Breaking News

മുന്നൊരുക്കങ്ങളുണ്ടോ പ്രളയത്തിന്?

മുന്നൊരുക്കങ്ങളുണ്ടോ പ്രളയത്തിന്?

പ്രകൃതിയുടെ പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നതില്‍ മനുഷ്യന്റെ ശാസ്ത്രീയ നേട്ടങ്ങളെല്ലാം പലപ്പോഴും പരാജയപ്പെടാറുണ്ട്. പ്രകൃതി ദുരന്തങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ദുരന്തങ്ങളുടെ ആഘാതമൊഴിവാക്കാന്‍ പരമാവധി ശ്രമിക്കാമെന്നല്ലാതെ വിങ്ങിനില്ക്കുന്ന അഗ്നിപര്‍വതത്തോട് പൊട്ടരുതെന്നോ, കാറ്റേ നീയിപ്പോള്‍ വീശരുതെന്നോ പറയാനുള്ള തന്റേടമൊന്നും മനുഷ്യന് ദൈവം ഇപ്പോഴും നല്കിയിട്ടില്ല. പ്രകൃതിക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് അത്യാധുനിക സാറ്റലൈറ്റ് സംവിധാനങ്ങളുപയോഗിച്ച് പ്രവചിക്കാന്‍ സാധിക്കുന്നുണ്ട്. പരിഭ്രാന്തരായി ജനം നാലുചുറ്റും പായുമ്പോഴേക്കും അപായം മറ്റൊരു ദിശയിലേക്ക് അതിവേഗം മാറുന്നതും സാധാരണം. ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ അമേരിക്കയിലെ വടക്കന്‍ കരൊലൈന, ഫ്‌ളോറിഡ, ടെക്‌സാസ്, കെന്റുക്കി, ടെന്നസി, ഒക്‌ലഹോമ എന്നിവിടങ്ങളിലെല്ലാം അതിശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. നദികള്‍ കവിഞ്ഞൊഴുകുകയും കെട്ടിടങ്ങളും വാഹനങ്ങളും വെള്ളത്തിനടിയിലാകുകയും ചെയ്തുകൊണ്ടിരിക്കുന്നു. മേയ് മാസം വരെ ചൂടും വരള്‍ച്ചയും അനുഭവപ്പെട്ടുകൊണ്ടിരുന്നിടമാണിതെന്ന് ഓര്‍ക്കണം. ചില സ്ഥലങ്ങളില്‍ മുന്‍കാലങ്ങളില്‍ ഇതേസമയത്ത് ഒരുമാസം ലഭിച്ച മഴ ഒറ്റ ദിവസത്തില്‍ തന്നെ പെയ്തിരിക്കുന്നു. ദക്ഷിണചൈനയിലും പ്രളയം നാശംവിതച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലണ്ടില്‍ ആസന്നമായ വലിയ പ്രളയത്തിന്റെ മുന്നറിയിപ്പുകള്‍ വന്നുകഴിഞ്ഞു. വീ കാണ്ട് വിന്‍ എ വാര്‍ എഗെന്‍സ്റ്റ് വാട്ടര്‍ എന്നാണ് പ്രമുഖപരിസ്ഥിതി പഠന ഏജന്‍സി ഇതേക്കുറിച്ച് പറഞ്ഞത്. മാര്‍ച്ച് മാസത്തില്‍ അഫ്ഘാനിസ്ഥാനിലും ഏപ്രിലില്‍ ഇന്തോനേഷ്യയിലും മൊസാംബിക്കിലും ഇറാനിലും ഇറാക്കിലും സിറിയയിലും പ്രളയങ്ങളുണ്ടായി. മേയില്‍ പരാഗ്വേയിലുണ്ടായ പ്രളയത്തില്‍ ഏകദേശം 1 ലക്ഷത്തോളം പേരാണ് ഭവനരഹിതരായത്. 2018ല്‍ കേരളത്തോടൊപ്പം കിഴക്കന്‍ ആഫ്രിക്ക, ജപ്പാന്‍, വിയറ്റ്‌നാം, വടക്കന്‍കൊറിയ, നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മഹാപ്രളയങ്ങളുണ്ടായി. 2018 ജനുവരിയില്‍ പാരീസ് നഗരത്തെ മുക്കിയ പ്രളയം നൂറ്റാണ്ടിലെ പ്രളയമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഏതാനും മാസങ്ങള്‍ക്കു ശേഷമാണല്ലോ കേരളവും നൂറ്റാണ്ടിന്റെ പ്രളയത്തില്‍ പെട്ടത്.
മുന്‍കരുതലുകളാണ് പ്രധാനം
കേരളത്തില്‍ 2018 ആഗസ്റ്റിലുണ്ടായ പ്രളയദുരന്തം മനുഷ്യന്റെ കണക്കുകൂട്ടല്‍ കഴിവുകള്‍ക്കപ്പുറമായിരുന്നു. അതുകൊണ്ടായിരുന്നു ആദ്യഘട്ടത്തില്‍ അണക്കെട്ടുകള്‍ തുറന്നുവിടാന്‍ അമാന്തിച്ചതും പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോയതും. അണക്കെട്ടുകള്‍ തുറന്നുവിടുന്നതും അടയ്ക്കുന്നതുമൊന്നും പ്രളയത്തെ ബാധിക്കില്ലെന്ന വിദഗ്ധനിഗമനങ്ങളെയും കണ്ടില്ലെന്നു നടിക്കരുത്. പ്രളയം കശക്കിയെറിഞ്ഞ ഇടങ്ങളില്‍ വികസിത രാജ്യങ്ങളുമുണ്ടെന്നത് ഉദാഹരണം. ഇവിടങ്ങളിലെല്ലാം കേരളത്തെ അപേക്ഷിച്ചുണ്ടായ പ്രധാന വ്യത്യാസം നാശനഷ്ടങ്ങളുടെ കുറവാണ്. മരണസംഖ്യ കൈവിരലില്‍ എണ്ണാവുന്നതു മാത്രമായിരുന്നു. കേരളത്തിലത് 400ല്‍ എത്തി. അമേരിക്കയിലെ പ്രളയം മാസങ്ങള്‍ക്കു മുമ്പേ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും പാരീസിലേത് വന്‍ പ്രളയമാകുമെന്ന് ഒരാഴ്ചമുമ്പാണ് അറിഞ്ഞത്.
ചൂടുവെള്ളത്തില്‍ വീണ പൂച്ചയെപ്പോലെയാണ് കേരളത്തിലെ ജനങ്ങള്‍. ഒരു പ്രളയത്തില്‍ സര്‍വമാനപേരും ഒന്നുമുങ്ങി നിവര്‍ന്നതാണ്. ഇപ്പോള്‍ മാനത്ത് കാര്‍മേഘങ്ങള്‍ കണ്ടാല്‍ പേടിയാണ്. കാലചക്രം ഒന്നുതിരിഞ്ഞ് പ്രളയകാലത്തിന്റെ വാര്‍ഷികത്തിനടുത്തെത്തുമ്പോള്‍ ആരുടേയും ആശങ്കകള്‍ ഒഴിയുന്നില്ല; മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന സര്‍ക്കാരിന്റെ വാക്കുകള്‍ അതേപടി വിഴുങ്ങാന്‍ കേരളം തയ്യാറുമല്ല.
കഴിഞ്ഞ കാലങ്ങളെക്കാള്‍ മുന്‍കരുതല്‍ നടപടികളും കാലാവസ്ഥാ മുന്നറിയിപ്പുകളും കാര്യക്ഷമമായിട്ടുണ്ടെന്ന് പറയാം. പക്ഷേ അതൊന്നും അപകട മേഖലകളായി കണക്കാക്കിയിരിക്കുന്ന ഇടങ്ങളില്‍ പാര്‍ക്കുന്നവരുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നല്കുന്നില്ലെന്നതാണ് വാസ്തവം.
സംസ്ഥാന വൈദ്യുതി ബോര്‍ഡ്, ജലസേചന വകുപ്പ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് അടിയന്തര ഘട്ടത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും അതില്‍നിന്നുരുത്തിരിഞ്ഞ മാര്‍ഗരേഖ ജില്ലാ കളക്ടര്‍മാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും താലൂക്ക്ഓഫീസുകളും വില്ലേജ് ഓഫീസുകളും വഴി രേഖകള്‍ താഴേക്ക് പോയിട്ടുമുണ്ടാകും. തിരികെ എന്തെങ്കിലും മറുപടിയോ നടപടിയോ ആരെങ്കിലും സ്വീകരിച്ചതായി ഒരു അറിവുമില്ല. കഴിഞ്ഞ വര്‍ഷത്തെ പ്രളയം ആവര്‍ത്തിക്കുകയാണെങ്കില്‍ ആര്‍ക്കായിരിക്കും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള ഉത്തരവാദിത്വമെന്നോ രക്ഷാപ്രവര്‍ത്തനത്തിന് എന്തെങ്കിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ, ദുരിതാശ്വാസക്യാമ്പുകള്‍ക്ക് സ്ഥലം കണ്ടുവച്ചിട്ടുണ്ടോ എന്ന കാര്യമൊന്നും വ്യക്തമല്ല. പൊതുജനങ്ങളെക്കൂടി (ഇരകള്‍) ഉള്‍പ്പെടുത്തി അവരുടെ അഭിപ്രായങ്ങളും ആശങ്കകളും കേട്ടല്ല നേരത്തെ പറഞ്ഞ മാര്‍ഗരേഖ തയ്യാറാക്കിയതെന്നത് ഏറ്റവും വലിയ വീഴ്ചയാകും.
മഴക്കാറിന്റെ ഘനമനുസരിച്ച് ഓറഞ്ചും മഞ്ഞയും ചെമപ്പും വിളക്കുകള്‍ കൊളുത്തി വച്ചാല്‍ അതുവിലയിരുത്തി ജനം എങ്ങോട്ടെങ്കിലും ഓടിരക്ഷപ്പെടുമെന്നായിരിക്കും ഉദ്യോഗസ്ഥര്‍ കരുതുന്നത്. ‘നാടകത്തിന് റിഹേഴ്‌സലെന്തിന്? തട്ടേല്‍കേറുമ്പം ഞാന്‍ നന്നായി കളിച്ചോളാം’ എന്ന പുതുമുഖ നടന്റെ നിലപാടാണോ സര്‍ക്കാരിനെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ തവണ സംഭവിച്ചത് ഏകദേശം ഇതൊക്കെ തന്നെയായിരുന്നു. ഒരു റിഹേഴ്‌സലുമില്ലാതെ രംഗത്തിറങ്ങിയ മത്സ്യത്തൊഴിലാളികളാണ് കേരളത്തിന്റെ ജീവന്‍ അന്നു രക്ഷിച്ചത്.
പ്രളയംകഴിഞ്ഞ് ഒരു വര്‍ഷമാകുമ്പോഴും ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം സര്‍ക്കാര്‍ ചെയ്തില്ല. എല്ലാ വിദഗ്ധരും ഒന്നുപോലെ ആവശ്യപ്പെട്ട കാര്യം-കേരളത്തിലെ പുഴകളുടെ ഗതി സൂചിപ്പിക്കുന്ന ഒരു ഭൂപടം തയ്യാറാക്കല്‍. ഇത്തരത്തിലൊന്ന് ഉണ്ടെങ്കില്‍ പ്രളയത്തിന്റെ ആഘാതം കുറയ്ക്കാനാകും. മിസിസിപ്പിയിലൂടെ ഈ മഴക്കാലത്ത് എത്രമീറ്റര്‍ വെള്ളം അധികം പ്രവഹിക്കുമെന്ന് അമേരിക്കക്കാരന് മുന്‍കൂട്ടി അറിയാന്‍ കഴിയുന്നതുകൊണ്ടാണ് ആഴ്ചകള്‍ക്കു മുമ്പേ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിയുന്നത്.
കഴിഞ്ഞ പ്രളയം വഴി നമുക്കു ലഭിച്ച വലിയ അറിവ് ഏതൊക്കെ പ്രദേശങ്ങളില്‍ എത്രസമയം കൊണ്ട് വെള്ളം കയറുമെന്നതാണ്. ഇതുരണ്ടും കൂട്ടിയോജിപ്പിച്ച് പ്രാദേശിക തലങ്ങളില്‍ ദുരന്തനിവാരണ പദ്ധതികള്‍ വേഗത്തില്‍ രൂപീകരിക്കാനാകും. നാശനഷ്ടങ്ങളും മനുഷ്യജീവനും വലിയ അളവില്‍ സംരക്ഷിക്കുകയും ചെയ്യാം. കിണറുകളും കുളങ്ങളും പുനരുദ്ധീകരിക്കുകയും അവശേഷിക്കുന്ന തോടുകളിലെയും പുഴകളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും വേണമെന്ന പ്രളയകാലത്തെ നിര്‍ദേശങ്ങളൊന്നും ഇതുവരെ നടപ്പായിട്ടില്ല.
ചെമപ്പ് മുന്നറിയിപ്പ് ലഭിച്ചാല്‍ ഓടി രക്ഷപ്പെടണമെന്ന് ജനങ്ങള്‍ക്കിപ്പോള്‍ അറിയാമെങ്കിലും വീടുമുങ്ങുമ്പോള്‍ എങ്ങോട്ട് പോകണമെന്ന കാര്യത്തില്‍ ഒരു നിശ്ചയവുമില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും മതസാമുദായിക, യുവജന വിഭാഗങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനങ്ങളിലും പുനരധിവാസത്തിലും നല്ലൊരു പങ്കു വഹിക്കാനാകുമെന്ന് കഴിഞ്ഞ പ്രളയം സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയതാണ്. കാലവര്‍ഷം എത്താന്‍ വൈകിയിട്ടുപോലും ഈ വിഭാഗങ്ങളെ ഒന്നിച്ചുകൂട്ടി മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കാനോ ഏതെങ്കിലും വിധത്തിലുളള പരിശീലനം ആവശ്യമെങ്കില്‍ അതു നല്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആവശ്യമെങ്കില്‍ മത്സ്യത്തൊഴിലാളികളുടെ സഹായം തേടാനോ അവരുടെ ബോട്ടോ വള്ളങ്ങളോ സജ്ജമാക്കി നിര്‍ത്താനോ നിര്‍ദേശങ്ങളൊന്നുമില്ല.
അണക്കെട്ടുകള്‍
സംസ്ഥാനത്തെ ചെറുതും വലുതുമായ അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്നുവിട്ടതാണ് കഴിഞ്ഞ പ്രളയത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതെന്ന് ഇപ്പോള്‍ ഏകദേശം എല്ലാവര്‍ക്കും ബോധ്യമുണ്ട്. അണക്കെട്ടുകള്‍ തുറന്നുവിടേണ്ട സാഹചര്യം എപ്പോഴാണെന്നും എത്രമാത്രം വെള്ളം ഓരോ തവണയും തുറന്നുവിടണമെന്നും ഇതിനായി നിയോഗിച്ചിട്ടുള്ള വിദഗ്ധസമിതി വിലയിരുത്തണമായിരുന്നു. അണക്കെട്ടുകളില്‍ നിന്നും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവനുസരിച്ച് പുഴകളിലും മറ്റും എത്രമാത്രം വെള്ളം ഉയരാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്താനാകും. അതിനുള്ള വൈദഗ്ധ്യം നിലവിലെ സമിതിക്കുണ്ടോ എന്നാണ് സംശയം. കാരണം സമിതിയുടെ തീരുമാനങ്ങളെല്ലാം പാളിപ്പോയ കാഴ്ചയാണ് കഴിഞ്ഞ തവണ കണ്ടത്.
അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടേണ്ടി വന്നാല്‍ കെഎസ്ഇബിയും ജലസേചന വകുപ്പും 36 മണിക്കൂര്‍ മുമ്പേ ഇക്കാര്യം ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡാമുകളുടെ ഷട്ടറുകള്‍ തുറക്കണമെങ്കില്‍ അതതു ജില്ലാ കളക്ടര്‍മാരുടെ അനുമതി വാങ്ങണം. ഷട്ടറുകള്‍ തുറക്കാന്‍ അനുമതി കൊടുക്കുന്നതിനു മുമ്പ് പുഴകളിലെയും തോടുകളിലെയും വെള്ളത്തിന്റെ തോത് മനസിലാക്കുകയും തദ്ദേശസ്ഥാപനങ്ങള്‍ക്കും പ്രദേശത്തെ പൊതുജനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്യണം.
അണക്കെട്ടുകളില്‍ മണ്ണിടിഞ്ഞ് സംഭരണശേഷി കുറഞ്ഞതും ഷട്ടറുകള്‍ അറ്റകുറ്റപ്പണി നടത്താത്തും കഴിഞ്ഞ പ്രളയത്തിന്റെ പ്രധാനകാരണങ്ങളിലൊന്നായിരുന്നു. അ
ണക്കെട്ടുകളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും ചെളിയും ഉടനെ നീക്കം ചെയ്യുമെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. ഇതുവരെ ഒരിഞ്ച് മണ്ണുംപോലും നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നു മാത്രം.
അണക്കെട്ടുകളില്‍ ഭൂരിഭാഗത്തിന്റെയും ചുമതല വഹിക്കുന്ന കെഎസ്ഇബിയ്ക്ക് കേന്ദ്ര ജലക്കമ്മീഷന്‍ (സിഡബ്യുസി) എല്ലാ അണക്കെട്ടുകളിലെയും ജലനിരപ്പ് പരിധി പുനര്‍നിര്‍ണയിക്കാന്‍ നിര്‍ദേശം നല്കിയിരുന്നു. ഇതനുസരിച്ച് വലിയതും ഇടത്തരവുമായ 17 ഡാമുകളുടെ ജലനിരപ്പ് പരിധി (റൂള്‍ കര്‍വുകളും അലെര്‍ട്ട് ലെവലുകളും) പുനര്‍നിര്‍ണയിച്ചിട്ടുണ്ട്.
ഉദാഹരണത്തിന് ഇടുക്കി ഡാമിന്റെ സംഭരണശേഷി 2018 നവംബറില്‍ 2,403 അടിയായിരുന്നത് 2019 ജൂണില്‍ 2,373 അടിയാക്കി. നിശ്ചിതപരിധിയില്‍ നിന്നും നാലടി താഴെ വെള്ളമെത്തിയാല്‍ ബ്ലൂ അലെര്‍ട്ട് പുറപ്പെടുവിക്കും. 2 അടികൂടി കൂടിയാല്‍ ഓറഞ്ച് അലെര്‍ട്ടും, പരിധിയില്‍ നിന്നും ഒരടി താഴെ വെള്ളമെത്തിയാല്‍ റെഡ് അലേര്‍ട്ടും. ഓരോ പദ്ധതി പ്രദേശത്തും സാറ്റലൈറ്റ് ഫോണുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് എത്രവരെയാകാം എന്നതിനെ കുറിച്ചും വിവിധ അലര്‍ട്ടുകളെ കുറിച്ചും തീരുമാനിക്കുന്ന റൂള്‍ കെര്‍വ് അനുസരിച്ച് തുറന്നു വിടേണ്ട ഡാമുകളുടെ വിവരങ്ങള്‍ ജലസേചന വകുപ്പും കെഎസ്ഇബിയും സര്‍ക്കാരിനെയും കളക്ടര്‍മാരെയും ദുരന്തനിവാരണ അതോറിറ്റിയെയും അറിയിക്കണം. സാഹചര്യങ്ങള്‍ പരിശോധിച്ച് ദുരന്തനിവാരണ അതോറിറ്റി അംഗീകാരം നല്‍കിയാല്‍ മാത്രമേ ഡാമുകള്‍ തുറക്കാന്‍ പാടുള്ളൂ.
പക്ഷേ കെഎസ്ഇബിയെ ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെടുത്തുന്നതിനുള്ള നടപടികളൊന്നും ഇതുവരെ ചെയ്തിട്ടില്ല. അണക്കെട്ടുകളില്‍ നിന്നും വെള്ളം തുറന്നുവിട്ടാല്‍ കെഎസ്ഇബിയുടെ ചുമതല അവസാനിക്കും. വൈദ്യുതി ഉത്പാദനത്തിനു വേണ്ടി വെള്ളം കഴിയുന്നത്ര സംഭരിക്കാനുള്ള മണ്ടന്‍തീരുമാനമൊന്നും ഇത്തവണ വൈദ്യുതി ബോര്‍ഡ് സ്വീകരിക്കില്ലെന്നു കരുതാം.
കാരണം കഴിഞ്ഞ തവണ അത്യാഗ്രഹം മൂത്ത് സംഭരിച്ചുവച്ച വെള്ളം ഒറ്റയടിക്ക് തുറന്നുവിടേണ്ടി വന്നപ്പോള്‍ പവര്‍ഹൗസുകള്‍ നശിച്ചതില്‍ മാത്രം 150 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്കുണ്ടായത്. നിലവില്‍ പെരിങ്ങല്‍ക്കുത്ത് ഡാം ഒഴികെ മറ്റെല്ലാ ഡാമുകളുടെയും സ്‌ലൂയിസ് വാല്‍വുകളും ഷട്ടറുകളും പ്രവര്‍ത്തനക്ഷമമാക്കിയെന്നാണ് കെഎസ്ഇബി അവകാശപ്പെടുന്നത്.
കാലവര്‍ഷം ഇത്തവണ ഒരാഴ്ചയോളം വൈകിയാണ് കേരളത്തിലെത്തിയത്.
ഇന്ത്യാ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഐഎംഡി) പ്രവചനമനുസരിച്ച് കാലവര്‍ഷത്തിന്റെ സമയപരിധി ഇത്തവണ കുറവായിരിക്കും. എന്നാല്‍ മഴയുടെ അളവ് കുറവായിരിക്കുമെന്ന് അതിനര്‍ഥമില്ല. കുറഞ്ഞ കാലയളവില്‍ കൂടുതല്‍ മഴ ലഭിക്കാനും സാധ്യതയുണ്ട്. പ്രളയത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് ഈ പ്രവചനം സൂചിപ്പിക്കുന്നത്.
2018 ജൂണ്‍ തുടക്കം മുതല്‍ തന്നെ സാധാരണയില്‍നിന്നു 42 ശതമാനം കൂടുതല്‍ മഴ പെയ്തിരുന്നു. ആഗസ്റ്റിന്റെ ആദ്യ 20 ദിവസങ്ങളില്‍ സാധാരണയില്‍നിന്നു 164 ശതമാനം അധികവും മഴ പെയ്തു. വേനല്‍മഴ നന്നായി ലഭിക്കുകയും കാലവര്‍ഷം തൊട്ടുപിറകേ എത്തുകയും ചെയ്തതോടെയാണ് അണക്കെട്ടുകളില്‍ വെള്ളം നിറഞ്ഞത്. ഇത്തവണ കാലവര്‍ഷം എത്തുന്നതിന് തൊട്ടുമുമ്പ് വേനല്‍ മഴ ലഭിച്ചിരുന്നെങ്കിലും 65 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും ശുഷ്‌കമായ മഴയാണ് രേഖപ്പെടുത്തിയതെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചനകേന്ദ്രമായ സ്‌കൈമെറ്റ് പറയുന്നു.
കാലാവസ്ഥ പ്രവചനം കൂടുതല്‍ ശാസ്ത്രീയവും കൃതൃതയുള്ളതുമാക്കാന്‍ നടപടി വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിററി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് നിലവില്‍ 14 മഴമാപിനികളാണുള്ളത്. മാപിനികള്‍ നൂറായി ഉയര്‍ത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞിരുന്നെങ്കിലും 35 എണ്ണം സ്ഥാപിക്കാനുള്ള സ്ഥലമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളു. കാലാവസ്ഥാ പ്രവചനം കൂടുതല്‍ കൃത്യതയുള്ളതാക്കാന്‍ ഡോപഌര്‍ റഡാര്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവും നടപ്പായിട്ടില്ല.
ശാസ്ത്രീയനേട്ടങ്ങള്‍ മനുഷ്യന്റെ കഴിവുകളുമായി സംയോജിപ്പിക്കുമ്പോഴാണ് അതിന്റെ പ്രയോജനം ലഭിക്കുന്നത്. നമ്മുടെ കാര്യത്തില്‍ ശാസ്ത്രീയനേട്ടങ്ങള്‍ കാലാവസ്ഥാനിരീക്ഷണ സംവിധാനങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ഉള്ള നേട്ടങ്ങള്‍ നിരീക്ഷിക്കാനും ഉപയോഗിക്കാനുമറിയുന്നവരാണോ ഉദ്യോഗസ്ഥ-ഭരണതലപ്പത്ത് ഇരിക്കുന്നതെന്നതും പ്രധാനകാര്യം തന്നെ.


Related Articles

ഫിയസ്റ്റ – യുവജന കൺവെൻഷൻ: മെയ്‌ 1 മുതൽ 5 വരെ

തിരുവനന്തപുരത്തുള്ള ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളുടെ സഹകരണത്തോടെ തിരുവനന്തപുരം ജീസസ് യൂത്തിന്റെയും മൗണ്ട് കാർമൽ മിനിസ്ട്രീസിന്റെയും ആഭിമുഖ്യത്തിൽ റവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന

ചെല്ലാനത്തെ ദുരിധബാധിതര്‍ക്ക് ധനസഹായം നല്‍കി

കൊച്ചി: കൊച്ചി രൂപതയുടെയും കെആര്‍എല്‍സിസിയുടെയും നേതൃത്വത്തില്‍ ചെല്ലാനത്തെ ദുരിതബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ധനസഹായ വിതരണം നടത്തി. ധനസഹായ വിതരണം കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍ ഉദ്ഘാടനം

ചെല്ലാനം-ഫോര്‍ട്ടുകൊച്ചി കടല്‍ഭിത്തിയുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ 15 കോടിരൂപയുടെ ഭരണാനുമതി

  കൊച്ചി: ചെല്ലാനം ഫോര്‍ട്ടുകൊച്ചി കടല്‍ഭിത്തിയിലെ അറ്റകുറ്റപണികള്‍ക്കായി 15 കോടിരൂപയുടെ ഭരണാനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. തെക്കേ ചെല്ലാനം, ഗുണ്ടുപറമ്പ്, മാലാഖപ്പടി, ബസാര്‍, വേളാങ്കണ്ണി,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*