Breaking News

മായാമോഹിനിമാര്‍

മായാമോഹിനിമാര്‍

ജോലിയില്‍നിന്ന് റിട്ടയര്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ചാക്കോ സാറിനും ഭാര്യയ്ക്കും ഒരു മോഹം. ഒരു കാറ് വാങ്ങി തീര്‍ഥാടനകേന്ദ്രങ്ങളിലൊക്കെ ചുറ്റിക്കറങ്ങണമെന്ന്. മക്കളോട് പറഞ്ഞപ്പോള്‍ അവര്‍ക്കും സമ്മതം. അപ്പനും അമ്മയും ഇത്രയും നാള്‍ ജോലിചെയ്ത് തങ്ങളെ പോറ്റിയതല്ലേ. ഇപ്പോള്‍ മക്കളെല്ലാം ഉദ്യോഗസ്ഥരായിരിക്കുന്നു. ഇനി അവര്‍ കുറെനാള്‍ സ്വസ്ഥമായി എവിടെയെങ്കിലുമൊക്കെ യാത്ര ചെയ്യട്ടെ.
കാറുകള്‍ വില്‍ക്കുന്ന ഷോറുമില്‍ ചെന്ന് നല്ല ഒരു കാറു കണ്ടുവച്ചു. പന്ത്രണ്ടു ലക്ഷത്തോളം വില വരും. അപ്പോള്‍ അവരുടെ കൈവശം. അത്രയ്ക്കും പണമൊന്നുമില്ലായിരുന്നു. ആ മോഡലിന് ഡിസ്‌കൗണ്ട് ഒന്നും ലഭിക്കില്ല എന്ന് മാനേജര്‍ തീര്‍ത്തുപറഞ്ഞു. രണ്ടാഴ്ചയ്ക്കകം മുഴുവന്‍ തുകയുമായി വരാം. അതുവരെ ആ കാറ് മറ്റാര്‍ക്കും കൊടുക്കരുതെന്ന് മാനേജരോട് പറഞ്ഞുവച്ചു. അയാള്‍ അത് സമ്മതിക്കുകയും ചെയ്തു.
പക്ഷേ, രണ്ടാഴ്ചകഴിഞ്ഞ് കാറുവാങ്ങാന്‍ പണവുമായി ചെന്നപ്പോള്‍ ആ കാറ് ഒരു യുവതിക്ക് വിറ്റുകഴിഞ്ഞിരുന്നു. നല്ല ഫാഷനബിളായ ഡ്രസ് ചെയ്ത, വശ്യമനോഹരമായി പുഞ്ചിരിക്കുന്ന സുന്ദരിയായ ഒരു സ്ത്രീ അവിടെ നില്‍ക്കുന്നു. പന്ത്രണ്ടു ലക്ഷം വില എന്നുപറഞ്ഞ കാറ് അവര്‍ക്ക് പത്തു ലക്ഷത്തിന് ലഭിക്കുകയും ചെയ്തു. മാഷിന് ഒത്തിരി ദേഷ്യം തോന്നി. ‘നിങ്ങളല്ലേ പറഞ്ഞത് ഈ മോഡലിന് ഡിസ്‌കൗണ്ട് ഒന്നും ലഭിക്കുകയില്ല. മുഴുവന്‍ തുകയുമായി രണ്ടാഴ്ചയ്ക്കകം വരുകയാണെങ്കില്‍ ഈ കാറ് മറ്റാര്‍ക്കും കൊടുക്കില്ലെന്ന്’.
മാനേജര്‍ ആകെ പരുങ്ങലിലായി. അയാള്‍ കുറ്റബോധത്തോടെ പറഞ്ഞു: എന്തുചെയ്യാം സാര്‍, ഇത്രയും സുന്ദരിയായ ഒരു യുവതി ഈ കാറു തന്നെ വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് മറ്റൊന്നും പറയാന്‍ സാധിച്ചില്ല. ഞാന്‍ വിചാരിച്ചു, നിങ്ങള്‍ ഉടനെയെങ്ങും വരില്ല എന്ന്. ഇവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞങ്ങളുടെ കമ്മീഷന്‍ വേണ്ടെന്നുവച്ച് വിലകുറച്ച് കൊടുത്തതാണ്.
കാറിനടുത്ത് താക്കോലുമായി നിന്നിരുന്ന യുവതി ഒരു ചെറുപുഞ്ചിരിയോടെ ചാക്കോ സാറിനെ സമീപിച്ചു പറഞ്ഞു: സര്‍, ക്ഷമിക്കണം. ഇതാ, കാറിന്റെ താക്കോല്‍, ഈ കാറ് ഞാന്‍ നിങ്ങള്‍ക്കുവേണ്ടി വാങ്ങിച്ചതാണ്. സാറിന്റെ മകന്റെ കൂടെ ജോലിചെയ്യുന്ന സ്റ്റാഫാണ് ഞാന്‍. മകന്‍ പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഈ കാറ് ഈ ഷോറുമിലുണ്ടെന്നും അതൊന്ന് വിലകുറച്ച് വാങ്ങിച്ചുതരണമെന്നും
ഷോറും മാനേജര്‍ ഇതെല്ലാം കണ്ട് ഇളിഭ്യനായി നില്ക്കുമ്പോള്‍ അവള്‍ അയാളെ നോക്കി ഒന്നു കണ്ണുചിമ്മിയിട്ട് ഗുഡ്‌ബൈ പറഞ്ഞുപോയി. പെണ്ണുവിചാരിച്ചാല്‍ നടക്കാത്ത വല്ല സംഗതിയും ഈ ഭൂമിയിലുണ്ടോ?
മായാമോഹിനിമാര്‍ എല്ലാക്കാലത്തും അവതരിച്ചിട്ടുണ്ട് ദൈവകല്പനകളെപ്പോലും ധിക്കരിക്കുവാന്‍ ആദത്തെ പ്രേരിപ്പിച്ചത് ഹവ്വയാണ്. ആദത്തോട് ദൈവം പറഞ്ഞു: ‘തിന്നരുതെന്ന് ഞാന്‍ പറഞ്ഞ പഴം സ്ത്രീയുടെ വാക്കുകേട്ടു നീ തിന്നതുകൊണ്ട് നീ മൂലം മണ്ണ് ശപിക്കപ്പെട്ടതായിരിക്കും’ (ഉല്‍പത്തി. 3:17).
സ്ത്രീകള്‍ക്ക് ദൈവം നല്‍കിയിട്ടുള്ള വലിയൊരനുഗ്രഹമാണ് സൗന്ദര്യം. ദേവന്മാര്‍പോലും അവരുടെ സൗന്ദര്യത്തില്‍ മയങ്ങി അവരുമായിട്ട് ഇണചേരുന്നതായിട്ട് പുരാണങ്ങളില്‍ പറയുന്നുണ്ട്. ബൈബിളില്‍ തന്നെ പറയുന്നത് മനുഷ്യപുത്രിമാര്‍ അഴകുള്ളവരാണ് എന്നുകണ്ട് ദൈവപുത്രന്മാര്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെയെല്ലാം ഭാര്യമാരായി സ്വീകരിച്ചു എന്നാണ് (ഉല്‍പത്തി. 6:1).
വിജ്ഞാനത്തിലും സമ്പത്തിലും സോളമനെപ്പോലെ ഒരു രാജാവും ഉണ്ടായിട്ടില്ല. എന്നിട്ടും സോളമന്‍പോലും മായാമോഹിനികളായ വനിതകളുടെ വലയില്‍പ്പെട്ട് സത്യദൈവത്തെ മറന്ന് അന്യദേവന്മാരെ പൂജിച്ച് ദൈവകോപത്തിന് പാത്രമായി. സോളമന് വാര്‍ധക്യമായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്ക് തിരിച്ചു. സീദോത്യരുടെ ദേവിയായ അസ്താര്‍ത്തെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്‍ക്കോമിനെയും ആരാധിച്ചു. തങ്ങളുടെ ദേവന്മാര്‍ക്കു ധൂപാര്‍ച്ചന നടത്തുകയും ബലി സമര്‍പ്പിക്കുകയും ചെയ്തിരുന്ന എല്ലാ വിജാതീയ ഭാര്യമാര്‍ക്കുംവേണ്ടി അവര്‍ അങ്ങനെ ചെയ്തു. രണ്ടുപ്രാവശ്യം പ്രത്യക്ഷനാവുകയും അന്യദേവന്മാരെ സേവിക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്ത ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവില്‍നിന്ന് അവന്‍ അകന്നുപോവുകയും അവിടുത്തെ കല്പനകള്‍ പാലിക്കാതിരിക്കുകയും ചെയ്തതിനാല്‍, അവിടുന്ന് അവനോട് കോപിച്ചു. (1 രാജ. 11:1-10).
പ്രവാചകനായ ക്രിസ്തുവിന്റെ മുന്നോടിയായ സ്‌നാപകയോഹന്നാനെ ഹേറോദേസ് രാജാവ് വധിച്ചത് സുന്ദരിയായ സലോമിയുടെ നൃത്തം കണ്ട് മതിമറന്നതിനാലാണ്. എത്രയെത്ര രാജാക്കന്മാരും പുരോഹിതരും സന്യാസികളും ഭരണാധികാരികളുമാണ് സ്ത്രീകളുടെ വശ്യതയാര്‍ന്ന സൗന്ദര്യത്തിലും സംസാരത്തിലും നോട്ടത്തിലും സ്പര്‍ശനത്തിലും മതിമറന്ന് പാപം ചെയ്തിട്ടുള്ളത്. ഏറ്റവും പ്രഗത്ഭനായിരുന്ന വിശ്വാമിത്രന്‍ എന്ന മഹര്‍ഷിയുടെ തപസിളക്കാന്‍ ഇടയാക്കിയത് മേനക എന്ന അപ്‌സരസിന്റെ സൗന്ദര്യമാണ്.
സുന്ദരികളായ സ്ത്രീകള്‍മൂലം യുദ്ധങ്ങളും കൊലപാതകങ്ങളും ആത്മഹത്യകളും ധാരാളം നടന്നിട്ടുള്ളതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹെലന്‍ ഓഫ് ട്രോയ്, ബാത്ഷീബ, ക്ലിയോപാട്ര, എലിസബത്ത് ടേയ്‌ലര്‍, സോഫിയ ലോറന്‍, മാര്‍ലിന്‍ മൊണ്‍റോ എന്നിവരുടെയൊക്കെ വീരകഥകള്‍ പ്രസിദ്ധമാണല്ലോ. എന്നാല്‍ സ്ത്രീസഹജമായ തങ്ങളുടെ കഴിവുകളും സൗന്ദര്യവും മനുഷ്യകുലത്തിന്റെ പുരോഗതിക്കായി ചിലവഴിച്ച സ്ത്രീരത്‌നങ്ങളെ ഓര്‍ക്കാതിരിക്കുക വയ്യ. ബൈബിളിലെ റൂത്ത്, യൂദിത്ത്, എസ്‌തേര്‍, പരിശുദ്ധ കന്യകാമറിയം, മാര്‍ത്താ, മേരി എന്നിവരെല്ലാം നമുക്ക് അഭിമാനിക്കാവുന്ന സ്ത്രീകളാണ്.
ആന്‍ ഫ്രാങ്ക്, മാരികൂറി, ഇന്ദിര ഗാന്ധി, മദര്‍തെരേസ, ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍, ഹെലന്‍ കെല്ലര്‍, ജോവാന്‍ ഓഫ് ആര്‍ക്ക്, ക്വീന്‍ വിക്‌ടോറിയ, പ്രിന്‍സസ് ഡയാന എന്നിവരെയൊക്കെ ആദരവോടെയാണ് സമൂഹം കാണുന്നത്. ദൈവം സ്ത്രീകള്‍ക്ക് നല്‍കിയ അഴകും ആകാരവും എപ്പോഴും നന്മയ്ക്കായി ഭവിക്കട്ടെ.
അടുത്ത ലക്കം
ദൈവമേ ഞാനൊന്നു ചോദിച്ചോട്ടെ…


Related Articles

കുറ്റവും ശിക്ഷയും

രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ നടത്തിയ പ്രഭാഷണം ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. പെട്ടെന്ന് നല്കപ്പെടുന്ന ഒന്നല്ല

കെആര്‍എല്‍സിസി മാധ്യമപുരസ്‌കാരം ജീവനാദം ചീഫ് എഡിറ്റര്‍ ജക്കോബിയ്ക്ക്‌

എറണാകുളം: കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) മാധ്യമ പുരസ്‌കാരം പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെക്കോബിയ്ക്ക്. കേരള ലത്തീന്‍ കത്തോലിക്കാ മുഖപത്രമായ ജീവനാദത്തിന്റെ മുഖ്യപത്രാധിപരാണ്. വരാപ്പുഴ

എമിസാറ്റ് വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: പ്രതിരോധം ശക്തമാക്കി ഇന്ത്യ. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) എമിസാറ്റ് എന്ന ഇലക്ട്രോണിക് ഇന്റലിജന്‍സ് ഉപഗ്രഹം മാര്‍ച്ച് മാസം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*