മിക്കി മൗസ്‌ നവതിയിലേക്ക്: കളി എലിയോടോ?

മിക്കി മൗസ്‌ നവതിയിലേക്ക്: കളി എലിയോടോ?

 

കളിയായി ഒരാളുടെ തലക്കിട്ട് കിഴുക്കിയാല്‍ അധികൃതര്‍ ഇടപെടണമെന്നില്ല, കുറ്റവാളിയെ ശിക്ഷിക്കണമെന്നുമില്ല. പക്ഷേ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തിനോട് കളിച്ചാല്‍ കളിമാറിയെന്നിരിക്കും. ആരോപണവിധേയനായവനെ പടിയടച്ച് പിണ്ഡം വച്ചുകളയും. കഴിഞ്ഞ ദിവസം ചൈനയിലെ ഡിസ്‌നി വേള്‍ഡില്‍ മിക്കി മൗസിന്റെ തലക്കടിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്യുക മാത്രമല്ല മേലില്‍ പാര്‍ക്കിലേക്ക് പ്രവേശിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പും കൊടുത്തു. മിക്കി മൗസ് സാധാരണക്കാരനല്ലെന്നാണ് പാര്‍ക്കിന്റെ അധികൃതര്‍ പറയുന്നത്. അമേരിക്കക്കാരനാണെങ്കിലും ചൈനക്കാരനായി തന്നെയാണ് എലിക്കുട്ടനെ അവര്‍ കണക്കാക്കുന്നത്.
കാര്‍ട്ടൂണ്‍ കഥാപാത്രമായ എലിയാണെങ്കിലും ടിയാന് മനുഷ്യസ്വഭാവമാണുള്ളത്. തലമുറകളെ ചിരിപ്പിച്ച കുഞ്ഞനെലിക്ക് 90 വയസു തികയുകയാണ് നവംബര്‍ 18ന്. തൂണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിയാണ് മിക്കിയുടെ ജനനം. ഒരു ആനിമേഷന്‍ ചിത്രത്തിലെ പ്രധാന കഥാപാത്രം കോടതിക്കുള്ളില്‍ വട്ടംതിരിയേണ്ടി വന്നപ്പോള്‍ പകരക്കാരനായാണ് വാള്‍ട്ട് ഡിസ്‌നി മിക്കിമൗസിനെ സൃഷ്ടിച്ചത്. പില്‍ക്കാലത്ത് പകരക്കാരന്‍ പ്രധാന കഥാപാത്രമായും ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ മാധ്യമ-വിനോദ കോര്‍പറേഷനായ വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ വ്യാപാര മുദ്രയായും മാറിയെന്നത് ചരിത്രം.
കോമിക് പുസ്തകത്താളുകളില്‍ നിന്ന് ഷോര്‍ട്ട്ഫിലിമുകളിലേക്കും പിന്നീട് ഫീച്ചര്‍ സിനിമകളിലേക്കും മിക്കിമൗസ് ഓടിക്കയറിയത് അതിവേഗമായിരുന്നു. കൂടെയുണ്ടായിരുന്ന പൂച്ചയും നായയും മനുഷ്യനുമെല്ലാം ഏറെ പിന്നിലായി. ആദ്യചിത്രങ്ങളില്‍ മൂകനായിരുന്നു മിക്കി മൗസ.് ഒന്‍പതാമത്തെ ചിത്രം വരെ മിക്കി മൗസിന് സംഭാഷണങ്ങളില്ലായിരുന്നു. ആദ്യമായി മിക്കി സംസാരിച്ചു തുടങ്ങിയത് ഒന്‍പതാമത്തെ ചിത്രമായ ദി കാര്‍ണിവല്‍ കിഡ്(1929) മുതലായിരുന്നു.
ചുവന്ന ഷോര്‍ട്‌സും വലിയ മഞ്ഞ നിറത്തിലുള്ള ഷൂസും വെള്ള ഗ്ലൗസും അണിഞ്ഞ് മനുഷ്യന്റെ സ്വഭാവ സവിശേഷതകളും വികാരങ്ങളുമായി അവതരിക്കുന്ന ഒരു എലി 90 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളെയും മുതിര്‍ന്നവരെയും രസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 47 ബില്യന്‍ യൂറോ വാര്‍ഷിക വില്‍പനയുള്ള മാധ്യമ-വിനോദ കോര്‍പറേഷനായ വാള്‍ട്ട് ഡിസ്‌നി കമ്പിനിയുടെ വ്യാപാര മുദ്രയായും മാറിയിരിക്കുന്നു മിക്ക് മൗസ് എന്നു പേരുള്ള ഈ എലി.
മുയലിനു പകരം എലി
മിക്കി മൗസിന്റെ സൃഷ്ടി യാദൃഛികമായിരുന്നെങ്കിലും തലമുറകളെ സ്വാധീനിക്കുന്ന കുസൃതി നിറഞ്ഞ കാര്‍ട്ടൂണ്‍ കഥാപാത്രമായി മിക്കി മൗസ് മാറുകയായിരുന്നു. വാള്‍ട്ട് ഡിസ്‌നിയുടെ ‘ഓസ്‌വാള്‍ഡ് ദി ലക്കി റാബിറ്റ്’ എന്ന ആനിമേറ്റഡ് കാര്‍ട്ടൂണ്‍ കഥാപാത്രത്തിനു പകരക്കാരനായിട്ടാണു മിക്കി മൗസിനെ ആദ്യം രൂപകല്പന ചെയ്തത്. 1928-ല്‍ യുബ് ഐര്‍ക്‌സ് എന്ന അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റും വാള്‍ട്ട് ഡിസ്‌നിയും ചേര്‍ന്നാണു മിക്കി മൗസിനു ജന്മം കൊടുത്തത്. ഓസ്‌വാള്‍ഡ് ദി ലക്കി റാബിറ്റ് എന്ന ആനിമേറ്റഡ് കഥാപാത്രത്തിന്റെ പേരില്‍ വാള്‍ട്ട് ഡിസ്‌നിയും യൂണിവേഴ്‌സല്‍ സ്റ്റുഡിയോയും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. തര്‍ക്കത്തിനൊടുവില്‍ ഡിസ്‌നിക്ക് ഓസ്‌വാള്‍ഡിലുള്ള അവകാശം നഷ്ടപ്പെട്ടു. ഓസ്‌വാള്‍ഡിനെ നഷ്ടപ്പെട്ടതോടെ പുതിയൊരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ ഡിസ്‌നി തീരുമാനിച്ചു. അങ്ങനെയാണു മിക്കി മൗസ് ജന്മമെടുത്തത്. മോര്‍ട്ടിമെര്‍ മൗസ് എന്ന പേരാണ് ആദ്യം നല്‍കാന്‍ നിശ്ചയിച്ചതെങ്കിലും വാള്‍ട്ട് ഡിസ്‌നിയുടെ ഭാര്യ ആ പേരില്‍ ചില കുറവുകള്‍ കണ്ടെത്തി. മിക്കി എന്ന പേര് നിര്‍ദേശിച്ചതും ഡിസ്‌നിയുടെ ഭാര്യതന്നെയാണ്. മിക്കി മൗസ് എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം ആദ്യമായി അഭിനയിച്ച് പൂര്‍ത്തിയാക്കിയ ചിത്രം പ്ലെയ്ന്‍ ക്രേസിയായിരുന്നു. ഈ ചിത്രം വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസ് 1928-ല്‍ റിലീസ് ചെയ്തു. യുബ് ഐവര്‍ക്‌സും വാള്‍ട്ട് ഡിസ്‌നിയുമാണ് ഈ ആനിമേറ്റഡ് ഷോര്‍ട്ട് ഫിലം സംവിധാനം ചെയ്തത്. ഇതൊരു നിശബ്ദ ചിത്രമായിരുന്നു. 1928 മെയ് 15ന് പരീക്ഷണാര്‍ഥം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും വിതരണക്കാരനെ ലഭിക്കാത്തതിനാല്‍ ചിത്രം പുറത്തിറങ്ങിയില്ല. ദ ഗലൂപ്പിന്‍ ഗൗച്ചോ എന്ന രണ്ടാമത്തെ മിക്കി മൗസ് ചിത്രത്തിനും പ്ലെയ്ന്‍ ക്രേസിന്റെ ഗതി തന്നെയായിരുന്നു.
1928-ല്‍ വാള്‍ട്ട് ഡിസ്‌നിയും യുബ് ഐവര്‍ക്‌സ്‌യും ചേര്‍ന്നു സംവിധാനം ചെയ്ത സ്റ്റീംബോട്ട് വില്ലി ന്യൂയോര്‍ക്കിലെ കോളനി തിയേറ്ററില്‍ റിലീസ് ചെയ്തു. ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ വിജയത്തോടെ മിക്കി മൗസ് എന്ന കാര്‍ട്ടൂണ്‍ താരം ജനിച്ചു. മിക്കി മൗസിന്റെ കൂട്ടുകാരി മിന്നിയുടെ ആദ്യം ചിത്രവും ഇതു തന്നെയാണ്. ഇരുവരുടെയും ജന്മദിനമായി കരുതുന്ന്ത് ചിത്രം റിലീസ് ചെയ്ത 1928 നവംബര്‍ 18-ആണ്. സ്റ്റീംബോട്ട് വില്ലിക്കു ശേഷം മിക്കി മൗസ് ഏകദേശം 130 ചിത്രങ്ങളില്‍ അഭിനയിച്ചു. ദി ബാന്‍ഡ് കണ്‍സേര്‍ട്ട് (1935), ബ്രേവ് ലിറ്റില്‍ ടെയ്‌ലര്‍ (1938), ഫന്റാസിയ (1940) എന്നിവ പ്രധാന ചിത്രങ്ങളില്‍ ചിലതാണ്.
മിന്നിയെ മിന്നുചാര്‍ത്തി മിക്കി
അക്കാലത്ത് സിനിമയില്‍ വിവാഹ രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പതിവില്ലായിരുന്നു. ഡിസ്‌നിയാകട്ടെ തന്റെ കഥാപാത്രങ്ങളായ മിക്കി മൗസും കൂട്ടുകാരി മിന്നിയും വിവാഹിതരാകുന്നത് ഉള്‍പ്പെടുത്തി. 1928-ല്‍ പുറത്തിറങ്ങിയ ഇരുവരുടെയും ആദ്യചിത്രമായ സ്റ്റീംബോട്ട് വില്ലി മുതല്‍ മിക്കിയും മിന്നിയും ദമ്പതികളായി അവതരിച്ചു തുടങ്ങിയിരുന്നു. ഇതിലൂടെ കഥാപാത്രങ്ങള്‍ക്ക് ഒരു റൊമാന്റിക് സ്പര്‍ശം നല്‍കാന്‍ ഡിസ്‌നിക്കു സാധിച്ചു.
മിക്കി തീം ഹെഡ് ഫോണ്‍ ആപ്പിള്‍ പുറത്തിറക്കി
ഡിസ്‌നി കഥാപാത്രങ്ങളില്‍ ഏറ്റവും പ്രസിദ്ധനാണ് മിക്കി മൗസ്. അതുകൊണ്ടായിരിക്കണം മിക്കി മൗസിന്റെ തീമോടു കൂടിയ ഹെഡ് ഫോണ്‍ ആപ്പിള്‍ കമ്പനി പുറത്തിറക്കിയത്. മിക്കി മൗസിന്റെ 90-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മിക്കിയുടെ തീമുള്ള ആലമെേ ടീഹീ 3 വയര്‍ലെസ് ഹെഡ്‌ഫോണ്‍ ആപ്പിള്‍ അവതരിപ്പിച്ചു. ഈ ഹെഡ്‌ഫോണിന് 329.95 ഡോളറാണ് വില. മിക്കിയുടെയും മിന്നിയുടെയും വസ്ത്രങ്ങളും ഷൂസുകളും തൊപ്പികളും ലോകമെങ്ങും എപ്പോഴും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. നവതി പ്രമാണിച്ച് പ്രത്യേക വസ്ത്രങ്ങളും ആടയാഭരണങ്ങളും പുറത്തിറക്കുന്ന തിരക്കിലാണ് കമ്പനികള്‍.


Related Articles

മദര്‍ റെക്‌സിയാ മേരി വീണ്ടും എഫ്‌ഐഎച്ച് സുപ്പീരിയര്‍ ജനറല്‍

കൊല്ലം: വിമലഹൃദയ ഫ്രാന്‍സിസ്‌ക്കന്‍ സന്യാസ സഭ (എഫ്‌ഐഎച്ച് ) യുടെ സുപ്പീരിയര്‍ ജനറലായി മദര്‍ റെക്‌സിയാ മേരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എഫ്‌ഐഎച്ച് ജനറലേറ്റ് പാലത്തറയില്‍ നടത്തിയ പതിമൂന്നാമത്

ഡോ. ഡി. ബാബുപോള്‍ അതുല്യപ്രതിഭ -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: സമൂഹത്തിനും സഭയ്ക്കും മികച്ച സംഭാവനകള്‍ നല്‍കിയ അതുല്യപ്രതിഭയായിരുന്നു മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ എന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം.

അവധിക്കാലം കുട്ടികളുടെ പ്രഘോഷണകാലം

ഏപ്രില്‍-മെയ് മാസങ്ങളില്‍ വേനല്‍ക്കാല അവധിയാണ്. കുട്ടികള്‍ ഏറെ പങ്കും ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തുവാനും വിനോദങ്ങളില്‍ ഏര്‍പ്പെടുവാനും ഇഷ്ടപ്പെടുന്ന സമയം. എന്നാല്‍ ഇന്ന് കുട്ടികള്‍ക്ക് ആനന്ദകരമായ അവധിക്കാലം അപ്രത്യക്ഷമാകുകയാണ്.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*