മെയ്: മറിയത്തിന്റെ മാധുര്യമുള്ള മാസം

മെയ്: മറിയത്തിന്റെ മാധുര്യമുള്ള മാസം
റവ. ഡോ. ഗ്രിംബാള്‍ഡ് ലന്തപ്പറമ്പില്‍.     
ഒരാള്‍ ഒരു കവിതയെഴുതുന്നു. തന്റെ പ്രതിശ്രുതവധുവുമായുള്ള പ്രേമബന്ധം അറ്റുപോയതിന്റെ അതിതീവ്രമായ മനോവ്യഥ നിറഞ്ഞു തുളുമ്പുന്ന കവിത. മറ്റൊരാള്‍ ആ വരികളിലെ വിഷാദം കേള്‍വിക്കാരിലേക്ക് പെയ്തിറങ്ങുന്ന രീതിയില്‍ സംഗീതം നിറയ്ക്കുന്നു. ആ ഗാനം കേട്ട ഒരുപാടുപേര്‍ വിഷാദത്തില്‍ മുങ്ങി, നൈരാശ്യത്തിലാണ്ട് ആത്മഹത്യ ചെയ്യുന്നു. ആ കവിതക്കുള്ളിലെ വിവാദക്കടല്‍ അതിന്റെ തനിമയില്‍ ഉള്ളിലാവാഹിച്ച ആ സംഗീതജ്ഞന്‍ പിന്നീട് ആത്മഹത്യ ചെയ്യുന്നു. ആ ഗാനത്തിന്റെ പേര് ‘ഗ്ലൂമി സണ്‍ഡേ’. ഈ ഗാനം പിന്നീട് ‘ഹംഗേറിയന്‍ ആത്മഹത്യാഗീതം’ എന്നും വിളിക്കപ്പെട്ടു. പല രാജ്യങ്ങളും ഈ ഗാനം പ്രക്ഷേപണം ചെയ്യാന്‍ തയ്യാറായില്ല. 66 വര്‍ഷക്കാലമാണ് ബിബിസി ഈ ഗാനത്തിന് നിരോധനമേര്‍പ്പെടുത്തിയത്.
ഒരു സ്ത്രീ ഒരു കവിത പാടുന്നു. തന്റെ എളിയ ജീവിതത്തില്‍ ദൈവഹിതത്തിനു മുന്നില്‍ ‘ഫിയാത്ത്’ ചൊല്ലിയപ്പോള്‍ സര്‍വശക്തനും കാരുണ്യവാനുമായ ദൈവം വിസ്മയനീയമായ വിധത്തില്‍ തന്റെ ജീവിതത്തില്‍ എപ്രകാരം ഇടപെട്ടുവെന്നും ഈ ഇടപെടല്‍ തന്റെ ജീവിതത്തെ എത്രമാത്രം ഔന്നത്യത്തിലേക്ക് ഉയര്‍ത്തിയെന്നും ദൈവം മനുഷ്യരെ എപ്രകാരമാണ് കാണുന്നതെന്നും അവന്‍ അവരെ എങ്ങനെയാണ് ഏറ്റം വിലമതിക്കുന്നതെന്നും വെളിപ്പെടുത്തുന്ന അതിമനോഹരമായ ഒരാത്മീയ ആനന്ദഗീതം-‘മാഗ്‌നിഫിക്കാത്’-ദൈവമാതാവിന്റെ സ്‌തോത്രഗീതം.
ഓരോ വാക്കിലും വിഷാദം നിറച്ച് കേള്‍വിക്കാരന്റെ ഹൃദയത്തില്‍ വിഷാദനീലിമ പടര്‍ത്തി മരണത്തിനായുള്ള തീവ്രദാഹം മാത്രം ഉയര്‍ത്തുന്ന വരികളിലെഴുതിയ ലാസ്‌ലോഴാവോര്‍ എന്ന കവിയെയും, ആ കവിതക്ക് ‘മരണരാഗം’ പകര്‍ന്ന റെസ്യു സെരെസ് എന്ന സംഗീതജ്ഞനെയും ലോകം മനോവേദനയോടെ മറക്കാന്‍ ശ്രമിക്കുമ്പോള്‍ ഓരോ വാക്കിലും വരികളിലും വിശ്വാസവും പ്രത്യാശയും സ്‌നേഹവും നിറച്ച് ദൈവസ്തുതി പാടിയ എളിയ ഒരു സ്ത്രീയുടെ അതിവിശുദ്ധമായ ഓര്‍മകള്‍ നൂറ്റാണ്ടുകളായി മനുഷ്യവര്‍ഗം തങ്ങളുടെ ഹൃദയത്തിലും ആത്മാവിലും മനസിലും സൂക്ഷിക്കുകയും, സ്ത്രീയുടെ ജീവിതവും വാക്കുകളും ധ്യാനിച്ച് പഠിച്ച് നവീകരിക്കുകയും ശക്തിപ്പെടുകയും പ്രാര്‍ത്ഥനയില്‍ ആ സ്ത്രീയോട് ചേര്‍ന്ന് നിന്നുകൊണ്ട് ജീവിത സമരത്തില്‍ സധൈര്യം മുന്നേറുകയും ജീവിത വിജയം നേടുകയും ചെയ്യുന്നു. ആ സ്ത്രീയുടെ പേരാണ് മറിയം-പരിശുദ്ധ കന്യകാമറിയം. അവള്‍ ദൈവത്തിന്റെ അമ്മയാണ്. ഈ ലോകത്തിന്റെ അമ്മയാണ്. ഈ അമ്മയെ പ്രത്യേകമായി ഓര്‍മിക്കാനും വണങ്ങാനും അവളുടെ മാദ്ധ്യസ്ഥ സഹായം പ്രാര്‍ത്ഥിക്കാനും ക്രിസ്തുവിന്റെ സഭ ഒരു മാസം തന്നെ മാറ്റിവച്ചിട്ടുണ്ട.് മെയ് മാസം. അതിനാല്‍ തന്നെ ”കറപുരണ്ട മനുഷ്യപ്രകൃതിയുടെ ഏക അഭിമാനമായ” ഈ അമ്മയെ-മറിയത്തെ ‘മെയ്  മാസ റാണി’ എന്നും ലോകം വിളിക്കുന്നു.
യൂറോപ്പില്‍ പുതുനാമ്പുകളുമായെത്തുന്ന വസന്തം ഇലമൂടി പൂവിരിയുന്ന മാസമാണ് മെയ് മാസം. നൈര്‍മല്യത്തിന്റെ ലില്ലിപൂക്കളും സ്‌നേഹത്തിന്റെ റോസാപൂക്കളും സര്‍വപൂച്ചെടികളും എന്തിനേറെ പുല്ലില്‍ പോലും പൂക്കള്‍ പൂത്തുലയുന്നു. പ്രകൃതി പൂക്കളാല്‍ മൂടിയ മാസമാണിത്. ഈ മാസം ലോകത്തിന്റെ അമ്മയായ മറിയത്തിന് മരിയ ഭക്താനുഷ്ഠാനവുമായി ബന്ധപ്പെട്ട് പ്രതിഷ്ഠിച്ചിരിക്കുന്നത് ഉചിതമാണ്-ന്യായവുമാണ്. കാരണം പ്രപഞ്ചത്തെ സൃഷ്ടിച്ച വചനത്തെ ഉദരത്തില്‍ വഹിച്ച മാതാവാണവള്‍. മെയ് മാസത്തില്‍ വിരിയുന്ന പൂക്കള്‍ മുഴുവന്‍ മാതാവിന്റെ അനുപമ ആത്മീയ സൗന്ദര്യത്തെയും സുഗന്ധത്തെയും പ്രതിഫലിപ്പിക്കുന്നു. മെയ്മാസ വണക്കവുമായി ബന്ധപ്പെട്ട് 13-ാം നൂറ്റാണ്ടു വരെ പിറകോട്ടു പോകുന്ന ചില പാരമ്പര്യങ്ങള്‍ യൂറോപ്പിലുണ്ട്. ഗലീഷ്യന്‍-പോര്‍ച്ചുഗീസ് ഭാഷയിലെഴുതപ്പെട്ട ‘കാന്റിഗാസ് ഡി സാന്റ മരിയ’ എന്ന മരിയന്‍ കീര്‍ത്തനങ്ങളില്‍ ഇതിനെക്കുറിച്ചുള്ള സൂചനകളുണ്ട്. ഔപചാരികമായ രീതിയില്‍ മെയ് മാസം മറിയത്തിന്റെ വണക്കമാസമായി ആചരിക്കുവാന്‍ തുടങ്ങിയത് ഇറ്റലിയിലാണ്. 1739ല്‍ വെറോനയ്ക്കടുത്ത് ഗ്രസാനോയില്‍ പ്രത്യേകമായ രീതിയില്‍ മെയ്മാസ മരിയഭക്താനുഷ്ഠാനങ്ങള്‍ നടന്നതായി സാക്ഷ്യങ്ങളുണ്ട്. 1747ല്‍ ജനോവയിലെ ആര്‍ച്ച്ബിഷപ് മെയ്മാസം മറിയത്തോടുള്ള പ്രത്യേക വണക്കത്തോടെ ആചരിക്കണമെന്ന് കുടുംബങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി കാണുന്നു. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ  മെയ്മാസാചരണം റോമിലെങ്ങും പ്രചാരത്തിലായി. ഇതിനു പിറകില്‍ ജസ്യൂറ്റ് സഭയുടെ സ്വാധീനമേറെയുണ്ട്. തുടര്‍ന്ന് ഇറ്റലിയില്‍ നിന്ന് ഫ്രാന്‍സിലേക്കും ബെല്‍ജിയത്തിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി. 19-ാം നൂറ്റാണ്ടോടെ മാതാവിന്റെ നാമത്തിലുള്ള ‘മെയ്മാസ പ്രാര്‍ത്ഥനാചരണം’ ലോകമെങ്ങും പരന്നു. 1965 ഏപ്രില്‍ 29ന് പോള്‍ ആറാമന്‍ പാപ്പാ എഴുതിയ ‘മെന്‍സേ മേയോ’ എന്ന ചാക്രികലേഖനത്തില്‍ പരിശുദ്ധ മാതാവിനോട് പ്രത്യേക വണക്കം പ്രകടമാക്കുന്ന മെയ്മാസാനുഷ്ഠാനത്തിന്റെ  മഹിമയെയും സ്വര്‍ഗീയ രാജ്ഞിയുടെ മദ്ധ്യസ്ഥതയിലൂടെ കൈവരുന്ന സമൃദ്ധമായ ദൈവിക ദാനങ്ങളെയും അനുഗ്രഹങ്ങളുടെ കൃപാകടാക്ഷത്തെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
യൂറോപ്പിലെ പരമ്പരാഗത കത്തോലിക്കാ വിശ്വാസസമൂഹങ്ങളില്‍ മാതാവിനോടുള്ള ഭക്തി ഏറെ പ്രകടമാണ്. ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ സാംസ്‌കാരിക തനിമയോടും ചിഹ്നങ്ങളോടും കൂടിയാണ് മെയ്മാസാചരണം നടത്തപ്പെടുന്നത്. കത്തോലിക്കരെക്കാളുപരിയായി മാതാവിനെ വണങ്ങുന്ന അകത്തോലിക്കാ സഭകളായ അര്‍മേനിയന്‍ സഭ, എത്യോപ്യന്‍ സഭ, ജോര്‍ജിയന്‍ സഭ, കോപ്റ്റിക് സഭ, ഗ്രീക്ക്-റഷ്യന്‍ സഭകള്‍ എന്നിവ  അവരുടേതായ പാരമ്പര്യങ്ങളോടെ ഈ ആഘോഷം നടത്തുന്നു.
(തുടരും)

Related Articles

സ്വത്ത് കേന്ദ്രീകരണം ഭീതിജനകം -ബിഷപ് ഡോ. അലക്‌സ് വടക്കുംതല

എറണാകുളം: രാജ്യത്ത് അതിവേഗത്തില്‍ വര്‍ധിച്ചുവരുന്ന സ്വത്തിന്റെ കേന്ദ്രീകരണം ഭീതിജനകമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലേബര്‍ ഓഫീസ് ചെയര്‍മാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല.

മലയാളത്തെ കപ്പലുകയറ്റിയഒരു പാതിരിയും ലോക വിസ്മയമായ ഒരു മഹാഗ്രന്ഥവും

മലയാളികളുടെ മത, സാമൂഹ്യ, സാംസ്‌കാരിക മണ്ഡലങ്ങളിലെ നവോത്ഥാന പ്രക്രിയകള്‍ക്കെല്ലാം നാന്ദി കുറിച്ച ഉദയംപേരൂര്‍ സൂനഹദോസില്‍ (1599 ജൂണ്‍ 20-26) നിന്ന് ഉടലെടുത്ത അസ്വാസ്ഥ്യങ്ങള്‍ ”മേലില്‍ തങ്ങള്‍ ഈശോസഭക്കാരുടെ

അന്തരീക്ഷ മലിനീകരണവും ഹാര്‍ട്ടറ്റാക്കും

ഹൃദയധമനികളിലെ ബ്ലോക്കിന്റെ വലിപ്പവും ഹാര്‍ട്ടറ്റാക്കും തമ്മില്‍ വലിയ ബന്ധമില്ലെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘകാലം ആപത്ഘടകങ്ങള്‍ക്ക് വിധേയമായാല്‍ ഹൃദയധമനികളുടെ ഉള്‍പ്പോളകളില്‍ കൊഴുപ്പും മറ്റു ഘടകങ്ങളും അടിഞ്ഞുകൂടി ഉള്‍വ്യാസം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*