മുട്ടിലിഴയേണ്ടവരല്ല ആ ഉദ്യോഗാര്‍ത്ഥികള്‍

മുട്ടിലിഴയേണ്ടവരല്ല ആ ഉദ്യോഗാര്‍ത്ഥികള്‍

അര്‍ഹതപ്പെട്ട തൊഴിലവകാശത്തിനുവേണ്ടി അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്തിവരുന്ന സഹനസമരം ശക്തമാവുകയാണ്. പൊരിവെയിലത്ത് മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും ശവമഞ്ചം ചുമന്നും ഉപവാസസത്യഗ്രഹം നയിച്ചും പി.എസ്.സി റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിയമനങ്ങളുടെ പ്രശ്നം ഉന്നയിച്ച് പ്രക്ഷോഭം നയിക്കുന്ന യുവജനങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രിതന്നെ പ്രഖ്യാപിച്ചിരിക്കുന്നു. യുവജന പ്രക്ഷോഭത്തെ രാഷ്ട്രീയപ്രേരിതമെന്നു മുദ്രകുത്തി അധിക്ഷേപിക്കുന്ന ഇടതുമുന്നണി നേതാക്കളും അവരുടെ യുവജനപ്രസ്ഥാനങ്ങളും കാണിക്കുന്ന തീവ്ര അസഹിഷ്ണുതയും ജനകീയ പ്രതിഷേധം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ മെനയുന്ന ഹീനതന്ത്രങ്ങളും തിരഞ്ഞെടുപ്പുരാഷ്ട്രീയ വിവാദങ്ങള്‍ക്കപ്പുറം നമ്മുടെ പൊതുബോധത്തില്‍ ആകുലത ഉണര്‍ത്തേണ്ടതാണ്.

കൊവിഡ് മഹാമാരി ഉയര്‍ത്തുന്ന ജീവിതപ്രതിസന്ധികള്‍ക്കിടയില്‍ സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം തകര്‍ന്നടിയുന്നതു കാണുമ്പോഴുള്ള ഹൃദയവ്യഥയുമായി തെരുവിലിറങ്ങിയിരിക്കുന്ന യുവതയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം അവരുടെ സമരത്തിന് രാഷ്ട്രീയ നിറം നല്‍കി തള്ളിപ്പറയുന്നത് ജനകീയ സര്‍ക്കാരിനു ചേര്‍ന്ന നടപടിയല്ല. പി.എസ്.സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവരില്‍ 20 ശതമാനത്തിനെങ്കിലും ജോലി കിട്ടുമെന്ന ന്യായമായ പ്രതീക്ഷ പോലും അസ്ഥാനത്താകുന്ന സാഹചര്യത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരമുഖത്തേക്കിറങ്ങിയത്. സിവില്‍ പൊലീസ് ഓഫിസര്‍, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് റാങ്ക് ലിസ്റ്റ് ഹോള്‍ഡര്‍മാരും മറ്റും നടത്തിവരുന്ന പ്രക്ഷോഭത്തില്‍ ഇതര വിഭാഗങ്ങളില്‍ നിന്നുള്ളവരും പങ്കുചേരുന്നുണ്ട്. കണ്ണീര്‍വാതകവും ജലപീരങ്കിയും പൊലീസിന്റെ അമിതബലപ്രയോഗവും കൊണ്ട് യുവജന മാര്‍ച്ചുകളെ നേരിടുമ്പോഴും സമരവേദിയില്‍ ഉയരുന്ന മൗലിക പ്രശ്നങ്ങള്‍ രാഷ്ട്രീയമായി ചവിട്ടിത്തള്ളാനാവുന്നതല്ല.

പി.എസ്.സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനവ്യവസ്ഥകളോ ചട്ടങ്ങളോ സാമാന്യ മാനദണ്ഡങ്ങളോ അടിസ്ഥാന യോഗ്യതയോ പോലും നോക്കാതെ, നിയമവിരുദ്ധമായി പിന്‍വാതിലിലൂടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ സ്വാധീനത്താല്‍ തിരുകിക്കയറ്റിയ താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്നതിന് മന്ത്രിസഭ പ്രത്യേകം സമ്മേളിക്കുന്നു. ഭരണകാലാവധി തീരാന്‍ നേരത്ത് തിടുക്കത്തില്‍ സ്വന്തക്കാര്‍ക്ക് സ്ഥിരം നിയമനവും പെന്‍ഷന്‍ ആനുകൂല്യങ്ങളും പരിഷ്‌കരിച്ച ശമ്പളസ്‌കെയിലും ഉറപ്പുവരുത്താനുള്ള വ്യഗ്രതയിലാവണവര്‍. കരാര്‍ നിയമനം, താത്കാലിക നിയമനം, പിന്നെ ”മാനുഷിക പരിഗണനയിലുള്ള” സ്ഥിരപ്പെടുത്തല്‍. ഈ പ്രക്രിയകള്‍ പി.എസ്.സി റാങ്ക് ലിസ്റ്റിലെ നിയമനങ്ങളെ മാത്രമല്ല, പിന്നാക്കസമുദായ സംവരണം വഴിയുള്ള സര്‍ക്കാര്‍ നിയമനങ്ങളെയും അട്ടിമറിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പാവപ്പെട്ടവര്‍ക്കുള്ള ഇഡബ്ല്യുഎസ് സംവരണം ഗ്രാമപ്രദേശത്ത് രണ്ടര ഏക്കറും മുനിസിപ്പാലിറ്റിയില്‍ 75 സെന്റും മെട്രോ നഗരത്തില്‍ 50 സെന്റും വരെ വസ്തു കൈവശമുള്ള സവര്‍ണജാതിക്കു മാത്രമായി നടപ്പാക്കാന്‍ തിടുക്കം കാട്ടിയ സര്‍ക്കാരാണിത് എന്നത് ഇതിനൊപ്പം കൂട്ടിവായിക്കണം.

സംസ്ഥാനത്തെ ജനസംഖ്യയില്‍ 23 ശതമാനം വരുന്ന യുവജനങ്ങളില്‍ തൊഴിലില്ലായ്മാനിരക്ക് ഗ്രാമീണ മേഖലയില്‍ 35.8 ശതമാനവും നഗര മേഖലയില്‍ 34.6 ശതമാനവുമാണെന്ന് 2020ലെ സാമ്പത്തിക അവലോകനത്തില്‍ പറയുന്നുണ്ട്. പുരുഷന്മാരുടെ തൊഴിലില്ലായ്മനിരക്ക് 5.8 ശതമാനവും സ്ത്രീകളുടേത് 19.1 ശതമാനവുമാണെന്നും സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വികസന വെല്ലുവിളി അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണെന്നും 2021-22ലെ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി സൂചിപ്പിക്കുകയുണ്ടായി. തൊഴിലില്ലായ്മയുടെ ദേശീയ ശരാശരി 5.8% ആണെങ്കില്‍ കേരളത്തില്‍ 2018-19ലെ കണക്കുപ്രകാരം അത് ഒന്‍പതു ശതമാനമാണ്. പൊതുമേഖല ജീവനക്കാരില്‍ സ്ത്രീകള്‍ 34.8 ശതമാനവും പുരുഷന്മാര്‍ 65.2 ശതമാനവും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നവരില്‍ മെഡിക്കല്‍, എന്‍ജിനിയറിംഗ് ബിരുദധാരികള്‍ ഉള്‍പ്പെടെ പ്രഫഷണല്‍, ടെക്നിക്കല്‍ വിഭാഗക്കാര്‍ മൂന്നരലക്ഷം വരും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ രേഖകളില്‍ തൊഴില്‍രഹിതരില്‍ മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകളാണ് – 63.6%. കൊവിഡ് മഹാമാരി തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ച ആഘാതം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സംസ്ഥാനത്തെ യുവജനങ്ങളെയും വനിതകളെയുമാണ്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജോലിക്കായുള്ള പബ്ലിക് സര്‍വീസ് പരീക്ഷാ റാങ്ക്ലിസ്റ്റുകള്‍ പലര്‍ക്കും ജീവന്മരണപ്രശ്നം തന്നെയാണ്.

ഭരണഘടനയുടെ 309-ാം വകുപ്പുപ്രകാരം നിയമനം നടത്തേണ്ട മാതൃകാ തൊഴില്‍ദാതാവ് എന്ന നിലയില്‍ സര്‍ക്കാര്‍ നിയമനങ്ങളുടെ പ്രശ്നം തിരഞ്ഞെടുപ്പുരാഷ്ട്രീയ വിവാദമായി കാണാതെ വ്യക്തമായ ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി നീതി നടപ്പാക്കുകയാണു വേണ്ടത്. അഞ്ചുവര്‍ഷത്തിനിടെ കേരള പി.എസ്.സി 4,012 റാങ്ക് ലിസ്റ്റുകള്‍ വിജ്ഞാപനം ചെയ്തു, സര്‍ക്കാര്‍ 44,000 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു, 1,57,909 നിയമനങ്ങള്‍ക്കു ശുപാര്‍ശ ചെയ്തു തുടങ്ങിയ കണക്കുകള്‍ നിരത്തി, താത്കാലിക വ്യവസ്ഥയില്‍ പത്തുവര്‍ഷം ജോലിചെയ്തവര്‍ക്ക് മാനുഷിക പരിഗണനിയിലാണ് സ്ഥിരംനിയമനം നല്‍കുന്നതെന്നും, പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികയിലൊന്നും താത്കാലിക നിയമനം നടത്തുന്നില്ലെന്നും മുഖ്യമന്ത്രി വാദിക്കുന്നുണ്ട്. കരാര്‍ ജോലി, ആറുമാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള തസ്തികകള്‍ പി.എസ്.സിക്കു വിടണമെന്ന വ്യവസ്ഥ, തസ്തിക സൃഷ്ടിച്ചുകൊണ്ടുള്ള ഉത്തരവും ബന്ധപ്പെട്ട ചട്ടങ്ങളും, സ്ഥിരപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ സുതാര്യതയില്ല എന്നതാണ് പ്രധാന പ്രശ്നം. കേരള ബാങ്കിലും മത്സ്യഫെഡ്, കേരഫെഡ്, കണ്‍സ്യൂമര്‍ ഫെഡ് തുടങ്ങിയ അപ്പെക്സ് സഹകരണ പ്രസ്ഥാനങ്ങളിലും മറ്റും രാഷ്ട്രീയ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി താത്കാലിക നിയമനം നടത്തുന്നതിന്റെ എണ്ണമറ്റ കഥകള്‍ പുറത്തുവരുന്നുണ്ട്. കേരള സ്റ്റേറ്റ് സര്‍വീസ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടങ്ങളുടെയും പി.എസ്.സി ചട്ടങ്ങളുടെയും ലംഘനമെന്നതിനെക്കാള്‍ കൂടുതല്‍ ഗുരുതരമായ നിയമവിരുദ്ധതയുടെയും ഭരണഘടനാവിരുദ്ധതയുടെയും പ്രശ്നങ്ങള്‍ ഈ നിയമനങ്ങളിലുണ്ട്.

താത്കാലിക നിയമനവും സ്ഥിരപ്പെടുത്തലും സംബന്ധിച്ച സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ ഉത്തരവില്‍ പറഞ്ഞ പത്തുവര്‍ഷത്തെ സര്‍വീസിന്റെ കണക്ക് കര്‍ണാടക സംസ്ഥാനവും ഉമാദേവിയും തമ്മിലുള്ള കേസിന് മാത്രമാണ് ബാധകമായിരുന്നതെന്നും, തസ്തികയ്ക്കു നിശ്ചയിക്കപ്പെട്ട പൂര്‍ണയോഗ്യതയും ഇടതടവില്ലാത്ത പത്തുവര്‍ഷത്തെ സര്‍വീസും ഉള്‍പ്പെടെ വ്യക്തമായ നിബന്ധനകള്‍ക്കു വിധേയമായി മാത്രമേ സ്ഥിരപ്പെടുത്തല്‍ പാടുള്ളുവെന്നാണ് ആ കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചതെന്നും വിസ്മരിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയും കൂട്ടരും മാനുഷിക പരിഗണനയുടെ കാര്യം പറയുന്നത്. സംവരണവ്യവസ്ഥകള്‍ അട്ടിമറിക്കുന്നതാണ് പിന്‍വാതില്‍ വഴിയുള്ള താത്കാലിക നിയമനവും നിയമവിരുദ്ധമായ സ്ഥിരപ്പെടുത്തലും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മെറിറ്റും സംവരണവും പാലിക്കാതെ നിയമിക്കുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സാമൂഹികനീതി അട്ടിമറിക്കലാണ്. പിന്നാക്ക സംവരണവിഭാഗങ്ങള്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം ലഭിക്കാനുള്ള പ്രധാന മാര്‍ഗം തൊഴില്‍ സംവരണമാണെന്നിരിക്കെ, പിന്‍വാതില്‍ നിയമനങ്ങളുടെ ഫലമായി സംവരണവിഭാഗങ്ങള്‍ക്ക് നഷ്ടമായ തസ്തികകളിലേക്ക് പ്രത്യേക നിയമനം നടത്തേണ്ടതുണ്ട്.

രണ്ടര ലക്ഷം കോടി രൂപ കടത്തില്‍ മുങ്ങിയിരിക്കുന്ന സംസ്ഥാനത്ത്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചും സാമൂഹികക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചും മുഖ്യമന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫിന്റെ സംഖ്യ ഉയര്‍ത്തിയും, പറ്റാവുന്നിടത്തൊക്കെ പാര്‍ട്ടിക്കാരെയും അവരുടെ ബന്ധുക്കളെയും പിന്‍വാതിലിലൂടെ തിരുകിക്കയറ്റിയും സാമ്പത്തിക അച്ചടക്കത്തിന്റെ സകല പരിധികളും കടന്ന് ഇടതുമുന്നണി സര്‍ക്കാര്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണ ദുര്‍വ്യയത്തിന്റെയും ധൂര്‍ത്തിന്റെയും റിക്കാര്‍ഡ് സൃഷ്ടിച്ചുകൊണ്ട് ‘ഇനിയും മുന്നോട്ട്’ കുതിക്കുകയാണ്. ഇത്രമേല്‍ രാഷ്ട്രീയ ഉല്‍ബുദ്ധതയുള്ള ഈ ക്ഷേമസംസ്ഥാനത്ത് ഇന്നേവരെ കാണാത്ത മാധ്യമപ്രചാരണ മാമാങ്കമാണ് പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി ഈ മഹാമാരിക്കാലത്ത് പിണറായി വിജയന്റെ പബ്ലിക് റിലേഷന്‍സ് ടീം നടത്തിക്കൊണ്ടിരിക്കുന്നത്. ദൃശ്യമാധ്യമങ്ങള്‍ക്കും ഡിജിറ്റല്‍ മീഡിയയ്ക്കും കൂറ്റന്‍ ഹോര്‍ഡിങ്ങുകള്‍ക്കും പൊതുവാഹനങ്ങളിലെ ഡിസ്പ്ലേ പരസ്യങ്ങള്‍ക്കും പുറമെ സര്‍വ മലയാളദിനപത്രങ്ങളിലും ദേശീയ ഇംഗ്ലീഷ്പത്രങ്ങളില്‍ പോലും മലയാളത്തില്‍ നാലഞ്ചു ഫുള്‍പേജ് പരസ്യങ്ങള്‍ വീതം ദിവസവും നല്‍കി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിളംബരം ചെയ്തുകൊണ്ടിരിക്കുന്നു. കൊവിഡ് കാലത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് മലയാളം മാധ്യമങ്ങളെ കരകയറ്റാന്‍ ഇത് ഉപകരിച്ചേക്കും. പരസ്യം നല്‍കി മുഖ്യധാരാ മാധ്യമങ്ങളെ പാട്ടിലാക്കിയാല്‍ അവയുടെ വിമര്‍ശവും വിചാരണയും നിലയ്ക്കുമെന്ന കണക്കുകൂട്ടലുമാകാം. എന്തൊക്കെയായാലും ഈ ദുരിതകാലത്ത്, കൊടിയ പഞ്ഞത്തിന്റെ നാളുകളിലും ഇത്രയും കോടികള്‍ പൊതുഖജനാവില്‍ നിന്ന് അധ്വാനവര്‍ഗ പാര്‍ട്ടിക്കാര്‍ തങ്ങളുടെ പരസ്യപ്രചാരപ്പൊലിമയ്ക്ക് പൊടിപൊടിക്കുന്നത് അധാര്‍മ്മികമാണെന്ന് 35 ലക്ഷത്തോളം വരുന്ന നമ്മുടെ യുവ തൊഴിലില്ലാപ്പടയെങ്കിലും തെരുവില്‍ വിളിച്ചുപറയുമെന്ന് ഭരണകര്‍ത്താക്കള്‍ ഓര്‍ക്കുന്നതു നന്ന്.

 


Related Articles

ജപമാലയുടെ ചരിത്രത്തിലേക്ക്

ജപമാലയുടെ ചരിത്രത്തിന് ഏകദേശം 1200 വര്‍ഷങ്ങളോളം പഴക്കമുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ ബെനഡിക്ടന്‍, ഫ്രാന്‍സിസ്‌കന്‍, ഡൊമിനിക്കന്‍ സഭാംഗങ്ങള്‍ ബൈബിളിലെ 150 സങ്കീര്‍ത്തനങ്ങള്‍ ഒരു ദിവസത്തില്‍ തന്നെ ചൊല്ലുന്ന പതിവുണ്ടായിരുന്നു.

നിസംഗത ഇനിയും പൊറുക്കില്ല  

ചെല്ലാനത്ത് മനുഷ്യാവകാശ ലംഘനംഅഡ്വ. ഷെറി ജെ. തോമസ് (കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ്)പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നു നോക്കിയാല്‍ മനുഷ്യാവകാശ ലംഘനമാണ് ചെല്ലാനത്തു നടക്കുന്നതെന്നു വ്യക്തമാകും. എട്ടു കോടി രൂപയുടെ ജിയോട്യൂബ്

മിഷന്‍ ഞായര്‍ ഒക്ടോബര്‍ 18ന് തന്നെ

വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷത്തെ മിഷന്‍ ഞായര്‍ ഒക്ടോബര്‍ 18-നുതന്നെ ആചരിക്കണമെന്ന് വത്തിക്കാന്‍ വ്യക്തമായ നിര്‍ദ്ദേശം നല്കി. ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘം ഓഗസ്റ്റ് 28-ന് പ്രസിദ്ധപ്പെടുത്തിയ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*