Breaking News

മീശ എന്നെ ഓര്‍മിപ്പിക്കുന്നത്

മീശ എന്നെ ഓര്‍മിപ്പിക്കുന്നത്

മീശ നോവല്‍ കയ്യില്‍ പിടിച്ചാണ് ഞാന്‍ മമ്മിയ്ക്കു കൂട്ടിരിക്കാന്‍ ആശുപത്രിയിലെത്തിയത്. പുസ്തകം എന്താണെന്ന് മമ്മി എന്നോട് ആംഗ്യത്തില്‍ ചോദിച്ചു. പുസ്തകം ഞാന്‍ കാണിച്ചുകൊടുത്തു. ആശുപത്രിയില്‍ നിന്ന് വീ്ട്ടില്‍വന്നിട്ട് വായിക്കാമെന്നും പറഞ്ഞു. എന്നെ വായനയുടെ ലോകത്തേക്ക് ആനയിച്ചതില്‍ മുഖ്യപങ്കുകാരി മമ്മിയായിരുന്നു. എം.ടിയേയും ഉറൂബിനെയും മുകുന്ദനെയും തകഴിയെയും മറ്റനേകം എഴുത്തുകാരെയും എനിക്ക് പരിചിതരാക്കിയത് മറ്റാരുമല്ല. നാലുകെട്ട് വായിക്കണമെന്ന് കുറച്ചുകാലം മുമ്പ് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സംഘടിപ്പിച്ചുകൊടുത്തിരുന്നു.
മീശ ഞാന്‍ വായിച്ചു കഴിയുന്നതിനു മുമ്പേ മമ്മി യാത്രയായി. 2018 ആഗസ്റ്റ് 13നായിരുന്നു അത്. മരിക്കുമെന്ന് ഉത്തമബോധ്യമുണ്ടായിട്ടും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. മുന്‍കാലങ്ങളില്‍ പലപ്പോഴും മമ്മി മരണത്തില്‍ നിന്ന് മടങ്ങിവന്നിട്ടുണ്ട്. തറവാടിന്റെ അടുക്കളവരാന്തയിലിരുന്ന് മീന്‍മുറിക്കുകയും സഹചാരികയും പരിചാരികയുമായ വിലാസിനിചേച്ചിയോട് വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു. അനുജന്‍ ബേസിലിന്റെ കുട്ടികള്‍ സ്‌കൂളില്‍ നിന്നെത്തുന്ന സമയമാകുമ്പോള്‍ ആധിപിടിച്ച് പടിക്കലേക്ക് പായുമായിരുന്നു. കണ്ണടയെടുത്തുവച്ച് പത്രം അരിച്ചുപെറുക്കിവായിക്കുമായിരുന്നു. മറ്റു പുസ്തകങ്ങളും ബൈബിള്‍പോലെ വിശുദ്ധമായി തന്നെ പാരായണം ചെയ്യുമായിരുന്നു. 
പിറ്റേന്ന് സംസ്‌കാരം കഴിഞ്ഞയുടന്‍ ആകാശത്തിന്റെ എല്ലാ വാതിലുകളും തുറന്ന് മഴത്തുള്ളികള്‍ ഭൂമിയിലേക്കിറങ്ങി. ജനങ്ങള്‍ ഭയംകൊണ്ട് വിറച്ച് പരക്കംപാഞ്ഞു. ഒരിക്കലും ഞങ്ങളുടെ വീടുകളില്‍ വെള്ളം കയറില്ലെന്നായിരുന്നു കരുതിയിരുന്നത്. ധാരണകളെയെല്ലാം കനോലികനാല്‍ തിരുത്തി. ഞങ്ങള്‍ നാലു സഹോദരങ്ങളുടെ വീടുകളിലും വെള്ളം കയറി. സ്ത്രീകളെയും കുട്ടികളെയും ബേസിലിന്റെ ഭാര്യവീടായ കാരയിലാക്കി. രാത്രിയില്‍ എവിടേക്ക് പോകുമെന്നറിയാതെ ഞങ്ങള്‍ ഒരു കുടക്കീഴില്‍ മതിലകം പള്ളിവളവില്‍ നിന്നു. വാഹനങ്ങള്‍, പണം, പറമ്പ്, നാട്ടിലെ പ്രമാണിത്തം എല്ലാം വൃഥാവിലാണെന്ന ബോധം മനസിലേക്കെത്തി. മാതാപിതാക്കളുടെ സംരക്ഷണമില്ലാത്ത അനാഥരായി റോഡരികില്‍ ഒരു മണിക്കൂറിലധികം ചെലവഴിച്ചു. വല്ല്യപ്പന്റെ മകനായ ജോസേട്ടന്റെ ഒരു വാടകമുറി സമീപത്തുണ്ടായിരുന്നു. അദ്ദേഹം സ്‌നേഹപൂര്‍വം ഞങ്ങളെ അവിടേക്ക് ക്ഷണിച്ചു. പുതിയപായകളും തലയിണകളും വാങ്ങിത്തന്നു. മറ്റു ബന്ധുക്കളായ ജോര്‍ജ് ചേട്ടനും ടൈറ്റസ് ചേട്ടനും അവിടെയുണ്ടായിരുന്നു. കോളജ് കാലഘട്ടത്തിനു ശേഷം ഞാനും സഹോദരങ്ങളും ഒരുമിച്ച് കിടന്നുറങ്ങുന്നത് ആദ്യമായിട്ടായിരുന്നു.
പിറ്റേ ദിവസം അനുജന്‍ റോബര്‍ട്ടിനോടും അവന്റെ സുഹൃത്ത് സേവിയോടുമൊപ്പം വീട്ടിലേക്ക് എത്തിയപ്പോള്‍ ആ വീട് എന്റേതല്ലെന്ന് തോന്നിപ്പോയി. മുറികളെല്ലാം വിഷാദം നിറഞ്ഞ് കറുത്തിരുണ്ടുനിന്നു. പുറത്തെ മഴയുടെ ശബ്ദവും അകത്ത് പാത്രങ്ങളും ഫര്‍ണീച്ചറുകളും കൂട്ടിയിരുമ്മുന്ന ശബ്ദവും കൂടിക്കലര്‍ന്നു. ടെറസ്ിനു മുകളില്‍ ബന്ധിതനായ പ്രിയപ്പെട്ട ജാക്ക് തന്റെ രൗദ്രഭാവമെല്ലാം മാറ്റി ദയനീയമായി മോങ്ങി. വീടിനകത്ത്് വെള്ളമപ്പോള്‍ അരക്കെട്ട് വരെ ഉയര്‍ന്നിരുന്നു. അനുജനും കൂട്ടുകാരനും കൂടി എന്റെ വീട്ടിലെ സാധനസാമഗ്രികള്‍ കഴിവതും മുകളിലേക്ക് കയറ്റി. ഞാന്‍ മുറികളെല്ലാം നീന്തിനടന്നു. അന്വേഷിച്ചത് ഒടുവില്‍, ആശുപത്രിയിന്‍ നിന്നുകൊണ്ടുവന്ന ബാഗില്‍ നിന്നു കിട്ടി-മീശ.
ഞങ്ങള്‍ നാലുസഹോദരങ്ങള്‍ക്കും കൂടെയുണ്ടായിരുന്ന കുഞ്ഞച്ചനും ആന്റിമാര്‍ക്കും പിന്നീടുള്ള ദിവസങ്ങളില്‍ അഭയം തന്നത് മതിലകത്തെ കോലഞ്ചേരി കുടുംബക്കാരായിരുന്നു (ദീപക് മാഷോട് പ്രത്യേകനന്ദി) അതിവിശാലമായ വീട്ടില്‍ ഉണ്ടും ഉറങ്ങിയും സംസാരിച്ചും സമയം കളഞ്ഞു. റോഡുകളിലെല്ലാം തടസമായിരുന്നതുകൊണ്ട് അധികദൂരമൊന്നും സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ വെള്ളപ്പൊക്കത്തിനിടയിലും വല്യപ്പന്റെ മകന്‍ പോള്‍സണ്‍ ചേട്ടനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ റോബര്‍ട്ട് മുന്നിട്ടിറങ്ങി. ഇളയ അനുജന്‍ ബെയ്‌സില്‍ ആരോഗ്യവകുപ്പിലായതുകൊണ്ട് ജോലിക്കു പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ചേട്ടന്‍ ജോജോയുടെ മക്കളായ റിജോയും അഖിലും റോബര്‍ട്ടിന്റെ മകന്‍ റോഹനും ചേര്‍ന്ന് വെള്ളത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ നിരീക്ഷിക്കുകയും അപ്പപ്പോള്‍ റിപ്പോര്‍ട്ട് നല്കുകയും ചെയ്തുപോന്നു. ഒന്നിച്ചുകൂടിയതിന്റെ ആഹഌദം മറച്ചുവയ്ക്കാതെ പെണ്ണുങ്ങള്‍ പാചകത്തില്‍ മുഴുകി. 
വെള്ളപ്പൊക്കത്തില്‍ പെട്ട വീട്ടില്‍ നിന്ന് വിലപ്പെട്ട സാധനങ്ങള്‍ സംരക്ഷിച്ചുവയ്ക്കാനായി പോയി തിരിച്ചുവന്നപ്പോള്‍ സഹധര്‍മിണി ലിജി ചോദിച്ചു: ഫ്രിഡ്ജ്? ഞാന്‍ പറഞ്ഞു: വെള്ളത്തില്‍ വീണു. അലക്കുയന്ത്രം? അതും..വെള്ളത്തിലായി. വസ്ത്രങ്ങള്‍? …..പിന്നെ എന്താണ് എടുത്തുവച്ചത് ? ഞാന്‍ ഒന്നും മിണ്ടിയില്ല. അവള്‍ ചോദിച്ചു: മീശ? ഞാന്‍ കുറ്റബോധത്തോടെ തലയാട്ടുകയും ബാഗില്‍ നിന്ന് മീശയെടുത്ത് കാണിക്കുകയും ചെയ്തു. അവള്‍ ചിരിക്കുകമാത്രം ചെയ്തു. വട്ടായിപ്പോയ ഭര്‍ത്താക്കന്മാരെയോര്‍ത്ത് എല്ലാ ഭാര്യമാരും ചിരിക്കുന്ന സഹതാപച്ചിരി.
ഇടവേളയില്ലാതെയായിരുന്നു പിന്നെ മീശയുടെ വായന. ഒരു ദേശത്തെ മുഴുവന്‍ മുക്കിയ പ്രളയത്തിന്റെ കഥയായിരുന്നു മീശയ്ക്കും പറയാനുണ്ടായിരുന്നതെന്ന് ഞാന്‍ അത്ഭുതത്തോടെ കണ്ടു. രണ്ടാമത്തെ അത്ഭുതം കേരളത്തിന്റെ വെളുത്തമുഖത്തെ കറുത്തഅനാചാരങ്ങളെ ചൂണ്ടിക്കാണിക്കലായിരുന്നു. ചന്ത്രക്കാരനായി ഇടയ്ക്ക് മീശ വേഷം മാറി നാടുമുഴുവന്‍ പാഞ്ഞുനടന്നു. ശബരിമല സംഭവിക്കുന്നതിനും എത്രയോ മുമ്പായിരുന്നു അത്. മുമ്പ് മമ്മി എനിക്ക് നോവലുകളിലെ കഥകള്‍ പറഞ്ഞുതന്നിരുന്നതുപോലെ മീശയെക്കുറിച്ച് രാത്രികളില്‍ ഞാന്‍ മമ്മിയോടും പറഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശ്രീകൃഷ്ണആലനഹള്ളിയുടെ പാവത്താന്‍ പ്രസിദ്ധീകരിച്ചിരുന്നപ്പോള്‍ ഇപ്രകാരം ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. മറ്റൊന്ന് യയാതിയായിരുന്നുവെന്നും ഓര്‍ക്കുന്നു.
പ്രളയം കഴിഞ്ഞപ്പോഴേയ്ക്കും മീശയുടെ വായനയും ചര്‍ച്ചയും പൂര്‍ത്തിയായിരുന്നു. ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തിയത് മീശ മലയാളത്തിലെ ക്ലാസിക് നോവലുകളിലൊന്നാണെന്നായിരുന്നു. ബെന്യാമിന്‍ അക്കാര്യം ഫേസ്ബുക്കില്‍ അടുത്തദിവസം തന്നെ കുറിക്കുകയും ചെയ്തു. മീശയക്കുറിച്ച് എഴുതാന്‍ തുടങ്ങുമ്പോഴെല്ലാം മഴ ഭയാനകരീതിയില്‍ രംഗത്തെത്തി എന്നെ മുടക്കി. ഇതെഴുതുമ്പോള്‍ എറണാകുളം നഗരത്തില്‍ ചുവന്ന മുന്നറിയിപ്പ് വെളിച്ചത്തില്‍ വെള്ളം കോപംകൊണ്ട് തിളച്ചുമറിയുകയാണ്. എങ്കില്‍ മഴേ ഇതൊരു ഉപോദ്ഘാതമാക്കിക്കോളൂ.
ഞാന്‍ മക്കളായ ഇഷയെയും ഇവയെയും വായിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോ എന്നാണ് എന്റെ ബലമായ സംശയം. അവര്‍ മൊബൈല്‍ഫോണിന്റെ കൊച്ചുതിരശീലയില്‍ സമയം കൊല്ലുന്നത് കാണുമ്പോള്‍ ഞാനെന്റെ കുട്ടിക്കാലം ഓര്‍ത്തുപോകുന്നു-മമ്മിയേയും.


Related Articles

ഓശാന തിരുനാള്‍

റോമന്‍ റീത്തില്‍ ഉപയോഗിക്കുന്ന യാമപ്രാര്‍ത്ഥനകളില്‍ ഓശാന ഞായറാഴ്ച വായിക്കുന്നതിനുവേണ്ടി നല്‍കുന്ന മനോഹരമായ ഒരു വായനയുണ്ട്. അത് എഴുതിയിരിക്കുന്നത് ക്രിറ്റിലെ വിശുദ്ധ അന്ത്രയോസാണ്. കൊറോണ പകര്‍ച്ചവ്യാധിമൂലം ഒരുമിച്ചു കൂടാനും

ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ്; എട്ട് പേര്‍ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇടുക്കി 4, കോഴിക്കോട് 2, കോട്ടയം 2, തിരുവനന്തപുരം 1, കൊല്ലം 1 എന്നിങ്ങനെയാണ് പോസിറ്റീവ്

ചെട്ടിക്കാട് തീര്‍ഥാടന ദേവാലയത്തില്‍ മിഷന്‍ഗാമ നടത്തി

ചെട്ടിക്കാട്: ലോക മിഷന്‍ വാരത്തോടനുബന്ധിച്ച് ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീര്‍ഥാടന കേന്ദ്രത്തില്‍ നടന്ന മിഷന്‍ഗാമ 2018 ശ്രദ്ധേയമായി. മിഷന്‍ ഗാമയോടനുബന്ധിച്ച് വാഴ്ത്തപ്പെട്ട രക്തസാക്ഷിയായ ദേവസഹായം പിള്ളയുടെ ജീവിതത്തെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*