മറഞ്ഞിരിക്കുന്ന നിധികള്‍

മറഞ്ഞിരിക്കുന്ന നിധികള്‍

ഒരിക്കല്‍ ഒരു ടൂറിസ്റ്റ് കടല്‍ത്തീരത്തുകൂടെ നടക്കുകയായിരുന്നു. സമുദ്രത്തിലെ ഓളവും, തീരത്തെ മണല്‍ത്തരികളും, കരയിലെ ഇളംകാറ്റില്‍ ചാഞ്ചാടുന്ന ചൂളമരങ്ങളും അയാളെ ഒത്തിരി ആകര്‍ഷിച്ചു. അപ്പോഴാണ് ആളൊഴിഞ്ഞ ഒരിടത്ത് ഒരു ചെറിയ ഗുഹ അയാളുടെ ശ്രദ്ധയില്‍പ്പെട്ടത്. അയാള്‍ ആ ഗുഹയിലേക്ക് കയറി. ഇരുട്ടായതുകൊണ്ട് ആദ്യം ഒന്നും കണ്ടില്ലെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു മൂലയ്ക്ക് കാന്‍വാസ് ബാഗ് ഇരിക്കുന്നതു കണ്ടു. കൗതുകത്തോടെ അയാള്‍ അതു തുറന്നു നോക്കി. അതില്‍ നിറയെ കളിമണ്ണുകൊണ്ടു പൊതിഞ്ഞ ചെറിയ ഗോളങ്ങളായിരുന്നു.
അയാള്‍ ആ ബാഗുമായി കടത്തീരത്തുവന്നു. എന്നിട്ട് അതില്‍ നിന്ന് ഓരോ ഗോളവും എടുത്ത് സമുദ്രത്തിന്റെ ആഗാധതയിലേക്ക് എറിഞ്ഞു. ഗോളങ്ങള്‍ ഏതാണ്ട് തീരാറായപ്പോള്‍ ഒരെണ്ണം അയാളുടെ കൈയ്യില്‍ നിന്ന് താഴെ വീണ് ഉടഞ്ഞു. അയാള്‍ താഴെ നോക്കിയപ്പോള്‍ ആ ഉടഞ്ഞ ഗോളത്തിനകത്ത് എന്തോ തിളങ്ങുന്നു. ഒരു പവിഴമുത്തായിരുന്നു അത്. ഉടനെ അയാള്‍ ബാക്കിയുണ്ടായിരുന്ന ഗോളങ്ങളും പൊടിച്ചു നോക്കി. ഓരോന്നിലും ഓരോ മുത്തുകള്‍. വിലപിടിപ്പുള്ള മുത്തുകള്‍ മറ്റാരും അറിയാതിരിക്കാന്‍ ആരോ വര്‍ഷങ്ങള്‍ക്കുമുമ്പ് അവ കളിമണ്ണുകൊണ്ട് പൊതിഞ്ഞ് ആ ബാഗില്‍ നിക്ഷേപിച്ച് ഗുഹയില്‍ ഒളിച്ചുവച്ചതായിരിക്കണം. ഒരു പക്ഷേ അതിന്റെ ഉടമസ്ഥന്‍ മരിച്ചുപോയിട്ടുണ്ടാകാം. അല്ലെങ്കില്‍ ആ നാട്ടിലെങ്ങും ഇല്ലായിരിക്കാം.
ഒരു വലിയ നിക്ഷേപമാണ് തന്റെ കൈയ്യില്‍ വന്നതെന്ന തിരിച്ചറിവ് ടൂറിസ്റ്റിനെ ആകെ അസ്വസ്ഥനാക്കി. ഇത്രയും നേരം താന്‍ സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞത് വിലപിടിപ്പുള്ള മുത്തുകള്‍ ആയിരുന്നല്ലോ എന്ന ചിന്ത അയാളെ തളര്‍ത്തി. പുറമേയുള്ളതു മാത്രം നോക്കി വിലയിരുത്തുമ്പോള്‍ അകമേയുള്ള നിധി കാണാതെപോകുന്നു.
ഇതുപോലെതന്നെയാണ് നമ്മള്‍ മറ്റുള്ളവരോടും പെരുമാറുന്നത്. അവരെ നമ്മള്‍ നല്ലവരായും മോശക്കാരായും വിലയിരുത്തുമ്പോള്‍ പലരും പുറമേക്കു കാണുന്നതു പോലെയല്ലല്ലോ എന്നു തിരിച്ചറിയാന്‍ വൈകും. ശാരീരിക ഭംഗിയും, നിറവും, സമ്പത്തും, ഡിഗ്രിയും ഒക്കെ വച്ചുകൊണ്ട് നമ്മള്‍ ആളുകളെ വിധിക്കുന്നു. ചിലരെ വൃത്തിയില്ലാത്തവരായും, കള്‍ച്ചറില്ലാത്തവരായും, മോഷ്ടാക്കളായും, ദരിദ്രവാസികളായും സങ്കല്‍പ്പിച്ച് അവരെ നമ്മള്‍ അകറ്റി നിര്‍ത്തുന്നു. ചിലരെ മണ്ടന്മാരായും ഒരു കഴിവും ഇല്ലാത്തവരായും കാണുന്നു. എന്തിനുപറയുന്നു, ചിലപ്പോള്‍ മാതാപിതാക്കന്മാര്‍ പോലും തങ്ങളുടെ മക്കളുടെ മാഹാത്മ്യം കാണാതെ പോകുന്നു.
ഇന്ന് ലോകപ്രസിദ്ധരായ ചില വ്യക്തികള്‍ കുട്ടികളായിരുന്നപ്പോള്‍ കഴിവില്ലാത്തവരായാണ് മറ്റുള്ളവര്‍ കണ്ടത്. ഉദാഹരണമായി ഐഫോണ്‍, ഐപാഡ് എന്നിവയുടെ സ്രഷ്ടാവായി ലോകം ആദരിക്കുന്ന സ്റ്റീവ് ജോബിനെ സ്വന്തം മാതാപിതാക്കള്‍ മറ്റൊരു കുടുംബത്തിന് ദത്തു നല്‍കിയതാണ്. ഡിജിറ്റല്‍ വിപ്ലവത്തിന്റെ പിതാവായ അദ്ദേഹത്തെ ആദ്യം ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
ശാസ്ത്രലോകത്തെ അത്ഭുതപ്രതിഭാസമായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കുഞ്ഞായിരിക്കുമ്പോള്‍ മാതാപിതാക്കന്മാര്‍ കരുതിയത് അവന്‍ ഒരു മന്ദബുദ്ധിയാണെന്നാണ്. ഏഴാമത്തെ വയസുവരെ വായിക്കാന്‍ പോലും അവന് അറിയില്ലായിരുന്നു. ക്ലാസുകളില്‍ ഗ്രേഡ് വളരെ കുറവുമായിരുന്നു. ആ കുട്ടിയാണ് പിന്നീട് ഫിസിക്‌സില്‍ നൊബേല്‍ സമ്മാനം നേടിയത്.
ഹാരിപോട്ടര്‍ എന്ന രചനയിലൂടെ ലോക പ്രസിദ്ധിയാര്‍ജ്ജിച്ച ജെ.കെ റൗളിങ്ങിന്റെ ചെറുപ്പകാലം വളരെ പരിതാപകരമായിരുന്നു. ഗവണ്‍മെന്റിന്റെ ചാരിറ്റി കൊണ്ടാണ് ഉപജീവനം കഴിച്ചിരുന്നതും മകനെ വളര്‍ത്തിയതും. അവരാണ് ഇന്ന് ബ്രിട്ടനിലെ ഏറ്റവും ധനികയും ലോകപ്രശസ്തയുമായത്.
ഈ ലോകത്തില്‍ ഏതെല്ലാം നിധികള്‍ എവിടെയെല്ലാം, അല്ലെങ്കില്‍ ആരിലെല്ലാം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ആര്‍ക്കറിയാം? അവ കണ്ടെത്തുന്നവര്‍ ആരോ അവരാണ് ഭാഗ്യവാന്മാര്‍. യേശുനാഥന്‍ പറഞ്ഞു; ‘സ്വര്‍ഗ്ഗരാജ്യം വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കുതുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളെതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു. വീണ്ടും, സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം. അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു.’ (മത്താ. 13: 44-46)
ഏറ്റവും വലിയ നിധി നമ്മള്‍ തന്നെയാണ്-ഓരോ മനുഷ്യനുമാണ്-എന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കുന്നതും നല്ലതാണ്.
അടുത്ത ലക്കം
ദൈവം വസിക്കാത്ത ദേവാലയം


Related Articles

സിനിമയെ വെല്ലും അത്ഭുതബാല്യം

കുട്ടികള്‍ പലപ്പോഴും മുതിര്‍ന്നവരെ അതിശയിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. 15-ാം വയസില്‍ കാന്‍സര്‍ സെല്ലുകളെ കണ്ടെത്താനുള്ള സെന്‍സര്‍ കണ്ടുപിടിച്ച ജാക്ക് ആന്‍ഡ്രേക്ക, പന്ത്രണ്ടാം വയസില്‍ അന്ധര്‍ക്ക് വഴികാട്ടിയായ ഐഎയ്ഡ്

ആയിരത്തിലെ ജയഘോഷവും അനര്‍ത്ഥങ്ങളുടെ അലോസരവും

കശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിനു കനത്ത തിരിച്ചടിയായി പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വായിലെ ബാലാകോട്ടില്‍ കൊടുംഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ മുഖ്യപരിശീലനകേന്ദ്രവും പാക്ക്

അധ്വാനത്തിന്റെ മഹത്വം പഠിപ്പിച്ച പുരോഹിതന്‍

              യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ ജോസഫ് നാമധാരിയായ മോണ്‍. തണ്ണിക്കോട്ട് വിടപറഞ്ഞിരിക്കുന്നു. മോണ്‍സിഞ്ഞോര്‍ തിരുസഭയ്ക്ക് ആരായിരുന്നു എന്തായിരുന്നു എന്നുള്ള ചോദ്യങ്ങള്‍ക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*