മരതകദ്വീപിലേക്കുള്ള താമരമാല

മരതകദ്വീപിലേക്കുള്ള താമരമാല

 

ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരിന് അധികം താമസിയാതെ അല്പം രൂപഭേദം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

നേപ്പാളിലും ശ്രീലങ്കയിലും ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ പദ്ധതിയിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബാണ് ഇക്കാര്യം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. രാജ്യത്തെ തിരഞ്ഞെടുപ്പ് നിയമം അതിന് അനുവദിക്കുന്നില്ലെന്ന് ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയര്‍മാര്‍ നിമല്‍ പുഞ്ചിഹേവ പ്രതികരിക്കുകയും ചെയ്തു. ശ്രീലങ്കയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിദേശത്തുള്ള പാര്‍ട്ടികളുമായി ബന്ധം പുലര്‍ത്താം. പക്ഷേ വിദേശ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നാണ് അദ്ദേഹം വ്യക്താക്കിയത്. അതിനര്‍ത്ഥം ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരില്‍ ശ്രീലങ്കയില്‍ രാഷ്ട്രീയം കളിക്കാന്‍ പറ്റില്ലെന്നു തന്നെയാണ്. നേപ്പാളിലെ കാര്യം ഇതുവരെ അറിഞ്ഞിട്ടില്ല.

പാര്‍ട്ടിയുടെ പേരുമാറ്റം ഇവിടെയാണ് പ്രസക്തമാകുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസു
പോലെ ദക്ഷിണാഫ്രിക്കയില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉണ്ടായിരുന്നല്ലോ. 1885ലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപമെടുക്കുന്നത്. 1912ലാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജനനം. ആഫ്രിക്കയുടെ സ്വാതന്ത്ര്യസമര നേതാവായിരുന്ന നെല്‍സണ്‍ മണ്ടേല ഗാന്ധിയന്‍ മാര്‍ഗമായിരുന്നല്ലോ സ്വീകരിച്ചിരുന്നത്.

സിലോണ്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് ലേബര്‍ യൂണിയന്‍ എന്ന തമിഴ് വംശജരുടെ തൊഴിലാളി സംഘടന 1940കളില്‍ തന്നെ ശ്രീലങ്കയിലുണ്ടായിരുന്നു (ശ്രീലങ്കയുടെ പഴയ പേരാണല്ലോ സിലോണ്‍). ശ്രീലങ്കയില്‍ തമിഴ് വംശജരുടെ സാന്നിധ്യം പുരാതനകാലം മുതലേ ഉണ്ടായിരുന്നെങ്കിലും ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയില്‍ നിന്നുള്ള വ്യാപക കുടിയേറ്റമുണ്ടായത്. ഭൂരിപക്ഷക്കാരും ദ്വീപിലെ ഉന്നതകുലജാതരുമായി കണക്കാക്കിയിരുന്ന സിംഹളര്‍ കൂലിപ്പണിയെടുക്കാന്‍ തയ്യാറായിരുന്നില്ല. ബ്രിട്ടീഷുകാരുടെ ഏക്കറു കണക്കിന് വരുന്ന തോട്ടങ്ങളുടെ പരിപാലനം പ്രതിസന്ധിയിലാകുമെന്നായപ്പോഴാണ് ദക്ഷിണേന്ത്യയില്‍ നിന്ന് തോട്ടം പണിക്കാരെ കൊണ്ടുപോകാന്‍ തീരുമാനിച്ചത്.

കുടിയേറ്റം ആരംഭിച്ച ഘട്ടത്തില്‍ തന്നെ സിഹളരും തമിഴരും ഒന്നിക്കാതിരിക്കാനുള്ള തന്ത്രങ്ങളെല്ലാം ബ്രിട്ടീഷുകാര്‍ ചെയ്തുവച്ചിരുന്നു. തമിഴര്‍ക്കും സിംഹളര്‍ക്കും ഇടയിലേക്ക് പകയുടെ പുതിയ അധ്യായം രചിച്ചാണ് ഇന്ത്യയില്‍ നിന്നും തമിഴ് തോട്ടം തൊഴിലാളികളുടെ വന്‍തോതിലുള്ള കുടിയേറ്റമുണ്ടായത്. 1825ല്‍ ആദ്യ ബാച്ച് തൊഴിലാളികള്‍ കടല്‍ കടന്നു. 1860 ആയപ്പോഴേക്കും കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു.

തമിഴ്‌നാട്ടില്‍ നിന്നു മാത്രമല്ല കേരളം, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരും കുടിയേറിയവരിലുണ്ട്. മൊത്തത്തില്‍ എല്ലാവരെയും തമിഴര്‍ എന്നു വിളിച്ചുവെന്നു മാത്രം. ഉത്തരേന്ത്യക്കാര്‍ മലയാളിയെ മദ്രാസി എന്നു വിശേഷിപ്പിക്കുന്നതിനു തുല്യം.

 

രാജ്യം സ്വാതന്ത്യം നേടിയ ശേഷം തമിഴരോടുള്ള അസഹിഷ്ണുത കൂടി വന്നു. ഈ ഘട്ടത്തിലാണ് മണ്ടേലയെ പോലെ ഗാന്ധിയന്‍ ആദര്‍ശങ്ങളെ പിന്തുടര്‍ന്നിരുന്ന ജയിംസ് ശെല്‍വനായകത്തിന്റെ നേതൃത്വത്തില്‍ സിലോണ്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് ലേബര്‍ യൂണിയന്‍ രൂപീകരിക്കപ്പെട്ടത്. തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മാതൃകയില്‍ സിലോണ്‍ നാഷണല്‍ കോണ്‍ഗ്രസും രൂപീകൃതമായി. പൊന്നമ്പലം അരുണാചലമെന്ന തമിഴ് വംശജനായിരുന്നു സിലോണ്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകന്‍. പക്ഷേ തമിഴരുടെ അവകാശമോ മനുഷ്യാവകാശങ്ങള്‍ പോലുമോ ഇന്നുവരെ ശ്രീലങ്കയില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. രക്തരൂക്ഷിത മാര്‍ഗത്തിലൂടെ അധികാരത്തിലെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട എല്‍ടിടിഇയുടെ കഥയൊക്കെ അനുബന്ധം.

ഗാന്ധിയേക്കാള്‍ മുമ്പ് അഹിംസാ സിദ്ധാന്തം അവതരിപ്പിച്ച ബുദ്ധന്‍ ജനിച്ചിട്ട് 2500 വര്‍ഷം തികഞ്ഞ 1956ലാണ് ശ്രീലങ്കയില്‍ സിംഹളരും തമിഴരും തമ്മിലുള്ള പോരിന് രൂക്ഷത കൂടിയതും. സിംഹള ഭാഷ രാജ്യത്തിന്റെ ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ച നിയമം നിലവില്‍ വന്നത് ആ വര്‍ഷമാണ്.

അമിത്ഷായും മോദിയും ലക്ഷ്യം വയ്ക്കുന്നത് ഏഷ്യയില്‍ തങ്ങളുടെ പാര്‍ട്ടിക്ക് നിര്‍ണായകസ്വാധീനം ഉറപ്പാക്കാനാണെന്നത് ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞു. വിദേശ രാഷ്ട്രീയ പാര്‍ട്ടിക്കേ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കാതുള്ളൂ. ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേര് ശ്രീലങ്കന്‍ ജനതാ പാര്‍ട്ടി എന്നാക്കിയാല്‍ പ്രശ്‌നം പരിഹരിക്കാനായേക്കും. ആഫ്രിക്കയിലെയും ശ്രീലങ്കയിലേയും കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പഴയ ഫയലെല്ലാം ഇതിനകം ബിജെപി നേതാക്കള്‍ പഠിച്ചു കഴിഞ്ഞിട്ടുണ്ടാകാനുള്ള സാധ്യത ഏറെയാണ്; തീര്‍ച്ചയായും അതാത് രാജ്യത്തെ നിയമങ്ങളും. ഭൂരിപക്ഷ സിംഹള രാഷ്ട്രീയത്തില്‍ തന്നെ ഉറച്ചുനില്‍ക്കാനാകും ശ്രീലങ്കയിലെ എസ്‌ജെപിയുടെയും (ശ്രീലങ്കന്‍ ജനതാ പാര്‍ട്ടി ) നിലപാടെങ്കില്‍ തമിഴരുടെ കാര്യം കട്ടപ്പൊക.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ബുദ്ധിമതിയായ ഭാര്യ

പണ്ട് പണ്ട് ആഫ്രിക്കയില്‍ ഒരു ട്രൈബല്‍ ചീഫ് ഉണ്ടായിരുന്നു. ഏവരാലും ബഹുമാനിതനായ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടി പല ഗോത്രത്തലവന്മാരും വരുമായിരുന്നു. ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും തക്കതായ ഉത്തരം

കൊച്ചി രൂപതയിൽ സിനഡ് ഒരുക്ക സെമിനാർ നടത്തി

കൊച്ചി രൂപതയിൽ സിനഡ് ഒരുക്ക സെമിനാർ ഇടകൊച്ചി ആൽഫാ പാസ്ട്രൽ സെന്ററിൽ നടത്തികൊണ്ട് സിനഡ് നടപടികൾ ആരംഭിച്ചു. രൂപതയിലെ 50 ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇടവക

വീണ്ടും പിറക്കാനൊരു കാലം

തിരുപ്പിറവിക്കൊപ്പം പിറന്നവരും പിറക്കാതെ പോയവരുമുണ്ട്. ക്രിസ്തുവിന്റെ പിറവിയോട്ഉള്ള നാലുതരം കാഴ്ചപ്പാടുകള്‍ സുവിശേഷങ്ങളില്‍ കാണാം. കൗതുകക്കാഴ്ചകള്‍ പോലെ ഈ കാഴ്ചപ്പാടുകളെ ഒന്ന് അടുത്തുകാണുക. സത്യത്തോടുള്ള നാല് സമീപനങ്ങള്‍ കൂടിയാണിവ.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*