവാദത്തിന്റെ പേരില്‍ വീണ്ടും സംഘര്‍ഷം ഉടലെടുക്കുകയാണ്‌. കൊച്ചി മേഖയില്‍ മുനമ്പത്ത്‌ സംസ്ഥാന ഫിഷറീസ്‌ വകുപ്പിന്റെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗം രണ്ടു ഫിഷിംഗ്‌ ബോട്ടുകളില്‍ ചെറുമീന്‍ കണ്ടെത്തി നടപടിയെടുത്തതിനെ ചൊല്ലിയാണ്‌ ഇക്കുറി പ്രതിസന്ധി മൂര്‍ഛിച്ചത്‌. പണ്ടൊക്കെ വലയില്‍ കുടുങ്ങിയിരുന്ന ചെറുമീനുകളെ കടലില്‍ തന്നെ തട്ടിക്കളഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ ആന്ധ്രയിലെയും തമിഴ്‌നാട്ടിലെയും മറ്റും വനാമി ചെമ്മീന്‍ ഫാമുകളിലേക്കു തീറ്റയായി ഉണക്കിപ്പൊടിച്ചു കൊണ്ടുപോകുന്നതിനാല്‍ വന്‍ ഡിമാന്‍ഡ്‌ ഉള്ള ചരക്കാണിത്‌.

മത്സ്യസമ്പത്ത്‌ സംരക്ഷിക്കാനുള്ള സുസ്ഥിര വ്യവസ്ഥയുടെ ഭാഗമായി നിശ്ചിത വളര്‍ച്ചയില്ലാത്ത ചെറുമീനുകളെ അനിയന്ത്രിതമായി പിടിക്കുന്നത്‌ നിരോധിക്കണമെന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്‌ആര്‍ഐ) പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത്‌ ആദ്യമായി കേരളം അതിനായി സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. മത്തി, അയല, ചൂര, നെയ്‌മീന്‍, മോത, കോര, പാമ്പാട, കിളിമീന്‍, പരവ, ആവോലി, നങ്ക്‌, കൂന്തല്‍ കണവ, കലവ, തിരണ്ടി, സ്രാവ്‌, കുരിശു ഞണ്ട്‌, പൂവാലന്‍ ചെമ്മീന്‍, കരിക്കാടി, ചൂടന്‍, കഴന്തന്‍ ചെമ്മീന്‍, കടല്‍കൊഞ്ച്‌ തുടങ്ങി 58 ഇനങ്ങളെ വ്യത്യസ്‌ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
നിയമപരമായ ഏറ്റവും ചുരുങ്ങിയ വലുപ്പം (എംഎല്‍എസ്‌), പ്രായപൂര്‍ത്തിയാകുമ്പോഴുള്ള ചുരുങ്ങിയ വലുപ്പം (എംഎസ്‌എം), പ്രായപൂര്‍ത്തിയാകുമ്പോഴുള്ള പ്രാഥമിക തൂക്കം (ഡബ്ല്യുഎഫ്‌എം), ഒരു ഇനത്തിലെ 50 ശതമാനം മീനുകള്‍ പ്രായപൂര്‍ത്തിയെത്തുമ്പോള്‍ ഉണ്ടാകുന്ന വലുപ്പം (എസ്‌എഫ്‌എം), മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും അളവുകള്‍ (എപിഎം), മൊത്തം നീളം (ടിഎല്‍), വാലിന്റെ പിളര്‍പ്പുവരെയുള്ള നീളം (എഫ്‌എല്‍), ശരാശരി നീളം (എസ്‌എല്‍), ഞണ്ടുകളുടെ പുറംതോടിന്റെ വീതി (സിഡബ്ല്യു), പുറം ആവരണത്തിന്റെ നീളം (ഡിഎംഎല്‍), ഡിസ്‌ക്കിന്റെ വീതി (ഡിഡബ്ല്യു) തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സെന്റിമീറ്ററിലും ഗ്രാമിലും അളന്നു തൂക്കി നോക്കി, മൊത്തം പിടിച്ച മീന്‍, ചെമ്മീന്‍, ഞണ്ട്‌, കൊഞ്ച്‌, കക്ക എന്നിവയില്‍ 50 ശതമാനത്തിലേറെ നിയമാനുസൃതം വളര്‍ച്ചയോ വലുപ്പമോ ഇല്ലാത്തതാണെങ്കില്‍ പിഴ ഈടാക്കണമെന്നാണ്‌ സിഎംഎഫ്‌ആര്‍ഐ നിര്‍ദേശിച്ചിരുന്നത്‌. എന്നാല്‍ ഫിഷറീസ്‌ എന്‍ഫോഴ്‌സ്‌മെന്റുകാര്‍ തങ്ങളുടെ പിരിവ്‌ ക്വോട്ട തികയ്‌ക്കാനായി രണ്ടര ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും ബോട്ടിലെ മൊത്തം ചരക്ക്‌ കണ്ടുകെട്ടുകയും ചെയ്യുന്നുവെന്നാണ്‌ ബോട്ടുടമകളുടെ പരാതി. ഈ പൊല്ലാപ്പില്‍ നിന്ന്‌ രക്ഷ തേടി ബോട്ടുകാരില്‍ മൂന്നിലൊന്നു പങ്കും ഇപ്പോള്‍ തമിഴ്‌നാട്‌ തീരത്താണ്‌ അടുക്കുന്നതത്രെ.
വലക്കണ്ണികളുടെ വലുപ്പം ക്രമീകരിച്ചാലും ട്രോളിംഗില്‍ ചെറുമീനുകളെ വേര്‍തിരിച്ച്‌ മാറ്റാനാവില്ല. സമുദ്രമേഖലകള്‍ താണ്ടി വളര്‍ച്ചയുടെ ഓരോ ഘട്ടത്തില്‍ കൂട്ടത്തോടെ സഞ്ചാരം നടത്തുന്ന വിവിധയിനം മീനുകളെ കേരള തീരത്തു മാത്രം അളന്നുനോക്കി പിടിക്കാന്‍ ശ്രമിക്കുന്നത്‌ മത്സ്യസമൃദ്ധിയെ പുഷ്ടിപ്പെടുത്താന്‍ എങ്ങനെ ഉപകരിക്കും എന്നും ബോട്ടുടമകള്‍ ചോദിക്കുന്നു. മുനമ്പത്ത്‌ ഹാര്‍ബറില്‍ കിടന്നിരുന്ന ബോട്ടുകളിലെ സ്‌റ്റോര്‍ റൂമില്‍ നിന്ന്‌ ചില ഫിഷറീസ്‌ ഉദ്യോഗസ്ഥര്‍ വിലകൂടിയ ആവോലി എടുത്തുകൊണ്ടുപോയതിനെ ചോദ്യം ചെയ്‌തു എന്നതിന്റെ പേരിലാണ്‌ ചെറുമീന്‍ പ്രശ്‌നം ഉന്നയിച്ച്‌ നടപടി ഉണ്ടായതെന്നും അതിനെ തുടര്‍ന്ന്‌ വൈപ്പിനിലെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ സ്‌റ്റേഷന്‍ ആക്രമിച്ചു എന്നതിന്‌ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ കേസെടുക്കുകയും 10 പേരെ ജാമ്യമില്ലാ വ്യവസ്ഥയില്‍ ജയിലിലടയ്‌ക്കുകയും ചെയ്‌തതെന്നും ബോട്ടുടമകള്‍ പറയുന്നു.

സമരപ്രഖ്യാപനത്തിനു തലേന്ന്‌ ബോട്ടുടമകളുടെ സംഘടനാ പ്രതിനിധികള്‍ ഫിഷറീസ്‌ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഫിഷറീസ്‌ വകുപ്പ്‌ സെക്രട്ടറിയും ഡയറക്ടറും പങ്കെടുത്ത ആ യോഗത്തില്‍ ഒരു കാര്യത്തിലും നീക്കുപോക്കുണ്ടായില്ല. സംസ്ഥാന ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന്‌ പ്രശ്‌നപരിഹാരത്തിന്‌ ഒരു നീക്കവും ഉണ്ടാകാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ്‌ സംഘടനയുടെ തീരുമാനം. കടക്കെണിയിലും കടുത്ത പരാധീനതകളിലും പെട്ട്‌ ഉഴലുന്ന തീരമേഖലയിലെ സാധാരണക്കാരെ കൂടുതല്‍ ദുരിതത്തിലേക്കു തള്ളിവിടുന്ന അനിശ്ചിതാവസ്ഥയ്‌ക്കു പരിഹാരമുണ്ടാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ഇനിയെങ്കിലും ഇടപെടേണ്ടിയിരിക്കുന്നു. ചെറുമീന്‍ പ്രശ്‌നത്തിന്റെ പേരില്‍ പരമ്പരാഗത മത്സ്യബന്ധന മേഖലയും യന്ത്രവത്‌കൃത വിഭാഗവും തമ്മിലുള്ള ഭിന്നതകള്‍ രൂക്ഷമായി രംഗം കൂടുതല്‍ കലുഷിതമായി കാണാന്‍ ആരൊക്കെയോ കാത്തിരിപ്പുണ്ട്‌ – രാഷ്ട്രീയ മുതലെടുപ്പിന്റെ ചാകരയ്‌ക്കായി!


Related Articles

ട്രംപിനെ യുഎസ് അതിജീവിക്കുമ്പോള്‍

  അമേരിക്കയെ തോല്പിക്കാനും ലോകജനതയ്ക്കു മുമ്പാകെ നാണംകെടുത്തി മുട്ടുകുത്തിക്കാനും റഷ്യയ്ക്കോ ചൈനയ്ക്കോ ഇറാനോ ഉത്തര കൊറിയയ്ക്കോ തുര്‍ക്കിക്കോ ഇസ്‌ലാമിക ഭീകരവാദികള്‍ക്കോ കഴിയുന്നില്ലെങ്കില്‍ തനിക്കാകുമെന്ന് അമേരിക്കന്‍ ഐക്യനാടുകളുടെ സര്‍വസൈന്യാധിപനും

കാലാവസ്ഥ അടിയന്തരാവസ്ഥയും തലമുറകള്‍ക്കിടയിലെ നീതിയും

കടല്‍ പോലെ ഞങ്ങളുയരും എന്ന് ആര്‍ത്തിരമ്പിയാണ് ഏഴു ഭൂഖണ്ഡങ്ങളില്‍ 163 രാജ്യങ്ങളിലായി 2,500 കേന്ദ്രങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും യുവജനങ്ങളും തൊഴിലാളികളും ഉള്‍പ്പെടെ 60 ലക്ഷം സത്യഗ്രഹികള്‍ ഇക്കഴിഞ്ഞ

ഒമിക്രോണ്‍ ഭയാശങ്കകള്‍ക്കിടയില്‍ പ്രത്യാശയുടെ ചിത്രശലഭ പ്രഭാവം

വൈറല്‍ കൂട്ടക്കുരുതിയുടെ രണ്ടാം ആണ്ടറുതിയിലും യുദ്ധമുഖത്ത് വീണ്ടും പ്രതിരോധ കവചങ്ങള്‍ തിരയുകയാണു നാം. ഒമിക്രോണ്‍ (ബി.1.1.529) എന്നു ലോകാരോഗ്യസംഘടന പേരിട്ട ”ആശങ്കയുണര്‍ത്തുന്ന ജനിതകവ്യതിയാനങ്ങളോടെ” കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*