മലമുകളിലെ റെയില്‍പ്പാത

by admin | November 3, 2018 11:10 am

തെക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ മലനിരകളാണ് ആന്‍ഡസ് (ANDES) പര്‍വതനിരകള്‍. ഏഴായിരം കിലോമീറ്റര്‍ നീളത്തില്‍ പരന്നുകിടക്കുന്ന ഈ മലനിരകള്‍ സമുദ്രനിരപ്പില്‍ നിന്ന് 13000 അടി മുകളിലാണ്. വെനെസ്വേല, കൊളംബിയ, ഇക്വദോര്‍, പെറു, ബൊളീവിയ, ചിലി, അര്‍ജന്റീന എന്നീ രാജ്യങ്ങളിലായാണ് ഈ പര്‍വ്വതനിരകള്‍. ഈ മലനിരകളിലൂടെ ഒരു റെയില്‍പ്പാത പണിയുവാന്‍ സാധിക്കുമോ എന്നറിയാനായി എന്‍ജിനീയര്‍മാരുടെ അഭിപ്രായം ആരാഞ്ഞു. എല്ലാവരും തന്നെ അങ്ങനെ ഒരു ഉദ്യമം നടത്തുക അസാധ്യമായിരിക്കും എന്നാണു പറഞ്ഞത്.
എന്നാല്‍ പോളണ്ടുകാരനായ ഒരു എന്‍ജിനിയര്‍-ഏണസ്റ്റ് മെലിനോവ്‌സ്‌കിഅതൊരു വെല്ലുവിളിയായി സ്വീകരിച്ചു. ഇന്നത്തെപ്പോലെ ആധുനിക യന്ത്രസാമഗ്രികളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍-1859ല്‍ അദ്ദേഹം പെറു ഗവണ്‍മെന്റിന് ഒരു പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിച്ചു. ഭരണാധികാരികള്‍ അത് അംഗീകരിച്ചു. അങ്ങനെ ലോകത്തിലെ ഏറ്റവും ഉയരമുള്ള ഒരു റെയില്‍പാതയുടെ പണി ആരംഭിച്ചു. അഞ്ചുവര്‍ഷം കൊണ്ട് അതിന്റെ പണി പൂര്‍ത്തിയാകുകയും ചെയ്തു. 62 ടണലുകളും 32 പാലങ്ങളും ഉള്‍ക്കൊള്ളുന്ന ആ റെയില്‍റോഡ് ഇന്നും ഒരു മഹാത്ഭുതം തന്നെയാണ്.
ഇതുപോലെതന്നെ എന്‍ജിനീയറിംഗ് കലയുടെ ഒരു മഹാത്ഭുതമാണ് ഇന്ത്യയിലെ കൊങ്കണ്‍ റെയില്‍വേ. മലയാളിയായ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ 1998ല്‍ പണികഴിപ്പിച്ച കൊങ്കണ്‍ റെയില്‍വേയുടെ നീളം 740 കിലോമീറ്ററാണ്. മഹാരാഷ്ട്രയിലെ റോഹ മുതല്‍ ഗോവവഴി കര്‍ണ്ണാടകയിലെ തോക്കൂര്‍ വരെ നീളുന്നതാണ് ഈ റെയില്‍പാത. രണ്ടായിരത്തിലധികം പാലങ്ങളും 91 ടണലുകളും ഈ പാതയിലുണ്ട്. പാറകള്‍ തുരന്നും താഴ്‌വാരങ്ങളില്‍ വലിയ തൂണുകള്‍ പണിതും നിര്‍മിച്ച കൊങ്കണ്‍ പാതയ്ക്കുവേണ്ടി 43,000 ആളുകളുടെ ഉടമസ്ഥാവകാശത്തില്‍ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ വാങ്ങിച്ചു.
പലപ്പോഴും വെള്ളപ്പൊക്കത്താലും വന്യമൃഗങ്ങളുടെ ആക്രമണത്താലും പണി നിര്‍ത്തിവയ്‌ക്കേണ്ടിവന്നിട്ടുണ്ട്. എങ്കിലും ഏഴു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാവുകയും ഇന്ന് റെയില്‍മാര്‍ഗം കേരളത്തില്‍ നിന്ന് മുംബൈയില്‍ എത്തിച്ചേരാനുള്ള ഏറ്റവും എളുപ്പമുള്ള പാതയാവുകയും ചെയ്തു.
അടിയുറച്ച ആത്മവിശ്വാസവും നിതാന്ത പരിശ്രമവും എതിര്‍പ്പുകളും ഉണ്ടാകുമ്പോള്‍ സൗമ്യവും അതേസമയം കര്‍ക്കശവുമായ സമ്പര്‍ക്കവും ഉണ്ടെങ്കില്‍ ഏത് പ്രതിബന്ധങ്ങളെയും നേരിടുവാന്‍ സാധിക്കുമെന്നാണ് ഈ രണ്ട് റെയില്‍ പ്രോജക്ടുകളും നമ്മളോട് പറയുന്നത്. മനുഷ്യന് ഇന്ന് അസാധ്യമായി ഒന്നും തന്നെയില്ല. ഇംപോസിബിള്‍ എന്ന് ഇന്ന് കരുതുന്ന പലതും നാളെ പൊസിബിള്‍ ആയിത്തീര്‍ന്നുകൊണ്ടിരിക്കുകയാണ്. വായുവിലൂടെ പറക്കാനും സമുദ്രത്തിലൂടെ സഞ്ചരിക്കാനും നമുക്ക് സാധിക്കുന്നത് ചുരുക്കം ചിലരുടെ ഭാവനാസിദ്ധികളുടെയും പരീക്ഷണങ്ങളുടെയും ഫലമായിട്ടാണ്.
ഇന്ന് ലോകത്തില്‍ എവിടെയും കാണുന്ന അംബരചുംബികളായ കെട്ടിടങ്ങളും നയനമനോഹരമായ ഉദ്യാനങ്ങളും ദിനംതോറും അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുന്ന ദൃശ്യ-ശ്രവ്യ മാധ്യമങ്ങളും വൈദ്യശാസ്ത്ര രംഗത്ത് ഉണ്ടായികൊണ്ടിരിക്കുന്ന പുരോഗതിയുമൊക്കെ ചില ശാസ്ത്രജ്ഞന്മാരുടെയും ആര്‍ക്കിടെക്ടുകളുടെയും ഭിഷഗ്വരന്മാരുടെയും ഉറച്ച ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ്. മനുഷ്യനും ദൈവവും തമ്മില്‍ കൈകോര്‍ക്കുമ്പോള്‍ എന്തെല്ലാമെന്തെല്ലാം അത്ഭുതങ്ങളാണ് നടക്കുക!
”ദൂതന്മാരെക്കാള്‍ അല്പം താഴ്ന്നവനായി അങ്ങ് അവനെ സൃഷ്ടിച്ചു; മഹിമയും ബഹുമാനവും കൊണ്ട് അവനെ കിരീടമണിയിച്ചു. സമസ്തവും അവന്റെ പാദങ്ങളുടെ കീഴിലാക്കി. എല്ലാമവന്റെ അധീനതയിലാക്കിയപ്പോള്‍ അവനു കീഴ്‌പ്പെടാത്തതായി ഒന്നും അവിടുന്ന് അവശേഷിപ്പിച്ചില്ല.”(ഹെബ്രാ 2: 7-8)
അടുത്ത ലക്കം
രാജാവിന്റെ മോഹനദ്രവ്യം

Source URL: https://jeevanaadam.in/%e0%b4%ae%e0%b4%b2%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4/