മത്സ്യമേഖലയ്ക്കായി മണ്ണെണ്ണ വിഹിതം വേണം

മത്സ്യമേഖലയ്ക്കായി മണ്ണെണ്ണ വിഹിതം വേണം

മണ്ണെണ്ണ മണക്കാത്ത നാടും നഗരങ്ങളുമാണ് നരേന്ദ്ര മോദിയുടെ വികസന സങ്കല്പത്തിലുള്ളത്. പ്രധാന്‍മന്ത്രി ഉജ്വല യോജനയില്‍ എല്ലാ വീട്ടിലും പാചകവാതകവും, സൗഭാഗ്യ പദ്ധതിയില്‍ നൂറു ശതമാനം പേര്‍ക്കും വൈദ്യുതി കണക്ഷനും കിട്ടിയാല്‍ പിന്നെ മണ്ണെണ്ണ എന്തിനെന്നാണു ചോദ്യം. സബ്‌സിഡി നിരക്കില്‍ റേഷന്‍ കടകളിലൂടെ മണ്ണെണ്ണ വിതരണം ചെയ്യുന്ന ഏര്‍പ്പാട് 2020ല്‍ നിര്‍ത്തലാക്കുമെന്ന് നേരത്തേ സൂചന നല്‍കിയിരുന്നതാണ്. മണ്ണെണ്ണ സബ്‌സിഡി പരിഷ്‌കാരം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ അജന്‍ഡയിലുണ്ട്. പാചകത്തിനും വെളിച്ചത്തിനും മാത്രമല്ല, കടലില്‍ മീന്‍പിടിക്കാന്‍ പോകുന്ന വള്ളങ്ങളുടെ ഔട്ട്‌ബോര്‍ഡ് മോട്ടോറിനുള്ള ഇന്ധനം കൂടിയാണ് മണ്ണെണ്ണയെന്ന് കേന്ദ്രത്തിലെ പുതിയ ഫിഷറീസ് വകുപ്പിലെ മേലാളന്മാരെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ്.
കേരളത്തിലെ 85 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകളുടെയും വീട്ടില്‍ വൈദ്യുതിയുണ്ട്. പാചകവാതകമോ വൈദ്യുതി കണക്ഷനോ ഇല്ലാത്തതായി 60,128 കുടുംബങ്ങളേ ഇവിടെ അവശേഷിക്കുന്നുള്ളൂ. അതിനാല്‍ കേന്ദ്രം കേരളത്തിന്റെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറയ്ക്കുന്നു. സബ്‌സിഡി നിരക്കില്‍ ഗൃഹാവശ്യത്തിന് നാലു ലിറ്റര്‍ മണ്ണെണ്ണ നല്‍കുന്നതു നിര്‍ത്തലാക്കാനാണ് പുതിയ നീക്കം. കേന്ദ്രത്തില്‍ നിന്നുള്ള കേരളത്തിന്റെ മണ്ണെണ്ണ വിഹിതം ലഭിച്ചിട്ട് മാസങ്ങളായി. ലിറ്ററിന് 25 രൂപ നിരക്കില്‍ പെര്‍മിറ്റുള്ള വള്ളങ്ങള്‍ക്ക് വെള്ള മണ്ണെണ്ണ ക്വോട്ട നല്‍കുകയും നേരിട്ടുള്ള ബാങ്ക് ട്രാന്‍സ്ഫറിലൂടെ സബ്‌സിഡി തുക മത്സ്യത്തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് ഇടുകയും ചെയ്തുവന്ന മത്സ്യഫെഡ് ബങ്കുകളിലെ മണ്ണെണ്ണ വിതരണം നിലച്ചിട്ട് രണ്ടു മാസത്തിലേറെയായി. കേരളതീരത്ത് ട്രോളിംഗ് നിരോധനം നിലനില്‍ക്കേ പരമ്പരാഗത മീന്‍പിടുത്ത വള്ളങ്ങള്‍ക്ക് ഈ പഞ്ഞമാസത്തില്‍ എന്തെങ്കിലും കോളു കിട്ടണമെങ്കില്‍ കരിഞ്ചന്തയില്‍ നിന്ന് ലിറ്ററിന് 75-80 രൂപയ്ക്ക് മണ്ണെണ്ണ വാങ്ങേണ്ട അവസ്ഥയാണ്.
തണ്ടുവലിക്കുന്ന നാടന്‍ വള്ളക്കാരുടെ അധ്വാനഭാരം കുറയ്ക്കാനും കൂടുതല്‍ ദൂരേയ്ക്കു പോയി മീന്‍പിടിക്കാനും സഹായകമാകും എന്നുകണ്ടാണ് 1980-81 കാലത്ത് ജപ്പാനില്‍ നിന്നുള്ള ഔട്ട്‌ബോര്‍ഡ് എന്‍ജിനുകള്‍ ഫിഷറീസ് മന്ത്രിയായിരുന്ന പി.എസ് ശ്രീനിവാസന്‍ ഇവിടെ അവതരിപ്പിച്ചത്. 9.9 എച്ച്പി ശേഷിയുള്ള ഒരു മോട്ടോറിന് മാസം 450 ലിറ്റര്‍ മണ്ണെണ്ണ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്ന പെര്‍മിറ്റും ഉറപ്പാക്കിയിരുന്നു. സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പു വഴി 25,000 നാടന്‍ വള്ളങ്ങള്‍ക്ക് വിതരണം ചെയ്തുവന്ന പെര്‍മിറ്റ് മണ്ണെണ്ണയുടെ തോത് പലപ്പോഴായി വെട്ടിച്ചുരുക്കി ഒടുവില്‍ 2016ല്‍ പിണറായി വിജയന്റെ മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ 129 ലിറ്ററായി ക്വോട്ട കുറഞ്ഞിരുന്നു. പതിനഞ്ചു തുഴക്കാരുള്ള, 12 മീറ്റര്‍ നീളമുള്ള ഒരു ഡിങ്കി വള്ളത്തിന് കടലില്‍ 10 മാര്‍ പോയി മീന്‍പിടിക്കാന്‍ മൂന്നു ദിവസത്തേക്കു മാത്രമേ ആ ഇന്ധനം തികയൂ. എന്നാല്‍ 29 ലിറ്റര്‍ മാത്രമായി വെട്ടിക്കുറച്ച ആ വിഹിതം പോലും ഇപ്പോള്‍ കിട്ടാനില്ല. വലിയ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം കാരിയര്‍ യാനങ്ങളായി പോകാനായാലും കരിഞ്ചന്തയില്‍ നിന്ന് കൊള്ളനിരക്കില്‍ മണ്ണെണ്ണ വാങ്ങാതെ നിവൃത്തിയില്ല.
കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുകയും സബ്‌സിഡി മണ്ണെണ്ണ ലഭ്യമല്ലാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍ മത്സ്യമേഖലയ്ക്കായി ന്യായമായ നിരക്കില്‍ ഇന്ധന വിതരണത്തിന് ബദല്‍മാര്‍ഗം കണ്ടെത്തേണ്ട ചുമതല സര്‍ക്കാരിനുണ്ട്. 15 വര്‍ഷത്തേക്കു പ്രവര്‍ത്തന കാലാവധി നിശ്ചയിച്ച് നികുതി ഈടാക്കി വിതരണം ചെയ്ത ഔട്ട്‌ബോര്‍ഡ് യന്ത്രങ്ങള്‍ക്ക് ആവശ്യമായ മണ്ണെണ്ണ ക്വോട്ടയും ആ ഇടപാടിന്റെ അവിഭാജ്യ ഘടകമായിരുന്നു. കേരളത്തിലെ മത്സ്യമേഖലയ്ക്ക് പ്രതിവര്‍ഷം 1,87,500 കിലോലിറ്റര്‍ മണ്ണെണ്ണ വേണം. ഇതിന്റെ 40 ശതമാനം മാത്രമാണ് അലോട്ട്‌മെന്റ്. റേഷന്‍ വിഹിതമായല്ലാതെ മത്സ്യമേഖലയ്ക്കു മാത്രമായി കേന്ദ്രം മണ്ണെണ്ണ അനുവദിക്കാത്തതാണു പ്രശ്‌നം. പ്രത്യേക ഇറക്കുമതിയിലൂടെ ആയാലും സ്വകാര്യ വിപണിയില്‍ ന്യയവിലയ്ക്ക് മണ്ണെണ്ണ ലഭ്യമാക്കിയാല്‍ പ്രതിസന്ധി ഒഴിവാക്കാനാകും. പ്രളയാനന്തര പുനര്‍നിര്‍മാണം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന പ്രളയസെസില്‍ വകയിരുത്തി മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ വിഹിതത്തിന് സബ്‌സിഡി നല്‍കാവുന്നതാണ്. പ്രളയകാലത്ത് കേരള ജനതയുടെ രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ക്കുള്ള പ്രത്യുപകാരമാകും ഒരുതരത്തില്‍ അത്. കരിഞ്ചന്തക്കാരുടെ കൊള്ളയില്‍ നിന്ന് അവരെ മോചിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്.
വള്ളങ്ങളുടെ മണ്ണെണ്ണ പെര്‍മിറ്റുകള്‍ കരിഞ്ചന്തക്കാര്‍ക്കു ചിലര്‍ മറിച്ചുവില്‍ക്കുന്നു എന്ന ആക്ഷേപമുണ്ട്. 12 മാസവും തുല്യ തോതില്‍ ഇന്ധനം ആവശ്യമില്ലെന്നിരിക്കെ തങ്ങളുടെ വിഹിതം മറിച്ചുവിറ്റ് രൊക്കം പണം കൈപ്പറ്റാം എന്നത് ഒരു പ്രലോഭനം തന്നെയാണ്. എന്നാല്‍ പെര്‍മിറ്റ് മണ്ണെണ്ണ ഒരു ഡെപ്പോസിറ്റ് സ്‌കീം കണക്കേ എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാം എന്ന വ്യവസ്ഥ കൊണ്ടുവന്നാല്‍ തങ്ങളുടെ വിഹിതം പാഴാവുകയില്ല എന്ന് തൊഴിലാളികള്‍ക്ക് ആശ്വസിക്കാനാവും. മത്സ്യഫെഡ് എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസി എന്നീ എണ്ണക്കമ്പനികളുമായി ചേര്‍ന്ന് വിഴിഞ്ഞം, മരിയനാട്, നീണ്ടകര, അമ്പലപ്പുഴ, അര്‍ത്തുങ്കല്‍, തോപ്പുംപടി, അഴീക്കോട്, പൊന്നാനി, ഉണ്യാല്‍, പുതിയാപ്പ, മാപ്പിളബേ, കസബ എന്നിവിടങ്ങളിലെ മണ്ണെണ്ണ ബങ്കുകളിലൂടെ 15,331 പെര്‍മിറ്റുകാരുടെ വള്ളങ്ങള്‍ക്ക് ഇന്ധനം നല്‍കി സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടിലേക്ക് വരവുവയ്ക്കുന്ന പദ്ധതി നടപ്പാക്കിയിരുന്നു. ഇതിന്റെ വ്യാപ്തി വികസിപ്പിച്ചാല്‍ കേരളത്തിലെ കാരിയര്‍ വള്ളങ്ങള്‍ അടക്കമുള്ള പരമ്പരാഗത മീന്‍പിടുത്ത യാനങ്ങള്‍ക്കെല്ലാം ആവശ്യത്തിന് ഇന്ധനം ഉറപ്പാക്കാനാവും.
മണ്ണെണ്ണ സുലഭമായാല്‍ മറ്റു വാഹനങ്ങളില്‍ ഡീസലിനൊപ്പം കലര്‍ത്തി ഉപയോഗിക്കാനിടയുണ്ടെന്നും ഇത്തരം മായംചേര്‍ക്കല്‍ അന്തരീക്ഷ മലിനീകരണ പ്രശ്‌നം രൂക്ഷമാക്കുമെന്നും വാദമുണ്ട്. ഔട്ട്‌ബോര്‍ഡ് എന്‍ജിനുകളെല്ലാം ഒറ്റയടിക്ക് പൂര്‍ണമായും പെട്രോള്‍ അധിഷ്ഠിതമാക്കണമെന്ന് നിര്‍ദേശിക്കുന്നവരുമുണ്ട്. ഇപ്പോള്‍ മോട്ടോര്‍ സ്റ്റാര്‍ട്ടു ചെയ്യാന്‍ മാത്രമാണ് പെട്രോള്‍ ഉപയോഗിക്കുന്നത്. മണ്ണെണ്ണ യന്ത്രത്തിന്റെ
‘തള്ള്’ പെട്രോള്‍ എന്‍ജിനു കിട്ടുകയില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയും. നിലവിലുള്ള മണ്ണെണ്ണ യന്ത്രങ്ങളെല്ലാം പെട്രോളിലേക്കു മാറ്റുന്നതിലെ അധികച്ചെലവിന്റെ കാര്യവും ഓര്‍ക്കേണ്ടതുണ്ട്.
കാലവര്‍ഷക്കെടുതികളും പ്രതികൂല കാലാവസ്ഥയും ട്രോളിംഗ് നിരോധനവുമൊക്കെ മുന്‍നിര്‍ത്തി ജൂണ്‍, ജൂലൈ, ഓഗസ്റ്റ് എന്നീ പഞ്ഞമാസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കു ലഭിക്കേണ്ട സമാശ്വാസ ധനം ഭാഗികമായി പോലും ഇനിയും കിട്ടിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം കൊടുക്കാന്‍ വകയില്ലെങ്കില്‍, തൊഴിലാളികളില്‍ നിന്ന് നേരിട്ടു പിരിച്ച 1,500 രൂപയുടെ വിഹിതമെങ്കിലും ജൂലൈ മാസത്തില്‍ അവര്‍ക്കു തിരിച്ചുനല്‍കാന്‍ നടപടിയുണ്ടാകണം. 60 ദിവസത്തേക്ക് സമ്പൂര്‍ണ മത്സ്യബന്ധന നിരോധനം നടപ്പാക്കുന്ന തമിഴ്‌നാട്ടില്‍ ഗവണ്‍മെന്റ് എന്തെല്ലാം സാമ്പത്തിക സഹായമാണ് മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്നത്! മണ്ണെണ്ണ സബ്‌സിഡി, മത്സ്യബന്ധനയാനങ്ങള്‍ സുരക്ഷിതമായി കടലില്‍ പോകുന്നതിനുള്ള നാവിഗേഷന്‍ സഹായികള്‍, ഹൈസ്പീഡ് ഡീസലിന് വില്പന നികുതി സബ്‌സിഡി, പരമ്പരാഗത വള്ളങ്ങള്‍ യന്ത്രവത്കരിക്കുന്നതിനുള്ള സാമ്പത്തിക സഹായം, ഫിഷിംഗ് ബോട്ടുകള്‍ക്കായി വാങ്ങുന്ന ഡീസലിന്റെ വില്പന നികുതി തിരിച്ചുനല്‍കല്‍, വ്യാവസായിക മണ്ണെണ്ണയ്ക്ക് വില്പന നികുതി ഇളവ് എന്നിങ്ങനെ മത്സ്യബന്ധന മേഖലയ്ക്കായി തമിഴ്‌നാട് 2017-18 വര്‍ഷം 228.5 കോടി രൂപയുടെ സബ്‌സിഡിയാണ് അനുവദിച്ചത്.
തീരദേശ ജനതയുടെ ജീവനും ജീവനോപാധികളും സ്വത്തുവകകളും സംരക്ഷിക്കാനും പ്രകൃതിദുരന്ത ദുരിതാശ്വാസ പുനരധിവാസ നടപടികള്‍ ത്വരിതപ്പെടുത്താനും, സമുദ്രവിഭവ വിപണി ആധുനികവത്കരിക്കുന്നതിനുള്ള കോള്‍ഡ് ചെയിന്‍ ശൃംഖല ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനും, ആഴക്കടല്‍ മത്സ്യബന്ധനബോട്ടുകള്‍ നിര്‍മിച്ചുനല്‍കി മത്സ്യത്തൊഴിലാളികള്‍ക്ക് പങ്കാളിത്തമുള്ള നീലവ്യവസായ വിപ്ലവത്തിന് ആക്കം കൂട്ടാനുമൊക്കെയുള്ള വലിയ പദ്ധതികള്‍ മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കുന്നതോടൊപ്പം കേരളത്തിലെ പരമ്പരാഗത മീന്‍പിടുത്ത വള്ളങ്ങളുടെ അറ്റകുറ്റപ്പണിക്ക് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജനയിലൂടെയോ മറ്റോ പണമെത്തുമോ എന്നും പരിശോധിക്കാവുന്നതാണ്, ഒപ്പം അവയ്ക്കു മണ്ണെണ്ണ കിട്ടാനുള്ള ബദല്‍മാര്‍ഗവും.


Related Articles

ജെസ്‌നയുടെ തിരോധാനം: ദുരൂഹത ചൂണ്ടിക്കാട്ടി ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കോട്ടയം: കാഞ്ഞിരപ്പിള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ വെളിപ്പെടുത്താനാകാത്തതിന്റെ ദുരൂഹത ചൂണ്ടിക്കാട്ടി മുന്‍ കേരള കാത്തലിക്ക് ബിഷപ്പ്

കോടതി വിധിയെ മാനിക്കുന്നു- ക്‌നാനായ സഭ

സിസ്റ്റര്‍ അഭയ കൊലക്കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സഭയുടെ പ്രതികരണം. പ്രതികളായ വൈദീകന്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയെയും ജീവപര്യന്തം ശിക്ഷയും, പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

കണ്ണൂര്‍ രൂപത പ്രതിഷേധ ജ്വാല

കണ്ണൂര്‍: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ശുപാര്‍ശ വിശ്വാസികളെ ഞെട്ടിച്ചുവെന്ന് കെഎല്‍സിഎ കണ്ണൂര്‍ രൂപതാ സമിതി. പ്രതിഷേധ സൂചകമായി തല ശേരി പഴയ ബസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*