Breaking News

മത്സ്യോത്പാദനത്തിന്റെ അവകാശം സ്വകാര്യ സാമ്പത്തിക ശക്തികള്‍ക്ക് കൈമാറരുത്

മത്സ്യോത്പാദനത്തിന്റെ അവകാശം സ്വകാര്യ സാമ്പത്തിക ശക്തികള്‍ക്ക് കൈമാറരുത്

പ്രളയാനന്തരം ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജന്‍സികളും ലോകബാങ്കും നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍ കേരളസര്‍ക്കാര്‍ രൂപപ്പെടുത്തിയിട്ടുള്ള നവകേരള പദ്ധതിയിലെ മത്സ്യമേഖലാ ഘടകത്തിലെ നിര്‍ദ്ദേശങ്ങളില്‍ കേരള മത്സ്യത്തൊഴിലാളി ഫോറം (കെഎംറ്റിഎഫ്) നടത്തിയ നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളും. സംസ്ഥാന മത്സ്യബന്ധന നയത്തിന്റെ ലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നത് ഏറെ പിന്നാക്കം നില്ക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനാവുന്ന വിധം മത്സ്യമേഖലയെ ക്രമീകരിക്കുക എന്നതാണ്. മത്സ്യമേഖലയില്‍ ഉത്പാദനക്ഷമത വര്‍ധിപ്പിച്ചും പാരിസ്ഥിതിക സവിശേഷതകള്‍ ഉള്‍കൊണ്ടും മത്സ്യമേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ജീവിതം മെച്ചപ്പെടുത്തുകയെന്നതു പ്രധാന ലക്ഷ്യമായി നയം വ്യക്തമാക്കുന്നു. സാമൂഹ്യ സുരക്ഷാപദ്ധതികളും അവിഭാജ്യഘടകം തന്നെയാണ്. എന്നാല്‍ പ്രളയാനന്തര നവകേരള നിര്‍മ്മാണ പദ്ധതിയിലെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളിലെ പ്രധാന ശ്രദ്ധ ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യോത്പാദനത്തിന്റെയും ലാഭക്ഷമതയുടെയും അളവ് വര്‍ധിപ്പിക്കുകയെന്നതായി മാറിയെന്നത് ഗൗരവമായി തന്നെ കാണുകയാണ്. മത്സ്യനയവും നവനിര്‍മാണ പദ്ധതിയും തമ്മില്‍ ഉണ്ടായിട്ടുള്ള വിടവുകള്‍ പരിശോധിക്കേണ്ടതാണ്. മുന്‍ഗണനകള്‍ മാറി നിശ്ചയിക്കപ്പെട്ടത് യാദൃഛികമായി കണക്കാക്കാനാവില്ല. സംസ്ഥാനത്തിലെ മത്സ്യോത്പാദനത്തിന്റെ അവകാശം സ്വകാര്യസാമ്പത്തിക ശക്തികള്‍ക്ക് കൈമാറുന്നു എന്നതാണ് ഈ പദ്ധതി രേഖയുടെ പ്രധാന ന്യൂനത.
മത്സ്യതൊഴിലാളികള്‍ക്കോ, അവരുടെ യോജിച്ച ശ്രമങ്ങള്‍ക്കോ, സഹകരണ മുന്നേറ്റങ്ങള്‍ക്കോ യാതൊരു മുന്‍ഗണനയും പരിഗണനയും മുന്നോട്ടുവയ്ക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഉത്പാദന വര്‍ധനവിന്റെയും ലാഭക്ഷമതയുടെയും കാര്യത്തില്‍ പദ്ധതിയിലെ ഘടകങ്ങളോടുള്ള എതിര്‍പ്പുകളല്ല, മറിച്ച് താരതമ്യത്തില്‍ മത്സ്യത്തൊഴിലാളികളോടും അവരോടുള്ള സമീപനത്തിലും വന്നിട്ടുള്ള വ്യതിയാനം ദുരൂഹമാണ് എന്നത് ആശങ്കാജനകമാണ്.
കാലാവസ്ഥ വ്യതിയാനത്തിന്റെ ഗുരുതരമായ വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ തിരദേശത്തിന്റെയും തീരദേശ ജനതയുടെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഉപജീവന സംരക്ഷണത്തിനും വികസനത്തിനായുള്ള സാമൂഹിക സാമ്പത്തിക അവസരങ്ങള്‍ ഉറപ്പു വരുത്തുന്നതിലും ഒരു സമഗ്രപദ്ധതി രൂപപ്പെടുത്തണം. മത്സ്യമേഖലയുടെ അടിസ്ഥാന തലമായ തീരദേശപരിപാലനത്തെ വേണ്ടത്ര ഗൗരവത്തോടയല്ല സമീപിച്ചിട്ടുള്ളത്.
വാസയോഗ്യവും സുരക്ഷിതവുമായ ഭവനങ്ങള്‍
മത്സ്യത്തൊഴിലാളി സമൂഹം അഭിമുഖികരിക്കുന്ന അതീവ ഗൗരവമേറിയ പ്രതിസന്ധി വാസയോഗ്യവും സുരക്ഷിതവുമായ ഭവനങ്ങളുടെ അപര്യാപ്തത തന്നെയാണ്. വേലിയേറ്റരേഖയില്‍ നിന്നും 200 മീറ്റര്‍ ദൂരം വരെയുള്ള പ്രദേശങ്ങളിലെ സുരക്ഷിതമല്ലാത്തതും വാസയോഗ്യമല്ലാത്തതുമായ എല്ലാ ഭവനങ്ങളും ദുരന്തഅപകടസാധ്യതകളെ അതിജീവിക്കുന്ന വിധം പുനര്‍നിര്‍മിക്കണം. കടല്‍ തീരത്ത് അപകടകരമായ മേഖലകളില്‍ താമസിക്കുന്നവരെ സുരക്ഷിതമായ മറ്റു സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിക്കുന്നതിന് ഒരു പ്രത്യേക പുനരധിവാസ പദ്ധതി തീരത്ത് അവരുടെ അധീനതയിലുള്ള ഭൂമിയില്‍ അവരുടെ കൈവശാവകാശം നിലനിര്‍ത്തി തയ്യാറാക്കേണ്ടതാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിഇല്ലാത്ത പ്രശ്‌നം യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണേണ്ട ഒന്നാണ്. ഭൂമി ഇല്ലാത്ത ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും ഭവന നിര്‍മാണത്തിനായി ഭൂമി ലഭ്യമാക്കണം. ഒപ്പം തീരപ്രദേശത്തെ കൈവശഭൂമി ഉടമകള്‍ക്ക് പട്ടയം നല്കുന്നതിനുള്ള ഒരു പ്രത്യേക പരിപാടി ആരംഭിക്കേണ്ടതുമാണ്.
പ്രകൃതിദുരന്തങ്ങള്‍:
സമഗ്രമായ ശാസ്ത്രീയ സമീപനം ഉണ്ടാവണം
കടലിലും കടല്‍തീരത്തുമുള്ള അപകട/ദുരന്തസാധ്യതകളെ സംബന്ധിച്ച വിവരങ്ങള്‍ കടലോരഗ്രാമങ്ങളിലും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും യഥാസമയം എത്തിക്കുന്നതിനുള്ള സംവിധാനം രൂപപ്പെടുത്തേണ്ടതാണ്. നിലവിലുള്ള അഞ്ച് രക്ഷാപ്രവര്‍ത്തന കേന്ദ്രങ്ങള്‍ മറൈന്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ ശക്തിപ്പെടുത്തേണ്ടതാണ്. കൂടുതല്‍ രക്ഷാപ്രവര്‍ത്തന കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതുമാണ്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ സേവനവും പരിചയവും പ്രയോജനപ്പെടുത്തണം. മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്നവരുടെയും തിരികെ കരയിലെത്തുന്നവരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതിനും അവരെ പിന്തുടരുന്നതിനും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംവിധാനങ്ങള്‍ ക്രമപ്പെടുത്തുക. കടലിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കടലില്‍ സുരക്ഷാ ദ്വീപുകള്‍ (ടമള്യേ ഹമിറ)െ സ്ഥാപിക്കണം. അപകടത്തില്‍ പെട്ട് കടലില്‍ അപകടപ്പെടുന്നവര്‍ക്ക് ആശ്വാസമായി ഇവ പ്രവര്‍ത്തിക്കും. ജീവന്‍രക്ഷാ ഉപകരണങ്ങളും ആശയവിനിമയോപാധികളും ബോട്ടുകളിലും യാനങ്ങളിലും ഏര്‍പ്പെടുത്തിയും, തൊഴിലാളികള്‍ക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും കാര്യശേഷിയും ആവശ്യമായ നിപുണതയും വര്‍ധിപ്പിച്ചും സര്‍ക്കാര്‍ കടലിലെ സുരക്ഷാ നടപടികള്‍ സുശക്തമാക്കുകയും നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യണം. മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റലൈറ്റ്‌ഫോണുകളും, ബോട്ടുകളിലും യാനങ്ങളിലും നാവിക് ഉപകരണവും ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം ആശ്വാസകരവും അഭിനന്ദനാര്‍ഹവുമാണ്. ഈ ഉപകരണങ്ങളുടെ വില്പനാന്തരസേവനവും തുടര്‍സേവനങ്ങളും, ഇവ ലഭ്യമാകുന്ന സേവനകേന്ദ്രങ്ങളും ഉറപ്പുവരുത്തേണ്ടതാണ്.
മത്സ്യബന്ധനബോട്ടുകളില്‍ തൊഴിലാളികള്‍ക്ക് അത്യാവശ്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ഒരു നാഴികകല്ലായിരുന്നു അന്താരാഷ്ട്ര തൊഴിലാളി സംഘടന (കഘഛ) അംഗീകരിച്ച 188-ാം കണ്‍വെന്‍ഷന്‍. ഇതിലെ വ്യവസ്ഥകള്‍ മത്സ്യബന്ധനയാനങ്ങളുടെ നിര്‍മിതിയുടെ നിയന്ത്രണ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്തണം. മത്സ്യോല്പാദനവും മത്സ്യബന്ധനപ്രയത്‌നങ്ങളും നിരീക്ഷിച്ച് വിശകലനം ചെയ്തുകൊണ്ട് മത്സ്യബന്ധന നിയന്ത്രണം, രജിസ്‌ട്രേഷന്‍, െൈലസന്‍സ് തുടങ്ങിയവയിലൂടെ ക്രമപ്പെടുത്തുകയും പരമ്പരാഗത നിയന്ത്രണമാര്‍ങ്ങള്‍ പിന്തുടരുന്നതിനൊപ്പം വിവര, ഉപഗ്രഹ സാങ്കേതിക വിദ്യകളായ വെസല്‍ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം തുടങ്ങിയവയുടെ സഹായത്തോടെയും നിരീക്ഷണ നിയന്ത്രണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യണം.
അന്തര്‍ദേശീയതലത്തില് എഫ്എഒ, ഐഎംഒ, ഐഎല്‍ഒ തുടങ്ങിയ ഏജന്‍സികള്‍ നിര്‍ണയിച്ചിട്ടുള്ള നിലവാരത്തിനും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി മത്സ്യബന്ധനയാനങ്ങളുടെ നിര്‍മാണം നിയന്ത്രിക്കപ്പെടണം. ബോട്ടുകളുടെ അംഗീകൃത നിര്‍മാണ മാനദണ്ഡങ്ങളും, നിര്‍മാണ പ്രക്രിയയും, നിമാണ വസ്തുക്കളും, ബോട്ട് നിര്‍മാണയാര്‍ഡുകളുടെ രജിസ്‌ട്രേഷന്‍ എന്നിവ സമുദ്രമത്സ്യബന്ധന നിയന്ത്രണ നിയമത്തില്‍ ഉള്‍പ്പെടുത്തണം. എല്ലാ യഥാര്‍ഥ മത്സ്യത്തൊഴിലാളികള്‍ക്കും ബയോമെട്രിക് ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്യുക. ഇന്ത്യന്‍ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ നിയമാനുസൃതമല്ലാത്തവരെ തടയുന്നതിനും, യഥാര്‍ഥ മത്സ്യത്തൊഴിലാളികളെ തടസപ്പെടുത്തുന്നത് ഒഴിവാക്കുന്നതിനും ഇതുവഴി സാധിക്കും.
മത്സ്യസമ്പത്തിന്റെ സുസ്ഥിരപരിപാലനം അത്യന്താപേക്ഷിതം
മത്സ്യത്തൊഴിലാളികളുടെ സ്ഥായിയായ ഉപജീവനം ഉറപ്പുവരുത്തുന്നതിന് മത്സ്യസമ്പത്തിന്റെ സുസ്ഥിരപരിപാലനം അത്യന്താപേക്ഷിതമാണ്. അനിയന്ത്രിതമായ മത്സ്യബന്ധനം മത്സ്യവിഭവശോഷണത്തിലേക്കു നയിക്കുമെന്നതിനാല്‍ വിഭവസുസ്ഥിരത നിലനിര്‍ത്തുന്നതിന് ശാസ്ത്രസമൂഹത്തോടും മത്സ്യത്തൊഴിലാളികളോടും കൂടിയാലോചിച്ച് മത്സ്യബന്ധന പ്രയത്‌നങ്ങള്‍ക്ക് ഉചിതമായ പരിധികള്‍ നിശ്ചയിക്കുകയും അവ നടപ്പിലാക്കുന്നതിനുമുള്ള ഉചിതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും വേണം. വിഭവസമൃദ്ധിയും വിന്യാസവും, തത്സമയ വിഭവഭൂപടങ്ങള്‍, ഉത്പാദനക്ഷമതയുടെ നിര്‍ണയം, മത്സ്യബന്ധനസാധ്യതകളുടെ യഥാസമയ ഉപദേശങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ക്കു സഹായകരമായ കാലാവസ്ഥ പ്രവചനങ്ങള്‍ തുടങ്ങിയവ വേഗത്തിലും എളുപ്പത്തിലും ലഭ്യമാകുന്നവിധം വിവര സാങ്കേതികവിദ്യയും ഉപഗ്രഹസാങ്കേതികവിദ്യയും മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതിന് പദ്ധതി രൂപപ്പെടുത്തി നടപ്പിലാക്കണം.
ആരോഗ്യകരമായ സാഹചര്യങ്ങളും സൗകര്യങ്ങളും
മത്സ്യത്തൊഴിലാളികളുടെ സമഗ്ര ആരോഗ്യ പരിരക്ഷയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ തീരദേശ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ആരംഭിയ്‌ക്കേണ്ടതാണ്. ഓരോ തീരദേശ ഗ്രാമത്തിലും കുറഞ്ഞത് 10 കിടക്കകളോടെയുള്ള െ്രെപമറി ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കണം. മെഡിക്കല്‍ സ്റ്റാഫ്, മറ്റ് സൗകര്യങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ ലഭ്യതയും ഗുണനിലവാരവും ഈ കേന്ദ്രങ്ങളില്‍ ഉറപ്പു വരുത്തണം. സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കായി ഈ സാമൂഹ്യആരോഗ്യ കേന്ദ്രങ്ങളോട് അനുബന്ധിച്ച് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ആരംഭിക്കണം.
എല്ലാ ഭവനങ്ങളോടും ചേര്‍ന്ന് ശുചിമുറികള്‍ നിര്‍മിക്കാനുള്ള പ്രത്യേകപദ്ധതി നടപ്പിലാക്കണം. സ്ഥലം ലഭ്യമല്ലാത്തവര്‍ക്ക് പൊതുകക്കൂസുകളുടെ സമുച്ചയം നിര്‍മിക്കുകയും ഓരോന്നിന്റെയും ശുചിത്വപാലനം ഓരോ കുടുംബങ്ങളെയും ഏല്പിക്കുകയും ചെയ്യണം. തീരദേശത്തെ മാലിന്യസംസ്‌കരണം ശക്തമാക്കണം. കോണ്‍ക്രീറ്റ് സ്ലാബ് കവറുള്ള ഡ്രൈനേജ് സിസ്റ്റവും ഖരമാലിന്യനിര്‍മാര്‍ജന സൗകര്യങ്ങളും തദ്ദേശ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ഖരമാലിന്യങ്ങള്‍ വേര്‍്തിരിച്ചു സംസ്‌കരിക്കുന്നതിനുള്ള പൊതുസംവിധാനം ഏര്‍പ്പെടുത്തണം.
കേരള വാട്ടര്‍ അതോറിറ്റി അല്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കീഴില്‍ കുടിവെള്ളത്തിനായുള്ള പൈപ്പ് എല്ലാ തീരപ്രദേശ ഗ്രാമങ്ങളിലും സ്ഥാപിക്കണം. ഇവിടങ്ങളില്‍ ജലനിധി പദ്ധതി കൊണ്ടുവരുന്നതിനുള്ള സാധ്യത കണ്ടെത്തണം. പൊതു ജലശേഖരണങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കണം. നിലവിലുള്ള ഡ്രൈനേജ്, സ്വീവേജ് സംവിധാനങ്ങളുമായി തീരദേശ ഗ്രാമങ്ങളെ ബന്ധിപ്പിക്കണം. (തുടരും)


Tags assigned to this article:
fishermenkerala

Related Articles

ടീച്ചേഴ്സ് ഗിൽഡ് സെക്ട്രേയ്റ്റ് ഉപവാസ ധർണ്ണ നടത്തി

ടീച്ചേഴ്സ് ഗിൽഡിന്റെയുംKCBC വിദ്യാഭ്യാസ കമ്മീഷന്റേയും ആഹ്വാന പ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ധർണ്ണ സംഘടിപ്പിച്ചു. പോലീസ് ആക്റ്റ് 144 നിലനിൽക്കുന്ന സാഹചര്യത്തിൽ അധ്യാപക-മാനേജ്മെൻറ് പ്രതിനിധികളാണ് കോവിഡ് പ്രോട്ടോകോൾ

ഫോര്‍ട്ടുകൊച്ചി-ചെല്ലാനം തീരസംരക്ഷണ ജനകീയരേഖ

കേരള റീജ്യന്‍ ലാറ്റിന്‍  കാത്തലിക് കൗണ്‍സിലിന്റെ  കീഴിലുള്ള കോസ്റ്റല്‍ ഏരിയ  ഡെവലപ്മെന്റ് ഏജന്‍സി  ഫോര്‍ ലിബറേഷന്‍ (കടല്‍)  കൊച്ചി, ആലപ്പുഴ രൂപതകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍  പൊതുചര്‍ച്ചയ്ക്കായിഅവതരിപ്പിച്ചത്

വിശുദ്ധ ചാവറയച്ചന്‍ സത്യത്തിന്റെ പുന:പ്രതിഷ്ഠ

  ആരുടെയെങ്കിലും ജീവിതത്തിലെയോ ഏതെങ്കിലും കാലഘട്ടത്തിലെയോ കാര്യങ്ങളും വിശേഷങ്ങളും വര്‍ണ്ണിക്കുന്നതാണ് ചരിത്രം. ചരിത്രം എന്ന പദത്തിനു സാമാന്യമായി നല്‍കുന്ന അര്‍ത്ഥം ഇതാണ്. ഇതിലെ വര്‍ണ്ണിക്കുക എന്ന പദത്തിന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*