Breaking News

മാര്‍ട്ടിന്‍ ഈരേശ്ശേരില്‍: ധീരതയോടെ നടന്നുപോയൊരാള്‍

മാര്‍ട്ടിന്‍ ഈരേശ്ശേരില്‍: ധീരതയോടെ നടന്നുപോയൊരാള്‍

പറയുന്നതും എഴുതുന്നതും കൃത്യമായിരിക്കണം, ഉണ്മയായിരിക്കണം. ജീവിതത്തില്‍ ഇതിനായി വാശി പിടിച്ച നോവലിസ്റ്റും കഥാകൃത്തും ചരിത്രകാരനുമായ മാര്‍ട്ടിന്‍ ഈരേശ്ശേരില്‍ വിടവാങ്ങി. എന്റെ ബൗദ്ധിക ശേഷിക്ക് നിരക്കാത്തതിനെ എതിര്‍ക്കുക എന്നത് എന്റെ രക്തത്തില്‍ അലിഞ്ഞു കിടക്കുന്ന ശീലമാണ്. ചെല്ലാനത്തെ ഹാര്‍ബര്‍ വിഷയത്തില്‍ നടന്ന ഒരു സംവാദത്തില്‍ എനിക്ക് അയച്ച മറുപടിയില്‍ മാര്‍ട്ടിന്‍ ഈരേശ്ശേരില്‍ കുറിച്ചത് ഇങ്ങനെയാണ്.
ഏതു വിഷയത്തിലും തന്റെ ബുദ്ധിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളില്‍ ഉറച്ച നിലപാടുകള്‍ എടുക്കാന്‍ അദ്ദേഹം ഒരിക്കലും മടി കാണിച്ചിട്ടില്ല. അത് ചെല്ലാനത്തെ കടലാക്രമണവിഷയത്തിലായാലും പുതുവൈപ്പ് സമരമായാലും ക്രൈസ്തവസഭയുടെ വീഴ്ചകളിലായാലും പ്രളയ ദുരിതാശ്വാസ പദ്ധതികളിലായാലും മുഖം നോക്കാതെയുള്ള അഭിപ്രായങ്ങള്‍, നിലപാടുകള്‍ വെളിപ്പെടുത്തി, അതില്‍ ഉറച്ചു നിന്നു.
2006ലാണ് വംശം എന്ന ബൈബിള്‍ നോവല്‍ മാര്‍ട്ടിന്‍ ഈരേശ്ശേരില്‍ പ്രസിദ്ധീകരിച്ചത്. ആലപ്പുഴ സെന്റ് ജോസഫ് കോളേജില്‍ നടന്ന ചടങ്ങില്‍ സക്കറിയ നോവല്‍ പ്രകാശനം ചെയ്തു. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, കാവാലം ബാലചന്ദ്രന്‍, ഫാ. സേവ്യര്‍ കുടിയാംശ്ശേരി എന്നിവര്‍ നോവലിനെക്കുറിച്ച് സംസാരിച്ചു. അന്നുവരെ കേള്‍ക്കാത്ത ശൈലിയില്‍ ഒരു ബൈബിള്‍ നോവല്‍. 2014ലെ കെസിബിസി സാഹിത്യ അവാര്‍ഡിന് ഈ കൃതി അര്‍ഹമായി. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഇനി ഉറങ്ങൂ എന്ന നോവലും ഈരേശ്ശേരിയുടെതാണ്. നക്ഷത്രങ്ങളുടെ താരാട്ട്, നമ്മള്‍ അപരിചിതര്‍ എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.
ലത്തീന്‍ കത്തോലിക്കാ സമൂഹത്തിലെ അഞ്ഞൂറ്റിക്കാരെ കുറിച്ചുള്ള ഗവേഷണ പഠനങ്ങളിലും അദ്ദേഹം വ്യാപൃതനായിരുന്നു. സാമൂഹ്യ വംശീയത എന്നപേരില്‍ അഞ്ഞൂറ്റി കാരുടെ ചരിത്ര രചന അദ്ദേഹം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുമ്പോഴാണ് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായത്. ചെല്ലാനത്ത് ജനിച്ച മാര്‍ട്ടിന്‍ ഈരേശ്ശേരില്‍ കേരള സര്‍ക്കാരിന്റെ നീതിന്യായ വകുപ്പിലാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. തന്റെ വിദ്യാഭ്യാസകാലത്ത് ആലപ്പുഴ എസ്ഡി കോളജില്‍ സതീര്‍ത്ഥ്യനായിരുന്ന ഫാസിലിനോടും ജൂനിയര്‍ വിദ്യാര്‍ത്ഥികളായിരുന്ന നെടുമുടി വേണു, കുഞ്ചാക്കോ ബോബന്‍ എന്നിവരോടുമൊപ്പം കലാപ്രവര്‍ത്തനങ്ങളില്‍ മാര്‍ട്ടിന്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കലാലയ വിദ്യാര്‍ത്ഥി സംഘടനായ ഐക്കഫിന്റെ പ്രവര്‍ത്തനങ്ങളാണ് ആഴമാര്‍ന്ന ചിന്തകള്‍ക്കും തത്വദീക്ഷതയുള്ള നിലപാടുകള്‍ക്കും തീക്ഷ്ണത നല്‍കിയത്.
സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രതിഭകളുമായി അദ്ദേഹം സൗഹൃദം പങ്കുവെച്ചു. പുസ്തകപ്പുര എന്ന പ്രസാധക ഗൃഹവും ആരംഭിച്ചു. ഇതൊക്കെയാണെങ്കിലും തെറ്റുകളെ വിമര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യം പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ഡോ. തോമസ് ഐസക്കിന്റെ പുസ്തകത്തില്‍ (മാറുന്ന മനസ്സുകള്‍, മാലിന്യമകലുന്ന തെരുവുകള്‍) ആലപ്പുഴയിലൂടെ തീവണ്ടി എന്ന സ്വപ്‌നം ആലപ്പുഴകാര്‍ക്ക് സമ്മാനിച്ച ഓമന പിള്ള എന്ന തീവണ്ടി പിള്ളയെ തെറ്റായി ചിത്രീകരിച്ചതിനെ തുറന്ന് എതിര്‍ത്തത് ഓര്‍മ്മയിലുണ്ട്.
ഈ ചങ്കൂറ്റം പാരമ്പര്യമായി അദ്ദേഹത്തിന് ലഭിച്ചത് തന്നെയായിരിക്കണം. 1953 ല്‍ ചെല്ലാനം പഞ്ചായത്തില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ആറ് വാര്‍ഡുകളില്‍ ആന ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ നിറുത്തി വിജയിപ്പിച്ച ഈരേശ്ശേരില്‍ സേവ്യര്‍ ചെറിയാന്റെ മകനാണ് നമ്മുടെ കഥാപുരുഷന്‍. കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ വില്ലേജ് ഇലക്ഷനെക്കുറിച്ച് സംസാരിക്കാന്‍ ചെന്ന സേവ്യര്‍ ചെറിയാനെയും കൂട്ടുകാരെയും പ്രസിഡന്റ് ആയിരുന്ന അലക്‌സാണ്ടര്‍ പറമ്പിത്തറ മാസ്റ്റര്‍ തെല്ലൊന്ന് ആക്ഷേപിച്ചു തിരിച്ചയച്ചതാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സേവ്യര്‍ ചെറിയാനെ പ്രകോപ്പിച്ചത്.
അന്ന് തൃശൂര്‍ ജില്ലയിലായിരുന്നു ചെല്ലാനം. എറണാകുളം ജില്ല രൂപീകരിക്കപ്പെട്ടിട്ടില്ല. ഭരണം പിടിച്ചെടുത്ത സേവ്യര്‍ ചെറിയാന്‍1953 മുതല്‍ 10 വര്‍ഷം ചെല്ലാനത്തെ പഞ്ചായത്ത് പ്രസിഡന്റ് ആയി സേവനം ചെയ്തു.
ആ ധീരപിതാവിന്റെ മകന്‍ ആരെയാണ് പേടിക്കുക?
ചെല്ലാനത്ത് നിന്ന് ആലപ്പുഴയിലെത്തി ഗുജറാത്തി തെരുവില്‍ മാര്‍ട്ടിന്‍ സ്വന്തമാക്കിയ വീടിനുമുണ്ട് ചരിത്രം. ഗുജറാത്തി ശൈലിയില്‍ പണിതിട്ടുള്ള വീടിന് 100 വര്‍ഷത്തിലധികം പഴക്കമുണ്ട്. 1927ല്‍ മഹാത്മാഗാന്ധി ഈ വീട്ടില്‍ ഒരുദിവസം അന്തി ഉറങ്ങിയിട്ടുണ്ട്.
ആലപ്പുഴ ലിയോ തേര്‍ട്ടിന്ത് സ്‌കൂളിലെ പ്രധാന അധ്യാപിക ആയിരുന്ന ഗ്രേസ് ടീച്ചറാണ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി. രണ്ട് ആണ്‍മക്കളുണ്ട്.
അടുത്ത് അറിഞ്ഞപ്പോഴേക്കും നഷ്ടമായ മിത്രമാണ് മാര്‍ട്ടിന്‍ ഈരേശ്ശേരില്‍. ഈ കൂട്ടിന് ദൈര്‍ഘ്യമുണ്ടായിരുന്നെങ്കില്‍…


Tags assigned to this article:
martin eraserril

Related Articles

സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ തുറക്കും: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ തുറക്കാന്‍ ഉന്നതതല യോഗത്തില്‍ ധാരണയായി. എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂളുകളിലെത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് ഭാഗികമായി സ്‌ക്കൂളുകള്‍ക്ക് പ്രവര്‍ത്തിച്ചു

കൊച്ചിയുടെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കണം

  തോപ്പുംപടി: ഫോർട്ടുകൊച്ചിയിൽ പൈതൃക മേഖലയെ തിരിച്ചറിയാനും സഞ്ചാരികളെ സ്വാഗതം ചെയ്യുവാനുമായി ഈ മേഖലയിൽ പൈതൃക സ്വാഗത കവാടം (ഹെറിറ്റേജ് ഗെയ്റ്റ് ) നിർമ്മിക്കണമെന്ന് കൊച്ചി രൂപത

പുതിയ പല്ല്, ഇപ്പോള്‍ അതിവേഗത്തില്‍!

ഡെന്റല്‍ ഇംപ്ലാന്റേഷന്‍ രംഗത്തെ പുതിയ സങ്കേതമായ ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സയിലൂടെ ഉറപ്പുള്ള പുതിയ പല്ലുകള്‍ സ്വന്തമാക്കാം, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍! പ്രായമേറുന്നതിനൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*