മിരിയാമിനു ലഭിച്ച ശിക്ഷ

മിരിയാമിനു ലഭിച്ച ശിക്ഷ

ഇസ്രായേല്‍ ജനം ഈജിപ്തില്‍ അടിമത്തത്തില്‍ കഴിയുന്ന വേളയില്‍ മോശ ഒരു ഈജിപ്തുകാരനെ വധിച്ചിരുന്നു. അയാള്‍ തന്റെ സഹോദരരെ ഉപദ്രവിക്കുന്നതുകണ്ട് സഹിക്കാതെയാണ് മോശ ഈ കൊടുംപാതകം ചെയ്തത്. പിന്നീടയാള്‍ ഭയപ്പെട്ട് മിദിയാന്‍ എന്ന പ്രദേശത്തേക്ക് ഓടിപ്പോയി. ദൈവം ഇസ്രായേല്‍ ജനത്തെ രക്ഷിക്കാന്‍ മോശയെ തെരഞ്ഞെടുക്കുന്നതിനു മുമ്പായിരുന്നു ഇത് (പുറ 2:11-25). മിദിയാനിലെ പുരോഹിതനായിരുന്ന ജത്രോ തന്റെ മകള്‍ സിപ്പോറയെ മോശയ്ക്ക് വിവാഹം ചെയ്തുകൊടുത്തു. മോശയ്ക്ക് സിപ്പോറയെ കൂടാതെ മറ്റു ഭാര്യമാരുണ്ടായിരുന്നോ എന്ന് ബൈബിളില്‍ വ്യക്തമായ സൂചനയില്ല.
മോശയെ ദൈവം ഈജിപ്തിലെ രാജാവായിരുന്ന ഫറവോയുടെ അടിമത്തത്തില്‍ നിന്നും ഇസ്രായേല്‍ ജനത്തെ മോചിപ്പിക്കാന്‍ തെരഞ്ഞെടുക്കുകയും മോശയും സഹോദരനായ അഹറോനും സഹോദരി മിരിയാമും ദൈവജനത്തെ വാഗ്ദാത്ത ഭൂമിയിലേക്കു നയിക്കാന്‍ നിയോഗിക്കപ്പെടുകയും ചെയ്തു. നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ മിരിയാം ഇസ്രായേലിലെ ആദ്യത്തെ പ്രവാചികയായിരുന്നു. സ്ത്രീകളെയും കുട്ടികളെയും ദൈവവചനങ്ങള്‍ പഠിപ്പിക്കാനുള്ള ചുമതലയും അവള്‍ക്കായിരുന്നു. തന്റെ ചുമതലകള്‍ ദൈവത്തിന് ഹിതകരമായ വിധത്തില്‍ മിരിയാം ഭംഗിയായി നിര്‍വഹിച്ചുകൊണ്ടിരുന്നു.
ഈജിപ്തില്‍ നിന്ന് ഇസ്രായേല്‍ ജനം പുറപ്പെട്ടിട്ട് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു. ജനങ്ങള്‍ പലപ്പോഴും ദൈവത്തെ ദ്വേഷിക്കുകയും അവിടുന്ന് അവരോട് കോപത്തോടെ പെരുമാറുകയും ചെയ്തുപോന്നു. ജനത്തിനും ദൈവത്തിനും ഇടയിലുള്ള മധ്യവര്‍ത്തികൂടിയായിരുന്നു പ്രവാചകരായ മോശയും അഹറോനും മിരിയാമും. എന്നാല്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവന്‍ മോശ തന്നെയായിരുന്നു. മോശയോട് ദൈവം നേരിട്ടു സംസാരിക്കുകയും മറ്റു പ്രവാചകര്‍ക്ക് സ്വപ്‌നദര്‍ശനങ്ങള്‍ നല്കുകയുമായിരുന്നു പതിവ്. തന്റെ ജനത്തിന്റെ മുഴുവന്‍ ചുമതലയും ദൈവം മോശയെയാണ് ഏല്പിച്ചിരുന്നത്. അഹറോനും മിരിയാമും അടക്കമുള്ള മറ്റു പ്രവാചകരും നേതാക്കളും മോശയെ സഹായിക്കുവാനാണ് വിളിക്കപ്പെട്ടിരുന്നത്.
ക്രമേണ മിരിയാമില്‍ സഹോദരനായ മോശയെക്കുറിച്ച് അസൂയ ജനിച്ചു. മോശയുടെ ഭാര്യയയെ പ്രതി (മോശയുടെ ഭാര്യയെ കുഷ്യസ്ത്രീ എന്നാണ് ഇവിടെ വിശേഷിപ്പിച്ചിരിക്കുന്നത്. എത്യോപ്യക്കാരെയാണ് കുഷ്യ എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്. സിപ്പോറയെയാണോ ഇവിടെ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല (സംഖ്യ 12: 20-1) മിരിയാമും അഹറോനും മോശക്കെതിരെ സംസാരിച്ചു: കര്‍ത്താവ് മോശവഴി മാത്രമാണോ സംസാരിച്ചിട്ടുള്ളത്? ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലേ എന്നവര്‍ ചോദിച്ചു. കേള്‍ക്കുമ്പോള്‍ അത്ര വലിയ കുറ്റമായി ഈ പരദൂഷണത്തെ നമുക്ക് കാണാന്‍ കഴിയില്ല. നമ്മില്‍ പലരും മറ്റുള്ളവരെക്കുറിച്ച് ദിവസവും കുറ്റംപറയുന്നവരായതുകൊണ്ടാണിത്. എല്ലാം അറിയുകയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ദൈവം മിരിയാമിന്റെയും അഹറോന്റെയും നിന്ദാവചനം കേട്ടു. ദൈവം മോശയോടും അഹറോനോടും മിരിയാമിനോടും കൂടാരത്തിനു പുറത്തേക്ക് വരാന്‍ കല്പിച്ചു.
അവര്‍ കൂടാരത്തിനു പുറത്തെത്തിയപ്പോള്‍ ദൈവം അവിടെ പ്രത്യക്ഷപ്പെട്ടു. അഹറോനോടും മിരിയാമിനോടും മുന്നോട്ടു വരാന്‍ അവിടുന്ന് ആവശ്യപ്പെട്ടു. അവര്‍ അനുസരിച്ചു. ദൈവം അവരെ കഠിനമായി ശകാരിച്ചു. താനും മോശയുമായുള്ള ബന്ധം ദൈവം അവരെ ബോധ്യപ്പെടുത്തി. എന്റെ ദാസനായ മോശയ്‌ക്കെതിരായി സംസാരിക്കാന്‍ നിങ്ങള്‍ ഭയപ്പെടാതിരുന്നതെന്ത് എന്നു ചോദിച്ചിട്ട് ദൈവം അവരെ വിട്ടുപോയി.
മേഘസ്തംഭത്തിനുള്ളില്‍ ദൈവം മറഞ്ഞപ്പോള്‍ അഹറോന്‍ തിരിഞ്ഞ് സഹോദരിയെ നോക്കി. അവള്‍ കുഷ്ഠരോഗിയായി തീര്‍ന്നിരുന്നു. അക്കാലത്ത് ശപിക്കപ്പെട്ട രോഗമായിട്ടാണ് കുഷ്ഠരോഗത്തെ കണ്ടിരുന്നത്. ദൈവം തന്നെ ഈ രോഗത്തെക്കുറിച്ച് ഇസ്രായേല്‍ ജനത്തിന് മുന്നറിയിപ്പുകള്‍ നല്കുന്നുണ്ട് (ത്വക്‌രോഗങ്ങള്‍ ലേവ്യര്‍ 12-13).
മിരിയാമിന്റെ മഞ്ഞുപോലെ വെളുത്തദേഹം കണ്ട് അഹറോന്‍ ഭയപ്പെട്ടു. അഹറോന്‍ മോശയോട് മിരിയാമിനെ ദൈവകോപത്തില്‍ നിന്നും രക്ഷിക്കാന്‍ അപേക്ഷിച്ചു. മോശയ്ക്കും സഹോദരിയുടെ നിലകണ്ട് ഏറെ വിഷമമുണ്ടായി. തന്നെ മരണത്തില്‍ നിന്നും രക്ഷിച്ച മൂത്ത സഹോദരിയ്ക്ക് ജനം മുഴുവന്‍ വെറുക്കുന്ന രോഗം ബാധിച്ചതില്‍ മോശ സങ്കടപ്പെട്ടു. മോശ നിലവിളിച്ചുകൊണ്ട് കര്‍ത്താവിനെ വിളിക്കുകയും മിരിയാമിനെ സുഖപ്പെടുത്തുവാന്‍ കേണപേക്ഷിക്കുകയും ചെയ്തു. ദൈവം മോശയുടെ വിലാപം ശ്രവിച്ചു. മിരിയാമിനെ 7 ദിവസം കൂടാരത്തിന് വെളിയില്‍ താമസിപ്പിക്കുവാന്‍ അവിടുന്ന് ആവശ്യപ്പെട്ടു. ഏഴു ദിവസത്തെ ശിക്ഷകഴിഞ്ഞപ്പോള്‍ മിരിയാം സുഖംപ്രാപിച്ചു.
അവളുടെ മനസിനെ ബാധിച്ചിരുന്ന രോഗത്തെയാണ് ദൈവം യഥാര്‍ഥത്തില്‍ സുഖപ്പെടുത്തിയത്. മിരിയാമിനെ ഇസ്രായേല്‍ ജനം ഏറെ ബഹുമാനിച്ചിരുന്നു. മിരിയാം ദൈവകോപത്തിന്നിരയായി കൂടാരത്തില്‍ നിന്നും നിഷ്‌കാസിതയായപ്പോള്‍ തങ്ങളുടെ യാത്രക്കിടയിലെ 7 ദിവസം അവര്‍ അവള്‍ക്കായി മാറ്റിവച്ചു. അവളെ തിരികെ കൂടാരത്തില്‍ പ്രവേശിപ്പിക്കുന്നതുവരെ ജനം യാത്രപുറപ്പെട്ടില്ല. ജനം അവളെ കൂടുതല്‍ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തതുകൊണ്ടായിരിക്കണം ദൈവം മിരിയാമിനെ ക്ഷണവേഗത്തില്‍ ശിക്ഷിച്ചത്. ഏറ്റവും ഉന്നതസ്ഥാനീയര്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ ക്ഷമിച്ചാല്‍ അവര്‍ കൂടുതല്‍ വലിയ തെറ്റുകളിലേക്കു പോകാനുള്ള സാധ്യത ഏറെയാണല്ലോ.
കാനാന്‍ ദേശത്തേക്കുള്ള യാത്രക്കിടയില്‍ സീന്‍ മരുഭൂമിയിലെ കാദെഷില്‍ വച്ചാണ് മിരിയാം മരിക്കുന്നത്. അവളെ അവിടെ സംസ്‌കരിക്കുകയും ചെയ്തു. മിരിയാമിന്റെ മരണവാര്‍ത്ത (സംഖ്യ 20:1-2) പ്രഖ്യാപിച്ചയുടനെ, അവിടെ ജനത്തിന് വെള്ളം ലഭിച്ചില്ല എന്ന വാക്യമാണ് അടുത്തതായി ബൈബിളിലുള്ളത്. ജനമപ്പോള്‍ മോശയ്ക്കും അഹറോനുമെതിരായി ശബ്ദമുയര്‍ത്തുകയും ദൈവം പാറയില്‍ നിന്ന് ജനത്തിന് വെള്ളം നല്കുകയും ചെയ്തു. വാമൊഴിയായി കൈമാറിപ്പോന്ന ജൂതനിയമങ്ങളുടെ സമാഹാരമായ താല്‍മൂദില്‍ മിരിയാമിന്റെ കിണറിനെക്കുറിച്ചുള്ള പരാമര്‍ശം കാണാം. ഇസ്രായേല്‍ ജനം ഈജിപ്തില്‍ നിന്നും പുറപ്പെട്ടപ്പോള്‍ തന്നെ ഒരു പാറയുടെ രൂപത്തില്‍ മിരിയാമിന്റെ കിണര്‍ അവരോടൊപ്പം സഞ്ചരിച്ചു. മിരിയാം മരിച്ചപ്പോള്‍ ഈ കിണര്‍ അപ്രത്യക്ഷമാകുകയും ദൈവം വീണ്ടും മോശയും അഹറോനും വഴി പാറയില്‍ നിന്നും ജലം പുറപ്പെടുവിക്കുകയുമായിരുന്നുവെന്നാണ് ഈ വിശദീകരണം. 16-ാം നൂറ്റാണ്ടില്‍ ഇസ്രായേലിലെ കിണറെറ്റ് (ഗശിിലൃല)േ എന്ന പ്രദേശത്ത് മിരിയാമിന്റെ കിണറുണ്ടായിരുന്ന സ്ഥാനം കണ്ടെത്തിയെന്ന് യഹൂദര്‍ അവകാശപ്പെടുന്നു.


Related Articles

നേരിന്റെ മൂര്‍ച്ചയില്‍ വെട്ടിതിളങ്ങിയ വാക്കുകള്‍

സാധാരണക്കാര്‍ക്കുവേണ്ടി ചിന്തിക്കാനും നിലകൊള്ളാനും കഴിഞ്ഞിരുന്ന കെ.എം റോയ് എന്ന പത്രപ്രവര്‍ത്തകന്‍ ഇനിയില്ല. എട്ടു വര്‍ഷം മുമ്പ് പക്ഷാഘാതത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്ന് ശയ്യാവലംബനാകുന്നതുവരെ ചുറുചുറുക്കിന്റെ പര്യായമായിരുന്നു റോയ്. മലയാളത്തിലും

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

മാനവസ്നേഹത്തിന്റെ ഉടമ്പടി പുതുക്കാന്‍

സാഹോദര്യം ഫ്രാന്‍സിസ് പാപ്പായുടെ ഏഴു വര്‍ഷത്തെ ശ്ലൈഹികവാഴ്ചയുടെ മൂലമന്ത്രവും ഫലശ്രുതിയുമാണ്. മഹാചാര്യപദവിയിലിരുന്നുള്ള അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ സാരസംഗ്രഹവും സംക്ഷേപവുമായാകും ‘സോദരര്‍ സര്‍വരും’ (ഫ്രതേല്ലി തൂത്തി) എന്ന മൂന്നാമത്തെ ചാക്രികലേഖനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*