മലയോര ജനപദങ്ങളുടെ ആവാസവ്യവസ്ഥയോ?

by admin | June 16, 2022 12:27 pm

രാജസ്ഥാനിലെ ഒരു വന്യജീവിസങ്കേതത്തിലെ ഖനനത്തില്‍ നിന്നു തുടങ്ങി നീലഗിരിയിലെ വനസംരക്ഷണപ്രശ്‌നത്തില്‍ വരെ എത്തിയ നിയമപോരാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് സംരക്ഷിത വനങ്ങളിലെ വന്യജീവിസങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ണയിക്കണമെന്ന് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട മാധവ് ഗാഡ്ഗിലിന്റെയും കസ്തൂരി രംഗന്റെയും റിപ്പോര്‍ട്ടുകളെ ചൊല്ലി മലയോര ജനപദങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന ആശങ്കകളെക്കാള്‍ വലിയ അസ്തിത്വ പ്രതിസന്ധിയും പ്രത്യാഘാതങ്ങളുമാണ് രാജ്യവ്യാപകമായ ഈ ബഫര്‍ സോണ്‍ പ്രഖ്യാപനം കേരളത്തില്‍ സൃഷ്ടിക്കുന്നത്.

പ്രകൃതിയെയും പരിസ്ഥിതിപ്രാധാന്യമുള്ള ജൈവമേഖലകളെയും ആവാസവ്യവസ്ഥകളെയും സംരക്ഷിക്കാതെ നമുക്ക് നിലനില്പില്ല എന്ന് അടിക്കടിയുണ്ടാകുന്ന പ്രളയവും ഉരുള്‍പൊട്ടലുകളും മറ്റു പ്രകൃതിദുരന്തങ്ങളും നമ്മെ പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയിലേറെ ജനസാന്ദ്രതയുള്ള സംസ്ഥാനമെന്ന നിലയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും കൃഷിയിടങ്ങളും പരിസ്ഥിതിലോല മേഖലയില്‍ വരുന്നു എന്നത് കേരളത്തിലെ സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണമാക്കുന്നു. കേരളത്തിലെ മൊത്തം ഭൂമിയുടെ 29.65 ശതമാനം റിസര്‍വ് വനമാണ്. ആകെ വനമേഖല 11,522 ചതുരശ്ര കിലോമീറ്ററാണ്; അതില്‍ സംരക്ഷിത വനഭൂമി 291.5 ചതുരശ്ര കിലോമീറ്ററും. സംസ്ഥാനത്തെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 860 പേര്‍ എന്ന തോതിലാണ്; ദേശീയ ശരാശരി 360 പേരാണ്.

പതിനാറ് വന്യജീവിസങ്കേതങ്ങളും അഞ്ച് ദേശീയോദ്യാനങ്ങളും രണ്ടു കടുവാസങ്കേതങ്ങളുമുള്ള സംസ്ഥാനത്ത് നാലു ലക്ഷത്തോളം ഏക്കര്‍ ഭൂമി പരിസ്ഥിതിലോല ബഫര്‍ സോണില്‍ വരും. മലയോര മേഖലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി, കല്‍പ്പറ്റ, പേരാമ്പ്ര, നിലമ്പൂര്‍, മണ്ണാര്‍ക്കാട്, കുമളി, പൈനാവ്, പമ്പാവാലി, കട്ടപ്പന, നിലയ്ക്കല്‍, പെരുനാട്, അമ്പൂരി, നെയ്യാര്‍, കുറ്റിച്ചല്‍ തുടങ്ങി ചെറുതും വലുതുമായ ഇരുപതോളം പട്ടണങ്ങളെയും നിരവധി ഗ്രാമപഞ്ചായത്തുകളെയും പ്രത്യക്ഷത്തില്‍ ഒരു ലക്ഷം കുടുംബങ്ങളെയും മാത്രമല്ല, കൊച്ചിയിലെ മംഗളവനം പക്ഷിസങ്കേതത്തോടുചേര്‍ന്നുള്ള നഗരഹൃദയത്തെ വരെ ബാധിക്കുന്നതാണ് നിര്‍ദിഷ്ട ബഫര്‍ സോണ്‍ നിയന്ത്രണ വ്യവസ്ഥകള്‍.
ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി മലയോര കര്‍ഷകരെ സംരക്ഷിച്ചുകൊണ്ടുവേണം പരിസ്ഥിതിലോല മേഖലയുടെ പരിധി നിര്‍ണയിക്കാനെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്കുമെന്നും പ്രശ്‌നപരിഹാരത്തിനുള്ള നിയമസാധ്യതകള്‍ ആരാഞ്ഞുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥവ്യതിയാന മന്ത്രാലയത്തെയും സുപ്രീം കോടതി നിയോഗിച്ചിട്ടുള്ള കേന്ദ്ര ഉന്നതാധികാര സമിതിയെയും കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രിയും വനം മന്ത്രിയും പറയുന്നുണ്ട്. നിയമസഭയില്‍ ഇതിനായി പ്രത്യേക ബില്ല് അവതരിപ്പിച്ചേക്കും. ഭരണമുന്നണിയും പ്രതിപക്ഷവും മാറിമാറി വയനാട്ടിലും ഇടുക്കിയിലും ഹര്‍ത്താലുകളും പ്രക്ഷോഭപരിപാടികളും പ്രഖ്യാപിക്കുകയുണ്ടായി.

സുപ്രീം കോടതി നിര്‍ദേശിക്കുന്ന ബഫര്‍ സോണ്‍, പിണറായി സര്‍ക്കാര്‍ രണ്ടുവര്‍ഷം മുന്‍പ് തീരുമാനിച്ചുറപ്പിച്ചതാണ്. ഇപ്പോള്‍ പക്ഷേ, അതേ ബഫര്‍ നിയന്ത്രണത്തെ ചോദ്യം ചെയ്യുകയാണ് സര്‍ക്കാര്‍! സംസ്ഥാനത്തെ സംരക്ഷിത വനപ്രദേശങ്ങള്‍ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയായി നിശ്ചയിച്ച് 2019 ഒക്ടോബര്‍ 23-ന് ഇടതുമുന്നണി മന്ത്രിസഭായോഗം തീരുമാനമെടുത്തതും അതിന്റെ അടിസ്ഥാനത്തില്‍ കരടുവിജ്ഞാപന നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയതും ഓര്‍ക്കാത്തതു പോലെയാണ് ഇടതുമുന്നണി ഇപ്പോള്‍ സമരം നയിക്കുന്നത്! അതിതീവ്രമഴ, ഉരുള്‍പൊട്ടല്‍, പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ 2019-ല്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിശ്ചയിച്ചത് എന്നത് വിസ്മരിക്കുന്നില്ല.

നിര്‍ദിഷ്ട ബഫര്‍ മേഖലയിലെ നിര്‍മിതികളുടെ പട്ടിക മൂന്നു മാസത്തിനകം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന മുഖ്യവനപാലകരോടു നിര്‍ദേശിച്ചിട്ടുണ്ട്. സാറ്റലൈറ്റ് ഇമേജിങും ഡ്രോണ്‍ ഫോട്ടോഗ്രഫിയും മറ്റും ഉപയോഗിച്ച് ഈ നിജസ്ഥിതിപഠനം പൂര്‍ത്തിയാക്കാനാകും. പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിജ്ഞാപനം ഇറക്കുന്നതിന് 2011 ഫെബ്രുവരി ഒന്‍പതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു മാര്‍ഗരേഖ നല്കിയിരുന്നതാണ്. 12 വര്‍ഷമായിട്ടും കേരളത്തില്‍ ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടായില്ല. സംസ്ഥാനത്തെ 24 സംരക്ഷിത വനമേഖലകളില്‍, ഇടുക്കിയിലെ മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തില്‍ മാത്രമാണ് അന്തിമവിജ്ഞാപനം വന്നത്. 21 ഇടങ്ങളില്‍ കരടുവിജ്ഞാപനം ഇറക്കിയെങ്കിലും ഇടുക്കി, ആറളം, തട്ടേക്കാട് എന്നിവിടങ്ങളിലെ കേരളത്തിന്റെ പുതുക്കിയ നിര്‍ദേശം കേന്ദ്ര ഉന്നതാധികാര സമിതിയും കേന്ദ്ര മന്ത്രാലയവും 2020 ജനുവരിയില്‍ തള്ളുകയുണ്ടായി. നിലമ്പൂരിനടുത്ത് 2019-ല്‍ രൂപവത്കരിച്ച കരിമ്പുഴ വന്യജീവിസങ്കേതത്തിന്റെ അതിര്‍ത്തി ഇനിയും നിര്‍ണയിക്കാനുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത്, 2014-ല്‍ 121 വില്ലേജുകളില്‍ വിദഗ്ധസമിതി പഠനം നടത്തി കേന്ദ്രത്തിനു റിപ്പോര്‍ട്ടു നല്കിയതാണ്. ഇതു മാറ്റി 2018-ല്‍ ഇടതുസര്‍ക്കാര്‍ പി.എച്ച് കുര്യന്‍ സമിതിയെ നിയോഗിച്ച് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നേരത്തെ ബഫര്‍ സോണ്‍ പരിധി 12 കിലോമീറ്റര്‍ വരെ നിശ്ചയിച്ചിരുന്നത് തങ്ങള്‍ ഒരു കിലോമീറ്ററായി പരിമിതപ്പെടുത്തിയെന്നാണ് അന്ന് വനം മന്ത്രി അവകാശപ്പെട്ടത്. ജനവാസകേന്ദ്രങ്ങള്‍ കണക്കിലെടുത്ത് 32 വില്ലേജുകളിലായി 303.22 ചതുരശ്ര കിലോമീറ്റര്‍ ബഫര്‍ മേഖലയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

പരിസ്ഥിതിലോല മേഖലയില്‍ താമസിക്കുന്നതിന് നിയമപരമായി തടസമില്ലെങ്കിലും മലയോര കര്‍ഷക ജീവിതം അസാധ്യമാക്കുന്ന നിയന്ത്രണങ്ങളാണ് നിര്‍ദേശിക്കപ്പെടുന്നത്. കാടിറങ്ങുന്ന വന്യജീവികളെ തടയുന്നതിന് സോളര്‍ വേലികളോ കിടങ്ങുകളോ ആനമതിലോ ഒന്നും പാടില്ല. പ്രാദേശിക ഉപയോഗത്തിനുള്ള കൃഷിയേ അനുവദിക്കൂവത്രേ! എന്ത്, എങ്ങനെ, എത്രത്തോളം കൃഷിചെയ്യണം എന്ന് വനപാലകര്‍ നിശ്ചയിക്കും. തേയില, കാപ്പി, കുരുമുളക്, കൊക്കോ, അടയ്ക്ക തുടങ്ങി കേരളത്തിന്റെ തോട്ടവിളയുടെയും കാര്‍ഷികോത്പാദനത്തിന്റെയും വിപണിയുടെയും സമ്പദ്‌വ്യവസ്ഥയുടെയും സ്ഥിതിയെന്താകും? വാണിജ്യാവശ്യത്തിനുള്ള നിര്‍മാണം, റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യവികസനം, ഹോട്ടല്‍-റിസോര്‍ട്ട്, ഖനനം, കല്ലുവെട്ട്, ക്രഷര്‍ യൂണിറ്റ്, മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍, വന്‍കിട ജലവൈദ്യുത പദ്ധതി, സ്‌ഫോടക രാസവസ്തുക്കളുടെ ഉപയോഗം, ഉത്പാദനം, തടിമില്ല്, ഇഷ്ടികക്കളം എന്നിവയ്‌ക്കെല്ലാം നിയന്ത്രണമോ നിരോധനമോ നിലവില്‍ വരും. രാത്രികാലയാത്ര വിലക്കും. വീടുവയ്ക്കാനും സ്വകാര്യഭൂമിയിലെ മരംവെട്ടാനും വനം വകുപ്പിന്റെ അനുമതി വാങ്ങണം. കാലാവസ്ഥാവ്യതിയാനം, വിളനാശം, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവ്, വന്യജീവിശല്യം, കടക്കെണി തുടങ്ങിയ പ്രശന്ങ്ങളില്‍ ഉഴലുന്ന കര്‍ഷകര്‍ക്ക് ബഫര്‍ സോണ്‍ നിയന്ത്രണങ്ങളുടെ അനിശ്ചിതത്വം അതിജീവന പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ചെറുകിട കര്‍ഷകന് കൃഷിയിറക്കുന്നതിന് വായ്പയെടുക്കാനോ ഭൂമി പാട്ടത്തിനു നല്കാനോ വില്ക്കാനോ കഴിയാത്തവണ്ണം കര്‍ശന നിയന്ത്രണങ്ങള്‍ വരുമ്പോള്‍ ജീവിക്കാനുള്ള അവന്റെ അവകാശം പോലും ചോദ്യം ചെയ്യപ്പെടുകയാണ്.

അതേസമയം, ക്വാറികള്‍, വന്‍കിട നിര്‍മാണങ്ങള്‍, മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ എന്നിവയെ മാത്രമേ നിയന്ത്രണങ്ങള്‍ ബാധിക്കൂ എന്ന് പരിസ്ഥിതിവാദികള്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടക അതിര്‍ത്തിയിലെ ബന്ദിപ്പൂരില്‍ 7.78 കിലോമീറ്റര്‍ ബഫര്‍ സോണില്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ ജനങ്ങള്‍ ജീവിക്കുന്നുണ്ട്. ജിയോഗ്രാഫിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ പഠനത്തില്‍ വയനാട് മലമേഖലയുടെ 51 ശതമാനവും ഇടുക്കി വനമേഖലയില്‍ 74 ശതമാനവും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളാണ്. ഇത്രത്തോളം പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ നിലനില്‌ക്കേയാണ് വയനാട്ടില്‍ മൂന്നൂറോളം കരിങ്കല്‍ ക്വാറികള്‍ക്കും ക്രഷറുകള്‍ക്കും വന്‍കിട റിസോര്‍ട്ടുകള്‍ക്കും സര്‍ക്കാര്‍ അനുമതി നല്കിയതെന്ന് ഓര്‍ക്കണം. സര്‍ക്കാര്‍ നിലപാടുകളിലെ ഇരട്ടത്താപ്പ് അവസാനിപ്പിച്ച് മലയോര കര്‍ഷകരുടെ ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും സംരക്ഷണം ഉറപ്പുവരുത്തുന്ന നിയമനിര്‍മാണത്തിന് അടിയന്തര നടപടി സ്വീകരിക്കുകയാണു വേണ്ടത്.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%9c%e0%b4%a8%e0%b4%aa%e0%b4%a6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b5%e0%b4%be%e0%b4%b8%e0%b4%b5%e0%b5%8d/