മനസ്സുകളില്‍ വളരുന്ന മതഭീകരത

മനസ്സുകളില്‍ വളരുന്ന മതഭീകരത

കഴിഞ്ഞ രണ്ടുമാസമായി മൂന്നു പെണ്‍കുട്ടികള്‍ ഒളിവില്‍ താമസിക്കുന്നു. 2019 ഏപ്രില്‍ അവസാനം ഇതെഴുതുമ്പോഴും അവര്‍ക്ക് ഒളിയിടത്തില്‍ നിന്നും പുറത്തുവന്ന് സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഇവരെ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായ ഭരണകൂടവും പൊലീസും നിസംഗരായി കൈമലര്‍ത്തുന്നു. ലോകത്തെമ്പാടും ദിവസവും നൂറുകണക്കിന് ആളുകള്‍ അകാരണമായി ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ സാധാരണമായിരിക്കുന്നു. ഈ കാലഘട്ടത്തില്‍ മൂന്നുപേര്‍ ആക്രമണത്തെ ഭയന്ന് ഒളിയിടത്തില്‍ കഴിയുന്നത് അത്ര വലിയ വാര്‍ത്താപ്രാധാന്യമുള്ള സംഭവമല്ലായിരിക്കാം. എന്നാല്‍, ഈ ഒളിവാസത്തിന് നിദാനമായ കാരണങ്ങളുടെ പിന്നാമ്പുറത്തേക്ക് ഒന്നു കണ്ണോടിച്ചാല്‍ തെളിഞ്ഞുവരുന്ന ഒരു ചിത്രമുണ്ട.് അതിന്റെ തീവ്രതയും ഭീകരതയും ഇനിയും എത്രത്തോളം ലോകപൊതുസമൂഹത്തിന്റെ മനസ്സില്‍ പതിഞ്ഞിട്ടുണ്ടെന്ന് എന്നതിനെ സംബന്ധിച്ച് ആലോചിക്കുമ്പോഴാണ് സമാധാനകാംക്ഷികളുടെയും മാനുഷികമൂല്യങ്ങള്‍ക്ക് വില കല്പിക്കുന്നവരുടെയും ആശങ്കകളും ആകുലതകളും വര്‍ധിക്കുന്നത്.
പാകിസ്ഥാനിലെ ഫാറൂഖ്-എ- ആസാം ജില്ലയിലെ പതിനാറുകാരിയായ പെര്‍മിഷ, പതിനഞ്ചുവയസുള്ള സുനേഹ, ഇരുപത്തിരണ്ടുകാരിയായ സുനൈനാ എന്നീ പെണ്‍കുട്ടികളാണ് കഴിഞ്ഞ രണ്ടുമാസമായി അജ്ഞാതകേന്ദ്രത്തില്‍ ജീവനെ ഭയന്ന് ഒളിവില്‍ താമസിക്കുന്നത്. 1947-ലെ വിഭജനത്തെത്തുടര്‍ന്ന് പാകിസ്ഥാനില്‍ അകപ്പെട്ടുപോയ ക്രിസ്തീയവിശ്വാസികളുടെ പിന്മുറക്കാരിയായ ഖുര്‍ഷിദ് ബീബിയുടെ കൊച്ചുമക്കളാണ് ആദ്യത്തെ രണ്ടുപേര്‍. മൂന്നാമത്തെ യുവതി ബീബിയുടെ മകന്റെ ഭാര്യയും. തലമുറകളായി ഇവിടെ ജീവിച്ചുപോരുന്ന കുടുംബത്തില്‍പ്പെട്ട ബീബി അവരുടെ ഒരു വീട് ഒരു മുസ്ലീം കുടുംബത്തിന് വാടകയ്ക്കു നല്‍കി. സാധാരണഗതിയില്‍ നടക്കുന്ന ഒരു സംഭവം. വീടു വാടകയ്ക്ക് എടുത്തു താമസിക്കുന്ന ഫയാസ്-സമീന ദമ്പതികളെ സംബന്ധിച്ച് ഒട്ടേറെ ആശാസ്യകരമല്ലാത്ത ആക്ഷേപങ്ങള്‍ കേള്‍ക്കുവാന്‍ ഇടവന്ന ബീബി അവരോട് വീടു ഒഴിഞ്ഞുപോകുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവര്‍ ഒഴിഞ്ഞുപോയില്ലെന്നു മാത്രമല്ല, വീട്ടുടമസ്ഥയെ പലവിധത്തിലും ബുദ്ധിമുട്ടിക്കുവാന്‍ തുടങ്ങി. ഒഴിഞ്ഞുപോകലിന്റെ അവധി പലവട്ടം ലംഘിച്ചതിനെ തുടര്‍ന്ന് ഒരു ദിനം ആദ്യം സൂചിപ്പിച്ച മൂന്നു പെണ്‍കുട്ടികള്‍ സംഘടിച്ചുചെന്ന്, ഫയാസിനോടും സമീനയോടും നിര്‍ബന്ധമായും ഒഴിയണമെന്നു കട്ടായമായി പറഞ്ഞു. പൊടുന്നനെ ഇവര്‍ വീടിന് വെളിയില്‍ വന്ന് തെരുവില്‍ നിന്ന് ഉച്ചത്തില്‍ വിളിച്ചുകൂവി, അലമുറയിട്ട് ആളുകളെ കൂട്ടി. കാരണമന്വേഷിച്ചവരോട്, ക്രിസ്ത്യാനികളായ ഈ പെണ്‍കുട്ടികള്‍ അല്‍അമീനായ തമ്പുരാന്‍ മുഹമ്മദ് നബിയെ ആക്ഷേപിച്ചുവെന്നും അരുതെന്നു വിലക്കിയ തങ്ങളെ ആക്രമിക്കാന്‍ വന്നുവെന്നും അതും പോരാഞ്ഞിട്ട് വീട്ടിനുള്ളില്‍ കയറി പ്രാര്‍ഥനയ്ക്കായി സൂക്ഷിച്ചിരുന്ന പരിശുദ്ധ ഖുറാന്റെ കോപ്പി ബലമായി പിടിച്ചെടുത്ത് തെരുവിലെ ഓടയില്‍ എറിഞ്ഞുവെന്നും പറഞ്ഞു.
ഇവര്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് തൊട്ടയല്‍പക്കത്തെ മുസ്ലീങ്ങള്‍ക്ക് പൂര്‍ണ്ണബോദ്ധ്യമുള്ളതുകൊണ്ട് അവരാരും തന്നെ ഇത് കാര്യമായി കണക്കിലെടുത്തില്ല. എന്നാല്‍ പൊടുന്നനെ മുന്നൊരുക്കമെന്നോണം ഒരുപറ്റം ആളുകള്‍ അവിടെ വന്നുചേര്‍ന്നു. ദൂരസ്ഥലങ്ങളില്‍ നിന്നുവന്ന ഇക്കൂട്ടരില്‍ കുറെ പേര്‍ ഇസ്ലാംമത തീവ്രവാദികള്‍ ആയിരുന്നു.
മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി ഇവര്‍ ഖുര്‍ഷിദ് ബീബിയെയും കുടുംബത്തിനെയും കൈയില്‍ കരുതിവന്ന ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ബീബിയും കുടുംബവും പ്രാണരക്ഷാര്‍ത്ഥം അവിടെ നിന്നും പലായനം ചെയ്തു. ആക്രമണകാരികള്‍ ഇതിന്റെ പേരില്‍ പ്രദേശത്തുള്ള മറ്റു ക്രൈസ്തവരെയും ആക്രമിച്ചു. അവരുടെ വീടുകളും സ്ഥാപനങ്ങളും കൊള്ളയടിച്ചു നശിപ്പിച്ചു. രംഗത്തെത്തിയ പൊലീസ് അക്രമികളെ ഫലപ്രദമായി തടയുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്. പകരം, പാകിസ്ഥാനില്‍ വധശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള ‘മതനിന്ദാനിയമം’ മൂന്നുപെണ്‍കുട്ടികളുടെ പേരില്‍ ചുമത്തി. 2019 ഫെബ്രുവരി 19ന് നടന്ന ഈ നിര്‍ഭാഗ്യകരമായ സംഭവത്തെത്തുടര്‍ന്ന് നിരപരാധികളായ ഈ മൂന്നു പെണ്‍കുട്ടികള്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത മുസ്ലീം സഹോദരങ്ങളുടെ സംരക്ഷണത്തില്‍ ഒളിത്താവളത്തില്‍ കഴിയുന്നു.
ലോകത്തെമ്പാടും ദിനംപ്രതി നടന്നുവരുന്ന ഭീകരപ്രവര്‍ത്തനങ്ങളും അതേതുടര്‍ന്നുള്ള കൊള്ളയും കൊലയും കണ്ടും കേട്ടും കഴിയുന്ന സമൂഹത്തിന് ഇതൊരു നിസാരസംഭവമായി തോന്നിയേക്കാം. എന്നാല്‍ ഏതെങ്കിലും ഒരു പ്രത്യേകമതത്തിന് മൃഗീയ ഭൂരിപക്ഷമുള്ള സ്ഥലത്ത് മതന്യൂനപക്ഷത്തിലുള്ളവര്‍ അഭിമുഖീകരിക്കുകയും അനുഭവിക്കുകയും ചെയ്തുവരുന്ന ഭീകരവും ദയനീയവുമായ അവസ്ഥയെ സംബന്ധിച്ചുള്ള ഒരു നേര്‍ച്ചിത്രം എഴുതി കാണിച്ചുവെന്നു മാത്രം.
കഴിഞ്ഞമാസം ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് പട്ടണത്തില്‍ വെള്ളിയാഴ്ചയിലെ ജുമാ നമസ്‌കാരവേളയില്‍ നടത്തിയ ഭീകരാക്രമണവും തുടര്‍ന്നുണ്ടായ കൂട്ടക്കുരുതിയും നമ്മുടെ മനസാക്ഷിയെ ഞെട്ടിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്തു. ഉപരിപഠനാര്‍ത്ഥം അവിടെ കുടിയേറിയ ഒരു മലയാളി യുവതിയും ഇവിടെ ദാരുണമായി കൊല ചെയ്യപ്പെട്ടു. പൂര്‍ണ്ണമായും ക്രൈസ്തവരാഷ്ട്രമായിരുന്ന ന്യൂസിലാന്‍ഡില്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുക വഴി ഇസ്ലാമിക സാന്നിധ്യം അധികരിച്ചുവരുന്നതില്‍ രോഷാകുലരായ ഒരു ന്യൂനപക്ഷം തീവ്രവാദികളില്‍ ഒരാളാണ് ഈ ക്രൂരവും നിന്ദ്യവുമായ ഹീനകൃത്യം ചെയ്തതെന്ന് വെളിവാക്കപ്പെട്ടു. തുടര്‍ന്നുള്ള ഈ ദിനങ്ങളില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുകയും അക്രമകാരികളെ അമര്‍ച്ച ചെയ്യാന്‍ കര്‍ശന നടപടികള്‍ എടുക്കുന്ന ന്യൂസിലാന്‍ഡ് ഭരണകൂടത്തെ നമുക്ക് കാണുവാന്‍ കഴിഞ്ഞു. ഇസ്ലാമികവിശ്വാസികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവരുടെ മതാനുഷ്ഠാനത്തിന്റെ ഭാഗമായ ഹിജാബ് ശിരസില്‍ ധരിച്ച് കൊല്ലപ്പെട്ടവരുടെ ഓര്‍മ്മക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്, പുഷ്പചക്രം സമര്‍പ്പിച്ച് അവരുടെ ആത്മശാന്തിയ്ക്കായി പ്രാര്‍ഥിക്കുന്ന ക്രിസ്ത്യാനിയായ ന്യൂസിലാന്‍ഡിന്റെ പ്രധാനമന്ത്രി ജസിന്‍ഡാ ആര്‍ഡേനിനെ മാധ്യമങ്ങളിലൂടെ നമുക്ക് ദര്‍ശിക്കുവാന്‍ കഴിഞ്ഞു. ലോകത്തെമ്പാടും ഉള്ള സമാധാനകാംക്ഷികള്‍ക്കും മതേതരജനാധിപത്യ വിശ്വാസികള്‍ക്കും ഒപ്പം വിശ്വാസസമൂഹത്തിനും, വളരെ നല്ലൊരു സന്ദേശം ഇതുവഴി നല്കപ്പെട്ടതായി നമുക്ക് ബോധ്യപ്പെടുന്നു. തന്നെ പാടുപീഡകള്‍ക്ക് ഏല്പിച്ച് ക്രൂശിലേറ്റിയവരോട് ക്ഷമിച്ച് ചെയ്യുന്ന പ്രവൃത്തിയുടെ ഗൗരവം അവര്‍ അറിയുന്നില്ലെന്നും, ആയതിനാല്‍ അവരോടു ക്ഷമിച്ച് അവര്‍ക്കും അവരുടെ സന്തതികള്‍ക്കുമായി പ്രാര്‍ഥിച്ച ലോകൈകനാഥന്‍ തെളിയിച്ച വീഥിയിലൂടെ സഞ്ചരിക്കുവാന്‍ ശ്രമിക്കുന്ന ഒരു ഉത്തമക്രൈസ്തവ വിശ്വാസിയെ ഈ ഭരണാധികാരിയിലൂടെ ലോകം കാണുന്നു. ഈ പ്രവൃത്തി മതതീവ്രവാദികളുടെയും, ഭീകരപ്രവര്‍ത്തകരുടെയും മനസ്സിന്റെ ഉള്ളില്‍ മിന്നാമിനുങ്ങിന്റെ വെട്ടത്തിനു സമാനമായ സദ്ചിന്തയെങ്കിലും കോറിയിടുവാന്‍ ഉപകരിച്ചെങ്കിലെന്നു ആശിക്കുന്നു.
ലോകത്തെമ്പാടും കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങളായി ഇസ്ലാമിക തീവ്രവാദം മുമ്പെങ്ങും ഇല്ലാത്തവിധം അതിഭീകരമായി വളര്‍ന്നുവരുന്ന ഭീതിജനകമായ അവസ്ഥയാണ് നാം കാണുന്നത്. ഉയര്‍ന്ന ജനാധിപത്യബോധവും, മതേതരചിന്തയും നിലപാടുമുള്ള ക്രൈസ്തവരാഷ്ട്രങ്ങളില്‍ അവരുടെ ഉദാരമായ ചില നിയമങ്ങളുടെയും അതിന്റെ നിഴലില്‍ അവിടങ്ങളില്‍ നിലനില്ക്കുന്ന ഔദാര്യങ്ങളുടെയും പേരില്‍ അവയെ ദുരുപയോഗം ചെയ്തു, ക്രൈസ്തവസമൂഹത്തെ ആകമാനം നിഗ്രഹിക്കുവാന്‍ ഒരുപറ്റം തീവ്രവാദികള്‍ പ്രവര്‍ത്തനനിരതരായിരിക്കുന്ന ചിത്രം ഒട്ടേറെ ഭയപ്പാടുകള്‍ സൃഷ്ടിക്കുന്നു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, കാനഡ തുടങ്ങിയ രാഷ്ട്രങ്ങളില്‍ അരങ്ങേറിയ അനിഷ്ടസംഭവങ്ങള്‍ ഈ പ്രസ്താവത്തിന് അടിവരയിടുന്നു. ഇവിടങ്ങളിലെല്ലാം തിരക്കേറിയ പട്ടണത്തെരുവുകളിലും ആളുകള്‍ ഒത്തുകൂടുന്ന ഹോട്ടല്‍ റസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും നടന്ന ചാവേര്‍ ആക്രമണങ്ങള്‍ ഇതിനു തെളിവുകളാണ്. ക്രിസ്മസ്, ഈസ്റ്റര്‍, ന്യൂഇയര്‍ തുടങ്ങിയ നാളുകളില്‍ ക്രിസ്തീയ ദേവാലയങ്ങളില്‍ ശുശ്രൂഷാവേളകളില്‍ പ്രാര്‍ഥനാനിര്‍ഭയരായി ഇരിക്കുന്ന വിശ്വാസികളുടെ ഇടയില്‍ അരയില്‍ കെട്ടിവച്ച് സ്‌ഫോടക വസ്തുക്കളുമായി പാഞ്ഞുകയറുന്ന മതഭ്രാന്തന്മാര്‍ എത്രയോ നിരപരാധികളുടെ ജീവനാണ് അപഹരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ഇതിനകം ആയിരങ്ങളാണ് മരിച്ചുവീണത്. രണ്ടു വര്‍ഷത്തിനുമുമ്പ് ഫ്രാന്‍സിലെ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരിക്കേ അള്‍ത്താരയില്‍ അതിക്രമിച്ചു കയറിയ ആയുധധാരികള്‍ കാര്‍മികനായ ഫാ.ജാക്വിസ് ഹാമിലിനെ വിശ്വാസികളുടെ മുമ്പില്‍ വച്ച് കഴുത്തറുത്ത് കൊലചെയ്ത സംഭവം ഓര്‍മ്മയില്‍ പച്ച പിടിച്ചു നില്ക്കുന്നു. ഒരു ഹാസ്യമാസികയില്‍ അച്ചടിച്ചുവന്ന കാര്‍ട്ടൂണിന്റെ പേരില്‍ മാധ്യമത്തിന്റെ ഓഫീസില്‍ കയറി ഇരുപതോളം പേരെ വെടിവച്ചുകൊന്നതും ഫ്രാന്‍സില്‍ തന്നെയാണ്. ഇതിന്റെ പേരില്‍ ഇതുമായി ബന്ധമില്ലാത്ത മുസ്ലീങ്ങളെ ഒരു പുല്‍ക്കൊടി തുമ്പുകൊണ്ടു പോലും ആക്രമിക്കുവാന്‍ ക്രൈസ്തവ സമൂഹം തുനിഞ്ഞില്ല. ആരും അതിനൊട്ട് ആഹ്വാനം ചെയ്തതുമില്ല. ഇന്ത്യയിലും ലോകത്തെമ്പാടും നടന്നിട്ടുള്ള എല്ലാ മതതീവ്രവാദ ആക്രമണങ്ങളോടും പ്രതികാരമനോഭാവത്തോടുകൂടിയുള്ള തിരിച്ചടി ക്രിസ്തീയധര്‍മ്മവും മാര്‍ഗ്ഗവുമല്ല എന്നു വിശ്വസിക്കുന്നവരാണ് ക്രിസ്തീയ നേതൃത്വം. യൂറോപ്പിലെ ഏതോ ഒരു ഭ്രാന്തന്‍ കാണിച്ച കൊള്ളരുതായ്മയുടെ പേരില്‍, ഏഷ്യയിലെ നിരപരാധികളായ നാനൂറോളം പേരെ വധിച്ചതിന് എന്ത് ന്യായീകരണമാണ് ഇവര്‍ക്ക് പറയുവാനുള്ളത്. ഇതു ക്രൂരവും നിന്ദ്യവും അപലനീയവുമാണ്. സിറാലിയോണ്‍, സാമ്പിയ, നൈജീരിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒരു കാലത്ത് ഭൂരിപക്ഷമായിരുന്ന ക്രൈസ്തവസമൂഹം ഇന്ന് തുടച്ചുനീക്കപ്പെട്ട അവസ്ഥയില്‍ എത്തിനില്ക്കുന്നു. ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്. കഴിഞ്ഞ നാലഞ്ചുവര്‍ഷമായി നൈജീരിയായില്‍ ബൊക്കോഹറാം എന്ന ഇസ്ലാമിക ഭീകരസംഘടന നടത്തിയിട്ടുള്ള കൂട്ടക്കുരുതികളെ സംബന്ധിച്ച് മാധ്യമങ്ങള്‍ പലപ്പോഴും കുറ്റകരമായ മൗനം അവലംബിച്ചു. 2019 മാര്‍ച്ച് ആദ്യം മധ്യനൈജീരിയായില്‍ ഫുലാനി ജീഹാദികളെന്ന ഭീകരസംഘടന ക്രൂരമായ അക്രമത്തിലൂടെ 140 വീടുകള്‍ തകര്‍ക്കുകയും സ്ത്രീകളും കുട്ടികളും അടക്കം 120 ക്രൈസ്തവരെ വധിക്കുകയും ഒട്ടേറെ സ്ഥാപനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യയിലെ മാധ്യമങ്ങളില്‍ ഒന്നും തന്നെ ഒരു ചെറുകോളത്തില്‍ പോലും ഇതിനെ സംബന്ധിച്ചു വാര്‍ത്ത വന്നതായി കണ്ടില്ല. ഇത് ഒരുദാഹരണം മാത്രം. മതതീവ്രവാദികളെ സംബന്ധിച്ച്, പ്രത്യേകിച്ച് ഇസ്ലാമിക തീവ്രവാദികളെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ നല്കുന്നതില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന പക്ഷപാതിത്വം ഒട്ടും തന്നെ ആശാസ്യകരമല്ലെന്ന് പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. ഇതേസമയം ഇതേ മാധ്യമശിങ്കങ്ങള്‍ ക്രൈസ്തവരെ സംബന്ധിച്ച്, അവരെ ആക്ഷേപിക്കുവാന്‍ പാകത്തിലുള്ള എന്തെങ്കിലും സംഭവമുണ്ടായാല്‍ അത് എത്രത്തോളം ചെറുതും ഒപ്പം അപ്രധാനമാണെങ്കിലും പര്‍വ്വതീകരിച്ച് മത്തങ്ങയിലും, വെണ്ടക്കയിലും അച്ചുകള്‍ നിരത്തി, പൊടിപ്പും തൊങ്ങലും ആവോളം കുത്തിനിറച്ച് ആവേശപൂര്‍വ്വം വിഡ്ഢിപ്പെട്ടിയില്‍ നിറഞ്ഞുനിന്ന് വിളിച്ചുകൂവുന്നതിന് കാണിക്കുന്ന ആവേശവും ഇത് ഇന്ത്യയിലെയോ കേരളത്തിലെയോ മാധ്യമങ്ങള്‍ എടുക്കുന്ന നിലപാടുകള്‍ മാത്രമാണെന്നുള്ള തെറ്റിദ്ധാരണ വേണ്ട. അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, ചിക്കാഗോ ട്രീബ്യൂണ്‍, ഡിട്രോയിറ്റ് ഫ്രീപ്രസ്, ലോസ് ആഞ്ചലസ് ടൈംസ് തുടങ്ങിയ മാധ്യമരംഗത്തെ അതികായന്മാരുടെ മനോഭാവവും ഇതില്‍ നിന്നും ഭിന്നമല്ല. പവിത്രമായ മാധ്യമധര്‍മ്മത്തെ പണാധിപത്യവും വ്യാവസായിക താല്പര്യങ്ങളും വരിഞ്ഞുമുറുക്കിയിരിക്കുന്ന ദയനീയ ചിത്രമാണ് നമുക്ക് കാണുവാന്‍ കഴിയുന്നത്.
ജനാധിപത്യത്തിന്റെ നാലാം തൂണുപോലെ പ്രവര്‍ത്തിക്കേണ്ട അച്ചടി-ദൃശ്യ മാധ്യമരംഗത്തിന്റെ അടിത്തറയിളകി ദുര്‍ബലപ്പെട്ടു തുടങ്ങിയിരിക്കുന്ന കാഴ്ച എന്തുകൊണ്ടും ഭീതിജനകമാണ്. ക്രൈസ്തവരാജ്യങ്ങളില്‍ നടമാടുന്ന മനുഷ്യകുരുതികളോട് മാധ്യമരംഗവും സമൂഹമനസ്സാക്ഷിയും എടുക്കുന്ന നിസ്സംഗതയും, മൗനവും ഭാവിയില്‍ മറ്റുള്ള രാഷ്ട്രങ്ങളുടെയും അവിടുത്തെ മതസമൂഹങ്ങളുടെയും നിലനില്പിന് ഭീഷണിയായി ഭവിക്കുമെന്നുള്ള യാഥാര്‍ത്ഥ്യം എത്രത്തോളം അവര്‍ തിരിച്ചറിയുന്നുണ്ട് എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഇസ്ലാമിന്റെ പുണ്യദേശങ്ങളായ മക്കയും മദീനയും ഉള്‍ക്കൊള്ളുന്ന സൗദിഅറേബ്യ ഇന്ന് തീവ്രവാദികളുടെ മുമ്പില്‍ പകച്ചു നില്ക്കുന്ന അവസ്ഥയിലാണ്. പാകിസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. ലോകത്തിന്റെ ആകമാനമുള്ള നിയന്ത്രണമാണ് ഇവരുടെ ആത്യന്തികലക്ഷ്യമെന്നുള്ള യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. ഇസ്ലാംമതത്തിന്റെ സംരക്ഷണവും, പ്രചരണവും, വ്യാപനവുമാണ് ഇവരുടെ ലക്ഷ്യമെന്ന് തെറ്റിദ്ധരിച്ച് ഒട്ടൊക്കെ ഭീഷണിക്കു വഴങ്ങി, ലോകത്തെ എണ്ണയുല്പാദക രാജ്യങ്ങളിലെ ഭരണാധികാരികള്‍ ആദ്യകാലഘട്ടത്തില്‍ ഇവരെ ആളും അര്‍ത്ഥവും നല്‍കി സഹായിച്ചുപോന്നിരുന്നു. പലസ്തീന്‍ വിഷയത്തില്‍ ഇവര്‍ എടുത്ത ചില നിലപാടുകളെ ലോകരാഷ്ട്രങ്ങളില്‍ കുറെപേര്‍ പിന്തുണച്ചിരുന്നു. എന്നാല്‍, അതിന്റെ മറവില്‍ ലോകത്തിന്റെ നിയന്ത്രണം ഏകമതവിശ്വാസത്തിന്റെ കീഴിലെന്നുള്ള അപകടകരമായ മുദ്രാവാക്യത്തിന്റെ സാധുകരണമാണ് ഇവരുടെ ലക്ഷ്യമെന്ന് പതിയെ നമുക്ക് ബോധ്യമാകുന്നു. ഇത് സര്‍വ്വനാശത്തിന്റെ ആരംഭമാണെന്നുള്ള കാര്യത്തില്‍ സംശയമില്ല. ഈയടുത്ത കാലത്ത് ഒരുവിദേശ അന്വേഷണഏജന്‍സി പുറത്തുവിട്ട ചില സ്ഥിതിവിവര കണക്കുകള്‍ ലോകത്തിലെ സമാധാനകാംക്ഷികളായ ഇസ്ലാമിക സമൂഹത്തിന്റെ ഉറക്കം കെടുത്തുന്നതാണ്. ഇസ്ലാമിക തീവ്രവാദികളുടെ തോക്കിനും ബോംബിനും, ചാവേറുകള്‍ക്കും ഇരയായി ജീവന്‍ നഷ്ടപ്പെട്ടവരുടെ കനേഷുമാരി പരിശോധിച്ചാല്‍, ഇസ്ലാമിക വിശ്വാസികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നതായി കാണുവാന്‍ കഴിയുന്നു. സുന്നി, ഷിയാ, അഹമദീയ, യഹീതി, മുജാഹിത് തുടങ്ങി ഒട്ടേറെ അവാന്തരവിഭാഗങ്ങള്‍ ഉള്ള ഇസ്ലാംമതത്തില്‍, ഓരോ കൂട്ടര്‍ക്കും തങ്ങളുടെ ആധിപത്യം മറ്റുള്ളവരുടെ മേല്‍ സ്ഥാപിച്ചു കിട്ടുവാന്‍ നടത്തുന്ന ശ്രമങ്ങളാണ് പല കൂട്ടക്കുരുതികളുടെയും പിന്നാമ്പുറത്തുള്ളത്.
2019 ഏപ്രില്‍ 21-ന് ഞായറാഴ്ച ഉത്ഥിതനായ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ സ്മരണ പുതുക്കുന്ന ശുശ്രൂഷകളില്‍ പങ്കെടുത്തുകൊണ്ട് പ്രാര്‍ഥനാനിരതരായിരുന്ന ശ്രീലങ്കയിലെ കൊളംബോ സെന്റ് ആന്റണീസ് ദേവാലയം, നഗോംബോ സെന്റ് സെബാസ്റ്റ്യന്‍ ദേവാലയം, ബട്ടിക്കലോവയിലെ സിയോന്‍ ചര്‍ച്ച് എന്നിവടങ്ങളിലെ ക്രൈസ്തവവിശ്വാസസമൂഹത്തിലേക്ക് ചാവേര്‍ സ്‌ഫോടനം നടത്തി നാനൂറോളം പേരെ വധിച്ച ദാരുണവും ഭീകരവുമായ സംഭവം ഏവരുടെയും അകക്കണ്ണ് തുറപ്പിക്കേണ്ടതാണ്. പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ആഭ്യന്തര പോരാട്ടത്തിനൊടുവില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമായി സമാധാനന്തരീക്ഷത്തില്‍ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്ന, ശ്രീലങ്കയിലെ സംഭവം അതീവഗൗരവത്തോടെ നാം വീക്ഷിക്കേണ്ടതുണ്ട്.
ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കും ജനാധിപത്യവ്യവസ്ഥയ്ക്കും ഇതൊരു മുന്നറിയിപ്പാണ്.ബുദ്ധമതത്തിന് ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ ക്രൈസ്തവര്‍ തീരെ ന്യൂനപക്ഷമാണ്. അവിടെ ഇസ്ലാമിക തീവ്രവാദികളാണ് ഹീനകൃത്യം നടത്തിയിരിക്കുന്നത്. വിനോദസഞ്ചാരം മുഖ്യവരുമാനമാര്‍ഗമായ ശ്രീലങ്കയിലെ വിദേശസഞ്ചാരികള്‍ തങ്ങിയിരുന്ന വന്‍കിട ഹോട്ടലുകളും തീവ്രവാദികളുടെ യന്ത്രത്തോക്കിനു മുന്നില്‍ വിറങ്ങലിച്ചുനിന്നു. ലോകത്തെമ്പാടുമുള്ള ജനങ്ങള്‍, ജാതിമതഭേദമെന്യേ തീര്‍ത്ഥാടകരായി എത്തുന്ന പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിട്ടുള്ള കൊളംബോയിലെ ദേവാലയം ഇവരുടെ മുഖ്യലക്ഷ്യമായിരുന്നെന്നും തോന്നുന്നു. പ്രത്യാശയുടെ സുദിനമായ ഈസ്റ്റര്‍ ദിനത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ ഇപ്പോഴും സമൂഹമനസ്സാക്ഷിയുടെ കര്‍ണ്ണപുടങ്ങളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. നിശബ്ദമായി പ്രതിഷേധിക്കാനും ഒപ്പം മരിച്ചവര്‍ക്കായി പ്രാര്‍ഥിക്കാനുമല്ലാതെ നമുക്ക് മറ്റെന്താണ് കരണീയം. ആഗോള സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പാ ഈ സംഭവത്തിന്റെ ഞെട്ടലില്‍, നമ്മോടു പറഞ്ഞതും ഇതു തന്നെയാണ്.
തെക്കന്‍ സുഡാന്‍ ഭരണാധികാരിയുടെ കാല്‍ക്കല്‍ കെട്ടിപ്പിടിച്ച് സമാധാനത്തിനായി വിങ്ങിപ്പൊട്ടുന്ന പരിശുദ്ധ പിതാവിനെ കണ്ട് ഹൃദയം നുറുങ്ങി തേങ്ങിയത് ലോകത്തിലെ സമാധാന കാംക്ഷികളായ മറ്റു മതവിഭാഗങ്ങളാണ്. ഈ ദുഃഖകരമായ സംഭവത്തിന്റെ വെളിച്ചത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കായില്‍ തിങ്ങിക്കൂടിയ വിശ്വാസസമൂഹത്തെ അഭിസംബോധന ചെയ്ത ഫ്രാന്‍സിസ് പാപ്പാ പറഞ്ഞതും ലോകസമാധാനത്തിനായി പ്രാര്‍ഥിക്കുവാനാണ്.
ലോകത്തെമ്പാടും മതതീവ്രവാദം ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ശക്തമായ വേരോട്ടം നടത്തിവരുന്ന കാഴ്ച ഭയം ജനിപ്പിക്കുന്നതാണ്. ബര്‍മ്മ, ശ്രീലങ്ക തുടങ്ങിയിടങ്ങളിലെ ബുദ്ധമതതീവ്രവാദം ചെറുതെങ്കിലും ഭാവിയില്‍ വരാന്‍ പോകുന്ന വലിയ വിപത്തിന്റെ നാന്ദിയാണെന്ന കാര്യവും നാം ഓര്‍ക്കണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന തുടങ്ങി ഇങ്ങ് തെക്കേഇന്ത്യയിലെ തമിഴ്‌നാട്ടിലും ഹൈന്ദവമതമൗലികവാദികള്‍ ശക്തിപ്രാപിച്ചുവരുന്നു. പട്ടിണിരാജ്യങ്ങളില്‍ നിന്ന് ഭക്ഷണവും വസ്ത്രവും ജോലിയും തങ്ങാനിടവും തേടിവരുന്നവരെ രണ്ടു കൈയും നീട്ടി സ്വീകരിക്കുവാന്‍ പാപ്പാ ലോകത്തിലെ ക്രൈസ്തവരോടും അവിടുത്തെ ഭരണാധികാരികളോടും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. ഇവരില്‍ ഭൂരിഭാഗവും ഇസ്ലാമികരാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ.് എന്നാല്‍ അഭയാര്‍ത്ഥികളോടൊപ്പം നുഴഞ്ഞുകയറുന്ന അപായക്കാര്‍ ഈ രാഷ്ട്രങ്ങളിലെ സമാധാനന്തരീക്ഷത്തിന് ഭീക്ഷണിയായി ഭവിച്ചുകൊണ്ടിരിക്കുന്നു. ഉദാരമതികളായ തദ്ദേശീയരെ വധിച്ച് വിരുന്നുവന്നവന്‍ വീട്ടുകാരനായി തീരുവാന്‍ പാകത്തില്‍ രൂപാന്തരം പ്രാപിക്കുന്നതായി അനുഭവപ്പെടുന്നു. ഇതിനെതിരെ ഈ അത്യാപത്തിന്റെ തീവ്രതയെ അതിന്റെ എല്ലാ അര്‍ഥത്തിലും ചെറുക്കുകയും അവയെ മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്യേണ്ടവര്‍ പ്രത്യേകിച്ച് ഭരണാധികാരികളും, മാധ്യമമേഖലയും അവരുടെ നിയോഗത്തിനു അനുസൃതമായ കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നതായി അനുഭവപ്പെടുന്നു. സ്വതന്ത്രമായി നിര്‍ഭയമായി സ്വാധീനങ്ങള്‍ക്ക് അപ്പുറത്ത് നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട മാധ്യമങ്ങള്‍ റൂബര്‍ട്ട് മര്‍ഡോക്കിന്റെയും അംബാനിയുടെയും അദാനിയുടെയും കൈകളില്‍ അമര്‍ന്ന് കണ്ണുമൂടി വായടച്ച് വിനീതവിധേയരായി നില്ക്കുന്ന ദയനീയ കാഴ്ച എമ്പാടും തെളിഞ്ഞുവരുന്നു. ഇനിയും ശ്രീലങ്കകളും നൈജീരിയകളും, പാകിസ്ഥാനുകളും ആവര്‍ത്തിക്കാതിരിക്കുവാന്‍ ഈവക ദാരുണസംഭവങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ ഒരിക്കലും സംഭവിക്കാതിരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ജാഗ്രതയും കരുതലും അത്യന്താപേക്ഷിതമാണ്. ആയതിന് കടുകുമണിയോളം അമാന്തം സംഭവിച്ചാല്‍… ശേഷം ചിന്തനീയം…


Tags assigned to this article:
sri lanka

Related Articles

തമിഴ്നാട് അതീവ ജാഗ്രതയില്‍

  ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതി തീവ്ര ചുഴലിക്കാറ്റായ നിവാര്‍ ഇന്ന് രാത്രി 8നും 12നിമിടയില്‍ കരയില്‍ കടക്കാനിരിക്കെ തമിഴ്നാടും പുതുച്ചേരിയും അതീവ ജാഗ്രതയില്‍.

മാധ്യമ കണ്ണുകൾ കണ്ടില്ല, നെടുംകുഴിയിൽ അപകടസ്ഥലത്ത് എം. വി. ഡി ഉണ്ടായിരുന്നു

കോട്ടയം: കോട്ടയം നെടുംകുഴിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തെ മോട്ടോർ വാഹന വകുപ്പ് അവഗണിച്ചുവെന്ന പരാതിയിൽ വിശദീകരണവുമായി പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ വ്യത്യസ്ത സിസി

തെറ്റായ വിശ്വാസ താരതമ്യം ‎

കോവിഡ് 19 അഴിഞ്ഞാടുന്ന ഈ കാലഘട്ടത്തിൽ തികച്ചും ‎നിരുത്തരവാദപരമായ പല കാര്യങ്ങളും പലവിധത്തിലുള്ള ‎നേതൃത്വങ്ങളിൽനിന്നും ഉണ്ടാകുന്നുണ്ട്. ഈ ദുരന്തത്തെ ‎രാഷ്ട്രീയവൽക്കരിക്കാനും മതവൽക്കരിക്കാനും മൗതീകവൽക്കരിക്കാനും ‎നിരവധിപേർ ശ്രമിക്കുന്നുണ്ട്. അതിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*