Breaking News

മരുഭൂമിയിലെ പുതിയ പാതകള്‍

മരുഭൂമിയിലെ പുതിയ പാതകള്‍

അറേബ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ആരാധനയും വിശ്വാസപ്രഘോഷണവുമായിരുന്നു അത്. ഐക്യ അറബ് എമിറേറ്റ്‌സിന്റെ (യുഎഇ) തലസ്ഥാനമായ അബുദാബിയിലെ സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ ഒരുക്കിയ ബലിവേദിയില്‍ ‘സമാധാനവും നീതിയും’ യാചിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കുകൊണ്ടത് ഇന്ത്യയും ഫിലിപ്പീന്‍സും ശ്രീലങ്കയും പാക്കിസ്ഥാനും കൊറിയയും ഉള്‍പ്പെടെ ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ പ്രതിനിധികളായ ഒന്നരലക്ഷം വിശ്വാസികള്‍. സഹിഷ്ണുതയ്ക്കുവേണ്ടിയുള്ള യുഎഇ കാബിനറ്റ് മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, സാംസ്‌കാരിക മന്ത്രി നൗറാ അല്‍ കാബി, വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ്, രാജ്യാന്തര സഹകരണത്തിനായുള്ള സഹമന്ത്രി റീം അല്‍ ഹാഷെമി എന്നിവര്‍ ഉള്‍പ്പെടെ നാലായിരത്തോളം മുസ്‌ലിം സഹോദരങ്ങളും കൂര്‍ബാനമധ്യേ സമാധാന ആശ്ലേഷത്തില്‍ പങ്കുചേര്‍ന്നു. ഇംഗ്ലീഷിലും ലത്തീനിലുമായിരുന്നു ദിവ്യപൂജ; സുവിശേഷ വായനകള്‍ അറബിയിലും ഇംഗ്ലീഷിലും; പ്രാര്‍ഥനകളും ഗീതങ്ങളും മലയാളം, കൊങ്കണി, ഉര്‍ദു, ടാഗലോഗ്, കൊറിയന്‍, ഫ്രഞ്ച് ഭാഷകളിലും. പരിശുദ്ധ പിതാവിന്റെ സുവിശേഷപ്രഘോഷണം ഇറ്റാലിയനിലായിരുന്നു, അറബിയിലും ഇംഗ്ലീഷിലും പരിഭാഷയോടെ. ലെബനനില്‍ നിന്നുള്ള അന്ത്യോഖ്യയിലെ മാറൊണീത്താ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ബെക്ര ബൗത്രോസ് അല്‍-റാഹി, ജറൂസലേം ലത്തീന്‍ പാത്രിയാര്‍ക്കേറ്റിലെ ആര്‍ച്ച്ബിഷപ് പിയെര്‍ബത്തിസ്ത പിയാത്‌സബെല്ല, പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനായ കര്‍ദിനാള്‍ ജോസഫ് കൗട്‌സ്, വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരൊലിന്‍, പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി, ദക്ഷിണ അറേബ്യയിലെ അപ്പസ്‌തോലിക വികാരി ബിഷപ് പോള്‍ ഹിന്‍ഡര്‍ എന്നിവരും വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള വൈദികരും സന്ന്യസ്തരും സഹകാര്‍മികത്വം വഹിച്ച ദിവ്യബലി അറബ് ലോകമെങ്ങും തത്സമയം സംപ്രേഷണം ചെയ്തു.
ഇസ്‌ലാമിന്റെ ഈറ്റില്ലമായ അറേബ്യന്‍ ഉപദ്വീപില്‍ ആദ്യമായാണ് വിശുദ്ധ പത്രോസിന്റെ ഒരൂ പിന്‍ഗാമി, റോമിലെ മെത്രാനും സാര്‍വത്രിക കത്തോലിക്കാ സഭയുടെ പരമാചാര്യനുമായ പാപ്പാ അപ്പസ്‌തോലിക സന്ദര്‍ശനം നടത്തുന്നത്. ദൈവത്തിന്റെ വിസ്മയം എന്നാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ ത്രിദിന യുഎഇ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്. ഇസ്‌ലാമിക, ക്രൈസ്തവ നാഗരികതകളുടെ സംഘര്‍ഷമാണ് ഈ നൂറ്റാണ്ടിലെ ലോകവീക്ഷണത്തെ നിര്‍ണയിക്കുന്നതെങ്കില്‍, ‘രാഷ്ട്രങ്ങള്‍ തമ്മിലും മതങ്ങള്‍ തമ്മിലും വംശങ്ങള്‍ തമ്മിലും’ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള മാനവ സാഹോദര്യത്തിന്റെ ഉടമ്പടിയിലൂടെ ഫ്രാന്‍സിസ് പാപ്പായുടെ അബുദാബി സന്ദര്‍ശനം ചരിത്രത്തില്‍ ഒരു ഗതിമാറ്റം കുറിക്കുകയാണ്.
അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് 1219ല്‍ ‘എളിയ വിശ്വാസത്തിന്റെയും സമൂര്‍ത്തമായ സ്‌നേഹത്തിന്റെയും ആയുധം മാത്രം കൈയിലേന്തി’ ഈജിപ്തിലെ അല്‍ മാലിക് അല്‍ കമീല്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ 800-ാം വാര്‍ഷികത്തിലാണ് ആ വിശുദ്ധന്റെ പേരുള്ള ഒരു പാപ്പാ ‘അല്‍ സലാമു അലൈക്കും’ എന്ന അഭിവാദ്യത്തോടെ അറേബ്യന്‍ ജനതയുടെ ഹൃദയം കവരുന്നത്. ഇസ്‌ലാം സുന്നി വിഭാഗത്തിന്റെ പരമോന്നത ആധ്യാത്മിക പീഠമായ ഈജിപ്തിലെ കയ്‌റോ അല്‍ അസ്ഹര്‍ അല്‍ ഷെരീഫിലെ വലിയ ഇമാം ഷെയ്ഖ് അഹമ്മദ് എല്‍തയീബും ഫ്രാന്‍സിസ് പാപ്പായും ചേര്‍ന്ന് അബുദാബിയില്‍ ഷെയ്ഖ് സായിദ് സ്മൃതിമന്ദിരത്തില്‍ കൈയൊപ്പു ചാര്‍ത്തിയ ‘ലോക ശാന്തിക്കും സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിനുമായുള്ള മാനവ സാഹോദര്യത്തിന്റെ പ്രമാണരേഖ’ മതാന്തര സംവാദത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും മാനവികതയുടെയും പ്രബോധനങ്ങള്‍ക്കപ്പുറത്ത് ലോകസമൂഹത്തിന് അതിജീവനത്തിനുള്ള അനുശാസനങ്ങളുടെ ഭാവാത്മക സംഹിതയാണ്.
”സ്‌നേഹിക്കപ്പെടേണ്ട, സംരക്ഷിക്കപ്പെടേണ്ട ഒരു സഹോദരനെയോ സഹോദരിയെയോ അപരനില്‍ കാണാന്‍ മതവിശ്വാസം വിശ്വാസിയെ പ്രാപ്തനാക്കുന്നു. ഈ പ്രപഞ്ചത്തെ, എല്ലാ ജീവജാലങ്ങളെയും മനുഷ്യരെയും തന്റെ കാരുണ്യത്താല്‍ തുല്യരായി സൃഷ്ടിച്ച ദൈവത്തില്‍ വിശ്വസിക്കുന്നതിലൂടെ സര്‍വ സൃഷ്ടികളെയും പ്രപഞ്ചം അപ്പാടെയും കാത്തുരക്ഷിച്ചുകൊണ്ടും എല്ലാ വ്യക്തികളെയും, വിശേഷിച്ച് ഏറ്റവും ദരിദ്രരായവരെയും ഏറിയതോതില്‍ സഹായം ആവശ്യമുള്ളവരെയും സഹായിച്ചുകൊണ്ടും ഈ മാനവ സാഹോദര്യം പ്രകാശിപ്പിക്കുവാന്‍ വിശ്വാസികള്‍ വിളിക്കപ്പെടുന്നു” എന്നു തുടങ്ങുന്ന പ്രമാണരേഖ, ‘ഈ ജീവിതത്തില്‍ എല്ലാ മനുഷ്യര്‍ക്കും സാര്‍വലൗകികമായ സമാധാനം കണ്ടെത്തുന്നതിനുള്ള മാര്‍ഗമാണ് ലക്ഷ്യം വയ്ക്കുന്നത്’ എന്നു പറഞ്ഞാണ് ഉപസംഹരിക്കുന്നത്. ദൈവത്തിന്റെ പേരിലുള്ള വിദ്വേഷവും അക്രമങ്ങളും ഭീകരവാദവും കൊലയും നാടുകടത്തലും പീഡനങ്ങളും ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. അതിക്രമങ്ങളാലും അനീതിയാലും മുറിപ്പെട്ട മാനവിക സമൂഹത്തിന് സാന്ത്വനം പകരാന്‍ സംവാദത്തിന്റെ സംസ്‌കാരവും മാനവികതയുടെ പൊതുവായ മേഖലകളില്‍ പരസ്പര സഹകരണവും പരിപോഷിപ്പിക്കുന്നതിന് മതനേതാക്കള്‍ക്ക് ഉത്തരവാദിത്വമുണ്ട്. യുദ്ധത്തെയും എല്ലാ തരത്തിലുമുള്ള സായുധ സംഘട്ടനങ്ങളെയും അതിക്രമങ്ങളെയും തള്ളിപ്പറയുന്ന സംയുക്ത പ്രസ്താവന യെമന്‍, സിറിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളിലെ നിരര്‍ഥക യുദ്ധത്തിന്റെ കെടുതികളുടെ ആഴം ചൂണ്ടിക്കാട്ടുന്നു. എല്ലാവര്‍ക്കും തുല്യ അവകാശവും തുല്യ നീതിയും ഉറപ്പാക്കണം. പൂര്‍ണ പൗരത്വവും പൗരധര്‍മ്മവും തുല്യതയിലും നീതിയിലു അധിഷ്ഠിതമാണ്. ന്യൂനപക്ഷം എന്ന വിവേചനമോ ഒറ്റപ്പെടുത്തലോ ഇല്ലാതെ എല്ലാ പൗരന്മാരെയും തുല്യരായി കാണുന്നതെങ്ങനെയെന്ന് ഈ പ്രമാണരേഖ പഠിപ്പിക്കുന്നു.
വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ക്കു പുറമെ ഇസ്‌ലാമിക, ഹൈന്ദവ, യഹൂദ, ബൗദ്ധ, ജൈന, സിഖ് വിശ്വാസപാരമ്പര്യങ്ങളുടെ പ്രതിനിധികളായ എഴുന്നൂറോളം പേര്‍ പങ്കെടുത്ത രാജ്യാന്തര മതാന്തര സമ്മേളനത്തിലാണ് മാനവ സാഹോദര്യത്തിന്റെ പ്രമാണരേഖ പ്രകാശനം ചെയ്തത്. ഇതിനു മുന്നോടിയായി യുഎഇയുടെ സ്ഥാപക പ്രസിഡന്റ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നാമത്തിലുള്ള ഗ്രാന്‍ഡ് മോസ്‌ക്കില്‍ മുസ്‌ലിം മൂപ്പന്മാരുടെ കൗണ്‍സിലുമായി പാപ്പാ സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നത്തെ ലോകത്തില്‍ സമാധാനം സംജാതമാകുന്നതിന് ക്രൈസ്തവ-ഇസ്‌ലാം സംഭാഷണം നിര്‍ണായക ഘടകമാകയാല്‍ ഈ രേഖ വിദ്യാലയങ്ങളിലും സര്‍വകലാശാലകളിലും പഠനവിഷയമാകുമെന്ന് ഫ്രാന്‍സിസ് പാപ്പായും ഡോ. എല്‍തയീബും പ്രത്യാശ പ്രകടിപ്പിച്ചു.
ഇമറാത്തി ചരിത്രത്തില്‍ മറ്റൊരു രാഷ്ട്രത്തലവനോ ലോകനേതാവിനോ വിശിഷ്ടാതിഥിക്കോ ലഭിക്കാത്ത പ്രൗഢോജ്വല വരവേല്പാണ് ഫ്രാന്‍സിസ് പാപ്പായ്ക്ക് ഭരണാധികാരികള്‍ നല്‍കിയത്. 2019 സഹിഷ്ണുതയുടെ വര്‍ഷമായി യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ രാജകുമാരന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം എന്നിവര്‍ നയതന്ത്ര ഉപചാരങ്ങളുടെ തലംവിട്ട് പാപ്പയ്ക്ക് സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചു. ലോകത്തിനു മുന്‍പില്‍ മതസൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും ഉദാത്ത മാതൃക കാട്ടുകയായിരുന്നു ആധുനിക എമിറേറ്റ്‌സ് ഭരണാധികാരികള്‍. ”പാശ്ചാത്യ-പൗരസ്ത്യ ദേശങ്ങളുടെ കവലയായി പരിണമിച്ച, ബഹുവര്‍ഗ-ബഹുമത ശാദ്വലഭൂമിയായി, സമാഗമ സംസ്‌കൃതിയെ പരിപോഷിപ്പിക്കുന്നതിനുള്ള ഒരു വേദിയായി ഭവിച്ച” യുഎഇയുടെ അനന്യസൗഭഗത്തെയും മരുഭൂമിയിലെ കൃപയുടെ നീര്‍ച്ചാലുകളെയും ഫ്രാന്‍സിസ് പാപ്പാ എടുത്തുകാട്ടി.
യുഎഇയിലെ 92 ലക്ഷം ജനങ്ങളില്‍ 78 ലക്ഷവും പ്രവാസികളാണ്. ഇതില്‍ ക്രൈസ്തവര്‍ 13 ശതമാനം വരും – കത്തോലിക്കരുടെ സംഖ്യ 10 ലക്ഷവും. എല്ലാ എമിറേറ്റിലും പ്രവാസികള്‍ക്ക് മതാന്മക ജീവിതം നയിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന രാജ്യത്ത് കത്തോലിക്കര്‍ക്കും ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ്, ഇവാഞ്ചലിക്കല്‍ വിഭാഗങ്ങള്‍ക്കുമായി 40 പള്ളികളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇടവകകളായാണ് ഇവയില്‍ ചിലത് ഗണിക്കപ്പെടുന്നത്. വിശുദ്ധ ഫ്രാന്‍സിസ് അസീസിയും സുല്‍ത്താന്‍ അല്‍ മാലിക് അല്‍ കമീലും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രീകരണമുള്ള മെഡാലിയന്‍ പാപ്പാ സമ്മാനിച്ചപ്പോള്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് രാജകുമാരന്‍ അദ്ദേഹത്തിനു നല്‍കിയ ഉപഹാരം അബുദാബി നഗരത്തിനു പടിഞ്ഞാറായി സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയം നിര്‍മിക്കുന്നതിനുള്ള ഭൂമി ദാനമായി നല്‍കിക്കൊണ്ട് 1963 ജൂണ്‍ 22ന് അന്നത്തെ അബുദാബി ഭരണാധികാരി ഷെയ്ഖ് ഷഖ്ബുത് ബിന്‍ സുല്‍ത്താന്‍ പുറപ്പെടുവിച്ച കല്പനയുടെ പകര്‍പ്പാണ്. ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യകാര്‍മികത്വത്തില്‍ ഫെബ്രുവരി അഞ്ചിന് അബുദാബി സ്റ്റേഡിയത്തില്‍ അര്‍പ്പിച്ച ദിവ്യബലി മുന്‍നിര്‍ത്തി ഭരണാധികാരികള്‍ അന്ന് വിദ്യാലയങ്ങള്‍ക്ക് വിശേഷ അവധി പ്രഖ്യാപിച്ചത് അത്യപൂര്‍വ സംഭവമാണ്.
ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനത്തിന്റെ സ്മാരകമായി അബുദാബിയില്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ നാമത്തിലുള്ള ദേവാലയവും ഈജിപ്തിലെ വലിയ ഇമാം ഡോ. എല്‍തയീബിന്റെ പേരിലുള്ള മോസ്‌ക്കും ഉള്‍ക്കൊള്ളുന്ന, യഹൂദ, ക്രൈസ്തവ, ഇസ്‌ലാമിക ജനതകളുടെ പിതാവായ അബ്രാഹമിന്റെ പൈതൃകം ഉദ്‌ഘോഷിക്കുന്ന തറവാട് സമുച്ചയം നിര്‍മിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു. അബുദാബി കിരീടാവകാശിയുടെയും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെയും സാന്നിധ്യത്തില്‍ ഫ്രാന്‍സിസ് പാപ്പായും വലിയ ഇമാം എല്‍തയീബും നിര്‍ദിഷ്ട ആരാധനാലയങ്ങളുടെ ശിലകളില്‍ കൈയൊപ്പുചാര്‍ത്തി.
പാപ്പായുടെ സന്ദര്‍ശം പൂര്‍ത്തിയായപ്പോള്‍ ദുബായിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ഖലീജ് ടൈംസ് ഒന്നാം പേജില്‍ മുഴുത്ത തലക്കെട്ടില്‍ ഇമറാത്തി ജനവികാരം ഇങ്ങനെ പ്രകടിപ്പിച്ചു: ണല അൃല ആഹലലൈറ. ആധ്യാത്മിക പാരമ്പര്യത്തില്‍ യുഎഇയെക്കാള്‍ എത്രയോ മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യ ഫ്രാന്‍സിസ് പാപ്പായുടെ അനുഗ്രഹദര്‍ശനത്തിന് ഇനിയും എത്രകാലം കാത്തിരിക്കണം?


Related Articles

മാഹി പള്ളിയില്‍ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു

കോഴിക്കോട്: മാഹി സെന്റ് തെരേസാ തീര്‍ഥാടന കേന്ദ്രത്തില്‍ മെയ് ഒന്നിന് ഇടവക ദിനമായി ആചരിച്ചു. രാവിലെ 10.45ന് അര്‍പ്പിച്ച ദിവ്യബലിക്ക് വികാരി റവ. ഡോ. ജെറോം ചിങ്ങന്തറ

ആർച്ച് ബിഷപ്പിന് പിന്തുണ ജോർജ് ഫിലിപ്പിൻറെ ബുള്ളറ്റും ലേലത്തിന്

മെത്രാപ്പോലീത്തയുടെ മാതൃക സ്വീകരിച്ച് പൊന്നോമന ബുള്ളറ്റിനെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിൽക്കാൻ തയ്യാറായി എറണാകുളം സ്വദേശി മുടവത്തിൽ ജോർജ്ജ് ഫിലിപ്പ്‌. കഴിഞ്ഞദിവസം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ

ജനപ്രതിനിധികള്‍ക്ക് കണ്ണൂര്‍ രൂപത സ്വീകരണം നൽകി

  കണ്ണൂര്‍: ജനസേവനം ദൗത്യവും ശുശ്രൂഷയുമായി ഏറ്റെടുത്ത് ജനങ്ങളുടെ നന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കണമെന്ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*