മാധ്യമങ്ങളുടെ സുവിശേഷകന്

സുവിശേഷ പ്രഘോഷണത്തിന്റെ സൗന്ദര്യം തനതായ കലാരൂപങ്ങളിലൂടെ പകര്‍ത്തുന്നതില്‍ ലോകത്തിനു വ്യത്യസ്തമായ സന്ദേശം നല്‍കുകയാണ് കൊല്ലം രൂപതയിലെ മോണ്‍. ഫെര്‍ഡിനാന്‍ഡ് പീറ്റര്‍. മനുഷ്യഹൃദയങ്ങളെ സ്വാധീനിക്കുവാന്‍ മാധ്യമങ്ങള്‍ക്കുള്ള അസാധ്യ സിദ്ധി തിരിച്ചറിഞ്ഞ പുരോഹിതന്. കലാപ്രതിഭകളെ കണ്ടെത്താനും അവര്‍ക്ക് ആസ്വാദകലോകത്ത് അര്‍ഹമായ ഇടം ഉറപ്പിക്കാനും ഫ്രെഡി അച്ചന് നടത്തുന്ന ശ്രമങ്ങള്‍ക്ക് സാക്ഷ്യമാണ് വിധുവിന്സെന്റിനെയും കിരണ്‍ പ്രഭാകറിനെയും രാജേഷ് ശര്‍മയെയും ജോസ് ടൈറ്റസിനെയും ടോണി റിബൈറെയും പോലെയുള്ള സിനിമാപ്രവര്‍ത്തകര്‍. യൂറോപ്പില്‍ ചലച്ചിത്രപ്രവര്‍ത്തകനായ ഫ്രഞ്ചുകാരനായ ഈശോസഭാ വൈദികനില്‍ നിന്ന് സിനിമ എന്ന മാധ്യമത്തിന്റെ സാധ്യതകളും സൗന്ദര്യവും തിരിച്ചറിഞ്ഞതാണ് ഫ്രെഡിയച്ചന്റെ കലാസപര്യയില്‍ നിര്‍ണായകമായത്.

ഫോട്ടോ: നൂതന പ്രക്ഷേപണ ശൈലി അവാര്‍ഡ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയില്‍ നിന്നു മോണ്‍. ഫെര്‍ഡിനാന്‍ഡ് പീറ്റര്‍ സ്വീകരിക്കുന്നു.
മോണ്‍. ഫെര്‍ഡിനാന്‍ഡ് പീറ്ററിന്റെ കുടുംബത്തില്‍ എല്ലാവരുംതന്നെ നന്നായി വരക്കുന്നവരും മികച്ച ഫോട്ടോഗ്രഫര്മാരുമായിരുന്നു. പരേതരായ പീറ്റര്ത്രേസ്യാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായ ഫ്രെഡി 1977ല്‍ തിരുച്ചിറപ്പള്ളി സെന്റ് പോള്‍ സെമിനാരിയില്‍ തിയോളജി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍, ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സമിതിയായ സിബിസിഐയുടെ മീഡിയ കമ്മീഷന് ചെയര്മാന് കല്‍ക്കട്ട ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ലോറന്‍സ് പിക്കാച്ചി എഴുത്തിന്റെ മേഖലയില്‍ ഒരു ടാലന്റ് ടെസ്റ്റ് നടത്തി. ടെസ്റ്റില്‍ മികവുകാട്ടിയതിന് ജേര്‍ണലിസം പഠിക്കാനായി ബ്രദര്‍ ഫ്രെഡി സിലക്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ രൂപതയില്‍ നിന്ന് അനുമതി ലഭിക്കാതിരുന്നതിനാല്‍ അന്ന് ആ വഴിക്കു തിരിഞ്ഞില്ല. എങ്കിലും മദ്രാസില്‍ നിന്നുള്ള ന്യൂ ലീഡര്‍ മാസികയില്‍ അന്നു മുതല്‍ അദ്ദേഹം എഴുതിത്തുടങ്ങി.
സിനിമയെന്ന മാധ്യമത്തിലേക്കുള്ള ചുവടുവയ്പ് 1978ല്‍ ആയിരുന്നു. അന്ന് ടെലിവിഷന്‍ എത്തിയിട്ടില്ല. സിനിമയായിരുന്നു ഏറ്റവും വലിയ പൊതുസമ്പര്ക്കമാധ്യമം. സിനിമാപ്രേക്ഷകരെ പരിശീലിപ്പിക്കുന്ന സിനിമാസ്വാദക ശില്പശാലകളിലൂടെയായിരുന്നു തുടക്കം.നൂറില്‍പ്പരം ശില്പശാലകള്. ഷാജി എന്‍. കരുണ്‍, ഹരികുമാര്‍, കെ.ജി ജോര്‍ജ്, ജെയിംസ് ജോസഫ്, എം.എഫ് തോമസ് തുടങ്ങിയവര്‍ ആ പഠനകളരികളില് നിറസാന്നിധ്യങ്ങളായിരുന്നു. ഫ്രെഡിയച്ചന്റെ ക്ഷണമനുസരിച്ച് രണ്ടായിരാമാണ്ടു മുതല്‍ മീഡിയ രംഗത്ത് പ്രശസ്തനായ ജസ്യുറ്റ് വൈദികന് ഫാ. ജേക്കബ് സ്രാമ്പിക്കല്‍ കൊല്ലത്തുവന്നു താമസിച്ചു ഫിലിം പ്രൊഡക്ഷന്‍ ക്യാമ്പുകള്‍ നടത്തുവാന്‍ തുടങ്ങി. ജാതിമതഭേദമന്യേ നിരവധി ചെറുപ്പക്കാര്‍ ഇതില്‍ പങ്കെടുത്തു. പ്രശസ്തരായി മാറിയ നിരവധി സിനിമ, നാടകപ്രവര്‍ത്തകള്‍ ഇതിലൂടെ രൂപപ്പെട്ടവരാണ്. എറണാകുളം കലാഭവന്റെ സാരഥി ഫാ. ആബേലല് സിഎംഐ ആയിരുന്നു ഇതില്‍ തന്റെ പ്രചോദനവും മാതൃകയുമെന്ന് മോണ്‍. ഫെര്‍ഡിനാന്‍ഡ് പറയുന്നു.
തൊണ്ണൂറുകളില്‍ ഭാരതരാജ്ഞി ഇടവകയില്‍ വികാരിയായിരിക്കുമ്പോള്‍ യുവശക്തി എന്ന സംഘടന രൂപവത്കരിച്ചു. കലാക്ഷേത്ര ഹേമ ഗോമസിനെപ്പോലുള്ള നിരവധി നര്‍ത്തകികള്‍ അതിന്റെ ഭാഗമായി. ബൈബിള്‍ കലോത്സവങ്ങളില്‍ കുട്ടികളെയൊരുക്കിയിറക്കി. സ്കൂള്‍ കുട്ടികളെ കലാപരിപാടികളില്‍ പങ്കാളികളാക്കി. കലയിലൂടെയുള്ള സുവിശേഷവത്ക്കരണം അനേകര്‍ക്ക് പുതുവഴികള്‍ കാണിച്ചുകൊടുത്തു. സുവിശേഷവത്ക്കരണം രണ്ടായിരമാണ്ട് പ്രോജക്ടിന്റെ ഭാഗമായി നടത്തിയ ബൈബിള്‍ കണ്‍വെന്‍ഷനുകളില്‍ കലാരൂപങ്ങളിലൂടെ സന്ദേശം നല്കാന് ഫ്രെഡിയച്ചന് ശ്രമിച്ചു. നാടകങ്ങള്‍, നൃത്തരൂപങ്ങള്‍, കഥാപ്രസംഗങ്ങള്‍, ഗാനമേളകള്‍ ഇവയൊക്കെ ഇതിന്റെ ഭാഗമായി.
രണ്ടായിരത്തില്‍ തന്നെയാണ് ഡോക്യുമെന്ററികളും ഷോര്‍ട് ഫിലിമുകളും നിര്‍മിക്കാന്‍ തുടങ്ങിയതും. ഇരുപതിലധികം ഡോക്യുമെന്ററികളും ഷോര്‍ട് ഫിലിമുകളും ഇതിനകം നിര്‍മിച്ചു. ഇവയെല്ലാം ദൂരദര്ശന്, ശാലോം തുടങ്ങി നിരവധി ടിവി ചാനലുകളില്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. 1995ല്‍ വിശ്വധര്‍മം എഡിറ്ററായിരുന്ന കാലത്തും ഫ്രെഡിയച്ചന് പ്രധാനമായും എഴുതിയിരുന്നത് സിനിമാനിരൂപണമായിരുന്നു. 95ല്‍ അദ്ദേഹം രൂപതയുടെ മീഡിയ കമ്മീഷന് ഡയറക്ടറായി. 96ല്‍ ബിഷപ് ജെറോംനഗറില് വിശ്വദര്‍ശന്‍ എന്ന പേരില്‍ ബുക്ക്സ്റ്റാള്‍ തുടങ്ങി. 97ല്‍ കൊല്ലത്തെ ആദ്യ ഡിജിറ്റല്‍ സൗണ്ട് റെക്കോര്‍ഡിങ് സ്റ്റുഡിയോ ആയ വിശ്വദര്‍ശന്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോ ആരംഭിച്ചു. ഏറെ പ്രശസ്തമായ നിരവധി ക്രിസ്ത്യന്‍ ഡിവോഷണല്‍ ഗാനങ്ങളാണ് അവിടെ പിറവിയെടുത്തത്. ഓരോ പ്രസ്ഥാനത്തിനു പേരിടുമ്പോഴും തന്റെ ദര്‍ശനങ്ങളുടെ സൂചിക കൂടി അതില്‍ ഉള്ച്ചേര്ക്കുരുന്ന ഫ്രെഡിയച്ചന് 94 മുതല്‍ സെന്റ് റാഫേല്‍ സെമിനാരിയുടെ ഡയറക്ടറായി. അവിടെവച്ചാണ് നാടകക്കളരികളുടെ തുടക്കം. ചെറുകഥകളുടെ അരങ്ങിലെ വായന എന്ന പുതിയൊരു കാഴ്ചപ്പാട് പെട്ടെന്ന് നടത്തുന്ന തെരുവുനാടകം പോലുള്ള ഈ നാടകങ്ങളിലൂടെ കൊണ്ടുവരുവാന്‍ അദ്ദേഹം ശ്രമിച്ചു.
സെമിനാരിയുടെ ചരിത്രത്തില്‍ യൂണിവേഴ്സിറ്റി റാങ്കുകള്‍ വൈദികവിദ്യാര്‍ഥികള്‍ ആദ്യമായി വാങ്ങിയതും ആ കാലഘട്ടത്തിലായിരുന്നു. ഇന്ന് രൂപതയിലുള്ള അറുപതോളം പുരോഹിതര്‍ അക്കാലത്ത് സെമിനാരിയില്‍ പഠിച്ചിറങ്ങിയവരാണ്. ബ്രദേഴ്സിനും കലാരൂപങ്ങളിലൂടെ ബൈബിള്‍ സന്ദേശങ്ങള്‍ പകര്‍ന്നുകൊടുക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. അതോടൊപ്പംതന്നെ പ്രോലൈഫ് ആശയങ്ങള്‍ പകരുവാനും കഴിഞ്ഞു. ആധ്യാത്മികത വളര്‍ത്തുന്ന സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ തുറവി സെമിനാരിയില്‍ ഉണ്ടായിരുന്നു. പ്രോലൈഫിന്റെ മുന്നണിപ്പോരാളിയായിരുന്ന ഡോ. എം. ജോണ്‍ ഐപ്പ് ആ കാലഘട്ടങ്ങളില്‍ കൊല്ലത്തുവന്നു സെമിനാരിയില്‍ താമസിച്ച് വൈദികവിദ്യാര്‍ഥികള്‍ക്കും അല്മായര്ക്കുമായി കഌസുകള്‍ നടത്തിയിരുന്നു.
മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് അദ്ദേഹത്തെ സഭ ഉയര്‍ത്തിയത് 2002ല്‍ ആണ്. 2004ല്‍ ബിഷപ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആയി നിയമിതനായി. ആ വര്‍ഷംതന്നെ ബെന്‍സിഗര്‍ കോളജ് ഓഫ് നഴ്സിംഗ് ആരംഭിച്ചു. മൂന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങി. 2019ല്‍ ബിഷപ് ജെറോം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ ആയി.
അധര്‍മത്തിന്റെ വിളനിലങ്ങളില്‍ പ്രത്യാശയുടെ മുകുളങ്ങള്‍ മൊട്ടിടുമ്പോഴാണ് സമൂഹം നിലനില്‍പ്പിന്റെ സുവിശേഷം പ്രഘോഷിക്കുന്നത്. മതങ്ങളുടെയും ജാതിയുടെയും ദുഷിച്ച വ്യവസ്ഥിതികള്‍ വിലാപം കൊയ്യുന്ന കാലഘട്ടത്തില്‍ കൊല്ലം ജില്ലയില്‍ പുതിയൊരു വിപ്ലവത്തിന് തിരികൊളുത്തുകയായിരുന്നു 2010ല്‍ മോണ്‍. ഫെഡര്ഡിനാന്ഡ് പീറ്റര്‍. ഈ മേഖലയിലെ ഓരോരുത്തരുടെയും നാവില്‍ തത്തിക്കളിക്കുന്ന പേരായി അത് മാറി; അച്ചന്റെ പ്രവര്‍ത്തനങ്ങളിലെ തിലകക്കുറിയും കമ്മ്യൂണിറ്റി റേഡിയോ ബെന്‍സിഗര്‍ 107.8.
റേഡിയോ ബെന്‍സിഗര്‍ ഇന്ന് ഏറെ വളര്‍ന്നിരിക്കുന്നു. ധാര്‍മികതയും നന്മയും സ്നേഹവും ഊട്ടി ഉറപ്പിക്കുന്ന നിരവധി പരിപാടികള്‍, നിരവധി ഭാഷകളില്‍. നാല് ദേശീയ അവാര്‍ഡുകളും രണ്ടു സംസ്ഥാന അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ റേഡിയോ ബെന്‍സിഗര്‍ നേടി. അതിനേക്കാളൊക്കെ എത്രയോ വലുതാണ് കൊല്ലത്തെ മനുഷ്യരുടെ ഹൃദയങ്ങളില്‍ റേഡിയോ ബെന്‍സിഗറും അവരുടെ സ്വന്തം ഫ്രെഡിയച്ചനും നേടിയിരിക്കുന്ന ഇടം.
Related
Related Articles
നടിയെ ആക്രമിച്ച കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു
നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന് രാജിവെച്ചു. കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി. നടിയെ
ദൈവദാസി മദര്‍ ലിമ : സ്ത്രീശാക്തീകരണത്തിന്റെ ശ്രേഷ്ഠ വനിത
എറണാകുളം: സി എസ് എസ് ടി സഭയുടെയും സെന്റ് തെരേസാസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകയായ ദൈവദാസി മദര്‍ തെരേസാ ഓഫ് സെന്റ് റോസ് ഓഫ് ലിമ സ്ത്രീ
നിയമസഭ തിരഞ്ഞെടുപ്പ് മത്സ്യത്തൊഴിലാളി പ്രതിനിധിയെ മത്സരിപ്പിക്കണം: ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി
കൊല്ലം: കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹം ഏറെ ആശങ്കകളും പ്രതിസന്ധികളും അനഭവിക്കുന്ന കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് ഈ സമൂഹം വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്നുവെന്ന് കൊല്ലം ബിഷപ് ഡോ.