മലകയറുന്ന രാഷ്ട്രീയവിവാദം

മലകയറുന്ന രാഷ്ട്രീയവിവാദം
ശബരിമലയില്‍ സ്ത്രീകളെക്കാള്‍ മുമ്പ് തങ്ങള്‍ക്കു കയറണമെന്നാണ് രാഷ്ട്രീയനേതാക്കളുടെ താല്പര്യം. ഏതുവിവാദത്തില്‍ നിന്നാണ് ലാഭമുണ്ടാക്കാനാകുക എന്നറിയില്ലല്ലോ. മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കണമെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ എവിടെയും പറഞ്ഞിട്ടുള്ളതായി അറിയില്ല. അതുകൊണ്ടുതന്നെ സിപിഎമ്മിന് അത്തരം ബഹുമാനം കാലങ്ങളായി ഇല്ലതാനും. അഥവാ മാര്‍ക്‌സും ഏംഗല്‍സും മതം കറുപ്പല്ലെന്ന് പറഞ്ഞാല്‍ പോലും അംഗീകരിക്കാന്‍ കേരളത്തില്‍ വേറെ ആളെ നോക്കണം. ഇടയ്ക്ക് ഒരു പാഠഭേദമുണ്ടായത് കന്യാസ്ത്രീ സമരത്തില്‍ മാത്രമാണ്. കൊച്ചിയിലെ കണ്ണായ സ്ഥലത്ത് കന്യാസ്ത്രീകളെ അണിനിരത്തി ചിലര്‍ നടത്തിയ സമരം സിപിഎമ്മിനും സര്‍ക്കാരിനും കത്തോലിക്കാസഭയ്ക്കുമെതിരാണെന്ന് കണ്ടുപിടിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. സഭയെ ജനമധ്യത്തില്‍ ഇടിച്ചുതാഴ്ത്താനുള്ള ചിലരുടെ ശ്രമമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎമ്മിനെയും ഇടതുസര്‍ക്കാരിനെയും സഭയോട് ചേര്‍ത്തുനിര്‍ത്താന്‍ കേരളത്തില്‍ ധൈര്യം കാണിച്ച ആദ്യസഖാവെന്ന് ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്താതിരിക്കില്ല. ലാറ്റിനമേരിക്കയില്‍, മാര്‍ക്‌സിസത്തിന്റെ ക്രൈസ്തവമുഖമെന്ന് ആക്ഷേപം കേട്ട വിമോചനദൈവശാസ്ത്രത്തിന്റെ കാലത്താണ് ഇതിനു മുമ്പ് ഇരുകൂട്ടരും ഉലക്കമേല്‍ ഇത്ര ഐക്യത്തോടെ കിടന്നതായി കേട്ടിട്ടുള്ളത്. 
മറ്റ് ഇടതുപാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും അഭിപ്രായമോ അഭിപ്രായഭേദമോ ഉണ്ടോ എന്ന് ആരും ആരാഞതായി കണ്ടില്ല കേട്ടില്ല. കോലോത്തുള്ള തമ്പ്രാക്കള്‍ നിലപാട് വ്യക്തമാക്കിയല്ലോ കുടിയാന്മാര്‍ക്ക് ഇതിലെന്തുകാര്യം? ഇടതുപക്ഷം ചേര്‍ന്നുനില്‍ക്കുന്ന ദേവസ്വംബോര്‍ഡിന് നിലപാടുതറ തന്നെയില്ലെന്ന് ബോധ്യമായി. സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്കുമെന്നു പറഞ്ഞ ദേവസ്വംബോര്‍ഡ് പ്രസിഡന്റിനെ പിണറായി സഖാവ് കണ്ണുരുട്ടി കാണിച്ചതോടെ ഒരു പരിശോധനയും വേണ്ടെന്നായി അദ്ദേഹം.
ദേശീയപാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും ശബരിമലയില്‍ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞു. ദേശീയതലത്തില്‍ ഒന്നും കേരളത്തില്‍ മറ്റൊന്നുമാണെന്നു മാത്രം. ദേശീയതലത്തില്‍ രണ്ടുകൂട്ടര്‍ക്കും സ്ത്രീകളോടു വലിയ സ്‌നേഹവും കോടതികളോട് ബഹുമാനവുമുണ്ട്. കേരളത്തില്‍ ഇതില്ല എന്നല്ല, എന്നാലും പിണറായി സര്‍ക്കാരിനെ തല്ലാന്‍ കോടതി നല്ലൊരു അവസരമൊരുക്കിയതില്‍ ദേശീയപാര്‍ട്ടികളുടെ കീഴ്ഘടകങ്ങള്‍ അതീവസന്തുഷ്ടരാണ്. അതാണ് പട്ടാളത്തെ ഉപയോഗിച്ചും സ്ത്രീകളെ ശബരിമല കയറാന്‍ സഹായിക്കണമെന്ന് സുബ്രഹ്മണ്യംസ്വാമി എംപി അരുള്‍ ചെയ്യുമ്പോള്‍ ചോരവീണാലും സ്ത്രീകളെ ഒരുമലയും കയറാന്‍ അനുവദിക്കില്ലെന്ന് ശ്രീധരന്‍പിള്ള അലറുന്നത്. കണ്ണൂരിലെ വയല്‍ക്കിളികളുമായി ഒത്തുചേര്‍ന്ന് ഒരു ലോംഗ്മാര്‍ച്ച് സംഘടിപ്പിക്കണമെന്ന് കുമ്മനംജിയുടെ കാലം മുതലേയുള്ള കാവിസ്വപ്‌നമാണ്. ശബരിമല വിഷയത്തില്‍ ലോംഗ്മാര്‍ച്ച് നടത്താന്‍ അവസരം ലഭിച്ചത് ശ്രീധരന്‍പിള്ളജിക്കാണെന്നു മാത്രം.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ എന്തുനിലപാടാണ് സ്വീകരിച്ചത്? ടിയാന്റെ പ്രഥമ വാര്‍ത്താസമ്മേളനത്തില്‍ തന്നെ മാധ്യമങ്ങള്‍ ഈ ചോദ്യമെടുത്തിട്ടു. നിലപാട് എന്താണെന്ന് മുല്ലപ്പള്ളി പറയാന്‍ ശ്രമിച്ചെങ്കിലും നിലപാടില്ലെന്ന കാര്യത്തില്‍ ഏവര്‍ക്കും ബോധ്യമുണ്ടായി. പഴയ കെപിസിസി പ്രസിഡന്റ് എം. എം സനായിരുന്നു ഈ സ്ഥാനത്തെങ്കില്‍ തന്റെ അഭിപ്രായമെങ്കിലും തുറന്നുപറയുമായിരുന്നു. ഹര്‍ത്താലിനെതിരേ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുക മാത്രമല്ല സമരവും നടത്തിയിട്ടുണ്ട് അദ്ദേഹം. പക്ഷേ ഇന്ധനവിലക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും ഹസന്‍ തന്നെയായിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ നിലപാടുള്ള ഒരേ ഒരാള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. കോടതി വിധി വന്ന ഉടനെ ചാടിക്കയറി വിധിയെ സ്വാഗതം ചെയ്തു. പിന്നീടാണ് ബിജെപിയുടെ നീക്കം കണ്ട് വായില്‍ വെള്ളമൂറിയത്. കോടതി വിധിയാണെങ്കിലും സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ കഴിഞ്ഞാല്‍ വലിയ നേട്ടമാകുമെന്നും തോന്നി. പെരുന്നയില്‍ നിന്ന് പണിക്കരുടെ വിളി വന്നോ എന്ന് സംശയം. പിന്നെ വിശ്വാസികളുടെ കൂടെയായി നില്പ്. രാഷ്ട്രീയത്തിലെ തന്റെ ഗോഡ്ഫാദര്‍, കെ. കരുണാകരന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചപ്പോള്‍ പോലും ശങ്കിക്കാതെ പിടിച്ചുനിന്നയാളാണ് ചെന്നിത്തലയെന്ന് സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു.
ശബരിമല ചവിട്ടാന്‍ അനുവാദം ലഭിച്ചാല്‍ സ്ത്രീകള്‍ കൂട്ടത്തോടെ കാടിളക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. പമ്പയിലെയും സന്നിധാനത്തിലെയും ഒരുക്കങ്ങളെല്ലാം ഇപ്പോള്‍ സ്ത്രീകളെ കേന്ദ്രീകരിച്ചാണ്. വര്‍ഷങ്ങളായി ഇരുമുടിക്കെട്ടുമായി മല ചവിട്ടിയിരുന്ന പുരുഷന്മാര്‍ക്ക് ഇതുവരെ കാര്യമായ സൗകര്യങ്ങളൊന്നും സര്‍ക്കാരും ദേവസ്വംബോര്‍ഡും ഒരുക്കിയില്ലെന്ന് ആരും പറയരുത്. തിരക്കുകൂടുമ്പോള്‍ എട്ടടി നീളമുള്ള ചൂരല്‍വടികൊണ്ട് പതുക്കെ, നോവിക്കാതെ തലോടുക, വലിയ വടംവെച്ച് കെട്ടിവലിക്കുക തുടങ്ങിയ സൗകര്യങ്ങളൊക്കെ തരംപോലെ ചെയ്തുകൊടുക്കാറുണ്ട്.
ശബരിമലസമരത്തിന്റെ പോക്കുകണ്ടിട്ട് ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിച്ചതു പോലെയാകുമെന്നാണ് തോന്നുന്നത്. ലുബാന്‍ ചുഴലിക്കാറ്റ് ഒമാനിലൂടെയാണ് പോകുന്നതെങ്കിലും നമ്മളും സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് പഴയ വെള്ളപ്പൊക്കത്തിന്റെ ഓര്‍മയുണ്ടായിട്ടല്ല, എന്നാലെങ്കിലും പഹയന്മാര്‍ രണ്ടു ദിവസത്തേക്ക് അടങ്ങിയിരിക്കട്ടെ എന്നു കരുതിയാണ്. സര്‍ക്കാരിന്റെ ഒരുകാല്‍ മലയ്ക്കു മുകളിലും രണ്ടാമത്തേത് കീഴെയുമാണ്. നടുവൊടിയാനുള്ള എല്ലാ സാധ്യതയുമുണ്ട്. അതിനുമുമ്പ് യുവര്‍ എക്‌സലന്‍സിയോട് ദയവായി സംഭവമൊന്നു പുനരവലോകനം ചെയ്യണമെന്നു പറയുന്നതായിരിക്കും ഉചിതമെന്ന് മുഖ്യമന്ത്രിയുടെ ചുറ്റുമുള്ള ഔദ്യോഗിക ഉപദേശകര്‍ മൊഴിയുമായിരിക്കും…ശരണമയ്യപ്പോ!
ചാലക്കുടിയിലെ ചുഴലിക്കാറ്റ്
ലുബാന്‍ ഏതോ കരയിലേക്ക് എവിടെനിന്നോ പോകുന്നതിനു മുമ്പാണ് ചാലക്കുടി പ്രദേശത്ത് ചുഴലിക്കാറ്റ് വീശിയത്. നഗരമധ്യത്തിലെ സിനിമാക്കൊട്ടകയുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയെന്നാണ് വാര്‍ത്തപരന്നത്. സിനിമ കണ്ടിരുന്നവര്‍ ഇറങ്ങി ഓടിയെന്നും. എന്നാല്‍ സംഭവിച്ചത് അതല്ല വിനയന്റെ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമ ഈ കൊട്ടകയില്‍ കളിക്കുകയായിരുന്നുവെന്നും ഇടയ്ക്ക് വച്ച് സഹിക്കാന്‍ കഴിയാതെ വന്ന ചാലക്കുടിക്കാര്‍ ഇറങ്ങിഓടിയതാണെന്നും വിനയന്റെ സിനിമാശത്രുക്കളാണെന്നു തോന്നുന്നു പറഞ്ഞുപരത്തുന്നുണ്ട്…..അമ്മേ ശരണം.

Tags assigned to this article:
bejofloodsabarimalasatire

Related Articles

സ്പ്രിങ്ക്ളര്‍ ഇടപാട് കോടതി ഇന്ന് പൊസിറ്റീവാണ്;നെഗറ്റീവും

സ്പ്രിങ്ക്ളര്‍ സേവനം തടയില്ല: വിവര ശേഖരണത്തിന് കടുത്ത ഉപാധികള്‍ കൊച്ചി: വിവാദമായ സ്പ്രിങ്ക്ളര്‍ കരാറില്‍ സര്‍ക്കാരിന് താത്കാലികാശ്വാസം. കര്‍ശന ഉപാധികളോടെ കരാര്‍ തുടരാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്ന

ആഹാരമില്ലാത്തവര്‍ ഇവിടെയുണ്ട്

ലോകഭക്ഷ്യദിനവും അന്താരാഷ്ട്ര ദാരിദ്ര്യനിര്‍മ്മാര്‍ജന ദിനവും അടുത്തടുത്ത ദിവസങ്ങളിലാണ് ആചരിക്കപ്പെടുന്നത്. ഒക്‌ടോബര്‍ 16, 17 തീയതികളില്‍. ഈ കുറിപ്പെഴുതുമ്പോള്‍ വാര്‍ത്തകളുടെ രണ്ടു ശകലങ്ങള്‍ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ എന്റെ

എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വമുണ്ട് – ഡോ. സെബാസ്റ്റിയന്‍ പോള്‍

കൊല്ലം: പ്രാതിനിധ്യ ജനാധിപത്യ സംവിധാനമുള്ള ഇന്ത്യയില്‍ രാഷ്ട്രീയരംഗത്ത് എല്ലാ സമുദായങ്ങള്‍ക്കും പ്രാതിനിധ്യം നല്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഡോ. സെബാസ്റ്റിയന്‍പോള്‍ പറഞ്ഞു. കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയില്‍ കേരളപ്പിറവിക്കുശേഷമുള്ള

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*