Breaking News

മഹാമാരിക്കാലത്തെ തുഗ്ലക് ചരിത്രപഥം

മഹാമാരിക്കാലത്തെ തുഗ്ലക് ചരിത്രപഥം

 

വിശാലമായ ഇന്ത്യ മഹാരാജ്യത്ത് മുഴുവനായി ഒരേയളവില്‍ 40 ദിവസം അടച്ചുപൂട്ടല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുകൊണ്ടാണ് കൊവിഡ്‌വ്യാപനം ഇത്രയൊക്കെ പിടിച്ചുനിര്‍ത്താനായതെന്ന് പ്രധാനമന്ത്രി സ്വയം ന്യായീകരിച്ചുകൊള്ളട്ടെ. പക്ഷേ രാജ്യത്തെ 134 കോടി ജനങ്ങളില്‍ മൂന്നില്‍ രണ്ടുഭാഗം പണിയില്ലെങ്കില്‍ അന്നന്നത്തെ അന്നംമുട്ടുന്ന അവസ്ഥയില്‍ രോഗഭീതിയെക്കാള്‍ ഭീഷണമായ കൊടുംപട്ടിണിയുടെ അഴല്പാടിലമര്‍ന്നിരിക്കയാണെന്ന് ഓര്‍ക്കണം. രാജ്യത്തെ തൊഴിലാളികളില്‍ 90 ശതമാനവും തൊഴിലുറപ്പോ സാമൂഹിക സുരക്ഷയോ ഇല്ലാത്ത അംഘടിത മേഖലയിലാകയാല്‍ ജോലിയില്ലെങ്കില്‍ അവര്‍ക്കു കൂലിയൊന്നുമില്ല. ലോക്ഡൗണ്‍മൂലം ഇവര്‍ക്ക് 3.5 ലക്ഷം കോടി രൂപയുടെ വേതനനഷ്ടമാണ് കണക്കാക്കുന്നത്. ഇന്ത്യക്കാരില്‍ 30 ശതമാനം പേര്‍, ഏതാണ്ട് 40 കോടി ആളുകള്‍, ആഭ്യന്തര കുടിയേറ്റക്കാരായി പരദേശത്ത് കഴിയുന്നവരാണ്. രാജ്യത്തെ ചേരിനിവാസികള്‍ ഔദ്യോഗിക കണക്കില്‍തന്നെ 640 ലക്ഷമാണ്. പത്തു ചതുരശ്ര അടി സ്ഥലത്ത് നാലാള്‍ വീതം തിങ്ങിഞെരുങ്ങിക്കഴിയുന്നിടത്ത് പ്രധാനമന്ത്രി കല്പിക്കുന്ന ‘ദോ ഗജ് ദൂരി’ (ആറടി അകലം) പാലിക്കുക അസാധ്യമാണ്. മാസ്‌ക് ധരിക്കല്‍ ഇനിയങ്ങോട്ട് എല്ലാവരും ശീലമാക്കണമെന്ന് ഉപദേശിക്കാനും എളുപ്പമാണ്, ഉടല്‍ മറയ്ക്കാന്‍ പീറത്തുണിപോലുമില്ലാത്തവര്‍ മാസ്‌ക് ആരോട് ഇരന്നുവാങ്ങും!
രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തികച്ചും ഭദ്രമാണെന്ന് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിംഗില്‍ ഉറപ്പുനല്‍കിയത്രെ. ഇന്ത്യയിലാദ്യമായി കേരളത്തില്‍ കൊവിഡ് പ്രത്യക്ഷപ്പെട്ടിട്ട് 54 ദിവസം കഴിഞ്ഞ് ദേശീയ കര്‍ഫ്യൂ പ്രഖ്യാപിക്കുമ്പോഴും മഹാമാരിയെ നേരിടുന്നതിന് കേന്ദ്ര ഗവണ്‍മെന്റിന് പ്രത്യേകിച്ച് ഒരു പ്ലാനോ രൂപരേഖയോ ഇല്ലായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. കോടികള്‍ മുടക്കി യുഎസ് പ്രസിഡന്റ് ട്രംപിനും പ്രഥമ വനിതയ്ക്കും ലോകരാഷ്ട്രങ്ങളിലൊരിടത്തും നയതന്ത്ര പ്രോട്ടോകോളില്‍ കേട്ടുകേള്‍വിയില്ലാത്ത കെങ്കേമമായ ഇവന്റ് മാനേജ്‌മെന്റ് കെട്ടുകാഴ്ചകളോടെ വരവേല്‍പ്പ് നല്‍കാനും മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഭരണം അട്ടിമറിക്കാനായി ഒരുപറ്റം എംഎല്‍എമാരെ ഊഹിക്കാവുന്നതിലുമപ്പുറത്തെ പ്രലോഭനങ്ങളിലൂടെ മറുകണ്ടം ചാടിക്കാനും ഡല്‍ഹിയില്‍ വംശീയകലാപത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ സംരക്ഷിക്കാനുമൊക്കെ കാണിച്ച ശുഷ്‌കാന്തി പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കെ അംഗങ്ങള്‍പോലും കൊറോണഭീതിയിലായിട്ടും ഒരു അവലോകനയോഗം വിളിച്ചുകൂട്ടുന്നതില്‍പോലും കേന്ദ്ര ഭരണനേതൃത്വം കാണിച്ചില്ല. മാസ്‌കുകളും ആശുപത്രി സ്റ്റാഫിന് ഒഴിച്ചുകൂടാനാവാത്ത സുരക്ഷാസാമഗ്രികളും (പിപിഇ) ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സപ്ലൈസിന്റെയും അസംസ്‌കൃതവസ്തുക്കളുടെയും കയറ്റുമതി നിയന്ത്രിക്കാന്‍ മാര്‍ച്ച് 19 വരെ നടപടിയുണ്ടായില്ല.
രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന കറന്‍സി നോട്ടുകളില്‍ 86 ശതമാനം ഒറ്റയടിക്ക് പിന്‍വലിച്ചുകൊണ്ട് 2016ലെ ഒരു രാത്രിയില്‍ എട്ടുമണിക്ക് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതദുരന്തം അനുഭവിച്ചുതീരാത്ത ഭാരതദേശവാസികള്‍ മാര്‍ച്ച് 24ന് രാത്രി എട്ടുമണിക്ക് മോദിയുടെ കൊവിഡ് പ്രതിരോധതന്ത്ര വിളംബരത്തില്‍ കേട്ടത് നാലു മണിക്കൂറിനകം രാജ്യവ്യാപക ലോക്ഡൗണിനുള്ള കല്പനയാണ്. ധനമന്ത്രിയുടെ അധ്യക്ഷതയില്‍ ടാസ്‌ക്‌ഫോഴ്‌സുണ്ടാക്കിയതായി പ്രധാനമന്ത്രി വെളിപ്പെടുത്തി രണ്ടുദിവസം കഴിഞ്ഞ് നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച കൊവിഡ് സാമ്പത്തിക ഉത്തേജക പാക്കേജില്‍ ഓരോ ഇന്ത്യക്കാരനുമായി നീക്കിവച്ചത് 115 രൂപ വീതം! കേന്ദ്ര ബജറ്റില്‍ വിവിധ ഇനങ്ങളില്‍ നേരത്തെ വകകൊള്ളിച്ചതുകൂടി ചേര്‍ത്താലും ദേശീയ മൊത്ത ഉത്പാദനത്തിന്റെ (ജിഡിപി) 0.5 ശതമാനം മാത്രം (1.7 ലക്ഷം കോടി) വരുന്ന ദുരിതാശ്വാസം ഈ പ്രതിസന്ധിഘട്ടത്തില്‍ രാജ്യാന്തര തലത്തില്‍ നോക്കിയാല്‍ ഏറ്റവും ശോഷിച്ച പാക്കേജാണ്. യുകെ ദേശീയ വരുമാനത്തിന്റെ 17 ശതമാനവും യുഎസ് 10 ശതമാനവും കൊവിഡ് ദുരന്ത നിവാരണത്തിനായി നീക്കിവച്ചു.
കൊവിഡ് രോഗത്തെയും ജീവനോപാധി നഷ്ടത്തെയും നേരിടുന്നതിന് ജിഡിപിയുടെ 10 ശതമാനം- 0.1 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണ്ടിവരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡിനായി പുതിയ ധനസ്രോതസുകള്‍ കണ്ടെത്തേണ്ടതുണ്ട്. സാമ്പത്തിക കമ്മി ഇരട്ടിയായാല്‍ 10.9 ലക്ഷം കോടി അധികം ലഭിക്കും. സ്വകാര്യ കോര്‍പറേറ്റുകള്‍ക്ക് സമ്മാനിച്ച 1.44 ലക്ഷം കോടി പാവപ്പെട്ടവരുടെ ദുരിതാശ്വാസത്തിനായി തിരിച്ചെടുക്കണം. രാജ്യാന്തര എണ്ണവിലയില്‍ 2014 മുതലുണ്ടായ ഇടിവില്‍നിന്നു കിട്ടിയ 20 ലക്ഷം കോടിയുടെ ലാഭം-ഇക്കൊല്ലം മാത്രം 3.5 ലക്ഷം കോടി വരും-കൊവിഡ് പാക്കേജിലേക്ക് മാറ്റണം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് 2020-21ലെ ബജറ്റ് വിഹിതത്തില്‍ 41 ശതമാനം വര്‍ധന-1.67 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്. ഇത് ആരോഗ്യമന്ത്രാലയത്തിനു കൈമാറണം.
ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ ജാമ്യമില്ലാത്ത വകുപ്പില്‍ അറസ്റ്റുചെയ്യാനും ഏഴുവര്‍ഷം വരെ തടവിലിടാനും അഞ്ചു ലക്ഷം രൂപ വരെ പിഴചുമത്താനും ഓര്‍ഡിനന്‍സ് ഇറക്കിയത് എന്തുകൊണ്ടും നന്നായി. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ലാബ് ടെക്‌നീഷ്യന്‍സിനും വേണ്ട സുരക്ഷാസാമഗ്രികള്‍, പകര്‍ച്ചവ്യാധിയുടെ സമൂഹവ്യാപനം തടയുന്നതിനു സഹായകമായ അതിദ്രുത പരിശോധനയ്ക്ക് ഗുണനിലവാരമുള്ള ടെസ്റ്റ് കിറ്റുകള്‍, ഐസൊലേഷന്‍ സൗകര്യങ്ങള്‍, കൊവിഡ് ന്യൂമോണിയയുടെ മാരകാക്രമണത്തിന് ഇരയായവരുടെ ജീവരക്ഷയ്ക്കായുള്ള വെന്റിലേറ്ററുകള്‍, കൊവിഡിനായി പ്രത്യേക ഫീല്‍ഡ് ആശുപത്രികള്‍ എന്നിവയ്ക്ക് സംസ്ഥാനങ്ങളെ വെറുതെ ചുമതലപ്പെടുത്തയിട്ടു കാര്യമില്ല. കേന്ദ്രം ഇതിനുള്ള അധിക ഫണ്ട് അനുവദിക്കണം. വിദേശത്തുനിന്ന് ഗുണനിലവാരം കുറഞ്ഞ മെഡിക്കല്‍ സപ്ലൈസ് കൊള്ളവിലയ്ക്കു വാങ്ങുന്നതിനുപകരം ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം.
രാജ്യത്ത് കൊറോണവൈറസ് വ്യാപനത്തിന്റെയും കൊടിയ ക്ഷാമത്തിന്റെയും പട്ടിണിമരണത്തിന്റെയും ഭീഷണി നിലനില്‍ക്കുമ്പോള്‍, ഡല്‍ഹിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരവും പ്രധാനമന്ത്രിക്കും ഉപരാഷ്ട്രപതിക്കും പുതിയ വസതികളും കേന്ദ്ര സെക്രട്ടേറിയറ്റിന്റെ ഭാഗമായി 10 മന്ത്രാലയ സമുച്ചയങ്ങളും ഉള്‍പ്പെടുന്ന 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതി ഫാസ്റ്റ്ട്രാക്കിലാക്കാനാണ് കേന്ദ്ര ഗവണ്‍മെന്റിന് തിടുക്കം. ഇന്ത്യയുടെ ചരിത്രപൈതൃകത്തിന്റെ ഭാഗമായ രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള നാലു ചതുരശ്ര കിലോമീറ്റര്‍ വരുന്ന സെന്‍ട്രല്‍ വിസ്തയും മൂന്നു കിലോമീറ്റര്‍ വരുന്ന രാജ്പഥിന്റെ ഇരുഭാഗവും അഭിനവ ചരിത്രപുനര്‍നിര്‍മിതിയുടെ ഭാഗമായി പരിഷ്‌കരിക്കുകയാണ്. കല്‍ക്കട്ടയില്‍നിന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റിയപ്പോള്‍, ഇംപീരിയല്‍ ലജിസ്ലേറ്റീവ് കൗണ്‍സിലിനുവേണ്ടി എഡ്വിന്‍ ലട്യന്‍സും ഹെര്‍ബര്‍ട് ബേക്കറും ചേര്‍ന്ന് രൂപകല്പന ചെയ്ത് 1927ല്‍ പണിപൂര്‍ത്തിയാക്കിയ പാര്‍ലമെന്റ് ഹൗസിന് എതിര്‍വശത്തായി 9.5 ഏക്കറില്‍ ത്രികോണാകൃതിയില്‍ പുതിയ സന്‍സദ് ഭവന്‍ രൂപകല്പന ചെയ്യുന്നത് ഗുജറാത്തിലെ എച്ച്‌സിപി ഡിസൈന്‍സിലെ ബിമല്‍ പട്ടേലാണ്. പ്രധാനമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ കാശി വിശ്വനാഥക്ഷേത്രസമുച്ചയത്തിന്റെ പുനരുദ്ധാരണം, ഗുജറാത്തിലെ സാബര്‍മതി നദിക്കര നവീകരണ പദ്ധതി, ബിജെപി കേന്ദ്രകാര്യാലയം എന്നിവ ഡിസൈന്‍ ചെയ്ത ആര്‍ക്കിടെക്റ്റാണ് ലട്യന്‍സ് ഡല്‍ഹിയെ നരേന്ദ്ര മോദിയുടെ ഉത്തരാധുനിക ഇതിഹാസ സൃഷ്ടിയാക്കി രൂപാന്തരപ്പെടുത്തുന്നത്.
ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ്, നാഷണല്‍ മ്യൂസിയം, നാഷണല്‍ ആര്‍ക്കൈവ്‌സ്, ജയ്പൂര്‍ ഹൗസ്, ഹൈദരാബാദ് ഹൗസ് എന്നിവ തലസ്ഥാന നവീകരണത്തില്‍ തല്‍സ്ഥാനത്തുനിന്ന് തുടച്ചുമാറ്റപ്പെടുമത്രെ. സെന്‍ട്രല്‍ വിസ്തയ്ക്കുവേണ്ടി ചെലവാക്കുന്ന 20,000 കോടി രൂപയുണ്ടെങ്കില്‍ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ 15 പുതിയ ആശുപത്രികള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അടിയന്തരമായി നിര്‍മിക്കാമെന്ന് സാമൂഹികനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊവിഡ് ദുരന്തത്തിനു മുന്‍പില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ജനതയെ മോദിജിയുടെ മുഖം കാണിച്ച് ആശ്വസിപ്പിക്കുന്ന ‘പിഎം കെയേഴ്‌സ്’ (ഈ ചുരുക്കപ്പേരിനായി പ്രൈം മിനിസ്റ്റേഴ്‌സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍ എന്ന് ദേശീയ ദുരിതാശ്വാസനിധിയെ പുനര്‍നാമകരണം ചെയ്തവരെ സ്തുതിക്കണം!) എമര്‍ജന്‍സി സപ്ലൈസ് പോലെ പട്ടിണിപ്പാവങ്ങളെ കോരിത്തരിപ്പിക്കാന്‍ പ്രധാന്‍മന്ത്രി സെന്‍ട്രല്‍ വിസ്ത അപനിര്‍മിതി വിസ്മയമൊന്നും പോരാ, തുഗ്ലക് എന്ന പഴയ സുല്‍ത്താന്റെ പരിഷ്‌കാരങ്ങളെ അതിശയിക്കുന്നതാവും അതെങ്കിലും!Related Articles

തീക്കനല്‍ നെഞ്ചിലേറ്റിയ മാതാവിന്റെ പ്രേഷിതമൊഴിയിലൂടെ

ഫാ. ആന്റണി വിബിന്‍ സേവ്യര്‍ വേലിക്കകത്ത് മാനേജിംഗ് എഡിറ്റര്‍, ‘ജീവനാദം’ ഇതാ നിന്റെ അമ്മ എന്നു പറഞ്ഞ് അമ്മയുടെ മാതൃത്തണല്‍ ഒരുക്കിയ ദൈവത്തിന് നന്ദി പറയുന്ന ഒരു

വൈപ്പിന്‍ ഫൊറോന അല്മായ നേതൃസംഗമം നടത്തി

എറണാകുളം: ലത്തീന്‍ കത്തോലിക്കരുടെ ശക്തി വിളിച്ചോതി അവകാശ പ്രഖ്യാപന റാലിയുമായി വൈപ്പിന്‍ ഫൊറോന ലത്തീന്‍ അല്മായ നേതൃസംഗമം. മാര്‍ച്ച് 10ന് വൈകിട്ട് ആരംഭിച്ച റാലി ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്‍

കര്‍ണാടകത്തില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം

ബംഗളൂരു: രാജ്യത്ത് കൊവിഡ് രോഗഭീതി നിലനില്‍ക്കെ കര്‍ണാടകയില്‍ ലോക്ഡൗണ്‍ ലംഘിച്ച് രഥോല്‍സവം നടത്തി. കര്‍ണാടകയിലെ കൊവിഡ് തീവ്രബാധിത മേഖലയായ കല്‍ബുര്‍ഗിയിലാണ് ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് രഥോല്‍സവം നടത്തിയത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*