മരണശേഷം

പുത്തന്‍പുരയ്ക്കല്‍ ഔസേപ്പുകുട്ടി ഒരു സുപ്രഭാതത്തില്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. നാട്ടിലെ പ്രമാണിയും ഇടവകയിലെ കാര്യസ്ഥനുമായിരുന്നു അദ്ദേഹം. പ്രായം എണ്പതു കഴിഞ്ഞിട്ടും എന്തും സ്വന്തം ഇഷ്ടപ്രകാരം മാത്രം ചെയ്തിരുന്ന ആ മാന്യദേഹത്തിന്റെ മരണാനന്തര ചടങ്ങുകളെല്ലാം അദ്ദേഹത്തിന്റെ ആത്മാവ് മുകളില്‍ നിന്ന് വീക്ഷിച്ചു.
രാവിലെ കാപ്പിയുമായി മരുമകള്‍ മുറിയില്‍ ചെന്നപ്പോഴാണ് കാര്ന്നോര് ഒരുവശം കമിഴ്ന്ന് കിടക്കുന്നത് കണ്ടത്. തട്ടിവിളിച്ചിട്ട് ഒരനക്കവും കാണാതായപ്പോള്‍ മനസിലായി ആളുടെ കാറ്റുപോയെന്ന്. പിന്നെ ആകെ ഒരു ബഹളമായിരുന്നു. ഡോക്ടറെ വിളിച്ചു വരുത്തി. മരണം സ്ഥിരീകരിച്ചു. മൊബൈല്‍ ഫോണുകള്‍ക്ക് ഒരു വിശ്രമവും ഉണ്ടായില്ല. ദൂരെയും അകലെയുമുള്ള മക്കളെയും ബന്ധുക്കളെയും വിവരം അറിയിച്ചു. തങ്ങളുടെ പരിചയക്കാരെയും സഹപ്രവര്‍ത്തകരെയും. വാട്സ് ആപ്പിലൂടെ സന്ദേശം മിനിറ്റുകള്‍ക്കകം നാടെങ്ങും പരന്നു.
അടുത്തുണ്ടായിരുന്ന മക്കളും ബന്ധുക്കളുമൊക്കെ അരമണിക്കൂറിനകം വീട്ടിലെത്തി. പെട്ടിക്ക് ആളെ വിടാനും, ശവശരീരത്തില്‍ ധരിപ്പിക്കാനുള്ള ഉടുപ്പുവാങ്ങാനും, പൂക്കളും പന്തലും ഒരുക്കാനുമൊക്കെ തീരുമാനങ്ങളായി. വീട്ടിലുണ്ടായിരുന്ന ജോസുകുട്ടി തന്നെ പള്ളിയില്‍ പോയി വികാരിയച്ചനെ കണ്ടു. കഴിയുമെങ്കില്‍ ബിഷപ്പിനെത്തന്നെ അടക്കത്തിനു വിളിക്കണമെന്നു പറഞ്ഞു. പരേതന്റെ രണ്ടു പെണ്മക്കള് കന്യാസ്ത്രീകളാണ്. എല്ലാവരുടെയും സൗകര്യം പ്രമാണിച്ച് അടക്കം മൂന്നാം ദിനം മതിയെന്നു തീരുമാനിച്ചു. അമേരിക്കയില്‍ നിന്നും ഗള്‍ഫില്‍ നിന്നുമൊക്കെ മക്കള്‍ വരാനുള്ളതാണ്.
പെട്ടിയില്‍ കിടത്തുന്നതിനു മുമ്പായിട്ട് ഡെഡ്ബോഡിയെ ഒന്ന് കുളിപ്പിക്കണമല്ലോ. ഇന്നുവരെ തന്റെ ദേഹത്ത് അറിയാതെ പോലും തൊടാന്‍ ധൈര്യമില്ലാതിരുന്ന കുമാറും മാധവനുമൊക്കെയാണ് കുളിപ്പിക്കാന്‍ വന്നത്. ഉടുപ്പെല്ലാം മാറ്റി, ഒരാള്‍ ഷേവ് ചെയ്തു. മറ്റൊരാള്‍ വെള്ളമൊഴിച്ചു ‘വയസനാണെങ്കിലും നല്ല ഉരുപ്പടിയാണല്ലോ’ എന്ന് ഒരാള്‍ കമന്റ് പാസാക്കുകയും ചെയ്തു.
കാലത്തെ വാങ്ങിച്ചുകൊണ്ടുവന്ന നല്ല വെള്ള സില്‍ക്ക് ഷര്‍ട്ടും മുണ്ടും ധരിപ്പിച്ചു. ഇതുവരെ ഷൂസിടാത്ത തന്റെ കാലില്‍ വളരെ ചീപ്പായ രണ്ട് കറുത്ത ഷൂസും തിരുകിക്കയറ്റി, കൈകള്‍ നെഞ്ചോടു കൂട്ടിവച്ച് കൈവിരലുകള്‍ കോര്‍ത്തിണക്കി തള്ളവിരല്‍ കെട്ടിവച്ചു. ആരോ ഒരു ജപമാല കൊണ്ടുവന്ന് ആ വിരലുകളിലിട്ടു.
മക്കളുടെ അന്തസ്സിനും പ്രൗഢിക്കും അനുയോജ്യമായ പെട്ടിയാണ് കൊണ്ടുവന്നത്. പെട്ടിക്കകം വെളുത്ത വെല്‍വെറ്റ് തുണിയിട്ട് അരികില്‍ റേന്തപോലെ ഇട്ടിരുന്നു. കുളിപ്പിച്ച് ബോഡി ഡ്രസ് ചെയ്ത് പെട്ടിക്കകത്താക്കി മൊബൈല്‍ മോര്‍ച്ചറിയില്‍ വച്ച് പന്തലില്‍ പ്രത്യേകമായി ഒരുക്കിയ മേശക്കരുകില്‍ കൊണ്ടുവന്നു വച്ചപ്പോള്‍ ഒരു കൂട്ടക്കരച്ചിലുയര്‍ന്നു. പെട്ടിക്കു ചുറ്റും പെണ്മക്കള്ക്കും അവരുടെ മക്കള്‍ക്കും ഇരിക്കാനായി ബെഞ്ചും കസേരയും നിരത്തി. തലയ്ക്കല്‍ ഒരു കുരിശുരൂപവും രണ്ട് തിരിക്കാലുകളും വച്ചിരുന്നു. ദൂരെ സ്ഥലങ്ങളിലുള്ള മക്കളും ബന്ധുക്കളും കാറിലും വിമാനത്തിലും വരാന്‍ തുടങ്ങി. ഓരോ ഫാമിലിയും പെട്ടിക്കടുത്തേയ്ക്ക് വന്നപ്പോള്‍ നേരത്തെ ഉണ്ടായിരുന്നവര്‍ ഒരു കൂട്ടക്കരച്ചിലും നടത്തി. ”നമ്മുടെ അപ്പന് നമ്മെ വിട്ടുപോയല്ലോടാ, മക്കളെ…” എന്ന് തലമൂത്തവര്‍ വിലാപത്തോടെ ഏറ്റു പറഞ്ഞു.
അടുത്ത ബന്ധുക്കളൊക്കെ കുറച്ചുനേരം പെട്ടിക്കടുത്ത് നിന്നിട്ട് വീട്ടിനുള്ളിലേക്ക് കയറി. പിന്നെ കുശലം പറച്ചിലായി-ഒത്തിരി നാളുകളായല്ലോ കണ്ടിട്ട് എന്ന പരാതി. ‘ങാ ഇപ്പോഴെങ്കിലും എല്ലാവര്ക്കും ഒരുമിച്ചുകൂടാന്‍ ഒരവസരം വന്നല്ലോ’ എന്ന സാന്ത്വന വാക്കുകള്‍!
അപ്പന് മരിച്ചതില്‍ മക്കള്‍ക്കാര്‍ക്കും വലിയ വിഷമമുള്ളതായി തോന്നിയില്ല. മരുമക്കളാകട്ടെ ശവസംസ്കാര ദിവസം ഏതു ഡ്രസ് ധരിക്കണം എന്ന് സീരിയസായ ചര്‍ച്ചയില്‍ മുഴുകി. സ്ത്രീകളെല്ലാവരും ഒരു യൂണിഫോം ഡ്രസ് ഇടുന്നതായിരിക്കും നല്ലത് എന്ന് അഭിപ്രായമുണ്ടായി. അത് ശവസംസ്കാരത്തിനു വേണോ അല്ലെങ്കില്‍ ഏഴിന്റെയന്ന് മതിയോ എന്ന് തീരുമാനിക്കാനായി ഭര്ത്താക്കന്മാരുടെ അഭിപ്രായം ആരാഞ്ഞു.
പുരുഷന്മാര് അകത്തിരുന്ന് വിളിക്കാനുള്ളവരുടെയൊക്കെ ലിസ്റ്റുണ്ടാക്കി. ബിഷപ്പിനെ കിട്ടിയില്ലെങ്കിലും ധാരാളം വൈദികരും കന്യാസ്ത്രികളും വേണം എന്ന കാര്യത്തില്‍ എല്ലാവരും ഒറ്റ അഭിപ്രായമായിരുന്നു. തങ്ങള്‍ക്ക് പരിചയമുള്ള എല്ലാ വൈദികരെയും മുന്‍പ് ഇടവകയിലുണ്ടായിരുന്ന വികാരിയച്ചന്മാരെയും കൊച്ചച്ചന്മാരെയും കോണ്ടാക്ട് ചെയ്തു. എല്ലാവരെയും കൊണ്ടുവരാന്‍ കാറു വിടാമെന്നു പറഞ്ഞു. കൊണ്ടുവരാന്‍ വണ്ടി വിടുമെങ്കിലും തിരിച്ചു കൊണ്ടുപോയാക്കാന്‍ പലരും മറക്കാറുള്ളതുകൊണ്ട് അച്ചന്മാര് തനിയെ വന്നു കൊള്ളാമെന്നേറ്റൂ.
മരണശേഷം തന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റം ഔസേപ്പുകുട്ടിയുടെ ആത്മാവ് കണ്ടു. ശ്വാസം നിന്ന് അഞ്ചുമിനിട്ടുകള്ക്കകം ഹൃദയം രക്തം പമ്പുചെയ്യുന്ന ജോലി നിര്‍ത്തി. അതോടുകൂടെ ശരീരത്തിലെ ഓരോ അവയവങ്ങളും ജീര്‍ണിക്കാന്‍ തുടങ്ങി. ശരീരം ആകെ തണുത്തു. വയറിനകത്തുള്ള ബാക്ടിരിയകള്‍ അകത്തെ അവയവങ്ങള്‍ തിന്നുവാന്‍ തുടങ്ങി. ശരീരം ക്രമേണ അഴുകാന്‍ തുടങ്ങിയപ്പോള്‍ വൃത്തികെട്ട മണം പരന്നു. പന്ത്രണ്ടു മണിക്കൂറുകള്‍ക്കകം ത്വക്കിലെ കളറിന് വ്യത്യാസം വന്നു തുടങ്ങി. ശരീരത്തിന്റെ താഴെയുള്ള ഭാഗങ്ങളില്‍ രക്തം ഉറഞ്ഞുകൂടി ചുവപ്പുനിറമായി. പെട്ടി കുഴിയില്‍ വച്ചു കഴിഞ്ഞ് കുറച്ചു ആഴ്ചകള്‍ക്കകം ശരീരത്തിന്റെ അറുപത് ശതമാനവും പുഴുക്കളുടെ ആഹാരമായി മാറി. ഒന്നോ രണ്ടോ വര്‍ഷത്തിനകം വെറും എല്ലുകള്‍ മാത്രമായി അവശേഷിക്കും. ‘മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേയ്ക്ക് തന്നെ നീ മടങ്ങും’ എന്ന് ആദത്തിനോടും ഹവ്വായോടും ദൈവമായ കര്‍ത്താവ് അരുളി ചെയ്തത് എത്ര വാസ്തവമാണ്!
അടുത്ത ലക്കം : ആരാണ് നിന്റെ അയല്ക്കാരന്?
Related
Related Articles
പിശാചിന്റെ അഷ്ടസൗഭാഗ്യങ്ങള്‍
ഒരിക്കല്‍ ലൂസിഫര്‍ ഒരു സീരിയസായ കാര്യം ചര്‍ച്ച ചെയ്യാനായി തന്റെ അനുയായികളെയെല്ലാം വിളിച്ചുകൂട്ടി. “മനുഷ്യമക്കളെ ദൈവത്തില്‍ നിന്നകറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്താണ്?” ഇതായിരുന്നു വിഷയം. മദ്യം, മയക്കുമരുന്ന്,
തിരുക്കുടുംബത്തിന്റെ തിരുനാൾ
വിചിന്തനം:- വിശുദ്ധിയുടെ കൽപ്പടവ് (ലൂക്കാ 2: 41-52) വീടാണ് ഏറ്റവും ദുർബലമായ ഇടമെന്ന് പലപ്രാവശ്യവും ഓർക്കാറുണ്ട്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഏറ്റവും വിശുദ്ധമായ ഇടം. കൃത്യതയോടെ കൈകാര്യം
ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?- ആഗമനകാലം മൂന്നാം ഞായർ
ആഗമനകാലം മൂന്നാം ഞായർ വിചിന്തനം:- “ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” (ലൂക്കാ 3:10 -18) ആരാധനക്രമമനുസരിച്ച് ആഗമന കാലത്തിലെ മൂന്നാം ഞായർ അറിയപ്പെടുന്നത് ആനന്ദഞായർ എന്നാണ്. കാത്തിരിപ്പിന്റെ നാളുകളാണിത്.