മറിയത്തിന്റെ സ്വര്‍ഗാരോപണത്തിന്റെ ദൈവശാസ്ത്രം

ഡോ. ഗ്രിംബാള്‍ഡ് ലന്തപ്പറമ്പില്‍
പരിധിയും പരിമിതിയുമുള്ള മനുഷ്യന്റെ എക്കാലത്തേയും ആന്തരീകദാഹമാണ്, അപരിമേയനും, അനിര്‍വചനീയനും, അപാരതയും, സമ്പൂര്‍ണ്ണനുമായ ദൈവത്തില്‍ എത്തിച്ചേര്‍ന്ന് ജീവിതം ശാശ്വതവും, സുന്ദരവും പരിപൂര്ണ്ണവുമാക്കണം എന്ന സ്വപ്നം. ‘ഓ നിത്യനൂതന സൗന്ദര്യമേ നിന്നില്‍ വിലയം പ്രാപിക്കുന്നതുവരെ എന്റെ ഹൃദയം അസ്വസ്ഥമായിരിക്കും’ എന്ന വിശുദ്ധ അഗസ്റ്റിന്റെ ആത്മവിലാപം മനുഷ്യവര്‍ഗ്ഗത്തിന്റെ അനശ്വരതയ്ക്കായുള്ള ഈ ദാഹത്തിന്റെ പ്രാര്‍ത്ഥനയാണ്. വിസ്മയനീയമായ, യുഗാതിവര്ത്തിയായ മനുഷ്യചേതനയുടെ ഈ സ്വര്ഗസ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തില്‍ തെളിയുന്നത്. ഓരോ മനുഷ്യാത്മാവിന്റെയും അനശ്വരദാഹമാണിത്, ദിവ്യസ്വപ്നമാണിത്.
ഓരോ കാലഘട്ടത്തിലൂടെയുമാണ് ദൈവം തന്റെ രക്ഷാകര പദ്ധതി അതിന്റെ വളര്‍ച്ചയേയും, ഘടകങ്ങളേയും, സംഭവങ്ങളേയും, വ്യക്തികളേയും ചരിത്രത്തില്‍ വെളിപ്പെടുത്തുന്നത്. പൗരാണിക കാലം മുതല്ക്കേ പൗരസ്ത്യദേശത്തും പാശ്ചാത്യദേശത്തും മാതാവിന്റെ സ്വര്‍ഗ്ഗാരോപണം അനുസ്മരിക്കുന്ന ആഘോഷങ്ങളുണ്ടായിരുന്നു. ഏതാണ്ട് ആറാം നൂറ്റാണ്ട് മുതലാണ് മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ പ്രചാരത്തിലാവുന്നത്. ആ കാലയളവില്‍ മറിയത്തിന്റെ ‘നിദ്രയുടെ തിരുനാള്‍’ എന്ന പേരില്‍ ആദ്യം പൗരസ്ത്യ സഭയിലും, തുടര്‍ന്ന് പാശ്ചാത്യസഭയിലും ഇത് ആഘോഷിക്കാന്‍ തുടങ്ങി. ഈ ഭൂമിയിലെ ജീവിതത്തിനുശേഷം സ്വര്‍ഗ്ഗീയമഹത്വത്തിലേക്ക് മറിയം പ്രവേശിച്ചു എന്ന വിശ്വാസമായിരുന്നു ഈ തിരുനാളിന്റെ അടിസ്ഥാനം. എല്ലാ സത്യവിശ്വാസികള്‍ക്കും ലഭിക്കാതിരിക്കുന്ന നിത്യസൗഭാഗ്യത്തിന് മറിയം ആദ്യമേ തന്നെ അര്‍ഹമായി എന്ന സത്യം നിദ്രയുടെ തിരുനാള്‍ വ്യക്തമാക്കുന്നു.
ഓരോ നൂറ്റാണ്ടുകളിലും വിശുദ്ധരായ സഭാപിതാക്കന്മാരും സഭാപണ്ഡിതരും മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ചുള്ള വിശ്വാസം സ്പഷ്ടമായി പ്രഘോഷിച്ചിട്ടുണ്ട്. പാപ്പാമാരായ അഡ്രിയാന്‍ ഒന്നാമന്, സെര്‍ജിയൂസ് ഒന്നാമന്, വിശുദ്ധ ലെയോ നാലാമന്, നിക്കോളാസ് ഒന്നാമന് എന്നിവരൊക്കെ അവരുടെ കാലയളവില്‍ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളാചരണത്തെക്കുറിച്ച് പല നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. വിശുദ്ധ ജോണ്‍ ഡമഷീന്‍, വിശുദ്ധ ജര്‍മാനൂസ്, പാദുവായിലെ വിശുദ്ധ അന്തോണീസ്, വിശുദ്ധ തോമസ് അക്വിനാസ്, വിശുദ്ധ ബൊനവഞ്ചര്‍, മഹാനായ വിശുദ്ധ ആല്‍ബര്‍ട്ട്, വിശുദ്ധ ബര്‍ണാഡ്, വിശുദ്ധ റോബര്‍ട്ട് ബെല്ലാര്‍മിന്‍, വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി തുടങ്ങിയവര്‍ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തില്‍ ഉള്ള തങ്ങളുടെ ദൃഢവിശ്വാസം പ്രഖ്യാപിച്ചിട്ടുണ്ട്, പഠിപ്പിച്ചിട്ടുണ്ട്. പരിശുദ്ധ മറിയത്തിന്റെ വിശുദ്ധ ശരീരം ഒരിക്കലും കല്ലറയുടെ ജീര്‍ണ്ണതയ്ക്ക് വിധേയമായിട്ടില്ലെന്നും, ദൈവവചനത്തിന്റെ ആ ‘കൂടാരം’ പൊടിയും ചാരവുമായി തീര്‍ന്നിട്ടില്ലെന്നും വിശ്വസിക്കാന്‍ സ്കൊളാസ്റ്റിക്ക് ദൈവശാസ്ത്ര കാലഘട്ടത്തിലെ ലൗസാര്മേയിലെ മെത്രാന് അമാദേവൂസ് പ്രസ്താവിക്കുന്ന കാരണങ്ങള്‍ ഇവയാണ്: ” എന്തെന്നാല്‍ അവള് കൃപാപൂര്ണ്ണയായിരുന്നു. സ്ത്രീകളില്‍ അനുഗ്രഹീതയായി സത്യദൈവത്തെ ഗര്‍ഭത്തില്‍ ധരിക്കാന്‍ അവള് മാത്രമാണ് യോഗ്യത നേടിയത്. കന്യകയായിരിക്കെ അവള് അവിടുത്തെ പ്രസവിച്ചു. കന്യകയെന്ന നിലയില്‍ അവിടുത്തേയ്ക്ക് അവള് മുലപ്പാല്‍ നല്കി. തന്റെ മടിയില്‍ അവിടുത്തെ ലാളിച്ചു. എല്ലാക്കാര്യത്തിലും സ്നേഹപുര്ണ്ണമായ ശ്രദ്ധയോടെ അവിടുത്തെ പരിചരിച്ചു”.
വിശുദ്ധ ഫ്രാന്‍സിസ് ഡി. സാലസ് മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തെ ഇപ്രകാരമാണ് ന്യായികരിക്കുന്നത്:”ഏതു പുത്രനാണ് തനിക്കു കഴിയുമെങ്കില്‍ തന്റെ അമ്മയെ അവളുടെ മരണശേഷം ജീവിപ്പിക്കുകയും പറുദീസയിലേക്ക് കൊണ്ടുവരാതിരിക്കുകയും ചെയ്യാതിരിക്കുന്നത്? വിശുദ്ധ അല്‍ഫോന്‍സ ലിഗോരിയുടെ ന്യായവാദം ഇങ്ങനെയാണ്: മറിയത്തിന്റെ മരണശേഷം അവളുടെ ശരീരം ജീര്ണ്ണിക്കണമെന്ന് യേശു ആഗ്രഹിച്ചില്ല. കാരണം താന്‍ ആരില്‍ നിന്ന് ശരീരം സ്വീകരിച്ചുവോ അവളുടെ കന്യാശരീരം പൊടിയായി മാറ്റപ്പെടുകയെന്നത് അവിടുത്തേക്ക് അഭിമാനക്കേടുണ്ടാക്കും.”
മേല്‍പ്പറഞ്ഞ പണ്ഡിതരും വിശുദ്ധരും മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തില്‍ വിശ്വസിക്കാന്‍, അതു വിശദീകരിക്കാന്‍ ഒരു വസ്തുത ഊന്നിപ്പറയുന്നുണ്ട്. അത് യേശുവിന് തന്റെ അമ്മയായ മറിയത്തോടുള്ള പുത്രസഹജമായ തീവ്രസ്നേഹമാണ്. ആഴമേറിയ ആ മാതൃസ്നേഹമാണ് മറിയത്തിന്റെ സ്വര്ഗ്ഗാരോപണത്തിനുള്ള പരമപ്രധാനമായ വസ്തുതയായി അവര്‍ കണക്കാക്കുന്നത്. അത് ന്യായവും യുക്തവുമാണ് താനും.
മറിയത്തിന്റെ അമലോത്ഭവം 1854ല്‍ വിശ്വാസസത്യമായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സ്വര്‍ഗ്ഗാരോപണവും ഒരു വിശ്വാസസത്യമായി പ്രഖ്യാപിക്കണമെന്ന് ആഗോളസഭയില്‍ ആവശ്യം ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് കാലത്തിന്റെ പൂര്‍ണ്ണതയില്‍ പന്ത്രണ്ടാം പീയൂസ് പാപ്പ 1946ല്‍ ദൈവമാതാവും കന്യകയും (Deiparae Virginis) എന്ന പ്രബോധനത്തിലൂടെ പ്രസ്തുത പ്രഖ്യാപനത്തെക്കുറിച്ച് ആഗോളസഭയിലെ മെത്രന്മാരുടെ അഭിപ്രായം ആരാഞ്ഞൂ. 1169 മറുപടികളില്‍ 1147 മറുപടികളും മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം ഒരു വിശ്വാസസത്യമായി പ്രഖ്യാപിക്കണം എന്നാണ് അഭിപ്രായപ്പെട്ടത്. അതിന്റെ വെളിച്ചത്തില്‍ 1950 നവംബര്‍ ഒന്നാം തീയതി സകല വിശുദ്ധരുടെയും തിരുനാള്‍ ദിനം ‘അത്യുദാരനായ ദൈവം’ (MUNIFECENTISSIMUS DEUS) എന്ന ചാക്രിക ലേഖനത്തിലൂടെ പീയൂസ് പന്ത്രണ്ടാമന് പാപ്പ ഇപ്രകാരം പ്രഖ്യാപിച്ചു:
”അമലോത്ഭവയായ ദൈവമാതാവ് നിത്യകന്യകയായ മറിയം, തന്റെ ഭൗതീക ജീവിത കാലഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ശരീരത്തോടും ആത്മാവോടും കൂടി സ്വര്ഗ്ഗമഹത്വത്തിലേക്ക് എടുക്കപ്പെട്ടു. എന്നത് ദൈവികമായി വെളിവാക്കപ്പെട്ട വിശ്വാസസത്യമാണെന്ന് ഞാന്‍ ഉറപ്പിച്ചു പറയുകയും, പ്രഖ്യാപിക്കുകയും, നിര്‍വചിക്കുകയും ചെയ്യുന്നു.”
ദൈവം തന്റെ അപരിമേയമായ ഔദാര്യത്തില്‍ മറിയത്തിന് ‘ആനുകൂല്യങ്ങളും’, വിശേഷാവകാശങ്ങളും നല്‍കിയെന്നതിന്റെ സവിശേഷമായ തെളിവായിരുന്നു പരിശുദ്ധ മറിയത്തിന്റെ ശരീരത്തോടുകൂടിയ സ്വര്‍ഗ്ഗാരോപണം. മരണശേഷം ശരീരം അഴുകിപ്പോവുക എന്ന സ്വഭാവിക നിയമത്തില്‍ നിന്ന് മറിയത്തെ ദൈവം ഒഴിവാക്കി. തികച്ചും അനന്യമായ ദൈവികകൃപവഴി – അമലോത്ഭവം വഴി പാപത്തെ പൂര്‍ണ്ണമായി കീഴടക്കിയ മറിയം അങ്ങനെ കബറിടത്തിലെ ജീര്ണ്ണിക്കലെന്ന നിയമത്തിന് വിധേയായില്ല. ‘വിശ്വസിച്ചവള്‍ ഭാഗ്യവതി’ (ലൂക്ക 1:46)
യേശുവില്‍ വിശ്വസിച്ച് അവനിലൊന്നായി ജീവിക്കുകയും, മരിക്കുകയും ഉയിര്‍ക്കുകയും ചെയ്യുന്നവരുടെ മഹാപ്രതീകമാണ് മറിയം. ‘ശരീരത്തോടുകൂടിയ ഉയിര്‍പ്പ്’ എന്ന വിശ്വാസം ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണം എന്നപോലെ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണവും തെളിയിക്കുന്നു. ‘വിതയ്ക്കപ്പെടുന്നത് ഭൗതീകശരീരം, പുനര്‍ജ്ജീവിക്കുന്നത് ആത്മീയ ശരീരം” (1കൊറി 15:44) പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം തന്റെ പുത്രന്റെ പുനരുത്ഥാനത്തിലുള്ള മറിയത്തിന്റെ അനന്യമായ പങ്കുചേരലും ക്രൈസ്തവരുടെ പുനരുത്ഥാനത്തിന്റെ മുന്നാസ്വാദനവുമാണ് എന്നാണ് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നത്. ആത്മശരീരത്തോടെ സ്വര്‍ഗ്ഗത്തില്‍ മഹത്വീകൃതയായിരിക്കുന്ന പരിശുദ്ധ മറിയമാണ് ലോകാവസാനത്തില്‍ പൂര്‍ത്തിയാകാനിരിക്കുന്ന സഭയുടെ പ്രതിച്ഛായയും, ആരംഭവും അതുപോലെ തന്നെ കര്‍ത്താവിന്റെ ദിവസം ഉദയം ചെയ്യുന്നതുവരെ മറിയം ഭൂമുഖത്ത് തീര്‍ത്ഥാടനം ചെയ്യുന്ന ദൈവജനത്തിന് സുനിശ്ചിതമായ പ്രതീക്ഷയുടെയും സമാശ്വാസത്തിന്റെയും അടയാളമായി പ്രകാശിച്ചുകൊണ്ടിരിക്കുമെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖ ഉദ്ബോധിപ്പിക്കുന്നു. മനുഷ്യന് ദൈവത്തോടൊത്ത് നിത്യസൗഭാഗ്യത്തില്‍ ആയിരിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. എന്ന സനാതന സത്യത്തിന് മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം സ്പഷ്ടമായ തെളിവാണ്.
പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം, ദത്തുപുത്രനും ക്രിസ്തുവിന്റെ മൗതീകശരീരത്തിലെ (ങഥടഠകഇഅഘ ആഛഉഥ) അംഗങ്ങളുമായ നമ്മുടെ പൂര്‍ണ്ണതയിലേക്കുള്ള വിളിയുടെ യഥാര്‍ത്ഥ സ്വഭാവവും, അവസ്ഥയും വെളിപ്പെടുത്തുന്നുണ്ട്. പരിശുദ്ധ മറിയം അവളുടെ ഉത്ഭവ നിമിഷം മുതല്‍ പരിശുദ്ധയായിരുന്നു. അവള് ഒരിക്കലും പാപത്തിന് അധീനയായിരുന്നില്ല. നിത്യജീവന്റെ വിത്തുകള്‍ അവള് തന്റെ പരിശുദ്ധമായ അസ്ഥിത്വത്തില്‍ കാത്തുസൂക്ഷിച്ചു. ദൈവത്തില്‍ ജീവിതത്തിന്റെ പരിപൂര്‍ണ്ണത നേടി. അതുകൊണ്ട് പാപത്തിന്റെ ഫലമായ നിത്യമരണത്തിനും അഴുകലിനും അവള് വിധേയയായില്ല. ദൈവം അവളെ അത്യധികം ഉയിര്‍ത്തി, സ്വര്ഗ്ഗാരോപിതയാക്കി. അങ്ങനെ ദൈവം ”താന്‍ മുന്‍കൂട്ടി നിശ്ചയിച്ചവരെ വിളിച്ചു; വിളിച്ചവരെ നീതികരിച്ചു; നീതികരിച്ചവരെ മഹത്വപ്പെടുത്തി; (റോമ 8:30) ഇതാണ് നമ്മുടെയും അപാരസ്വതന്ത്ര്യത്തില് അനശ്വരരാകാനുള്ള ദാഹത്തിന്റെ ദൈവത്തിലുള്ള സമ്പൂര്‍ണ്ണ ജീവിതത്തെക്കുറിച്ചുള്ള സ്വപ്നത്തിന്റെ മാതൃകയും മൂന്നാസ്വാദനവും നാം വിശ്വാസത്തോടും, പ്രത്യാശയോടും, സ്നേഹത്തോടും കൂടി കാത്തിരിക്കുന്ന ”കണ്ണുകള്‍ കണ്ടിട്ടില്ലാത്തതും കാതുകള്‍ കേട്ടിട്ടില്ലാത്തതും മനുഷ്യമനസ് ഗ്രഹിക്കുകയും ചെയ്തിട്ടില്ലാത്ത ” (1 കൊറി) ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ നമുക്ക് തീര്‍ച്ചയായും ലഭിക്കും എന്ന് ഉറപ്പാണ് മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിന്റെ ദൈവശാസ്ത്രം നമുക്ക് പകരുന്നത്.
Related
Related Articles
ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്
ഇസ്ലാമബാദ്: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ആക്രമിച്ചാല്‍ പാക്കിസ്ഥാന് തിരിച്ചടിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്ഖാന്. പുല്‍വാമ ഭീകരാക്രമണത്തില്‍ അന്വേഷണവുമായി സഹകരിക്കും. ചര്‍ച്ചകളിലൂടെ വിവേകപൂര്‍ണമായി പ്രശ്നം പരിഹരിക്കണം. ഭീകരാക്രമണത്തില്‍
ക്ഷേത്രത്തിലെത്തിയ 27 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
ഒറ്റപ്പാലം: ലോക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ തൊഴാനെത്തിയ 27 പേര്‍ക്കെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ഒറ്റപ്പാലം വരോട് ചുനങ്ങാട് ചാത്തന്‍കണ്ടാര്‍ക്കാവ് ക്ഷേത്രത്തിലെത്തിയ ഒമ്പതു സ്ത്രീകളടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍
പോള്‍ ആറാമന്‍ പാപ്പാ ഉള്‍പ്പെടെ ഏഴുപേര്‍ വിശുദ്ധപദവിയിലേക്ക്
വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ 14ന് ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെ പൊതുവേദിയില്‍ ഫ്രാന്‍സിസ് പാപ്പാ ദിവ്യബലിമധ്യേ സാര്‍വത്രിക സഭയിലെ ഏഴു വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കും. ഇന്ത്യയില്‍