മനുഷ്യരെ പിടിക്കുന്നവര്‍

മനുഷ്യരെ പിടിക്കുന്നവര്‍

പണ്ഡിതരെയും പണക്കാരെയുമല്ല യേശു തന്റെ ശിഷ്യരായി തിരഞ്ഞെടുത്തത്; പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയായിരുന്നു. ”എന്നെ അനുഗമിക്കുക, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്ന് യേശു അവരോടു പറഞ്ഞു. പ്രളയകാലത്ത് ഏറ്റവും അന്വര്‍ത്ഥമായ വാക്കുകളായിരുന്നു അതെന്ന് ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍ ഓര്‍ക്കുന്നു.
ആഗസ്റ്റ് 18ന് അര്‍ധരാത്രിയിലാണ് വാതിലിലെ മുട്ടുകേട്ട് ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍ ഉണരുന്നത്. തൊട്ടു മുന്‍പത്തെ രണ്ടു ദിവസവും ആലപ്പുഴ മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു ആലപ്പുഴ പുത്തന്‍കാട് ഔവര്‍ ലേഡി ഓഫ് അസംപഷന്‍ പള്ളി വികാരിയും രൂപതാ ബിസിസി ഡയറക്ടറുമായ ഫാ. ജോണ്‍സണ്‍. വാതില്‍ തുറന്നുനോക്കുമ്പോള്‍ കൊടുംമഴയത്ത് നനഞ്ഞുകുതിര്‍ന്ന് ഏതാനും മത്സ്യത്തൊഴിലാളികള്‍. ചങ്ങനാശേരി ഭാഗത്ത് പല കുടുംബങ്ങളും വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അവര്‍ അറിയിച്ചു. വള്ളവുമായി അവരെ രക്ഷിക്കുവാന്‍ പോകാനൊരുങ്ങുകയാണവര്‍. ‘അച്ചന്‍ കൂടെയുണ്ടെങ്കില്‍ നന്നായിരുന്നു’ എന്ന് അവര്‍ പറഞ്ഞപ്പോള്‍ ക്ഷീണമെന്നും വകവയ്ക്കാതെ ഫാ. ജോണ്‍സണ്‍ അവരോടൊപ്പം ഇറങ്ങി.
വള്ളങ്ങള്‍ വട്ടയാലിലാണ്. രണ്ടു വള്ളങ്ങളുണ്ട്, ഏലിയായും സിനിമോളും. മഴ വീണ്ടും ശക്തിപ്രാപിച്ചു. എല്ലാവരും നനഞ്ഞൊലിക്കുകയാണ്. നേരം വെളുക്കുമ്പോഴേക്കും വളളങ്ങള്‍ ലോറിയില്‍ കയറ്റി ചങ്ങനാശേരി ഭാഗത്തേക്കു യാത്രയായി. ഒരു പാലത്തിനു സമീപം വള്ളങ്ങളിറക്കിയപ്പോള്‍ ഭക്ഷണപ്പൊതികളുമായി ഒരു സംഘം ചെറുപ്പക്കാര്‍ നില്‍ക്കുന്നതുകണ്ടു. ഭക്ഷണം ക്യാമ്പുകളിലെത്തിക്കുവാന്‍ മാര്‍ഗം കാണാതെ നില്‍ക്കുകയായിരുന്നു അവര്‍. അവരില്‍ നിന്ന് ഭക്ഷണപ്പൊതികള്‍ ഏറ്റുവാങ്ങി. ചമ്പക്കുളം ബസിലിക്കക്കടുത്ത് പോരൂക്കര എന്ന സ്ഥലത്തേക്കാണ് വള്ളങ്ങള്‍ നീങ്ങിയത്. അവിടെ പോരൂക്കര സ്‌കൂളിലെ ക്യാമ്പിലേക്കാണ് ആദ്യം പോയത്.
അവിടെ നിന്നു ലഭിച്ച വിവരമനുസരിച്ച് സമീപത്തുള്ള സ്ഥലങ്ങളിലെ ഒറ്റപ്പെട്ടവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. വലിയ വള്ളങ്ങള്‍ പോകാത്ത സ്ഥലമായിരുന്നു ആദ്യത്തേത്. ഒരു ചെറിയ വള്ളം സംഘടിപ്പിച്ച് അതില്‍ യാത്രയായി. പ്രായവയവരടക്കം അഞ്ചുപേര്‍ ഒരു വീട്ടിലുണ്ടായിരുന്നു. വീടിനു ചുറ്റും ഭയാനകമായ രീതിയില്‍ വെള്ളം ഉയര്‍ന്നുകഴിഞ്ഞു. തങ്ങളെ രക്ഷിക്കാന്‍ ആരെങ്കിലും വരുമോ എന്ന കടുത്ത ഉത്കണ്ഠയിലായിരുന്നു അവര്‍. ഫാ. ജോണ്‍സന്റെ നേതൃത്വത്തിലെത്തിയ മത്സ്യത്തൊഴിലാളി സംഘത്തെ കണ്ടപ്പോള്‍ അവര്‍ക്ക് ആശ്വാസമായി. ഇവരെ ക്യാമ്പിലെത്തിച്ചിട്ട് വീണ്ടും ഒറ്റപ്പെട്ടവരെ തേടിയിറങ്ങി.
ചമ്പക്കുളം ജെട്ടിക്കു സമീപം ഇരുന്നൂറോളംപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് വിവരം ലഭിച്ചു. അവിടേക്കുള്ള യാത്രയിലാണ് ഒരു വീട്ടില്‍ ഒറ്റപ്പെട്ടുപോയ അമ്മയെയും രണ്ടു മക്കളെയും കണ്ടത്. തങ്ങളെ രക്ഷിക്കണേയെന്ന് അവര്‍ വിളിച്ചപേക്ഷിക്കുന്നുണ്ടായിരുന്നു. സംഘത്തില്‍ ആകെ ആശയക്കുഴപ്പമായി. ചമ്പക്കുളം ഭാഗത്ത് കുടുങ്ങിക്കിടക്കുന്നവരുടെ ജീവന്‍ അപകടത്തിലാണ്. പ്രളയജലം ഏതു നിമിഷവും അവരെ വിഴുങ്ങാന്‍ സാധ്യതയുണ്ട്. താമസിച്ചാല്‍ കുഴപ്പമായേക്കും. എന്നാല്‍ ഈ അമ്മയെയും കുഞ്ഞുങ്ങളെയും ആദ്യം രക്ഷിക്കണമെന്ന അഭിപ്രായവും ശക്തമായി. ഒടുവില്‍ ജോണ്‍സണച്ചന്റെ വീറ്റോ വോട്ടില്‍ അമ്മയെയും കുഞ്ഞുങ്ങളെയും ആദ്യം രക്ഷിക്കാന്‍ തീരുമാനമായി. ഇവരെയും ക്യാമ്പിലെത്തിച്ചാണ് ചമ്പക്കുളത്തേക്ക് യാത്രയായത്.
ചമ്പക്കുളത്തു നിന്നും തിരിച്ചുവരുമ്പോള്‍ മറ്റൊരു ഒറ്റപ്പെട്ട വീട്ടില്‍ നിന്നു സഹായാഭ്യര്‍ത്ഥന എത്തി. ഒരു സ്ത്രീയായിരുന്നു അത്. ക്യാമ്പില്‍ അവരെ എത്തിച്ചപ്പോള്‍ അവര്‍ പഴ്‌സ് തുറന്ന് അതിലുണ്ടായിരുന്ന പണമെല്ലാം മത്സ്യത്തൊഴിലാളികള്‍ക്കു നേരെ നീട്ടി. എന്നാല്‍ സ്‌നേഹപൂര്‍വം അവരതു നിഷേധിച്ചു. തങ്ങള്‍ ദിവസങ്ങളായി ഊണും ഉറക്കവും ഉപേക്ഷിച്ച് രക്ഷാകരദൗത്യത്തിലാണ്. ആരും ആവശ്യപ്പെട്ടിട്ടല്ല ഇതു ചെയ്യുന്നത്. ഈ പണം സ്വീകരിച്ചാല്‍ തങ്ങള്‍ ഇതുവരെ ചെയ്തതെല്ലാം പാഴായിപ്പോകുമെന്നവര്‍ പറഞ്ഞപ്പോള്‍ പാവപ്പെട്ട ആ മനുഷ്യരുടെ ആത്മാര്‍ത്ഥതയും മാനവികസ്‌നേഹവും കണ്ട് ജോണ്‍സനച്ചന് കണ്ണുനിറഞ്ഞു.


Related Articles

അമര ലതാംഗുലി: മത്തെയുസ് പാതിരിയുടെ വിരിദാരിയും ഓറിയന്താലെയും ഹോര്‍ത്തുസ് മലബാറിക്കുസും

എറണാകുളം: പതിനേഴാം നൂറ്റാണ്ടിലെ മലയാളക്കരയിലെ ഔഷധികളുടെയും ഇതര സസ്യങ്ങളുടെയും സമഗ്ര ചിത്രീകരണവും മലയാളം, കൊങ്കണി, അറബി, ലത്തീന്‍ നാമാവലിയും ഔഷധഗുണങ്ങളും പ്രയോഗവിധികളും ഉള്‍പ്പെടെയുള്ള വിവരങ്ങളും അടങ്ങുന്ന സര്‍വവിജ്ഞാനകോശമെന്നും

നൈജീരിയയില്‍ ക്രിസ്മസിന് ക്രൈസ്തവരുടെ കൂട്ടക്കൊല

അബുജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്ത് ക്രിസ്മസ് ദിനത്തില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് (ഇസ്വാപ്) തീവ്രവാദികള്‍ 11 ക്രൈസ്തവ ബന്ദികളെ കഴുത്തറുത്തും വെടിവച്ചും കൊല്ലുന്നതിന്റെ

അതിജീവനത്തിനായി 300 കിലോമീറ്റര്‍ നടത്തം

ജഗത്സിങ്പുര്‍: എങ്ങനെയെങ്കിലും നാട്ടിലെത്തണം. അതുമാത്രമായിരുന്നു 60കാരനായ ബെനുധര്‍ മല്ലിക്കിന്റെ ചിന്ത. നാട്ടിലെത്താന്‍ സാധിച്ചില്ലെങ്കില്‍ മരണം തന്നെ തേടിയെത്തുമെന്ന് അയാള്‍ക്ക് ഉറപ്പുണ്ടായിരുന്നു. കടുത്ത ചൂടിനെയും പരിശോധനക്കെത്തുന്ന പൊലീസുകാരെയും തൃണവത്ഗണിച്ചാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*