Breaking News

മാര്‍ച്ച് 10-‘കമ്മ്യൂണിയോ ഇന്ത്യ’ ഞായര്‍

മാര്‍ച്ച് 10-‘കമ്മ്യൂണിയോ ഇന്ത്യ’ ഞായര്‍

കേരളത്തിലെ ലത്തീന്‍ കത്തോലിക്കാസഭ ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശമനുസരിച്ച് തപസുകാലത്തെ ആദ്യത്തെ ഞായര്‍ മാര്‍ച്ച് 10-ാം തീയതി കമ്മ്യൂണിയോ ഇന്ത്യ ഞായര്‍ ആയി ആചരിക്കുകയാണ്. ‘കമ്മ്യൂണിയോ’ (Communio – കമ്മ്യൂണിയോ) എന്ന ലത്തീന്‍ പദത്തിന്റെ അര്‍ത്ഥം കൂട്ടായ്മ എന്നാണ്. ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ അജപാലന പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ്മയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്മാര്‍ ”കമ്മ്യുണിയോ ഇന്ത്യ ഞായര്‍” (കൂട്ടായ്മ ഞായര്‍) വര്‍ഷത്തില്‍ ഒരിക്കല്‍ ആചരിക്കുവാന്‍ തീരുമാനിച്ചത്.
ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ തനതായ രൂപീകരണവും വളര്‍ച്ചയുമാണ് കമ്മ്യൂണിയോ ഇന്ത്യയുടെ അടിസ്ഥാനപരമായ ലക്ഷ്യം. ഭാരതത്തിലെ ലത്തീന്‍ സഭയ്ക്ക് ആഗോള കത്തോലിക്കാ സഭയില്‍ സുപ്രധാനമായ ദൗത്യവും പരമപ്രധാനമായ പങ്കും, കടമയുമുണ്ട്. വിശ്വാസത്തിലും അംഗബലത്തിലും വളര്‍ന്നുകൊണ്ടിരിക്കുന്ന ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയെ പ്രതീക്ഷയോടെയാണ് ആഗോള കത്തോലിക്കാ സഭയും സഹോദര സഭകളും വീക്ഷിക്കുന്നത്.
എന്താണ് കമ്മ്യൂണിയോ ഇന്ത്യ ?
കമ്മ്യൂണിയോ ഇന്ത്യ എന്ന ആശയം നമുക്ക് പുതുമയുള്ളതാണ്. ഓരോ വര്‍ഷവും ഒക്‌ടോബര്‍ മാസത്തില്‍ അത്യുല്‍സാഹത്തോടുകൂടി മിഷന്‍ഞായര്‍ നാം ആചരിക്കാറുണ്ട്. മിഷന്‍ ഞായറിന്റെ പ്രവര്‍ത്തനങ്ങള്‍ സാര്‍വത്രിക സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ വേണ്ടിയുള്ളതാണെങ്കില്‍ കമ്മ്യൂണിയോഇന്ത്യ ഞായറിന്റെ ആചരണം ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകാന്‍ വേണ്ടിയാണ്.
ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സമ്പന്നമാണ്. വിശ്വാസത്തിന്റെ തലത്തിലും ഭദ്രതയുള്ള കുടുംബ ബന്ധങ്ങളുടെ മേഖലയിലും ധാര്‍മ്മിക മൂല്യങ്ങളുടെ പരിപാലനത്തിലും, പുരോഹിതരുടെയും സമ്പന്നരുടെയും മിഷണറിമാരുടെയും എണ്ണത്തിലും, സാമ്പത്തിക ഉറവിടങ്ങളുടെ തലത്തിലും ഏറെകുറെ സമ്പന്നമാണെങ്കിലും പലസ്ഥലങ്ങളിലും ഇതിന് ഏറ്റക്കുറച്ചിലുകളുണ്ട്. ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയെ ഒരു കുടുംബമായി കണ്ട് നമുക്ക് ഉള്ളത് ഇല്ലാത്തവരുമായി പങ്കുവെച്ച് ഏവരും ഒരുപോലെ ഐക്യത്തോടെ വിശ്വാസത്തിന്റെയും, അജപാലനത്തിന്റെയും, പ്രേക്ഷിത പ്രവര്‍ത്തനത്തിന്റെയും മേഖലകളില്‍ ഒരുപോലെ വളര്‍ച്ച പ്രാപിക്കുന്ന മനോഹര കൂട്ടായ്മയുടെ ആശയമാണ് കമ്മ്യൂണിയോ ഇന്ത്യ എന്ന ബൃഹത്തായ പദ്ധതിക്ക് പിന്നിലുള്ളത്.
നമ്മില്‍ പലര്‍ക്കും പ്രാര്‍ഥിക്കുവാനും, ദിവ്യബലി അര്‍പ്പിക്കുവാനും, ദൈവാരാധനക്കുമായി മനോഹരങ്ങളായ ദേവാലയങ്ങളും അനുബന്ധ സംവിധാനങ്ങളുമുണ്ട്. എന്നാല്‍ ഭാരതത്തിലെ കത്തോലിക്കരില്‍ ചിലര്‍ക്കെങ്കിലും ദൈവാരാധനക്കും വിശുദ്ധ കുര്‍ബാനയുടെ ആഘോഷത്തിനും ഒരുമിച്ചു കൂടാന്‍ യോജിച്ച ഒരിടമില്ല എന്നുള്ളത് വാസ്തവമാണ്. വൃക്ഷത്തണലിലും ചോര്‍ന്നൊലിക്കുന്ന പുല്ലുപാകിയ ദേവാലയമേല്‍ക്കൂരയ്ക്കു കീഴിലിരുന്നും സന്തോഷത്തോടെ ദൈവത്തെ ആരാധിക്കുന്ന വിശ്വാസിസമൂഹം ഭാരതത്തിന്റെ ചില മേഖലകളിലെങ്കിലും ഉണ്ടെന്നുള്ളത് നാം വിസ്മരിക്കരുത്. പ്രാഥമിക അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സാധിക്കാതെ പരിമിതമായ സൗകര്യങ്ങളില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിരവധിയായ മിഷണറിമാര്‍ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ കരുത്താണ്. വിശ്വാസത്തിന്റെ തീക്ഷ്ണതയോ യേശുവിനും സഭയ്ക്കും വേണ്ടി പാവപ്പെട്ടവരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും നീതി നിഷേധിക്കപ്പെട്ടവരോടും പക്ഷം ചേര്‍ന്ന് ഭാരതത്തിന്റെ വിദൂര ഗ്രാമങ്ങളില്‍ തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാരായ മിഷണറിമാരെ സഹായിക്കുവാന്‍ നമ്മുക്കൊരോരുത്തര്‍ക്കും കടമയും ഉത്തരവാദിത്വവുമുണ്ട്. ഈ ഉത്തരവാദിത്ത ബോധത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ആശയമാണ് കമ്മ്യൂണിയോ ഇന്ത്യ.
കമ്മ്യൂണിയോ ഇന്ത്യയുടെ ലക്ഷ്യങ്ങള്‍
തിരുസഭ സ്വഭാവത്താലെ മിഷണറിയാണ് എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു. ജ്ഞാനസ്‌നാനം സ്വീകരിച്ച ഓരോ വ്യക്തിയും പ്രേക്ഷിത പ്രവര്‍ത്തനത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു. സുവിശേഷത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നതാണ് പ്രേക്ഷിത പ്രവര്‍ത്തനത്തിന്റെ അന്തഃസത്ത. സുവിശേഷത്തിന്റെ സന്തോഷം അനുഭവിക്കുന്ന വിശ്വാസികളെ രൂപപ്പെടുത്തിയാല്‍ മാത്രമേ പ്രേഷിത പ്രവര്‍ത്തനം തീക്ഷ്ണതയോടെ നിര്‍വഹിക്കുന്ന മിഷണറിമാരെ രൂപികരിക്കാന്‍ നമുക്ക് സാധിക്കുകയുള്ളു. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ അജപാലന പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്. ഇതിനായി ഭാരതത്തിലെ 132 ലത്തീന്‍ കത്തോലിക്കാ രൂപതകളെയും 564 സന്ന്യാസ സമൂഹങ്ങളെയും സഹായിക്കുക എന്നതാണ് കമ്മ്യൂണിയോ ഇന്ത്യയുടെ പ്രഥമ ലക്ഷ്യം.
ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയെ ഒരു വിശാല കുടുംബമായി കണ്ട് നമ്മുടെ ഇടയിലെ ആവശ്യക്കാരായ സഹോദരീ സഹോദരന്മാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന പങ്കുവയ്ക്കലിന്റെ നവ്യമായ സംസ്‌കാരം രൂപപ്പെടുത്തുക എന്നതും കമ്മ്യൂണിയോ ഇന്ത്യയുടെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. പ്രേക്ഷിത പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുവാനും മിഷണറിമാരെ സഹായിക്കുവാനും പ്രേക്ഷിത പ്രവര്‍ത്തനം നിര്‍വഹിക്കാന്‍ നമ്മുടെ അത്മായ സമൂഹത്തെ പ്രോത്സാഹിപ്പിക്കാനും കമ്മ്യൂണിയോ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നു. മിഷണറിമാര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനും പ്രാര്‍ഥനയിലൂടെ മിഷണറിയാകാനും നമ്മുടെ ചെറിയ സാമ്പത്തിക സഹായത്തിലൂടെ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ പ്രേക്ഷിത പ്രവര്‍ത്തനത്തെ പണിതുയര്‍ത്താനും പരിപോഷിപ്പിക്കുവാനും കമ്മ്യൂണിയോ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നുണ്ട്.
കമ്മ്യൂണിയോ ഇന്ത്യയുടെ തുടക്കം
ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ വളര്‍ച്ചക്കായി ഒരു സാമ്പത്തിക സഹായ ഏജന്‍സിയെക്കുറിച്ച് ഭാരതത്തിലെ മെത്രാന്മാര്‍ 1960കള്‍ മുതല്‍ സ്വപ്‌നം കാണുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. വിദേശ രാജ്യങ്ങളില്‍, പ്രത്യേകിച്ച് ജര്‍മനിയില്‍ സ്ഥാപിതമായ ”സിയോ ജര്‍മനി” എന്ന സാമ്പത്തിക ഏജന്‍സി അത്ഭുതാവഹമായ രീതിയില്‍ സാര്‍വത്രിക സഭയുടെ പ്രേക്ഷിത പ്രവര്‍ത്തനത്തെ സഹായിക്കുന്നത് ഭാരതത്തിലെ മെത്രാന്മാര്‍ക്ക് പ്രചോദനമായിരുന്നു. ഇത്തരത്തില്‍ ഒരു സാമ്പത്തിക സഹായ ഏജന്‍സി ഭാരത സഭയ്ക്കും വേണമെന്നുള്ള ആശയം പലതലത്തിലും ചര്‍ച്ച ചെയ്‌തെങ്കിലും അതിന് തുടക്കമിടാന്‍ കഴിഞ്ഞിരുന്നില്ല. 2000ത്തിലെ മഹാജൂബിലിയോടനുബന്ധിച്ച് ഭാരതത്തിലെ ‘കമ്മ്യൂണിയോ ഇന്ത്യ’ ഞായര്‍ കത്തോലിക്കാ സഭ യേശുക്രിസ്തു ജയന്തി ആചരിച്ചതിനെ തുടര്‍ന്ന് ഭാരതസഭയുടെ അജപാലന പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടത് അനിവാര്യമാണെന്ന ചര്‍ച്ചകളെ തുടര്‍ന്ന് ഇവയ്ക്ക് പ്രോത്സാഹനവും സഹകരണവും നല്‍കാന്‍ സാമ്പത്തിക സഹായഏജന്‍സി ആരംഭിക്കാനുള്ള നീക്കങ്ങള്‍ സജീവമായി.
2015 ഫെബ്രുവരിയില്‍ ബംഗളുരുവില്‍ ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ 27-ാം പ്ലീനറി സമ്മേളനത്തില്‍ മെത്രാന്മാര്‍ ഈ ആശയം ശക്തമായി ഉന്നയിച്ചു. ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭ ഒരു കുടുംബമാണെന്നും ആ കുടുംബത്തിലെ അംഗങ്ങളെ പരസ്പരം സഹായിച്ച് വളര്‍ത്തുവാന്‍ ഓരോര്‍ത്തര്‍ക്കും കടമയുണ്ടെന്നും മെത്രാന്മാര്‍ ഓര്‍മ്മിപ്പിച്ചു. ഇതെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ സിസിബിഐയുടെ നിര്‍വാഹക സമിതിയെ ചുമതലപ്പെടുത്തി. 2016 ഏപ്രിലില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സിസിബിഐയുടെ 74-ാമത് നിര്‍വാഹക സമിതി യോഗം സാമ്പത്തിക സഹായ ഏജന്‍സിയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ വെളിച്ചത്തില്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
2016 സെപ്തംബറില്‍ ബംഗളുരുവില്‍ നടന്ന മെത്രാന്‍ സമിതിയുടെ 75-ാമത് നിര്‍വാഹക സമിതിയില്‍ പദ്ധതിയുടെ രൂപരേഖ സമര്‍പ്പിക്കുകയും ഭേദഗതികളോടെയും നിര്‍ദ്ദേശങ്ങളോടെയും നിര്‍വാഹകസമിതി അത് അംഗീകരിക്കുകയും ചെയ്തു. 2017 ജനുവരിയില്‍ ഭോപ്പാലില്‍ നടന്ന 76-ാമത് നിര്‍വാഹക സമിതി പദ്ധതിക്ക് അന്തിമരൂപം നല്‍കി. ”മിസിയോ ഇന്ത്യ” എന്ന പേരാണ് നിര്‍ദ്ദേശിച്ചതെങ്കിലും പിന്നീട് ”കമ്മ്യൂണിയോ ഇന്ത്യ” എന്ന പേരാണ് തെരഞ്ഞെടുത്തത്. 2017ല്‍ ഭോപ്പാലില്‍ നടന്ന സിസിബിഐയുടെ 29-ാം പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്ത 136 മെത്രാന്മാര്‍ ഐക്യകണ്‌ഠ്യേന വോട്ടുരേഖപ്പടുത്തി ”കമ്മ്യൂണിയോ ഇന്ത്യ” എന്ന സാമ്പത്തിക സഹായ ഏജന്‍സിക്ക് ഔദ്യോഗിക അംഗീകാരം നല്‍കുകയും തുടക്കം കുറിക്കുകയും ചെയ്തു.
2018 ഫെബ്രുവരിയില്‍ ബംഗളുരുവില്‍ നടന്ന സിസിബിഐയുടെ 30-ാം പ്ലീനറി സമ്മേളനം ഭാരതതത്തിന്റെ അപ്പോസ്‌തോലനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാളിനോട് അടുത്ത് വരുന്ന ആഗമനകാലത്തിലെ ആദ്യ ഞായര്‍ കമ്മ്യൂണിയോ ഇന്ത്യ ഞായറായി ആചരിക്കാന്‍ തീരുമാനിച്ചെങ്കിലും പ്രാദേശിക മെത്രാന്‍ സമിതികള്‍ക്കോ രൂപതകള്‍ക്കോ ഉചിതമായ ഞായര്‍ ദിവസം കമ്മ്യൂണിയോ ഇന്ത്യ ഞായറായി ആചരിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കി. കേരളത്തിലെ ലത്തീന്‍ കത്തോലിക്ക സഭ തപസ്സുകാലത്തെ ആദ്യഞായറാണ് കമ്മ്യൂണിയോ ഇന്ത്യ ഞായറായി ആചരിക്കുവാന്‍ ഈ വര്‍ഷം തീരുമാനിച്ചിരിക്കുന്നത്.
നമ്മുടെ ഒരോരുത്തരുടെയും പ്രേക്ഷിത പ്രവര്‍ത്തനത്തിലുള്ള പങ്കാളിത്തമാണ് കമ്മ്യൂണിയോ ഇന്ത്യ ഞായറിന്റെ സമുചിതമായ ആചരണത്തിലൂടെ നാം പ്രകടമാക്കേണ്ടത്. അന്നേ ദിവസം ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ അജപാലന മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പരിമിതമായ സാഹചര്യങ്ങളില്‍ ജീവന്‍ പോലും പണയം വച്ച് ത്യാഗത്തോടെ ശുശ്രൂഷ ചെയ്യുന്ന നമ്മുടെ നിരവധിയായ മിഷണറിമാര്‍ക്കായി പ്രാര്‍ഥിക്കുവാനും നമുക്ക് സാധിക്കണം. നമ്മുടെ കഷ്ടപ്പാടുകളുടെയും വേദനകളുടെയും നടുവില്‍ ദൈവം നമുക്ക് നല്‍കുന്ന ചെറിയ വരുമാനത്തില്‍ നിന്ന് നമ്മുടേതായ ത്യാഗത്തിന്റെ ഒരു പങ്ക് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനും നമുക്ക് കഴിയേണ്ടിയിരിക്കുന്നു. നമ്മുടെ ചെറുതും വലുതുമായ സംഭാവനകള്‍ ഭാരതത്തിലെ ലത്തീന്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സഹായമായിരിക്കും.
നമ്മുടെ എളിയ പ്രാര്‍ഥനയിലൂടെയും ത്യാഗപൂര്‍ണമായ പങ്കുവയ്ക്കലിലൂടെയും കമ്മ്യൂണിയോ ഇന്ത്യ ഞായറിന്റെ സമുചിതമായ ആചരണത്തിലൂടെയും സഭയുടെ പ്രേക്ഷിത പ്രവര്‍ത്തനത്തില്‍ പങ്കുകാരാകാന്‍ നമുക്ക് സാധിക്കട്ടെ.


Related Articles

കട്ടമരത്തിനും കേന്ദ്ര രജിസ്‌ട്രേഷന്‍: തീരമേഖലയ്ക്ക് ദുരിതമേറ്റാനെന്ന് ഷിബു ബേബി ജോണ്‍

കൊല്ലം: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കട്ടമരത്തിനു പോലും കേന്ദ്ര ഗവണ്‍മെന്റിന്റെ രജിസ്‌ട്രേഷന്‍ വേണമെന്ന നിര്‍ദിഷ്ട ദേശീയ മറൈന്‍ ഫിഷറീസ് നിയന്ത്രണ ബില്ലിലെ വ്യവസ്ഥ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന്

കൊച്ചി രൂപതയിലെ രണ്ട് വൈദികർക്ക് മോൺസിഞ്ഞോർ പദവിയും 5 അല്മായനേതാക്കൾക്ക് പേപ്പൽ ബഹുമതിയും

സഭയ്ക്കും സമൂഹത്തിനും നൽകിയ സേവനങ്ങളെ പരിഗണിച്ച് കൊച്ചി രൂപതയിലെ അഞ്ച് അല്മായർ പേപ്പൽ ബഹുമതിക്ക് അർഹരായി. ഫാ.ആൻറണി തച്ചാറയേയും ഫാ. ആൻറണി കൊച്ചു കരിയിലിനേയും മോൺസിഞ്ഞോർമാരായി പോപ്പ്

മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റർസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ.ആർ.എൽ.സി.സി

ചെല്ലാനത്തുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠം കെ.ആർ.എൽ. സി.സി.ഭാരവാഹികൾ സന്ദർശിച്ചു ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു. കാരുണ്യപ്രവർത്തനങ്ങൾക്ക് രാജ്യത്തു മാതൃകയായ മിഷനറീസ് ഓഫ് ചാരിറ്റിസിന്റെ ശിശു സംരക്ഷണ കേന്ദ്രങ്ങൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*