മുന്നാക്ക പ്രീണനത്തിന് സംവരണ അട്ടിമറി

മുന്നാക്ക പ്രീണനത്തിന്  സംവരണ അട്ടിമറി

ഇത്ര വിസ്മയനീയമായ ജനാധിപത്യ മഹാദ്ഭുതം ഇന്ത്യയിലല്ലാതെ ഭൂലോകത്തൊരിടത്തും കണ്ടെന്നുവരില്ല. ജാതിശ്രേണിയിലെ മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ പൊടുന്നനേ കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം തീരുമാനിക്കുന്നു. ഭാരതീയ ജനതാ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷ കാലാവധി തീരാന്‍ – അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് – കേവലം നൂറുനാള്‍ ബാക്കിനില്‍ക്കെ, പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ അവസാന ദിവസം, സാമ്പത്തിക പിന്നാക്കാവസ്ഥ പൊതുവിഭാഗത്തില്‍ സംവരണാനുകൂല്യത്തിനുള്ള മാനദണ്ഡമായി ഇന്ത്യന്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുന്നതിനുള്ള ചരിത്രപ്രധാനമായ ഭേദഗതി ബില്‍ ഭരണകക്ഷി ലോക്‌സഭയില്‍ അവതരിപ്പിക്കുന്നു. നോട്ടുനിരോധന പ്രഖ്യാപനത്തിന്റെയോ അതിര്‍ത്തികടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെയോ അതിനിഗൂഢതന്ത്രത്തിന്റെ മട്ടില്‍, ആര്‍ക്കും ഒരു തുമ്പും നല്‍കാതെ തിടുക്കത്തില്‍ കൊണ്ടുവന്ന ബില്‍ കേവലം നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ മൂന്നിന് എതിരെ 323 വോട്ടിന്റെ ഭൂരിപക്ഷത്തിന് ലോക്‌സഭ പാസാക്കുന്നു.
റഫാല്‍ യുദ്ധവിമാന ഇടപാടിനെചൊല്ലിയും മറ്റും ദിവസങ്ങളായി സഭയില്‍ കോളിളക്കം സൃഷ്ടിച്ചുവന്ന കോണ്‍ഗ്രസും പ്രതിപക്ഷത്തെ ദലിത-പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധികള്‍ അടക്കമുള്ള മറ്റു പ്രമുഖ കക്ഷികളും പൊതുവെ സവര്‍ണ വോട്ടുസ്വരൂപിക്കാനുള്ള ബിജെപിയുടെ മുന്നാക്ക പ്രീണനതന്ത്രത്തിന്റെ പൊള്ളത്തരം വിളിച്ചുപറഞ്ഞെങ്കിലും സാമ്പത്തിക സംവരണത്തെ എതിര്‍ക്കാന്‍ അവരാരും മുതിര്‍ന്നില്ല. തമിഴ്‌നാടിന്റെ എഐഡിഎംകെ ഇറങ്ങിപ്പോവുകയും, ബിഹാറിലെ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദളും ഹൈദരാബാദിലെ അസദുദ്ദീന്‍ ഒവൈസിയുടെ അഖിലേന്ത്യ മജ്‌ലിസ് ഇ-ഇത്തേഹാദുല്‍ മുസ്‌ലിമീനും കേരളത്തിലെ മുസ്‌ലിം ലീഗും എതിര്‍പ്പു പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘തെരഞ്ഞെടുപ്പു വജ്രായുധം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ഭരണഘടനാ ഭേദഗതി തങ്ങള്‍ക്കു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയുടെ കടമ്പയും കടക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ബിജെപി നേതൃത്വം.
ജാതിവിവേചനത്തിന്റെയും സാമൂഹിക ഉച്ചനീചത്വത്തിന്റെയും കുലത്തൊഴിലിന്റെയും തൊട്ടുകൂടായ്മയുടെയും മറ്റും പേരില്‍ ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങള്‍ക്ക്, സവര്‍ണാധിപത്യത്തിന്റെ ഇരകളായ പട്ടികജാതി-വര്‍ഗത്തിനും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും, സാമൂഹിക നീതിയും അവസരസമത്വവും ഉറപ്പുവരുത്തുന്നതിന് ഇന്ത്യന്‍ ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത് സാമുദായിക സംവരണമാണ്. സാമ്പത്തിക പിന്നാക്കാവസ്ഥയോ ദാരിദ്ര്യമോ അടിസ്ഥാനമാക്കിയുള്ള സമാശ്വാസ പദ്ധതിയല്ല സംവരണത്തിന്റെ സത്ത. സംവരണത്തിന്റെ ഭരണഘടനാതത്വങ്ങളെ വിശകലനം ചെയ്ത് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട് (ഇന്ദിരാ സാഹ്നി കേസില്‍ 1992ലെ ഒന്‍പതംഗ ബെഞ്ചിന്റെ വിധി). വിവേചനത്തിന്റെയും അവസരസമത്വത്തിന്റെയും സാമൂഹിക പശ്ചാത്തലം മുന്‍നിര്‍ത്തി സാമുദായിക സംവരണത്തിന്റെ തോത് 50 ശതമാനമായി സുപ്രീം കോടതി പരിമിതപ്പെടുത്തിയിട്ടുണ്ട്. സംവരണ പരിധി ഉയര്‍ത്താനുള്ള ഹരിയാന, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളുടെ ശ്രമങ്ങള്‍ സുപ്രീം കോടതി തടഞ്ഞിരുന്നു.
സാമുദായിക സംവരണ പരിധിയിലുള്ളവരില്‍ നിന്ന് ഒന്നും കവര്‍ന്നെടുക്കാതെ ജനറല്‍ കാറ്റഗറിയിലാണ് 10 ശതമാനം സാമ്പത്തിക സംവരണം അധികമായി കൊണ്ടുവരുന്നത്. സാമ്പത്തിക സംവരണം സുപ്രീ കോടതി നിശ്ചയിച്ച സാമുദായിക സംവരണ പരിധിക്കു വെളിയിലായതിനാല്‍ നിയമതടസമുണ്ടാവില്ല എന്നാണ് ലോക്‌സഭയില്‍ കേന്ദ്ര ധനമന്ത്രി വാദിച്ചത്. എന്തായാലും ലോക്‌സഭയിലും രാജ്യസഭയിലും രണ്ടില്‍ മുന്നു ഭൂരിപക്ഷത്തോടെ പാസായാലും നിശ്ചിത ശതമാനം സംസ്ഥാന നിയമസഭകളും ഭരണഘടനാ ഭേദഗതി അംഗീകരിക്കേണ്ടതുണ്ട്. സംവരണത്തിന്റെ ഭരണഘടനാതത്വവും അടിസ്ഥാനപരമായ നിര്‍വചനവും മാറ്റിയെഴുതുന്ന 124-ാമതു ഭരണഘടനാഭേദഗതി നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെടും എന്നത് ഉറപ്പാണ്. അതിനാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് സാമ്പത്തിക സംവരണം നടപ്പാകുമെന്ന പ്രതീക്ഷ അസ്ഥാനത്താണ്. രാഷ്ട്രീയമായി പ്രതീകാത്മകമായ വലിയ പ്രാധാന്യമുണ്ടെങ്കിലും ഭരണഘടനാപരമായി ഈ നിയമനിര്‍മാണത്തിന് നിലനില്പില്ലെന്നാണ് പല നിരീക്ഷകരും നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.
മുന്നാക്ക വിഭാഗങ്ങളില്‍ സംവരണത്തിന് അര്‍ഹതയുള്ള പാവപ്പെട്ടരെ നിശ്ചയിക്കുന്നതിന് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ ഇവയാണ്: വാര്‍ഷിക കുടുംബ വരുമാനം എട്ടു ലക്ഷം രൂപയില്‍ താഴെയാവണം; അഞ്ച് ഏക്കറിലേറെ ഭൂമിയുണ്ടാവരുത്; വീടിന്റെ വിസ്തീര്‍ണം 1,000 ചതുരശ്ര അടിയില്‍ താഴെയും, പുരയിടത്തിന്റെ വിസ്തീര്‍ണം നഗരപരിധിയില്‍ 900 ചതുരശ്ര അടിയില്‍ താഴെയും മറ്റു പ്രദേശത്ത് 1,800 ചതുരശ്ര അടിയില്‍ താഴെയുമായിരിക്കണം.
കേരളത്തിലെ നായര്‍ സര്‍വീസ് സൊസൈറ്റിയെപോലെ, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ബ്രാഹ്മണ, രജ്പുത് (ഠാക്കുര്‍), ജാട്ട്, മറാഠാ, ഭൂമിഹാര്‍, കാപ്പു, കമ്മ, ബനിയ തുടങ്ങിയ മുന്നാക്ക വിഭാഗങ്ങളും വര്‍ഷങ്ങളായി സാമ്പത്തിക സംവരണത്തിനായി മുറവിളികൂട്ടുകയാണ്.
കേരളം ഭരിക്കുന്ന ഇടതുമുന്നണി മുഖ്യമന്ത്രി പിണറായി വിജയന്‍ തങ്ങള്‍ ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയത് അനുസ്മരിച്ച് ഈ പുരോഗമനാശയത്തില്‍ ബിജെപിയെക്കാള്‍ എത്രയോ കാതം മുന്നിലാണ് തങ്ങളെന്ന് അഭിമാനം കൊള്ളുന്നുണ്ട്. സാമുദായിക സംവരണം അട്ടിമറിച്ച് ദലിത്, ലത്തീന്‍ കത്തോലിക്കാ, മുസ്ലിം, ഈഴവ, മറ്റു പിന്നാക്ക സമൂഹങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ ജനസംഖ്യാനുപാതികമായി കിട്ടേണ്ട പ്രാതിനിധ്യം നിഷേധിക്കുന്ന നിഗൂഢ നീക്കങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് സാമ്പത്തിക സംവരണ നയം. മതം നോക്കാതെ, ക്രൈസ്തവ, മുസ്ലിം, സിക്ക് സമുദായങ്ങളിലെ മുന്നാക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണ ആനുകൂല്യം ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതോടൊപ്പം പട്ടികജാതി-വര്‍ഗ വിഭാഗത്തിനും ക്രീമി ലെയര്‍ കൊണ്ടുവരണമെന്നും അവരില്‍ ചിലര്‍ വാദിക്കുന്നു.
കേരളത്തിലെ സിവില്‍ സര്‍വീസ് അധികാരഘടനയില്‍ നിന്ന് ലത്തീന്‍ കത്തോലിക്കരെയും ദലിതരെയും മുസ്ലിംകളെയും, ഈഴവരെയും മറ്റു പിന്നാക്ക സമുദായങ്ങളെയും പരമാവധി മാറ്റിനിര്‍ത്താനുള്ള ചട്ടങ്ങള്‍ രൂപവത്കരിച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സവര്‍ണാധിപത്യം ഉറപ്പുവരുത്തുന്ന പിണറായി സര്‍ക്കാര്‍ ഇനി വര്‍ധിത വീര്യത്തോടെ നവോത്ഥാന മൂല്യ സംരക്ഷണത്തിനെന്നപോലെ സാമ്പത്തിക സംവരണ വിപ്ലവം സാക്ഷാത്കരിക്കാനും ശ്രമിച്ചുകൂടായ്കയില്ല. എന്‍എസ്എസിനും സംഘപരിവാറിനുമെതിരെ വനിതാമതില്‍ തീര്‍ക്കാന്‍ സര്‍ക്കാരിനെയും ഇടതുമുന്നണിയെയും അകമഴിഞ്ഞു സഹായിച്ച ദലിത-പിന്നാക്ക വിഭാഗങ്ങള്‍ സാമുദായിക സംവരണ സംരക്ഷണത്തിനും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ മൂന്നു സ്ട്രീമുകളിലും സംവരണ വ്യവസ്ഥ നടപ്പാക്കുന്നതിനുമായി അണിചേരേണ്ട സമയമായി.


Related Articles

വയോധികരെ ചികിത്സിക്കുമ്പോള്‍

മരണത്തിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണോ വാര്‍ധക്യത്തില്‍ രോഗങ്ങളുണ്ടാകുന്നത്?. അറിയപ്പെടാത്ത അര്‍ത്ഥങ്ങളും അപരിചിതമായ അര്‍ത്ഥങ്ങളും ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥ മാത്രമാണോ വാര്‍ദ്ധക്യത്തിലുണ്ടാകുന്ന രോഗങ്ങള്‍? ക്രൂരസ്വഭാവിനിയായ രോഗവും അതുണ്ടാക്കുന്ന മാനസിക വ്യഥകളും വയോധികരെ

ലോക്ഡൗണ്‍: യുവതി വഴിയരികില്‍ പ്രസവിച്ചു

ഹൈദരാബാദ്: ലോക്ഡൗണ്‍ മൂലം ആശുപത്രിയില്‍ എത്താന്‍ സാധിക്കാതെ യുവതി വഴിയരികില്‍ പ്രസവിച്ചു. പൊലീസ് റോഡ് തടസപ്പെടുത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാനാകാതെയാണ് യുവതി വഴിയരികില്‍ പെണ്‍കുഞ്ഞിന് ജന്മംനല്‍കിയത്. തെലുങ്കാനയില്‍

മെയ്: മറിയത്തിന്റെ മാധുര്യമുള്ള മാസം

റവ. ഡോ. ഗ്രിംബാള്‍ഡ് ലന്തപ്പറമ്പില്‍.      ഒരാള്‍ ഒരു കവിതയെഴുതുന്നു. തന്റെ പ്രതിശ്രുതവധുവുമായുള്ള പ്രേമബന്ധം അറ്റുപോയതിന്റെ അതിതീവ്രമായ മനോവ്യഥ നിറഞ്ഞു തുളുമ്പുന്ന കവിത. മറ്റൊരാള്‍ ആ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*