Breaking News

മരുഭൂമിയിലും നടുക്കടലിലും ഉപേക്ഷിക്കപ്പെട്ടവര്‍ക്കായി

മരുഭൂമിയിലും നടുക്കടലിലും ഉപേക്ഷിക്കപ്പെട്ടവര്‍ക്കായി

പേര്‍ഷ്യന്‍ ഗള്‍ഫിലെ അറബ് രാജ്യങ്ങളില്‍ കഴിയുന്ന 32 ലക്ഷം പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം 175 ലക്ഷം വരുന്ന ഇന്ത്യക്കാരാണ്. കൊറോണവൈറസ് മഹാമാരി ഗുരുതരമായി ബാധിച്ച 10 രാജ്യങ്ങളിലായി 20 ലക്ഷം പ്രവാസി ഭാരതീയര്‍ (എന്‍ആര്‍ഐ) ഉണ്ടെന്നാണ് നമ്മുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് – അമേരിക്കയില്‍ മാത്രം 13 ലക്ഷം; ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, ഇറാന്‍ എന്നിവിടങ്ങളിലായി മൂന്നു ലക്ഷത്തില്‍പരവും. കൊവിഡ്-19 എന്ന സാര്‍സ്-കോവ്2 പകര്‍ച്ചവ്യാധിയില്‍ രാജ്യത്തെ ആരോഗ്യസുരക്ഷാ സംവിധാനം അവതാളത്തിലാവുകയും ആഗോള സമ്പദ്വ്യവസ്ഥ 1930കളിലെ മഹാമാന്ദ്യത്തെക്കാള്‍ വലിയ തകര്‍ച്ചയിലേക്കു നീങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍, സ്വന്തം പൗരന്മാരെ തിരിച്ചുകൊണ്ടുപോകാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ വിസ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചു. പ്രവാസികളെ തിരികെ കൊണ്ടുപോകാത്ത രാജ്യങ്ങളുമായുള്ള തൊഴില്‍ കരാറുകള്‍ പുനഃപരിശോധിക്കേണ്ടിവരുമെന്നും റിക്രൂട്ട്‌മെന്റ് ക്വാട്ട പരിമിതപ്പെടുത്തുമെന്നും ഐക്യ അറബ് എമിറേറ്റ്‌സ് (യുഎഇ) മുന്നറിയിപ്പു നല്‍കുന്നു.
കൊറോണവൈറസ് വ്യാപനം തടയുന്നതിന് രാജ്യാതിര്‍ത്തി അടയ്ക്കുകയും രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്ത ഇന്ത്യ ദേശീയ ലോക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയത് വിദേശത്തു കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരുടെ ദുരവസ്ഥയും ജീവിതപ്രതിസന്ധിയും കൂടുതല്‍ രൂക്ഷമാക്കി. തൊഴിലിടങ്ങളും ബിസിനസും അടച്ചുപൂട്ടിയതോടെ ജോലിയും ശമ്പളവുമില്ലാതെ അനിശ്ചിതാവസ്ഥയിലായവര്‍, തൊഴില്‍ വിസ റദ്ദാക്കപ്പെട്ടവര്‍, വിസാ കാലാവധി കഴിഞ്ഞതിനാല്‍ അനധികൃതമായി കഴിയുന്ന പരദേശി (ഏലിയന്‍) എന്നു മുദ്രയടിക്കപ്പെട്ടവര്‍, രേഖകളൊന്നുമില്ലാത്തതിനാല്‍ രോഗനിര്‍ണയത്തിനോ ക്വാറന്റൈന്‍ ആനുകൂല്യങ്ങള്‍ക്കോ പോയാല്‍ പിടിക്കപ്പെടുമെന്നു ഭയക്കുന്നവര്‍, പൊതുമാപ്പില്‍ തടവറയില്‍ നിന്നു മോചിക്കപ്പെട്ടവര്‍, വിസിറ്റിംഗ് വിസയിലെത്തിയവര്‍, ഫാമിലി വിസയിലുള്ളവര്‍, വിദഗ്ധചികിത്സയ്ക്കു നാട്ടില്‍ പോകേണ്ടവര്‍, പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍, മുതിര്‍ന്ന പൗരന്മാര്‍, യൂണിവേഴ്‌സിറ്റികള്‍ അടച്ചതിനാല്‍ പെരുവഴിയിലായ വിദ്യാര്‍ഥികള്‍, ഒരു തുറമുഖത്തും അടുക്കാനാവാതെ നടുക്കടലിലായ ചരക്കുകപ്പലുകളിലും ആഡംബര വിനോദസഞ്ചാരക്കപ്പലുകളിലും കുടുങ്ങിയ 40,000 ജീവനക്കാരും യാത്രികരും, ഇറാനിലെ ബന്തര്‍ ഇ മൊഖാമിലും ഹൊര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ലവന്‍ ദ്വീപിലും കുടുങ്ങിയ 6,000 മത്സ്യത്തൊഴിലാളികള്‍, ബിസിനസ് ആവശ്യത്തിനു പോയി മടക്കയാത്ര മുടങ്ങിയവര്‍, പാതിവഴിയിലായ ടൂറിസ്റ്റുകള്‍ തുടങ്ങി വ്യത്യസ്ത സാഹചര്യങ്ങളില്‍ വഴിമുട്ടിയവര്‍ ഇന്ത്യന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിക്കും സംസ്ഥാന ഗവണ്‍മെന്റിനും വിവിധ ഏജന്‍സികള്‍ക്കും ദേശീയ മാധ്യമങ്ങള്‍ക്കും എസ്ഒഎസ് വീഡിയോ സന്ദേശങ്ങളയച്ചിട്ടും ഫലമൊന്നും കാണാതെയാണ് സുപ്രീം കോടതിയെ ശരണംപ്രാപിച്ചത്. കൊറോണക്കാലത്ത് യാത്രാവിലക്കുള്ളപ്പോള്‍ എവിടെയാണോ അവിടെത്തന്നെ നില്‍ക്കുക, ബാക്കി കാര്യങ്ങളെക്കുറിച്ച് നാലാഴ്ച കഴിഞ്ഞ് ആലോചിക്കാം എന്നാണ് ചീഫ് ജസ്റ്റിസ് അടക്കമുള്ള മൂന്നംഗ ബെഞ്ച് ഏഴു ഹര്‍ജിക്കാര്‍ക്കു നല്‍കിയ സമാധാനം.
ആയിരം തൊഴിലാളികളെ ലേഓഫ് ചെയ്ത ഒരു തൊഴിലുടമ ഉള്‍പ്പെടെ 2,500 ഇന്ത്യക്കാരാണ് നാട്ടിലേക്കു മടങ്ങാന്‍ അടിയന്തര സഹായം ആവശ്യപ്പെട്ട് അബുദാബിയിലെ ഇന്ത്യന്‍ എംബസിയെയും ദുബായിലെ കോണ്‍സുലേറ്റിനെയും സമീപിച്ചത്. 20 ലക്ഷം മലയാളികളുണ്ട് യുഎഇയില്‍. രക്തപരിശോധനയില്‍ 10 മിനിറ്റുകൊണ്ട് ഫലമറിയുന്ന കൊറോണവൈറസ് ടെസ്റ്റിന് വിപുലമായ സന്നാഹമൊരുക്കി യുഎഇ വൈറസ് നെഗറ്റീവ് എന്ന് ഉറപ്പുള്ളവരെ നാട്ടിലേക്കു തിരിച്ചയക്കാനും രോഗം സ്ഥിരീകരിക്കുന്നവരെ അവിടെത്തന്നെ പരിചരിക്കാനും വേണ്ട സംവിധാനം ഒരുക്കിയിട്ടുണ്ട്. കുവൈറ്റ് ഏപ്രില്‍ 30 വരെ അനധികൃത കുടിപാര്‍പ്പുകാര്‍ക്കും വിസ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് 40,000 പേര്‍ക്ക് ഈ ആനുകൂല്യത്തില്‍ പിഴയും തടവും കൂടാതെ രാജ്യം വിടാനാകുമെന്നാണ് വിലയിരുത്തല്‍. സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നിവയും ലേബര്‍ ക്യാമ്പുകളിലും പാര്‍പ്പിടകേന്ദ്രങ്ങളിലും ഹോട്ടലുകളിലും ആരോഗ്യസുരക്ഷയും ഭക്ഷ്യസാമഗ്രികളും മറ്റും ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഏതു നിമിഷത്തിലും സ്ഥിതിഗതികള്‍ വഷളാകുമെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ എങ്ങനെയെങ്കിലും നാട്ടില്‍ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നവരാകും ഏറെയും.
ചൈനയിലെ വൂഹാനിലും, ഇറ്റലിയിലും, യുഎഇയിലെ ദുബായിലും, സ്‌പെയിനിലും ബ്രിട്ടനിലും നിന്നുമൊക്കെ എത്തിയവരാണ് കേരളത്തില്‍ കൊറോണ വ്യാപനഭീതിക്ക് കാരണമായതെങ്കിലും ഇപ്പോഴും രണ്ടു ലക്ഷം പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്ന് സംസ്ഥാന ഗവണ്‍മെന്റ് അവകാശപ്പെടുന്നുണ്ട്. വിദേശത്തുനിന്നു വരുന്നവരെല്ലാം ചുരുങ്ങിയത് 14 ദിവസത്തെ ക്വാറന്റൈന്‍ നിയന്ത്രണത്തിനു വിധേയരാകണം. ഇതിനുള്ള സൗകര്യം ഇവിടെയുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപനത്തിനു മുന്‍പ് ചൈന, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നു തിരിച്ചെത്തിയവരെ ഫെബ്രുവരി 15 മുതല്‍ ഇന്ത്യയില്‍ 14 ദിവസത്തേക്കു ക്വാറന്റൈന്‍ ചെയ്തിരുന്നു.
യാത്രാവിലക്കു നിലവില്‍ വന്നതിനുശേഷം ഇസ്രയേല്‍, മലേഷ്യ, ജര്‍മനി, ഫ്രാന്‍സ്, യുകെ, നെതര്‍ലന്‍ഡ്‌സ്, ഇറ്റലി, യുക്രേയ്ന്‍, ബെല്‍ജിയം, പെറു, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ സ്‌പെഷല്‍ ഫ്‌ളൈറ്റുകള്‍ ഏര്‍പ്പെടുത്തി. ഇന്ത്യയിലുണ്ടായിരുന്ന 20,473 വിദേശികളെ അവരുടെ രാജ്യങ്ങളിലെത്തിച്ചു. യുകെ, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, കാനഡ എന്നിവ പാരീസിലേക്കും ഫ്രാങ്ക്ഫര്‍ട്ടിലേക്കും ലണ്ടനിലേക്കും ചാര്‍ട്ടര്‍ ചെയ്ത എയര്‍ ഇന്ത്യ വിമാനങ്ങള്‍ തങ്ങളുടെ രക്ഷയ്‌ക്കെത്തുമെന്നു പ്രതീക്ഷിച്ചവരെ നിരാശരാക്കി അവ യാത്രക്കാരില്ലാതെയാണു മടങ്ങിയത്. ബ്രിട്ടനില്‍തന്നെ 50,000 വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്കു മടങ്ങിവരാന്‍ കാത്തിരിപ്പുണ്ട്. കൊറോണ ലോക്ഡൗണ്‍ ഏപ്രില്‍ 15ന് അവസാനിച്ച 37 രാജ്യങ്ങളുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ കൊറോണവൈറസ് ആദ്യം പ്രത്യക്ഷപ്പെട്ട വുഹാനില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണാധീനമായപ്പോള്‍, ഏപ്രില്‍ എട്ടിന് ചൈന അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും മറ്റും ചാര്‍ട്ടേഡ് വിമാനങ്ങളയച്ച് കൊറോണബാധിത മേഖലകളില്‍ കുടുങ്ങികിടക്കുന്ന 14 ലക്ഷം ചൈനീസ് വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുമെന്നു പ്രഖ്യാപിച്ചു. വിമാനയാത്രയ്ക്കും ചൈനയിലെത്തുമ്പോള്‍ 14 ദിവസത്തെ ക്വാറന്റൈനുമുള്ള ചെലവ് വിദ്യാര്‍ഥികള്‍ വഹിക്കണമെന്നും വ്യക്തമാക്കിയിരുന്നു. ലണ്ടനില്‍നിന്ന് ഒരു ചൈനീസ് വിദ്യാര്‍ഥിനി തന്റെ ജന്മസ്ഥലമായ ഷിയാനിലേക്ക് രണ്ടു സ്റ്റോപ്പുള്ള ഫ്ളൈറ്റിന് കൈവശമുണ്ടായിരുന്ന പണമെല്ലാം ചെലവഴിച്ച് വൈറസിനെ തടയാനുള്ള കവചമായി ഹസ്മറ്റ് സ്യൂട്ടും മെഡിക്കല്‍ മാസ്‌ക്കും ഫെയ്സ്ഷീല്‍ഡുമണിഞ്ഞ് 51 മണിക്കൂര്‍ യാത്രചെയ്തതിന്റെ വീഡിയോ ചൈനീസ് സമൂഹമാധ്യമങ്ങളില്‍ ഹരമായി മാറി. ഇതിനിടെയാണ് മോസ്‌കോയില്‍ നിന്ന് ഏപ്രില്‍ 10ന് ഷാങ്ഹായിലേക്കു വന്ന വിമാനത്തില്‍ വന്നിറങ്ങിയവരില്‍ 51 പേര്‍ക്ക് കൊവിഡ്-19 ബാധ സ്ഥിരീകരിച്ചത്. അതോടെ വിദേശത്തുനിന്ന് പ്രത്യേക വിമാനങ്ങളില്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള നീക്കം ബെയ്ജിങ് മരവിപ്പിച്ചു.
കൊറോണവ്യാപനത്തിന്റെ പ്രശ്നങ്ങള്‍ ഒന്നോ രണ്ടോ കൊല്ലം നീണ്ടുനില്‍ക്കാനിടയുണ്ടെന്നും ഈ ഘട്ടത്തില്‍ നാട്ടിലേക്കു മടങ്ങിയാല്‍ പഠനത്തെയും ജോലിസാധ്യതയെയും അതു സാരമായി ബാധിക്കുമെന്നുമാണ് ജര്‍മനിയിലെ ഡസല്‍ഡോര്‍ഫിലെ ചൈനീസ് എംബസി ചൈനീസ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചാറ്റില്‍ ഷാങ്ഹായിലെ സാംക്രമികരോഗശാസ്ത്രജ്ഞന്‍ ഷാങ് വെന്‍ഹോങ് പറഞ്ഞത്.
ജപ്പാനിലെ യോക്കോഹാമയില്‍ നങ്കൂരമിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന ക്രൂസ് കപ്പലില്‍ കൊറോണബാധിതരുടെ എണ്ണം പെരുകാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യക്കാരായ 113 ജീവനക്കാരെയും ആറു യാത്രക്കാരെയും – രണ്ടു ശ്രീലങ്കക്കാര്‍, ഒരു നേപ്പാളി, ഒരു ദക്ഷിണാഫ്രിക്കക്കാരന്‍, ഒരു പെറു സ്വദേശി എന്നിങ്ങനെ അഞ്ചു വിദേശീയര്‍ക്കൊപ്പം എയര്‍ ഇന്ത്യ വിമാനത്തില്‍ നേരത്തെ ഡല്‍ഹിയിലെത്തിച്ച് 14 ദിവസം ക്വാറന്റൈന്‍ ചെയ്തിരുന്നു. ഇറ്റലിയിലെ ചിത്തവെക്കിയായില്‍ നങ്കൂരമിട്ട എംഎസ്സി ഗ്രാന്‍ഡിയോസ കപ്പലിലെ 200 ഇന്ത്യക്കാരും, പിയൊംബീനോ തുറമുഖത്ത് മാര്‍ച്ച് മധ്യത്തോടെ നങ്കൂരമിട്ട കോസ്റ്റ ഡയഡെമ കപ്പലിലെ 242 ഇന്ത്യക്കാരും ഒഴികെയുള്ള ജീവനക്കാരെ കൊറോണോ ബാധിതരായ ക്രൂവിന്റെ ഇടയില്‍ നിന്ന് മാതൃരാജ്യങ്ങളിലേക്കു കൊണ്ടുപോയി. ഇന്ത്യയിലേക്ക് പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്യാന്‍ ക്രൂസ് ലൈനുകള്‍ സന്നദ്ധമാണെങ്കിലും ലോക്ഡൗണ്‍ കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനം അറിയിക്കാമെന്ന നിലപാടിലാണ് കേന്ദ്ര സിവില്‍ വ്യോമയാനമന്ത്രാലയം. രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചാലും ഡിപ്പാര്‍ച്ചര്‍ ലോഞ്ചുകളിലെ സമ്പന്നരുടെ മുന്‍ഗണനാ നിരകളില്‍ നിന്നു പുറംതള്ളപ്പെടുന്ന, ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റെടുക്കാന്‍ കെല്പില്ലാത്ത ഏഴകളായ പ്രവാസികള്‍ക്ക് ആരുണ്ട് തുണ!


Tags assigned to this article:
indian migrantsjeeva newsJeevanadampravasi

Related Articles

അരൂകുറ്റി പാദുവാപുരം പള്ളിയിൽ തിരുനാൾ സമ്മാനമായി വാട്ടർ പ്യൂരിഫയർ

വി അന്തോണീസിൻറെ സുപ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ അരൂകുറ്റി പാദുവാപുരം, സെൻറ് ആൻറണീസ് ദേവാലയത്തിൽ 2019 വർഷത്തെ തിരുനാളിന് കൊടിയേറി. വിശുദ്ധ അന്തോനീസിൻറെ രൂപം വഹിച്ചുകൊണ്ടുള്ള കായൽ പ്രദക്ഷിണം പ്രസിദ്ധമാണ്.

ഉണര്‍വിന്റെ വിചിന്തനം ഫാ.മാര്‍ട്ടിന്‍ എന്‍. ആന്റണി

ഞാന്‍ ഈ വചന വിചിന്തനം എഴുതുവാന്‍ തുടങ്ങിയത് 2010 മുതലാണ്. ഏകദേശം 10 വര്‍ഷമായിട്ടുണ്ട്. 2010ലാണ് കൊച്ചി രൂപതയിലെ റാഫി കൂട്ടുങ്കലച്ചന്‍ നിര്‍ദേശിച്ചപ്രകാരം വെര്‍ബുംദോമിനിക്കു വേണ്ടി വചനവിചിന്തനം

സമുദായ ശാക്തീകരണത്തിന്റെ വഴികാട്ടി

അനീതിയുടെ ചരിത്രത്തെയും അവശതകളുടെ വര്‍ത്തമാനത്തെയും പ്രതിരോധിക്കാനുള്ള സ്വത്വബോധം സൃഷ്ടിക്കാനും അവകാശപ്പോരാട്ടങ്ങള്‍ നയിക്കാനും കേരളത്തിലെ ലത്തീന്‍ കത്തോലിക്കരെയും പിന്നാക്ക വിഭാഗങ്ങളെയും സ്‌നാനപ്പെടുത്തിയ വിമോചന നായകരില്‍ ധിഷണയുടെ ഉല്‍ഫുല്ലമായ ചൈതന്യം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*