മീന്‍പിടുത്തക്കാര്‍ക്കെന്തിനീ കൂച്ചുവിലങ്ങ് ?

മീന്‍പിടുത്തക്കാര്‍ക്കെന്തിനീ കൂച്ചുവിലങ്ങ് ?

കടല്‍വിഭവങ്ങളുടെ ആദ്യവില്പനാവകാശം മത്സ്യത്തൊഴിലാളിക്കാണെന്ന് അംഗീകരിക്കുകയും, വള്ളങ്ങളിലെയും ബോട്ടുകളിലെയും ചരക്ക് കരയ്ക്കെത്തുമ്പോള്‍ തരകന്‍, ലേലക്കാരന്‍, കമിഷന്‍ ഏജന്റ് തുടങ്ങിയ ഇടനിലക്കാരോ വട്ടിപ്പലിശക്കാരോ അവനെ ചൂഷണം ചെയ്യുന്നുണ്ടെങ്കില്‍ അതിന് അറുതിവരുത്തുകയും, വിപണിയില്‍ മത്സ്യത്തിന് ഗുണനിലവാരവും ന്യായവിലയും ഉറപ്പാക്കുകയും ചെയ്യുന്നതില്‍ ആര്‍ക്കാണ് വിരോധം! എന്നാല്‍ ‘മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും’ എന്ന പേരില്‍ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ പോകുന്നപോക്കില്‍ മഹാമാരിക്കാലത്ത് അടിയന്തരമായി വീശിയെറിയുന്ന ഓര്‍ഡിനന്‍സിന്റെ ഊരാകെണി കാലദേശാവസ്ഥകളെക്കുറിച്ച് തിരിച്ചറിവുള്ള ആരെയും അമ്പരപ്പിക്കും. കൊടിയ വറുതിയുടെയും മഹാവ്യാധിയുടെയും ദുരിതക്കടലില്‍ ഉഴലുന്ന തീരദേശജനസമൂഹത്തിന്റെ ദൈന്യവും വശക്കേടും വലച്ചലും പോരാഞ്ഞാണോ പരമ്പരാഗത മീന്‍പിടിത്തക്കാരുടെ തൊഴിലവകാശങ്ങള്‍ക്കും ജീവസന്ധാരണ സ്വാതന്ത്ര്യത്തിനുംമേല്‍ കൂച്ചുവിലങ്ങിടുന്ന ഈവക അടക്കംകൊല്ലി ഏടാകൂടം കൂടി?
കൊവിഡ്കാലത്തെ നിയന്ത്രണങ്ങളുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളില്‍ പത്തു ശതമാനത്തിനുപോലും കടലില്‍ പോകാന്‍ പറ്റാത്ത സമയത്ത് മീന്‍പിടിത്ത തുറമുഖങ്ങളിലും കരയ്ക്കടുപ്പില്‍കേന്ദ്രങ്ങളിലും മീന്‍വില നിശ്ചയിക്കുന്നതിന് ലേലത്തിനു പകരം തൂക്കകച്ചവട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ മട്ടിലാണ് ദുരന്തനിവാരണ അടിയന്തരാവസ്ഥയുടെ ശൈലിയില്‍ ഏകപക്ഷീയമായി ഓര്‍ഡിനന്‍സ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കംകൂട്ടുന്നത്. ഇത്തരം അസാധാരണ ഇടപെടലിന് പ്രേരകമായ എന്ത് ആപല്‍സന്ധിയാണ് ഇപ്പോള്‍ പൊട്ടിവീണിട്ടുള്ളത്? തീരമേഖലയില്‍ തലമുറകളായി മീന്‍പിടിച്ച് ജീവിക്കുന്ന ലക്ഷകണക്കിന് മനുഷ്യരുടെ ജീവനോപാധികളെ ബാധിക്കുന്ന അടിസ്ഥാനപരമായ വ്യവസ്ഥകളുടെ കാര്യത്തില്‍ നിയമനിര്‍മാണത്തിന് ജനാധിപത്യരീതിയില്‍ ചര്‍ച്ചകളോ അഭിപ്രായസമന്വയമോ ആവശ്യമില്ലെന്ന പിടിവാശി ആരുടെ താല്പര്യം സംരക്ഷിക്കാനാണ്?
ഫിഷിംഗ് ഹാര്‍ബര്‍, ഫിഷ്ലാന്‍ഡിങ് സെന്റര്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മത്സ്യത്തിന്റെ അടിസ്ഥാനവില നിര്‍ണയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ക്കും മേല്‍ക്കോയ്മയുള്ള മാനേജ്മെന്റ് കമ്മിറ്റിക്ക് അധികാരം നല്‍കുന്നു. ലേല ഫീസ് എന്ന പേരില്‍ മത്സ്യത്തൊഴിലാളികളുടെമേല്‍ അഞ്ചു ശതമാനം അധികചുങ്കം ഏര്‍പ്പെടുത്തുന്നു. നിശ്ചിത ഇടങ്ങളില്‍ നിന്ന് വള്ളമിറക്കുകയും അവിടെത്തന്നെ വന്നടുക്കുകയും ചെയ്യാതെ തീരത്ത് മറ്റെവിടെയെങ്കിലും മീന്‍ ഇറക്കിയാല്‍ അത് ക്രിമിനല്‍ കുറ്റമാകുന്നു. പിടിച്ച മീനിന്റെ ഉറവിടം, പിടിച്ച രീതി, ഗുണനിലവാരത്തിന്റെ വിശദാംശങ്ങള്‍, ഭക്ഷ്യയോഗ്യമാണെന്നതിനുള്ള രേഖകള്‍ എന്നിവ സഹിതം ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരായി സാക്ഷ്യപത്രം വാങ്ങാതെ മീന്‍ വില്‍ക്കുന്നത് അതീവ ഗുരുതരമായ കുറ്റമാകുന്നു. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ വിചാരണ നേരിടുകയും രണ്ടു മാസം മുതല്‍ ഒരു വര്‍ഷം വരെ ജയില്‍വാസമോ ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ വരുന്ന ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യണം. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെയും കയറ്റുമതി ഗുണനിലവാരത്തിന്റെയും ചട്ടങ്ങളുടെ ബാധ്യത പ്രാഥമികമായി മത്സ്യത്തൊഴിലാളികളുടെമേല്‍ കെട്ടിവയ്ക്കുകയാണ് ഈ ഓര്‍ഡിനന്‍സില്‍.
സംസ്ഥാനത്തെ 222 കടലോര മത്സ്യഗ്രാമങ്ങളിലെയും 113 ഉള്‍നാടന്‍ മത്സ്യഗ്രാമങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ പ്രാഥമിക സഹകരണ സംഘങ്ങള്‍, മത്സ്യഫെഡ് എന്ന അപ്പെക്സ് ഫെഡറേഷന്‍, ക്ഷേമ ബോര്‍ഡ് എന്നിവയ്ക്കു സമാന്തരമായി, യാനങ്ങളും വലകളും ഉപകരണങ്ങളും വാങ്ങാനും അറ്റകുറ്റപണിക്കുള്ള ചെലവിനുമുള്ള മുതല്‍മുടക്കിനും മറ്റുമായി വന്‍തുക ഇറക്കുന്നവരാണ് മത്സ്യമേഖലയിലെ ഇടത്തട്ടുകാര്‍. മൊത്തക്കച്ചവടക്കാരും ലേലക്കാരും യാനം ഉടമകളുമൊക്കെയായി വരുന്നവരില്‍ അധികപങ്കും മത്സ്യത്തൊഴിലാളികള്‍തന്നെയാണ്. തീരദേശത്തെ സമ്പദ്വ്യവസ്ഥയുടെ മുഖ്യകണ്ണികളായ ഇടത്തട്ടുകാരില്‍ വട്ടിപ്പലിശക്കാരായ ചൂഷകരുണ്ടെങ്കില്‍ അവരെ കൈകാര്യം ചെയ്യാന്‍ എന്തെല്ലാം നിയമവ്യവസ്ഥകളുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മൂലധനവും സാമ്പത്തിക സഹായവും നല്‍കാന്‍ സര്‍ക്കാരിനോ മത്സ്യഫെഡിനോ ബാങ്കുകള്‍ക്കോ കഴിയുമെങ്കില്‍ ആരും ഇടത്തട്ടുകാരെ ആശ്രയിക്കേണ്ടിവരില്ല. യാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമായി പണം മുടക്കുന്ന ഇടനിലക്കാരെ ഒഴിവാക്കി മത്സ്യലേലം ഘടനാപരമായ പൊളിച്ചെഴുത്തിലൂടെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ പിടിയിലൊതുക്കുന്നതുകൊണ്ട് ആര്‍ക്കാണു നേട്ടം?
കേന്ദ്രത്തിന്റെ സാഗര്‍മാല പദ്ധതിയില്‍ തീരത്തു മുഴുവന്‍ ഫിഷിങ് ഹാര്‍ബറുകളും ലാന്‍ഡിങ് സെന്ററുകളും വിഭാവന ചെയ്യുന്നുണ്ടാകാം. അശാസ്ത്രീയമായി നിര്‍മിക്കുന്ന തുറമുഖങ്ങളുടെ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ തീരദേശവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കയാണ്. സംസ്ഥാനത്തെ 22 മീന്‍പിടിത്ത തുറമുഖങ്ങളില്‍ പത്തെണ്ണത്തിലേ യാനങ്ങള്‍ക്ക് അടുക്കാനാകുന്നുള്ളൂ. സര്‍ക്കാര്‍ നിശ്ചയിച്ച കരയ്ക്കടുക്കല്‍കേന്ദ്രങ്ങള്‍ 150 എണ്ണമുണ്ടാകും. ചില ജില്ലകളില്‍ ഇത്തരം ഹാര്‍ബറോ ലാന്‍ഡിങ് സെന്ററോ ഒന്നുമില്ല. പരമ്പരാഗത നാടന്‍വള്ളക്കാര്‍ തലമുറകളായി വള്ളമിറക്കുകയും വന്നടുക്കുകയും ചെയ്യുന്ന സങ്കേതങ്ങള്‍ തീരത്തെമ്പാടുമുണ്ട്. ഇവയെല്ലാം ഒറ്റയടിക്ക് അനധികൃതമെന്നു മുദ്രകുത്തും മുന്‍പ് എന്ത് ബദല്‍ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്? ആഴക്കടലില്‍ മീന്‍പിടിക്കുന്ന 4,000 യന്ത്രവത്കൃക ബോട്ടുകളും ഇന്‍ബോര്‍ഡ്, ഔട്ട്ബോര്‍ഡ് എന്‍ജിനുള്ള 35,000 വള്ളങ്ങളും മാത്രമല്ല, ആയിരകണക്കിന് നാടന്‍വള്ളങ്ങളും കട്ടമരവും മറ്റ് ഉപാധികളുമൊക്കെ ഈ മേഖലയിലുണ്ട്. സംസ്ഥാനത്തിനു മൊത്തമായി ഇക്കാര്യത്തില്‍ ഏകീകൃത നിയമവും എല്ലാ ഇനം കടല്‍വിഭവങ്ങള്‍ക്കും ഒരേ മാനദണ്ഡത്തിലുള്ള അടിസ്ഥാനവിലയും കൊണ്ടുവരുന്നത് എത്രമാത്രം പ്രാ
യോഗികമാണ്?
മീന്‍പിടിച്ചുകൊണ്ടുവരുന്നവരെയും നാട്ടിലെ മീന്‍ചന്തകളിലും വീട്ടുമുറ്റത്തും അത് എത്തിക്കുന്ന വലിയൊരു വിഭാഗം സ്ത്രീതൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും ദ്രോഹിക്കുന്നതു മാത്രമല്ല, പ്രാ
ഥമിക സഹകരണ സംഘങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമാണ് ഓര്‍ഡിന്‍സിലെ വ്യവസ്ഥകള്‍. മത്സ്യഫെഡ് വാങ്ങുന്ന അഞ്ചുശതമാനം ലേല കമിഷനില്‍ ഒന്നര രൂപ മത്സ്യത്തൊഴിലാളി ബോണസിനും ഒന്നര രൂപ സഹകരണസംഘത്തിന്റെ ക്ഷേമപ്രവര്‍ത്തനത്തിനും 50 പൈസ ക്ഷേമനിധി ബോര്‍ഡിലേക്കും ഒന്നര രൂപ ലേലക്കാരനുമായിരുന്നെങ്കില്‍, ഓര്‍ഡിനന്‍സിലെ പുതിയ വ്യവസ്ഥയില്‍ ലേലത്തുകയുടെ അഞ്ചു ശതമാനം സര്‍ക്കാര്‍ വസൂലാക്കുന്നത് തദ്ദേശഭരണസ്ഥാപനം, ഹാര്‍ബര്‍, ലാന്‍ഡിങ് സെന്റര്‍, മാര്‍ക്കറ്റ് മാനേജ്മെന്റ് സമിതി, സമിതി നിശ്ചയിക്കുന്ന ലേലക്കാരന്‍ എന്നിവര്‍ക്കായി വിഭജിക്കപ്പെടുന്നു. ചുരുക്കത്തില്‍ കടല്‍വിഭവ വിപണിയുടെ നിയന്ത്രണം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവര്‍ നോമിനേറ്റ് ചെയ്യുന്നവരും ഏറ്റെടുക്കുന്ന അവസ്ഥ. ഇതിലെല്ലാം മത്സ്യത്തൊഴിലാളിയോട് വലിയ ന്യായക്കേടു കാട്ടുന്നുണ്ട്. ആദിവാസികള്‍ക്കുള്ള വനാവകാശം പോലെ കടലോരനിവാസികളുടെ കടലവകാശവും സംരക്ഷിക്കപ്പെടേണ്ടതാണ്. കൊവിഡ്കാലത്തെ നിയന്ത്രണങ്ങളുടെ മറപറ്റി ഏതു ജനദ്രോഹ നിയമവും പാവപ്പെട്ട തീരദേശവാസികളുടെമേല്‍ അടിച്ചേല്‍പ്പിക്കാമെന്ന് ആരും വ്യാമോഹിക്കരുത്. അവരുടെ അവകാശങ്ങള്‍ അപഹരിക്കുന്ന ഒരു ക്ഷുദ്രവാറോലയും ഒരു വലപ്പാടിലും പതിപ്പിക്കാന്‍ ആരും ശ്രമിക്കേണ്ടതില്ല.

 


Related Articles

ആര്‍ച്ച്ബിഷപ് ഡോ. അലോഷ്യസ് മരിയ ബെന്‍സിഗറും ഫാ. അദെയോദാത്തൂസ് ഒസിഡിയും ദൈവദാസപദവിയില്‍

കൊല്ലം/തിരുവനന്തപുരം: അവിഭക്ത കൊല്ലം രൂപതയുടെ മെത്രാനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ആര്‍ച്ച്ബിഷപ് ഡോ. അലോഷ്യസ് മരിയ ബെന്‍സിഗര്‍ ഒസിഡിയും തീക്ഷ്ണമതിയായ മിഷണറി മുതിയാവിള വല്ല്യച്ചന്‍ എന്നറിയപ്പെട്ടിരുന്ന ഫാ. അദെയോദാത്തൂസ് ഒസിഡിയും

പാരിസ്ഥിതിക പാപവും മരട് പ്രായശ്ചിത്തവും

നമ്മുടെ പൊതുഭവനമായ ഭൂമിക്കും സഹജീവികള്‍ക്കും വരുംതലമുറയ്ക്കും പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനുമെതിരെ പ്രവൃത്തിയാലും ഉപേക്ഷയാലും ചെയ്തുപോയ അപരാധങ്ങളെക്കുറിച്ച് മനസ്തപിക്കുന്നത് പാരിസ്ഥിതിക പരിവര്‍ത്തനത്തിനും ആഴത്തിലുള്ള ആത്മപരിവര്‍ത്തനത്തിനുതന്നെയും ഇടയാക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ പഠിപ്പിക്കുന്നുണ്ട്.

‘സബ്കാ വിശ്വാസ്’ അത്ര എളുപ്പമല്ല

ഇന്ത്യയിലുടനീളം യോഗാദിനത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും പ്രചരിച്ചുകൊണ്ടിരുന്ന ജൂണ്‍ 21-ാം തീയതി വെള്ളിയാഴ്ച യുഎസ് സെനറ്റില്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അന്തര്‍ദേശീയ മതസ്വാതന്ത്ര്യത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു. അതേദിവസം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*