മഹാപ്രളയത്തില്‍ നിന്ന് നവോത്ഥാനത്തിലേക്ക്

മഹാപ്രളയത്തില്‍ നിന്ന് നവോത്ഥാനത്തിലേക്ക്

 

പ്രളയത്തിന്റെ മഹാദുരന്തത്തില്‍ നിന്ന് കരേറുന്ന കേരളത്തിന്റെ രൂപവും ഭാവവും മാറുമെന്ന് നാമെല്ലാം പ്രതീക്ഷിച്ചതാണ്. എന്നാല്‍ അത് ഇത്രകണ്ട് കലുഷിതവും ഛിദ്രിതവും ഘോരവുമാകുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. നവകേരളം, നവോത്ഥാനം, കോടതിവിധിയുടെ അലംഘനീയ പവിത്രത, നിയമവാഴ്ച, ആരാധനാസ്വാതന്ത്ര്യം, ലിംഗസമത്വം തുടങ്ങിയ ഹൃദ്യവും മധുരമനോജ്ഞവുമായ നിമന്ത്രണങ്ങളും ശബരിമല ആചാരസംരക്ഷണത്തിനായി തെരുവിലിറങ്ങി നാമജപഘോഷയാത്ര നടത്തിയ അയ്യപ്പഭക്തരുടെ വിശ്വാസതീക്ഷ്ണതയുടെ വൈകാരിക വിക്ഷോഭവും മലയാളിയുടെ പ്രളയാനന്തര മനസിന്റെ ഭാവപ്പകര്‍ച്ചയുടെയും വിഹ്വലതകളുടെയും തലങ്ങളില്‍ നിന്ന് നമ്മെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെയും സാമുദായിക ധ്രൂവീകരണത്തിന്റെയും അപായമുനമ്പിലെത്തിച്ചിരിക്കുന്നു.
ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വിനാശകാരിയായ പ്രകൃതിക്ഷോഭത്തിലെ കൊടിയ നാശനഷ്ടങ്ങളുടെ കണക്കെടുപ്പോ, അടിയന്തര ദുരിതാശ്വാസ നഷ്ടപരിഹാര വിതരണത്തിന്റെ പ്രാഥമിക നടപടിക്രമങ്ങളോ, പുനരധിവാസ പദ്ധതികളുടെ രൂപരേഖ പ്രഖ്യാപനമോ ഒന്നും ഒരിടത്തുമെത്തിയിട്ടില്ല. പ്രളയജലം ഇറങ്ങും മുന്‍പേ നവകേരള സൃഷ്ടിക്കുള്ള ഉപായചിന്തനവും സങ്കല്പവും വെളിപ്പെടുത്താന്‍ ധൈര്യം കാണിച്ച സംസ്ഥാന ഗവണ്‍മെന്റിന്റെ ഇഛാശക്തിയും ആവേശവും കേന്ദ്രം ഭരിക്കുന്നവര്‍ പങ്കുവയ്ക്കുന്നില്ല എന്ന് നാം നേരത്തേ തിരിച്ചറിഞ്ഞതാണ്. ദുരന്തത്തിന്റെ നാളുകളിലും കേരള ജനതയോടു ചിറ്റമ്മ നയം കാണിച്ച കേന്ദ്ര ഗവണ്‍മെന്റ് ദുരിതാശ്വാസ പാക്കേജ് അനുവദിക്കുന്നതില്‍ തിടുക്കമൊന്നും കാണിച്ചില്ല. കേന്ദ്രത്തോട് കേരളം 4,700 കോടി രൂപ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ടു; കേന്ദ്രം 600 കോടിയാണ് അനുവദിച്ചത്. വിദേശരാജ്യങ്ങള്‍ ഔദാര്യപൂര്‍വം കേരളത്തിന് വാഗ്ദാനം ചെയ്ത ധനസഹായം ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കേന്ദ്രം തിരസ്‌കരിക്കുകയാണു ചെയ്തത്. പ്രവാസി മലയാളികളെ നേരിട്ടുകണ്ട് സഹായം അഭ്യര്‍ഥിക്കാനായി സംസ്ഥാനത്തെ മന്ത്രിമാര്‍ അമേരിക്കയ്ക്കു പുറമെ ഗള്‍ഫിലും പശ്ചിമേഷ്യയിലും യൂറോപ്പിലും മറ്റുമായി 17 രാജ്യങ്ങള്‍ ഒക്ടോബര്‍ മൂന്നാം വാരത്തില്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നതിലും കേന്ദ്രം ഇടങ്കോലിട്ടു.ഇത്രയുംനാള്‍ നിഷേധാത്മക നിലപാടു സ്വീകരിക്കാതെ സംയമനം പാലിച്ചുവന്ന കേരള മുഖ്യമന്ത്രി യുഎസിലും യുണൈറ്റഡ് അറബ് എമിരേറ്റ്‌സിലും പ്രവാസി മലയാളി സമൂഹവും ഭരണകര്‍ത്താക്കളും കാണിച്ച സ്‌നേഹാതിരേകവും കാരുണ്യവും കണ്ടിട്ടാവണം കേന്ദ്രഗവണ്‍മെന്റ് കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് കേന്ദ്രത്തിന്റെ വിവേചന നയത്തിനെതിരെ ജനരോഷം ഉയരണം എന്ന് പത്രസമ്മേളനം വിളിച്ചുകൂട്ടി ആഹ്വാനം ചെയ്തത്. മുന്‍പുണ്ടായ ധാരണയ്ക്കു വിരുദ്ധമായി കേന്ദ്രം സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ചതായിരുന്നു ഒടുവിലത്തെ പ്രകോപനം. പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് 31,000 കോടി രൂപ വേണ്ടിവരുമെന്നാണ് 13 മേഖലകളുമായി ബന്ധപ്പെട്ട 10 യുഎന്‍ ഏജന്‍സികളുടെയും യൂറോപ്യന്‍ യൂണിയന്റെയും 76 അംഗ വിദഗ്ധ സംഘം കേരളത്തിലെ 10 ജില്ലകളിലായി 120 ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് തയാറാക്കിയ ദുരന്താനന്തര ആവശ്യങ്ങളുടെ വിലയിരുത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐക്യരാഷ്ട്ര (യുഎന്‍) റസിഡന്റ് കോ-ഓര്‍ഡിനേറ്റര്‍ യൂറി അഫന്‍സിയേവ് സംസ്ഥാന മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഭവനനിര്‍മാണത്തിന് 5,443 കോടിയും, റോഡു നിര്‍മാണത്തിനും ഗതാഗത മേഖലയ്ക്കുമായി 10,046 കോടിയും, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നിവയ്ക്ക് 4,498 കോടിയും, തൊഴിലിനും ഉപജീവനത്തിനുമായി 3,896 കോടിയും, ജലസേചനത്തിന് 1,483 കോടിയും, ശുദ്ധജലത്തിനും ശുചിത്വസംവിധാനത്തിനുമായി 1,331 കോടിയുമാണ് ചെലവു കണക്കാക്കുന്നത്. പുനരധിവാസം, പുനര്‍നിര്‍മാണം എന്നിവയുടെ കാര്യത്തില്‍ സാങ്കേതികവൈദഗ്ധ്യ ഉപദേശവും വിവിധ മേഖലകളുമായി ബന്ധപ്പെട്ട രാജ്യാന്തര ശൃംഖകളുമായുള്ള സമ്പര്‍ക്കവും യുഎന്‍ സംഘം ഉറപ്പുനല്‍കിയിട്ടുണ്ട്.കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതിയില്ലാതെതന്നെ യുഎന്‍ ഏജന്‍സികളിലൂടെ ഗ്രാന്റുകള്‍ മുഖേന വിദേശ ഫണ്ട് ലഭ്യമാക്കാന്‍ അവര്‍ സഹായിക്കും. വേള്‍ഡ് ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവ തയാറാക്കിയ റാപിഡ് ഡിസാസ്റ്റര്‍ നീഡ് അസെസ്‌മെന്റില്‍ കേരളത്തിന്റെ പ്രളയക്കെടുതി നഷ്ടം 25,050 കോടിയായി കണക്കാക്കിയിരുന്നു. രാജ്യാന്തര കണ്‍സള്‍ട്ടന്‍സിയായ കെപിഎംജി നിര്‍ദേശിച്ച ക്രൗഡ് ഫണ്ടിംഗ് സംരംഭത്തിലൂടെ പുനര്‍നിര്‍മാണ പദ്ധതികള്‍ക്കായി ധനസമാഹരണ യജ്ഞം നടത്തിയെങ്കിലും അത് കാര്യമായ പ്രതികരണം സൃഷ്ടിച്ചില്ല.ദുരിതാശ്വാസ നിധിയിലേക്ക് നാട്ടുകാരില്‍ നിന്ന് പരമാവധി വിഭവസമാഹരണം നടത്താനുള്ള ബൃഹദ്പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കണമെന്ന് സംസ്ഥാന ഗവണ്‍മെന്റ് ആഹ്വാനം നല്‍കിയിരുന്നു. സന്മനസോടെ നല്‍കേണ്ട ഈ വിഹിതം പിടിച്ചുവാങ്ങാന്‍തന്നെ ഉറച്ചമട്ടിലാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ കഴിയാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന വ്യവസ്ഥ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയപ്പോള്‍ അതിനെതിരെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അപ്പീലിനു പോയി. സുപ്രീം കോടതി ബെഞ്ചും ആ വിസമ്മതപത്രം അപമാനകരമാണെന്നു വിധിച്ചു. സമാഹരിക്കുന്ന പണം പ്രളയദുരിതാശ്വാസത്തിനുതന്നെയാണ് ചിലവഴിക്കുന്നതെന്നതിന് എന്താണ് ഉറപ്പ് എന്നും സുപ്രീം കോടതി ജഡ്ജി ചോദിച്ചു.
നവകേരള സൃഷ്ടിക്കും ഉത്തരാധുനിക നവോത്ഥാനത്തിനും പ്രതിജ്ഞാബദ്ധരായ കേരള മുഖ്യമന്ത്രിയും കൂട്ടാളികളും ചില കാര്യങ്ങളില്‍ കാണിക്കുന്ന പിടിവാശിയും കടുംപിടുത്തവും അസഹിഷ്ണുതയും ഇത്തരം തിരിച്ചടികള്‍ക്ക് ഇടയാക്കുന്നുവെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ശബരിമല ക്ഷേത്രത്തില്‍ 10-50 പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്ക് ദര്‍ശനത്തിനും പ്രാര്‍ഥനയ്ക്കും അനുമതി നല്‍കാത്തത് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി കേട്ടമാത്രയില്‍ സാമൂഹിക പരിഷ്‌കാരത്തിന്റെയും നവോത്ഥാനത്തിന്റെയും പടപ്പുറപ്പാടായി എന്തുവിലകൊടുത്തും സ്ത്രീകളെ സന്നിധാനത്ത് എത്തിക്കും എന്നു വാശിപിടിച്ചതല്ലേ തുലാമാസത്തില്‍ നട തുറന്നപ്പോള്‍ ശബരിമലയില്‍ ഉണ്ടായ അതീവ ദുഃഖകരമായ സംഘര്‍ഷങ്ങളിലേക്കു നയിച്ചത്?
മണ്ഡല-മകരവിളക്കു സീസണില്‍ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത ഉയര്‍ത്തിക്കാട്ടി അമര്‍നാഥ് യാത്രയെ അനുസ്മരിപ്പിക്കുന്ന സുരക്ഷാസന്നാഹങ്ങളാണ് ശബരിമലയില്‍ സംസ്ഥാന ഭരണകൂടം ഒരുക്കുന്നത്. ശബരിമലയിലുണ്ടായ അക്രമസംഭവങ്ങളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പു ചുമത്തി പൊലീസ് ഏതാണ്ട് 4,000 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വിശ്വാസത്തിന്റെ പേരില്‍ വലിയൊരു ജനസമൂഹത്തിന്റെ ആശങ്കകളെയും ആകുലതകളെയും മുതലെടുത്ത് സംസ്ഥാനത്ത് സാമുദായി ധ്രുവീകരണത്തിനു രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമാകുന്നതിനിടെ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ കേരളത്തിലെത്തി നടത്തിയ രാഷ്ട്രീയ വെല്ലുവിളി-അതിന്റെ മൊഴിമാറ്റത്തിലെ ആശയക്കുഴപ്പം അവഗണിച്ചാലും-ജനാധിപത്യമൂല്യങ്ങള്‍ക്കും ഫെഡറലിസത്തിനും ഭരണഘടനാധിഷ്ഠിത സംവിധാനങ്ങള്‍ക്കും വിരുദ്ധമാണെന്നതിന് സംശയമില്ല. എന്നാല്‍ ഗുരുതരമായ ഈ പ്രതിസന്ധിഘട്ടത്തിലും രാഷ്ട്രീയ സംവാദത്തെ ഏറ്റവും തരംതാണ നിലവാരത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് നമ്മുടെ പുതിയ നവോത്ഥാന നായകര്‍ ശ്രമിക്കുന്നത്. മൂന്നു ബ്രൂവറികള്‍ക്കും ഒരു ഡിസ്റ്റിലറിക്കും ലൈസന്‍സ് നല്‍കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ കോലാഹലം ഒഴിവാക്കി പ്രളയാനന്തര കേരളത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കാനുള്ള വിശാലമനസ്‌കത കാണിച്ചവര്‍ അതിന്റെ കഴഞ്ചെങ്കിലും ജാഗ്രത ശബരിമല പ്രശ്‌നത്തില്‍ കാണിക്കാത്തത് നവോത്ഥാന വിപ്ലവത്തിന്റെ വീര്യം കുറയുമെന്ന ഭയപ്പാടിലാകുമോ?


Tags assigned to this article:
editorialfloodjacobyreformation

Related Articles

മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ തീരപരിസ്ഥിതിയെ തകിടം മറിച്ചു: തീരശോഷണത്തെക്കുറിച്ച് ശില്പശാല

എറണാകുളം: ദയാരഹിതമായി മനുഷ്യന്‍ പ്രകൃതിക്കുമേല്‍ നടത്തിയ കടന്നുകയറ്റത്തിന്റെ പ്രതിഫലനങ്ങള്‍ കേരളത്തിന്റെ തീരപരിസ്ഥിതിയെ തകിടംമറിച്ചതായി തീരശോഷണം: പ്രതിരോധവും ബദല്‍ സാധ്യതകളും എന്ന വിഷയത്തില്‍ കുസാറ്റ് മറൈന്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍

സെപ്റ്റംബര്‍ 22ന് പ്രവാസികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമായുള്ള സാര്‍വ്വദേശീയ ദിനം

സ്വന്തം ദേശത്ത് കുടിയൊഴിപ്പിക്കപ്പെട്ട്- യേശുക്രിസ്തുവിനെപ്പോലെ പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട മനുഷ്യരെ സ്വീകരിക്കുക, പരിരക്ഷിക്കുക, വളര്‍ത്തുക, അനുരൂപണം ചെയ്യുക എന്ന സഭയുടെ ദൗത്യമാണ് പ്രവാസികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കുമായുള്ള 106-ാമത് സാര്‍വദേശീയ

ഇല്ലാപൂണൂലുകളും ഇല്ലാനൂറുകളും!

െ്രെകസ്തവസമുദായത്തില്‍ തങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് ഇക്കഴിഞ്ഞ മാസം കോട്ടയത്തുവച്ചു നടന്ന ന്യൂനപക്ഷകമ്മീഷന്റെ സിറ്റിങ്ങില്‍ ദലിത്‌െ്രെകസ്തവര്‍ പരാതി ഉന്നയിച്ചു. വ്യത്യസ്തങ്ങളായ ഏറെ വിഷയങ്ങള്‍ അവിടെ ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും പിറ്റേദിവസത്തെ പത്രത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*