മീട്ടാത്ത തംബുരു

ഭൂമിയുടെ അതിരുകള്‍ക്കപ്പുറത്തു നടക്കുന്ന ചില സംഭവങ്ങളെക്കുറിച്ച് 2018 ജൂലൈ 23ലെ നേച്വര്‍ അസ്ട്രോണമി ജേര്‍ണലില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മിഷിഗന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷണവിദ്യാര്‍ത്ഥികളായ ഡോ. എറിക് ബെല്ലും ഡോ. റിച്ചാര്‍ഡ് ഡിസൂസയും ചേര്‍ന്നാണ് ഈ ലേഖനം എഴുതിയത്. ആകാശഗംഗയിലെ തന്റെ കൂടപ്പിറപ്പായിരുന്ന ആന്ഡ്രോമെഡയില് നിന്നു രണ്ടു ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വിഘടിച്ചുപോന്ന ക്ഷീരപഥത്തെക്കുറിച്ചായിരുന്നു ആഗോള ശ്രദ്ധയാകര്‍ഷിച്ച ഈ ലേഖനം. ലേഖനത്തോളം തന്നെ കൗതുകമുണര്‍ത്തിയ വസ്തുതയായിരുന്നു ഗവേഷകരിലൊരാളായ റിച്ചാര്‍ഡ് ഡിസൂസ ഇന്ത്യക്കാരനായ ഈശോസഭാ വൈദികനാണെന്നത്.
1583ല്‍ മിലാനില്‍ ജനിച്ച് വിയറ്റ്നാമില്‍ സുവിശേഷവേല ചെയ്ത മിഷണറിയാണ് ക്രിസ്റ്റഫര്‍ ബോറസ്(christopher Borrus). ഗണിതശാസ്ത്രത്തില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം. പിന്നീട് ഗണിതശാസ്ത്രത്തിലുണ്ടായ പല മുന്നേറ്റങ്ങള്‍ക്കും ക്രിസ്റ്റഫര്‍ ബോറസിന്റെ നിഗമനങ്ങളുടെ പിന്‍ബലമുണ്ടായിരുന്നു. രണ്ടു കാലഘട്ടത്തിലെ ഈ വൈദികരെ പരാമര്‍ശിക്കാന്‍ കാരണം ഗവേഷണങ്ങളും പരീക്ഷണങ്ങളും കത്തോലിക്കാ സഭയ്ക്ക് ശക്തി പകര്‍ന്ന് എന്നും സജീവമായി നിലനിന്നിരുന്നു എന്നു സൂചിപ്പിക്കാനാണ്. സഭയുടെ രണ്ടായിരം വര്‍ഷത്തെ പാരമ്പര്യത്തിനിടയില് രണ്ടു ഡസനിലധികം പ്രസിദ്ധരായ ഗണിതശാസ്ത്രജ്ഞരായ പുരോഹിതരുണ്ടായിട്ടുണ്ട്. മറ്റു ശാഖകളിലും നൂറുകണക്കിനു പേര്.
എറണാകുളത്തിനടുത്ത് പച്ചാളം എന്ന ഗ്രാമത്തിലെ ചാത്യാത്ത് ഇടവകയില്‍ ജനിച്ച ഗണിതശാസ്ത്രജ്ഞനായിരുന്നു റവ. ഡോ. അഗസ്റ്റിന് കോന്നുള്ളി. മുപ്പതോളം ഗവേഷണഗന്ഥങ്ങളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. വിദേശരാജ്യത്തുനിന്നു ലഭിച്ച വിവരമനുസരിച്ച് കേരളയൂണിവേഴ്സിറ്റിയാണ് ഫാ. അഗസ്റ്റിന് കോന്നുള്ളിക്ക് യൂണിവേഴ്സിറ്റിയുടെ ആദ്യഡോക്ടറേറ്റ് നല്‍കുന്നത്. അദ്ദേഹത്തിന്റെ ബന്ധുവും കേരള ലത്തീന്‍സഭയുടെ (കെആര്‍എല്‍സിബിസി) ഹെറിറ്റേജ് കമ്മീഷന്റെ സെക്രട്ടറിയുമായ റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ എഡിറ്റ് ചെയ്ത ‘ശാസ്ത്രവിസ്മയം ഡോ. അഗസ്റ്റിന് കോന്നുള്ളി’ എന്ന പുസ്തകത്തില്‍ പ്രതിഭാധനനായ ഈ വൈദികന്റെ നേര്‍ച്ചിത്രം കാണാം. പുരോഹിതന്, ഗണിതശാസ്ത്രജ്ഞന്, അദ്ധ്യാപകന്, ദൈവശാസ്ത്രജ്ഞന് എന്നിങ്ങനെ വിസ്തൃതമായി വിരാചിക്കുകയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം.
1917 ആഗസ്റ്റ് 18നാണ് കോന്നുള്ളി ഔസോ-ഫിലോമിന ദമ്പതികളുടെ മകനായി അഗസ്റ്റിന് കോന്നുള്ളി ജനിക്കുന്നത്. പൗരോഹിത്യസ്വീകരണത്തിനും പഠനത്തിനും ശേഷം അദ്ദേഹം എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ ഗണിതാധ്യാപകനും വൈസ ്പ്രിന്സിപ്പലും പ്രിന്‍സിപ്പലുമായി. വിരമിച്ച ശേഷം വീണ്ടും പ്രൊഫസറായി ഇതേ കോളജില്‍ പഠിപ്പിക്കാനുമെത്തി. സര്വശാസ്ത്രവിസ്മയമെന്നാണ് പുസ്തകത്തിലെ തന്റെ ലേഖനത്തില്‍ റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ അഗസ്റ്റിന് കോന്നുള്ളിയച്ചനെ വിശേഷിപ്പിച്ചിരിക്കുന്നത്. ആ വിശേഷണം അതിശയോക്തിയല്ലെന്ന് തുടര്‍ന്ന് പത്തുപേരെഴുതിയ ലേഖനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. എം. എന്‍ നാരായണന് നമ്പൂതിരി (പ്രണാമം), എ. പ്രദീപ് (ഏന് അണ്‍സങ്ങ് മാത്തമറ്റീഷന്), ഡോ. അലക്സാണ്ടര്‍ മെന്റസ് (ആധുനിക ഗണിതശാസ്ത്രത്തിന് കോന്നുള്ളിയച്ചന് നല്കിയ സംഭാവനകള്‍), ജോസ് ക്ലെമന്റ്(ക്ഷുഭിതകാലത്തിന്റെ സുവിശേഷകന്), പ്രൊഫ. എഡ്വിന് തോംസണ്‍ (ഡോ. കോന്നുള്ളിയുമായി ബന്ധപ്പെട്ട സെന്റ് ആല്‍ബര്‍ട്സ് കോളജിലെ ഗണിതശാസ്ത്ര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍), ഡോ. കെ. ബാബു ജോസഫ് (കോന്നുള്ളിയുടെ ശാസ്ത്രസിദ്ധാന്തം: കര്തൃനിഷ്ഠകാലവും വാസ്തവകാലവും), പ്രൊഫ. ഫിലിപ് നേരി (സ്പഷ്ടമായതിനെ കണ്ടെത്തല്‍), റവ. ഡോ. വില്‍സണ്‍ സ്രാമ്പിക്കല്‍ ഒസിഡി (പരിശുദ്ധ കന്യകാമറിയം-ഒരു സഹരഹസ്യം), റവ. ഡോ. തോമസ് മരോട്ടിക്കാപ്പറമ്പില്‍ ഒസിഡി (ക്രിസ്തീയത എന്ന രഹസ്യം) തുടങ്ങിയവരാണ് എഴുത്തുകാര്‍.
കോന്നുള്ളിയച്ചന്റെ പ്രവര്‍ത്തനമേഖല സംബന്ധിച്ച് എല്ലാ ലേഖനങ്ങളിലും പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കോളജിലെ രണ്ടായിരം കുട്ടികളുടെ പേരുകള്‍ അച്ചന് അറിയാമായിരുന്നുവെന്ന് പല ലേഖനങ്ങളിലും പറയുന്നുണ്ട്. അദ്ദേഹം ഗണിതശാസ്ത്രത്തിന് നല്കിയ സംഭാവനകളെക്കുറിച്ചുള്ള ഡോ. കെ. ബാബു ജോസഫിന്റെ ലേഖനവും, വ്യക്തിജീവിതം അനാവരണം ചെയ്യുന്ന ജോസ് ക്ലെമന്റിന്റെ ലേഖനവും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. കാലദര്‍ശനം സംബന്ധിച്ച കോന്നുള്ളിയച്ചന്റെ സിദ്ധാന്തത്തെ ഫ്രഞ്ച് ചിന്തകന്‍ ഹെന്റി ബെര്ഗ്സിന്റെ രചനാത്മക സിദ്ധാന്തവുമായി ഡോ. കെ. ബാബു ജോസഫ് താരതമ്യം ചെയ്യുന്നുണ്ട്. മഹാസ്ഫോടനമാണ് കാലത്തിന്റെ ആരംഭം കുറിച്ചതെന്ന ഐന്‍സ്റ്റൈന്റെ സിദ്ധാന്തത്തെത്തന്നെ കോന്നുള്ളിയച്ചന് ചോദ്യം ചെയ്യുന്നതായി ഡോ. കെ. ബാബു ജോസഫ് ചൂണ്ടിക്കാണിക്കുന്നു.
അര്‍ഹമായ അംഗീകാരം കോന്നുള്ളിയച്ചന് സഭയും സമുദായവും നാടും നല്‍കിയില്ലെന്ന് ജോസ് ക്ലെമന്റ് പരിഭവിക്കുന്നു. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച റവ. ഡോ. റിച്ചാര്‍ഡ് ഡിസൂസയ്ക്ക് 30 വയസ് തികയുന്നതേ ഉള്ളൂ. നേച്വര്‍ അസ്ട്രോണമി ജേര്‍ണലില്‍ എഴുതിയ ഒരു ലേഖനം കൊണ്ട് അദ്ദേഹം പ്രസിദ്ധനായി. കാലത്തിന്റെ മാറ്റമെന്നോ ദൈവത്തിന്റെ തീരുമാനമെന്നോ മാത്രമെ ഇക്കാര്യങ്ങളെക്കുറിച്ച് പറയാനാകൂ. കോന്നുള്ളിയച്ചനെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കുവാനുണ്ടായ ശ്രമവും അതിനോടു ബന്ധപ്പെടുത്തി കാണണം. കാലത്തിന്റെ തികവിലാണ് അത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്. കോന്നുള്ളിയച്ചന്റെ രേഖാചിത്രം വായനക്കാരുടെ മനസില്‍ കോറിയിടാന്‍ റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ ഉപകരണമായി മാറുന്നു. ഒരു ഡസനോളം പുസ്തകങ്ങള്‍ എഴുതുകയും എഡിറ്റു ചെയ്യുകയും ചെയ്ത റവ. ഡോ. ആന്റണി പാട്ടപ്പറമ്പിലിന്റെ വേറിട്ട പുസ്തകമായി ശാസ്ത്രവിസ്മയം-ഡോ. അഗസ്റ്റിന് കോന്നുള്ളിയെ വിശേഷിപ്പിക്കാം.
പ്രസിദ്ധീകരണം: അയന് പബ്ലിക്കേഷന്സ്ആലുവ.
വില 100 രൂപ.
Related
Related Articles
ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് സ്കൂളില്‍ സ്മാര്‍ട്ട് കംപ്യൂട്ടര്‍ ലാബ് ആരംഭിച്ചു
കൊച്ചി: പെണ്‍കുട്ടികളിലെ അന്തര്‍ലീനമായ ശക്തി തിരിച്ചറിഞ്ഞ് അവരെ ഉത്തരവാദിത്തബോധമുള്ള പൗരന്മാരാക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഗൈഡ്സിന്റെ പ്രവര്‍ത്തനം ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ആരംഭിച്ചു. കൊച്ചി കോര്പറേഷന്
വിസ്മയമായി പടുകൂറ്റന്‍ ആകാശവിളക്ക്
മട്ടാഞ്ചേരി: വിസ്മയമായി പടുകൂറ്റന്‍ ആകാശവിളക്ക്. മട്ടാഞ്ചേരിയിലെ ചരിത്രപ്രസിദ്ധമായ കൂനന്‍കുരിശ് പള്ളി സ്ഥിതി ചെയ്യു ജീവമാത ഇടവക ദേവാലയത്തിലാണ് ദൈവപുത്രന്റെ വരവ് സൂചിപ്പിക്കുന്ന നക്ഷത്രം ഒരുക്കിയിരിക്കുന്നത്. 52 അടി
പരസ്പരസ്നേഹത്തില്‍ അധിഷ്ഠിതമായ നവമാധ്യമ സംസ്കാരം വളര്‍ത്തണം -ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: പരസ്പരസ്നേഹത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായ നവമാധ്യമ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരും തയ്യാറാകണമെന്ന് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) മീഡിയാ