മധു കൊല ചെയ്യപ്പെട്ടതിന്റെ രാഷ്ട്രീയം

മധു കൊല ചെയ്യപ്പെട്ടതിന്റെ രാഷ്ട്രീയം

മധുവിനെ തച്ചുകൊന്നതാണ്‌. അയാള്‍ക്ക്‌ വിശന്നിരുന്നു. കാടിന്റെയുള്ളില്‍ നിന്ന്‌ വലിച്ചിഴച്ച്‌്‌ കൈമാറുമ്പോള്‍ നമ്മള്‍ കരുതി നീതി നടപ്പാക്കുകയാണെന്ന്‌. അനീതിയുടെയും അക്രമത്തിന്റെയും ദംഷ്‌ട്രങ്ങള്‍ നീട്ടിയ സമൂഹമെന്ന്‌ നമ്മളെ ലോകം വിളിക്കുന്നു. ശരിയല്ലേ? അതെയെന്ന്‌ ലജ്ജിച്ചു തലതാഴ്‌ത്തണം. ഒരുപിടി അരിയും ലേശം മുളകും അയാളുടെ സഞ്ചിയില്‍ നിന്ന്‌ ആക്രോശത്തോടെ നമ്മള്‍ കണ്ടെടുത്തു. അതെ, നമ്മള്‍ തന്നെ! അയാള്‍ക്കറിയില്ലായിരുന്നു അത്‌ കൊല്ലപ്പെടാനുള്ള വലിയ കാരണമാണെന്ന്‌. എല്ലാം ശരിയാക്കുന്ന സര്‍ക്കാരും നീതിക്കുവേണ്ടി മുറവിളി കൂട്ടുന്ന പ്രതിപക്ഷവും ഇവിടെയുള്ള കാര്യം അയാള്‍ക്കറിയില്ലായിരുന്നു. വിശപ്പ്‌ അയാളെ കാര്‍ന്നുതിന്നിരുന്നു. മോഷ്‌ടിക്കപ്പെട്ട കോടികളുടെ കണക്കോ, വജ്രക്കച്ചവടക്കളികളോ അയാള്‍ കേട്ടിരുന്നില്ല. കാടും മരങ്ങളും ഗുഹയും പച്ചപ്പും പകലും രാത്രിയും അയാളെ പൊതിഞ്ഞിരുന്നു. അയാളെ പ്രതിനിധാനം ചെയ്യുന്ന ആളുകള്‍ അയാള്‍ക്കുവേണ്ടി കോടികള്‍ ഒഴുകുന്ന പദ്ധതികള്‍ രൂപപ്പെടുത്തുന്നതിന്റെ ചരിത്രവും അയാള്‍ക്കറിയില്ലായിരുന്നു. പകച്ചുനില്‍ക്കേ, അവര്‍ അയാളെ അടിക്കുകയും തൊഴിക്കുകയും ചെയ്‌തു. അധികം വൈകാതെ മരണം അയാളെ താങ്ങിക്കിടത്തി. പിന്നെ കൊണ്ടുപോയി.
ചങ്കുകലങ്ങാതെ പി. എന്‍ ഗോപീകൃഷ്‌ണനും ചുള്ളിക്കാടും എഴുതിയ കവിതകള്‍ വായിക്കാനാവില്ല. മധുവെന്ന ചെറുപ്പക്കാരന്‍ മരിച്ചുവീണ ദിവസത്തെ കണ്ടെന്ന പോലെ ചുള്ളിക്കാട്‌ എഴുതി:

“മലയാളിയായി ജനിച്ചുപോയി
കൊലയാളിയായ മനസുമായി
നിലയറ്റവാക്കേ, കുടിച്ചുതീര്‍ക്കൂ
അലയാഴിയേന്തുന്നൊരുപ്പുവെള്ളം.”

മധുവിന്റെ നാവായി പി. എന്‍ ഗോപീകൃഷണന്‍ എഴുതുന്നു:
“ഞങ്ങളുടെ സമ്പത്ത്‌ കവര്‍ന്നത്‌ നിങ്ങളാണ്‌; പക്ഷേ, കള്ളന്‍ ഞാനായിരുന്നു, മനസില്‍ കക്കൂസ്‌ കുഴിച്ചത്‌ നിങ്ങളാണ്‌; പക്ഷേ, ഭ്രാന്തന്‍ ഞാനായിരുന്നു. വിചാരണ ചെയ്യപ്പെടേണ്ടത്‌ നിങ്ങളാണ്‌; പക്ഷേ, പ്രതി എപ്പോഴും ഞാനായിരുന്നു. ഒന്നിച്ചുള്ള ഫോട്ടോ എന്റെ ഔദാര്യം ആകേണ്ടതാണ്‌. പക്ഷേ അത്‌ നിങ്ങള്‍ തീരുമാനിച്ച സെല്‍ഫിയായിരുന്നു. ആരും മരിക്കരുതേ എന്നായിരുന്നു ഞാന്‍ പ്രാര്‍ത്ഥിച്ചത്‌; പക്ഷേ, നിങ്ങള്‍ എന്നെ മുറിച്ചിട്ടു. ഇനി ഒച്ചയിടല്ലേ. കൊന്നു കഴിഞ്ഞാല്‍ കണ്ണീരൊഴുക്കുക എന്നത്‌, നിങ്ങളുടെ മാത്രം ആചാരം.”
പ്രാക്‌തന സമൂഹങ്ങളെ കൊന്നും വെന്നും തന്നെയാണ്‌ “സംസ്‌കരിച്ച്‌ സംസ്‌കരിച്ച്‌” നമ്മള്‍ നഗരങ്ങള്‍ തീര്‍ത്തത്‌. നാടുകയറി, നാടുകയറി കാടുമുടിഞ്ഞതിന്റെ ചരിത്രം കൂടിയാണ്‌ നാഗരികതയുടെ പൊള്ളത്തരങ്ങള്‍. കാട്‌ അവരെയും അവര്‍ കാടിനെയും പുണര്‍ന്നാണ്‌ ജീവിച്ചിരുന്നത്‌. അതിര്‍ത്തികള്‍ തീര്‍ക്കാനോ, സ്വകാര്യമെന്ന്‌ പറയാനോ മുതിരാതെ കാടകങ്ങളില്‍ കഴിഞ്ഞ മനുഷ്യരുടെ മീതെ നമ്മുടെ അളവുകളും അതിര്‍ത്തികളുമായെത്തി കീഴടക്കിയതിന്റെ ചരിത്രം പൊടിമൂടിക്കിടക്കുകയാണ്‌. തട്ടിയെടുത്ത ഭൂമിയും നശിപ്പിക്കപ്പെട്ട വനങ്ങളും മാറ്റിമറിക്കപ്പെട്ട വിളകളുമായി നമ്മള്‍ അവരെ കൊള്ളയടിക്കുകയും അവരുടെ ചരിത്രത്തെയും സംസ്‌കൃതിയെയും മാന്തിപ്പൊളിക്കുകയും ചെയ്‌തു. കുടിയേറ്റങ്ങളും വെട്ടിപ്പിടിക്കലുകളും വിളകളുടെ മാറ്റിമറിക്കലുകളുമായി നമ്മള്‍ ചെയ്‌ത പാതകങ്ങളുടെ ചരിത്രം എപ്പോഴെങ്കിലും പൊതുസമൂഹം ഓര്‍മിക്കണമെന്ന പ്രതീക്ഷ ഇനി വേണ്ടായെന്നു തോന്നുന്നു. ഒറ്റക്കെട്ടെന്നപോലെ, പകയോടെ പായുന്ന മൃഗത്തെപ്പോലെ, അശരണരുടെയും ആലംബമില്ലാത്തവരുടെയും ബലമില്ലാത്തവരുടെയും മീതെ സമൂഹത്തിന്റെ കഴുകന്‍ കൊക്കുകള്‍ ആഞ്ഞ്‌ പതിയുകയാണ്‌. തന്നെ തല്ലിച്ചതച്ചവരെ നോക്കുന്ന, ഉടുമുണ്ടിനാല്‍ ബന്ധിതനായി നില്‍ക്കുന്ന, മധുവിന്റെ കണ്ണുകള്‍ കേരളത്തിന്റെ ഹുങ്കുകള്‍ക്കുമീതെ ഒരുപാടുകാലം തുറന്നിരിക്കുക തന്നെ ചെയ്യും. നിസഹായതയും ആശ്ചര്യവും നിഷ്‌ക്കളങ്കതയുമായി നില്‍ക്കുന്ന ഈ ചെറുപ്പക്കാരന്‍ നിശബ്‌ദനായി ഒരുപാടു കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നു. നമ്മള്‍ അത്‌ കേള്‍ക്കില്ല. കാരണം സെല്‍ഫിയെടുക്കുന്ന തിരക്കിലായിരുന്നല്ലോ നമ്മള്‍!

സെല്‍ഫി അതാണ്‌ പുതിയ കാലത്തിന്റെ കലയും കാമ്പും. റോഡില്‍ ചോരവാര്‍ന്ന്‌ കിടക്കുന്നവനൊപ്പം, ആശുപത്രിയിലേക്ക്‌ പായുന്ന ജീവനൊപ്പം, ആക്രമിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കും നിസഹായര്‍ക്കെുമൊപ്പം, ബോധശൂന്യമായ സമൂഹം സെല്‍ഫിയെടുത്ത്‌ സ്വയം അടയാളപ്പെടാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ചോരയുടെയും കണ്ണീരിന്റെയും പശ്ചാത്തലത്തില്‍ ആത്മത്തെ പ്രതിഷ്‌ഠിക്കാന്‍ വെമ്പുന്നവര്‍ ചോരയും കണ്ണീരും കാണുന്നില്ല. ഏറ്റവും കുറഞ്ഞത്‌ അവരവരുടെ ചോരയും കണ്ണീരും ചിതറുന്നതുവരെയെങ്കിലും ഒരാളും അത്‌ കാണുന്നില്ല.

പ്രാക്‌തന ഗോത്രസമൂഹങ്ങള്‍ കേരളത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ വേണ്ടത്ര ഗൗരവത്തോടെ പൊതുസമൂഹം ചര്‍ച്ച ചെയ്‌തിട്ടില്ലായെന്നതാണ്‌ വാസ്‌തം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ശുഭകരമല്ലാത്ത വാര്‍ത്തകളില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും രോഷാകുലരാകുകയും ചെയ്യുന്നുണ്ട്‌ നമ്മള്‍. പുരോഗമനാശയങ്ങള്‍ സ്വായത്തമാക്കിയെന്ന്‌ വീമ്പിളക്കുന്നുണ്ട്‌. ആരോഗ്യസൂചികയില്‍, വിദ്യാഭ്യാസത്തില്‍ എല്ലാം മുന്‍നിരയിലാണെന്ന്‌ മേനിനടിക്കുന്നുണ്ട്‌. എന്നിട്ടും ക്രൗര്യത്തിന്റെ നിമിഷങ്ങളില്‍, പകവീട്ടലിന്റെ രാഷ്‌ട്രീയത്തില്‍ എല്ലാ മൂല്യങ്ങളെയും കാറ്റില്‍പ്പറത്തി കൊന്നും വെന്നും മുന്നേറാന്‍ ശ്രമിക്കുന്നു. മറ്റെല്ലാവരെയും പോലെ ഈ സമൂഹവും നവോത്ഥാന മൂല്യങ്ങള്‍ കീറിപ്പറഞ്ഞ കൊടിക്കുറപോലെ ചവിട്ടിത്തേയ്‌ക്കുന്നു. മാനവികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അധികാരത്തിന്റെ, ആള്‍ക്കൂട്ട മുന്നേറ്റത്തിന്റെ അഹന്ത തന്നെയാണ്‌ ജയിച്ചുകാണുന്നത്‌. കാര്യമായ അധ:പതനത്തിലാണ്‌ ഈ സമൂഹം. അത്‌ ലജ്ജാകരവുമാണ്‌. ഭൂമിയുടെ മേലുള്ള അധികാരം വനവാസികള്‍ക്ക്‌ നല്‍കാന്‍ പൊതുസമൂഹം മടിക്കുന്നതിന്റെ ചരിത്രത്തെ സത്യസന്ധമായി നേരിടാതെ, ചര്‍ച്ച ചെയ്യാതെ, ഉന്നതമായ മൂല്യങ്ങള്‍ സൂക്ഷിക്കുന്ന സമൂഹമാകാതെ, ഗോത്രസമൂഹങ്ങള്‍ക്ക്‌ വേണ്ടി കണ്ണീരൊഴുക്കിയിട്ട്‌ ആര്‍ക്കും ഒന്നും നേടാനില്ല.

മധുവിന്റെ മരണം, പോഷകാഹാരക്കുറവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍, കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്തതിന്റെ കാര്യങ്ങള്‍, വിളവ്‌ മാറിപ്പോയതിലൂടെ വരുന്ന ആഹാര ദൗര്‍ലഭ്യം, വിശപ്പ്‌, ശുദ്ധജലമില്ലായ്‌മ, കാര്യപ്രാപ്‌തിയോടെയുള്ള വിശകലനത്തിലൂടെയും വ്യാഖ്യാനത്തിലൂടെയും നടപ്പാക്കേണ്ട വനനിയമങ്ങള്‍ തോന്നും പോലെ നടപ്പിലാക്കുന്ന രാഷ്‌ട്രീയാന്ധത തുടങ്ങിയവയെല്ലാം ചര്‍ച്ച ചെയ്യേണ്ട സന്ദര്‍ഭമാകുന്നത്‌ അങ്ങനെയാണ്‌. മുത്തങ്ങാ സമരവും ചെങ്ങറസമരവുമെല്ലാം മുന്നോട്ടു വച്ചത്‌ ഭൂമിയെ സംബന്ധിക്കുന്ന രാഷ്‌ട്രീയം തന്നെയാണ്‌. ഗീതാനന്ദന്‍ മാഷും സി. കെ ജാനുവും ഇന്ന്‌ രാഷ്‌ട്രീയമായ ഭിന്നിപ്പിലാണെങ്കിലും സാരാംശത്തില്‍ രണ്ടുപേരും ഉന്നയിക്കുന്നത്‌ ഭൂമിയുടെ മേലുള്ള അധികാരത്തിന്റെ പ്രശ്‌നം തന്നെയാണ്‌. പൊതുസമൂഹവും ഭരണസംവിധാനങ്ങളും രാഷ്‌ട്രീയപാര്‍ട്ടികളും ഒരുപോലെ തഴഞ്ഞുകളഞ്ഞ വനവാസിയുടെ ഭൂമിയുടെയും വനവിഭവത്തിന്മേലുള്ള അധികാരത്തിന്റെയും പ്രശ്‌നം ഉന്നയിക്കാന്‍ മധുവിന്റെ മരണം നിമിത്തമാവുന്നു.

പത്രങ്ങള്‍ അതിവൈകാരികതയോടെ തന്നെ ഈ പാതകത്തെ റിപ്പോര്‍ട്ട്‌ ചെയ്‌തു. പൊതുമന:സാക്ഷിയെ അവയെല്ലാം പൊള്ളിക്കുന്നുണ്ട്‌. അതില്‍ നിന്നും മുന്നോട്ട്‌ പോകേണ്ടതുണ്ട്‌. എന്തുകൊണ്ട്‌ ന്യൂനപക്ഷമായ സമൂഹങ്ങള്‍ പൊതുസമൂഹത്തിന്റെ അധികാര രൂപങ്ങളില്‍പ്പെട്ട്‌ ഞെരിഞ്ഞില്ലാതാകുന്നു എന്ന രാഷ്‌ട്രീയചോദ്യമായി മധുവിന്റെ മരണം മാറുന്നത്‌ അങ്ങനെയാണ്‌. സാമൂഹ്യമായും രാഷ്‌ട്രീയമായും തമസ്‌കരിക്കപ്പെടുന്ന ഒരു ജനതയുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തെ പൊതുസമൂഹത്തിലെ സൂക്ഷ്‌മരാഷ്‌ട്രീയ ബോധമുള്ളവര്‍ ഏറ്റെടുത്ത്‌ മുന്നോട്ടു കൊണ്ടു പോകുമ്പോഴാണ്‌ മാനവികമൂല്യങ്ങള്‍ ജീവിക്കുന്നവരായി ചരിത്രം ഈ സമൂഹത്തെ അടയാളപ്പെടുത്തുകയുള്ളൂ. എന്‍. വി കൃഷ്‌ണവാര്യന്‍ എഴുതിയത്‌, മധുവിന്റെ നിശ്ചലമായ ദേഹത്തിനു മുന്നില്‍ നിന്ന്‌ ഈ സമൂഹം ഓര്‍ത്തെടുക്കട്ടെ:

“എങ്ങു മനുഷ്യനു ചങ്ങല
കൈകളില്‍
അങ്ങെന്‍ കൈയുകള്‍
നൊന്തീടുകയാ-
ണെങ്ങോ മര്‍ദ്ദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു
എങ്ങെഴുന്നേല്‍ക്കാന്‍ പിടയും
മാനുഷ
-നവിടെ ജീവിച്ചീടുന്നു ഞാന്‍
ഇന്നാഫ്രിക്കയിതെന്‍ നാടവളുടെ
ദു:ഖത്താലെ ഞാന്‍ കരയുന്നു.”

പിന്‍കുറിപ്പ്‌:
കേരളത്തിലെ “കേരളത്തിലെ ആഫ്രിക്ക” എന്ന്‌ ഗോത്രസമൂഹങ്ങളെക്കുറിച്ച്‌ പുസ്‌തകമെഴുതിയ കെ. പാനൂര്‍ കഴിഞ്ഞയാഴ്‌ച അന്തരിച്ചു. അതെ. യഥാര്‍ത്ഥ്യം മാറിയിട്ടില്ല; സമൂഹത്തിന്റെ ചിന്താഗതിയും.


Related Articles

സ്‌നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും സന്ദേശം നൽകി ഫ്രാൻസിസ് പാപ്പ

പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തില്‍നിന്ന് അല്‍ മുഷ്‌റഫ് കൊട്ടാരത്തിലേക്കുള്ള യാത്രാമധ്യേ റോഡുകള്‍ വിജനമായിരുന്നു. കാരണം 500 ഏക്കറോളം വരുന്ന കൊട്ടാരവളപ്പിലെ രാജവീഥിയിലൂടെയായിരുന്നു ഫ്രാന്‍സിസ് പാപ്പായുടെ കാറും മറ്റ് അകമ്പടി വാഹനങ്ങളും,

തീരസംരക്ഷണത്തിന് പ്രത്യേക പാക്കേജ് വേണം – പശ്ചിമകൊച്ചി തീര സംരക്ഷണ സമിതി

ഫോർട്ടുകൊച്ചി മുതൽ തെക്കെ ചെല്ലാനം വരെ കരിങ്കല്ലുകൊണ്ട് ഉയരം കൂടിയ കടൽഭിത്തിയും പുലിമുട്ടുകളും നിമ്മിച്ച് രാജ്യാതിർത്തിയായ തീരം സംരക്ഷിക്കുന്നതിന് കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് പ്രളയക്കെടുതി വിലയിരുത്താൻ

സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍; ക്രമീകരണം ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കുശേഷം മറ്റുള്ളവര്‍ക്കും റേഷന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*