മലബാറിലെ മീന്‍ചാപ്പകള്‍

മത്തി അഥവാ ചാള എക്കാലത്തും സാധാരണക്കാരന്റെ മീനായിട്ടാണ് അറിയപ്പെടുന്നത്. വിലക്കുറവ് മാത്രമല്ല സ്വാദും വേണ്ടുവോളമുണ്ട് ഈ മീനിന്. ‘കുടുംബം പുലര്‍ത്തി’ എന്നൊരു പേരും മത്തിക്കുണ്ട്. ആരാണീ പേരിട്ടത് എന്ന് ചോദിക്കരുത്. ഏതായാലും പേരിട്ടയാള്‍ ഒരു സഹൃദയന് തന്നെ.
സൈഡ്രിംഗ്’ ‘പൈലാര്‍ഡ്’ എന്നീ വാക്കുകള്‍ ഹെയ്റിംഗ് കുടുംബത്തിലെ ക്യൂപിയിഡേ എന്ന ചെറിയ ഓയിലി മത്സ്യത്തെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കാറുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇംഗ്ലീഷില്‍ ആദ്യമായി സാര്‍ഡിയന്‍ എന്ന പദം ഉപയോഗിച്ചിരുന്നു. മെഡിറ്ററേനിയന്‍ ദ്വീപായ സാര്‍ഡീനിയയില്‍ നിന്നാണ് മോഡേണ്‍ കാലഘട്ടത്തില്‍ ഈ പേര് വന്നത്. മത്തി ഈ ഇനത്തില്‍ പെടുന്ന മത്സ്യമായി കണക്കാക്കുന്നു.
അധികമായാല്‍ അമൃതും വിഷമാണല്ലോ! ഒരു കാലത്ത് മലബാറില്‍ മത്തി വളരെ സുലഭമായിരുന്നു. അധികമായി ലഭിച്ച മത്തി തെങ്ങിന് വളമാക്കാന്‍ വേണ്ടി വെയിലത്തിട്ടുണക്കുന്ന സമ്പ്രദായം കോഴിക്കോട് ഉണ്ടായിരുന്നു. കോഴിക്കോട് നഗരത്തില്‍ വലിയ പ്രശ്നങ്ങളാണ് ഈ സമ്പ്രദായം മൂലം ഉണ്ടായത്. ഈ മത്തി പ്രശ്നം മൂലമാണ് മീന്‍ ചാപ്പകള്‍ തീരപ്രദേശത്ത് ഉണ്ടാകുന്നത്.
ഈ വിഷയത്തെകുറിച്ച് മലബാര്‍ കളക്ടര്‍ കൊച്ചി ദിവാനുമായി നടത്തിയ കത്തിടപാടുകള്‍ ചരിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. 1915 ജൂലൈ 29ന് കൊച്ചി ദിവാന് ബോര് (Bhore) മലബാര്‍ കളക്ടര്‍ക്കയച്ച കത്തില്‍ ചോദിക്കുന്ന ചോദ്യം രസകരമാണ്. ‘കൊച്ചിയിലും തിരുവിതാംകൂറിലും ധാരാളമായി ലഭിക്കുന്ന മത്തി എന്ന ചെറുമത്സ്യം വളരെയേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നിങ്ങള്‍ മലബാറില്‍ കൂടുതലായി ലഭിക്കുന്ന മത്തി എന്താണ് ചെയ്യാറ്? അവിടെ ഇത് കടലോരത്ത് ഉണക്കുന്ന പതിവുണ്ടോ? ഇങ്ങനെ ചെയ്യുന്നതിനെതിരെ വല്ല നിയമനടപടികളും മലബാറില്‍ സ്വീകരിക്കുന്നുണ്ടോ? എങ്ങിനെയാണ് നിങ്ങളീ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നത്? എത്രയും പെട്ടെന്ന് ഇതിന് മറുപടി തരേണ്ടതാണ്. കാരണം കൊച്ചിയില്‍ മത്തിപ്രശ്നം വല്ലാത്ത തലവേദന തന്നെയാണ്.’ ഇപ്പോള്‍ ഇതു വായിക്കുമ്പോള്‍ മത്തി അഥവാ ചാള ഇത്രയും വലിയൊരു വില്ലനാണെന്ന് നമുക്ക് കരുതാനാവുമോ? മത്തി വാങ്ങാന്‍ ചെന്നാല്‍ കൈ പൊള്ളുന്ന വിലയാണ്. ഈ വര്‍ഷമാകട്ടെ കടലില്‍ മത്തി കിട്ടാനുമില്ല. അതുകൊണ്ടുതന്നെ ഈ കഥയ്ക്കൊരു പ്രസക്തിയും കൗതുകവുമുണ്ട്. ഐസും ഐസ്പ്ലാന്റും ഇല്ലാതിരുന്ന കാലത്താണ് മത്തി പ്രശ്നം കൊച്ചിയെ അലട്ടിയതെന്ന് നാം ഓര്‍ക്കണം. ഇതു പരിഹരിക്കാനാണ് കൊച്ചി ദിവാന് മലബാര്‍ കളക്ടറില്‍ നിന്ന് ഉപദേശം തേടിയത്. ഇന്നത്തെ രീതിയിലുള്ള കോള്‍ഡ് സ്റ്റോറേജുകളും വാഹനസൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത് മത്തി ആവശ്യത്തിലധികം മത്സ്യതൊഴിലാളികള്‍ പിടിച്ചെടുത്താല്‍ എന്തു ചെയ്യും?
അക്കാലത്ത് മലബാറില്‍ കൂടുതലായി ലഭിച്ചിരുന്ന മത്തി വളമായിട്ട് ഉപയോഗിക്കുകയായിരുന്നു പതിവ്. ഉണക്കിയിട്ടും പച്ചയായിട്ടും തെങ്ങിന് ചുവട്ടില്‍ വളമായി ഇടുന്ന രീതി നാട്ടില്‍ പതിവായി. ഇത് ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു. രൂക്ഷമായ ഗന്ധവും ഈച്ചകളുടെ ശല്യവും.
കൊച്ചി ദിവാനില്‍ നിന്ന് ഇത്തരമൊരു കത്ത് കിട്ടിയപ്പോള്‍ മലബാര്‍ കളക്ടര്‍ വിശദമായ മറുപടി തന്നെ നല്കി. ഈ മറുപടിയില്‍ നിന്ന് അക്കാലത്ത് മലബാറില്‍ അധികമായി ലഭിച്ചിരുന്ന മത്തി എങ്ങനെ ഉപയോഗിച്ചുവെന്ന വ്യക്തമായ ചിത്രം നമുക്ക് ലഭിക്കും. കത്തില്‍ പറയുന്നു: കോഴിക്കോട് നഗരത്തില്‍ കടല്പാലം മുതല്‍ ബീച്ചിലെ സെമിത്തേരി വരെ കടല്‍ത്തീരമാണ് മത്തിയുണക്കുവാന് നാട്ടുകാര്‍ ഉപയോഗിക്കുന്നത്. കോഴിക്കോട് ഏറ്റവും കൂടുതല്‍ മത്തി ലഭിച്ചത് 1913ലാണ്. അധികമായി ലഭിക്കുന്ന മത്തി ഉണക്കിയും പച്ചയായും ഇവര്‍ തെങ്ങിന്ചുവട്ടിലിടും. 1913ലാണ് കോഴിക്കോട് നഗരത്തെ കോളറ എന്ന പകര്‍ച്ചവ്യാധി കീഴ്പ്പെടുത്തിയത്. കോളറ എല്ലാ തരത്തിലും സംഹാരതാണ്ഡവമാടി. ഈച്ചകളും മണിയനീച്ചകളും കോഴിക്കോട് നഗരത്തില്‍ നിറഞ്ഞുകവിഞ്ഞു. കോളറയുടെ അണുക്കള്‍ ഈ ഈച്ചകളാണ് കൊണ്ടുനടന്നിരുന്നത് എന്ന് ഞങ്ങള്‍ ബലമായി സംശയിക്കുന്നു. പൊന്നാനിയില്‍ മത്തി പച്ചയായി തന്നെയാണ് തെങ്ങിന്‍ചുവട്ടില്‍ വളമായി ഇടുന്നത്. ഇവിടെയും കോളറയുടെ ആക്രമണം വളരെ രൂക്ഷമായിരുന്നു. ഇതിനു പുറമെയാണ് രൂക്ഷമായ ദുര്‍ഗന്ധത്തിന്റെ ശല്യവും. കോഴിക്കോട് നഗരത്തില്‍ മൂക്കുപൊത്തിയല്ലാതെ നടക്കാന്‍ പറ്റാത്ത ഒരവസ്ഥയാണ് ഇക്കാലങ്ങളില്‍ നിലവിലുള്ളത്. എന്നാല്‍ 1913നു ശേഷം ഉയര്‍ന്നു വന്നിട്ടുള്ള ചില മീനെണ്ണ ഫാക്ടറികള്‍ ഈ ശല്യത്തെ കുറേയൊക്കെ നിയന്ത്രിക്കുന്നുണ്ട്. അതിനാല്‍ എന്റെ അഭിപ്രായത്തില്‍ മീനെണ്ണ ഫാക്ടറികളെ പ്രോത്സാഹിപ്പിക്കുകയാണ് ഇക്കാര്യത്തില്‍ ഞാന്‍ കാണുന്ന പോംവഴി. പക്ഷേ, ഒരു കാര്യമോര്ക്കുമല്ലോ? മീനെണ്ണ ഫാക്ടറികള്‍ എപ്പോഴും ചെറുതായിരിക്കണം. കാരണം മത്തി എല്ലാ വര്‍ഷവും സുലഭമായി ലഭിക്കണമെന്നില്ല. നമുക്ക് മത്തി ഉണക്കലിനെ നിയമം മൂലം പാടെ നിരോധിക്കാന്‍ കഴിയില്ല. കാരണം ഇതൊരു വ്യാപകമായ ബിസിനസ്സാണ്. മലബാറില്‍ തലശ്ശേരിയിലാണ് ഈ മത്തി ഉണക്കല്‍ നിയമം മൂലം ഒരു പരിധി വരെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുള്ളത്. 1907ല്‍ തലശ്ശേരിയിലെ ഡിവിഷണല്‍ ഓഫീസര്‍ ചില ചട്ടങ്ങള്‍ കൊണ്ടുവരികയും സര്‍ക്കാര്‍ അത് 1908ല്‍ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചട്ടപ്രകാരം മത്തി ഉണക്കാന്‍ തെരഞ്ഞെടുത്ത ചില സ്ഥലങ്ങള്‍ മാത്രം അനുവദിച്ചുകൊടുക്കുന്നു. ഈ സ്ഥലങ്ങളെ നാട്ടുകാര്‍ മീഞ്ചാപ്പകള് എന്നാണ് വിളിച്ചുവരുന്നത്. സര്‍ക്കാരില്‍ നിന്നും ലൈസന്‍സ് എടുത്തവരെ മാത്രമേ ഇത്തരം സ്ഥലങ്ങളില്‍ മത്തിയുണക്കാന് സമ്മതിക്കാറുള്ളു. ജനവാസം കുറഞ്ഞ സ്ഥലങ്ങളാണ് തലശ്ശേരിയില്‍ ഇതിനായി തെരഞ്ഞെടുത്തു കാണുന്നത്. 1913ലെ കോളറ ആക്രമണത്തെ തുടര്‍ന്ന് കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സിലിനോടും തലശ്ശേരിയിലെ ഈ ചട്ടങ്ങള്‍ക്ക് അനുസരണമായി നിയമമുണ്ടാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.’
എന്തു കൊണ്ടാണ് ഈ രേഖകളില്‍ എല്ലാം തന്നെ മത്തി മാത്രം പരാമര്‍ശിക്കപ്പെടുന്നത് എന്ന് മനസ്സിലാകുന്നില്ല. ഒരു പക്ഷേ യന്ത്രവത്കൃതബോട്ടുകളും മേല്‍തരം വലകളും ഇല്ലാതിരുന്ന അക്കാലത്ത് നാടന്‍ തോണികള്‍ക്ക് ലഭ്യമായിരുന്നത് മത്തി മാത്രമായിരിക്കാം. ചാളനെയ് ഇവിടെ ലഭിക്കും’ എന്ന ബോര്‍ഡ് ഇന്ന് തീരപ്രദേശത്ത് ഒരപൂര്‍വ്വ സംഭവമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വള്ളങ്ങള്‍ക്ക് ബലം പകരാന്‍ ചാളനെയ് ഉപയോഗിക്കുമായിരുന്നു. ചാള വലിയ പാത്രങ്ങളില്‍ പുഴുങ്ങി അതില്‍ നിന്നെടുക്കുന്ന നെയ്യാണ് ഇതിനായി വിറ്റിരുന്നത്.
തെങ്ങിന് വളമായി മത്തി ഇട്ടിരുന്നു എന്നൊക്കെ പറഞ്ഞാല്‍ ഇക്കാലത്ത് ആരു വിശ്വസിക്കും? മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഒരു കിലോ മത്തിയുടെ വില 250 രൂപയാണ്. അതില്‍ എത്ര രൂപ മത്സ്യത്തൊഴിലാളിക്കു ലഭിക്കും എന്ന ചോദ്യം മറക്കുന്നില്ല. എന്തായാലും മത്തി ഇപ്പോള്‍ ഒരു ചെറിയ മീനല്ല.
Related
Related Articles
കര്‍ഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങള്‍
കൊച്ചി:കര്‍ഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങള്‍ മനുഷ്യ വലയം തീര്‍ത്തു. എറണാകുളം മറൈന്‍ മറൈന്‍ ഡ്രൈവില്‍ കെ ആര് എല്‍ സി സി വൈസ് പ്രസിഡന്റ്
സവര്‍ണ രാഷ്ട്രീയത്തിന്റെ സാമ്പത്തിക സംവരണം നോട്ടം വോട്ടില്‍: പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ക്ക് തിരിച്ചടിയാകും
മുന്നാക്ക ജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിക്കും ഉന്നതവിദ്യാഭ്യാസത്തിനും 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ദളിത്-പിന്നാക്ക വിഭാഗങ്ങളെ ദോഷകരമായി ബാധിക്കും. ഇന്ത്യന്‍ ഭരണഘടനയെ തന്നെ
കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി
കണ്ണൂര്‍: സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കണ്ണൂര്‍ സ്വദേശി കെ.പി. സുനില്‍ ആണ് മരിച്ചത്. മട്ടന്നൂരില്‍ എക്സൈസ് ഡ്രൈവറായിരുന്നു ഇയാള്‍. കൊറോണ സ്ഥിരീകരിച്ച് പരിയാരത്തെ