മലബാറിന്റെ പുണ്യ മഹാമേരു

Print this article
Font size -16+
പോര്‍ച്ചുഗീസുകാര്‍ പതിനഞ്ചാം നൂറ്റാണ്ടിനൊടുവില്‍ മലബാറിലെത്തുമ്പോള്‍, ജറുസലേമില്‍ നിന്നു കുടിയേറിയ യഹൂദക്രൈസ്തവരായ എസ്സീന്യരും ബാബിലോണ്‍ കുടിയേറ്റക്കാരായ നസ്രാണികളും പേര്‍ഷ്യയില്‍ നിന്നു കുടിയേറിയ മാര്തോമാക്രിസ്ത്യാനികളും ഈനാട്ടിലെ ദ്രാവിഡ ക്രൈസ്തവരും ഉള്‍ച്ചേര്‍ന്ന ക്രൈസ്തവസമൂഹം ഇവിടത്തെ വാണിജ്യത്തുറകളിലും തീരദേശത്തും വസിച്ചിരുന്നു. വാസ്കോ ഡ ഗാമ 1498 മേയില്‍ കോഴിക്കോടിനടുത്ത് പന്തലായനി കൊല്ലത്ത് എത്തിച്ചേരുന്നതിന് രണ്ടു നൂറ്റാണ്ടു മുന്‍പ്,ലത്തീന്‍ സഭയിലെ ഫ്രാന്‍സിസ്കന്‍, ഡൊമിനിക്കന്‍ സന്ന്യാസിമാര്‍ ഇന്ത്യയുടെ പശ്ചിമതീരത്ത് പ്രേഷിതവേല ചെയ്തിരുന്നു. വടക്കുപടിഞ്ഞാറന്‍ ഇറാനിലെ സുല്‍ത്താനിയയില്‍ നിന്ന് കൊല്ലത്ത് എത്തിച്ചേര്‍ന്ന ഫ്രഞ്ച് സെവറാക്കുകാരനായ ഡൊമിനിക്കന്‍ മിഷണറി ജോര്‍ദാന്‍ കറ്റലാനിയെ അവിടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദ്യത്തെ ലത്തീന്‍ റീത്ത് മെത്രാനായി ജോണ്‍ ഇരുപത്തിരണ്ടാമന്‍ പാപ്പാ നിയമിക്കുന്നത് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലെത്തുന്നതിന് 169 വര്‍ഷം മുന്‍പാണ്. ബിഷപ് കറ്റലാനി ബോംബെയ്ക്കടുത്ത് താനെയില്‍ മുസ്ലിംകളുടെ വിദ്വേഷത്തിനു പാത്രമായി രക്തസാക്ഷിയായി.
ബന്ധിതരുടെ വിമോചനത്തിനായുള്ള പരിശുദ്ധ ത്രിത്വത്തിന്റെ സന്ന്യാസിസമൂഹത്തിന്റെ ലിസ്ബണിലെ ആശ്രമശ്രേഷ്ഠനായിരുന്ന പേദ്രോ ദെ കൊവിലോ ഗാമയോടൊപ്പം കോഴിക്കോട്ട് എത്തിയ ആദ്യ പോര്‍ച്ചുഗീസ് മിഷണറിയും രക്തസാക്ഷിയുമാണ്. കോഴിക്കോട് തീരത്ത് വന്നിറങ്ങി ഏഴ് ആഴ്ചയ്ക്കകം അദ്ദേഹം കുന്തമുനയ്ക്ക് ഇരയായി. മാത്രി ദേയി ദേവാലയ സെമിത്തേരിയില്‍ അദ്ദേഹത്തിന്റെ സ്മാരകശിലയുണ്ടായിരുന്നു. പതിമൂന്ന് പടകപ്പലുകളും 1,500 നാവികരുമായി പേദ്രോ അല്‍വാരെസ് കബ്രാള്‍ – മിലിറ്ററി ഓര്‍ഡര്‍ ഓഫ് ക്രൈസ്റ്റ് എന്ന സന്നദ്ധസേവകരുടെ ആചാര്യനായിരുന്നു ഈ ക്യാപ്റ്റന്‍ മേജര്‍ – നയിച്ച രണ്ടാമത്തെ പോര്‍ച്ചുഗീസ് ഇന്ത്യ അര്‍മാഡയില്‍ എട്ടു ഫ്രാന്‍സിസ്കന്‍ സന്ന്യസ്തരും എട്ടു ചാപ്ലിന്മാരുമുണ്ടായിരുന്നു. ജിദ്ദയില്‍ നിന്നുള്ള ഒരു അറബി ചരക്കുകപ്പല്‍ പോര്‍ച്ചുഗീസുകാര്‍ പിടിച്ചെടുത്തതിനു പ്രതികാരമായി, 1500 ഡിസംബര്‍ 16-ന് കോഴിക്കോട് തുറമുഖത്തെ അവരുടെ പുതിയ ഫാക്റ്ററിക്കുനേരെയുണ്ടായ ആക്രമണത്തില്‍ ഫാ. ഗാസ്പര്‍, ഓര്‍ഗനിസ്റ്റ് ഫാ. മസേവു, ദൈവശാസ്ത്ര വിദ്യാര്‍ഥി പേദ്രോ നെറ്റോ എന്നീ ഫ്രാന്‍സിസ്കന്‍ മിഷണറിമാര്‍ ഉള്‍പ്പെടെ 50 പോര്‍ച്ചുഗീസുകാര്‍ കൊല്ലപ്പെട്ടു; മിഷന് സുപ്പീരിയറായ കൊയിമ്പ്രയിലെ ഫാ. ഹെന് റിക് അല്‍വാരോ സ്വാരസിന് ഗുരുതരമായി പരുക്കേറ്റു.
മലബാറിലെ കുരുമുളകു വിപണിയിലെ അറബികുത്തക തകര്‍ക്കാനുള്ള വാസ്കോ ഡ ഗാമയുടെയും കബ്രാളിന്റെയും ശ്രമങ്ങള്‍ ഫലിച്ചില്ലെങ്കിലും ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്റോയ് ഫ്രാന്‍സിസ്കോ ഡി അല്‍മേയ്ഡ, കോലത്തുനാട്ടില്‍ കണ്ണൂര്‍ തീരത്ത് 1505-ല്‍ സെന്റ് ആഞ്ജലോ കോട്ടയും സെന്റ് ജെയിംസ് ചാപ്പലും പണിതുയര്‍ത്തി. കണ്ണൂരില്‍ 1514-ല്‍ 344 കത്തോലിക്കരുടെ ഒരു സമൂഹം ഉണ്ടായിരുന്നു. 1513-ല്‍ അല്‍ഫോന്‍സോ ദെ ആല്‍ബുക്കര്‍ക്ക് കോഴിക്കോട് കല്ലായിപ്പുഴയുടെ തീരത്ത് പാണ്ടികശാലയും ചാപ്പലും നിര്‍മിക്കുന്നുണ്ട്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ 1543 ഡിസംബര്‍ 25-ന് കണ്ണൂരും, 1549 മാര്‍ച്ച് 17-ന് കോഴിക്കോടും സന്ദര്‍ശിക്കുകയുണ്ടായി.
താനൂരിലെ വെട്ടത്തുരാജാവ് ചാലിയത്ത് പോര്‍ച്ചുഗീസ് കോട്ടയും സാന്ത മരിയ ദെ കാസ്തെല്ലാ ചാപ്പലും നിര്‍മിക്കാന്‍ സഹായിക്കുന്നതും 1548-ല്‍ ഡോം ജോവാവോ ദെ താനൂര്‍ എന്ന പേരില്‍ ക്രിസ്തുമതം സ്വീകരിക്കുന്നതും റാണി ഡോണ മരിയ ആകുന്നതും താനൂര്‍ ഈശോസഭയുടെ മിഷന്കേന്ദ്രമായി വളരുന്നതും മലബാറിലെ പ്രേഷിതചരിത്രത്തിലെ വലിയൊരു ഉപാഖ്യാനമാണ്. ഇതിനിടെ, ഗോവ ആര്‍ച്ച്ബിഷപ് അലക്സിസ് മെനേസിസും പില്ക്കാലത്ത് അങ്കമാലി- കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്തയാകുന്ന ജസ്യുറ്റ് സുറിയാനി പണ്ഡിതന് ഫ്രാന്‍സിസ് റോസും ഫ്രാന്‍സിസ് അകോസ്റ്റയും, പിന്നീട് അര്‍ത്തുങ്കല്‍ വെളുത്തച്ചന് എന്ന ഖ്യാതി നേടുന്ന ജക്കോമോ ഫെനീച്ചിയോയും കോഴിക്കോട് സാമൂതിരിയുടെ ഹൃദയം കവരുന്നുണ്ട്. കോഴിക്കോട് തീരത്ത് ഇറ്റാലിയന്‍ നിയോ-റോമന്‍ വാസ്തുശില്പലാവണ്യമിയന്ന ദേവമാതാ ദേവാലയത്തിന്റെ പുനര്‍നിര്‍മിതിക്ക് ശിലാന്യാസം നിര്‍വഹിച്ചത് ആ സാമൂതിരിയാണ്. സാമൂതിരിയുടെ ഒരു മരുമകന് ക്രിസ്ത്യാനിയായി.
പോര്‍ച്ചുഗലിന്റെ എസ്താദോ ദാ ഇന്ത്യയില്‍ നിന്ന് കൊടുങ്ങല്ലൂരും കൊച്ചിയും ഡച്ചുകാര്‍ പിടിച്ചടക്കുന്നതിനു തൊട്ടുമുന്‍പ്, ജസ്യുറ്റ് ആര്‍ച്ച്ബിഷപ് റോസുമായി ഇടഞ്ഞ സുറിയാനി ക്രിസ്ത്യാനികളെ അനുനയിപ്പിക്കാന്‍ റോമില്‍ നിന്ന് നിയോഗിക്കപ്പെട്ട കര്‍മലീത്താ കമ്മിസാറി – മലബാര്‍ വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്ക – ജോസഫ് മരിയ സെബസ്ത്യാനിയും സംഘവും സൂററ്റില്‍ നിന്ന് ഒരു പടവില്‍ 1657 ഫെബ്രുവരിയില്‍ കണ്ണൂരിലാണ് ആദ്യം വന്നിറങ്ങുന്നത്. കടല്‍മാര്‍ഗം കോഴിക്കോടെത്തിയാണ് അവര്‍ പാലയൂര്ക്കും ഇടപ്പള്ളിയിലേക്കും പോകുന്നത്. റോമിലെ പന്ക്രാസിയോ സെമിനാരിയില്‍ നിന്ന് മലബാറിലേക്കു നിയോഗിക്കപ്പെട്ട ഡൊമിനിക് ഓഫ് സാന്‍ ജൊവാനി ദെല്ല ക്രോച്ചെ എന്ന കര്മലീത്തനാണ് ഫ്രഞ്ച് അധീനതയിലായിരുന്ന മയ്യഴിയില്‍ 1723-ല്‍ മിഷന് സ്ഥാപിക്കുന്നതും 13 വര്‍ഷത്തിനുശേഷം ആവിലായിലെ വിശുദ്ധ ത്രേസ്യയുടെ പ്രഥിത തീര്‍ഥാലയം പണിയുന്നതും. മലബാറിലെ ഡച്ച് അധിനിവേശവും മൈസൂര്‍ സുല്ത്താന്മാരുടെ പടയോട്ടവും കഴിഞ്ഞ്, 1791 മുതല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡന്‍സിയുടെ നേരിട്ടുള്ള ഭരണത്തിന് കീഴിലായ മലബാറില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്ക് 24 കൊല്ലം മുന്‍പാണ് ഉത്തരകേരളത്തിലെ പ്രഥമ റോമന്‍ കത്തോലിക്കാ രൂപതയുടെ ഉദയവും ഇറ്റാലിയന്‍ ജസ്യുറ്റ് അജപാലകരുടെ വാഴ്ചയുടെ സമാരംഭവും.
സഹ്യാദ്രിക്കും അറബിക്കടലിനുമിടയിലെ മലയാളനാടിന്റെ ചരിത്രഗതിയും, മതവിശ്വാസവും സംസ്കാരവും മാനവമൂല്യങ്ങളും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ഭരണവ്യവസ്ഥയും ഉള്‍പ്പെടെ മനുഷ്യജീവിതത്തിന്റെ ബൃഹദാഖ്യാനങ്ങളും നിര്‍വചിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ളത് കുടിയേറ്റങ്ങളാണ്. വയനാടന്‍ മേഖലയിലെ യൂറോപ്യന്‍ തോട്ടങ്ങളില്‍ ജോലിക്കായി ആംഗ്ലോ-ഇന്ത്യരും ലത്തീന്‍ സമുദായക്കാരും കുടിയേറിയതില്‍ നിന്ന് 19-ാം നൂറ്റാണ്ടില്‍ത്തന്നെ വൈത്തിരി, മാനന്തവാടി, മേപ്പാടി പ്രദേശങ്ങളില്‍ റോമന്‍ കത്തോലിക്കാ ദേവാലയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ 1926-1970 കാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറിലെ മീനച്ചില്‍, തൊടുപുഴ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി ഭാഗങ്ങളില്‍ നിന്ന് അഞ്ചു ലക്ഷത്തോളം വരുന്ന സുറിയാനി കര്‍ഷകര്‍ മലബാറിലെ കിഴക്കന്‍ മലകളിലെ വനഭൂമികളിലേക്കും ഉള്‍നാടുകളിലേക്കും നടത്തിയ ഐതിഹാസികമായ ആഭ്യന്തര കുടിയേറ്റം ഉത്തരകേരളത്തിന്റെ കാര്‍ഷിക, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, സാമുദായിക, പാരിസ്ഥിതിക ഭൂമിക അപ്പാടേ മാറ്റിയെഴുതുന്ന മഹാപ്രതിഭാസമായിരുന്നു.
കൊടുംകാടുകള്‍ വെട്ടിത്തെളിച്ച് വന്യമൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും മലമ്പനിയോടും പൊരുതി പരദേശത്ത് പുതുജീവിതം കരുപ്പിടിപ്പിക്കാന്‍ പാടുപെട്ട പാവപ്പെട്ട മനുഷ്യരുടെ യാതനകളില്‍ അവരെ അനുധാവനം ചെയ്ത കോഴിക്കോട് രൂപതയിലെ യൂറോപ്യന്‍ മിഷണറിമാരുടെയും തദ്ദേശീയ വൈദികരുടെയും സന്ന്യസ്തരുടെയും കാരുണ്യശുശ്രൂഷയുടെ മഹാസുവിശേഷം കൂടിയാണ് ഇരുപതാം നൂറ്റാണ്ടിലെ കേരളസഭയുടെ ആ ചരിത്രഗാഥ. ചിറക്കല്‍ മിഷനിലെ ഫാ. ലീനസ് മരിയ സുക്കോളിന്റെ ഭവനപദ്ധതികളും കോളയാട്, ചന്ദ്രഗിരി മിഷനുകളില്‍ ഫാ. പോള്‍ റൊസാരിയോ ഫെര്‍ണാണ്ടസ് ആദിവാസികള്‍ക്കായി ചെയ്ത സേവനങ്ങളും, വടക്കുനോക്കിയന്ത്രവും ഭൂപടവും കൊടുവാളും ക്വയിനാഗുളിക പാക്കറ്റുകളും കുര്‍ബാനയര്‍പ്പിക്കാനുള്ള കുപ്പായവും സാമഗ്രികളും നിറച്ച സഞ്ചിയുമൊക്കെയായി മലനാട്ടിലെ കുടിയേറ്റക്കാരെ തേടി കാടുകയറുകയും അവര്‍ക്കായി പതിനായിരത്തില്പരം ഏക്കര്‍ ഭൂമി വാങ്ങി ദാനം ചെയ്യുകയും ചെയ്ത ഫാ. ജാക്കോമോ മൊന്തനാരി തുടങ്ങിയവരുടെ മഹാത്യാഗത്തിന്റെ നീണ്ടകഥകളും എങ്ങനെ മറക്കാനാകും!
ഭാരതപ്പുഴയ്ക്ക് അപ്പുറത്ത് മലബാറില്‍ സീറോ മലബാര്‍ റീത്തിന്റെ ഒരു പള്ളിപോലും ഇല്ലായിരുന്നു. ഏതാണ്ട് മൂന്നു വ്യാഴവട്ടക്കാലം സുറിയാനി കുടിയേറ്റക്കാരുടെ ആധ്യാത്മിക ശുശ്രൂഷയും സാമൂഹിക പരിപാലനവും നിര്‍വഹിച്ച്, അവര്‍ക്കായി തലശ്ശേരിയില്‍ പുതിയ എപ്പാര്‍ക്കി സ്ഥാപിക്കാനായി സ്വന്തം ദേവാലയങ്ങളും വിദ്യാലയങ്ങളും സന്ന്യാസഭവനങ്ങളും സ്ഥാപനങ്ങളും വിട്ടുകൊടുത്ത ക്രൈസ്തവ സാഹോദര്യത്തിന്റെ ഉജ്വലസാക്ഷ്യം അവിസ്മരണീയമാണ്. തലശ്ശേരിയില്‍ മാര്‍ സെബാസ്റ്റിയന് വള്ളോപ്പള്ളിക്കു മെത്രാസനമന്ദിരമായി ജസ്റ്റിസ് വി.ആര് കൃഷ്ണയ്യരുടെ ബംഗ്ലാവ് ലഭ്യമാക്കുന്നതില്‍ വരെ ബിഷപ് ആല്‍ദോ മരിയ പത്രോണിക്കു പങ്കുണ്ടായിരുന്നു! മലബാറില്‍ പ്രദീപ്ത വിശ്വാസത്തിന്റെ പുണ്യധാമം തീര്‍ത്ത കൃപാതേജസ്വികള്ക്ക് സാദരപ്രണാമം!
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ദളിതനും കുതിരയും
ഉത്തര്‍പ്രദേശിലെ ഹത്രാസ് സ്വദേശിയായ സഞ്ജയ് ജാദവിന്റെ വിവാഹം ഏപ്രില്‍ 20നാണ്. ആഴ്ചകള്‍ക്കു മുമ്പേ ഈ വിവാഹം വിവാദമായി കഴിഞ്ഞു. ഒരു കുതിരയാണ് സഞ്ജയ് ജാദവിന്റെ വിവാഹം വിവാദമാക്കിയത്.
രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിനവും പെട്രോള്‍-ഡീസല്‍ വില ഉയര്‍ന്നു
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വിലകളില്‍ വര്‍ദ്ധന.പെട്രോളിന് ഏഴ് പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ദ്ധിച്ചത്. രണ്ട് മാസത്തോളം വില വര്‍ദ്ധിപ്പിക്കാതിരുന്ന ശേഷമാണ്
പച്ചമീന്‍ നഞ്ചില്‍ മുങ്ങുമ്പോള്‍
ട്രോളിംഗ് നിരോധന കാലത്ത് കേരളത്തിലെ മീന്‍ചന്തകളില്‍ കൊള്ളലാഭത്തിന്റെ ചാകരക്കൊയ്ത്തിന് മറ്റു തീരങ്ങളില്‍ നിന്ന് ടണ്‍കണക്കിന് മീനും ചെമ്മീനും എത്തിക്കുന്നവര്‍ ഭക്ഷ്യസുരക്ഷയുടെയും ഗുണനിലവാര മാനദണ്ഡങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങള്‍ കാറ്റില്‍
No comments
Write a comment
No Comments Yet!
You can be first to comment this post!