മുന്നാക്കക്കാരെ കൂടുതല്‍ മുന്നിലെത്തിക്കാനുള്ള സംവരണം

മുന്നാക്കക്കാരെ കൂടുതല്‍ മുന്നിലെത്തിക്കാനുള്ള സംവരണം

കെ.ടി നൗഷാദ് (മാധ്യമ പ്രവര്‍ത്തകന്‍)

സാമ്പത്തിക സംവരണമെന്നാണ് വിളിക്കുന്നതെങ്കിലും മുന്നാക്ക ജാതിക്കാര്‍ക്കുളള പ്രാതിനിധ്യ സംവരണമാണ് ഇപ്പോള്‍ നടപ്പിലാക്കിയിട്ടുളളത്. പിന്നാക്കക്കാര്‍ക്കുള്ള സംവരണം അട്ടിമറിക്കുന്നതിന് ഉപയോഗിക്കുന്ന മാര്‍ഗങ്ങളുപയോഗിച്ചുതന്നെ മുന്നാക്കക്കാര്‍ക്ക് അമിത പ്രാതിനിധ്യം നല്‍കാനുളള അണിയറ നീക്കങ്ങളാണ് കേരളത്തിലും നടക്കുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജനറല്‍ ക്വാട്ടയ്ക്കു പുറമെ സംവരണത്തിലൂടെ ലഭിക്കേണ്ട പ്രാതിനിധ്യം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി) റൊട്ടേഷന്‍ സംവിധാനത്തിലൂടെ കാലങ്ങളായി അട്ടിമറിക്കുന്ന കാര്യം പരസ്യമാണ്. മൊത്തം ഒഴിവുകളുടെ 10 ശതമാനം മുന്നാക്കക്കാര്‍ക്ക് നീക്കിവെച്ച് വീണ്ടും പി.എസ.്സി പിന്നാക്കക്കാരുടെ അവസരം കവരുകയാണ്.

മുന്നാക്കക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും ഭരണ സംവിധാനങ്ങളിലുള്ള സ്വാധീനത്തിന്റെ വ്യത്യാസം വെളിപ്പെടുത്തുന്നതാണ് സവര്‍ണ വിഭാഗത്തിലുള്ളവര്‍ക്ക് സംവരണമേര്‍പ്പെടുത്തിയ നടപടിക്രമങ്ങളുടെ അതിശയിപ്പിക്കുന്ന വേഗം. 1953 മുതല്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനുകളുടെയും സര്‍വേകളുടെയും അടിസ്ഥാനത്തില്‍ നീണ്ട നാലു പതിറ്റാണ്ടെടുത്താണ് പിന്നാക്ക സംവരണം നടപ്പാക്കിയതെങ്കില്‍ ഒരു പഠനത്തിന്റെയും പിന്‍ബലമില്ലാതെ ദ്രുതവേഗത്തിലാണ് മുന്നാക്ക സംവരണം നടപ്പിലായത്. മുന്നാക്ക വിഭാഗത്തിലുള്ളവര്‍ക്കുകൂടി സംവരണം നല്‍കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കി ഉത്തരവിറക്കിയത് വെറും 20 ദിവസം കൊണ്ടാണ്. കേന്ദ്രത്തിന്റെ വഴി സംസ്ഥാനങ്ങള്‍് പിന്തുടരേണ്ടതില്ലെങ്കിലും പല സംസ്ഥാന സര്‍ക്കാരുകളും അതിവേഗത്തില്‍ മുന്നാക്ക സംവരണം നടപ്പിലാക്കി. കേന്ദ്രം സംവരണം നടപ്പിലാക്കിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ അത് പിന്തുടര്‍ന്ന ഗുജറാത്താണ് ആ പാതയില്‍ ആദ്യം നടന്നത്. പക്ഷെ, അതിനും മുമ്പ് മുന്നാക്ക സംവരണം പ്രാവര്‍ത്തികമാക്കിയത് കേരളമാണ്. കേന്ദ്രം ഭരണഘടനാ ഭേദഗതി കൊണ്ടുവരുംമുമ്പേ ദേവസ്വം ബോര്‍ഡില്‍ മുന്നാക്കക്കാര്‍ക്ക് സംവരണമേര്‍പ്പെടുത്തിയായിരുന്നു തുടക്കം. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും മുന്നാക്കക്കാര്‍ക്കുള്ള സംവരണം നടപ്പിലായി. ഈ നടപടിയിലൂടെ മുന്നാക്കക്കാര്‍ക്ക് പിന്നാക്കക്കാരെക്കാള്‍ പ്രാതിനിധ്യം കിട്ടിയെന്നാണ് പ്രവേശന ലിസ്റ്റുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്. പിന്നാക്കക്കാര്‍ക്ക് അനുവദിച്ച സംവരണ ശതമാനം വിവിധ രൂപത്തില്‍ അട്ടിമറിക്കപ്പെട്ടതാണ് ഇതുവരെയുളള സംവരണ ചരിത്രമെങ്കില്‍ അനുവദിക്കപ്പെട്ടതിലധികം ശതമാനം മുന്നാക്കക്കാര്‍ കൈയടക്കുന്നതാകും ഇനി കാണാനാവുക. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാനും മുന്നാക്കക്കാരുടെ വേണ്ടതിലേറെയുളള പ്രാതിനിധ്യം കൂട്ടാനുമാണ് ഇഡബ്ല്യുഎസ് സംവരണം വഴിതുറന്നിരിക്കുന്നത്.

സാമ്പത്തിക സംവരണമെന്നാണ് വിളിക്കുന്നതെങ്കിലും മുന്നാക്ക ജാതിക്കാര്‍ക്കുള്ള പ്രാതിനിധ്യ സംവരണമാണ് ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ളത്. പിന്നാക്കക്കാര്‍ക്കുള്ള സംവരണം അട്ടിമറിക്കുന്നതിന് ഉപയോഗിക്കുന്ന മാര്‍ഗങ്ങളുപയോഗിച്ചുതന്നെ മുന്നാക്കക്കാര്‍ക്ക് അമിത പ്രാതിനിധ്യം നല്‍കാനുള്ള അണിയറ നീക്കങ്ങളാണ് കേരളത്തിലും നടക്കുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജനറല്‍ ക്വാട്ടയ്ക്കു പുറമെ സംവരണത്തിലൂടെ ലഭിക്കേണ്ട പ്രാതിനിധ്യം കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പി.എസ്.സി) റൊട്ടേഷന്‍ സംവിധാനത്തിലൂടെ കാലങ്ങളായി അട്ടിമറിക്കുന്ന കാര്യം പരസ്യമാണ്. മൊത്തം ഒഴിവുകളുടെ 10 ശതമാനം മുന്നാക്കക്കാര്‍ക്ക് നീക്കിവെച്ച് വീണ്ടും പി.എസ.്സി പിന്നാക്കക്കാരുടെ അവസരം കവരുകയാണ്. സംവരണ ക്വാട്ടയെ തൊടില്ലെന്നും പൊതു ക്വാട്ടയുടെ 10 ശതമാനമാണ് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കുന്നതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതെങ്കിലും  പ്രയോഗത്തില്‍ വന്നപ്പോള്‍ അത് പൊതുക്വാട്ടയുടെ 20 ശതമാനമായി. അതായത് 100 ഒഴിവകളുണ്ടെങ്കില്‍ മുന്നാക്കക്കാര്‍ക്ക് കിട്ടുക പൊ
തു ക്വാട്ടയായ 50ന്റെ പത്തു ശതമാനമായ അഞ്ച് നിയമനങ്ങളാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ പി.എസ്.സിയുടെ വിജ്ഞാപന പ്രകാരം 10 നിയമനങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്ന പട്ടികജാതിക്ക് എട്ടും പട്ടികവര്‍ഗത്തിനു രണ്ടും നിയമനം കിട്ടുമ്പോഴാണ് മുന്നാക്കക്കാര്‍ക്ക് 10 നിയമനങ്ങള്‍ കിട്ടുന്നത്. സര്‍ക്കാര്‍ സര്‍വീസുകളില്‍ വേണ്ടതിനെക്കാള്‍ 40 ശതമാനത്തിലധികം പ്രാതിനിധ്യമുളള നായര്‍ തുടങ്ങിയ മുന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യത്തില്‍ ഏറെ പുറകിലായ പിന്നാക്കക്കാരെക്കാള്‍ കൂടുതല്‍ സംവരണം നല്‍കുന്നതിലൂടെ പഴയ കാലത്തിലേക്ക് കേരളത്തെ തിരിച്ചുനടത്തുകയാണ്. സംവരണം നടപ്പിലാക്കിയിട്ടും പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ഉദ്യോഗങ്ങളില്‍ ലഭിച്ചിട്ടില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കേരള പഠന പ്രകാരം ഈഴവരൊഴിച്ചുള്ള സംവരണ വിഭാഗങ്ങള്‍ ഇപ്പോഴും സംസ്ഥാനത്തെ സര്‍ക്കാര്‍ ജോലികളില്‍ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ വളരെ പുറകിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ സംവരണത്തിലൂടെ പിന്നാക്ക വിഭാഗങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് പ്രാതിനിധ്യം കാണിച്ചുതുടങ്ങിയിട്ട് അധികമായിട്ടില്ല. അതിനെ പോലും അട്ടിമറിക്കുന്നതാണ് മുന്നാക്ക സംവരണം. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പി.ജി. പ്രവേശനത്തില്‍ 31 എണ്ണം മുന്നാക്കക്കാര്‍ക്ക് കിട്ടിയപ്പോള്‍ പിന്നാക്കക്കാരായ മുസ്ലിം, ഈഴവ, ലത്തീന്‍ കത്തോലിക്ക, പിന്നാക്ക ക്രിസ്ത്യന്‍, പിന്നാക്ക ഹിന്ദു തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഒ.ബി.സിക്ക് ആകെ ലഭിച്ചത് 36 സീറ്റുകള്‍ മാത്രമാണ്. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പിന്നാക്കക്കാര്‍ക്ക് കൂടി അവകാശപ്പെട്ട 16,711 സീറ്റുകളാണ് മുന്നാക്ക വിഭാഗങ്ങള്‍ക്കായി നീക്കിവെക്കപ്പെട്ടത്. കേന്ദ്രമായാലും കേരളമായാലും മുന്നാക്കക്കാര്‍ക്കുള്ള സംവരണം 10 ശതമാനമാക്കി നിശ്ചയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. പട്ടികജാതി, വര്‍ഗ സംവരണം നിശ്ചയിച്ചത് അവരുടെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. ഇന്ത്യയിലെ ജനസംഖ്യയില്‍ 54 ശതമാനം വരുന്ന ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 27 ശതമാനം മാത്രം സംവരണം കിട്ടുമ്പോള്‍ മുന്നാക്കക്കാര്‍ക്ക് 10 ശതമാനം നല്‍കുന്നതിന് ഒരു നീതീകരണവുമില്ല. പിന്നാക്കമായവരുടെ സംവരണാവസരങ്ങള്‍ മുന്നാക്കക്കാര്‍ക്ക് നല്‍കുന്നതിലൂടെ പ്രാതിനിധ്യത്തിലെ അസമത്വം വര്‍ദ്ധിക്കുകയേയുളളൂ.

സാമ്പത്തിക സംവരണമാണിതെന്ന് പറയുന്നുണ്ടെങ്കിലും മുന്നാക്കക്കാര്‍ക്കുളള പ്രാതിനിധ്യ സംവരണമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്. നിലവില്‍ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുന്നത് അതാത് വിഭാഗങ്ങളിലെ ക്രീമിലെയറിനെ (ഉയര്‍ന്ന സാമ്പത്തിക ശേഷിയുളളവരെ) ഒഴിവാക്കിയാണല്ലോ? അതുപോലെ ക്രീമിലെയറിനെ ഒഴിവാക്കി നായര്‍, ബ്രാഹ്മണ വിഭാഗങ്ങള്‍ക്കുള്ള ജാതി സംവരണം തന്നെയാണിതും. പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയറിനെ ഒഴിവാക്കാനായി നിശ്ചയിച്ചിട്ടുള്ള സാമ്പത്തിക മാനദണ്ഡങ്ങള്‍ തന്നെയാണ് കേന്ദ്രം മുന്നാക്കക്കാര്‍ക്കും സംവരണത്തിനായി നിശ്ചയിച്ചിട്ടുള്ളത്. കേരളത്തില്‍ വാര്‍ഷിക വരുമാനം നാലു ലക്ഷം രൂപ വരെയുള്ള ( 33,000 രൂപ മാസ വരുമാനമുള്ളവര്‍ക്ക്) മുന്നാക്കക്കാര്‍ക്ക് സംവരണം കിട്ടും. ഗ്രാമപ്രദേശങ്ങളില്‍ രണ്ടര ഏക്കറും മുനിസിപ്പില്‍ കോര്‍പറേഷന്‍ പരിധിയില്‍ 50 സെന്റും ഭൂസ്വത്തുള്ളവരും മുന്നാക്ക സംവരണത്തിന് അര്‍ഹരാണ്. ഈ വരുമാന പരിധി നിശ്ചയിച്ചതില്‍ നിന്നുതന്നെ ഇത് മുന്നാക്കക്കാരിലെ സാമ്പത്തിക-പിന്നാക്കവസ്ഥയിലുള്ളവര്‍ക്കുവേണ്ടിയല്ലെന്ന് വ്യക്തമാണ്. മുന്നാക്കക്കാര്‍ക്ക് ഉദ്യോഗങ്ങളിലും മറ്റുമുള്ള അധിക പ്രാതിനിധ്യം നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനുമാണ് സാമ്പത്തിക സംവരണമെന്ന പേരിലുള്ള ഈ പ്രാതിനിധ്യ സംവരണം.

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് മതിയായ അവസരവും പ്രാതിനിധ്യം നല്‍കുക എന്നതാണ് ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്ത സംവരണത്തിന്റെ ഉദ്ദേശ്യം. ചരിത്രപരമായി സാമൂഹികവിവേചനത്തിലൂടെ നഷ്ടമായ പ്രാതിനിധ്യം പതുക്കെയാണെങ്കിലും വീണ്ടെടുക്കാന്‍ അവസരം ഒരുക്കലാണ് സംവരണം. ദാരിദ്ര്യത്തിനുള്ള പരിഹാരമല്ല അത്. പ്രാതിധ്യമില്ലായ്മ പിന്നാക്കക്കാരുടെ മാത്രം പ്രശ്നമാണെങ്കില്‍, ദാരിദ്ര്യം മുന്നാക്കക്കാരുടെ മാത്രം പ്രശ്നമല്ല. മാത്രമല്ല പ്രാതിനിധ്യമില്ലായ്മ പരിഹരിക്കാനുള്ള മാര്‍ഗമായ സംവരണംകൊണ്ട് ദാരിദ്ര്യം പരിഹരിക്കാനാകില്ല. പിന്നാക്കക്കാരിലാണ് ദാരിദ്യം അനുഭവിക്കുന്നവര്‍ ഏറെയുളളത്. പട്ടികവര്‍ഗക്കാരില്‍ 43 ശതമാനത്തിലധികവും ദാരിദ്ര്യരേഖക്ക് താഴെയാണെന്നാണ് ദേശീയ സാമ്പിള്‍ സര്‍വേ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പട്ടികജാതിക്കാരില്‍ 29 ശതമാനവും മറ്റു വിഭാഗങ്ങളില്‍ 21 ശതമാനത്തിലധികവും ദാരിദ്ര്യരേഖക്ക് താഴെയാണ്. ഭക്ഷണത്തിനു പോലും വകയില്ലാത്ത പിന്നാക്കക്കാരിലെ ദാരിദ്യമുള്ളവരെ ഒഴിവാക്കി എട്ടു ലക്ഷവും നാലു ലക്ഷവും വരുമാനമുള്ള മുന്നാക്കക്കാരനെ മാത്രം പരിഗണിച്ച് ഏത് ‘ദാരിദ്ര്യ’മാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരിഹരിക്കാന്‍ പോകുന്നത്?

 


Related Articles

ഞങ്ങളുടെ ജീവൻ പോയാലും നിങ്ങളെ രക്ഷപ്പെടുത്തും… വീഡിയോ കാണുക

നാടും വീടുമൊക്കെ മുങ്ങിപ്പോയ കൊടും പേമാരിയിൽ രക്ഷകരായി എത്തിയത് തീരദേശങ്ങളിൽ നിന്നുഉള്ള മത്സ്യത്തൊഴിലാളികളാണ്. സൈന്യത്തിൻറെയും നേവിയുടെയും പോലീസിനെയും ഫയർഫോഴ്സിനെയും സേവനം മതിയാകാതെ വന്നപ്പോൾ കേരളത്തിൻറെ സൈന്യം മത്സ്യത്തൊഴിലാളികൾ

ബധിര-മൂകര്‍ക്ക് സ്‌നേഹം അനുഭവവേദ്യമാക്കാന്‍ സമൂഹം ശ്രമിക്കണം -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ ആഭിമുഖ്യത്തില്‍ ബധിര-മൂകര്‍ക്കായി സംഘടിപ്പിച്ച ആംഗ്യഭാഷാ ദിവ്യബലിയും ബധിര-മൂക കുടുംബ കൂട്ടായ്മയും ശ്രദ്ധേയമായി. തിരുവനന്തപുരം അതിരൂപതയിലെയും സമീപപ്രദേശങ്ങളിലെയും ബധിര-മൂകരും അവരുടെ

പരാതികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും -മന്ത്രി കെ. രാജു

തിരുവനന്തപുരം: സമുദായ സമ്മേളന വേദിയില്‍ ഉയര്‍ന്ന പരാതികള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്ന വനംമന്ത്രി കെ. രാജു വ്യക്തമാക്കി. തീരദേശ ജനത അനുഭവിക്കുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*