Breaking News

മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ തീരപരിസ്ഥിതിയെ തകിടം മറിച്ചു: തീരശോഷണത്തെക്കുറിച്ച് ശില്പശാല

മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ തീരപരിസ്ഥിതിയെ തകിടം മറിച്ചു:  തീരശോഷണത്തെക്കുറിച്ച് ശില്പശാല

എറണാകുളം: ദയാരഹിതമായി മനുഷ്യന്‍ പ്രകൃതിക്കുമേല്‍ നടത്തിയ കടന്നുകയറ്റത്തിന്റെ പ്രതിഫലനങ്ങള്‍ കേരളത്തിന്റെ തീരപരിസ്ഥിതിയെ തകിടംമറിച്ചതായി തീരശോഷണം: പ്രതിരോധവും ബദല്‍ സാധ്യതകളും എന്ന വിഷയത്തില്‍ കുസാറ്റ് മറൈന്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഗവേഷകരുടെയും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും ഏകദിനശില്പശാല വിലയിരുത്തി. തീരത്ത് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കടലിന്റെ സ്വാഭാവിക ചലനങ്ങളെ തടസപ്പെടുത്തിയതിന്റെ പ്രത്യാഘാതങ്ങളാണ് തീരത്ത് അനുഭവപ്പെടുന്ന കടല്‍ക്ഷോഭത്തിന്റെ കാരണങ്ങള്‍. തീരമണലിന്റെ സ്വാഭാവിക ചലനങ്ങളെയും സ്വഭാവത്തെയും നിയന്ത്രിക്കുന്നതെന്തും ആത്മഹത്യാപരമാണെന്നും ശില്പശാല വ്യക്തമാക്കി.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്), കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തിലുള്ള കോസ്റ്റല്‍ ഏരിയ ഡവലപ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍), കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടിയുസിഐ) എന്നിവ സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്.
തീരസംരക്ഷണം, പ്രതിരോധം, മത്സ്യത്തൊഴിലാളികളുടെ നിലനില്പ് എന്നീ മൂന്നുകാര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്കുന്നതെന്ന് ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കടല്‍ത്തീരശോഷണ പ്രക്രിയയെ പ്രകൃതിസൗഹൃദമായി പ്രതിരോധിക്കാനും തീരംസംരക്ഷിക്കാനും നൂതനമാര്‍ഗങ്ങള്‍ ഉടന്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഓഫ്‌ഷോര്‍ ബ്രേക്ക്‌വാട്ടര്‍ പദ്ധതി നടപ്പിലാക്കും. തീരശോഷണം കൂടുതലുള്ള തിരുവനന്തപുരം ജില്ലയിലെ പൂന്തുറ മുതല്‍ ശംഖുമുഖം വരെയുള്ള പ്രദേശത്താണ് ഓഫ്‌ഷോര്‍ ബ്രേക്ക്‌വാട്ടര്‍ പദ്ധതി ഒക്ടോബര്‍ മാസത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം നേരിട്ട് ബാധിക്കുന്നത് തീരപ്രദേശത്ത് താമസിക്കുന്നവരെയാണ്. തീരദേശം വര്‍ഷം മുഴുവനും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. മത്സ്യത്തൊഴിലാളികളുടെ ആവാസവ്യവസ്ഥയും ജീവനോപാധികളും സമ്പത്തും സംരക്ഷിക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട തീരദേശത്തെ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്-മന്ത്രി വ്യക്തമാക്കി.
കടല്‍ത്തീരത്തിന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. 18,685 കുടുംബങ്ങള്‍ കടല്‍ക്ഷോഭ ഭീഷണി നേരിടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. 8487 കുടുംബങ്ങള്‍ മാറിത്താമസിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. 1798 കുടുംബങ്ങളെ ഇതിനോടകം മാറ്റിത്താമസിപ്പിച്ചു. പദ്ധതിക്ക് 1800 കോടി രൂപയാണ് വിനിയോഗിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ 1398 കോടി രൂപയും ലോക ബാങ്ക് വായ്പയില്‍നിന്നുള്ള തുകയും ഇതിനായി വിനിയോഗിക്കും. പുതുതായി സ്ഥലം വാങ്ങി വീട് നിര്‍മിച്ച് പുനരധിവാസം ഉറപ്പാക്കുന്നതാണ് പദ്ധതി. ഒരു കുടുംബത്തിന് സ്ഥലം വാങ്ങി വീട് നിര്‍മിക്കുന്നതിന് 10 ലക്ഷം രൂപ നല്കും. വീടുവയ്ക്കാന്‍ സ്ഥലമില്ലാത്ത മേഖലയില്‍ ഫഌറ്റുകള്‍ നിര്‍മിച്ചുവരുന്നു. ഇതൊരു തുടര്‍പ്രക്രിയയാണ്. നിലവിലുള്ളവരെ മാറ്റിത്താമസിപ്പിക്കാന്‍ 10 വര്‍ഷം സമയമെടുക്കും. തീരദേശത്ത് 222 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലായി ഏകദേശം എട്ട് ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്-മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
തീരസംരക്ഷണത്തിനും പുനരധിവാസത്തിനുമൊപ്പം തൊഴിലാളികളുടെ ജീവിത ആവാസ്വ്യവസ്ഥയും മത്സ്യസമ്പത്തിന്റെ സംരക്ഷണവും അത്യാവശ്യമാണ്. ഇതിനായി അക്കാദമിക് പഠനത്തിനൊപ്പം ഫീല്‍ഡ് പഠനവും വേണം. വിദ്യാര്‍ഥികളുടെ കരിക്കുലത്തില്‍ ഇതനുസരിച്ച് മാറ്റം വരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തൊഴിലാളികളുടെ അനുഭവസമ്പത്തും അക്കാദമിക് മികവും തീരസംരക്ഷണത്തിനും മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനും സഹായിക്കും. കടലിന് സ്വതന്ത്രമായി കയറാനും ഇറങ്ങാനുമുള്ള സ്ഥലം വിട്ടുകൊടുക്കണം. മനുഷ്യന്‍ കടലിനെ ആക്രമിക്കുമ്പോഴാണ് കടലിന് പ്രതികരിക്കേണ്ടി വരുന്നത്. തീരം ആവശ്യത്തിലധികം സമ്മര്‍ദ്ദത്തിലായിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
തീരദേശവാസികളുമായി ഇടപെട്ട് തീരമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി കരിക്കുലത്തില്‍ മാറ്റം വരുത്തുമെന്ന് ശില്പശാലയില്‍ അധ്യക്ഷതവഹിച്ച കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ കെ.എന്‍.മധുസൂദനന്‍ വ്യക്തമാക്കി. ആഗോളമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ ഭാഗം തന്നെയാണ് കേരളത്തിലെ തീരശോഷണവും. കാലാവസ്ഥാ വ്യതിയാനങ്ങളാണ് ഇതിന്റെ പ്രധാന കാരണം. തീരശോഷണവും അതുവഴിയുള്ള പ്രശ്‌നങ്ങളും എങ്ങനെ മറികടക്കണമെന്ന് കാര്യക്ഷമമായി പഠിക്കേണ്ടതുണ്ട്. വലിയ രീതിയിലുള്ള ഇടപെടല്‍ ഇതിനാവശ്യമാണ്. എത്രമാത്രം ഗൗരവത്തോടെയാണ് നമ്മള്‍ ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തീരദേശവാസികളുടെ വിശ്വാസം ആര്‍ജിച്ചുവേണം പുനരധിവാസം നടപ്പിലാക്കേണ്ടതെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. ഒരു സുസ്ഥിര മാതൃക ഇതിനായി രൂപീകരിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളായ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (സിഎംഎഫ്ആര്‍ഐ), സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്ടി) തുടങ്ങിയ സ്ഥാപനങ്ങളുടെ സേവനം മത്സ്യത്തൊഴിലാളികള്‍ക്കായി വേണ്ടത്ര പ്രയോജനപ്പെടുത്താനായിട്ടില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
മനുഷ്യപുരോഗതിക്കല്ല ലാഭംകൊയ്യാനാണ് മൂലധനശക്തികള്‍ പ്രധാന്യം നല്കുന്നതെന്ന് എസ്.ശര്‍മ എംഎല്‍എ പറഞ്ഞു. കാലാവസ്ഥാ ഉച്ചകോടിയില്‍ എടുത്ത തീരുമാനത്തില്‍നിന്ന് യുഎസ് പിന്മാറിയത് ഇതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
തീരദേശത്തെ അശാസ്ത്രീയ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് കടലേറ്റത്തിനും തീരശോഷണത്തിനും കാരണമാകുന്നതെന്ന് കടല്‍ വൈസ് ചെയര്‍മാന്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര പറഞ്ഞു. നാശനഷ്ടങ്ങള്‍ മനുഷ്യനിര്‍മിതമാണ്. മതുലപ്പൊഴിയിലും, തേങ്ങാപ്പട്ടണത്തിലും നിര്‍മിച്ച ഫിഷിംഗ് ഹാര്‍ബറുകളും വിഴിഞ്ഞത്ത് ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന തുറമുഖവും തിരുവനന്തപുരത്ത് തീരമേഖലയുടെ നാശത്തിനും മനുഷ്യജീവന്‍ നഷ്ടപ്പെടുന്നതിനും കാരണമായി. വലിയതുറ, ശംഖുമുഖംപോലുള്ള സ്ഥലങ്ങള്‍ കടലെടുപ്പില്‍ വളരെയധികം ശോഷിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നിലനില്പുപോലും അപകടത്തിലാണ്. വിഴിഞ്ഞം തുറമുഖത്തിന് അനുമതി നല്കിയത് എല്ലാ ശാസ്ത്രീയ-പരിസ്ഥിതി പഠനങ്ങളും തള്ളിക്കളഞ്ഞാണ്. തീരം സംരക്ഷിക്കാനുള്ള ജിയോട്യൂബ്, ഓഫ് ഷോര്‍ ബ്രേക്കിംഗ് വാട്ടര്‍ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടതാണ്. ഇതിനുവേണ്ടി വീണ്ടും കോടികള്‍ മുടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മുന്‍ എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്‍, കുസാറ്റ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ആനിക്കുട്ടി ജോസഫ്, ഡോ. എസ്. അഭിലാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ശില്പശാലയിലെ വിഷയാവതരണങ്ങളും ചര്‍ച്ചകളും ഡോ കെ.വി.തോമസ് മോഡറേറ്റ് ചെയ്തു. ഡോ. ആര്‍.സജീവ്, ഡോ. കെ.സതീശന്‍, ഡോ. കേശവദാസ്, ഡോ. കിരണ്‍ എ.എസ്, ഡോ. എല്‍. ഷീലാ നായര്‍, ഡോ. ടിറ്റോ ഡിക്രൂസ്, ഡോ. പി.കെ.ദിനേശ് കുമാര്‍, കൃഷ്ണന്‍ ബി.ടി.വി, ഡോ. എന്‍.പി. കുര്യന്‍, ഫിലിപ്പ് മത്തായി, ഡോ. സി. രവിചന്ദ്രന്‍, വി. ഹരിലാല്‍ എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തി. ഡോ. എസ്.അഭിലാഷ് ചര്‍ച്ചകള്‍ ക്രോഡീകരിച്ചു. ജനറല്‍ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ് സ്വാഗതവും കണ്‍വീനര്‍ ജോസഫ് ജൂഡ് നന്ദിയും രേഖപ്പെടുത്തി.


Related Articles

രാഷ്ട്രീയ ബര്‍മൂഡാ ട്രയാംഗിളാകുമോ വയനാട്?

വെട്ടിലാകുക എന്ന ഭാഷാപ്രയോഗമുണ്ടല്ലോ. അമ്മാതിരിയൊന്ന് കോണ്‍ഗ്രസിന്റെ ദേശീയാധ്യക്ഷന്റെ വയനാടന്‍ പ്രവേശത്തോടെ പല പാര്‍ട്ടികള്‍ക്കും സംഭവിക്കുന്നതായി നിരീക്ഷണങ്ങളുണ്ട്. ”ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്” എന്നു

കടലോരത്തെ കാലാവസ്ഥാ അഭയാര്‍ഥികളെ മറക്കരുത്

പ്രളയദുരന്തത്തെ നവകേരളസൃഷ്ടിക്കുള്ള അവസരമാക്കി മാറ്റുകയെന്നത് ശുഭചിന്തയാണ്, ദുര്‍ദ്ദശയില്‍ നിന്ന് പ്രത്യാശയിലേക്കുള്ള പരിവര്‍ത്തനം. കേരളത്തിലെ ജനങ്ങളില്‍ ആറിലൊന്നുപേരെ – 981 വില്ലേജുകളിലായി 55 ലക്ഷം ആളുകളെ – നേരിട്ടു

പെട്ടിമുടി ഓര്‍മ്മിപ്പിക്കുന്നത്

    ഫാ. ഷിന്റോ വെളിപ്പറമ്പില്‍ പെട്ടിമുടി ദുരന്തം സംഭവിച്ചിട്ട് 2020 സെപ്റ്റംബര്‍ ആറിന്ഒരുമാസം ആകുന്നു.അതുകൊണ്ടുതന്നെ പെട്ടിമുടി സംഭവത്തിന്റെവാര്‍ത്താപ്രാധാന്യംമാധ്യമങ്ങളെ സംബന്ധിച്ച് അവസാനിച്ചു കഴിഞ്ഞു. എന്നാല്‍മൂന്നാറില്‍ അതേല്പ്പിച്ചആഘാതവും ഭീതിയും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*