മനുഷ്യസ്നേഹിയായ മത്സ്യത്തൊഴിലാളി നേതാവ് എ. ആന്‍ഡ്രൂസ്

ഫാ. ഫെര്‍ഡിനാന്‍ഡ് കായാവില്‍
കഷ്ടപ്പെടുന്നവരുടെയും വേദനിക്കുന്നവരുടെയും ഹൃദയത്തുടിപ്പുകള്‍ തന്റെ ഹൃദയത്തുടിപ്പുകളുമായി ചേര്‍ത്തുപിടിച്ചു ജീവിച്ച മനുഷ്യസ്നേഹിയായിരുന്നു ഒക്ടോബര്‍ 16ാം തീയതി നിര്യാതനായ ആന്‍ഡ്രൂസ്. ഒരു ജീവിതകാലം മുഴുവനും മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടാന്‍ കേരളത്തില്‍ നടത്തിയിട്ടുള്ള പോരാട്ടങ്ങളുടെ നേതൃത്വനിരയില്‍ ആന്‍ഡ്രൂസ് ഉണ്ടായിരുന്നു. ഇന്ന് മത്സ്യത്തൊഴിലാളി സമൂഹം അനുഭവിച്ചുവരുന്ന പല ജീവിതസൗകര്യങ്ങളും നേടിയെടുക്കാനും മത്സ്യത്തൊഴിലാളി സമൂഹത്തെ പ്രബുദ്ധരാക്കാനും സംഘടിപ്പിച്ചു നിര്‍ത്താനും അദ്ദേഹത്തിനു കഴിഞ്ഞു.
കൊല്ലത്ത് പൂര്‍ത്തിയായിക്കൊണ്ടിരുന്ന ഫിഷിംഗ് ഹാര്‍ബറും തുറമുഖവും നാടിന്റെ വികസനത്തിനും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും ആവശ്യമെന്ന് മനസിലാക്കി അദ്ദേഹം നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. 1981 ജനുവരി നാലിന് തങ്കശേരി ബ്രേക്ക് വാട്ടര്‍ കണ്‍സ്ട്രക്ഷന്‍ ആക്ഷന്‍ കൗണ്‍സില്‍ എന്ന സംഘടന രൂപവത്കരിച്ച് മത്സ്യത്തൊഴിലാളി സമൂഹത്തെ ഒന്നടങ്കം ചേര്‍ത്തുനിര്‍ത്തി മൂന്നുനാല് ദശാബ്ദങ്ങളായി നടത്തിയ മുന്നേറ്റത്തിന്റെയും പോരാട്ടത്തിന്റെയും ഫലമാണെന്ന് പലരും മറന്നുകാണും. കടലിനെ സ്വന്തം വീടിന്റെ മുറ്റം പോലെ മനസിലാക്കിയിരുന്ന ആന്‍ഡ്രൂസ് തുടക്കം മുതല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃനിരയിലുണ്ടായിരുന്നു. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു ആന്‍ഡ്രൂസ്.
കൊല്ലം തീരദേശത്തെ ജീവിതദുരിതങ്ങളും തൊഴില്‍ പ്രതിസന്ധികളും ഉടനുടന്‍ അധികാരികളുടെ ശ്രദ്ധയിലെത്തിക്കാന്‍ ആന്‍ഡ്രൂസിനെ പോലെ ഉണര്‍ന്നിരുന്ന മറ്റൊരു നേതാവും ഉണ്ടായിരുന്നില്ല. മത്സ്യത്തൊഴിലാളികളുടെ ക്ഷേമ ഐശ്വര്യങ്ങള്‍ക്കും തീരദേശ വികസന കുതിച്ചുചാട്ടത്തിനും ആന്‍ഡ്രൂസിനു പോലും ആവേശം പകര്‍ന്ന മറ്റൊരു നേതാവായിരുന്നു ആക്ഷന്‍ കൗണ്‍സിലിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന വാടി സ്വദേശിയും അധ്യാപകനുമായിരുന്ന എ. ആന്റണി. ആന്‍ഡ്രൂസിനും എ. ആന്റണിക്കും അവരുടെ സേവനം ഓര്‍ക്കത്തക്കവിധം സ്മാരകം സ്ഥാപിക്കുവാന്‍ തീരദേശവാസികള്‍ മുന്‍കൈ എടുക്കണമെന്ന് ഞാന്‍ ഓര്‍മപ്പെടുത്തുകയാണ്.
വലിയ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ആന്‍ഡ്രൂസ് കടലിനെയും മത്സ്യത്തൊഴിലാളികളുടെ ജീവിതരീതികളെയും കുറിച്ച് എഴുതിയിട്ടുള്ള ലേഖനങ്ങളും പുസ്തകങ്ങളും ആ മേഖലയില്‍ ആധികാരികമായി പഠനവിഷയങ്ങളാക്കാവുന്നതാണ്. മനുഷ്യന്റെ ദുരിതങ്ങള്‍ അകറ്റാന്‍ നിലകൊണ്ട എല്ലാ ജനകീയ മുന്നേറ്റങ്ങള്‍ക്കും അദ്ദേഹം ഊര്‍ജം പകര്‍ന്നു. പരിസ്ഥിതിസംരക്ഷണം ഒരു വിഷയമായി മാറുന്നതിനു വളരെ മുന്‍പേ ആന്‍ഡ്രൂസ് ആ വിഷയം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.
മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് ഞാന്‍ ആന്‍ഡ്രൂസിനെ വീട്ടില്‍ പോയി കണ്ടിരുന്നു. ഓര്‍മശക്തി കാര്യമായി അവശേഷിച്ചിട്ടില്ലെന്ന് തോന്നത്തക്കവിധം കിടക്കുമ്പോള്‍ അടുത്തു ചെന്ന് ചെവിയില്‍ ഇത് കായാവിലച്ചനാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഓര്‍മകളും കാഴ്ചകളും ഉപബോധമനസിലെവിടെയോ ഒരു തിരയിളക്കം തോന്നിയിട്ടാകാം കണ്ണുകള്‍ ചെറുതായി തുറന്ന് എന്നെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിക്കത്തക്കവിധം ഒരു വലിയ ആത്മബന്ധം ഈ മനുഷ്യസ്നേഹിയുമായി സ്ഥാപിച്ചെടുക്കാന്‍ സാധിച്ച സംതൃപ്തിയോടെ ആന്‍ഡ്രൂസിന് ആത്മശാന്തി നേരുന്നു.
ഏതാണ്ട് മൂന്നുനാലു ദശാബ്ദകാലം മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഈ മനുഷ്യസ്നേഹിയുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ജീവിതത്തില്‍ ഒരു ദൈവാനുഗ്രഹമായി ഞാന്‍ കാത്തുസൂക്ഷിക്കുന്നു. അടുത്തകാലത്ത് അന്തരിച്ച ദേശീയ നേതാവായിരുന്ന ടി. പീറ്ററിനും കൊല്ലത്തും കേരളത്തിലും മത്സ്യത്തൊഴിലാളി മേഖലയില്‍ നിറഞ്ഞുനിന്ന എ. ആന്‍ഡ്രൂസിനും പകരംവയ്ക്കാന്‍ ശക്തരും ത്യാഗസന്നദ്ധരുമായ നേതാക്കന്മാര് ഈ രംഗത്ത് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
Related
Related Articles
സീ യൂ സൂണ്‍
പറയാനുദ്ദേശിച്ച കാര്യങ്ങള്‍ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ ഫോര്‍മാറ്റില്‍ കൃത്യമായി പറഞ്ഞു പോകുന്ന ഒരു ചിത്രമാണിത്. ഒരു പൂര്‍ണ സ്ക്രീന്‍ ബേസ്ഡ് ചിത്രം, അതും റിയലിസ്റ്റിക് ആയ പ്രൊഡക്ഷന്‍
ദലിത് ക്രൈസ്തവ യുവതയും സ്വത്വനിര്‍മ്മിതിയും
ഈ ജൈവപ്രപഞ്ചത്തില്‍, വൈവിധ്യങ്ങളുടെ മഹാഭൂപടത്തില്‍, ഞാന്‍ ആരാണ്? എവിടെയാണ് എന്നെ അടയാളപ്പെടുത്തുക? എന്തിന്റെയൊക്കെ ആകത്തുകയാണ് ഞാന്‍? ആത്മസത്തയുടെ അന്വേഷണ വഴികളില്‍ മനുഷ്യരെല്ലാവരും ഒരു തവണയെങ്കിലും ചോദിക്കാനിടയുള്ള ഏതാനും
രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്
എസ്എസ്എല്‍സി പരീക്ഷ കുട്ടികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് ഇപ്പോഴുമൊരു പേടിസ്പ്നമാണ്. റിസല്‍റ്റ് വന്നാലും പേടി ഒഴിഞ്ഞുപോകില്ലെന്നുമാത്രം. കുട്ടികളുടെ ഭാവിയെക്കുറിച്ചായിരിക്കും അച്ഛനമ്മമാരുടെ അടുത്ത ഉത്കണ്ഠ. പ്ലസ് ടുവിന് ഏതു കോഴ്സ്