Breaking News

മിന്നല്‍പ്രളയങ്ങള്‍ ഇനിയുമുണ്ടാകും

മിന്നല്‍പ്രളയങ്ങള്‍ ഇനിയുമുണ്ടാകും

തുലാവര്‍ഷത്തിന്റെ തുടക്കത്തിലെ ഒരൊറ്റ പെയ്ത്തില്‍ കൊച്ചി നഗരവും എറണാകുളം ഉള്‍പ്പെടെ സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പോളിംഗും മിന്നല്‍പ്രളയത്തിലാണ്ടുപോയി. കാല്‍നൂറ്റാണ്ടിനിടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ രാജ്യത്തുണ്ടായ ഏറ്റവും കനത്ത പേമാരി ഔദ്യോഗികമായി പെയ്‌തൊഴിഞ്ഞത് കഴിഞ്ഞ 16-ാം തീയതിയാണ്. നാലു മാസത്തെ പ്രധാന മണ്‍സൂണ്‍ മഴ 1961നുശേഷം ഇത്രയും വൈകി വിടവാങ്ങിയിട്ടില്ല. സ്‌കൈമെറ്റ് എന്ന സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയുടെ ഒക്‌ടോബര്‍ 21 വരെയുള്ള കണക്കുപ്രകാരം കേരളത്തിന് ഇക്കഴിഞ്ഞ മണ്‍സൂണില്‍ സാധാരണ ലഭിക്കുന്നതിനെക്കാള്‍ 40% അധികമഴ കിട്ടി. വടക്കുകിഴക്കന്‍ കാലവര്‍ഷം വന്നണയുന്നതാകട്ടെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെടുന്ന രണ്ട് ന്യൂനമര്‍ദങ്ങളുടെ സ്വാധീനത്തില്‍ റെക്കോഡ് മഴയുടെ റെഡ് അലര്‍ട്ട് ഇരമ്പലോടെയും.
ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയുടെ സന്ധ്യകളെക്കുറിച്ചുള്ള ജാഗ്രതാ മുന്നറിയിപ്പുകള്‍ക്കൊടുവില്‍ തുലാമഴയുടെ രംഗപ്രവേശം കിടിലം കൊള്ളിക്കുന്ന മിന്നല്‍പ്രളയത്തോടെയായത് ഓര്‍ക്കാപ്പുറത്താണ്. അടുത്ത കാലത്തായി രണ്ടു വലിയ പ്രളയദുരന്തങ്ങളെ അതിജീവിച്ച നാട്ടില്‍ ഒരൊറ്റ രാവു വെളുക്കുമ്പോഴേക്കും അതിതീവ്ര മഴയുടെ വെള്ളക്കെട്ട് ഒട്ടും നിനച്ചിരിക്കാത്ത ഇടങ്ങളിലും വ്യത്യസ്ത തലങ്ങളിലും ദുരിതക്കയങ്ങള്‍ സൃഷ്ടിച്ചു. കൊച്ചി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പല ഭാഗത്തും വീടുകളിലും സ്‌കൂളുകളിലും ചന്തയിലും കടകളിലും വെള്ളം കയറി. എംജി റോഡ്, ബാനര്‍ജി റോഡ്, ഷണ്‍മുഖം റോഡ്, ദേശീയ പാത തുടങ്ങി നഗരവീഥികളിലെല്ലാം ഓവുചാലുകളില്‍ നിന്നുള്ള മലിനജലം നിറഞ്ഞു. എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ രണ്ടടിയിലേറെ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് 10 മണിക്കൂറോളം ഈ ട്രങ്ക് ലൈനിലെ ട്രെയിന്‍ സര്‍വീസ് തടസപ്പെട്ടു. തിങ്കളാഴ്ച 16 ട്രെയിനുകള്‍ പൂര്‍ണമായും 30 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി; രണ്ടു ട്രെയിനുകള്‍ തിരിച്ചുവിട്ടു. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി, ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍-ഗുരുവായൂര്‍, ഷൊര്‍ണൂര്‍-എറണാകുളം, എറണാകുളം-ആലപ്പുഴ, കായംകുളം-എറണാകുളം, കൊല്ലം-കോട്ടയം, കോട്ടയം-കൊല്ലം പാസഞ്ചര്‍ എന്നിവ ചൊവ്വാഴ്ച റദ്ദാക്കി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ വെള്ളക്കെട്ടു മൂലം ബസ് സര്‍വീസുകളും അവതാളത്തിലായി. കലൂരില്‍ പത്ത് ഏക്കറോളം വരുന്ന കെഎസ്ഇബി സബ്‌സ്‌റ്റേഷനിലെ കണ്‍ട്രോള്‍ റൂമില്‍ വെള്ളം കയറി റിലേ പാനലും ബാറ്ററി പാനലും കേടായി. തിങ്കളാഴ്ച രാവിലെ 7.33ന് വൈദ്യുതി വിഛേദിച്ചതോടെ കലൂര്‍ ഭാഗത്തെ വൈദ്യുതി വിതരണം നിലച്ചു. 110 കെവി ലൈനും ഓഫാക്കേണ്ടിവന്നു.
എറണാകുളത്ത് ഉപതെരഞ്ഞെടുപ്പിനായി ഒരുക്കിയ 135 പോളിംഗ് ബൂത്തുകളില്‍ 11 എണ്ണം വെള്ളക്കെട്ടിലകപ്പെട്ടു. ഉച്ചവരെ തോരാതെ പെയ്ത മഴയില്‍ പോളിംഗ് ശതമാനം ഇടിഞ്ഞു. പോളിംഗ് 57.89% മാത്രമായി. 2016ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ 71.72 ശതമാനവും, ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 73.29 ശതമാനവുമായിരുന്നു എറണാകുളത്തെ പോളിംഗ്.
എറണാകുളത്ത് പേരണ്ടൂര്‍-തേവര കനാല്‍, പശ്ചിമ കൊച്ചിയില്‍ രാമേശ്വരം കനാല്‍ തീരത്തെ കോളനികള്‍ മുങ്ങി. കനാലുകളിലും തോടുകളിലും ജലപാതയിലും കലുങ്കുകളിലും ഓടകളിലും അടിഞ്ഞുകൂടിയ മാലിന്യവും ചളിയും പ്ലാസ്റ്റിക്കും കുളവാഴയും നിര്‍മാണത്തിനിടെ പുറംതള്ളുന്ന പാഴ്‌വസ്തുക്കളുമെല്ലാം ജലനിര്‍ഗമനത്തിനും ഒഴുക്കിനും തടസം സൃഷ്ടിക്കുന്നു. പ്രധാന കനാലുകളിലെയും ജലപാതകളിലെയും കൈയേറ്റങ്ങളും ഗുരുതരമായ പ്രശ്‌നമാണ്. കടല്‍നിരപ്പിനൊപ്പം താഴ്ന്നുകിടക്കുന്ന കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനും വേലിയേറ്റമിറക്കത്തില്‍ കനാലിലൂടെ കായല്‍ജലം കയറിയിറങ്ങിപ്പോകാനും ഹെവി ഡ്യൂട്ടി പമ്പുകളും ബണ്ടുകളും ചീപ്പു ചാല്‍ സംവിധാനവും ആവശ്യമാണ്. മഴക്കാലത്തിനു മുന്‍പ് കൊച്ചി നഗരസഭയും സമീപത്തെ മുനിസിപ്പാലിറ്റികളും ഗ്രാമപഞ്ചായത്തുകളും ഓടകളും കാനകളും ശുചിയാക്കുന്നതിന് കോടികള്‍ മുടക്കാറുണ്ട്. എന്നാല്‍ കാലവര്‍ഷത്തിന്റെ മുന്നൊരുക്കമെന്ന പേരില്‍ ബജറ്റില്‍ വകകൊള്ളിക്കുന്ന വന്‍തുക നഗരാസൂത്രണ ഭൂപടങ്ങളില്‍ അടയാളപ്പെടുത്തിയ ഉയര്‍ന്ന പ്രളയരേഖയുടെയും പ്രശ്‌നബാധിത മേഖലകളുടെയും ജലനിര്‍ഗമന ചാലുകളുടെയും അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ മാര്‍ഗരേഖകള്‍ക്ക് അനുസൃതമായാണോ വിനിയോഗിക്കപ്പെടുന്നത് എന്നു നിരീക്ഷിക്കാന്‍ സുസ്ഥിര സംവിധാനമൊന്നുമില്ല.
മെട്രോ റെയില്‍ നിര്‍മാണമാണ് നഗരത്തില്‍ വെള്ളക്കെട്ടിന് ഇടയാക്കിയതെന്ന കൊച്ചി കോര്‍പറേഷന്‍ അധികൃതരുടെ വാദം വിചിത്രമാണ്. മെട്രോ റെയില്‍ കടന്നുപോകാത്ത കോര്‍പറേഷന്‍ ഡിവിഷനുകളിലെ വെള്ളപ്പൊക്കത്തിന് ആരെയാവും പഴിക്കുക? പേരണ്ടൂര്‍ കനാല്‍ നവീകരണത്തിലും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിലും വന്നിട്ടുള്ള വീഴ്ചകള്‍ കേരള ഹൈക്കോടതിക്കു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കോര്‍പറേഷന്‍ കൗണ്‍സില്‍ പിരിച്ചുവിടാന്‍ സംസ്ഥാന ഗവണ്‍മെന്റിനു കഴിയില്ലേ എന്ന് സിംഗിള്‍ ബെഞ്ച് ചോദിച്ചത്.
കലൂര്‍ കെഎസ്ഇബി സബ് സ്റ്റേഷനിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ ജില്ലാ കലക്ടറും സിറ്റി പൊലീസ് കമ്മീഷണറും തഹസില്‍ദാരും ഇറിഗേഷന്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ‘ഓപ്പറേഷന്‍ ബ്രേക്ത്രൂ’ നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനായി പകല്‍ മുഴുവന്‍ കാത്തിരുന്നു എന്നതും അവിശ്വസനീയമാണ്. ‘മുഖ്യമന്ത്രിയുടെ നിര്‍ദേശമെത്തി; വെള്ളക്കെട്ട് ഒഴിഞ്ഞു’ എന്നാണ് ഭരണകക്ഷിയുടെ മുഖപത്രത്തിലെ വലിയ തലവാചകം. അഗ്നിശമന സേനയുടെ 10 ഹൈപ്രഷര്‍ പോര്‍ട്ടബിള്‍ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്ത് റോഡിലേക്കും സ്‌റ്റേഡിയം കലുങ്കിലേക്കും തിരിച്ചുവിടാനുള്ള ശ്രമത്തില്‍ വൈകുന്നേരം സ്‌റ്റേഡിയം ഭാഗത്തെ വാഹനഗതാഗതം നിയന്ത്രിച്ചിരുന്നു. പേരണ്ടൂര്‍ കനാലിലെ കൈയേറ്റങ്ങളും ജലനിര്‍ഗമനത്തിനു തടസം സൃഷ്ടിക്കുന്ന ബണ്ടുകളും പൊളിച്ചുനീക്കുന്നതിന് കലക്ടര്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രത്യേക അധികാരം ഉപയോഗിക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റിന്റെ ഇടപെടല്‍ വേണ്ടിവന്നുവത്രെ.
ഞായറാഴ്ച ഉച്ച മുതല്‍ തിങ്കളാഴ്ച ഉച്ചവരെ 24 മണിക്കൂറില്‍ എറണാകുളം സൗത്തില്‍ 197 മില്ലിമീറ്ററും കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ 160 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. ചാന്ദ്ര പ്രഭാവത്തില്‍ കടല്‍കയറിനില്‍ക്കുന്ന കടല്‍ക്കുത്ത് അവസ്ഥ പ്രളയജലം കായലിലേക്കു വലിക്കാതെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമായിരുന്നു. എന്തായാലും മഹാപ്രളയത്തിന്റെയും തുടരെത്തുടരെയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുടെയും പശ്ചാത്തലത്തില്‍ മിന്നല്‍പ്രളയങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇനിയും നമ്മള്‍ ഗൗരവതരമായി പഠിക്കേണ്ടിയിരിക്കുന്നു. ആഗോള താപനത്തിന്റെ ഒരു അടയാളം, ചുരുങ്ങിയ സമയത്ത് ചെറിയ ചുറ്റുവട്ടത്ത് അതിതീവ്രമായ പേമാരി പെയ്തിറങ്ങുന്നതും പിന്നെ വരള്‍ച്ചയുടെ നീണ്ട നാളുകളുമാണ്. ശാന്തസമുദ്രത്തിന്റെ മധ്യഭാഗത്തും കിഴക്കുമായി ഭൂമധ്യരേഖയോട് അടുത്തായുള്ള സമുദ്രജലം അസാധാരണമായി ചൂടാകുന്ന എല്‍ നിനോ പ്രതിഭാസം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ഗതിവിഗതികളുമായി ബന്ധപ്പെട്ടതാണ്. ഇക്കുറി എല്‍ നീനോ പ്രതിഭാസം മൂലം മണ്‍സൂണ്‍ മഴ കുറവായിരിക്കും എന്നാണ് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പും ലോകമെങ്ങുമുള്ള മറ്റ് ഏജന്‍സികളും ഉറപ്പിച്ചിരുന്നത്. എല്‍ നീനോ അപ്രത്യക്ഷമായിട്ടും ആഗസ്റ്റിലും സെപ്തംബറിലും ഇത്ര കനത്ത മഴ പെയ്യുമെന്ന് യാതൊരു സൂചനയുമില്ലായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സാഹചര്യങ്ങള്‍ അനുകൂലമായതിനെ തുടര്‍ന്നാണ് ഇക്കുറി മണ്‍സൂണ്‍ പ്രഭാവം ദീര്‍ഘനാളത്തേക്കു നിലനിന്നത്.
നെതര്‍ലന്‍ഡ്‌സില്‍ നിന്ന് രാജാവു വന്നാലേ മഴക്കാലത്ത് കുണ്ടും കുഴിയുമായ ഇവിടത്തെ റോഡുകളിലെ അറ്റകുറ്റപണിക്ക് അടിയന്തരമായി ഫണ്ട് അനുവദിക്കൂ എന്ന സ്ഥിതി എത്ര ഖേദകരമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിക്കുകയുണ്ടായി. മിന്നല്‍പ്രളയത്തില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ പണക്കാര്‍ക്ക് മറ്റു പല സങ്കേതങ്ങളുമുണ്ടാകാം, എന്നാല്‍ പാവപ്പെട്ടവര്‍ക്ക് അഭയമെവിടെയാണ് എന്നും കോടതി ചോദിക്കുന്നുണ്ട്.
താത്കാലിക ദുരിതാശ്വാസ നടപടിയുടെ മികവില്‍ രാഷ്ട്രീയം പറയുന്നതിനു പകരം പ്രകൃതിദുരന്തങ്ങളെ കുറെക്കൂടി യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാന്‍ നമുക്കാകണം. ഇതിനുള്ള പാഠങ്ങള്‍ നമുക്കു ചുറ്റുമുണ്ട്. ജപ്പാനിലെ ഷിസുവോക പ്രവിശ്യയില്‍ കഴിഞ്ഞ 12ന് കരയിലെത്തിയ ഹഗീബിസ് അവിടെ 60 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വിനാശകരമായ ചുഴലികൊടുങ്കാറ്റാണ്. മണിക്കൂറില്‍ 315 കിലോമീറ്റര്‍ വരെ പരമാവധി വേഗത്തില്‍, 60 മണിക്കൂറിലേറെ സമയം സൂപ്പര്‍ ടൈഫൂണ്‍ ശക്തി നിലനിര്‍ത്തി 1,400 കിലോമീറ്റര്‍ ചുറ്റളവില്‍ ആഞ്ഞടിച്ച ആ ചുഴലിക്കാറ്റിനൊപ്പം 922.5 മില്ലിമീറ്റര്‍ മഴ പെയ്തു. ഹഗീബിസിനു തൊട്ടു മുന്‍പ് ഫക്‌സായി ചുഴലിയുടെ പ്രഹരവും ഈ മേഖല ഏറ്റുവാങ്ങിയിരുന്നു. ഈയാഴ്ച മറ്റൊരു ചുഴലിക്കാറ്റ്, നിയോഗുരി, മണിക്കൂറില്‍ 162 കിലോമീറ്റര്‍ വേഗവും ചുഴലിക്കണ്ണില്‍ 985 ഹെക്‌റ്റൊപാസ്‌കല്‍സ് മര്‍ദവുമായി ടോക്കിയോയുടെ തെക്കുപടിഞ്ഞാറു തീരത്തേക്ക് നീങ്ങുന്നുണ്ട്. തൊട്ടു പിന്നാലെ 180 കിമീ വേഗമുള്ള കാറ്റും ചുഴലിക്കണ്ണില്‍ 970 എച്ച്പാ മര്‍ദവുമായി ബുവലോയി ടൈഫൂണും എത്തും. അതിതീവ്ര മഴയും പ്രളയവും മണ്ണിടിച്ചിലുമൊക്കെ അതിജീവനത്തിന്റെ സാമൂഹികപാഠങ്ങളാകുന്നത് എങ്ങനെയെന്ന് ജപ്പാന്‍കാര്‍ നമുക്കു പറഞ്ഞുതരും.


Tags assigned to this article:
kochi flood

Related Articles

സിനഡ് സഹയാനത്തിലെ സിപിഎം

  മുന്‍മൊഴി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷമുള്ള പതിനാറാമത് സാധാരണ സിനഡിനുള്ള ആഹ്വാനം റോമന്‍ കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പാ പുറപ്പെടുവിച്ചിരിക്കുന്നു. 2021 ഒക്ടോബര്‍ മുതല്‍ 2023

അതിരുകടക്കുന്ന അപ്പോളജറ്റിക്‌സുകള്‍

വാളെടുക്കുന്നവര്‍ എല്ലാവരും വെളിച്ചപ്പാടുകളാകുന്നതു പോലെയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ അപ്പോളജറ്റിക്സുകള്‍. തങ്ങളുടെ മതങ്ങളുടെ സംരക്ഷണം സ്വയം ഏറ്റെടുത്തുകൊണ്ട് അവര്‍ അപ്പോളജറ്റിക്സ് അഥവാവിശ്വാസ സമര്‍ത്ഥനം എന്ന പേരില്‍ സഹജ വിദ്വേഷവും

തടയേണ്ടത് അമിത ചൂഷണവും കടല്‍ക്കൊള്ളയും

പടിഞ്ഞാറന്‍ തീരത്ത് മത്സ്യപ്രജനനം നടക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കണക്കാക്കി കേരളതീരത്തു നിന്ന് 12 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ ട്രോളിംഗ് ബോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന മത്സ്യബന്ധന നിരോധനം ഇക്കുറി അഞ്ചു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*