മുന്നോക്ക പ്രീണനത്തിന്റെ തുല്യ നീതി

മുന്നോക്ക പ്രീണനത്തിന്റെ തുല്യ നീതി

 
മുന്നാക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം ചെയ്തുകൊണ്ട് കേരള സ്റ്റേറ്റ് സബോര്‍ഡിനേറ്റ് റൂള്‍സ് ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് വിജ്ഞാപനമിറക്കി. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലേക്കും പി.എസ്.സി വഴിയുള്ള നിയമനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഈ മുന്നാക്ക സാമ്പത്തിക സംവരണം ബാധകമാണ്. പ്ലസ്ടു മുതല്‍ പ്രഫഷണല്‍ കോഴ്‌സുകള്‍ക്കു വരെയുള്ള പ്രവേശനത്തിന് ഇതു നേരത്തെതന്നെ പ്രാബല്യത്തില്‍ വന്നിരുന്നു.
സാമൂഹിക സ്ഥിതിസമത്വത്തിനും അധികാര പങ്കാളിത്തത്തിനും അധഃസ്ഥിത ജനസമൂഹങ്ങളെ പ്രാപ്തരാക്കുന്നതിന് ഇന്ത്യന്‍ ഭരണഘടന വ്യവസ്ഥചെയ്ത സാമുദായിക സംവരണതത്വം ഉടച്ചുവാര്‍ത്തുകൊണ്ടാണ് സാമ്പത്തിക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ മുന്നാക്കവിഭാഗങ്ങളിലെ ദുര്‍ബലര്‍ക്ക് (ഇഡബ്ല്യുഎസ്) സര്‍ക്കാര്‍ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും
10 ശതമാനം സംവരണത്തിന് മോദി ഗവണ്‍മെന്റ് 2019ല്‍ 103-ാമത് ഭരണഘടനാഭേദഗതി നിയമം കൊണ്ടുവന്നത്. ചരിത്രപരമായി സാമൂഹിക അനീതിക്കും ജാതിവിവേചനത്തിനും ഇരകളായ ജനവിഭാഗങ്ങളുടെ സമുദ്ധാരണം ലക്ഷ്യമാക്കുന്ന സാമുദായിക സംവരണത്തിന്റെ ഭരണഘടനാധിഷ്ഠിത മൗലിക സ്വഭാവംതന്നെ മാറ്റിമറിക്കുന്ന സാമ്പത്തിക മാനദണ്ഡവും, സംവരണത്തിന്റെ തോത് 50 ശതമാനത്തില്‍ കവിയരുതെന്ന കോടതിവിധിക്കു വിരുദ്ധമായി ജനറല്‍ കാറ്റഗറിയില്‍ നിന്ന് 10 ശതമാനം കൂടി മുന്നാക്ക സംവരണ ക്വാട്ടയിലേക്കു മാറ്റുന്നതും ചോദ്യംചെയ്യുന്ന ഹര്‍ജികള്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. എന്നിരുന്നാലും ഇടതുമുന്നണി ഗവണ്‍മെന്റ് തഞ്ചത്തില്‍ ഈ മഹാമാരിക്കാലത്ത് ഇഡബ്ല്യുഎസ് നടപ്പാക്കാന്‍ ഇത്ര തത്രപ്പാട് കാട്ടുന്നത് എന്തിനാവാം?
മുന്നാക്ക സംവരണം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രകടനപത്രികയിലുണ്ടായിരുന്നെന്നും, പാര്‍ലമെന്റില്‍ സന്നിഹിതരായിരുന്ന 326 അംഗങ്ങളില്‍ 323 പേരും അനുകൂലിച്ച് വോട്ടുചെയ്തു പാസാക്കിയതാണ് മുന്നാക്ക സംവരണ നിയമമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിക്കുന്നുണ്ട്. അല്ലെങ്കിലും മോദി ഗവണ്‍മെന്റ് ഇഡബ്ല്യുഎസ് സംവരണ പ്രശ്‌നം എടുത്തിടും മുന്‍പേ നമ്മള്‍ ഇവിടെ ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ മുന്നാക്ക സംവരണം നടപ്പാക്കിയതാണല്ലോ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും നടപ്പാക്കാത്ത തോതില്‍ മുന്നാക്ക സംവരണം എത്ര പ്രതിബദ്ധതയോടൊണ് പിണറായി സര്‍ക്കാര്‍ ഒറ്റയടിക്ക് ശരിപ്പെടുത്തുന്നത്! ശബരിമല ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് തുല്യനീതി ഉറപ്പാക്കിയും നവോത്ഥാന അപനിര്‍മിതിയില്‍ പുതിയ പ്രതിഷ്ഠാപനങ്ങള്‍ നടത്തിയും സവര്‍ണ വിഭാഗത്തിന്റെ വെറുപ്പു സമ്പാദിച്ചയാള്‍ പുതിയ തെരഞ്ഞെടുപ്പു സീസണില്‍ മുന്നാക്ക പ്രീണനത്തിന് മോദിയെക്കാള്‍ വലിയ ഇഡബ്ല്യുഎസ് തുല്യനീതി സമ്രാട്ട് ചമയുന്നത് സംസ്ഥാനത്തെ ജനസംഖ്യയില്‍ 80 ശതമാനം വരുന്ന പിന്നാക്ക വിഭാഗത്തി
ന്റെ സംവരണ വിഹിതം അട്ടിമറിച്ചാണ്.
പൊതുവിഭാഗത്തില്‍ നിന്നാണ് 10% ഇഡബ്ല്യുഎസ് സംവരണ ക്വാട്ട നീക്കിവയ്ക്കുന്നത് എന്നതിനാല്‍ പട്ടികജാതി-വര്‍ഗക്കാരുടെയും ഇതര പിന്നാക്കക്കാരുടെയും നിലവിലുള്ള സംവരണത്തില്‍ തൊടുന്നതേ
യില്ല എന്നാണ് സര്‍ക്കാര്‍ വാദം. ഇതനുസരിച്ച് സാമുദായിക സംവരണത്തിന്റെ 50% ഒഴിച്ചുള്ള 50% ഓപ്പണ്‍ ക്വാട്ടയില്‍ നിന്നാണ് 10% ഇഡബ്ല്യുഎസിനായി നീക്കിവയ്‌ക്കേണ്ടത്. നൂറ് ഒഴിവുണ്ടെങ്കില്‍ അതില്‍ 50 എണ്ണത്തിന്റെ 10 ശതമാനമായ അഞ്ച് നിയമനങ്ങള്‍ സാമ്പത്തിക സംവരണത്തിലാകണം. എന്നാല്‍ ജനറല്‍ കാറ്റഗറിയുടെ 10 ശതമാനമല്ല, മൊത്തം ഒഴിവിന്റെ 10 ശതമാനമാണ് സംസ്ഥാന ചട്ടഭേദഗതിയിലൂടെ ഉഴിഞ്ഞുവയ്ക്കുന്നത്. അതായത് നൂറ് നിയമനങ്ങളില്‍ 10 എണ്ണം! യഥാര്‍ഥത്തില്‍ ഇഡബ്ല്യുഎസ് സംവരണം 20% ആവുകയാണ്.
ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തില്‍ ഇഡബ്ല്യുഎസ് സംവരണത്തിന് അര്‍ഹതപ്പെട്ടതിന്റെ ഇരട്ടി സീറ്റാണ് മുന്നാക്കക്കാര്‍ക്കായി സംവരണം ചെയ്തത്. താരതമ്യേന കൂടുതല്‍ മാര്‍ക്കുള്ള മത്സ്യത്തൊഴിലാളികളുടെയും നിര്‍മാണത്തൊഴിലാളികളുടെയും മക്കള്‍ പ്ലസ്ടു പ്രവേശനത്തിനു സീറ്റു കിട്ടാതെ വലയുമ്പോള്‍ മിക്ക ജില്ലകളിലും മുന്നാക്കക്കാരുടെ സംവരണസീറ്റുകള്‍ അപേക്ഷകരില്ലാതെ ഒഴിഞ്ഞുകിടന്നു. മെഡിക്കല്‍, പാരാമെഡിക്കല്‍, എന്‍ജിനിയറിംഗ് കോഴ്‌സുകള്‍ക്കും ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കും മൊത്തം സീറ്റിന്റെ 10% ഇഡബ്ല്യുഎസ് സംവരണത്തിനു നീക്കിവയ്ക്കുന്ന ചട്ടഭേദഗതിയിലെ അനീതി ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. മെഡിക്കല്‍ പിജി സംവരണ തോത് ശതമാനകണക്കില്‍ ഇങ്ങനെയാണ്: ഈഴവ മൂന്ന്, മുസ്ലിം രണ്ട്, പിന്നാക്ക ഹിന്ദു ഒന്ന്, ലത്തീന്‍ ഒന്ന്, മുന്നാക്ക സമുദായം 10. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആകെ പിജി സീറ്റുകള്‍ 849 ആണ്. ജനസംഖ്യയില്‍ 23% വരുന്ന ഈഴവര്‍ക്ക് ഇതില്‍ 13 സീറ്റും, ജനസംഖ്യയില്‍ 26% വരുന്ന മുസ്ലിങ്ങള്‍ക്ക് ഒന്‍പത് സീറ്റും, ജനസംഖ്യയില്‍ 20% വരുന്ന മുന്നാക്കക്കാര്‍ക്ക് 30 സീറ്റുമാണ് സംവരണം. മെഡിക്കല്‍ പിജിയില്‍ അഖിലേന്ത്യാ ക്വാട്ട കഴിച്ചുള്ള നിശ്ചിത ശതമാനമാണ് സാമുദായിക സംവരണത്തിന് അടിസ്ഥാനമായി നിശ്ചയിച്ചിരുന്നത്. അതിനാല്‍ പിന്നാക്ക സംവരണ തോത് കുറവായിരുന്നു. മുന്നാക്ക സംവരണം മൊത്തം സീറ്റുകള്‍ അടിസ്ഥാനമാക്കിയാണ്. എംബിബിഎസ് സീറ്റിന്റെ കാര്യവും ഇതുതന്നെയാണ്: ഈഴവ 94, മുസ്ലിം 84; മുന്നാക്കക്കാര്‍ക്ക് 130 സീറ്റ്. ഹയര്‍ സെക്കന്‍ഡറിയില്‍ ഈഴവര്‍ക്ക് 13,002 സീറ്റും മുസ്ലിങ്ങള്‍ക്ക് 11,313 സീറ്റുമാണെങ്കില്‍ മുന്നാക്ക ജാതിക്കാര്‍ക്ക് 16,711 സീറ്റാണ് സംവരണം ചെയ്തത്.
ഇഡബ്ല്യുഎസ് സംവരണം പരമാവധി 10 ശതമാനം വരെയാകാം എന്നാണ് പാര്‍ലമെന്റ് പാസാക്കിയ നിയമത്തില്‍ പറഞ്ഞത്. സംസ്ഥാനത്തെ ഇടതുമുന്നണി ഗവണ്‍മെന്റാകട്ടെ ഒരു അടിസ്ഥാന പഠനവും നടത്താതെ ഒറ്റയടിക്ക് 10 ശതമാനമെന്ന സമ്പൂര്‍ണ പരിധിക്കപ്പുറം സാമുദായിക സംവരണ വിഹിതത്തിലെ 50 ശതമാനത്തില്‍ നിന്നും 10% കൂടി മുന്നാക്കക്കാര്‍ക്ക് വീതിച്ചുനല്‍കുന്നു. ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ലത്തീന്‍ കത്തോലിക്കാ സംവരണം ഒരു ശതമാനമാണ്. എല്ലാ പിന്നാക്കവര്‍ഗക്കാര്‍ക്കും കൂടി ഇത് ഒന്‍പതു ശതമാനം മാത്രമാണ്. എന്നാല്‍ മുന്നാക്കക്കാര്‍ക്ക് 10 ശതമാനത്തിലും കവിഞ്ഞിരിക്കുന്നു.
പി.എസ്.സി. നിയമനങ്ങളില്‍ 20 ഒഴിവുകള്‍ ഒരു യൂണിറ്റായി കരുതിയുള്ള സംവരണ റോട്ടേഷന്‍ ക്രമത്തിലും മുന്നാക്കക്കാര്‍ക്ക് പൊതുവിഭാഗത്തിലെ 10 നിയമനങ്ങളില്‍ ഒരെണ്ണം ലഭിക്കേണ്ടതിനു പകരം രണ്ടു നിയമനങ്ങള്‍ക്കു വഴിതെളിക്കാന്‍ പാകത്തിലാണ് പുതിയ ചട്ടമുണ്ടാക്കിയിരിക്കുന്നത്.
ഇഡബ്ല്യുഎസ് സംവരണത്തിന് അര്‍ഹതയ്ക്ക് സംസ്ഥാനത്ത് മുനിസിപ്പല്‍ കോര്‍പറേഷനില്‍ 50 സെന്റും, മുനിസിപ്പല്‍ പ്രദേശത്ത് 75 സെന്റും പഞ്ചായത്തില്‍ രണ്ടര ഏക്കറും വരെ ഭൂസ്വത്തുമാണ് പരിധി നിര്‍ണയി
ച്ചിട്ടുള്ളത്. നഗരപ്രദേശങ്ങളില്‍ രണ്ടു സെന്റും ഗ്രാമത്തില്‍ നാലു സെന്റുമാണ് കേന്ദ്ര വിജ്ഞാപനത്തിലെ പരിധി. മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് പഞ്ചായത്തില്‍ രണ്ടര ഏക്കര്‍ വരെയാകാമെന്നാണ് ഭൂപരിഷ്‌ക
രണ വിപ്ലവകാരികളുടെ ഉദാരനയം.
സംവരണത്തിന്റെ തുല്യനീതിയെക്കുറിച്ചാണ് ഇപ്പോള്‍ മുന്നാക്ക വിഭാഗക്കാര്‍ വേവലാതിപ്പെടുന്നത്. കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍, പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പറേഷന്‍, വനിതാ വികസന കോര്‍പറേഷന്‍ തുടങ്ങി സംസ്ഥാന സര്‍ക്കാര്‍ വക നിരവധി ക്ഷേമ കോര്‍പറേഷനുകള്‍ ഇവിടെയുണ്ടെങ്കിലും മുന്നാക്ക വികസന കോര്‍പറേഷന്‍ എന്ന സവര്‍ണാഭിമാനി പ്രസ്ഥാനത്തിനു മാത്രമേ കാബിനറ്റ് റാങ്കുള്ള ഒരു ചെയര്‍മാനെ നമ്മുടെ ഇടതുമുന്നണി സര്‍ക്കാര്‍ വാഴിച്ചിട്ടുള്ളൂ. മറ്റു ചെയര്‍മാന്മാര്‍ക്ക് കാബിനറ്റ് പദവി പോയിട്ട് ഒരു നല്ല വണ്ടി പോലുമില്ല! ഇതെന്തു തുല്യനീതിയാണ്?


Related Articles

അന്തരീക്ഷ മലിനീകരണവും ഹാര്‍ട്ടറ്റാക്കും

ഹൃദയധമനികളിലെ ബ്ലോക്കിന്റെ വലിപ്പവും ഹാര്‍ട്ടറ്റാക്കും തമ്മില്‍ വലിയ ബന്ധമില്ലെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘകാലം ആപത്ഘടകങ്ങള്‍ക്ക് വിധേയമായാല്‍ ഹൃദയധമനികളുടെ ഉള്‍പ്പോളകളില്‍ കൊഴുപ്പും മറ്റു ഘടകങ്ങളും അടിഞ്ഞുകൂടി ഉള്‍വ്യാസം

എന്താണു ജിഹാദ്?

‘നർകോട്ടിക് ജിഹാദ്’ എന്ന പ്രയോഗം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ, ഉയർന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്. എന്താണ് ജിഹാദ്? ജിഹാദ് എന്ന വാക്കിന് പരമ്പരാഗതമായുള്ള മതപരമായ അർഥവും, മാറിയ ലോകത്ത് പൊളിറ്റിക്കൽ

വ്യാജ പ്രവാചകന്‍

ആയിരക്കണക്കിന് ആള്‍ദൈവങ്ങള്‍ ഉണ്ടും ഉറങ്ങിയും വിമാനത്തില്‍ പറന്നും കഷ്ടപ്പെട്ട് ജീവിക്കുന്ന ദരിദ്രരാജ്യമാണല്ലോ ഇന്ത്യ. ലക്ഷത്തിലൊന്ന് എന്ന കണക്കിന് ചിലരുടെ തട്ടിപ്പുകഥകള്‍ പുറത്താകാറുണ്ട്-ആള്‍ അകത്താകാറുമുണ്ട്. അത്തരത്തിലൊരു വ്യാജപ്രവാചകന്റെ കഥയാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*