മഴക്കാലം മറക്കുന്ന രീതി മാറ്റണം

മഴക്കാലം മറക്കുന്ന രീതി മാറ്റണം

 

കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ ഇതേ സമയം തന്നെയാണ് കേരളത്തില്‍ മഴ കനത്ത് ആഗസ്റ്റ് പതിനാറോടെ വന്‍പ്രളയമായത്. ഇത്തവണയും ആഗസ്റ്റില്‍ അതു സംഭവിക്കുമോ? മിക്കവാറും മലയാളികളുടെ മനസിലുണ്ടായിരുന്ന ചോദ്യമാണിത്.
2018ല്‍ കേരളത്തില്‍ മഹാപ്രളയം ഉണ്ടായി. 2019ല്‍ ഇതാ ചെറിയതാണെങ്കിലും പ്രളയം ഉണ്ടായിരിക്കുന്നു. ‘ഇതാണോ കാലാവസ്ഥാ വ്യതിയാനം? ഇനി എല്ലാ വര്‍ഷവും ഇത്തരത്തില്‍ കനത്ത മഴയും മണ്ണിടിച്ചിലും പ്രളയവും ഉണ്ടാകുമോ?’ ആളുകള്‍ ഈ ചോദ്യവും ചോദിച്ചു തുടങ്ങി.
ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം അത്ര എളുപ്പമല്ല. ഇനിയുള്ള ദിവസങ്ങളില്‍ മഴയുടെ അളവ് എങ്ങനെയിരിക്കും എന്നതാണ് പ്രധാന മാനദണ്ഡം. അതിന്റെ പ്രവചനങ്ങള്‍ ശാസ്ത്രീയമായ കാര്യങ്ങള്‍ കൊണ്ടുതന്നെ ഇപ്പോഴും പൂര്‍ണമായും വിശ്വസനീയമല്ലാത്തതിനാല്‍ ലഭ്യമായ പ്രവചനങ്ങള്‍ ശ്രദ്ധിക്കുക. സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അനുസരിച്ച് പെരുമാറുക, മുന്‍കരുതലുകള്‍ എടുക്കുക എന്നതൊക്കെ മാത്രമേ ഇപ്പോള്‍ ചെയ്യാന്‍ പറ്റൂ.
ഒരുകാര്യം മാത്രം ഉറപ്പായി പറയാം: പ്രകൃതിക്ക് ‘ആഗസ്റ്റും’ ‘പതിനാറും’ ‘വാര്‍ഷികവും’ ഒന്നുമില്ല. ഇപ്പോഴത്തെ മഴ കനത്തത് തികച്ചും ആകസ്മികമാണ്. അതുകൊണ്ട് ആഗസ്റ്റിനെയും പതിനാറിനെയും പ്രത്യേകിച്ച് പേടിക്കേണ്ട ഒരു കാര്യവുമില്ല.
രണ്ടാമത്തെ ചോദ്യം കൂടുതല്‍ കൃത്യമായി ഉത്തരം പറയാവുന്ന ഒന്നാണ്. ലോകത്തെവിടെയുംപോലെ കാലാവസ്ഥാ വ്യതിയാനം കേരളത്തിലും ഒരു യാഥാര്‍ഥ്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു പ്രത്യാഘാതം മഴ കൂടുതല്‍ സാന്ദ്രതയില്‍ പെയ്യും എന്നതാണ്. കൂടുതല്‍ സാന്ദ്രതയില്‍ മഴ പെയ്യുമ്പോഴാണ് പ്രളയം ഉണ്ടാകുന്നത്.
ആ നിലയ്ക്ക് കഴിഞ്ഞ രണ്ടു പ്രളയങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രവചനങ്ങളുമായി യോജിച്ചുപോകുന്ന ഒന്നാണ്. അടുത്തടുത്ത് രണ്ടു പ്രളയവര്‍ഷങ്ങള്‍ ഉണ്ടായി എന്നതുകൊണ്ടു മാത്രം അത് കാലാവസ്ഥാ വ്യതിയാനം ആണെന്നോ രണ്ടു വര്‍ഷം പ്രളയം ഉണ്ടായത് കൊണ്ട് മൂന്നാമത്തെ വര്‍ഷം ഉണ്ടാകുമെന്നോ പറയാന്‍ പറ്റില്ല. 99ലെ പ്രളയം എന്ന 1924ലെ പ്രളയം നിങ്ങള്‍ മിക്കവരും കേട്ടിട്ടുണ്ടാകാം. 1923ലും വലിയ പ്രളയവും നാശനഷ്ടങ്ങളും ഉണ്ടായിരുന്നു. 1924ലെ പ്രളയം അതിലും വലുതായിരുന്നതിനാല്‍ ആളുകള്‍ 1923ലെ പ്രളയത്തെ മറന്നതാണ്. 1924നുശേഷം കേരളത്തില്‍ വലിയൊരു പ്രളയം ഉണ്ടായത് 1962ല്‍ ആണ്. അതായത് കാലാവസ്ഥാ വ്യതിയാനം വരുന്നതിന് മുന്‍പും അടുത്തടുത്തുള്ള പ്രളയവര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. രണ്ടു വര്‍ഷം അടുപ്പിച്ച് വലിയ മഴ ഉണ്ടായതുകൊണ്ട് മൂന്നാമത്തെ വര്‍ഷമോ വര്‍ഷം തോറുമോ ഉണ്ടാകണം എന്നുമില്ല.
തല്‍ക്കാലം നമ്മള്‍ 2020നെ പറ്റി പേടിക്കേണ്ട കാര്യമൊന്നുമില്ല. ഇപ്പോള്‍ നമ്മുടെ മുന്നിലുള്ള പ്രശ്‌നത്തെ ധൈര്യമായി കൈകാര്യം ചെയ്യുക. കണ്ടിടത്തോളം കേരളത്തിലെ ബഹുഭൂരിപക്ഷം പ്രദേശത്തിലും കഴിഞ്ഞ വര്‍ഷത്തെ അത്രയും ഉയരത്തിലും വ്യാപ്തിയിലും വെള്ളം എത്തിയിട്ടില്ല. മരണം കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ കൂടുതല്‍ നടന്നത് ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ആണ്.
അതുകൊണ്ടുതന്നെ അപായസാധ്യത ഉള്ള പ്രദേശത്തുള്ളവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് മാറി താമസിക്കുക, മറ്റുള്ളവര്‍ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുക. ഇതൊക്കെയാണ് വേണ്ടത്. മഴക്കാലം കഴിയുമ്പോള്‍ പ്രളയത്തെപ്പറ്റിയും ഉരുള്‍പൊട്ടലിനെപ്പറ്റിയും കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റിയും മറക്കുന്ന രീതി നമ്മള്‍ മാറ്റിയേ തീരൂ. പ്രളയത്തെയും ഉരുള്‍പൊട്ടലിനെയും മണ്ണിടിച്ചിലിനെയും സുസ്ഥിരമായി നേരിടാന്‍ വേണ്ടത് പരിസ്ഥിതി സംരക്ഷണവും ദുരന്തസാധ്യതകളെയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രവചനങ്ങളെയും അറിഞ്ഞുള്ള ഭൂവിനിയോഗ നയങ്ങളും നിയമങ്ങളും പ്ലാനുകളും ആണ്.
അതിന് കൂടുതല്‍ കൂടുതല്‍ സാമൂഹിക പിന്തുണ കിട്ടുകയാണ്. അത് ഉപയോഗിക്കണം. സുസ്ഥിര വികസനത്തിന്റെ പാതയിലേക്ക് കേരളത്തെ തിരിച്ചുവിടാന്‍ പറ്റിയ അവസരമാണിത്.


Related Articles

പ്രളയക്കെടുതിക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള സർക്കാർ ഉത്തരവിറങ്ങി

പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ- രണ്ടു ദിവസത്തിലധികം വെള്ളം കെട്ടിനിന്ന പുരയിടങ്ങളിലെ കുടുംബങ്ങൾക്ക് പതിനായിരം രൂപ നഷ്ടപരിഹാരം ലഭിക്കും. പൂർണമായും തകർന്ന പൂർണമായും വാസയോഗ്യമല്ലാത്ത വീടുകൾക്ക് നാലു ലക്ഷം രൂപ.

പുനലൂർ രൂപതയിൽ അജപാലന സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

🇻🇦 *2020 – 23 വർഷത്തിലേക്കുള്ള അജപാലന സമിതിയെ തിരഞ്ഞെടുത്തത്* 🇻🇦 പുനലൂർ : കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്ന് പുനലൂർ ബിഷപ്പ്സ്  ഹൗസിൽ ചേർന്ന രൂപത

മലയാളിയുടെ വികലമായ ഭക്ഷണച്ചിട്ടകള്‍

എഴുപതുകളുടെ ആദ്യം മംഗളം ദൈ്വവാരികയുടെ പത്രാധിപരായിരിക്കെയാണ് എനിക്ക് ജര്‍മ്മനിക്ക് ഉപരിപഠനത്തിനായി പോകുവാനുള്ള അവസരം ലഭിച്ചത്. അറുപതുകളുടെ അവസാനം ഞാന്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ബിരുദ വിദ്യാര്‍ഥിയാണ്. അക്ഷരങ്ങളെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*