മുറിവുണക്കുക, മാനവസാഹോദര്യം വീണ്ടെടുക്കുക

മുറിവുണക്കുക, മാനവസാഹോദര്യം വീണ്ടെടുക്കുക

ജെക്കോബി

വര്‍ഗീയത ആളിപ്പടരുന്ന വെടിമരുന്നാണ്. മതസ്പര്‍ദ്ധയും അപരവിദ്വേഷവും സൃഷ്ടിക്കുന്ന വര്‍ഗീയധ്രുവീകരണം നമ്മുടെ സാമൂഹിക സുസ്ഥിതിയെ തകര്‍ക്കും. കുറച്ചുകാലമായി കേരളത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ അന്തരീക്ഷം മാനവികതയിലും മതനിരപേക്ഷതയിലും ബഹുസ്വരതയിലും സാമൂഹികസൗഹാര്‍ദത്തിലും വിശ്വസിക്കുന്ന മഹാഭൂരിപക്ഷം വരുന്ന മലയാളികളെയും അസ്വസ്ഥരാക്കാന്‍ പോന്നതാണ്. ചില തീവ്രവാദ പ്രസ്ഥാനങ്ങളുടെ സ്വാധീനവലയത്തില്‍ പെട്ട് ഏതാനും മലയാളി യുവാക്കള്‍ രാജ്യാന്തര ഭീകരപ്രവര്‍ത്തനങ്ങളുടെ കുരുതിക്കളങ്ങളിലേക്ക് ചെന്നെത്തുകയും പ്രണയത്തിന്റെ പേരില്‍ വശീകരിച്ച് അവര്‍ ചില യുവതികളെ സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കടത്തുകയുമൊക്കെ ചെയ്തതും ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് കരുതിയിരുന്നവരെ ഞെട്ടിക്കുന്നതായിരുന്നു തീവ്രവാദ സംഘടനകളുടെ സംസ്ഥാനത്തെ സാന്നിധ്യത്തെക്കുറിച്ചും സ്ലീപ്പിംഗ് സെല്ലുകളെക്കുറിച്ചും റിക്രൂട്ടിംഗ് തന്ത്രങ്ങളെക്കുറിച്ചുമുള്ള ദേശീയ അന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍. വന്‍തോതിലുള്ള മയക്കുമരുന്ന്, കുഴല്‍പ്പണം, സ്വര്‍ണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട ബഹുതല ക്രിമിനല്‍ കുറ്റങ്ങളുടെ ഭയാനകമായ പ്രത്യയശാസ്ത്ര കെട്ടുപാടുകള്‍ കൂടിയാകുമ്പോള്‍ കൂടുതല്‍ ആശങ്കാജനകമായ സ്ഥിതിവിശേഷം സംജാതമാകുന്നു.

സംസ്ഥാനം നേരിടുന്ന ഗുരുതരമായ ചില സാമൂഹിക വിപത്തുകളെക്കുറിച്ച് പൊതുമണ്ഡലത്തില്‍ അതിസങ്കീര്‍ണമായ സാമുദായിക, രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജനാധിപത്യ, മതനിരപേക്ഷ വിവേകത്തോടെ, സ്ഥിരശ്രേഷ്ഠ സംയമനത്തോടെ, തുറന്ന സംവാദങ്ങള്‍ നടത്താന്‍ കഴിയാത്തവണ്ണം വിഭാഗീയതയുടെയും അസഹിഷ്ണുതയുടെയും അവിശ്വാസത്തിന്റെയും സംശയത്തിന്റെയും വീര്‍പ്പുമുട്ടലും സമ്മര്‍ദവും സംഘര്‍ഷവും ഏറുകയാണ്. വസ്തുനിഷ്ഠവും സംസ്‌കാരഭാസുരവും ബൗദ്ധികഗരിമയുമുള്ള സംഭാഷണത്തിന്റെ ഭാഷ നമുക്കു നഷ്ടമായിരിക്കുന്നു. മിതവാദികളും സമാധാനപ്രിയരുമായ സത്യാന്വേഷികള്‍ക്ക് ഇടം നല്‍കാതെ തീവ്രമായ ഭാഷയില്‍ സംസാരിക്കുന്നവര്‍ക്കു മാത്രം സ്വീകാര്യത ലഭിക്കുന്ന ദുരവസ്ഥ. സാമുദായിക വോട്ടുബാങ്ക് രാഷ്ട്രീയ താല്പര്യങ്ങള്‍ മാത്രം നോക്കി പക്ഷംചേരുകയും, ചേരിതിരിവിന്റെ ഗുണഫലം കണക്കുകൂട്ടി ആശയക്കുഴപ്പത്തിന് ആക്കംകൂട്ടാന്‍ ചിലപ്പോള്‍ അര്‍ഥഗര്‍ഭമായ മൗനം ഭജിക്കുകയും, അര്‍ദ്ധസത്യങ്ങളും ദുര്‍ഗ്രഹമായ വികല ഉക്തികളും ഉത്തരിക്കുകയും തിരിച്ചടിയുണ്ടാകില്ലെന്ന് ഉറപ്പുള്ളവരെ അപഹസിക്കുകയും അപലപിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളും ഭരണനേതൃത്വവും കടുത്ത ദ്രോഹമാണ് സമൂഹത്തോടു ചെയ്യുന്നത്.

പ്രണയക്കുരുക്കില്‍ അകപ്പെടുത്തിയും മയക്കുമരുന്നു നല്‍കിയും പെണ്‍കുട്ടികളെ വഴിപിഴപ്പിക്കുകയും അരക്ഷിതാവസ്ഥയിലെത്തിച്ച് നശിപ്പിക്കുകയും ചെയ്യുന്ന ചില ദുഷ്ടശക്തികളുടെ ശക്തമായ ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തങ്ങളുടെ വിശ്വാസിഗണത്തിന് ജാഗ്രതാസന്ദേശം നല്‍കുന്ന കത്തോലിക്കാ മേല്പട്ടക്കാരെ ദുരാസ്ഥയോടെ നിന്ദിക്കാനും എടുത്തുചാടി തള്ളിപ്പറയാനും ആവേശം കാണിച്ച മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള രാഷ്ട്രീയ നിയന്താക്കള്‍ കേരളം ഇന്നു നേരിടുന്ന ഏറ്റവും ആപല്‍ക്കരമായ സാമൂഹിക പ്രതിസന്ധിക്കുനേരെ കണ്ണടയ്ക്കുകയാണ്. തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്നിന്റെ അനിയന്ത്രിതമായ വ്യാപനവും ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢസംഘങ്ങളുടെ വളര്‍ച്ചയും ഏതെങ്കിലും ഒരു ജനവിഭാഗത്തിന്റെ മാത്രം പ്രശ്‌നമായി ചുരുക്കികാണാനാവില്ല. സാമുദായിക രാഷ്ട്രീയ സമവാക്യങ്ങള്‍ മാത്രം നോക്കിയല്ല ഇക്കാര്യത്തില്‍ ഭരണസംവിധാനവും ഉത്തരവാദപ്പെട്ടവരും പ്രതികരിക്കേണ്ടത്. ഇവിടെ ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുന്ന ആശങ്കകള്‍ക്ക് ആധാരമായ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട പ്രാഥമിക ഉത്തരവാദിത്തമെങ്കിലും ഗവണ്‍മെന്റ് നിര്‍വഹിക്കണം. ഏതെങ്കിലുമൊരു കോടതി നിരീക്ഷണമോ സര്‍വീസില്‍ നിന്നു വിരമിച്ച പൊലീസ് മേധാവിയുടെ പ്രസ്താവനയോ ഉദ്ധരിച്ച് ഉത്തരംമുട്ടിക്കാനല്ല, സര്‍ക്കാരിന്റെ അന്വേഷണ സംവിധാനങ്ങളുടെ വസ്തുനിഷ്ഠമായ കണ്ടെത്തലുകളും അവയുടെ അടിസ്ഥാനത്തില്‍ കൈക്കൊള്ളുന്ന നടപടികളും ജനങ്ങളുടെ ജീവനും സമാധാനജീവിതവും സംരക്ഷിക്കാനായി സ്വീകരിക്കേണ്ട സമീപനവും എന്തെന്ന് തുറന്നുപറയാനാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ആര്‍ജവവും കരുത്തും കാണിക്കേണ്ടത്.

 

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ സംരക്ഷണം മൊത്തത്തില്‍ ഏറ്റെടുക്കാന്‍ വെമ്പല്‍പൂണ്ട് രംഗത്തിറങ്ങിയിട്ടുള്ള കേന്ദ്രത്തിലെ ഭരണകക്ഷിയുടെ ഗൂഢലക്ഷ്യവും കാപട്യവും തിരിച്ചറിയാനുള്ള പൊതുബോധവും രാഷ്ട്രീയ ഉള്‍ക്കാഴ്ചയും ഇവിടത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കുണ്ട്. രാജ്യത്ത് പല ഭാഗങ്ങളിലും മുസ്ലിം വിരോധം വളര്‍ത്താനും ക്രൈസ്തവരെ വേട്ടയാടാനും ഹിന്ദുത്വവാദികള്‍ സംഘാതമായി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന വര്‍ഗീയധ്രുവീകരണ പദ്ധതികള്‍ സുപ്രധാനമായ ചില നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി കൂടുതല്‍ ഭീഷണരൂപം കൈവരിക്കുമ്പോഴാണ് കേരളത്തില്‍ മറ്റൊരു അടവുനയം അവര്‍ ഇറക്കുന്നത്. ഝാര്‍ഖണ്ഡിലെ ആദിവാസികളുടെയും ഭരണവര്‍ഗ പീഡനങ്ങള്‍ക്ക് ഇരകളായ പാവപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ വന്ദ്യവയോധികനായ ജസ്യുറ്റ് മിഷനറി ഫാ. സ്റ്റാന്‍ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണകൂടാതെ തടങ്കലിലടച്ച് നിര്‍ദയം ഇഞ്ചിഞ്ചായി കൊന്നപ്പോള്‍ കാണിക്കാത്ത അനുകമ്പയും കരുതലുമായാണ് ഒരു കേന്ദ്രമന്ത്രിയും മറ്റൊരു സംസ്ഥാനത്തെ ഗവര്‍ണറും അടക്കമുള്ള ബിജെപി നേതാക്കള്‍ ഇപ്പോള്‍ കത്തോലിക്കാപ്രീണനത്തിന് മുന്‍കൈ എടുക്കുന്നത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2003ല്‍ അവിടെ ‘മതസ്വാതന്ത്ര്യ നിയമം’ എന്ന പേരില്‍ അവതരിപ്പിച്ച മതപരിവര്‍ത്തന നിരോധന നിയമം ‘ലൗ ജിഹാദ്’ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ ഗുജറാത്ത് ഗവണ്‍മെന്റ് നിരവധി വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്ത് പരിഷ്‌കരിക്കുകയുണ്ടായി. മതപരിവര്‍ത്തനം ലാക്കാക്കിയുള്ള മിശ്രവിവാഹത്തിന് മൂന്നു മുതല്‍ 10 വര്‍ഷം വരെയുള്ള തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമഭേദഗതികളില്‍ പലതും ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കയാണ്. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും സമാനമായ നിയമം ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കിക്കഴിഞ്ഞു. ഹരിയാനയില്‍ ലൗ ജിഹാദ് വിരുദ്ധ നിയമത്തിന്റെ കരട് രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിലും ഇത്തരം നിയമം കൊണ്ടുവരണമെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്.

അബ്രഹാമിന്റെ പൈതൃകം അവകാശപ്പെടുന്ന സഹോദര സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ എന്തായാലും, ഇവിടെ സാമുദായിക മൈത്രിക്കു ഭംഗം വരുത്തുന്ന വിദ്വേഷപ്രചാരണങ്ങള്‍ക്ക് അറുതിവരുത്താനും മാനവസാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും മതാന്തര സംവാദങ്ങള്‍ക്ക് വേദിയൊരുക്കാനും ഇരു സമുദായങ്ങളുടെയും നേതൃത്വങ്ങള്‍ ആത്മാര്‍ഥമായി പരിശ്രമിക്കേണ്ട സമയമാണിത്. എരിതീയില്‍ എണ്ണ കോരിയൊഴിക്കുന്നതിനു പകരം ഭരണസംവിധാനവും രാഷ്ട്രീയ നേതൃത്വവും മുഖ്യധാരാ മാധ്യമങ്ങളും അനുരഞ്ജനത്തിനും സമാധാനത്തിനും ഊന്നല്‍ നല്‍കി കേരളത്തിന്റെ നന്മയുടെയും സാമൂഹിക മേന്മകളുടെയും പൈതൃകവും പാരമ്പര്യവും വീണ്ടെടുക്കാനുള്ള യജ്ഞങ്ങള്‍ക്ക് മാധ്യസ്ഥ്യം വഹിക്കണം. മൗലികവാദത്തിനും വിഭാഗീയതയ്ക്കുമെതിരായ ജനാധിപത്യപ്രതിരോധത്തിന് നമ്മള്‍ ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ട്.

ഹംഗറിയിലെ ബുഡാപെസ്റ്റില്‍ രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സമാപനത്തില്‍ മുഖ്യകാര്‍മികനായ ഫ്രാന്‍സിസ് പാപ്പാ, രാഷ്ട്രത്തിന്റെ ”ക്രൈസ്തവ സ്വത്വപൈതൃകം കാത്തുരക്ഷിക്കാന്‍” മുസ്ലിം കുടിയേറ്റക്കാരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാത്ത പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാനെ സാക്ഷിനിര്‍ത്തി മതനേതാക്കളോടായി പറഞ്ഞത് ഇതാണ്: സമൂഹത്തില്‍ സാഹോദര്യവും ഐക്യദാര്‍ഢ്യവും സൃഷ്ടിക്കുന്നതിനുള്ള സംവാദം പ്രോത്സാഹിപ്പിക്കുക, മനുഷ്യരെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ നിര്‍മിക്കുക.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 


Tags assigned to this article:
christian muslimkeralalove jihadnarcotic jihad

Related Articles

ജാതി വിവേചനം : പ്രതിഷേധവുമായി ദളിത് വൈദീകര്‍

പോണ്ടിച്ചേരി : ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ വിവേചനം നേരിടുന്നതായി ഉന്നയിച്ച് ദളിത് കത്തോലിക്ക വൈദികര്‍ നടത്തുന്ന പ്രേതിഷേധത്തിനു പിന്തുണയുമായി തമിഴ്നാട്ടിലെ ദളിത് ക്രിസ്ത്യന്‍ സംഘടന. പോണ്ടിച്ചേരിയിലെ ഗൂഡലൂര്‍ അതിരൂപതയുടെ മെത്രാസന

നിത്യജീവൻ അവകാശമാക്കാൻ… ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ

  First Reading: Wisdom 7:7-11 Responsorial Psalm: Ps 90:12-13,14-15,16-17 Second Reading: Hebrews 4:12-13 Gospel Reading: Mark 10:17-30 (or 10:17-27)   ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ വിചിന്തനം:-

ബാഹുബലിയെ വെല്ലാന്‍ നരസിംഹ റെഡ്ഡി

തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ 151-ാമത്തെ ചിത്രം സൈരാ നരസിംഹ റെഡ്ഡി സൂപ്പര്‍താരങ്ങളുടെ ആധിക്യംകൊണ്ടും സാങ്കേതിക മികവുകൊണ്ടും മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാകാനൊരുങ്ങുകയാണ്. അമിതാഭ് ബച്ചന്‍, നയന്‍താര, അനുഷ്‌കാ ഷെട്ടി,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*