Breaking News

മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും

മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും

റോമിന്റെ ചക്രവര്‍ത്തിയായിരുന്ന ഹഡ്രിയാന്റെ ഓര്‍മയ്ക്കായി നിര്‍മിക്കപ്പെട്ട Mausoleum of Hadrian (AD 129-139) ഇന്ന് അറിയപ്പെടുന്നത് കാസ്‌തെല്‍ സാന്താഞ്ചെലോ (Castel Sant’angelo)- എന്നാണ്. ഇന്നും നിലനില്ക്കുന്ന മനോഹരമായ ഈ കെട്ടിടത്തിന്റെ മുകളില്‍ കാണുന്ന മാലാഖയുടെ രൂപം റോമിനെ ബാധിച്ച ഒരു മഹാമാരിയുടെ പ്രതീകമായി നിലകൊള്ളുന്നു. ആറാം നൂറ്റാണ്ടിന്റെ അവസാനദശകത്തില്‍ റോമാനഗരത്തിലാകമാനം ഭയാനകമായ ഒരു മഹാമാരി പടര്‍ന്നുപിടിച്ചു. ആയിരക്കണക്കിനാളുകള്‍ക്ക് ഈ പകര്‍ച്ചവ്യാധിയേറ്റു. നിരവധി ആളുകള്‍ തെരുവുകളില്‍ മരിച്ചുവീണു.
അന്നത്തെ റോമിന്റെ മെത്രാനായിരുന്ന പുണ്യസ്മരണാഹര്‍നായ ഗ്രിഗറി ഒന്നാമന്‍ പാപ്പാ (Papacy 590-604) ഈ മഹാമാരിയില്‍ നിന്ന് തന്റെ ജനത്തെ കാത്തുകൊള്ളണമേ എന്ന് ദൈവത്തോട് പ്രാര്‍ഥിച്ചുകൊണ്ട് റോമിന്റെ തെരുവീഥികളിലൂടെ ഒരു പ്രദക്ഷിണം സംഘടിപ്പിച്ചു. അന്ന് വിശുദ്ധ ഗ്രിഗറി പാപ്പായ്ക്ക് ഒരു ദര്‍ശനമുണ്ടായി. പ്രകാശപൂരിതനായി വാളേന്തിയ ഒരു മാലാഖ തന്റെ നാശത്തിന്റെ വാള്‍ മെല്ലെ താഴ്ത്തി ഉറയിലിട്ടു. മാലാഖയുടെ സന്ദേശം വ്യക്തമായിരുന്നു. പകര്‍ച്ചവ്യാധി അവസാനിച്ചിരിക്കുന്നു. ദൈവകൃപ വ്യാപിക്കുന്നു. അന്നു മുതലാണത്രേ Mausoleum of Hadrian എന്നത് (Castel Sant’angelo) ആയി മാറിയത്.


ചരിത്രത്തിലുടനീളം മരണവും ദുരിതവും വിതച്ച പകര്‍ച്ചവ്യാധികളുടെ ഒരു പരമ്പരയിലൂടെ തന്നെ റോമ അടങ്ങുന്ന ഇറ്റലിയും യൂറോപ്പും കടന്നുപോയിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിലാകമാനം പടര്‍ന്നുപിടിച്ച ഒരു മഹാമാരിയായിരുന്നു ബുബോണിക് പ്ലേഗ് (Bubonic Plague). യൂറോപ്പിന്റെ മൊത്ത ജനസംഖ്യയുടെ പകുതിയോളം മനുഷ്യജീവനുകളെ ഈ മഹാമാരി അപഹരിച്ചു. ഏകദേശം 50 മില്യണ്‍ ജനങ്ങളാണ് ലോകത്താകമാനം ഈ പകര്‍ച്ചവ്യാധിയില്‍ കൊല്ലപ്പെട്ടത്. 30 ശതമാനം മുതല്‍ 90 ശതമാനം വരെയായിരുന്നു രോഗബാധയേറ്റവരുടെ മരണനിരക്ക്. അന്ത്യകര്‍മങ്ങള്‍ ചെയ്ത വൈദികരും രോഗബാധിതരായി മരിച്ചുവീണു.


മധ്യകാലഘട്ടത്തില്‍ പടര്‍ന്നുപിടിച്ച വസൂരി, സ്പാനിഷ് ഫഌ, അഞ്ചാംപനി എന്നു തുടങ്ങി ഇരുപതാംനൂറ്റാണ്ടില്‍ ലോകത്താകമാനം 500 മില്യണ്‍ ജനങ്ങളെ ബാധിച്ച സ്പാനിഷ് ഇന്‍ഫഌവെന്‍സയ്ക്ക് വരെ ഈ നഗരം സാക്ഷ്യംവഹിച്ചു. “All roads lead to Rome” എന്നാണല്ലോ ചൊല്ല്. ഇന്ന് മരണത്തിന്റെ ദൂതനായി ലോകത്തെ ആകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നു കോവിഡ്-19 എന്ന മഹാമാരിയും ഏതൊക്കെയോ വഴിയിലൂടെ റോമിലുമെത്തിയിരിക്കുന്നു, അതും റോമിലേയും ഇറ്റലിയിലേയും ജനങ്ങളെ ഒന്നടങ്കം Quarantine ല്‍ ആക്കിക്കൊണ്ട്.


രാജ്യം ഏറെ പ്രതിസന്ധിഘട്ടത്തിലാണിപ്പോള്‍. സമ്പര്‍ക്കനിരോധന നിയമം ഇപ്പോള്‍ എവിടെയും നിലനില്ക്കുന്നു. ദേവാലയങ്ങള്‍, വിദ്യാലയങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുന്നു. മെഡിക്കല്‍ ഷോപ്പുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും പലവ്യഞ്ജനക്കടകളും മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. അങ്ങനെ രാജ്യത്തിന്റെ പൊതു ആരോഗ്യം സംരക്ഷിക്കുന്നതിന് നിര്‍ബന്ധപൂര്‍വം ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനുള്ള അടിയന്തരമായ സാഹചര്യം ഇവിടെ നിലനില്ക്കുന്നു.


ദേവാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എന്തിന് തൊഴിലിടങ്ങള്‍പോലും അടച്ചിടുന്നതും പൊതുജീവിതത്തില്‍നിന്ന് പിന്മാറുന്നതും റോമന്‍ ജനതയ്ക്കും ഈ രാജ്യത്തെ ജനങ്ങള്‍ക്കും ഒരു പുതിയ കാര്യമല്ല. രണ്ടു ലോകമഹായുദ്ധങ്ങളിലൂടെ കടന്നുപോയ കാലഘട്ടങ്ങളില്‍ സമാനമായ അനുഭവം ഇവര്‍ നേരിട്ടിട്ടുണ്ട്. അവരില്‍ ചിലര്‍ ആ ദുരിതകാലഘട്ടത്തിന്റെ ഓര്‍മ പങ്കുവച്ച് ഇവിടെ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. പക്ഷേ, യുദ്ധഭീതിയില്‍ അന്ന് ജീവനുവേണ്ടി അവര്‍ ഗുഹകളിലും ഭൂമിക്കടിയിലെ തുരങ്കങ്ങളിലും ഒളിച്ചിരുന്നത് ഒരുമിച്ചായിരുന്നു. എന്നാല്‍ ഇന്ന് കൊറോണയുടെ യുദ്ധ കാഹളത്തില്‍ ഭയപ്പെട്ട് ഓരോ മനുഷ്യനും അവനവന്റെ വീടുകളില്‍ കതകടച്ച് തനിച്ചിരിക്കുന്നു എന്നു മാത്രം! യാദൃഛികമായി ഒരുവനെ പുറത്തുവച്ച് കാണാന്‍ ഇടയായാല്‍ ഒരു നിശ്ചിത ദൂരം പാലിക്കുന്നു. ഹസ്തദാനമില്ല, സ്‌നേഹചുംബനമില്ല. എന്തിന് ഒരുവന്‍ സ്പര്‍ശിച്ച വസ്തുവില്‍ സ്പര്‍ശിക്കുവാന്‍ പോലും ഭയം! Homo homini lupus- എന്റെ ജീവന്‍ ഹനിക്കുന്ന മാരക വൈറസ് അപരനില്‍ ഉണ്ടോ എന്ന ഒരു മരണഭീതി!

അങ്ങനെ വിധിക്കാന്‍ വരട്ടെ. മരണഭയമില്ലാതെ രോഗബാധിതരെ ശുശ്രൂഷിക്കാന്‍ നിരന്തരം പ്രയത്‌നിക്കുന്ന ആതുരപ്രവര്‍ത്തകര്‍, വോളന്റിയര്‍മാര്‍ വീടുകളില്‍ കുടുങ്ങിപ്പോയ നിര്‍ധനരായ വയോധികര്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന സന്നദ്ധ സംഘടനകള്‍… അങ്ങനെ അപരന്‍ എന്റെ സഹോദരനാണ്, സഹോദരിയാണ് എന്ന് പ്രവൃത്തികൊണ്ട് ക്രിസ്തുവിന്റെ സുവിശേഷം രചിക്കുന്നവരും ഈ ലോകത്തെ മൊത്തം ദേവാലയമാക്കുന്നു. ആര്‍ക്കും അടയ്ക്കാന്‍ പറ്റാത്ത ദേവാലയം.
ദൈവത്തെക്കാള്‍ ഉയരാന്‍, ദൈവത്തിനു പകരം വയ്ക്കാന്‍ മനുഷ്യന്‍ കെട്ടുന്ന നവബാബേല്‍ ഗോപുരം, സമ്പത്ത് എന്ന വിഗ്രഹം (ലോകസമ്പദ് വ്യവസ്ഥ) തകര്‍ന്നു വീഴുന്നു. അങ്ങനെ നമ്മുടെ കണ്‍മുന്‍പിലും ബാബേല്‍ ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു.


ഞങ്ങള്‍ ഇവിടെ വീട്ടുതടങ്കലിലല്ല. ഉത്തരവാദിത്വത്തോടുകൂടി ഒരു നല്ല നാളേയ്ക്കായി, എന്റെ സുരക്ഷയ്ക്കും എന്റെ സഹോദരന്റെ സുരക്ഷയ്ക്കുമായി ദുഃഖമനുഭവിക്കുന്ന ഈ രാജ്യത്തെ എന്റെ സഹോദരരോടൊപ്പം ഞാനും പറയുന്നു: Io Resto a Casa (I Will Remain in my home). കാരണം കര്‍ത്താവിലാണ് ഒരു വിശ്വാസിയുടെ പ്രത്യാശ. മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെ നടന്നാലും അവന്‍ ഭയപ്പെടേണ്ടതില്ല, കര്‍ത്താവ് അവനോട് കൂടെയുണ്ട്. അവിടുന്ന് അരുള്‍ ചെയ്യുന്നു: നിമിഷനേരത്തേക്ക് ഞാന്‍ നിന്നെ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കാം. ക്ഷണനേരത്തേയ്ക്ക് ഞാന്‍ എന്റെ മുഖം നിന്നില്‍നിന്നു മറച്ചു. അനന്തമായ സ്‌നേഹത്തോടെ നിന്നോട് ഞാന്‍ കരുണ കാണിക്കും. (സങ്കീ. 23).


Tags assigned to this article:
david nanatjeevanaadamJeevanadamrome covid

Related Articles

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍-കോടിയേരി

തിരുവനന്തപുരം: വിവരശേഖരണ വിഷയത്തില്‍ വലിയ പ്രചാരവേലയാണ് പ്രതിപക്ഷം നടത്തുന്നതെന്നും ഇതില്‍ ഒരടിസ്ഥാനവുമില്ലെന്നാണ് പാര്‍ട്ടിവിലയിരുത്തുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതിലുപരിയായി സര്‍ക്കാരിനേയും

ഇന്ധനനികുതിക്കൊള്ളയിലെ നൂറു കോടി വാക്‌സിന്‍ നന്മ

  നരേന്ദ്ര മോദി 2014-ല്‍ പ്രധാനമന്ത്രിയാകുമ്പോള്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71 രൂപയായിരുന്നു വില; ഇപ്പോള്‍ 107.94 രൂപ. മന്‍മോഹന്‍ സിങ്ങിന്റെ രണ്ടാം യുപിഎ ഗവണ്‍മെന്റിനെതിരെ

തീക്കനല്‍ നെഞ്ചിലേറ്റിയ മാതാവിന്റെ പ്രേഷിതമൊഴിയിലൂടെ

ഫാ. ആന്റണി വിബിന്‍ സേവ്യര്‍ വേലിക്കകത്ത് മാനേജിംഗ് എഡിറ്റര്‍, ‘ജീവനാദം’ ഇതാ നിന്റെ അമ്മ എന്നു പറഞ്ഞ് അമ്മയുടെ മാതൃത്തണല്‍ ഒരുക്കിയ ദൈവത്തിന് നന്ദി പറയുന്ന ഒരു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*