മദ്യത്തിലെത്ര മുക്കി വേണം വിരക്തിയും വിമുക്തിയും?

മദ്യത്തിലെത്ര മുക്കി വേണം വിരക്തിയും വിമുക്തിയും?
കേരള സമൂഹത്തില്‍, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ഇടയില്‍, മദ്യാസക്തിയും നിരോധിത ലഹരിമരുന്നുകളുടെ ഉപഭോഗവും വര്‍ദ്ധിച്ചുവരുന്നതായി സ്ഥിരീകരിച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍ 2018-19 വര്‍ഷത്തെ അബ്കാരി നയം പ്രഖ്യാപിക്കുന്നത്. സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും കൂട്ടായ യത്‌നത്തിലൂടെ മദ്യവര്‍ജ്ജനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും ആ ഉത്തരവില്‍ പറയുന്നു. സംസ്ഥാന ലഹരിവര്‍ജ്ജന മിഷന്‍ (വിമുക്തി) രൂപീകരിച്ച് നടപ്പാക്കിവരുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലൂടെ കാര്യങ്ങളെല്ലാം ശരിയാകുമെന്നും, സര്‍ക്കാരിന്റെ മദ്യനയം ‘സമൂഹം സ്വീകരിച്ചിട്ടുള്ളതിനാല്‍ പ്രസ്തുത മദ്യനയം തുടരേണ്ടത് സംസ്ഥാനത്തിന്റെ പൊതുതാല്പര്യത്തിന് ഗുണകരമാണ്’ എന്നുമുള്ള വിലയിരുത്തലും ആമുഖത്തിലുണ്ട്.
കേരളത്തില്‍ പതിനായിരത്തിലേറെ ജനസംഖ്യയുള്ള ഏതു പഞ്ചായത്തിലും ത്രീസ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഇടതു മുന്നണി സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയം. സംസ്ഥാനത്ത് എഴുന്നൂറിലേറെ പഞ്ചായത്തുകളില്‍ ജനസംഖ്യയുടെ ഈ മാനദണ്ഡം ഉപയോഗിച്ച് ബാര്‍ തുറക്കാനാകും. ഓരോ പഞ്ചായത്തിലും ദൂരപരിധി നോക്കി എത്ര ബാര്‍ വേണമെങ്കിലുമാകാം എന്നതാണ് അവസ്ഥ. ഇനി, പതിനായിരം ജനങ്ങളില്ലെങ്കില്‍തന്നെ ടൂറിസം മേഖലയിലാണെന്ന പേരില്‍ എവിടെയും ബാറുകള്‍ക്ക് ലൈസന്‍സ് കിട്ടും.
സുപ്രീം കോടതിയുടെ ഉത്തരവ് പാലിക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് എക്‌സൈസ് മന്ത്രിയും ഭരണകക്ഷി നേതാക്കളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പഞ്ചായത്തുകളിലെമ്പാടും ഉടനടി ബാറുകള്‍ അനുവദിച്ചില്ലെങ്കില്‍ അതു കോടതിയലക്ഷ്യമാകും എന്ന മട്ടിലാണ് ന്യായവാദം. ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതളും കണക്കിലെടുക്കുമ്പോള്‍ കേരളത്തെ മൊത്തത്തില്‍ ഒരു നഗരമായി കാണാമെന്നും ഇവിടത്തെ പഞ്ചായത്തുകള്‍ പൊതുവില്‍ നഗരസ്വഭാവമുള്ളവയാണെന്നും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി ബോധിപ്പിച്ച സര്‍ക്കാര്‍, ദേശീയ-സംസ്ഥാന പാതയോരത്ത് 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള പരമോന്നത കോടതിയുടെ ഉത്തരവില്‍ നേരത്തെ നഗര മേഖലകള്‍ക്കും മുനിസിപ്പല്‍ പ്രദേശങ്ങള്‍ക്കും അനുവദിച്ച ഇളവിന്റെ ആനുകൂല്യം കേരളത്തിലെ ഗ്രാമപ്രദേശങ്ങള്‍ക്കും ബാധകമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. തേക്കടി, മൂന്നാര്‍, കുമരകം, കോവളം, ബേക്കല്‍ തുടങ്ങി കേരളത്തിലെ വിഖ്യാത വിനോദസഞ്ചാര കേന്ദ്രങ്ങളും കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളും പഞ്ചായത്തു മേഖലകളിലാണെങ്കിലും അടിസ്ഥാനസൗകര്യ വികസനത്തിന്റെ കാര്യം പരിഗണിക്കുമ്പോള്‍ അവയ്ക്ക് നഗരസ്വഭാവമാണുള്ളതെന്നും കേരളം ബോധിപ്പിച്ചു.
വികസിത ഭൂപ്രദേശത്തിന്റെ സ്വഭാവ വിശേഷങ്ങളും വൈപുല്യവും പരിഗണിച്ച് പഞ്ചായത്തുകളിലെ മദ്യശാലകളുടെ കാര്യത്തില്‍ യുക്തമായ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൂര്‍ണ അധികാരം നല്‍കിക്കൊണ്ടാണ് സുപ്രീം കോടതി 14 മാസം മുന്‍പത്തെ സ്വന്തം ഉത്തരവ് ‘കുടുതല്‍ സ്പഷ്ടത വരുത്തി’ അപ്പാടേ ഭേദഗതി ചെയ്തത്. എങ്കിലും മദ്യശാലകള്‍ തുറന്നേ തീരൂ എന്ന് കോടതി പറഞ്ഞിട്ടില്ല. പഞ്ചായത്തുകളില്‍ മദ്യശാല അനുവദിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ് എന്നത്രെ കോടതി വ്യക്തമാക്കിയത്.
സുപ്രീം കോടതി ഉത്തരവിന്റെ മറവില്‍ മൂന്നു ബാറുകളും 148 ബിയര്‍-വൈന്‍ പാര്‍ലറുകളും 511 കള്ളുഷാപ്പുകളും ഒട്ടും വൈകാതെ തുറക്കാനാണ് എക്‌സൈസ് വകുപ്പിന് നിര്‍ദേശം ലഭിച്ചത്. പാതയോര ദൂരപരിധിയുടെ പേരില്‍ നേരത്തെ പൂട്ടിയ മദ്യശാലകള്‍ക്ക് വീണ്ടും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതൊഴിച്ചാല്‍ പുതുതായി ഒരൊറ്റ മദ്യശാലയ്ക്കും ലൈസന്‍സ് നല്‍കുന്നില്ലെന്ന് എക്‌സൈസ് മന്ത്രി വിശദീകരിക്കുന്നുണ്ട്. അതേസമയം, വ്യക്തിഗതമായി മദ്യലൈസന്‍സിനുള്ള സ്ഥാപനങ്ങളുടെ അപേക്ഷകള്‍ സുതാര്യതയോടെ പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ പുതുക്കിയ മദ്യനയത്തില്‍ പറയുന്നത്. ഏപ്രില്‍ രണ്ടിനു പുതിയ മദ്യശാലകള്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ തന്നെ ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പു കഴിയുമ്പോഴേക്കും അതിനുള്ള സുതാര്യ നടപടികള്‍ ഏതാണ്ടൊക്കെ പൂര്‍ത്തിയാകാതിരിക്കില്ല എന്നുവേണം അനുമാനിക്കാന്‍. ത്രീസ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെ പദവിയുള്ള ഹോട്ടലുകളുടെ അറുപതിലേറെ ബാര്‍ ലൈസന്‍സ് അപേക്ഷകള്‍ ഇപ്പോള്‍തന്നെ പരിഗണനയിലുണ്ട് എന്നാണു സൂചന.
വിനോദസഞ്ചാര മേഖലയ്ക്ക് മദ്യമില്ലാതെ ഒരു രക്ഷയുമില്ല എന്നു വാദിക്കുന്നതോടൊപ്പം പരമ്പരാഗത ചെത്തുതൊഴിലാളികളുടെ അതിജീവനത്തിന്റെ കാര്യവും കോടതിയുടെ ദയാവായ്പ്പിനായി സംസ്ഥാനം ഉന്നയിച്ചു. കള്ള് മദ്യമല്ലെന്നും, അത് ലഹരിക്കായല്ല മോന്തുന്നതെന്നും സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍ഥിച്ചു. ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും നാഡീഞരമ്പുകള്‍ക്കും പേശികള്‍ക്കും രക്തത്തിനും ഏറെ ഗുണകരമായ ഉയര്‍ന്ന പോഷകമൂല്യമുള്ള വൈറ്റമിന്‍ ഡ്രിങ്ക് ആണ് കള്ള് എന്ന വാദം കേട്ട് സുപ്രീം കോടതി ബെഞ്ച് ഒടുവില്‍ ചോദിക്കുകയുണ്ടായി, എങ്കില്‍ പിന്നെ ഈ ആരോഗ്യപാനീയത്തെ ഇത്രയും കാലം നിങ്ങള്‍ അബ്കാരി നയത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയതെന്തിനാണ്? ഹൈവേകള്‍ക്കരികെയുണ്ടായിരുന്ന 750 കള്ളുഷാപ്പുകളുടെ കാര്യത്തില്‍ ഇളവു കിട്ടാനുള്ള തന്ത്രമായിരുന്നു സര്‍ക്കാരിന്റെ ആ വൈറ്റമിന്‍ ഡ്രിങ്ക് സിദ്ധാന്തം!
മദ്യനിയന്ത്രണം കൊണ്ടുവരുന്നതിന് അസാമാന്യ ചങ്കൂറ്റത്തോടെ പലതരം സമ്മര്‍ദ്ദങ്ങളെ ചെറുത്ത് വിപ്ലവകരമായ നടപടികള്‍ സ്വീകരിച്ച ഐക്യ ജനാധിപത്യ മുന്നണിക്ക് രാഷ്ട്രീയമായി വന്‍ തിരിച്ചടി നേരിടേണ്ടിവന്നു എന്നതു നേരാണ്. എന്നാല്‍ കേരള സമൂഹം അവരുടെ മദ്യനയം വോട്ടിനിട്ടു തള്ളിയതൊന്നുമല്ല. മദ്യലോബി വിചാരിച്ചാല്‍ ഇവിടെ ഭരണമാറ്റമുണ്ടാകും എന്ന ധാരണയും അത്രകണ്ടു ശരിയല്ല. എന്തായാലും മദ്യനിയന്ത്രണമല്ല, മദ്യവര്‍ജ്ജനമാണ് മുക്തിമാര്‍ഗം എന്ന സന്ദേശവുമായി അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യത്തിന്റെ ആവശ്യകത കുറയാത്ത സാഹചര്യത്തില്‍ മദ്യലഭ്യത കുറയ്ക്കുന്നത് ആപത്താണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
ത്രീ സ്റ്റാറിനും അതിനു മുകളിലും സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്ക് വന്നപാടേ ബാര്‍ ലൈസന്‍സ് നല്‍കാനും റസ്റ്റോറന്റുകളിലെ ബാങ്ക്വറ്റ് ഹാളിലും വിമാനത്താവളങ്ങളിലെ ഡൊമസ്റ്റിക് ലൗഞ്ചുകളിലും വിദേശമദ്യം വിളമ്പാനും അവര്‍ തിടുക്കം കാട്ടി. തങ്ങളുടെ ഈ മദ്യനയം കേരള സമൂഹം സ്വീകരിച്ചിട്ടുള്ളതിനാല്‍ അതു തുടരേണ്ടത് സംസ്ഥാനത്തിന്റെ പൊതുതാല്പര്യത്തിന് ഗുണകരമാണെന്ന് ഈ ഭരണകൂടം അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നത് ആരെ വെല്ലുവിളിക്കാനാണ്? ഇക്കാര്യത്തില്‍ ജനഹിത പരിശോധനയ്ക്ക് എന്തു മാനദണ്ഡമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്?
ധാര്‍മികതയ്‌ക്കോ ഉദാത്ത സാംസ്‌കാരിക മൂല്യങ്ങള്‍ക്കോ വിശ്വാസപ്രമാണങ്ങള്‍ക്കോ സാമാന്യ ജനാധിപത്യ മര്യാദകള്‍ക്കോ എന്തെങ്കിലും വിലകല്പിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ലഹരിവര്‍ജ്ജനത്തിന്റെ പേരിലുള്ള ബ്രഹ്മാണ്ഡ പരസ്യപ്രചാരണ പ്രഹസനം അവസാനിപ്പിക്കുകയാണ്. നാട്ടിലെങ്ങും സുലഭമായി മദ്യം ഒഴുക്കിക്കൊണ്ട് മദ്യവിമുക്തിയുടെ മഹായജ്ഞത്തെക്കുറിച്ച് ജനങ്ങളെ ഉദ്ബുദ്ധരാക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്.
ഇടതു മുന്നണി സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ അതിശക്തമായ ചെറുത്തുനില്പ്പും പ്രതിരോധവും തീര്‍ക്കേണ്ടതുണ്ട്. മദ്യവിപത്തിന്റെ കൊടുംയാതനകള്‍ അനുഭവിക്കുന്ന സ്ത്രീകളും കുട്ടികളും വയോധികരും യുവാക്കളും നയിക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ രാജ്യത്ത് പല ഭാഗങ്ങളിലും മദ്യലോബികളെ ഒന്നടങ്കം തുരത്തിയോടിക്കുന്നതില്‍ വിജയിക്കുന്നുണ്ട്. പഞ്ചായത്ത് രാജ് നിയമവ്യവസ്ഥകള്‍ മാത്രം ആയുധമാക്കിയാണ് പ്രാദേശിക കൂട്ടായ്മകള്‍ മദ്യരാജാക്കന്മാരോട് ഏറ്റുമുട്ടുന്നത്. രാഷ്ട്രീയ ചേരിതിരിവില്ലാതെ, മദ്യം എന്ന സാമൂഹിക വിപത്തിനെതിരെ കേരള സമൂഹം ഒറ്റക്കെട്ടായി ഉണര്‍ന്നു പ്രവര്‍ത്തിക്കണം.

Related Articles

വിദ്യാഭ്യാസ നയം പൊളിച്ചെഴുതാന്‍ എന്തിത്ര തിടുക്കം?

നിപ വൈറസ് ഭീഷണി പൊട്ടിപുറപ്പെടും മുന്‍പേ കേരളത്തില്‍ പുതിയ അധ്യയനവര്‍ഷം കലുഷിതമാകുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഒന്നു മുതല്‍ 12 വരെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ഒറ്റ കുടക്കീഴിലാക്കി ഹൈസ്‌കൂള്‍,

രാഷ്ട്രീയ നീതിക്കായി സാമുദായിക മുന്നേറ്റം

രാഷ്ട്രീയ അധികാര പങ്കാളിത്തത്തിലൂടെയാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ സാമൂഹിക, സാമ്പത്തിക നീതി നടപ്പാകുന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണ, നിയമ പരിരക്ഷയിലൂടെ അവസരസമത്വം

തീരദേശം അന്യാധീനപ്പെടാതെ കാത്തുരക്ഷിക്കണം

രാജ്യത്തെ തീരദേശ പരിപാലന നിയമവ്യവസ്ഥയില്‍ സുപ്രധാന മാറ്റങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട് പരിസ്ഥിതി, വനം, കാലാവസ്ഥവ്യതിയാനം എന്നിവയ്ക്കായുള്ള കേന്ദ്ര മന്ത്രാലയം ഇറക്കിയ പുതിയ കരടു വിജ്ഞാപനം കേരളം അതീവ ഗൗരവത്തോടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*