Breaking News

മരണം: പിതൃഭവനത്തിലേക്കുള്ള മടക്കയാത്ര

മരണം: പിതൃഭവനത്തിലേക്കുള്ള മടക്കയാത്ര

”കര്‍ത്താവ് ജീവന്‍ എടുക്കുകയും കൊടുക്കുകയും ചെയ്യുന്നു. അവിടുന്ന് പാതാളത്തിലേക്കിറക്കുകയും അവിടെനിന്ന് കയറ്റുകയും ചെയ്യുന്നു.” പഴയ നിയമത്തിലെ അവസാനത്തെ ന്യായാധിപനായ സാമുവല്‍ 1:2-6ല്‍ രേഖപ്പെടുത്തിയിരിക്കുന്ന വാക്യമാണിത്. നിയമാവര്‍ത്തനം 32:39-ല്‍ പറയുന്നു: ”ഇതാ ഞാനാണ്, ഞാന്‍ മാത്രമാണ് ദൈവം; ഞാനല്ലാതെ വേറെ ദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ.” മരിച്ചവരെ ഉയിര്‍പ്പിക്കുവാന്‍ ദൈവത്തിന് കഴിയുമെന്ന് ഏലിയ (1 രാജാക്കന്മാര്‍ 17:17-24) വ്യക്തമാക്കുന്നുണ്ട്. അതിപ്രകാരമാണ്, ആ ഗൃഹനായികയുടെ മകന്‍ ഒരു ദിവസം രോഗബാധിതനായി; രോഗം മൂര്‍ച്ഛിച്ച് ശ്വാസം നിലച്ചു. അവള്‍ ഏലിയായോടു പറഞ്ഞു: ”ദൈവപുരുഷാ, എന്തുകൊണ്ടാണ് അങ്ങ് എന്നോട് ഇങ്ങനെ ചെയ്തത്? എന്റെ പാപങ്ങള്‍ അനുസ്മരിപ്പിക്കാനും എന്റെ മകനെ കൊല്ലാനുമാണോ അങ്ങ് ഇവിടെ വന്നത്?” ഏലിയ പ്രതിവചിച്ചു: ”നിന്റെ മകനെ ഇങ്ങ് തരുക.” അവനെ അവളുടെ മടിയില്‍നിന്നെടുത്ത് ഏലിയാ താന്‍ പാര്‍ക്കുന്ന മുകളിലത്തെ മുറിയില്‍ കൊണ്ടുപോയി കട്ടിലില്‍ കിടത്തി. അനന്തരം, അവന്‍ ഉച്ചത്തില്‍ പ്രാര്‍ഥിച്ചു: ”എന്റെ ദൈവമായ കര്‍ത്താവേ, എനിക്ക് ഇടംതന്നവളാണ് ഈ വിധവ. അവളുടെ മകന്റെ ജീവന്‍ എടുത്തുകൊണ്ട് അവിടുന്ന് അവളെ പീഡിപ്പിക്കുകയാണോ?” പിന്നീട് അവന്‍ ബാലന്റെമേല്‍ മൂന്നുപ്രാവശ്യം കിടന്ന്, കര്‍ത്താവിനോടപേക്ഷിച്ചു: ”എന്റെ ദൈവമായ കര്‍ത്താവേ, ഇവന്റെ ജീവന്‍ തിരികെ കൊടുക്കേണമേ!” കര്‍ത്താവ് ഏലിയായുടെ അപേക്ഷ കേട്ടു. കുട്ടിക്ക് പ്രാണന്‍ വീണ്ടുകിട്ടി; അവന്‍ ജീവിച്ചു. ഏലിയാ ബാലനെ മുകളിലത്തെ മുറിയില്‍നിന്ന് താഴെ കൊണ്ടുവന്ന് അമ്മയെ ഏല്‍പ്പിച്ചുകൊണ്ട് ”ഇതാ നിന്റെ മകന്‍ ജീവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അവള്‍ ഏലിയായോടു പറഞ്ഞു: ”അങ്ങ് ദൈവപുരുഷനാണെന്നും അങ്ങയുടെ വാക്ക് സത്യമായും കര്‍ത്താവിന്റെ വചനമാണെന്നും ഇപ്പോള്‍ എനിക്ക് ഉറപ്പായി.”
ദൈവത്തിന് മരിച്ചവരെ ഉയിര്‍പ്പിക്കുവാന്‍ സാധിക്കുമെന്നതിന് ഏറ്റവും ഉദാത്തമായ തെളിവാണ് 2 മക്കബായര്‍ ഏഴാം അധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന അമ്മയുടെയും ഏഴു മക്കളുടെയും പീഡനകഥകള്‍. അന്തിയോക്കസ് രാജാവ് ഏഴു സഹോദരന്മാരെയും അവരുടെ അമ്മയെയും ബന്ധിച്ച് ചാട്ടയും ചമ്മട്ടിയുംകൊണ്ട് അടിച്ച് നിഷിധമായ പന്നിമാംസം ഭക്ഷിക്കുവാന്‍ നിര്‍ബന്ധിച്ചു. അവരിലൊരുവന്‍ അവരുടെ വക്താവെന്ന നിലയില്‍ പറഞ്ഞു: ഞങ്ങളോട് എന്തു ചോദിച്ചറിയുവാനാണ് നീ ശ്രമിക്കുന്നത്? പിതാക്കന്മാരുടെ നിയമങ്ങള്‍ ലംഘിക്കുന്നതിനെക്കാള്‍ മരിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. ഇതുകേട്ട് രാജാവ് കോപാവേശംപൂണ്ട് വറചട്ടികളും കുട്ടകങ്ങളും പഴുപ്പിക്കാന്‍ ആജ്ഞാപിച്ചു. ഉടനെ അവര്‍ അങ്ങനെ ചെയ്തു. സഹോദരന്മാരും അമ്മയും കാണ്‍കെ അവരുടെ വക്താവിന്റെ നാവും കൈകാലുകളും ഛേദിക്കാനും ശിരസിലെ ചര്‍മ്മം ഉരിയാനും രാജാവ് ഉത്തരവിട്ടു. അങ്ങനെ അവന്‍ തീര്‍ത്തും നിസഹായനായപ്പോള്‍ അവനെ ജീവനോടെ വറചട്ടിയില്‍ പൊരിക്കാന്‍ രാജാവ് വീണ്ടും കല്പിച്ചു. ചട്ടിയില്‍നിന്ന് പുക ഉയര്‍ന്നു. മറ്റു സഹോദരന്മാരും അമ്മയും ശ്രേഷ്ഠമായ മരണംവരിക്കാന്‍ പരസ്പരം ധൈര്യം പകര്‍ന്നുകൊണ്ട് പറഞ്ഞു: അവിടുത്തേക്ക് തന്റെ ദാസരുടെമേല്‍ കരുണ തോന്നും എന്നുപാടി മോശ ജനങ്ങള്‍ക്കുമുമ്പില്‍ സാക്ഷ്യം നല്‍കിയതുപോലെ, ദൈവമായ കര്‍ത്താവ് നമ്മെ കടാക്ഷിക്കുകയും നമ്മുടെനേരെ സത്യമായും കരുണ കാണിക്കുകയും ചെയ്യുന്നു. മൂത്തസഹോദരന്‍ ഈവിധം മരിച്ചുകഴിഞ്ഞപ്പോള്‍ രണ്ടാമനെ അവര്‍ തങ്ങളടെ ക്രൂരവിനോദത്തിന് മുമ്പോട്ടുകൊണ്ടുവന്നു.
അവന്റെ ശിരസിലെ ചര്‍മ്മം മുടിയോടുകൂടെ ഉരിഞ്ഞതിനുശേഷം അവര്‍ ചോദിച്ചു: നീ ഭക്ഷിക്കുമോ അതോ പ്രത്യംഗം പീഡയേല്‍ക്കണമോ? തന്റെ പിതാക്കന്മാരുടെ ഭാഷയില്‍ അവന്‍ തറപ്പിച്ചുപറഞ്ഞു: ഇല്ല. അങ്ങനെ മൂത്തസഹോദരനെപ്പോലെ അവനും പീഡനം ഏറ്റു. അന്ത്യശ്വാസം വലിക്കുമ്പോള്‍ അവന്‍ പറഞ്ഞു: ശപിക്കപ്പെട്ട നീചാ, ഈ ജീവിതത്തില്‍നിന്ന് നീ ഞങ്ങളെ പുറത്താക്കുന്നു. എന്നാല്‍, പ്രപഞ്ചത്തിന്റെ അധിപന്‍ ഞങ്ങളെ അനശ്വരമായ നവജീവിതത്തിലേക്ക് ഉയിര്‍പ്പിക്കും.അവിടുത്തെ നിയമങ്ങള്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ മരിക്കുന്നത്.
പിന്നീട് മൂന്നാമന്‍ അവരുടെ വിനോദത്തിന് ഇരയായി. അവര്‍ ആവശ്യപ്പെട്ടയുടനെ അവന്‍ സധൈര്യം കൈകളും നാവും നീട്ടിക്കൊടുത്തുകൊണ്ട് അഭിമാനപൂര്‍വം പറഞ്ഞു: ഇവ എനിക്ക് ദൈവം തന്നതാണ്. അവിടുത്തെ നിയമങ്ങള്‍ക്കുവേണ്ടി ഞാന്‍ അവയെ തുച്ഛമായി കരുതുന്നു. അവിടുന്ന് അവ തിരിച്ചുതരുമെന്ന് എനിക്ക് പ്രത്യാശയുണ്ട്. രാജാവും കൂട്ടരും യുവാവിന്റെ ധീരതയില്‍ ആശ്ചര്യപ്പെട്ടു. കാരണം, അവന്‍ തന്റെ പീഡകള്‍ നിസാരമായി കരുതി. അവനും മരിച്ചപ്പോള്‍ അവര്‍ നാലാമനെ ആ വിധംതന്നെ നീചമായി പീഡിപ്പിച്ചു. മരണത്തോടടുത്തപ്പോള്‍ അവന്‍ പറഞ്ഞു: പുനരുത്ഥാനത്തെക്കുറിച്ചു ദൈവം നല്‍കുന്ന പ്രത്യാശ പുലര്‍ത്തിക്കൊണ്ട് മനുഷ്യകരങ്ങളില്‍നിന്ന് മരണംവരിക്കുന്നത് ഉത്തമമാണ്. എന്നാല്‍, നിങ്ങള്‍ക്ക് പുനരുത്ഥാനമില്ല; പുതിയ ജീവിതവുമില്ല. അടുത്തതായി, അവര്‍ അഞ്ചാമനെ പിടിച്ച് മര്‍ദ്ദനം ആരംഭിച്ചു. അവന്‍ രാജാവിനെ നോക്കി പറഞ്ഞു: മര്‍ത്യനെങ്കിലും മറ്റുള്ളവരുടെമേലുള്ള അധികാരം നിമിത്തം നിനക്ക് തോന്നുന്നത് നീ ചെയ്യുന്നു. എന്നാല്‍, ദൈവം ഞങ്ങളുടെ ജനത്തെ പരിത്യജിച്ചെന്നു വിചാരിക്കരുത്. അവിടുത്തെ മഹാശക്തി നിന്നെയും സന്തതികളെയും പീഡിപ്പിക്കുന്നത് താമസിയാതെ നീ കാണും. പിന്നീട്, അവര്‍ ആറാമനെ കൊണ്ടുവന്നു. അവന്‍ മരിക്കാറായപ്പോള്‍ പറഞ്ഞു: വ്യര്‍ഥമായി അഹങ്കരിക്കണ്ടാ; ഞങ്ങളുടെ ദൈവത്തിനെതിരെ ഞങ്ങള്‍ ചെയ്ത പാപത്തിന്റെ ഫലമാണ് ഞങ്ങള്‍ ഏല്‍ക്കുന്ന ഈ പീഡനം. അതുകൊണ്ടാണ് ഈ ഭീകരതകള്‍ സംഭവിച്ചത്. ദൈവത്തെ എതിര്‍ക്കാന്‍ തുനിഞ്ഞ നീ ശിക്ഷ ഏല്ക്കാതെ പോകുമെന്ന് കരുതേണ്ടാ.
ആ മാതാവാകട്ടെ, സവിശേഷമായ പ്രശംസയും സംപൂജ്യമായ സ്മരണയും അര്‍ഹിക്കുന്നു. ഒറ്റദിവസം ഏഴു മക്കള്‍ വധിക്കപ്പെടുന്നത് കണ്ടെങ്കിലും കര്‍ത്താവിലുള്ള പ്രത്യാശനിമിത്തം അവള്‍ സധൈര്യം അതു സഹിച്ചു. പിതാക്കന്മാരുടെ ഭാഷയില്‍ അവള്‍ അവരോരോരുത്തരെയും ധൈര്യപ്പെടുത്തി. ശ്രേഷ്ഠമായ വിശ്വാസദാര്‍ഢ്യത്തോടെ സ്ത്രീസഹജമായ വിവേചനാശക്തിയെ പുരുഷോചിതമായ ധീരതകൊണ്ട് ബലപ്പെടുത്തി. അവള്‍ പറഞ്ഞു: നിങ്ങള്‍ എങ്ങനെ എന്റെ ഉദരത്തില്‍ രൂപംകൊണ്ടുവെന്ന് എനിക്ക് അറിവില്ല. നിങ്ങള്‍ക്ക് ജീവനും ശ്വാസവും നല്‍കിയതും നിങ്ങളുടെ അവയവങ്ങള്‍ വാര്‍ത്തെടുത്തതും ഞാനല്ല. മനുഷ്യനെ ഉരുവാക്കുകയും എല്ലാറ്റിന്റെയും ആരംഭം ഒരുക്കുകയും ചെയ്ത ലോകസ്രഷ്ടാവ്, തന്റെ നിയമത്തെപ്രതി നിങ്ങള്‍ നിങ്ങളെത്തന്നെ വിസ്മരിക്കുന്നതിനാല്‍, കരുണാപൂര്‍വം നിങ്ങള്‍ക്ക് ജീവനും ശ്വാസവും വീണ്ടും നല്‍കും.
അവള്‍ തന്നെ അവഹേളിക്കുകയാണെന്ന് അവളുടെ സ്വരംകൊണ്ട് അന്തിയോക്കസ് രാജാവിന് തോന്നി. ഏറ്റവും ഇളയവന്‍ ഇനിയും ബാക്കിയുണ്ടായിരുന്നു. പിതാക്കന്മാരുടെ മാര്‍ഗത്തില്‍നിന്ന് വ്യതിചലിക്കുകയാണെങ്കില്‍ അവന് ധനവും സ്ഥാനമാനങ്ങളും ഒക്കെ നല്‍കാമെന്ന വാഗ്ദാനങ്ങള്‍ രാജാവ് അവന് നല്‍കി. ആ യുവാവ് സമ്മതിച്ചില്ല. അവന്റെ അമ്മയെ അടുക്കല്‍ വിളിച്ച് തന്നെത്തന്നെ രക്ഷിക്കുവാന്‍ കുമാരനെ ഉപദേശിക്കണമെന്ന് രാജാവ് നിര്‍ബന്ധിച്ചു. നിര്‍ബന്ധം കൂടിയപ്പോള്‍ പുത്രന്റെമേല്‍ ചാഞ്ഞ് അവള്‍ ക്രൂരനായ ആ സ്വേച്ഛാധിപതിയെ നിന്ദിച്ചുകൊണ്ട് മാതൃഭാഷയില്‍ പറഞ്ഞു: മകനേ, എന്നോട് ദയ കാണിക്കുക. ഒന്‍പതുമാസം ഞാന്‍ നിന്നെ ഗര്‍ഭത്തില്‍ വഹിച്ചു. മൂന്നുകൊല്ലം മുലയൂട്ടി, നിന്നെ ഇന്നുവരെ പോറ്റിവളര്‍ത്തി. മകനേ, ഞാന്‍ യാചിക്കുന്നു, ആകാശത്തേയും ഭൂമിയേയും നോക്കുക. അവയിലുള്ള ഓരോന്നും കാണുക. ഉണ്ടായിരുന്നവയില്‍നിന്നല്ല ദൈവം അവയെ സൃഷ്ടിച്ചതെന്നു മനസിലാക്കുക. മനുഷ്യരും അതുപോലെയാണ് സൃഷ്ടിക്കപ്പെട്ടത്. ഈ കശാപ്പുകാരനെ ഭയപ്പെടേണ്ട. സഹോദരന്മാര്‍ക്ക് യോജിച്ചവനാണ് നീയെന്ന് തെളിയിക്കുക. മരണം വരിക്കുക. ദൈവകൃപയാല്‍ നിന്റെ സഹോദരന്മാരോടൊത്ത് എനിക്ക് നിന്നെ വീണ്ടും ലഭിക്കാനിടയാകട്ടെ!
അവള്‍ സംസാരിച്ചുതീര്‍ന്നയുടനെ യുവാവ് ചോദിച്ചു: നിങ്ങള്‍ എന്തിനാണ് വൈകുന്നത്? രാജകല്പന ഞാന്‍ അനുസരിക്കുകയില്ല. മോശവഴി ഞങ്ങളുടെ പിതാക്കന്മാര്‍ക്ക് ലഭിച്ച നിയമം ഞാന്‍ അനുസരിക്കുന്നു. ഹെബ്രായ ജനത്തിനെതിരെ സകല ദുഷ്ടതകളും പ്രവര്‍ത്തിക്കുന്ന നീ ദൈവകരങ്ങളില്‍നിന്ന് രക്ഷപ്പെടുകയില്ല. ഞങ്ങള്‍ പീഡനമേല്‍ക്കുന്നത് ഞങ്ങളുടെ പാപത്തിന്റെ ഫലമായിട്ടാണ്. ജീവിക്കുന്നവനായ കര്‍ത്താവ്, ഞങ്ങളെ ശാസിച്ചു നേര്‍വഴിക്കു തിരിക്കാന്‍ അല്പനേരത്തേക്ക് ഞങ്ങളോട് കോപിക്കുമെങ്കിലും അവിടുന്ന് തന്റെ ദാസരോട് വീണ്ടും രഞ്ജിപ്പിലാകും. പാപിയായ നീചാ, അങ്ങേയറ്റം നികൃഷ്ടനായ മനുഷ്യാ, ദൈവമക്കളുടെനേരെ കരമുയര്‍ത്തുന്ന നീ, വ്യാജപ്രതീക്ഷകള്‍ പുലര്‍ത്തി വ്യര്‍ഥമായി ഞെളിയേണ്ടാ. സര്‍വശക്തനും സര്‍വദര്‍ശിയുമായ ദൈവത്തിന്റെ ശിക്ഷാവിധിയില്‍നിന്ന് നീ ഇനിയും രക്ഷപ്പെട്ടിട്ടില്ല. എന്നാല്‍, ദൈവത്തിന്റെ ഉടമ്പടി അനുസരിച്ച് എന്റെ സഹോദരന്മാര്‍ ഹ്രസ്വകാല പീഡനങ്ങള്‍ക്കുശേഷം അനുസ്യൂതം പ്രവഹിക്കുന്ന ജീവന്‍ പാനം ചെയ്തിരിക്കുന്നു. നിനക്ക് ദൈവത്തിന്റെ ന്യായവിധിയില്‍ നിന്റെ ഗര്‍വിനനുസരിച്ച് ശിക്ഷ ലഭിക്കും. ഞങ്ങളുടെ ജനത്തോട് കരുണ കാണിക്കണമെന്നും ദുരിതങ്ങളും മഹാമാരികളും വഴി വേഗം നിങ്ങളെക്കൊണ്ട് അവിടുന്ന് മാത്രമാണ് ദൈവമെന്ന് ഏറ്റുപറയിക്കണമെന്നും, ഞങ്ങളുടെ ജനത്തിന്റെമേല്‍ നീതിയായിത്തന്നെ നിപതിച്ചിരിക്കുന്ന ദൈവകോപം ഞാനും എന്റെ സഹോദരന്മാരും വഴി അവസാനിപ്പിക്കാനിടയാക്കണമെന്നും ദൈവത്തോട് യാചിച്ചുകൊണ്ട് എന്റെ സഹോദരന്മാരെപ്പോലെ ഞാനും ശരീരവും ജീവനും പിതാക്കന്മാരുടെ നിയമങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കുന്നു. അവന്റെ നിന്ദയാല്‍ കോപാവേശംപൂണ്ട രാജാവ് മറ്റുള്ളവരോടെന്നതിനേക്കാള്‍ ക്രൂരമായി അവനോടു വര്‍ത്തിച്ചു. അവന്‍ തന്റെ പ്രത്യാശ മുഴുവന്‍ കര്‍ത്താവില്‍ അര്‍പ്പിച്ചുകൊണ്ട് മാലിന്യമേല്ക്കാതെ മരണംവരിച്ചു. പുത്രന്മാര്‍ക്കുശേഷം അവസാനം മാതാവും മരണം ഏറ്റുവാങ്ങി. അതിക്രൂര പീഡനങ്ങളടങ്ങിയ അഗ്നിപരീക്ഷകളില്‍പോലും തങ്ങളുടെ ദൈവമായ കര്‍ത്താവിലുള്ള വിശ്വാസത്തില്‍ അചഞ്ചലരായി ഉറച്ചുനിന്ന് ധീരരക്തസാക്ഷിത്വംവരിച്ച് നിത്യസമ്മാനത്തിന് അര്‍ഹരായ ഇവരുടെ ചരിത്രം എല്ലാ ദൈവവിശ്വാസികള്‍ക്കും പ്രചോദനമേകുന്നതാണ്.
ദാനിയേല്‍ 12:13ല്‍ പറയുന്നു: എന്നാല്‍, നീ പോയി വിശ്രമിക്കുക. അവസാന ദിവസം നീ നിന്റെ അവകാശം സ്വീകരിക്കാന്‍ എഴുന്നേല്‍ക്കുക.
പുതിയ നിയമത്തിലേക്ക് കടക്കുമ്പോഴും മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങള്‍ കാണാം. ഗ്രീസിലെ പ്രമുഖ പട്ടണമായ കോറിന്തോസിലെ സഭയ്ക്ക് പൗലോസ് ശ്ലീഹാ എഴുതിയ ലേഖനത്തില്‍ ശരീരത്തിന്റെ ഉയിര്‍പ്പിനെക്കുറിച്ച് (1 കോറി. 15:35-55) പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്: ആരെങ്കിലും ചോദിച്ചേക്കാം മരിച്ചവര്‍ എങ്ങനെയാണ് ഉയിര്‍പ്പിക്കപ്പെടുക? ഏതുതരം ശരീരത്തോടുകൂടിയായിരിക്കും അവര്‍ പ്രത്യക്ഷപ്പെടുക? വിഡ്ഢിയായ മനുഷ്യാ, നീ വിതയ്ക്കുന്നത് നശിക്കുന്നില്ലെങ്കില്‍ അത് പുനര്‍ജീവിക്കുകയില്ല. ഉണ്ടാകാനിരിക്കുന്ന പദാര്‍ഥമല്ല നീ വിതയ്ക്കുന്നത്. ഗോതമ്പിന്റെയോ മറ്റു വല്ല ധാന്യത്തിന്റെയോ വെറുമൊരു മണി മാത്രം. എന്നാല്‍, ദൈവം തന്റെ ഇഷ്ടമനുസരിച്ച് ഓരോ വിത്തിനും അതിന്റേതായ ശരീരം നല്‍കുന്നു. എല്ലാ ശരീരവും ഒന്നുപോലെയല്ല. മനുഷ്യരുടേത് ഒന്ന്, മൃഗങ്ങളുടേത് മറ്റൊന്ന്, പക്ഷികളുടേത് വേറൊന്ന്, മത്സ്യങ്ങളുടേത് വേറൊന്ന്. സ്വര്‍ഗീയ ശരീരങ്ങളുടെ തേജസ് ഒന്ന്; ഭൗമിക ശരീരങ്ങളുടെ തേജസ് മറ്റൊന്ന്. സൂര്യന്റെ തേജസ് ഒന്ന്; ചന്ദ്രന്റേത് മറ്റൊന്ന്; നക്ഷത്രങ്ങളുടേത് വേറൊന്ന്. നക്ഷത്രങ്ങള്‍ തമ്മിലും തേജസിന് വ്യത്യാസമുണ്ട്.
ഇപ്രകാരം തന്നെയാണ് മരിച്ചവരുടെ പുനരുത്ഥാനവും. നശ്വരതയില്‍ വിതയ്ക്കപ്പെടുന്നു; അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്ക്കപ്പെടുന്നു; മഹിമയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. ബലഹീനതയില്‍ വിതയ്ക്കപ്പെടുന്നു; ശക്തിയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. വിതയ്ക്കപ്പെടുന്നത് ഭൗതിക ശരീരം, പുനര്‍ജീവിക്കുന്നത് ആത്മീയ ശരീരം. ഭൗതിക ശരീരമുണ്ടെങ്കില്‍ ആത്മീയ ശരീരവുമുണ്ട്.
ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്മാവായിത്തീര്‍ന്നു. എന്നാല്‍, ആദ്യമുള്ളത് ആത്മീയനല്ല, ഭൗതികനാണ്; പിന്നീട് ആത്മീയന്‍. ആദ്യമനുഷ്യന്‍ ഭൂമിയില്‍നിന്നുള്ള ഭൗമികനാണ്; രണ്ടാമത്തെ മനുഷ്യനോ സ്വര്‍ഗത്തില്‍നിന്നുള്ളവന്‍. ഭൂമിയില്‍നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെതന്നെ ഭൗമികരും; സ്വര്‍ഗത്തില്‍നിന്നുള്ളവര്‍ എങ്ങനെയോ അങ്ങനെതന്നെ സ്വര്‍ഗീയരും. നമ്മള്‍ ഭൗമികന്റെ സാദൃശ്യം ധരിച്ചതുപോലെതന്നെ സ്വര്‍ഗീയന്റെ സാദൃശ്യവും ധരിക്കും.
സഹോദരരെ, ശരീരത്തിനോ രക്തത്തിനോ ദൈവരാജ്യം അവകാശപ്പെടുത്തുക സാധ്യമല്ലെന്നും നശ്വരമായത് അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു. ഇതാ, ഞാന്‍ നിങ്ങളോട് ഒരു രഹസ്യം പറയുന്നു: നാമെല്ലാവരും നിദ്ര പ്രാപിക്കുകയില്ല. അവസാനകാഹളം മുഴങ്ങുമ്പോള്‍, കണ്ണിമയ്ക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാല്‍, കാഹളം മുഴങ്ങുകയും മരിച്ചവര്‍ അക്ഷമരായി ഉയിര്‍ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും. നശ്വരമായത് അനശ്വരവും മര്‍ത്യമായത് അമര്‍ത്യവും ആകേണ്ടിയിരിക്കുന്നു. അങ്ങനെ, നശ്വരമായത് അനശ്വരതയും മര്‍ത്യമായത് അമര്‍ത്യതയും പ്രാപിച്ചുകഴിയുമ്പോള്‍, മരണത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടത് യാഥാര്‍ഥ്യമാകും.Related Articles

‘സാന്തോ റൊസാരിയോ’ യുവജന ജപമാല റാലി

കൊല്ലം: ദൈവദാസന്‍ ആര്‍ച്ച്ബിഷപ് ഡോ. അലോഷ്യസ് മരിയ ബന്‍സിഗര്‍ ദീപശിഖാ പ്രയാണവും ‘സാന്തോ റൊസാരിയോ’ യുവജന ജപമാല റാലിയും സംഘടിപ്പിച്ചു. കൊല്ലം രൂപത ബിസിസിയും കെസിവൈഎം യുവജനങ്ങളും

മഹാമാരിക്കാലത്തെ തുഗ്ലക് ചരിത്രപഥം

  വിശാലമായ ഇന്ത്യ മഹാരാജ്യത്ത് മുഴുവനായി ഒരേയളവില്‍ 40 ദിവസം അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുകൊണ്ടാണ് കൊവിഡ്‌വ്യാപനം ഇത്രയൊക്കെ പിടിച്ചുനിര്‍ത്താനായതെന്ന് പ്രധാനമന്ത്രി സ്വയം ന്യായീകരിച്ചുകൊള്ളട്ടെ. പക്ഷേ രാജ്യത്തെ 134

നിന്റെ ഹൃദയം തരുമോ

ടൈറ്റസ് ഗോതുരുത്തിന്റെ പുസ്തകത്തെ കുറിച്ച് ഫാ. ഓസി കളത്തില്‍ എഴുതുന്നു ടൈറ്റസ് ഗോതുരുത്തിന്റെ 66 കവിതകളുടെ സമാഹാരമായ ‘നിന്റെ ഹൃദയം തരുമോ’ എന്ന ഗ്രന്ഥം ഗൃഹാതുരത്വത്തിന്റെയും, ഗതകാല

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*