മാറേണ്ടത്‌ ചിന്തകള്‍; ദൈവം നമ്മെ കാത്തിരിക്കുന്നു

മാറേണ്ടത്‌ ചിന്തകള്‍; ദൈവം നമ്മെ കാത്തിരിക്കുന്നു

നോമ്പുകാലത്തിലെ നാലാം ഞായര്‍ ലേത്താരെ (ആനന്ദത്തിന്റെ) ഞായര്‍ എന്നു വിളിക്കപ്പെടുന്ന ദിനമാണ്‌. `ജറുസലെമേ, ആനന്ദിക്കുക’ എന്ന പ്രവേശനഗീതത്തോടെയാണ്‌ ദിവ്യബലിയുടെ ആരാധനാക്രമം ആരംഭിച്ചത്‌. വിലാപത്തിലായിരിക്കുന്നവരോട്‌ ആനന്ദിച്ച്‌ ആര്‍പ്പു വിളിക്കാനുള്ള ആഹ്വാനമാണത്‌. അങ്ങനെയാണ്‌ ദിവ്യബലി ആരംഭിക്കുക. എന്താണ്‌ ഈ ആനന്ദത്തിനുള്ള കാരണം? അതിന്‌ ആസ്‌പദമായിരിക്കുന്ന കാര്യം, സുവിശേഷം നമ്മോടു പറയുന്നതുപോല മനുഷ്യവര്‍ഗത്തോടു ദൈവത്തിനുള്ള മഹത്തായ സ്‌നേഹമാണ്‌: `എന്തെന്നാല്‍, തന്നില്‍ വിശ്വസിക്കുന്നവരാരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്‌ തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.’ (യോഹ 3:16). നിക്കൊദേമൂസുമായുള്ള സംഭാഷണത്തിനിടയില്‍ യേശു പറയുന്ന ഈ വാക്കുകള്‍ ക്രിസ്‌തീയ പ്രഘോഷണത്തിന്റെ കേന്ദ്രമായ ആശയത്തെ സംഗ്രഹിക്കുന്നു. അത്‌ നമ്മുടെ ഏറ്റവും നിരാശാജനകമായ സാഹചര്യത്തില്‍പോലും രക്ഷയും ആനന്ദവും നല്‍കിക്കൊണ്ട്‌ ദൈവം ഇടപെടുന്നു എന്ന കാര്യമാണ്‌. വാസ്‌തവത്തില്‍, ദൈവം മാനവചരിത്രത്തിന്റെ ഓരംചേര്‍ന്നു നില്‍ക്കുകയല്ല, അതില്‍ പ്രവേശിച്ച്‌, നമ്മുടെ ജീവിതത്തിലേക്ക്‌ തന്നെത്തന്നെ ഇടകലര്‍ത്തി, അവിടുത്തെ കൃപയാല്‍ സജീവമാക്കി അതിനെ രക്ഷിക്കുകയാണ്‌.

നാം ഈ പ്രഘോഷണം ശ്രവിക്കുവാന്‍ വിളിക്കപ്പെടുന്നു, നമ്മെത്തന്നെ ഉറപ്പുള്ളവരായി പരിഗണിക്കുന്നതിന്‌, ദൈവത്തില്‍ നിന്നും അവിടുത്തെ വചനങ്ങളില്‍ നിന്നും പരിപൂര്‍ണവിടുതല്‍ അവകാശപ്പെടുന്നതിനുള്ള പ്രലോഭനത്തെ ഉപേക്ഷിച്ചുകൊണ്ട്‌. നമ്മള്‍ എന്താണെന്നു തിരിച്ചറിയുവാന്‍ നാം ധൈര്യം കണ്ടെത്തുന്നതെപ്പോഴാണോ – തീര്‍ച്ചയായും അതിനു ധൈര്യം ആവശ്യമുണ്ട്‌-അപ്പോള്‍ നാം തിരിച്ചറിയുകയാണ്‌, നമ്മുടെ തകര്‍ച്ചകളോടും പരിമിതികളോടും കൂടെ വിളിക്കപ്പെട്ടിരിക്കുന്ന ജനതയാണ്‌ നാമെന്ന്‌. നമ്മുടെ ആ ജീവിതം നാളെയെക്കുറിച്ചുള്ള ആശങ്കകളാലും ഉത്‌കണ്‌ഠകളാലും, രോഗത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള ഭയത്താലും കീഴടക്കപ്പെടുന്നതായി വന്നേക്കാം. എന്തുകൊണ്ടാണ്‌ അനേകം ആള്‍ക്കാര്‍ ഇതില്‍ നിന്നു പുറത്തുകടക്കാനായി ചില സമയങ്ങളില്‍ അപകടകരമായ കുറുക്കുവഴികള്‍ തേടി മയക്കുമരുന്നിന്റെ തുരങ്കത്തിലോ, അന്ധവിശ്വാസത്തിന്റെയോ വിനാശകരമായ ദുര്‍മന്ത്രവാദത്തിന്റെയോ പിടിയിലോ പെട്ടുപോകുന്നതെന്ന്‌ ഇവിടെ വിശദീകരിക്കപ്പെടുന്നുണ്ട്‌. തന്റെ പരിമിതികളും സ്വന്തം ബലഹീനതകളും നാം മനസിലാക്കണം. എന്നാല്‍, നിരാശപ്പെടുവാനല്ല, അവ ദൈവത്തിനു കാഴ്‌ചവയ്‌ക്കുവാനാണ്‌. അപ്പോള്‍ അവിടുന്നു നമ്മെ സഹായിക്കുകയും നമ്മെ തനിയേ വിടാതെ, നമ്മുടെ കരം ഗ്രഹിച്ചുകൊണ്ട്‌, സൗഖ്യത്തിന്റെ വഴി കാണിച്ചുതരികയും ചെയ്യും. എപ്പോഴും ദൈവം നമ്മോടുകൂടെയുണ്ട്‌; അതിനാലാണ്‌ ഇന്നു ഞാന്‍ സന്തോഷിക്കേണ്ടത്‌, നമ്മള്‍ സന്തോഷിക്കേണ്ടത്‌. `ജറുസലെമേ, ആനന്ദിക്കുക,` എന്തെന്നാല്‍ ദൈവം നമ്മോടുകൂടെയുണ്ട്‌.
നമ്മുടെ രക്ഷയ്‌ക്കായി തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം കരുണയില്‍ സമ്പന്നനായ ദൈവപിതാവിലുള്ള സത്യവും മഹത്തുമായ പ്രത്യാശ നമുക്കുണ്ട്‌; അതാണ്‌ നമ്മുടെ ആനന്ദം. ഒപ്പം നമുക്ക്‌ അനേകതരത്തിലുള്ള സങ്കടങ്ങളുണ്ട്‌. പക്ഷേ, സത്യക്രിസ്‌ത്യാനികളെന്ന നിലയില്‍ പ്രത്യാശയെന്ന ചെറിയ ആനന്ദം വളര്‍ന്ന്‌ നിങ്ങള്‍ക്ക്‌ സുരക്ഷിതത്വം പ്രദാനം ചെയ്യുന്നു. നമ്മുടെ പരിമിതികളാല്‍, നമ്മുടെ പാപങ്ങളാല്‍, നമ്മുടെ ബലഹീനതകളാല്‍ നാമൊരിക്കലും അധൈര്യപ്പെടരുത്‌. ദൈവം നമുക്കു സമീപസ്ഥനാണ്‌; നമുക്കു സൗഖ്യമേകാന്‍ യേശു ക്രൂശിന്മേലുണ്ട്‌. അതാണ്‌ ദൈവത്തിന്റെ സ്‌നേഹം. ക്രൂശിതരൂപത്തിലേക്കു നോക്കുക, എന്നിട്ട്‌ നമ്മുടെ ഉള്ളില്‍ പറയുക: `ദൈവം എന്നെ സ്‌നേഹിക്കുന്നു.’ നമുക്ക്‌ പരിമിതികളുണ്ട്‌, ബലഹീനതകളുണ്ട്‌, ഈ പാപങ്ങളുണ്ട്‌. എന്നാല്‍ അവിടുന്ന്‌ നമ്മുടെ പരിമിതികളെക്കാള്‍, ബലഹീനതകളെക്കാള്‍, പാപങ്ങളെക്കാള്‍ വലിയവനാണ്‌. ഇക്കാര്യം മറക്കാതിരിക്കുക. ദൈവം നമ്മുടെ ബലഹീനതകളെക്കാള്‍, നമ്മുടെ അവിശ്വസ്‌തതകളെക്കാള്‍, നമ്മുടെ പാപങ്ങളെക്കാള്‍ വലിയവനാണ്‌. നമുക്ക്‌ കര്‍ത്താവിനെ കരങ്ങളില്‍ സംവഹിച്ച്‌, ക്രൂശിതരൂപത്തില്‍ ദൃഷ്ടികളുറപ്പിച്ച്‌ മുന്നോട്ടു പോകാം.

മറിയം, കരുണയുടെ മാതാവ്‌, നാം ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവരാണെന്ന ഉറപ്പ്‌ നമ്മുടെ ഹൃദയങ്ങളില്‍ നിക്ഷേപിക്കട്ടെ. നാം തനിയെ ആണെന്നു തോന്നുന്ന വേളയില്‍, നമ്മുടെ ജീവിതത്തിലെ പ്രയാസങ്ങള്‍ക്ക്‌ അടിയറവു വയ്‌ക്കാന്‍ നാം പ്രലോഭിതരാകുന്ന വേളയില്‍ അവള്‍ നമ്മുടെ സമീപത്തുണ്ടായിരിക്കട്ടെ. ഈ നോമ്പുകാലയാത്ര ക്ഷമയുടെയും ഉപവിയുടെയും മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതിന്റെയും ആയിത്തീരാന്‍ യേശുവിന്റെ മനോഭാവങ്ങള്‍ ഞങ്ങളിലേക്ക്‌ അങ്ങു പകരണമേ.

-ഫാ. വില്യം നെല്ലിക്കല്‍


Related Articles

കുടുംബ സംഗമ വേദിയിൽ ഫ്രാൻസിസ് പാപ്പയോടൊപ്പം സെൽഫിയെടുത്ത് 12 വയസ്സുകാരി

ഡബ്ലിനിൽ ക്രോക്ക് പാർക്കിലെ കുടുംബ സംഗമ വേദിയിൽ പാപ്പയോടൊപ്പം സെൽഫി എടുക്കുവാൻ 12 വയസ്സുകാരി അലിസൺ നവിനു ഭാഗ്യം ലഭിച്ചു. പാപ്പയെ കാണുവാൻ വേദിയിലേക്ക് അനുവാദം ലഭിച്ച

ക്രിസ്തുമസ് ദിനത്തിൽ കൂടുതൽ ദിവ്യബലികൾ അർപ്പിക്കുവാൻ വൈദികർക്ക് ഫ്രാൻസിസ് പാപ്പ അനുവാദം നൽകി.

  കോവിഡ് 19 ൻറെ പശ്ചാത്തലത്തിൽ ക്രിസ്തുമസ് ദിനത്തിലും, ജനുവരി 1  (പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാൾ  ദിനത്തിലും) പ്രത്യഷീകരണ തിരുനാൾ (എപ്പിഫനി) ദിനത്തിലും കൂടുതൽ ദിവ്യബലികൾ അർപ്പിക്കുവാൻ

റോമിലെ ഒക്‌ടോബര്‍ വിസ്മയം

സുവിശേഷത്തിന്റെ ആനന്ദത്തിനു പകരം ലോകത്തിന്റെ പല ഭാഗത്തും ദൈവജനം കടുത്ത സങ്കടത്തിലും കോപത്തിലും നിരാശയിലുമാണ്ടിരിക്കെ, യുവജനങ്ങളും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും സംബന്ധിച്ച വിചിന്തനങ്ങള്‍ക്കായി സാര്‍വത്രിക കത്തോലിക്കാ സഭയിലെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*