മലബാറിന്റെ പൂന്തോട്ടത്തിലേക്ക് നിറമനസ്സോടെ

മലബാറിന്റെ പൂന്തോട്ടത്തിലേക്ക്  നിറമനസ്സോടെ

മൂന്നു നൂറ്റാണ്ടുകള്‍ക്കുമുമ്പ് വിരചിതമായ ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ അഥവാ ‘മലബാറിന്റെ പൂന്തോട്ടം’ സസ്യശാസ്ത്ര പഠനരംഗത്ത് നിത്യവിസ്മയമായ വിശിഷ്ഠ ഗ്രന്ഥമാണ്. അതോടൊപ്പം തന്നെ, പല കാരണങ്ങളാല്‍ ചരിത്രത്തില്‍ വിവാദങ്ങളുടെ തിരയടങ്ങാത്ത വിഷയവുമാണ്. കര്‍മ്മധീരരായ ക്രാന്തദര്‍ശികളുടെ വീരോചിതമായ നേതൃത്വവും നിതാന്ത ജാഗ്രതയും അവരോടൊപ്പം നിരവധിപേരുടെ സമര്‍പ്പണവും സഹകരണവും കൊണ്ട് കേരളത്തിന്റെ ഹരിതഭൂപടം ലോകത്തിനുമുമ്പില്‍ വരച്ച് അവതരിപ്പിക്കാനായി. മാത്രമല്ല, ഈ അനുഗൃഹീത സസ്യസമ്പത്ത് അഭിമാനഹേതുവാകുമ്പോള്‍, ഈ ഹരിത പൈതൃകം കാത്തുസംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാവുകയാണ്. അതാണല്ലോ ‘ലൗദാത്തേ സീ’ എന്ന സാമൂഹിക പ്രബോധനത്തിലൂടെ ഈ കാലഘട്ടത്തിലെ പ്രവാചക ശബ്ദമായ ഫ്രാന്‍സിസ് പാപ്പാ ഓര്‍മ്മിപ്പിക്കുന്നത്. ഒരു സമഗ്ര പരിസ്ഥിതി ശാസ്ത്രദര്‍ശനം അവതരിപ്പിച്ചുകൊണ്ട് നമ്മുടെ പൊതുഭവനത്തെ സംരക്ഷിക്കുവാന്‍ (On care of our common home) നമ്മുടെ പൊതുവാസകേന്ദ്രത്തെ പടുത്തുയര്‍ത്തുന്നതിന് ഒന്നിച്ചധ്വാനിക്കാന്‍ വേണ്ട കഴിവ് ഇപ്പോഴും മനുഷ്യവംശത്തിനുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ സെമിനാറിന്റെ പ്രഥമമായ കാലിക പ്രസക്തി അതാണെന്ന് എനിക്ക് തോന്നുന്നു.

വിദേശ സന്ദര്‍ശകര്‍ക്ക് മലബാര്‍ തീരം പുരാതനകാലം മുതലേ പ്രിയമുള്ളതായിരുന്നു. മറ്റിടങ്ങളില്‍ ലഭ്യമാകാതിരുന്ന സുഗന്ധവ്യഞ്ജനങ്ങളും മറ്റ് വാണിജ്യ വസ്തുക്കളും തന്നെ പ്രധാന കാരണം. മുസിരിസ് പൈതൃകത്തെപ്പറ്റി കൂടുതല്‍ പഠനം നടക്കുന്ന കാലമാണല്ലോ ഇപ്പോള്‍.പുരാതന കേരളത്തിലെ തുറമുഖ നഗരങ്ങളായ കൊല്ലം, കൊടുങ്ങല്ലൂര്‍ എന്നിവയെ വിവരിച്ചുകൊണ്ട് എന്‍.ജെ. ജോസഫ് എഴുതുന്നു: ”ഭാരതത്തിലെ പ്രമുഖ തുറമുഖമെന്ന നിലയിലും വിശ്രുത വാണിജ്യകേന്ദ്രമെന്ന നിലയിലും കേരള ചക്രവര്‍ത്തിമാരുടെ ആസ്ഥാനനഗരമെന്ന നിലയിലും ദീര്‍ഘകാലം പരിലസിച്ചിരുന്ന പുരാതന നഗരമാണ് കൊടുങ്ങല്ലൂര്‍. ഫിനിഷ്യരും അസ്സീറിയാക്കാരും യവനന്മാരും റോമാക്കാരും ഈജിപ്തുകാരും സിറിയക്കാരും യഹൂദന്മാരും സോമാലികളും ചീനക്കാരും അറബികളും ക്രിസ്തുവര്‍ഷത്തിന് വളരെക്കാലം മുമ്പുതന്നെ ഇവിടെ വന്നുചേര്‍ന്നതായി കാണുന്നു. ആനക്കൊമ്പുകള്‍, മയിലുകള്‍, കുരങ്ങുകള്‍ എന്നിവയും കുരുമുളക്, ഏലം, ചുക്ക് എന്നീ വിഭവങ്ങളും ഇന്നാട്ടില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചന്ദനം, ജാതിക്ക തുടങ്ങിയ പലവിധ സുഗന്ധവ്യഞ്ജനവസ്തുക്കളും ആണ് അവര്‍ ഇവിടെനിന്ന് കയറ്റുമതി ചെയ്തുകൊണ്ടിരുന്നത്. (എന്‍.ജെ. ജോസഫ് നെല്‍കുന്നശ്ശേരി, ദീപാര്‍ച്ചന, കേരളസഭയും പോര്‍ട്ടുഗീസ് യുഗവും, അയിന്‍ പബ്ലിക്കേഷന്‍സ്, 2018, ു.26).ദി ലാന്‍ഡ് ഓഫ് പെരുമാള്‍സ് എന്ന കൃതിയില്‍ ഡോ. ഫ്രാന്‍സീസ് ഡേയും, മലബാര്‍ മാന്വലില്‍ വില്യം ലോഗനും ഒക്കെ വിവിധ കാലയളവില്‍ കുരുമുളകിനും സുഗന്ധദ്രവ്യങ്ങള്‍ക്കുമായി കൂട്ടം കൂട്ടമായി മലബാര്‍ തീരത്തെത്തിയ അറബി നാവികരെയും കടല്‍ വ്യാപാരത്തിലേര്‍പ്പെട്ട മറ്റു രാജ്യക്കാരെയും പറ്റി വിവരിക്കുന്നുണ്ട്. (ഡോ. ഫ്രാന്‍സീസ് ഡെ, ലാന്‍ഡ് ഓഫ് പെരുമാള്‍സ്, പേജ് 78; വില്യം ലോഗന്‍, മലബാര്‍ മാന്വല്‍, മലബാറിന്റെ ചരിത്രം, മാതൃഭൂമി ബുക്സ്, 2007, പേജ്.21; ബോണി തോമസ്, കൊച്ചിക്കാര്‍, പ്രണത, 2017, പേജ് 7-8).

പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിലാണ് ഒരു സംഘം പോര്‍ട്ടുഗീസുകാര്‍ വാസ്‌കോ ഡി ഗാമയുടെ നേതൃത്വത്തില്‍ ഏഷ്യന്‍ സമുദ്രത്തിലൂടെ യാത്രചെയ്ത് 1498 മെയ് 20-ന് മൂന്ന് കപ്പലുകളോടും 100 നാവികരോടും കൂടി കോഴിക്കോടിനു സമീപം കാപ്പാട് വന്നെത്തിയത്. വന്‍തോതിലുള്ള വാണിജ്യബന്ധത്തിന്റെയും വിശ്വാസപ്രചാരണത്തിന്റെയും പ്രേഷിതത്വത്തിന്റെയും ഒരു നവയുഗപിറവിയായിരുന്നു ആ ചരിത്രമുഹൂര്‍ത്തം. സസ്യശ്യാമളമായ മലബാര്‍ തീരത്തിലെ സുഗന്ധവ്യഞ്ജനങ്ങളിലായിരുന്നു അവരുടെ പ്രത്യേക താത്പര്യം. (ഫാ. ജോണ്‍ പള്ളത്ത് ഒ.സി.ഡി, പോര്‍ട്ടുഗല്‍ യുഗത്തിലെ ഭാരത സഭ എന്ന ഗ്രന്ഥത്തില്‍ ഡോ. ജോണ്‍ ഓച്ചംതുരുത്തിന്റെ ചരിത്രരേഖകള്‍ സുലഭം എന്ന ആമുഖം കാണുക, പെല്ലിശ്ശേരി പബ്ലിക്കേഷന്‍സ്, 1992, പേജ് 17 – 22).
കത്തോലിക്കാ സഭയ്ക്കു മാത്രമല്ല, പൊതുസമൂഹത്തില്‍ പോലും നവോത്ഥാനത്തിന്റെ തളിര്‍നാമ്പുകള്‍ മുളനീട്ടിയ നന്മയുടെ ഇതിഹാസം എന്നു ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന 1599-ലെ ഉദയംപേരൂര്‍ സൂനഹദോസ് ഉള്‍പ്പെടെ മഹത്തായ പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച പോര്‍ട്ടുഗീസ് ഭരണകാലം പെട്ടെന്ന് തെന്നിമാറി (ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, കേരളപഴമ, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം 2014; ഫാ. ജോര്‍ജ് അറക്കല്‍, കേരള സഭയുടെ ചരിത്രം, കാരുണികന്‍ ബുക്സ്, 2012, പേജ് 108; ഡോ. ക്ലീറ്റസ് കതിര്‍പറമ്പില്‍, കേരള നവോത്ഥാന സമാരംഭം പതിനാറാം നൂറ്റാണ്ടില്‍, അയിന്‍ പബ്ലിക്കേഷന്‍സ്, 2015, പേജ് 33-79). 165 വര്‍ഷങ്ങള്‍ നീണ്ട പോര്‍ച്ചുഗീസ് മേധാവിത്വത്തിനു ശേഷം കൊച്ചിയും കൊടുങ്ങല്ലൂരും കൊല്ലവും കണ്ണൂരും ഡച്ചുകാരുടെ അധിനിവേശകേന്ദ്രങ്ങളായി മാറി.

661 മുതല്‍ 1797 വരെ 134 വര്‍ഷങ്ങളുടെ പരപ്പും വ്യാപ്തിയുമുള്ള ഈ വര്‍ഷങ്ങളിലെ സുപ്രധാന ചോദ്യങ്ങളിലൊന്ന് മലബാറിലെ സസ്യസമ്പത്തിനെ സംബന്ധിച്ചായിരുന്നുവെന്ന് ‘ഹരിതഭൂപടം’ സാക്ഷ്യപ്പെടുത്തുന്നു. അതിന്റെ ‘333 വര്‍ഷം മുമ്പ് സംഭവിച്ചത്’ എന്ന അധ്യായത്തിന്റെ ആദ്യഭാഗത്ത്.

”ഏതാണ് കൂടുതല്‍ ഫലഭൂയിഷ്ഠമായ പ്രദേശം – മലബാറോ സിലോണോ? ഇങ്ങനെയൊരു ചോദ്യം തന്നെ എത്ര അപ്രസക്തമാണെന്ന് നമുക്കറിയാം. കേരളമെന്നും ശ്രീലങ്കയെന്നും ഇന്നറിയപ്പെടുന്ന ഈ പ്രദേശങ്ങള്‍ ഓരോന്നും അവയുടേതായ നിലയില്‍ ഫലഭൂയിഷ്ഠങ്ങളാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. മൂന്നേകാല്‍ നൂറ്റാണ്ടുമുമ്പ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉന്നതരായ അഡ്മിറല്‍ റിജ്ലോഫ് വാന്‍ ഗൊന്‍സും, മലബാര്‍ കമാന്‍ഡര്‍ ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡും തമ്മില്‍ ഇത്തരമൊരു വിവാദം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, അതത്ര അപ്രസക്തമായ ഒന്നായി ആരും കണ്ടില്ല. മറിച്ച്, ഡച്ച് കൊളോണിയല്‍ ചേരിയെ പിടിച്ചുകുലുക്കാന്‍ പോന്ന ഒരു രാഷ്ട്രീയ പ്രശ്നമായി അത് വളര്‍ന്നു. കമ്പനിയുടെ നേതൃത്വത്തെപ്പോലും ആ വിവാദം ധര്‍മ്മസങ്കടത്തിലാക്കി. കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍ സ്ഥാനത്തു നിന്നുള്ള വാന്‍ റീഡിന്റെ രാജിയില്‍ കലാശിച്ച തര്‍ക്കത്തിന്റെ യഥാര്‍ത്ഥ ഫലം ശരിക്കും പറഞ്ഞാല്‍ ഇതൊന്നുമായിരുന്നില്ല. തര്‍ക്കമില്ലാത്ത വിധം മഹത്തായ ഒരു വിശിഷ്ട ഗ്രന്ഥത്തിന്റെ രൂപത്തില്‍ അതിന്നും നമുക്കു മുന്നിലുണ്ട്. ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ ആണ് ആ ഗ്രന്ഥം. മലബാര്‍ ആണ് ലോകത്തെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശമെന്നു സ്ഥാപിക്കാന്‍ ഇവിടെ കുരുമുളക് പോലുള്ള സുഗന്ധ ദ്രവ്യങ്ങള്‍ മാത്രമല്ല ഉള്ളതെന്ന് സ്വന്തം കമ്പനിയെ ബോധ്യപ്പെടുത്താന്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കുള്ള മറുപടിയായി വാന്‍ റീഡ് അണിയിച്ചൊരുക്കിയ ആ ഗ്രന്ഥത്തിലാണ് മലയാള അക്ഷരങ്ങള്‍ ആദ്യമായി അച്ചടിക്കപ്പെട്ടത്. ഒരു ഉഷ്ണമേഖലാ പ്രദേശത്തെ, പ്രത്യേകിച്ചും കേരളത്തിലെ, പ്രകൃതിസമ്പത്തിനെക്കുറിച്ച് തയ്യാറാക്കപ്പെട്ട ആദ്യ ആധികാരിക ഗ്രന്ഥവും മറ്റൊന്നല്ല.” (ജോസഫ് ആന്റണി, ഹരിതഭൂപടം: കെ.എസ്. മണിലാലും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാം പിറവിയും, മാതൃഭൂമി ബുക്സ്, 2015, പേജ് 68).ഡച്ച് അധിനിവേശ കാലഘട്ടത്തില്‍ 1669 മുതല്‍ 1676 വരെ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ഡ്രിക് ആഡ്രിയാന്‍ വാന്‍ റീഡ് (1636 – 1691) ഹോര്‍ത്തൂസ് മലബാറിക്കൂസിലൂടെ കാലാതീതനായി. ഇന്നും കൃതജ്ഞതാനിര്‍ഭരമായ മനസ്സോടെ കേരളവും സസ്യശാസ്ത്ര രംഗവും ഓര്‍ക്കുന്ന പച്ച മനുഷ്യനായി.

വാന്‍ റീഡ് – ഹരിത ഹൃദയമുള്ള ഭരണാധികാരി

സിസ്റ്റര്‍ ട്രീസാ സി.എസ്.എസ്.ടി എന്ന ഡോ. ഹെലന്‍ എഴുതിയ ഭൂമിപാഠങ്ങള്‍ എന്ന കൃതിക്ക് പ്രവേശിക എഴുതിയത് ഫാ. ബോബി ജോസ് കട്ടിക്കാട് ആണ്. അതില്‍ അദ്ദേഹം കുറിക്കുന്നു: ”ഉല്‍പത്തിയായാലും പരിണാമമായാലും മനുഷ്യന്റെ സ്മൃതിയുടെ അഗാധതലങ്ങളിലെവിടെയോ ഒരു കാടുണ്ട്. നാനൂറ് ദശലക്ഷം വര്‍ഷം പഴക്കമുള്ള ഒരോര്‍മ്മ. പച്ചയോടുള്ള മനുഷ്യന്റെ മമതയുടെ വിത്തുകള്‍ അങ്ങനെയാണ് ഉള്ളില്‍ പതിച്ചത്. എല്ലാ സ്മൃതികളെയും പാതിവഴിയില്‍ കളയുകയാണ് പ്രായോഗികത. അപൂര്‍വ്വം ചിലര്‍ ആ ശിലായുഗാവബോധത്തെ തങ്ങളോടൊപ്പം ഒരു സാളഗ്രാമം പോലെ കൊണ്ടുപോകുന്നു. ഉറങ്ങാതെ അതിന് ഭജനയിരിക്കുന്നു. അവരാണ് ഭൂമിയുടെ പനിയിലും പരുക്കിലും വല്ലാതുലഞ്ഞുപോ
കുന്നത്. ഒരു മരം നട്ടും, വംശനാശം വരുന്ന മലമുഴക്കി വേഴാമ്പലുകള്‍ക്ക് കാവലിരുന്നും അണകെട്ടുമ്പോള്‍ മുങ്ങിപ്പോകുന്ന കാടുകളെ പ്രതിരോധിച്ചും കടലാമയ്ക്ക് മുട്ടയിടാന്‍ തീരമൊരുക്കിയും അപകടകരമായ വികസനത്തെ പുലഭ്യം പറഞ്ഞും അവര്‍ ചില അനുതാപശുശ്രൂഷകളിലേര്‍പ്പെടുന്നു. അത്രമേല്‍ സ്നേഹിച്ചവര്‍ ഒടുവില്‍ ഒരു പച്ചത്തുരുത്തായി മാറുന്നു. (ഡോ. ഹെലന്‍ എ.പി, ഡോ. സൗമ്യ ബേബി, ഭൂമിപാഠങ്ങള്‍, തിയോ ബുക്സ്, കൊച്ചി, പേജ് 4).ഹരിതഹൃദയമുള്ള എല്ലാവരെയും ഒരു പച്ചക്കുടയുടെ ആശ്വാസതണലില്‍ തടുത്തുകൂട്ടിയ പച്ചത്തുരുത്തായിരുന്നു വാന്‍ റീഡ് എന്ന ആ മനുഷ്യന്‍. വ്യത്യസ്തനായ ആ ഡച്ചു ഭരണാധികാരി.ജൊഹാന്നാസ് ഹെനിഗര്‍ എഴുതിയ ആധികാരിക ഗ്രന്ഥം ‘Hendrick Adriaan Van Reede tot Drakenstein (1936þ1691) and Hortus Malabaricus’, വാന്‍ റീഡിന്റെ ഹ്രസ്വജീവിതചരിത്രം നല്കുന്നുണ്ട്. 12 മക്കളില്‍ ഏറ്റവും ഇളയവനായി 1636-ല്‍ ജനിച്ചു. ഏപ്രില്‍ 13-ന് ആംസ്റ്റര്‍ഡാം പഴയപള്ളിയില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. പിതാവ് ഏണസ്റ്റ് വാന്‍ റീഡ് ഏഴുവര്‍ഷക്കാലം ഫോറസ്റ്ററും തുടര്‍ന്ന് ആംസ്റ്റര്‍ഡാം കൗണ്‍സില്‍ അംഗവുമായിരുന്നു. അമ്മ എലിസബത്ത്. നാലാം വയസ്സില്‍ മാതാപിതാക്കള്‍ മരണമടഞ്ഞു. പിന്നീട് സംരക്ഷണം ഏറ്റെടുത്ത അമ്മാവനും രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ മരണപ്പെടുകയും ചെയ്തു.

അങ്ങനെ അനാഥത്വത്തിന്റെ തിക്താനുഭവങ്ങളിലൂടെയാണ് യുവത്വം. പതിനാലാം വയസ്സില്‍ സഞ്ചാരിയായി വീടു
വിട്ടിറങ്ങി. പിന്നെ, ഡച്ചു സൈന്യത്തില്‍ ചേര്‍ന്നു. മലബാറിലെ ഭരണാധികാരിയായി പ്രവര്‍ത്തിക്കുമ്പോള്‍ ആഢ്യത്വത്തിന്റെ വശ്യമായ സവിശേഷത നിറഞ്ഞുനിന്നിരുന്നുവെന്ന് ഹെനിഗര്‍ സാക്ഷ്യപ്പെടുത്തുന്നു. (His imperious attitude later on as Commander of Malabar and as Commissionar General may partly be attributed to his sense of honour as a nobleman). (J. Heniger, Hendrick Adriaan Van Reede Tot Dranketnsein (1636-1691) and Hortus Malabaricus, A.A. Balkema, Roterdam, 1986, p. 3) (See also Marian Fournier Enterprise in Botany Van Reede and his Hortus Malabaricus, Part I, in Archives in Natural Hitsory (1987), 123158).

വാന്‍ റീഡ് എന്ന ഡച്ചു ഭരണാധികാരിയില്‍ നിന്നു പഠിക്കാനുള്ള നാലു കാര്യങ്ങള്‍ പങ്കുവയ്ക്കാം:
ആദ്യത്തേത്, നാല് ‘ഉ’കള്‍ ആണ്: A sense of Dedication (സമര്‍പ്പണം); Determination (നിശ്ചയദാര്‍ഢ്യം); Dynamism (കര്‍മ്മനിരത); Daringness (ധീരത). ഈ നാലു ഗുണങ്ങളാലാണ് അദ്ദേഹത്തിന് മലബാറിന്റെ സസ്യസമ്പത്തിനെപ്പറ്റി സമഗ്രമായി പഠിക്കാനുള്ള നേതൃത്വമെടുക്കാനായതും പ്രതികൂലങ്ങളെ അതിജീവിച്ചും 12 വാല്യങ്ങളിലായി പ്രസിദ്ധീകരിക്കാനായതും.

രണ്ടാമത്തേത്, ഭാഷയുടെയും വര്‍ണ്ണത്തിന്റെയും വര്‍ഗത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറം ഒരു ‘ഫ്രത്തേലി തൂത്തി’ മനോഭാവം. എല്ലാവരുമായി കൂട്ടായ്മയില്‍ വര്‍ത്തിക്കാനായതിന്റെ പിന്നിലെ ചേതോവികാരം അതുതന്നെ.

മൂന്നാമത്തേത്, മറ്റുള്ളവരുടെ സഹായത്തിനും സഹകരണത്തിനും അധ്വാനത്തിനുംഅര്‍ഹമായ അംഗീകാരം. മത്തെയുസ് പാതിരിയുടെയും, ഇട്ടി അച്യുതന്റെയും, വിനായകപണ്ഡിറ്റിന്റെയും രംഗഭട്ടിന്റെയും അപ്പുഭട്ടിന്റെയും സാക്ഷ്യങ്ങള്‍ ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ വാല്യം ഒന്നില്‍ ചേര്‍ത്തതുതന്നെ അതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്.
നാലാമത്തേത്, പ്രവര്‍ത്തന മണ്ഡലത്തിലെ അനന്തമായ സാധ്യതകളിലേക്ക് തുറവിയുള്ള മനസ്സ്. ഗവര്‍ണര്‍ പദവിയുടെ കൃത്യാന്തരബഹുലതയിലും ക്രിയാത്മകമായ കരുതലോടെ ഹരിതശോഭയിലേക്കു കൂടി ശ്രദ്ധ തിരിക്കാനിടയായത് ഈ സൃഷ്ടപ്രപഞ്ചത്തിനുനേരെ തുറന്ന മനസ്സുതന്നെ.

വിശുദ്ധ ഔസേപ്പിന്റെ മത്തെവൂസ് പാതിരി: ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പ്രചോദകന്‍, പ്രാരംഭകന്‍, സ്ഥാപകന്‍

 

പ്രകൃതിക്ക് പച്ചവിരിപ്പ് സമ്മാനിക്കുന്ന സസ്യലതാദികളില്‍ ദൈവത്തിന്റെ സൗഖ്യസ്പന്ദനം തിരിച്ചറിഞ്ഞ ഒരു കര്‍മ്മലീത്താ മിഷണറിയും കൊച്ചിയില്‍ ഉണ്ടായിരുന്നു: ഫാ. മത്തെവൂസ് ഓഫ് സെന്റ് ജോസഫ്. ഇറ്റലിയിലെ നേപ്പിള്‍സിനടുത്ത് മര്‍ച്ചിയാനിസെയില്‍ 1612 ജൂണ്‍ 29-നാണ് അദ്ദേഹം ജനിച്ചത്. പിയെത്രോ ഫോല്ളിയ (Pietro Foglia) എന്നായിരുന്നു ജ്ഞാനസ്നാനപേര്. വൈദ്യശാസ്ത്രജ്ഞന്‍ ഷിപിയോനെ ഫോലഌയയും (Scipione Foglia) വിത്തോറിയ കോര്‍ത്തെസിയും (Victoria Cortesi) ആയിരുന്നു മാതാപിതാക്കള്‍.

പിയെത്രോ ഫോല്ളിയ നേപ്പിള്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നു മെഡിക്കല്‍ ഡിഗ്രിക്കുശേഷം കര്‍മ്മലീത്താ സഭയില്‍ ചേര്‍ന്നു. 1639 സെപ്തംബര്‍ 25-ന് നിത്യവ്രത വാഗ്ദാനം നടത്തിയ പിയെത്രോ, മത്തെവൂസ് ആ സാന്‍തൊ ജോസഫ് എന്ന നാമം സ്വീകരിച്ചു. തുടര്‍ന്ന്, 1644-ല്‍ പാലസ്തീനായിലെ മൗണ്ട് കാര്‍മല്‍ മൊണാസ്ട്രിയിലേക്കും പിന്നീട് ഇറാക്കിലെ ബസ്റയിലേക്കും പ്രേഷിത സേവനത്തിനായി അയക്കപ്പെട്ടു. 1657-ലാണ് മലബാര്‍ വികാരിയാത്തിന്റെ പ്രഥമ വികര്‍ അപ്പോസ്തോലിക്കായി തീര്‍ന്ന ഫാ. ജോസഫ് സെബസ്റ്റ്യാനിയോടൊപ്പം കേരളത്തിലേക്ക് അയക്കപ്പെട്ടത്. പ്രേഷിതപ്രവര്‍ത്തനത്തോടൊപ്പം സസ്യങ്ങളോടുള്ള പ്രത്യേക പ്രതിപത്തിയും അവയുടെ ഉപയോഗം എപ്രകാരം രോഗചികിത്സാ പ്രതിവിധിയാക്കാമെന്നുമുള്ള ചിന്തയാണ് ‘വിരിദാരിയും ഓറിയന്താലെ’ (കിഴക്കിന്റെ പൂന്തോട്ടം) എന്ന കൃതി രചിക്കാന്‍ ഇടയാക്കിയത്. ഈ താത്പര്യവും ചാതുര്യവുമാണ്, ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രചനയില്‍ സഹകാരിയാകാനുള്ള സാഹചര്യം ഒരുക്കിയത് (ജെക്കോബി, അമര ലതാംഗുലി, മത്തെവൂസ് പാതിരിയുടെ വിരിദാരിയും ഓറിയന്താലെയും ഹോര്‍ത്തൂസ് മലബാറിക്കൂസും, ജീവനാദം, 2020, 16; ജോസഫ് മാനിഷാദ് മട്ടയ്ക്കല്‍, വരാപ്പുഴ എന്റെ അതിരൂപത, 2020, പേജ് 33-65).
ഹോര്‍ത്തൂസിന്റെ ഒന്നാം വാല്യത്തില്‍ വാന്‍ റീഡ് ചേര്‍ത്തിരിക്കുന്ന മത്തെവൂസ് പാതിരിയുടെ മുഖവുരയില്‍ നിന്ന് അതു വ്യക്തമാണ്. മത്തെവൂസ് പാതിരി എഴുതുന്നു: ”സസ്യങ്ങളെക്കുറിച്ച് അവര്‍ എഴുതിയ കൃതികള്‍ കൂടുതല്‍ പൂര്‍ണമാകുന്നതിന് സസ്യങ്ങളുടെ ഗുണാഗുണങ്ങളെക്കുറിച്ചും മറ്റും എന്റെ അനുഭവജ്ഞാനം കൊണ്ട് സമ്പാദിച്ച വിവരങ്ങള്‍ അവരുടെ കൃതികളോടുകൂട്ടിച്ചേര്‍ക്കുന്നതിന് അവര്‍ സന്മനസ്സു കാണിക്കുകയുണ്ടായി. പൊതുനന്മയ്ക്കും ഇന്ത്യന്‍ ജനതയുടെ പൊതുഗുണത്തിനും അത് ഉപകരിച്ചിട്ടുണ്ടെന്നതിന് പക്ഷാന്തരമില്ല. അങ്ങനെ എന്റെ കൃതികളും പ്രസിദ്ധീകൃതമാകാന്‍ ഇടയായി.”

ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസിന്റെ മൂന്നാം വാല്യത്തിന് വാന്‍ റീഡ് എഴുതിയ വിശദമായ മുഖവുരയില്‍ ഇപ്രകാരം പ്രസ്താവിക്കുന്നു: ”ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസിന്റെ മൂന്നാം വാല്യത്തിന്റെ ആദ്യ ഭാഗങ്ങളില്‍ സസ്യങ്ങളെക്കുറിച്ചുള്ള അവ്യക്തമായ നക്കല്‍ കോപ്പികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മത്തെവൂസ് പാതിരിയുടെ ശ്രമത്താലാണ് അത് ആകര്‍ഷണീയമാക്കാന്‍ സാധിച്ചത്. ഹോര്‍ത്തൂസ് ഇന്‍ഡിക്കൂസ് മലബാറിക്കൂസ് എന്ന ബൃഹത്തായ കൃതിക്ക് അടിസ്ഥാനശില സ്ഥാപിച്ചത് മത്തെവൂസ് പാതിരിയാണെന്നത് അവിതര്‍ക്കമത്രേ. പാതിരിയോട് ഞങ്ങള്‍ വളരെയേറെ നന്ദിയുള്ളവരാണ്. ഈ ഗ്രന്ഥത്തിന്റെ പ്രാരംഭക
നും പ്രഥമശിലാസ്ഥാപകനും ഹേതുഭൂതനും മാത്രമല്ല ഇതിന്റെ തുടര്‍ന്നുള്ള സ്ഥിരോത്സാഹിയായ പ്രബോധകനും മത്തെവൂസ് പാതിരി തന്നെ.”അങ്ങനെ, പൗരോഹിത്യശുശ്രൂഷാ മേഖലയ്ക്ക് പരിമിത മനസ്സോടെ സാധാരണ കൊടുക്കുന്ന പരിധികള്‍ക്കപ്പുറം കണ്ടെത്തിയ ബൗദ്ധിക സൗഹൃദവും ചങ്ങാത്തവും മത്തെവൂസ് എന്ന സന്ന്യാസിക്ക് പുതിയ പ്രേഷിത ദൗത്യമായി. അത് സസ്യശാസ്ത്രത്തിനും സമൂഹത്തിനും വിലയുറ്റ അനുഗ്രഹമായി. (Ref. Heniger, 1986, Fournier,1987, Hortus Malabaricus vol. III, University of Kerala, 2008, K.S. Manilal, Hortus Malabaricus and Socio Cultural Heritage of India, IAAT,University of Calicut, 2012, 4450, 2012; ആന്റണി പുത്തൂര്‍ ‘മലയാളത്തെ കപ്പലുകയറ്റിയ ഒരു പാതിരിയും ലോകവിസ്മയമായ ഒരു ഗ്രന്ഥവും’, ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍, കേരളത്തിന്റെ കര്‍മ്മലീത്താ പൈതൃകം, പ്രണത, 2020, പേജ് 196-214).

നിരവധി സഹകാരികള്‍, നിരന്തര ജാഗ്രതയും

ഹെനിഗര്‍ എഴുതുന്നു: ”In this short period of less than three years, hundreds of Malabar plants were collected, drawn, described and discussed. It cannot be imagined but Van Reede called in the assistance of numerous other collaborators besides Mathew of St. Joseph. A motley row of Europeans and Malabars collaborated as plant collectors, draughtsmen, informants,translators, writers etc. It is fascinating to see how Van Reede availed himself of knowledge and talents which were present in Malabar at that time. (Heniger, 1986, ു.41).കൊച്ചി രാജാവ് വീരകേരള വര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം സഹകാരികളായ പ്രധാനപ്പെട്ട മൂന്ന് വ്യക്തികളാണ് കൊങ്കിണി ബ്രാഹ്മണ പുരോഹിതരായ രംഗ ഭട്ട്, വിനായക പണ്ഡിറ്റ്, അപ്പു ഭട്ട് എന്നിവര്‍. (ഹരിതഭൂപടം, 80; J. Heniger, p. 43; p.146)

ഇവരുടെയെല്ലാം സഹകരണത്തിനും സഹായത്തിനും നന്ദിസൂചകമായിട്ടാണ് അവരുടെ സാക്ഷ്യങ്ങള്‍ തന്നെ ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പ്രഥമ വാല്യത്തില്‍ വാന്‍ റീഡ് ഉള്‍ക്കൊള്ളിച്ചത്. മൂന്നാം വാല്യത്തിന്റെ ആമുഖത്തില്‍ വാന്‍ റീഡ് ഇപ്രകാരം വിലപ്പെട്ട സഹകരണം നല്കിയ ഗ്രാമീണ വൈദ്യന്‍ ഇട്ടി അച്ചുതനെപ്പറ്റി എഴുതുന്നുണ്ട്.

ചേര്‍ത്തല കടകരപ്പള്ളി കൊല്ലാട്ടുപറമ്പില്‍ ഇട്ടി അച്യുതന്‍ എന്ന ഗ്രാമീണ വൈദ്യന്‍ തന്റെ നാട്ടറിവും പരമ്പരാഗത ഗ്രാമീണ ചികിത്സാസമ്പത്തും പങ്കുവയ്ക്കാന്‍ തയ്യാറായപ്പോള്‍ തന്റെ അനുഭവസമ്പത്ത് ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന കൃതിയിലൂടെ അനശ്വരമായി.രാജ്യാധികാരവും ഭരണസ്വാതന്ത്ര്യവും നഷ്ടമായെങ്കിലും നാടിന്റെ മേന്മയും മുന്നിലെ നന്മയും കണക്കിലെടുത്ത് ചുറ്റുമുള്ള സസ്യസമ്പത്തിന്റെ പഠനത്തിന് അന്നത്തെ കൊച്ചി രാജാവ് വീരകേരള വര്‍മ്മയും കൂടാതെ അദ്ദേഹത്തിന്റെ പരിചയവലയത്തില്‍ നിന്നും നിരവധി നാട്ടുരാജാക്കന്മാരും പ്രമാണികളും ഈ മഹാസദുദ്യമത്തിന് സഹകാരികളായി (ഹരിതഭൂപടം, പേജ് 81, ഹെനിഗര്‍ പേജ് 41).മൂന്നാം വാല്യത്തിന്റെ ആമുഖത്തില്‍ അദ്ദേഹം ഇപ്രകാരം എഴുതുന്നു: ”Some physicians, both Brahmans and others, at my orders made in their own language lists of the best known and most frequently occuring plants, on the basis of which others again divided the plants according to the seaosm in which they attracted notice because they bore either leaves or flowers or fruit. This catalogue according to the time of the year was then given to certain men who were expters in plants, who were entrusted with collecting for us finally from everywhere the plants with the leaves, flowers and fruit, for which they even climbed the highest tops of trees. Having generally divided them into groups of three, who stayed with me in a convenient place, at once accurately depicted the living plants readily brought the collectors. To these pictures a description was added nearly always in my presence.”

നിധി കണ്ടെത്തിയ മണിലാല്‍

ഈ നിത്യവിസ്മയ സസ്യശാസ്ത്രഗ്രന്ഥമാണ് പന്ത്രണ്ട് വാല്യങ്ങളിലായി 342 വര്‍ഷങ്ങള്‍ക്കുമുമ്പ് അനേകം പേരുടെ അശ്രാന്തപരിശ്രമം കൊണ്ട് പ്രസിദ്ധീകൃതമായത്. എന്നാല്‍ ഈ അനര്‍ഘനിധി വിസ്മൃതിയുടെ മാറാലപിടിച്ച് അവഗണനയുടെ പൊടിപടലം പുരണ്ട് ഏതെങ്കിലും ഗ്രന്ഥശാലയുടെ ഒരിക്കലും തുറക്കാത്ത ചില്ലലമാരയിലോ, അല്ലെങ്കില്‍ മറുഭാഷയില്‍ അച്ചടിച്ച ഈ പഴഞ്ചന്‍ പുസ്തകം കബാടിവാലയ്ക്ക് തൂക്കിവിറ്റ് നഷ്ടമാവുകയോ ചെയ്യുമായിരുന്നു. ഈ നിധി കണ്ടെത്തുകയും തന്റെ സ്വത്തും സമ്പാദ്യവും സമയവും ആരോഗ്യവും വ്യയം ചെയ്ത് പൊതുസമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ച കാട്ടുങ്ങല്‍ സുബ്രഹ്മണ്യം മണിലാല്‍ എന്ന പറവൂര്‍ വടക്കേക്കര സ്വദേശി കെ.എസ്. മണിലാലിനെ എത്രകണ്ട് അഭിനന്ദിച്ചാലും മതിവരില്ല!

അഭിഭാഷകനായിരുന്ന കാട്ടുങ്ങള്‍ സുബ്രഹ്മണ്യത്തിന്റെയും കെ.കെ. ദേവകിയുടെയും മൂന്നു മക്കളില്‍ ഒരാളായി 1938 സെപ്തംബര്‍ 17-ന് മണിലാല്‍ ജനിച്ചു. അച്ചന്റെ ഹൈക്കോര്‍ട്ടിലെ പ്രാക്ടീസിനും മക്കളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുമായി എറണാകുളം പള്ളിമുക്കിലായിരുന്നു താമസം. പഠനശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ 1964 മുതല്‍ സസ്യശാസ്ത്ര അധ്യാപകനായിരുന്ന ഡോ. മണിലാല്‍, ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ ഇംഗ്ലീഷ്, മലയാളം പരിഭാഷ കോഴിക്കോട് രൂപതാദ്ധ്യക്ഷന്‍ ബിഷപ്ആള്‍ദോ മരിയ പത്രോണി, സസ്യശാസ്ത്രത്തില്‍ ലണ്ടനില്‍ നിന്ന് ഡോക്ടറേറ്റ് സമ്പാദിച്ചിരുന്ന വരാപ്പുഴ അതിരൂപതാംഗവും കളമശ്ശേരി സെന്റ് പോള്‍സ് കോളജിന്റെ മുന്‍ പ്രിന്‍സിപ്പലുമായ റവ. ഡോ. ആന്റണി മുക്കത്ത് (1923-1992), ഫാ. ജോസഫ് കണ്ണമ്പുഴ, ഫാ. പോള്‍ ലന്തപ്പറമ്പില്‍ എന്നീ ഈശോസഭാ വൈദികര്‍ എന്നിവരുടെ സഹായത്തോടെ നടത്തി. പ്രതിസന്ധികള്‍ ഏറെ തരണം ചെയ്ത ഈ മഹത് ഉദ്യമത്തിന് ഡോ. മണിലാലിന് രാഷ്ട്രം നല്കിയ വലിയ ആദരവാണ് പത്മശ്രീ പുരസ്‌ക്കാരം.
ഇന്നിപ്പോള്‍ രോഗാവസ്ഥയില്‍ വാര്‍ധക്യത്തില്‍ ആയിരിക്കുന്ന അദ്ദേഹത്തെ വലിയ ബഹുമാനാദരവുകളോടെയാണ് കോഴിക്കോട് ജവഹര്‍ നഗരിയിലെ വസതിയില്‍ 2020 ഡിസംബര്‍ 4-ന് പോയി കണ്ടത്. വിസ്മൃതിയിലാകുമായിരുന്ന സസ്യശാസ്ത്രത്തിലെ അനര്‍ഘനിധി കണ്ടെത്തിയ അദ്ദേഹത്തോട് കേരളത്തിന് വലിയ കടപ്പാടുണ്ട്.

അതിജീവനത്തിന്റെ പാഠങ്ങള്‍

2020ലെ ജോമ സെമിനാര്‍ രൂപഭാവങ്ങളില്‍, നടപടിക്രമങ്ങളില്‍ വ്യത്യസ്തമാണ്. കൊവിഡ് മഹാമാരി കുറച്ചുപേരെ മാത്രം ഒരിടത്ത് ശാരീരിക അകലത്തിലും കൂടുതല്‍ പേരെ അകലങ്ങളില്‍ ലൈവ് സ്ട്രീമില്‍ മനസ്സടുപ്പത്തിലും ആക്കിയിരിക്കുന്നു. ചരിത്രപഠനത്തോടുള്ള താത്പര്യവും, ഈ വര്‍ഷത്തെ വിഷയത്തോടുള്ള പ്രത്യേക പ്രതിപത്തിയും ഇഷ്ടവും, ഈ ചിട്ടയിലും നിഷ്ഠയിലും ആണെങ്കില്‍ പോലും ഗവേഷണ ഗൗരവം ഒട്ടും കുറയാതെയും ചരിത്രചാതുര്യം വര്‍ദ്ധിച്ചുതന്നെയും നടക്കുന്നുവെന്നാണ് അവതരിപ്പിക്കപ്പെടുന്ന ചില പ്രബന്ധങ്ങള്‍ മുന്‍കൂട്ടി വായിച്ചതിന്റെ വെളിച്ചത്തില്‍ ആദ്യമായി പങ്കുവയ്ക്കാനുള്ളത്. ഇത് അതിജീവനത്തിന്റെ പുതിയ ജീവിതശൈലിയെ പ്രതിഫലിപ്പിക്കുന്നു.

തൂലിക പടവാളാക്കിയ ചരിത്രകാരന്റെ ഓര്‍മ്മയില്‍

ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പഠനത്തിനായി ജോമാ സെമിനാറില്‍ വീണ്ടും ഒരുമിച്ചുവരുമ്പോള്‍ ഓര്‍മ്മയില്‍ നിറയുന്നത് വീരയോദ്ധാവിനെപ്പോലെ യുദ്ധം ചെയ്ത ഒരു ചരിത്രകാരനെ, സമുദായസ്നേഹിയെ, സുഹൃത്തിനെയാണ്: ഡോ. ജോണ്‍ ഓച്ചംതുരുത്തിനെ. ആ ധന്യസ്മരണകള്‍ക്ക് പ്രണാമം. ഡോ. ജോണിന്റെ സഹധര്‍മ്മിണി ശ്രീമതി വില്‍മ ജോണിനും ഓമനപുത്രി ലിസ്മയ്ക്കും സ്നോഹാദരവുകളും പ്രാര്‍ത്ഥനാശംസകളും!

2012 ഫെബ്രുവരി 27-നാണ് ഡോ. ജോണ്‍ നിര്യാതനായത്. ഡോ. ജോണ്‍ എന്ന യോദ്ധാവ് മരണത്തിനുമുന്‍പില്‍ അടിയറവു പറയുന്നതിനു മുമ്പ്, തൂലിക ചലിപ്പിച്ചത്, തൂലിക പടവാളാക്കിയത്, ഔഷധാരാമത്തിന്റെ, ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ, വീണ്ടെടുപ്പിനു വേണ്ടിയായിരുന്നു.അദ്ദേഹത്തിന്റെ ആ ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2012 ജനുവരി 22-28 (89:46) പേജ് 5-6 ല്‍ അച്ചടിച്ചുവന്നു. ”ഹോര്‍ത്തൂസ് മലബാറിക്കൂസ്: ചില ചരിത്ര വസ്തുതകള്‍” എന്നായിരുന്നു അതിന്റെ തലക്കെട്ട്. തുടര്‍ന്ന്, 2012 ഫെബ്രുവരി 17-ാം തീയതി അച്ചടിച്ചു തയ്യാറാക്കിയ ”ബോട്ടാണിസ്റ്റിന്റെ ചരിത്രവിചാരങ്ങളും ഹോര്‍ത്തൂസ് മലബാറിക്കൂസും”എന്ന 12 പേജുള്ള ലഘുലേഖയും ഡോ. ജോണ്‍ എഴുതി. പ്രസ്തുത ലേഖനങ്ങള്‍ രചിക്കുവാന്‍ കാരണമായത്, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 2012 ജനുവരി 1 ലെ 89:43 പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന അഭിമുഖമായിരുന്നു. ഡോ. കെ. എസ്. മണിലാലുമായി ഡോ. ഇ. ഉണ്ണികൃഷ്ണന്‍ നടത്തിയ അഭിമുഖം, ”ചരിത്രം ഭക്ഷിച്ച സൂര്യകാന്തിപ്പച്ച” എന്ന തലക്കെട്ടോടുകൂടി വന്നതില്‍ ചരിത്രപരമായ ചില അബദ്ധങ്ങള്‍ വന്നിരുന്നുവെന്നത് വാസ്തവമാണ്.

ആ അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടുക എന്നതായിരുന്നു ഡോ. ജോണിന്റെ ലേഖനങ്ങളുടെ ലക്ഷ്യം. വാദഗതികളുടെ ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെ, ”ഹോര്‍ത്തൂസ് മലബാറിക്കൂസ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍” എന്ന മറ്റൊരു പ്രതികരണക്കുറിപ്പ് ഡോ. കെ. എസ്. മണിലാലിന്റെ പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 2012 ഫെബ്രുവരി 19-25, പേജ് 74-79 ല്‍ അച്ചടിച്ചുവന്നു.പ്രസ്തുത ലേഖനം 2012-ല്‍ ആദ്യമായി വായിച്ചപ്പോഴും 2020-ല്‍ വീണ്ടും എടുത്തുനോക്കിയപ്പോഴും എന്റെ മനസ്സില്‍ വന്ന ചിന്ത ഇതായിരുന്നു: ഇത്രയും വിദ്യാഭ്യാസസമ്പന്നനും ഉന്നതനുമായ ഒരു വ്യക്തിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ശൈലിയും പ്രയോഗങ്ങളുമല്ലല്ലോ പ്രസ്തുത വിയോജനകുറിപ്പിലുള്ളത്. എന്റെ വിലയിരുത്തല്‍, എന്റെ സംശയം വാസ്തവമായിരുന്നു. യഥാര്‍ത്ഥത്തില്‍ 2005 ആയപ്പോഴേക്കും ഡോ. മണിലാല്‍ രോഗാതുരനായി. സ്ട്രോക്ക് ബാധിച്ച്, വലതുവശം തളര്‍ച്ചബാധിച്ചിരുന്നു. 2020 ഡിസംബര്‍ 4ന് അദ്ദേഹത്തെ കോഴിക്കോട് ജവഹര്‍ നഗറിലെ കാട്ടുങ്ങല്‍ ഭവനത്തില്‍, ഹരിതഭൂപടം എഴുതിയ ജോസഫ് ആന്റണിയുമൊത്ത് സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പേരില്‍ മാതൃഭൂമിയില്‍ വന്ന ആ മറുപടിയും വിയോജനക്കുറിപ്പും മറ്റാരോ എഴുതിയതാണെന്ന കാര്യം വ്യക്തമായത്. മാതൃഭൂമിയില്‍ 2012 ഫെബ്രുവരിയില്‍ വന്ന കുറിപ്പിനെയും ഹോര്‍ത്തൂസ് മലബാറിക്കൂസിനെയും സംബന്ധിച്ച സത്യാവസ്ഥ വിശദീകരിക്കുന്നതിന് 2012 ഫെബ്രുവരി 18ന് ഡോ. ജോണ്‍ ഓച്ചന്തുരുത്തും കേരള ലാറ്റിന്‍ ക്രസ്റ്റിയന്‍ ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റും വോക്സ് നോവ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ മോണ്‍. ജോര്‍ജ് വെളിപ്പറമ്പിലും ചരിത്രകാരനായ റവ. ഡോ. ഫ്രാന്‍സിസ് പേരപ്പറമ്പില്‍ ഒസിഡിയും സംയുക്തമായി ഒരു പ്രസ് കോണ്‍ഫറന്‍സ് എറണാകുളത്ത് വിളിച്ചുകൂട്ടിയിരുന്നു. അതിന്റെ ഒമ്പതാം ദിനത്തില്‍, 2012 ഫെബ്രുവരി 27-ന് ഡോ. ജോണ്‍ ഓച്ചംതുരുത്ത് എന്ന തൂലിക പടവാളാക്കിയ ചരിത്രകാരന്‍ എഴുത്തുകള്‍ക്കെല്ലാം പൂര്‍ണ്ണ വിരാമമിട്ട് നിത്യതയിലേക്ക് യാത്രയായി.

തുടരേണ്ട പഠനങ്ങള്‍, അന്വേഷണങ്ങള്‍
ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
ഈ സെമിനാറിന് നാല് സുപ്രധാന ലക്ഷ്യങ്ങളുണ്ട്:
1. ഡോ. മണിലാല്‍ എന്ന മനുഷ്യന്റെ ത്യാഗത്തിന് അര്‍ഹമായ അംഗീകാരം
2. തര്‍ജമ ചെയ്ത ഡോ. ആന്റണി മുക്കത്ത്, ഫാ. കണ്ണമ്പുഴ എന്നിവരോടുള്ള കടപ്പാട്, ആദരവ്!
3. ഹോര്‍ത്തൂസ് മലബാറിക്കൂസില്‍ നല്കിയിരിക്കുന്ന ഔഷധസസ്യങ്ങളെപ്പറ്റിയുള്ള തുടര്‍പഠനം.
4. ഈ സസ്യസമ്പത്ത് പരിപാലിക്കാനുള്ള ക്രിയാത്മകമായ നടപടികള്‍.
വൈലോപ്പിള്ളിയുടെ ‘യുഗപരിവര്‍ത്തനം’ എന്ന കവിതയിലെ നാലു വരികള്‍ ചൊല്ലി ഉപസംഹരിക്കുന്നു.
”നേര്‍ത്തലിഞ്ഞിടും മഞ്ഞിലുളിയിട്ടെത്തിടുന്നൂപൂത്ത മാന്തോപ്പിന്‍ മണം പുലരുന്നോരു തെന്നല്‍എത്രയോ ഹൃദ്യം നമുക്കീ മണ, മതിലൂടെയെത്തീടും സവിഷാദ മധുര സ്മൃതികളും!”’മലബാറിന്റെ പൂന്തോട്ടത്തിന്റെ’ ഓര്‍മയില്‍ കൃതജ്ഞത നിറഞ്ഞ മനസ്സോടെ നമുക്ക് ആയിരിക്കാം. ഏറെ സന്തോഷത്തോടെ ഈ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
jeeevanaadamonlinejeevanaadamjeevanaadamnews

Related Articles

ക്യാമ്പസ് രാഷ്ട്രീയത്തിന് നിയമപ്രാബല്യം: സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹം-കെസിബിസി

എറണാകുളം: ക്യാമ്പസ് രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്ക് നിയമപ്രാബല്യം നല്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കം കേരളത്തിലെ പൊതുസമൂഹത്തോടും വിദ്യാഭ്യാസമേഖലയോടും കോടതിവിധികളോടുമുള്ള വെല്ലുവിളിയാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍. സ്വാശ്രയ കോളജുകളെക്കൂടി

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ബ്യൂണസ് അയേഴ്സ്; ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. അര്‍ജന്‍റീനയില്‍നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

സ്വർണ്ണ തിളക്കവുമായി സുൽത്താൻപേട്ടിൽ നിന്നും റോസറി നവീന. എസ്

ന്യൂറോ സൈക്കോളജി ബിരുദാനന്തര ബിരുദ ത്തിൽ ഗോൾഡ് മെഡലിന് റോസറി നവീന എസ് അർഹയായി. സുൽത്താൻപേട്ട് രൂപതയിലെ വളയാർ ഇടവകകാരിയാണ് റോസറി. ഗുജറാത്തിലെ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*