മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥ

മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥ

ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും ദൈവത്തിന്റെ സാന്നിധ്യം ദര്‍ശിക്കാന്‍ ആ കുടുംബത്തിന് കഴിഞ്ഞിരുന്നു. ”ധാന്യങ്ങള്‍ നിറഞ്ഞ വയലും പുഷ്പങ്ങള്‍ നിറഞ്ഞ തോട്ടങ്ങളും മാത്രമല്ല ദുഃഖങ്ങളും വേദനകളും നിറഞ്ഞ മുള്‍പ്പടര്‍പ്പുകളും ലോകത്തുണ്ടെന്ന്” മാര്‍ട്ടിന്‍ മക്കളെ പഠിപ്പിച്ചു. മക്കളുടെ നിസാര ആവശ്യങ്ങളില്‍ പോലും പ്രത്യേക ശ്രദ്ധ ചെലുത്തിയ മാര്‍ട്ടിന്‍ സ്‌നേഹത്തിന്റെ സുരക്ഷയാണ് ഭവനത്തില്‍ ഒരുക്കിയത്. സ്‌നേഹത്തിന്റെ സമൃദ്ധിയില്‍ നിന്നാണ് ദൈവം സ്‌നേഹനിധിയായ പിതാവാണെന്ന ബോധ്യം കൊച്ചുത്രേസ്യയില്‍ രൂഢമൂലമായത്. ക്രിസ്തു കുടുംബനാഥനാണെന്ന വിശ്വാസത്തില്‍ മുദ്രിതമായ ബുദ്ധിമുട്ടുകളിലും കഷ്ടപ്പാടുകളിലും ദൈവഹിതമറിഞ്ഞ് ലൂയിമാര്‍ട്ടിന്റെ കുടുംബം ജീവിച്ചു. കുടുംബ സദസ്സുകള്‍ പരസ്പര അംഗീകാരത്തിന്റെയും പ്രോത്സാഹനത്തിന്റെയും തിരുത്തലുകളുടെയും വേദിയായിത്തീര്‍ന്നു. എല്ലാ കാര്യങ്ങളിലും ദൈവപരിപാലന ദര്‍ശിച്ച് മുന്നോട്ടുപോയ കുടുംബത്തില്‍ നിന്ന് വിശുദ്ധ പിറന്നതില്‍ അത്ഭുതത്തിന് അവകാശമില്ല.
ദൈവവിളിയുടെ വിളനിലമായിരുന്നു ലൂയിമാര്‍ട്ടിന്റെ കുടുംബം. ഇദ്ദേഹത്തിന്റെ ജീവിച്ചിരുന്ന 5 പെണ്‍മക്കളും ദൈവവിളി സ്വീകരിച്ച് സമര്‍പ്പിത ജീവിതത്തിലേക്ക് കടന്നുവന്നു. മാതാപിതാക്കളുടെ സ്‌നേഹവും സഹോദരിമാരുടെ കൂട്ടായ്മയും സന്യാസ ജീവിതം തെരഞ്ഞെടുക്കാന്‍ കൊച്ചുറാണിയെ പ്രചോദിപ്പിച്ചു. എല്ലാ മനുഷ്യരെയും സ്‌നേഹപിതാവിന്റെ ഭവനത്തിലേക്ക് ആനയിക്കണമെന്നവള്‍ തീവ്രമായി അഭിലഷിച്ചു. തന്നെ പൂര്‍ണ്ണമായി ദൈവപിതാവിന് സമര്‍പ്പിക്കാനുള്ള തീരുമാനം മാര്‍ട്ടിനെ കൊച്ചുത്രേസ്യ അറിയിച്ച സന്ദര്‍ഭം വികാരസാന്ദ്രമായിരുന്നു. മക്കളുടെ തീരുമാനത്തെ മൗനംകൊണ്ട് അംഗീകരിച്ച പിതാവ്, മകളെ സ്‌നേഹയാഗമായി പരമപിതാവിന് സമര്‍പ്പിക്കാന്‍ സന്നദ്ധനായി. 15 വയസ്സുള്ള പെണ്‍കുട്ടിയെ മഠത്തിലേക്ക് പറഞ്ഞുവിടുന്നതില്‍ ചില ബന്ധുക്കള്‍ക്ക് എതിര്‍പ്പായിരുന്നു.
21 വയസ്സ് തികയാതെ കന്യകാമഠത്തില്‍ ചേരാന്‍ നിയമമനുവദിച്ചിരുന്നില്ല. പ്രത്യേക അനുവാദം തേടാന്‍ ലൂയിമാര്‍ട്ടിനും കൊച്ചുത്രേസ്യയും ദീര്‍ഘയാത്ര നടത്തി, റോമിലെത്തി ലിയോ പതിമൂന്നാമന്‍ പാപ്പായെ കണ്ടു. ലിസ്യുവില്‍ തിരിച്ചെത്തിയപ്പോള്‍ ഏറെ സന്തോഷകരമായ ആ വാര്‍ത്ത ശ്രവിച്ചു. മഠത്തില്‍ ചേരാനുള്ള അനുവാദം ലഭിച്ചുവെന്ന്! ഈ വാര്‍ത്ത അവളെ അത്യന്തം ആനന്ദിപ്പിച്ചു. ലെബ്യുസൊണാ ഭവനത്തിന്റെ പടിവാതിലുകളിറങ്ങി 1888ല്‍ ഏപ്രില്‍ ഒന്‍പതിന് കര്‍മ്മലമഠമാകുന്ന വലിയ കുടുംബത്തില്‍ അംഗമായി. വീട്ടിലനുഭവിച്ച സന്തോഷവും സമാധാനവും സ്‌നേഹവും കര്‍മ്മലമഠത്തില്‍ പങ്കുവയ്ക്കാന്‍ ദൈവം അവള്‍ക്ക് അവസരം ഒരുക്കി. സന്യാസത്തിന്റെ കാര്‍ക്കശ്യം ഉള്‍ക്കൊണ്ട് ചിട്ടകള്‍ സ്‌നേഹത്തോടെ സ്വീകരിച്ചു, സഹനത്തിന്റെ നറുമലരുകള്‍ കര്‍മ്മലാരാമത്തില്‍ നട്ടുനനച്ചു പരിപാലിച്ചു.
കൊച്ചുത്രേസ്യ സഞ്ചരിച്ച വഴികളുടെ ദൈര്‍ഘ്യം തീരെ കുറവായിരുന്നു. സന്യാസ ജീവിതത്തില്‍ പ്രവേശിച്ചശേഷം കര്‍മ്മലമഠം വിട്ടു പുറത്തിറങ്ങിയിട്ടില്ല. മരണം വരെ അവളെപ്പറ്റി ലോകത്തിന് യാതൊരറിവും ലഭ്യമായിരുന്നില്ല. സ്ഥാനമാനങ്ങളൊന്നും അവള്‍ ആഗ്രഹിച്ചിരുന്നില്ല. നിസാര കാര്യങ്ങളില്‍ വിശ്വസ്തയായിരുന്നുകൊണ്ട് സ്വര്‍ഗത്തില്‍ പുണ്യങ്ങളുടെ കരുതല്‍ ശേഖരം വര്‍ദ്ധിപ്പിച്ചു. തന്റെ കൊച്ചുമുറി പ്രേക്ഷിത പ്രവര്‍ത്തനങ്ങളുടെ ഊര്‍ജ്ജ സംഭരണിയായി മാറ്റി. ഇവിടെ ഇരുന്നുകൊണ്ട് മിഷന്‍ മേഖലകളിലേക്ക് വിശ്വാസ ഊര്‍ജ്ജം പ്രസരിപ്പിച്ചു. ”എല്ലാ പ്രവൃത്തികളും ദൈവമെ നിനക്കുവേണ്ടിമാത്രം”-ഇതായിരുന്നു വിശുദ്ധയുടെ മന്ത്രം. ആത്മാക്കളെ നേടാനുള്ള അവരുടെ തീക്ഷണത മൂലം വിദൂരദേശങ്ങളില്‍, പ്രത്യേകിച്ച് ഭാരതം പോലുള്ള മിഷന്‍ നാടുകളില്‍ വേല ചെയ്യുന്ന മിഷണറിമാരുമായി പ്രാര്‍ത്ഥനയില്‍ ഐക്യപ്പെട്ടു. രോഗങ്ങളും വേദനകളും തന്റെ നാഥന് സന്തോഷപൂര്‍വ്വം സമര്‍പ്പിച്ചു. സഹനത്തിന്റെ ബലിവേദിയില്‍ ആത്മാക്കളുടെ രക്ഷക്കായി തന്റെ ജീവിതം സമര്‍പ്പിച്ചു.
കേവലം 24 വര്‍ഷം നീണ്ടുനിന്നു ഈ കന്യകയുടെ നിശബ്ദ ജീവിതം! അതില്‍ 15 വര്‍ഷം സ്വന്തം ഭവനത്തിലും ഒന്‍പതു വര്‍ഷം കന്യാകാമഠത്തിലുമായി ജീവിച്ചു. ആരാലും അറിയപ്പെടാതെ ജീവിക്കാനാഗ്രഹിച്ച ഈ സാധാരണ കന്യാസ്ത്രീയെ മരിച്ചശേഷം ലോകം ശ്രദ്ധിച്ചു. നന്മയുടെ കൊച്ചു സൂനങ്ങള്‍ വിരിയിച്ച വിശുദ്ധ കൊച്ചുത്രേസ്യ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനോടൊപ്പം സ്വര്‍ഗത്തിലിരുന്ന് അനുഗ്രഹ പുഷ്പങ്ങള്‍ പൊഴിക്കുന്നു.


Related Articles

ഫാറ്റിമ ആശുപത്രിക്ക്‌ ഡയാലിസിസ് ഉപകരണം നൽകി

കൊച്ചി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി നടത്തിവരുന്ന സൗജന്യ ഡയാലിസിസ് പദ്ധതിക്ക് സംഭവനയായി ലഭിച്ച പുതിയ ഡയാലിസിസ് യന്ത്രത്തിന്റെ ഉദ്ഘാടനകര്‍മം കെ.ജെ.മാക്‌സി എംഎല്‍എ നിര്‍വഹിക്കുന്നു.

നന്മയിൽ വിരിഞ്ഞ ഭവനം

*നന്മയിൽ വിരിഞ്ഞ ഭവനം വർഷങ്ങളായി എറിയാടുള്ള ജോസഫീന ചേച്ചിക്ക് സ്വന്തമായി വീടില്ലായിരുന്നു, ഷീറ്റ് കൊണ്ട് മറച്ച ഒരു സംവിധാനത്തിലായിരുന്നു ചേച്ചിയുടെ താമസം.   സ്വന്തമായി ഒരു തുണ്ട്

പൊലിയുന്ന ഗള്‍ഫ് സ്വപ്‌നം

മലയാളികളുടെ സ്വപ്‌നഭൂമിയായിരുന്ന അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ വലിയ തോതില്‍ നാട്ടിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് കൊവിഡ് കാലത്ത് കാണാനാകുന്നത്. അന്യദേശത്തെ അരക്ഷിതാവസ്ഥയില്‍ നിന്ന് പിറന്നനാടിന്റെ ദുരവസ്ഥയിലേക്കുതന്നെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*