മദ്യലഭ്യത കൂട്ടി വേണോ വിമുക്തി പ്രഹസനം?

മദ്യലഭ്യത കൂട്ടി വേണോ വിമുക്തി പ്രഹസനം?

നാളത്തെ കേരളം ലഹരിമുക്ത നവകേരളം, മദ്യാസക്തിയുടെ ചങ്ങല പൊട്ടിക്കാം എന്നൊക്കെയുള്ള മധുരമനോജ്ഞ സൂക്തങ്ങള്‍ നാടോട്ടുക്ക് പ്രചരിപ്പിക്കാന്‍ കോടികള്‍ മുടക്കുന്ന സംസ്ഥാന എക്‌സൈസ് വകുപ്പ്, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ ലഭ്യത കൂട്ടാനായി 190 മദ്യവില്പനശാലകള്‍ കൂടി തുറക്കാന്‍ സംസ്ഥാന ബവ്‌റിജസ് കോര്‍പറേഷന് (ബെവ്‌കോ) അനുമതി നല്കാന്‍ ഒരുങ്ങുന്നു. കൊവിഡ് തീവ്രവ്യാപനത്തിന്റെ മൂന്നാം തരംഗത്തില്‍ രാജ്യത്തെ രോഗസ്ഥിരീകരണ നിരക്കില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന സംസ്ഥാനത്ത്, ദുരന്തനിവാരണ നിയമപ്രകാരം കാറ്റഗറി സി എന്ന ഏറ്റം കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ജില്ലകളിലും ബാറുകള്‍ക്ക് ഞായറാഴ്ചത്തെ ലോക്ഡൗണ്‍ വ്യവസ്ഥകള്‍ ബാധകമല്ല. ഞായറാഴ്ച കള്ളുഷാപ്പുകള്‍ രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് ഏഴുവരെ തുറന്നുവയ്ക്കാനായി കള്ള് അവശ്യവസ്തുവായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയിട്ടുമുണ്ട്.

ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന പുതിയ അബ്കാരി നയത്തിന്റെ ഭാഗമായി ടോഡി ബോര്‍ഡും പഴങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ വൈന്‍ ഉല്‍പാദിപ്പിക്കുന്ന വൈനറികളും ഐടി ഹബ്ബുകളില്‍ പബ്ബുകളും വൈന്‍ പാര്‍ലറുകളും ആരംഭിക്കുന്നതോടൊപ്പമാണ്, നിലവിലുള്ള മദ്യവില്പനശാലകളിലെ ”തിരക്ക് കുറയ്ക്കാനായി” ബെവ്‌കോ വില്പനകേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ദേശീയ, സംസ്ഥാന ഹൈവേകളുടെ 500 മീറ്റര്‍ പരിധിയിലുള്ള മദ്യവില്പശാലകള്‍ മാറ്റണമെന്ന 2016 ഡിസംബറിലെ സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സംസ്ഥാനത്ത് പാതയോരങ്ങളില്‍ നിന്നു മാറ്റിയ 56 ബെവ്‌കോ വില്പനകേന്ദ്രങ്ങള്‍ പുനഃസ്ഥാപിക്കും. മുനിസിപ്പല്‍ മേഖലകളിലെ മദ്യക്കച്ചവടം കൂടുതല്‍ സുഗമമാക്കുന്നതിന് 57 ഔട്ട്‌ലെറ്റുകള്‍ പുതുതായി തുറക്കും.

മദ്യം വാങ്ങാന്‍ ഉപയോക്താവിന് 20 കിലോമീറ്ററിലേറെ യാത്രചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി, പല മേഖലകളിലെയും ഗ്യാപ്പുകള്‍ നികത്താന്‍ 18 പുതിയ വില്പനശാലകള്‍ തുറക്കേണ്ടിവരുമെന്ന് ബെവ്‌കോ കണ്ടെത്തിയിട്ടുണ്ട്. തീരദേശത്തും മലയോര മേഖലയിലും വ്യാജമദ്യ വ്യാപനം തടയുന്നതിന് 24 പുതിയ ബെവ്‌കോ വില്പനശാലകള്‍ തുറക്കണമെന്നാണ് നിര്‍ദേശം. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ 32 ഔട്ട്‌ലെറ്റുകള്‍ കൂടി ആരംഭിക്കും. നിലവില്‍ ബെവ്‌കോയ്ക്ക് 306 മദ്യവില്പനകേന്ദ്രങ്ങളും കണ്‍സ്യൂമര്‍ഫെഡിന് 36 ഔട്ട്‌ലെറ്റുമാണുള്ളത്.

അയല്‍സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ആളോഹരി മദ്യവില്പനശാലകളുടെ എണ്ണം വളരെ കുറവാണെന്നാണ് ബെവ്‌കോ കേരള ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്. കര്‍ണാടകത്തില്‍ 7,851 പേര്‍ക്ക് ഒരു വില്പനശാ
ല എന്ന തോതാണെങ്കില്‍, തമിഴ്‌നാട്ടില്‍ 12,705 പേര്‍ക്ക് ഒരു ഔട്ട്‌ലെറ്റുണ്ട്. കേരളത്തില്‍ 1,12,745 പേര്‍ക്ക് ഒരു മദ്യവില്പനശാല എന്ന ഡേറ്റയാണ് ബെവ്‌കോ ഹാജരാക്കിയത്. കംപ്യൂട്ടറൈസ്ഡ് ബില്ലിങിലൂടെ സംസ്ഥാനത്ത് മദ്യം വാങ്ങുന്നവരുടെ കൃത്യമായ കണക്ക് ലഭിക്കുമെങ്കിലും, കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ സംസ്ഥാനത്തെ മൊത്തം ജനസംഖ്യയും മദ്യ ഔട്ട്‌ലെറ്റുകളുടെ എണ്ണവും വച്ചാണ് ബെവ്‌കോ ഈ ആളോഹരി കണക്കുണ്ടാക്കുന്നത്.

കശുമാങ്ങ, പൈനാപ്പിള്‍, വാഴപ്പഴം, ജാതിക്കയുടെ തൊണ്ട് എന്നിവയില്‍ നിന്ന് വൈന്‍ ഉല്‍പാദിപ്പിക്കുന്നതിന് ഫ്രൂട്ട് വൈനറി ലൈസന്‍സ് അനുവദിക്കുമെന്ന് പിണറായി ഗവണ്‍മെന്റ് നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. കര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ധന കൂടി ലക്ഷ്യം വയ്ക്കുന്നതാണ് വീര്യം കുറഞ്ഞ വൈന്‍ ഉല്‍പാദന പദ്ധതി. തെങ്ങ്, കരിമ്പന, ചൂണ്ടപ്പന എന്നിവയില്‍ നിന്ന് മധുരക്കള്ള് (നീര എന്ന സ്വീറ്റ് ടോഡി) ഉല്‍പാദിപ്പിക്കാന്‍ ഏഴുകൊല്ലം മുന്‍പ്എക്‌സൈസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് വലിയ സംരംഭകത്വ പ്രഖ്യാപനങ്ങള്‍ നടത്തിയതിന്റെ ഫലം നമ്മള്‍ കണ്ടതാണ്. എന്തായാലും, തെങ്ങ്, കരിമ്പന, ഈന്തപ്പന തുടങ്ങിയവയില്‍ നിന്ന് ചെത്തിയെടുക്കുന്ന ശുദ്ധമായ കള്ളിന്റെ ലഭ്യത വര്‍ധിപ്പിക്കാനും, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കാനും കള്ളുഷാപ്പുകള്‍ നവീകരിക്കാനും ലക്ഷ്യമിടുന്ന ടോഡി ബോര്‍ഡ് രൂപവത്കരണം സംസ്ഥാനത്തെ 4,500 കള്ളുഷാപ്പുകളുടെയും 18,773 ചെത്തുതൊഴിലാളികളുടെയും 7,399 കള്ളുവില്പനതൊഴിലാളികളുടെയും ഭാവി ശോഭനമാക്കിയേക്കും – കൂട്ടത്തില്‍ ചില രാഷ്ട്രീയക്കാരുടെയും!

മദ്യനികുതിയിലൂടെ 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 10,332.39 കോടി രൂപയാണ് സംസ്ഥാന ഗവണ്‍മെന്റിനു ലഭിച്ചത്. കൊവിഡ് ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ 2020-2021 വര്‍ഷം വിദേശമദ്യ വില്പന 187.22 ലക്ഷം കെയ്‌സായും ബിയര്‍ വില്പന 72.4 ലക്ഷം കെയ്‌സായും കുറഞ്ഞുവെന്ന് എക്‌സൈസ് മന്ത്രി നിയമസഭയില്‍ പരിതപിക്കുകയുണ്ടായി. പ്രളയദുരന്തത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു വകയിരുത്താനും കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാര്യമായ പ്രതിവിധി കാണാനും മദ്യനികുതി കൂട്ടുക എന്ന നയം തന്നെ തുടരുകയാണ് പിണറായി ഗവണ്‍മെന്റ് ചെയ്തത്. ആരാധനാലയങ്ങളിലെ തിരുകര്‍മങ്ങള്‍ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോഴും ബാറുകള്‍ നിര്‍ബാധം പ്രവര്‍ത്തിക്കണമെന്ന സര്‍ക്കാര്‍ നിലപാട് എന്തായാലും ലഹരിവിമുക്തിയുടെ മഹാസന്ദേശമല്ല പൊതുസമൂഹത്തിനു നല്കുന്നത്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ചവിട്ടു നാടകത്തിന്റെ പെരുമയുമായി അലക്‌സ് താളുപാടത്ത് അബു ദാബിയിലേക്ക്

അബുദാബി മലയാളി സമാജത്തിന്റെ അവധിക്കാലകുട്ടികളുടെ ക്യാമ്പ് ഡയറക്ടറായി അലക്സ് താളു പ്പാടത്തിന് ക്ഷണം. ഗൾഫിലെ കുട്ടികളുടെ അവധിക്കാലമായ ജൂലൈ മാസത്തിലാണ് അബുദാബിയിലെ ക്യാമ്പ്. ചവിട്ടുനാടക മുൾപ്പെടെയുള്ള നാടൻ

ദാവീദിന്റെ പുത്രനായ യേശുവേ… ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ

  ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ First Reading: Jeremiah 31:7-9 Responsorial Psalm: Ps 126:1-2,2-3,4-5,6 Second Reading: Hebrews 5:1-6 Gospel Reading: Mark 10:46-52   വിചിന്തനം:- “ദാവീദിന്റെ പുത്രനായ

ചെല്ലാനത്ത് ശക്തമായ കടൽ കയറ്റം, ജനം തെരുവിലേക്ക്. നാളെ കൊച്ചി തീര ഹർത്താൽ

ശക്തമായ മഴ തുടങ്ങിയതോടെ ചെല്ലാനം വീണ്ടും ദുരിതത്തിൽ. ഇരച്ചു കയറുന്ന കടൽ വെള്ളംകൊണ്ട് വീടും റോഡുമെല്ലാം നിറയുന്നു. ജനങ്ങളെല്ലാം തെരുവിലാണ്. കടൽ കയറുമ്പോൾ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*